Thursday 9 March 2017

കഥ അന്താക്ഷരി ( ഒരു സദാചാരക്കളി)

അന്താക്ഷരി..!!
( ഒരു സദാചാരക്കളി)

തീവണ്ടിയാഫീസ് ശൂന്യമായിരുന്നു. വടക്കേന്ത്യയിലെ ഒരു തീവണ്ടിയാഫീസിന്റെ പേര് അതാണ് വായനക്കാർക്കിഷ്ടം. എങ്കിലേ പ്രസാധകരും അംഗീകരിക്കൂ...ഈ വണ്ടി ഏതെങ്കിലും കാരണത്താൽ നിലമ്പൂർ ഷൊർണൂർ വഴി തിരുവനന്തപുരത്തേക്ക് യാത്രചെയ്താൽ എഴുത്തുകാരന്റെ പരിമിതിയെ പ്രിയ വായനക്കാർ അംഗീകരിക്കില്ലേ...?

തീവണ്ടി ഒന്നാം പ്ലാറ്റ്ഫോമിലെത്തുമ്പോൾ വിരലിലെണ്ണാവുന്ന ആളുകളെ കാണാൻ തുടങ്ങി. ടിക്കറ്റ് എടുക്കുക പതിവല്ലാത്തതിനാൽ സെക്കന്റ് ക്ലാസിലെ ലഗേജ്  ബർത്തിൽ കയറിപുതച്ചു കിടന്നു.

താഴെ സീറ്റിൽ ഒരു നാല്പത്തഞ്ചുകാരിയും എതിർ വശത്ത് ഒരു ഫ്രീക്കൻ ചെക്കനും...ഷൊർണൂർ കഴിഞ്ഞിട്ടുണ്ടാകും സീറ്റാകെ നിറഞ്ഞിരിക്കുന്നു...തട്ടമിട്ട ഒരു സുന്ദരി പിന്നെ ഒരു ജീൻസുകാരി ഒരു വൃദ്ധ...
എതിർ വശത്ത് ഫ്രീക്കനൊപ്പം വൃദ്ധയുടെ ഭർത്താവ്, നരകേറിത്തുടങ്ങിയ നാല്പത്തെട്ടിൽ കുറയാത്ത ഒരാൾ...

പെട്ടെന്ന് നാല്പത്തഞ്ചുകാരി എതിരേയിരുന്നവരോട് പറഞ്ഞു എനിക്ക് ആലപ്പുഴ ( വടക്കേന്ത്യയിലാണ്) ഇറങ്ങണം. കഴിഞ്ഞതവണയും ഞാൻ ഉറങ്ങിപ്പോയി. നമുക്ക് അന്താക്ഷരി കളിച്ചാലോ...?

"എനിക്ക് തിരുവല്ല ഇറങ്ങണം" ഫ്രീക്കനും പറഞ്ഞു....

അ യിൽ തുടങ്ങാം...
...അന്നു നിന്റെ കവിളിത്ര തുടുത്തിട്ടില്ല...
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...
പെട്ടുകുത്താനറിയില്ല....
നാല്പത്തെട്ടുകാരൻ ഇത്രവേഗം അന്താക്ഷരിയിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ കരുതിയില്ല...

നാല്പത്തഞ്ചുകാരി ചിരിയടക്കി.....എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി...
നാല്പത്തെട്ടുകാരൻ വളരെ നീട്ടിയൊരു. ഒരു പായിട്ടു....

പാവാടവേണം മേലാടവേണം പഞ്ചാരപനങ്കിളിയ്ക്ക്...
ഉപ്പാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്....
തട്ടമിട്ടപെണ്ണിന്റെ ശബ്ദം കേട്ടിടത്തേക്ക് കൂപ്പയിലിരുന്നവളുടെ കണ്ണുകളും ചെവികളും പാഞ്ഞുചെന്നു...
"ഞാ ഇനി ഞാ വച്ച് പാട്..."
തട്ടക്കാരി ഞായിട്ടു....

ഫ്രീക്കൻ തന്റെ ഗിത്താറൊന്ന് മുറുക്കി....
ഞാനും ഞാനുമെന്റാളും ആ നാല്പതുപേരും പൂമരം കൊണ്ട്...
കപ്പലുണ്ടാക്കി കപ്പലിലാണേ ആ കുപ്പായക്കാരി...(തട്ടക്കാരിയെ നോക്കി ചിരിക്കുന്നു)
പങ്കായം പൊക്കീ ഞാനൊന്നു നോക്കി...
ഞാനൊന്ന് നോക്കി അവളെന്നെയും നോക്കി നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി...
ദേ നോക്കി നാ....

നീ മധുപകരു മലർ ചൊരിയു അനുരാഗപൗർണമിയേ
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ...
ജീൻസുകാരി ഫ്രീക്കന്റെ നാ പൊട്ടിച്ച് തിരിച്ചൊരു നായിട്ടു...

നിന്റേജീവനും എന്റേജീവനും രണ്ടു കൈവഴിയായിരുന്നു
വേറേ വേറെയായിരുന്നു....
വൃദ്ധന്റെ ശബ്ദം ഇടറി ഭാര്യയുടെ കീഴ്ത്താടിയിൽ അയാൾ തൊട്ടു പിന്നെ അവർ ഒരുമിച്ചു പാടി....
നിന്റേ ജീവനും എന്റേ ജീവനും രണ്ടു കൈവഴിയായിരുന്നു വേറെ വേറെയായിരുന്നു...
രണ്ടാളുടെയും ശബ്ദം ഇടറി...
രണ്ടാളും ചിരിച്ചു...

"വൗ സ്വീറ്റ് കപ്പിൾസ്' ജീൻസുകാരി അവരെ തന്റെ ഫോണിലേക്ക് പകർത്തി...

പാടൂ...
ഇല്ലെങ്കിൽ തോൽവി സമ്മതിക്കു നാല്പത്തെട്ടുകാരൻ അന്താക്ഷരിയിലേക്ക് അവരെ നയിച്ചു...

പാട്ടിന്റെ പാലാഴിതന്നെ ഒഴുകി....
തട്ടക്കാരിയുടെ പാട്ടിന് ഫ്രീക്കന്റെ ഗിത്താറിന്റെ താളം ജീൻസുകാരി എല്ലാം ഫോണിലേക്ക് പകർത്തുന്നു....
വൃദ്ധപ്രണയികൾ കാലുകൾ സീറ്റിലേക്ക് കയറ്റിവച്ചു...
ജീൻസുകാരിയൊഴികേ എല്ലാവരും അതുപോലെ അനുകരിച്ചു..
ഫ്രീക്കനും പെണ്ണും തോൽക്കാൻ തയ്യാറാകാതെ പാടുന്നു....
ഇപ്പൊ ഏതോ ഹിന്ദിപാട്ടിന്റെ താളമാണവർക്ക്...

മറ്റുള്ളവർ ഉറങ്ങിക്കഴിഞ്ഞു...
അവൾ സംഗീതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു...
അവൻ ഗിത്താർ അവൾക്ക് കൈമാറി ഇപ്പോൾ അവിടെ പഴയ ഒരു തമിഴ് പാട്ടിന്റെ താളമാണ്...

വശത്തെ സീറ്റിൽ ഒരു പാസ്റ്റർ വേദപുസ്തകം വായിക്കുന്നു...
ഒരു സന്യാസി പാതിമയക്കത്തിൽ ഒരു മൊയിലിയാർ നിലത്ത് ന്യൂസ് പേപ്പർ വിരിച്ച് കിടക്കുന്നു...

അങ്കമാലി കഴിഞ്ഞിട്ടുണ്ടാകും...
ഫ്രീക്കൻ ടോയിലെറ്റിലേക്കുപോയി...
പിന്നാലെ സന്യാസിയും പാസ്റ്ററും മൊയില്യാരും പോയി...
ഞാൻ താഴേക്ക് ഇറങ്ങി നിന്നു...
അവർ അവന്റെ കഴുത്ത് വാതിലിനു പുറത്തേക്ക് തള്ളി നിർത്തി എതിരേവന്ന ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി തലമുറിഞ്ഞു ശിരസ്സില്ലാത്ത അവന്റെ  ശരീരം സന്യാസി പുറത്തേക്ക് ചവിട്ടിത്തെറിപ്പിച്ചു. മുഖത്തുതെറിച്ച് രക്തം കാവിത്തുണിയിൽ തുടച്ചു..
മൊയിലിയാർ രക്തം തെറിച്ച വസ്ത്രം മാറ്റി പുതിയൊരണ്ണം ഇട്ടു..അത്തറുപൂശി..
പാസ്റ്റർ ടോയിലെറ്റിൽ കയറി തന്റെ കൈയിലെ രക്തം പീലാത്തോസിനെപ്പോലെ കഴുകിക്കളഞ്ഞു...

എന്റെ ഉറക്കം കളഞ്ഞവനോട് രണ്ടുവാക്കുചോദിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നോ ? അതോ ആ തട്ടക്കാരിയുടെ പാട്ടിനോട് തോന്നിയ അസൂയയോ...?

വശത്തെ സീറ്റ് നിവർത്തിയിട്ട് അവർ മൂവരും ഒന്നിച്ചിരുന്നു പാസ്റ്റർ ഉത്തമഗീതം വായിച്ചു...
തസ്ബിയിലും രുദ്രാക്ഷത്തിലും ഇരുവർ ശാന്തിതേടി..

ഗിത്താറിൽ ഒരു കാത്തിരിപ്പിന്റെ താളമിട്ട് അവളിരുന്നു...!!

രതീഷ് കെ എസ്
(ഗുൽമോഹർ009)

No comments:

Post a Comment