Thursday 2 February 2017

കഥ കുഴിയാനക്കാലം...

കുഴിയാനക്കാലം..!!

മകന്റെ
നാലാം പിറന്നാളാഘോഷം കഴിഞ്ഞിറങ്ങിയ മാമൻ പറഞ്ഞു....

"നിനക്കെന്താടാ ഈ വഴിയൊന്ന് കോൺക്രീറ്റ് ചെയ്താല്. നാടോടുമ്പോൾ നടുവേ ഓടാത്ത നീയൊക്കെ കുഴിയാനകളാ..."

"അതേ ഈ  കഥ ഇവിടെ നിർത്തിക്കോളൂട്ടോ.
അല്ല ചങ്ങാതി നിങ്ങൾക്ക് ഉളുപ്പുണ്ടോ ? ഇങ്ങളെ കെട്ട്യോളും മൊയന്ത് കുട്ട്യോളും പിന്നെ അഞ്ചാറു പെണ്ണുങ്ങളുമല്ലാതെ മറ്റെന്താ തന്റെ കഥകളിലുള്ളത്...?"

"ന്റെ ഷുക്കൂറിക്കാ ക്ഷമിക്കീൻ, ഇത്തവണ കഥേല് ഒരാനേണ്ട്..."

"ആനേ...?"

"ഉം ആന, കുഴിയാന.."

"ന്തേ ബഷീറിന്റെ വഴിക്കാ..?"

"ആ വഴിക്കിനി പോയിട്ടെന്തിനാ...?"

"എന്നാ പറയീൻ..."

"..മാമന് ഇതൊക്കെ  പറയാല്ലോ റബ്ബറിന്റേം പലിശേടേം കാശിങ്ങനെ വന്നുകേറേല്ലേ. ഈ മുറ്റം ആയിരം സ്കൊയർ ഫീറ്റ് കട്ടപതിച്ചതിന് തന്നെ നാല്പത്തി മൂവായിരം ആയി, അതും മഴപെയ്താൽ മുറ്റത്തെ ചെളി വീട്ടിൽ കേറുന്നതും, പുതുമഴവീണാലുയരുന്ന മണ്ണിന്റെ മണം, മണ്ണ് തിന്ന കാലം ഓർപ്പിക്കുന്നതും..വീടിന്റെ ചുവരിലും കാറിലേക്കും മണ്ണ് തെറിക്കുന്നതും, അടുത്ത വീട്ടിലെ പൂച്ച മുറ്റത്തു വന്ന് മാന്തി തൂറിവയ്ക്കുന്നതും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളുണ്ടായിരുന്നു അതിന്റെ പിന്നിൽ, അതിനിടയിലാ ഇടിത്തീപോലെ ഈ പ്രശ്നമുണ്ടായത്....

"കുയ്യാനേ കാണണം..."

ഇതുകേട്ട്
അവൾ അടുക്കളയിലെ സുരക്ഷിത വലയത്തിലേക്ക് പാഞ്ഞുപോയി..
കുഴിയാനയെ കിട്ടാതെ ഇടഞ്ഞ ഈ കുഞ്ഞനാന  അടങ്ങുമെന്ന് തോന്നണില്ല...
വിരലിൽ തൂങ്ങി അല്പം മണ്ണവശേഷിക്കുന്നു വിറകുപുരയുടെ പിന്നിലൂടെ നടന്നു..നാലഞ്ചുകുഴികളുണ്ടെങ്കിലും ഈർക്കിലുകൊണ്ട് കുറേ തിരഞ്ഞിട്ടും ഒന്നിനേം കണ്ടു കിട്ടീല.   കുഴിയാനേ കാണാനുള്ള ആവേശത്തിൽ അവനും...

പണ്ടാണെങ്കിൽ ഈ തറവാടിന്റെ നാലുവശത്തും നിറയെ കിടങ്ങുകളായിരുന്നു...
തലയിലെ പേനുകൾ തീർക്കാൻ എന്റെ മൂത്തവൾ പേൻ കൊല്ലി ചീർപ്പും ഒരീർക്കിലുമായി അവിടെ ഇരിക്കും.  ഒരു പേനിന് ഒരാന  എന്നായിരുന്നു കണക്ക് തലയിലെ പേൻ തീരുവേളം ആനയുടെ കിടങ്ങിലൂടെ അവൾ എനിക്കുവേണ്ടി വേട്ടതുടരും. ഒരിക്കൽ അവൾ പിടിച്ചുതന്ന ആനകളെ നടരാജ്  ജ്യോമട്രി പെട്ടിയിലാക്കി സ്കൂളിൽ കൊണ്ടുപോയതും മീനാക്ഷി ടീച്ചർ കഞ്ഞിപ്പുരയുടെ സമീപത്തെ കിടങ്ങുകളിൽ വിടാൻ പറഞ്ഞതും തല്ലിയതും ഓർമ്മകളാണ്.

അടുക്കളചുവരിനോട് ചേർന്നുപോലും മണ്ണിൽ നനവില്ല...വെള്ളം കൃത്യമായി സെപ്ടിക്ക് ടാങ്കിലേക്ക് ഒഴുക്കുന്നുണ്ട്...
പണ്ട് അവിടെ കിളച്ച് മണ്ണിരപിടിച്ച് ചൂണ്ടലികോർത്ത് സിലോപ്പിയ പിടിച്ച്....

"അപ്പാ കുയ്യാനെവിടേ...."

ഓർമ്മകൾക്കിടയിൽ ഈ കുഞ്ഞനാന  ഇടഞ്ഞു നിൽക്കുന്നു...

മുറ്റത്തെ തൊമ്മൻ പുളിച്ചിമാവും , അയണിമരവും, ചെന്തെങ്ങും മുറിച്ചു മാറ്റിയാണ് പൂക്കളുടെ ഡിസൈനിൽ മുറ്റത്ത് ടൈൽ പതിച്ചത് ഇല്ലെങ്കിൽ അതിന്റെ  ചോട്ടിൽ തിരയാമായിരുന്നു...
ഒരുകാലത്ത്
അമ്മയും അമ്മായിമാരും കൂടിയിരുന്നു വർത്താനം പറഞ്ഞിരുന്ന തൊമ്മൻ പുളിച്ചി, വയറിളകുവോളം മുളകുപൊടി ചേർത്തു തിന്ന തൊമ്മൻ പുളിച്ചി വീണത് കണ്ണിമാങ്ങകളുമായാണ്. പിന്നെ കുടുംബക്കാർ മാങ്ങാക്കറികൂട്ടി പഴങ്കഞ്ഞി കുടിച്ചത് തമ്മിൽ മിണ്ടാതെ  മതിലുകൾക്കപ്പുറമിരുന്നായിരുന്നു....

"അപ്പാാ....കുയ്യാന..."
കുഞ്ഞാനയ്ക്ക് മദം പൊട്ടിത്തുടങ്ങി.

ഐ പാട് തുറന്ന് നെറ്റിലൂടെ സോയിൽ എലിഫെന്റ് , മഡ് എലിഫെന്റ് എന്നൊക്കെ അടിച്ചു നോക്കി.  കുഴിയാനയ്ക്ക് ഗൂഗിളിന്റെ മണ്ണിൽ കിടങ്ങുണ്ടോ എന്നു തിരഞ്ഞു...
ഒടുവിൽ കറുത്ത കൊമ്പുള്ള ഒരാനയുടെ ചിത്രം ഇമേജിൽ നിന്നും തിരഞ്ഞെടുത്ത് സൂം വലുതാക്കി  അവന് കാണിച്ചുകൊടുത്തു....

"വൗ കുയ്യാനാ വൗ..." കുഞ്ഞനാനയ്ക്ക് സന്തോഷം സഹിക്കാനായില്ല മേമ്പൊടിയ്ക്ക് ഒരു കഥയും...

"പണ്ട് പണ്ട് പണ്ട് ഈ മുറ്റത്തൊക്കെ കുഴിയാനകൾ മേഞ്ഞു നടന്നിരുന്നു. മണ്ണിരകളും കുഴിയാനകളും തമ്മിൽ പൊരിഞ്ഞ യുദ്ധമായിരുന്നു.എന്നും ഈ മുറ്റത്ത് നാലഞ്ചു കുഴിയാനയെങ്കിലും ചത്തുകിടക്കും. മോന്റെ മിനി മിൾട്ടിയ ഗെയിം  ഇല്ലേ ? അതുപോലെ. ഒടുവിൽ ഞാനും നിന്റെ മുത്തച്ഛനും ചേർന്ന് ഈ കട്ടകൾ കൊണ്ടുവന്ന് ഇവിടെ പശതേച്ച് ഒട്ടിച്ചതിൽ പിന്നെ നമ്മുടെ മുറ്റത്ത് യുദ്ധം ഇല്ലാതായി  ഇപ്പൊ ഇവിടെ ഒരു പ്രശ്നോം ഇല്ലാട്ടോ...."

അവൻ മുറ്റത്തിറങ്ങി മതിലിനോട് ചേർന്ന് ഇളകിയ ഒരു ടൈലിൽ കമ്പുകൊണ്ട് പതിയെ ഉയർത്താൻ ശ്രമിച്ചു..

അതിളകിമാറി...
ഉള്ളിൽ നിന്നും വൈക്കം മുഹമ്മദ്
ബഷീർ ഉയിർത്തെണീറ്റു.. നാട്ടിലെ കുട്ടികളെല്ലാം മതിൽ പൊളിച്ച് എന്റെ വീട്ടിലേക്ക് ഓടിക്കൂടി...
അവർ കഥകേൾക്കാൻ തുടങ്ങി. മാങ്കോസ്റ്റീന്റെ ചുവട്ടിലിരുന്നു ബഷീർ കഥകൾ പറഞ്ഞു...

മണ്ണിരകളും ചിതലും കുഴിയാനകളും വീട്ടിലേക്ക് മാർച്ചുചെയ്തു.
മദം പൊട്ടിയ ഒരു കുഴിയാനയുടെ പുറത്തിരുന്ന് മകൻ പാഞ്ഞു വന്നു...
ആന എന്നെ വലിച്ച് നിലത്തിട്ട് ചവിട്ടി...
എന്റെ തലയോട്ടി തകർന്ന് രക്തം ടൈലുകളുടെ ഇടയിലൂടെ ഊർന്നിറങ്ങി...
ആ നനവിൽ കരുത്തുനേടിയ മണ്ണിരകൾ ആർത്തു...

"ലോകമേ തറവാട്
നമുക്കീ പുൽകളും പുഴുക്കളും കൂടിത്തൻ....!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment