Sunday 12 February 2017

കഥ ഞാൻ ആ മനുഷ്യന് ദൈവമെന്ന് പേരിട്ടു

ആ മനുഷ്യന്
ഞാൻ ദൈവമെന്ന് പേരിട്ടു..!!
(കഥാഭാസം)

ഞാൻ ഒരിക്കലും ദൈവവിശ്വാസിയല്ലാട്ടോ, കഴിഞ്ഞകാലങ്ങളിൽ
തിരുപിറവികളില്ലാത്തതും, വിശ്വാസപ്രമാണിയല്ലാത്തതും, ആർത്തവത്തെ ഭയക്കാത്തതും തലമുടി കണ്ടാൽ ഹാലിളകാത്തതും, നേർച്ചകളിൽ നോമ്പുകളിൽ പ്രീതിപ്പെടാത്തതുമായ  ഒരു ദൈവത്തെക്കുറിച്ച് തിരഞ്ഞിട്ടുണ്ട്...

ഒടുവിലാണ് ആ മനുഷ്യന് ഞാൻ ദൈവമെന്ന് പേരിട്ടത്..
വീടില്ലാത്തവരെ, വീട്ടുകാരില്ലത്തവരെ അനാഥരെന്ന് വിളിക്കാം അനാഥാലയം പുറം തള്ളിയവരെക്കുറിച്ച് ആരെന്തുവിളിക്കും...?

നാലുവയസ്സെന്നാണെന്നെന്റെ ഓർമ്മ..
വിശപ്പിനപ്പുറം ബുദ്ധിയുറച്ചിരുന്നില്ല...

"വലുതായാൽ നീ ആരാകുമെടാ...?"

". എനിക്ക് പോലീസാകണം  എന്നിട്ട്
എന്റെ അപ്പനെ എനിക്ക് ഓടിച്ചിട്ട് പിടിച്ച് കണക്കുചോദിക്കണം"
എന്നുത്തരം പറഞ്ഞവന്റെ പിതൃത്വത്തെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടാകുമോ...?

ഇരുട്ട് കൂട്ടുള്ള ഇടനാഴികളിൽ സ്വപ്നങ്ങൾക്ക് വലിയ നിറമില്ലായിരുന്നു. യൂണിഫോമിന്റെ മടക്കിത്തയ്ച്ച ഭാഗം ഇളക്കി ഇടുമ്പോഴും, നിക്കറിന്റെ ബക്കിളുപൊട്ടിതെറിക്കുമ്പോഴും, പുതിയകാവ് ആമ്പലത്തിന്റെ മുന്നിൽ നിന്ന്   അളവിന് ചെരിപ്പ് മോഷ്ടിക്കുമ്പോഴുമാണ് വളരുന്നു എന്ന തോന്നലുണ്ടാകുന്നത്...

എല്ലാ പുസ്തകങ്ങളും ഒന്നിച്ചു കിട്ടിയപ്പോഴാണ് ഞാൻ പത്താം ക്ലാസുകാരനായത്...
ആദ്യമായി എന്റെ ചിത്രം അച്ചടിച്ച സർട്ടിഫിക്കറ്റും പിന്നെ അനാഥമന്ദിരത്തിന്റെ ചുവരിൽ എന്റെ പേരും അതിനോട് ചേർന്ന് മാർക്കും എഴുതിവച്ചപ്പോഴാണ് ആദ്യമായി വിജയിച്ചതോന്നലുണ്ടായത്...

കൂട്ടുകാരന്റെ സൈക്കിൾ കണ്ടിട്ടാണ് വീട്ടുകാരെന്ന തോന്നലുണ്ടായത്. അതിവേഗത്തിൽ സൈക്കിൾ ചവിട്ടിയാണ് ആ അമർഷം തീർത്തത്...

ലൈഫ് ബോയി സോപ്പിന്റെ വാസനകുറഞ്ഞ പതയിൽ ബ്ലേഡ് ഉപയോഗിച്ച് മൂക്കിനുതാഴത്തെ ചെമ്പൻ രോമങ്ങൾ വടിച്ചുകളഞ്ഞതിനിടയിലാണ് ഞാൻ യുവാവായത്...

എന്റെ പൊതിച്ചോറ്  കൂട്ടുകാരൻ അറപ്പോടെ തുപ്പിയപ്പോഴാണ് ഞാൻ ദുരഭിമാനിയായത്. വിശന്നിരിക്കാൻ ശീലിച്ചത്. അങ്ങനെയൊരിക്കൽ തലചുറ്റിവീണപ്പോഴാണ് ആ മനുഷ്യനെ കണ്ടത് കാറിൽ കേറിയത് ,ഏ സി യുടെ കാറ്റ് കൊണ്ടത് , ഞണ്ടിനെ തിന്നാമെന്നാറിഞ്ഞത്...
'ഈ ഗേറ്റ് ഒരിക്കലും പൂട്ടില്ലാട്ടോ..."എന്ന്  ആ മനുഷ്യൻ മറുപടി പറഞ്ഞത്.

മന്ദിരത്തിലെ കുട്ടികൾക്ക് വിളമ്പിയ
സാമ്പറിൽ മുറിബിഡി കിട്ടീട്ടും ഞാനൊന്നും പറഞ്ഞില്ല...
ഒടുവിൽ കുടിച്ചിട്ട് മെക്കിട്ട് കേറിയപ്പോഴാൾ  ഞാൻ മന്ദിരത്തിലെ അടുക്കളക്കാരനെ തല്ലി....
അന്നാണ് ഞാൻ തെമ്മാടിയായത്...
തീറ്റ തന്ന കൈയ്ക്ക് കൊത്തിയവനെ പുറത്താക്കാൻ മാനേജരായ പാതിരി പറഞ്ഞതിന്റെ അന്നാണ് തിരുസഭയുടെ മുറ്റത്ത് ഞാൻ മൂത്രിച്ചത്...

"ആയിരത്തിമുന്നൂറിന് ഒരു പാചകക്കാരനെ എവിടെന്ന് കിട്ടുമെടാ നീ പോകാതിരുന്നാൽ ബാക്കി എഴുപത് പേരും പട്ടിണിയാകും" എന്ന് സത്യം പറഞ്ഞ് കണ്ണു നിറഞ്ഞിരുന്ന ശാന്തരാജ് മാഷിനോടോ, ആത്മഹത്യചെയ്യല്ലേ മോനേന്ന് പറഞ്ഞ ദാവീദ് മാഷിനോടോ എനിക്ക് ഇപ്പൊഴും ഒരു പരിഭവും തോന്നിയിരുന്നില്ല....

പിന്നെ ഞാനെന്ത് ചെയ്യും തകരപ്പെട്ടിയും തൂക്കി തീവണ്ടിപ്പാളത്തിലൂടെ നടന്ന എന്നെ ആ തമിഴൻ പോർട്ടർ പച്ചക്കൊടികൊണ്ട് തല്ലീലായിരുന്നെങ്കിൽ ഓർക്കുമ്പോൾ ചിരിവരുന്നു...
അജ്ഞാത മൃതദേഹങ്ങളുടെ വാർത്തകൾ ഇപ്പൊഴും ഞാൻ ഭീതിയോടെയാണ് വായിക്കാറുള്ളത്....

ആ മനുഷ്യന്റെ വാതിൽ തുറന്നു തന്നെ കിടന്നു....
കുപ്പിഗ്ലാസിൽ ആദ്യായി ചായ കുടിച്ചത്...
കഥകളൊക്കെ കണ്ണിൽ നോക്കി കേട്ടിരുന്നത്, ഒറ്റമുറിവീട് വാടകയ്ക്കെടുത്ത് തന്നത് , ഭക്ഷണം തന്നത്, തൊഴിലിടങ്ങൾ കാണിച്ചു തന്നത്, സമ്പാദിക്കാൻ പഠിപ്പിച്ചത്, ആർത്തിയോടെ പലതും നേടിയത്...

ഇന്നും
ചെറ്റത്തരത്തിന്റെ lപാപബോധത്തിലും ആ മനുഷ്യൻ ഇതൊന്നും അറിയല്ലേ എന്നു മാത്രമാണ് ഞാൻ ഭയക്കുന്നത്...

ഇനി നീ പറയൂ ആ മനുഷ്യന് ഞാൻ ദൈവമെന്ന് പേരിട്ടതിൽ തെറ്റുണ്ടോ..?

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment