Saturday 27 January 2018

ഓട്ടൽ കുടുംബശ്രീ ( മിനിക്കഥ)

ഓട്ടൽ കുടുംബശ്രീ..!!
( മിനിക്കഥ)

വേളങ്കണ്ണിയിൽ പോയി എളേതിനെ മൊട്ടയടിക്കാൻ അപ്പൻ നേർന്നൂന്ന് പറഞ്ഞ് അവള് പോയിട്ട് മാസം  രണ്ടാകുന്നു.
അന്നുമുതൽ പോറ്റിമാഷിനൊപ്പം എന്റെ അന്നം ഓട്ടല് കുടുംബശ്രീലായി.

"സൈഫൂന്റെ പെണ്ണിന്റെ കൈപ്പുണ്യോം, ആ ഓട്ടലിന്റെ വൃത്തീം അതല്ലേ ഞാൻ അവിടെ കൂടണത്, എടയ്ക്കെടയ്ക്ക് വയറ്റിളക്കം വരൂലാ ഡീസന്റായിപ്പറഞ്ഞാൽ ഡിസൻട്രിന്ന്..."

പോറ്റിമാഷ് നാട്ടിൽ പോയപ്പോൾ ഞാനൊറ്റയ്ക്കായി. എത്രവൈകിയാലും ഞങ്ങൾക്കുള്ള ചോറ് മാറ്റിവയ്ക്കും..

രാവിലെ ചെന്നാൽ യൂണിഫോമിൽ മനാഫും സിയാഫും ക്യാഷിന്റെ അടുത്തുണ്ടാകും കൗണ്ടറിന്റെ ചാർജ്ജ് ബസ് വരുവോളം അവർക്കാണ്, സൈഫൂന് സപ്ലേയറുടെയും,ചായക്കാരന്റെയും ചാർജ്ജ് കർട്ടണിട്ടുമറച്ച അടുക്കളയുടെ ഇരുട്ടിലേക്ക് തുറക്കുന്ന ഒരു ഗുഹയിൽ നോക്ക് സൈഫു ഓർഡർ കൊടുക്കും, അകത്തെ അടുപ്പിന്റെ തീയുടെ വെളിച്ചവും, കടുക്,മുളക് വറുക്കുന്നതിന്റെ മണവും, പുകയും, പിന്നെ പാത്രങ്ങളുടെ കലപിലയും.

ഉച്ചയ്ക്കാണെങ്കിൽ,ക്യാഷിലും സപ്ലേയറുടെയും ചായക്കാരന്റെയും ഭാഗം സൈഫൂന് തന്നെ.
വല്യ തിരക്കുണ്ടാകില്ല മൂന്ന് മേശയും പന്ത്രണ്ട് കസ്സേരയും ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കും. മനാഫും സിയാഫും സ്കൂളിലാകും, ഗുഹയിൽ അപ്പൊഴും തീയെരിയുന്നുണ്ടാകും, മണവും പുകയും ഉണ്ടാകും..
രാത്രി എല്ലാം ശാന്തം ഒഴിഞ്ഞ ടേബിളിൽ മനാഫും സിയായും പഠിക്കുന്നുണ്ടാകും. സൈഫു ടീവി വോളിയം കുറച്ച് വാർത്തകാണും. ഗുഹയിൽ നിന്ന് പാത്രങ്ങൾ കരയുന്ന ശബ്ദമിറങ്ങിവരും.

ഇതിപ്പോൾ ആരെയും കാണുന്നില്ല, ഞാനും അല്പം വൈകി. അതാ കർട്ടൺ മറനീക്കി സൈഫൂന്റെ പെണ്ണ് ഗുഹാവാസി...

"കാക്കയും പിള്ളേരും പഷ് ഷോയ്ക്ക് ആദി സില്മ കാണാ പോയിക്കണ്. ങ്ങളെ ചോറ് കയ്പ്പിച്ച്, ഇതും മോറി, അല്പം ഉള്ളിയരിയാനേള്ളൂ.
നാളെ ങ്ങളെ കെട്ട്യോളു വരൂന്ന് ഇക്ക പറയ്ണ കേട്ടല്ലാ ശര്യാണാ..."

ഞാൻ ചിരിച്ചു. അവർ എന്റെ മുന്നിലിരുന്ന് തട്ടം ശര്യാക്കി...

" ഇക്കാക്ക് ആദിം കണ്ട് നടന്നാമതി കുടുംബശ്രീന്നെടുത്ത ലോണിന്റെ ആധീലാ ഞമ്മൾ...കോപ്രേറ്റീവീന്ന് ഒരു ലോണെടുക്കാൻ ങ്ങളെ ശമ്പളത്തിന്റെ പേപ്പർ തരോന്ന് ചോദിക്കാൻ ഇക്ക പറഞ്ഞക്കണ്.
ഓര്ക്ക് നാണക്കേടാന്ന്.  ഞാനല്ലേ എടുത്തത് ഞാൻ തന്നല്ലേ തീർക്കേണ്ടതും..."

ക്യാഷ് കൗണ്ടറിലിരുന്ന് കീറിയ പത്തിന്റെ  നോട്ട് ഒട്ടിക്കുകയായിരുന്നു. അവർ..

"തിങ്കൾ മറ്റേ പേപ്പർ എത്തിക്കാട്ടോ..."

ഊണിന്റെ കാശ് കൊടുക്കുമ്പോൾ അവരെന്റെ വിരലിൽ തൊട്ടോ...?
ഞാനും...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment