Wednesday 13 January 2021

ചിന്ത ബുക്സ് ആമുഖം

                 ഒരു കഥയിലെന്തിരിക്കുന്നു.? ഞാനതിൽ നൊന്തിരിക്കുന്നു.

      ഉഗ്രനൊരു നുണ പറഞ്ഞാണ് അമ്മ ആ ചെറുക്കനെ കൊല്ലത്തെ അനാഥാലയത്തിൽ കൊണ്ടാക്കിയത്.നാലു നേരം മീങ്കറി കൂട്ടി ചോറ്‌, പുട്ടിന്റെ ഒപ്പം ഒരു പാത്രത്തിന്റെ വലിപ്പമുള്ള പപ്പടം,ശക്തിമാന്റെ സീരിയലുള്ള കളർ ടീ.വി,ടൈകെട്ടി യൂണിഫോമും ഇംഗ്ലീഷ് പഠിപ്പിച്ച് പോലീസാക്കുന്ന ബസുകളുള്ള സ്‌കൂളും.ആറ്റരികെയുള്ള പുല്ലുമേഞ്ഞ ഒറ്റ മുറിയിലിരുന്ന് അമ്മ പറഞ്ഞതിൽ പകുതിയോളം കല്ലുവച്ച നുണകളോ കഥകളോ ആയിരുന്നു. അവിടെ എന്നും പാതിവിശപ്പേയുണ്ടായിരുന്നുള്ളൂ, പക്ഷേ ആലയത്തിലെ പത്തെഴുപത്തിരണ്ട് പേർക്കും അമ്മയെ കാണണം വീട്ടിൽ പോകണം എന്നൊക്കെയുള്ള മുഴുനീറ്റലായിരുന്നു..

      വഴിയേ പോകുന്നവരെല്ലാം അവരുടെ ആരെങ്കിലും ആയിരിക്കുന്നുമെന്ന് സകലരും  ഗ്രില്ലിന്റെ ഉള്ളിൽ നിന്ന് കൊതിക്കും.നാലു നാലര വയസുള്ള കൂരിക്കാസ് ചെറുക്കന് ജനാലയിലൂടെ പുറത്തേക്ക് നോക്കാൻ പോലും എത്തില്ലായിരുന്നു.അഞ്ചിലും എട്ടിലും പഠിക്കുന്ന അണ്ണന്മാര് അവനോട്  കഥപറയും വീടും വീട്ടുകാരും നിറയുന്ന കഥകൾ.അങ്ങനെ എന്നുമുതലോ മൂത്രമണമുള്ള ആ ചെറുക്കനും അവനിലും ചെറുതുകളോട് കഥ പറയാൻ തുടങ്ങി.
    
      നെയ്യാറും ചീങ്കണ്ണിയും പന്തയെ കിടുക്കി വിറപ്പിക്കുന്ന കമ്യുണിസ്റ്റ് സുകുമാരൻ മാമനും, നൂറേക്കറിന്റെ ജന്മിയായ അമ്മാമ്മയുടെ നന്ദിനിപ്പശുവും,എന്നും രുചിയൻ മാങ്ങ കിട്ടുന്ന കോട്ടൂർകോണം മാവും ചേർന്ന് കഥയോട് കഥയായി.കഥയെല്ലാം തീർന്നപ്പോൾ നുണ ചേർത്ത് പുതിയ കഥയുണ്ടാക്കി.എന്നാൽ സത്യമെന്താണെന്നൊ..? ഈ ചെക്കന്റെ അമ്മയ്ക്ക് നാലോ അഞ്ചോ വയസുള്ള കാലത്ത് നെയ്യാർഡാമിന്റെ പണി നടന്ന് വീടും വയലും നാന്ദിനിപ്പശുവും  മുങ്ങിപ്പോയെന്നും, അപ്പൂപ്പന് ഭ്രാന്തുപിടിച്ച് കെട്ടിത്തൂങ്ങി ചത്തെന്നും ആ ഭ്രാന്തിന്റെ പാരമ്പര്യം അവനും അവന്റെ സുകുമാരൻ മാമനുമുണ്ടെന്ന് നമ്മളോർക്കണം..
      
      അവന്റെ കഥകൾ ആദ്യമൊന്നും ആരും എളുപ്പത്തിൽ സമ്മതിച്ചു കൊടുത്തില്ല, പിന്നെപ്പിന്നെ അവർക്കാർക്കും 'നുണ' കണ്ടെത്താൻ കഴിയാത്ത രീതിയിൽ അവനതിനെ മിനുക്കി.ഇതിനെല്ലാം അവന്റെ ഗുരു ആരാണെന്നാ നിങ്ങടെ വിചാരം.?പുട്ട് ചോദിച്ച കൊതിയൻ  ചെറുക്കനോട് പുട്ടുകുടത്തിൽ മഞ്ഞച്ചേരയിരുന്നതറിയാതെ പുട്ടുണ്ടാക്കിയ അമ്മയും, തിന്ന് ചത്തു പോയ മക്കളുടെയും കഥ പറഞ്ഞ് പുട്ട് പ്രതിസന്ധി ഈസിയായി കടന്നുപോയ വിജയമ്മ.അതു മാത്രമോ ഐസ്ക്രീം കഴിച്ചാൽ കുട്ടികൾ മയങ്ങി വീഴുമെന്നും ഐസ്ക്രീംകാരൻ കരളും കണ്ണും കുത്തിയെടുക്കുമെന്നുമുള്ള അധോലോകക്കഥ ആ അമ്മ അഭിനയിച്ചു പറഞ്ഞാൽ ആരെങ്കിലും അതിന് വേണ്ടി കരയുമോ..? പത്ത് ജയിച്ചാൽ മോതിരവും സ്വർണവാച്ചും കെട്ടി, ഗ്രൂപ്പ്‌ ഫോട്ടോയും എടുക്കാമെന്ന് വാഗ്ദാനം നൽകി, 25 പൈസയുടെ കാർഡിലൂടെ ആ ചെറുക്കനെ സ്ഥിരമായി പ്രേരിപ്പിച്ച ടീമാണ്..

       ഓണവും ക്രിസ്തുമസും വന്ന് ഒട്ടുമിക്ക കുട്ടികളും വീട്ടിലേക്ക്‌ പോയാലും ആ കൂരിക്കാസ് ചെറുക്കനെ വിളിക്കാൻ ആ അമ്മ വരില്ല.അവര് അന്നൊക്കെ ഏതോ അച്ചായന്റെ വീട്ടിലെ അടുക്കളയിൽ കണ്ണീരും ചേർത്ത് ക്രിസ്‌തുമസ്‌‌ കേക്കുകളുണ്ടാക്കുകയായിരുന്നു.ഡിസംബറിലെ തണുപ്പൻ രാത്രികളിൽ ആ വലിയ കെട്ടിടത്തിന്റെ ഇരുട്ട് മുറിയിലിരുന്ന് അവൻ നാട് നിറയെ പൂത്ത് കിടക്കുന്ന 'ചൊടക്കും' നെയ്യാറ്റിലെ 'കൊർണകളും', ചായക്കട സായിപ്പിന്റെ 'തീറ്റയും' രസവടയും ചേർത്ത് അവനോട് തന്നെ കഥ പറയും. ഇല്ലെങ്കിൽ അവനറിയാം കരച്ചിൽ വരും.കരഞ്ഞാൽ ആരും കേൾക്കാനില്ലാന്ന് മാത്രമല്ല, ഏങ്ങി ഏങ്ങി ശ്വാസം മുട്ടും അത്രതന്നെ..
       
        അവധിയും കഴിഞ്ഞ് വരുന്ന കൂട്ടുകാരോട് പറയാൻ ബാക്കി സമയം പുതിയ കഥയുണ്ടാക്കാൻ തുടങ്ങും.ഓരോ വർഷവും വരുന്ന പുതിയ കുട്ടികളോട് അല്ല പുതിയ നമ്പറുകളോട്, ഒരു കാര്യം വിട്ടുപോയി അവിടെ  പേരുകൾക്ക് വലിയ പ്രസക്തിയില്ല കേട്ടോ. ഓരോരുത്തരും ഓരോ നമ്പറുകളുണ്.നമ്മുടെ ആ കരിമൻ ചെറുക്കൻ 'KNH 0326'. ഉടുപ്പിന്റെ കോളറിലും നിക്കറിന്റെ പോക്കറ്റിലും ചോറിന് വരി നിൽക്കുന്ന പാത്രത്തിലും ഗ്ലാസ്സിലും, ട്രെങ്ക്പെട്ടിയിലും ചെരുപ്പിലും എന്നുവേണ്ട  അവനോന്റെ കിങ്ങിണിയിൽ പോലും ഈ നമ്പർ എഴുതിവയ്ക്കും.അങ്ങനെയുള്ള ആ ചെറുക്കൻ ഈ നമ്പറിന്റെ പേരിൽ കഥയുണ്ടാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

     ഇതൊക്കെ ഉള്ളിൽക്കിടക്കുന്ന അവനോട് നാലാം ക്ലാസിലെ സാറ് ഭാവിയിൽ നീ ആരാകും എന്ന് ചോദിച്ചാൽ, നെയ്യാറിലെ എസ് ഐ ആയി, അവനെയും അമ്മയേയും കളഞ്ഞിട്ട് പോയ അപ്പനെ കണ്ടുപിടിച്ച്  'കുറുക്കിന്' രണ്ടിടി കൊടുക്കും എന്നൊക്കെയല്ലേ പറയൂ..? അതുകേട്ട് ചിരിച്ചുപോയ അദ്ധ്യാപകനെ എത്രകാലം കഴിഞ്ഞാലും ഇപ്പോൾ അവനൊരു അദ്ധ്യാപകനായാലും അതൊക്കെ  സമാന സാഹചര്യങ്ങളിൽ ഓർക്കാതിരിക്കുമോ..?. ഇങ്ങനെ നുണ അതിജീവനമാക്കിയവന് ഏറ്റവും നല്ല തൊഴിൽ അദ്ധ്യാപനം തന്നെയാണ്‌.തന്റെ മലയാളം ക്ലാസ് മുറിയിൽ ഒരു കോട്ടുവായ് പോലും കയറി വരാത്തവിധം പിളളരെ കരയിക്കാനും ചിരിപ്പിക്കാനും എത്രയെത്ര നുണകളാണ് ആവർത്തിച്ച് പറഞ്ഞ് സത്യമാക്കുന്നത്.അതിനെ ചിലപ്പോൾ സാഹിത്യഭാഷയിൽ കഥയെന്നോ എഡിറ്റിംഗ് എന്നോ പറഞ്ഞേക്കാം..

    ഇതൊന്നുമല്ല കേട്ടോ, അന്നൊക്കെ വലിയ അണ്ണന്മാരും അടുക്കളയിൽ ജോലിക്ക് നിന്ന മാമനും ഇണതേടി വരുമ്പോൾ ചന്തിയിൽ സ്വയം പുണ്ണുണ്ടാക്കി രക്ഷപ്പെട്ട ചെറുക്കനാണോ ഭാവനയും ചേർത്ത് കഥയുണ്ടാക്കാൻ പ്രയാസം. അവിടെ നിന്ന് പുറത്താക്കിയിട്ടും കൊല്ലം പട്ടണത്തിൽ തട്ടുകടയിലും ബസിലും ഹോട്ടലിലും സ്റ്റേഷണറിക്കടയിലും ബാറിലും കശുവണ്ടി കമ്പനിയിലും പണിയെടുത്ത് ബി എഡ് വരെ ഒപ്പിച്ചതൊക്കെ നിങ്ങൾക്ക് വെറും കഥയാണെന്ന് തോന്നും. പക്ഷെ അവന് അതൊക്കെ അവന് അനുഭവങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റാണ്.നെറ്റ് പരീക്ഷ ഫീസ് അടയ്ക്കാൻ രാത്രിയിൽ തമിഴൻ കൂട്ടുകാരന്റെ ഒപ്പം സെപ്ടിക്ക് ടാങ്ക് ക്ളീൻചെയ്യാൻ പോയത് ആദ്യമായി പ്രണയമുണ്ടായവളുടെ വീട്ടിലായിപ്പോയാൽ എന്തായിരിക്കും നിങ്ങടെ അവസ്ഥ? ഇക്കാലത്തെ പിള്ളേർക്ക്  കെട്ടിത്തൂങ്ങിച്ചത്തുകളയാൻ അതൊക്കെ മതി..പിന്നെ അതൊക്കെ കഥയാകുമോ? എന്തിനാ ഇങ്ങനെ കഥയാക്കുന്നത് ? എന്നൊക്കെ ചോദിച്ചാൽ ആ ചെറുക്കാൻ വാദിക്കുന്നത്  ഇങ്ങനെയാണ് 

     "കരഞ്ഞു പോകാതിരിക്കാനാണ് ഞാൻ കഥ പറയുന്നത്. കഥ പറയുമ്പോഴാണ് ഞാനിപ്പോഴും അനാഥനല്ലെന്ന് തോന്നുന്നത്.കേൾക്കുന്നവർക്ക് എന്തു തോന്നിയാലും എനിക്കിങ്ങനെ നുണ പറയാനാണിഷ്ടം. യുക്തിഭദ്രമായ നുണകളാണ് എനിക്ക് സത്യം.അതുമാത്രമല്ല കേട്ടോ,
ചിലതൊക്കെ കാണുമ്പോൾ വേറെ ചിലതെല്ലാം ഓർക്കുമ്പോൾ എനിക്കങ്ങ്‌ കരച്ചിൽ വരും. ഏങ്ങാൻ തുടങ്ങിയാൽ ശ്വാസം മുട്ടും.ജോയലിന്റെയും ജോനാഥന്റെയും അപ്പൻ, ബിബിഹയുടെ ധീരനായ ഭർത്താവ്, പിന്നെ ഒരു സ്‌കൂളിന്റെ സ്വന്തം രതീഷ്  മാഷ് ആകെ നാണക്കേടാവില്ലേ..? അതുകൊണ്ട് ഞാനതെല്ലാം കഥയാക്കും.."

       എനിക്ക് കരയാൻ മതിയായ കാരണങ്ങൾ ഇല്ലാതാകുന്ന കാലത്ത് ഈ കഥകഴിയും. അതുവരെ ഈ കഥയിൽ എന്തിരിക്കുന്നെന്നും നിങ്ങൾ ചോദിക്കരുത്.ഞാനതിൽ നൊന്തിരിക്കുന്നുണ്ട്.!!

കെ എസ് രതീഷ്
05-12-2020
പന്ത.


No comments:

Post a Comment