Thursday 8 February 2018

പെട

പെട..!!

..കഴിഞ്ഞകാലങ്ങളിലൊരിക്കലും ഞാനിതുപോലെ കാത്തിരുന്നിട്ടില്ല.
വിവരങ്ങൾ അറിയിച്ച രജിസ്റ്റ്രേട് കത്ത് മൂന്നാളും കൈപ്പറ്റിയിട്ടുണ്ട്, ഫോണീലൂടെ ആവശ്യപ്പെട്ടതിലൊന്നും അവർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
അവരൊന്നും വന്നില്ലെങ്കിലും കട്ടിലിൽ തന്നെ ജീവിതം പൂർത്തിയാക്കുന്ന ഈ ശരീരം, വീട്ടിലേക്ക് കൊണ്ടുപോകാനാണ് എന്റെ തീരുമാനം.. ജോണിച്ചായനോടും കോടതിയിലും ഇവന്റെ അവകാശം നേടിയെടുത്താണ്.
ഈ ശരീരത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കാൻ അവരിലാർക്കെങ്കിലും കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുണ്ട്.
അവർ കൈയൊഴിഞ്ഞാൽ എന്റെ  ഊഴം അത്രേ കരുതിയിട്ടുള്ളു...

"ക്ലാസ്മുറിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച അദ്ധ്യാപകനെ വിദ്യാർഥികൾ ആക്രമിച്ചു.." പത്രങ്ങളുടെ അകത്താളുകളിൽ നിത്യവാർത്തയിലൊന്നായി മാഞ്ഞുപോയിട്ട് മാസങ്ങളാകുന്നു. ജോണിച്ചായന്റെ ജയിലിൽ തന്നെ ആ പ്രതിവരാനും, തടവുകാരാൽ ആക്രമിക്കപ്പെട്ട് ജീവച്ഛവമായിക്കിടക്കുന്ന മാത്യൂസിന്റെ റിപ്പോർട്ട് തയാറാക്കാനും ജോണിച്ചായൻ ജയിൽ സൂപ്രണ്ടിന്റെ റോളിൽ ജയിൽ സർജനെ വിളിച്ചതായിരുന്നു.
ചാകാതെ അതിന്റെ റിപ്പോട്ട് എഴുതാനൊക്കൂലല്ലോ ? ജയിലിലും സദാചാരക്കമ്മറ്റിക്കാരുണ്ടെന്നെതാ വലിയ രസം. രാവിലെ പത്രത്തിൽ സ്കൂളിൽ മാത്യൂസ് കേറിപ്പിടിച്ച പെണ്ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തയുണ്ടായിരുന്നുപോലും. തല്ലിയോരുതന്നെ വാരിവലിച്ച് ആംബുലൻസിലിട്ടു. ഞാനും കൂടെക്കേറി, കൈവിരലിലെ ക്യൂട്ടെക്സിട്ട നീണ്ട നഖം കണ്ട് എന്റെ തലചുറ്റിപ്പോയി.

ആൻഡ്രിയയാകാൻ കൊതിച്ച പോലീസ് ദമ്പതികളുടെ മകൻ ആന്റോ വീട്ടിൽ സ്വയം വെടിച്ചമരിച്ചിട്ട് ആറുകൊല്ലം തികയുന്നു.അതിന്റെ നീറ്റലിനിയും ഞങ്ങളെ വിട്ടുപോയിട്ടില്ല.

"അല്ലേലും നാണക്കേടുണ്ടാക്കാതെ നീയൊക്കെ ചത്ത് തൊലയണതാ നല്ലത്" ജോണിച്ചായന്റെ വെടിയൊച്ചപോലുള്ള ആ വാക്കുകൾക്ക് ഞാനും അന്ന് മൗനത്തോടെ കൂട്ടുനിന്നു..
ആന്റോടെ വലതുപെരുവിരലിലും ഇതുപോലെ എപ്പൊഴും നിറമുണ്ടാകും.

ആംബുലൻസിൽ വച്ച് ശരിരത്തിൽ എന്തോ തിരയുന്നത് കണ്ട് നേഴ്സ്പെണ്ണ് അന്തം വിട്ടിരുന്നു...അതു മറയ്ക്കാനായി ശരീരത്തിൽ മിടിപ്പുനോക്കിയിട്ട്.
വണ്ടി വേഗം വിടാൻ പറഞ്ഞ് മിണ്ടാതിരുന്നു.
ആന്റോടെ നെഞ്ചിനു താഴെ നല്ലൊരുകാക്കപ്പുള്ളിയുണ്ട്.എന്റെ തിരച്ചിലതിലേക്കായിരുന്നോ...?

ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണിന്റെ മൊഴി മാത്യൂസിന് അനുകൂലായി,  305,315,316 ഒക്കെ അസ്ഥാനത്തായി..
ഇതിപ്പൊ ഇവിടെക്കിടന്ന് ചത്താൽ കേസ് വേറെ വഴിക്കാകും, ഇപ്പൊത്തന്നെ സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട മാത്തുക്കുട്ടി മാഷിനുവേണ്ടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് തുടങ്ങീട്ടുണ്ട്...

സ്കൂളീന്ന് കിട്ടിയ വിവരമനുസരിച്ചാണെങ്കിൽ  മാത്യൂസെന്ന മാത്തുക്കുട്ടി പെട്ടെന്നാണ് കൊലുസ് മാത്തനായത്...
പെൺകുട്ടികളുടെ ടോയിലെറ്റിൽ നാപ്കിൻ വൈൻഡിംഗ് മെഷീൻ സ്പോൺസർ ചെയ്ത മാഷെങ്ങനെ ഇങ്ങനായീന്നറിയില്ല.
ക്ലാസ് എടുക്കുന്നതിനിടയിൽ മുൻബെഞ്ചിലിരുന്ന
ജെസ്ല മറിയം എന്ന പെണ്ണിന്റെ കാലിൽ പിടിച്ചൂന്നാ കേട്ടത്. പന്ത്രണ്ടാം ക്ലാസല്ലേ ചെക്കന്മാർ കേറിയങ്ങ് നിരങ്ങി.ബാലാവകാശകമ്മീഷനും, വനിതാസെല്ലും ചേർന്ന് പരാതിയങ്ങ് കൊഴുപ്പിച്ചു.. ആത്മഹത്യാശ്രമം കൂടെ ആയപ്പോൾ  305 കൂട്ടിച്ചേർത്തു.പിന്നാണ് കാര്യങ്ങൾ മാറിയത് വളയും, പൊട്ടും, മാലയും  കൊലുസും പെൺകുട്ടികൾക്ക് വാങ്ങിക്കൊടുക്കണ പ്രിയപ്പെട്ട മാത്തുക്കുട്ടിസാറിനെക്കുറിച്ച് അവർക്കൊരു പരാതിയുമില്ല...
അതിലേറെ അയാളോട് കുട്ടികൾക്ക് ഒരിഷ്ടോണ്ട്.. പരാതിക്കാരിയായ പെണ്ണുപോലും മൊഴിമാറ്റിയിരിക്കുന്നു.. എന്നിട്ടും ഒരാൾ പോലും മാത്യൂസിന്റെ   ജാമ്യത്തിന് ശ്രമിക്കാനോ, വന്നൊന്ന് കാണാനോ ആരും ഉണ്ടായില്ല..
റിമാന്റ് ചെയ്തദിവസത്തെ ഡ്രെസിൽ നിന്നാണ് ഫോൺ നമ്പരുകൾ കിട്ടിയത്, ഏറ്റവും കൂടുതൽ  തവണ വിളിച്ച നമ്പരുകളിൽ വിളിച്ചുനോക്കി. മൂന്നാളോടും സംസാരിച്ചു.
വിലാസം വാങ്ങി കത്തുകളും  അയച്ചു. ജാമ്യത്തിനൊക്കെ  ജോണിച്ചായനും.
കൂടെ നിന്നു. ഇന്ന് അവരെത്തണം ഇല്ലെങ്കിൽ....

ഇവിടിരുന്നാൽ ജയിൽ വളപ്പിലേക്ക് ആരുവന്നാലും കാണാൻ കഴിയും വീൽച്ചെയറിലിരിക്കുന്ന മാത്യൂസിന്റെ കണ്ണുകളും നീണ്ട വഴിയിലേക്കുതന്നെ..

ദൂരേന്ന് നടന്നുവരുന്ന സ്ത്രീ നാലുദിവസം മുൻപ് എന്നോട് സംസാരിച്ച ഏലിക്കുട്ടിയാണെന്നറിയാൻ മാത്യൂസിന്റെ കണ്ണിലെ പ്രകാശം മതിയായിരുന്നു..
പറഞ്ഞ സമയമാകാൻ ഇനിയും
മണിക്കൂറുകളുണ്ട്. അല്പം ദൂരെയായി സിമന്റ് ബെഞ്ചിലിരുന്ന് കുഞ്ഞ് വേദപുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്നു..
കൊണ്ടുപോകാൻ വന്നതാകുമോ ? സാദ്ധ്യതയില്ല..ഫോണിലൂടെ പറഞ്ഞതൊന്നും അനുകൂലമറുപടിയായിരുന്നില്ല.

"പൗലോച്ചായന്റെ നെറമല്ലാതെ ഒറ്റഗൊണോം മാത്തൂട്ടിക്ക് കിട്ടീല, ഏതുനേരം എന്റെ വാലേൽ തൂങ്ങി നടക്കും, പെണ്ണുങ്ങളെപ്പോലെ ഒരുക്കോം, പൊറത്തെറെങ്ങിക്കളിക്കൂല..
മൂത്തപെണ്ണ് പ്രായായപ്പോൾ ഇവനും ഒരു മൂലേക് കേറി ഒറ്റിരുപ്പാർന്ന്, പൗലോച്ചായൻ അന്ന് വലിച്ച് പൊറത്തിട്ട് നല്ല വീക്കും കൊടുത്ത്, പോയി ചത്തൂടേന്ന് ചോയിച്ചേന് മൂത്തപെണ്ണിന്റെ ഷാളും കഴുത്തിൽ കെട്ടി, എരുത്തിലിൽ* കേറിതൂങ്ങിയതാ, കഴുക്കോലൊടിഞ്ഞോണ്ട് അന്ന് രക്ഷപെട്ട്, പിന്നൊരിക്കല് റബ്ബറുവെട്ടണ സണ്ണീടെ മൂത്തമോൻ ഇതിനെ എന്തോ ചെയ്താർന്ന്, തലേന്ന് ക്രിസ്തുമസ് കരോളിന്റെ അവസാന ദിവസാർന്നു. കന്യാമേരീടെ വേഷത്തിൽ ഇവനും,ജോസഫായി സണ്ണീടെ ആ നെറികെട്ടോനും.രണ്ടിനേം പൗലോച്ചായന്റെ അനിയൻ തോട്ടത്തീന്ന് കൈയോടെ പിടിച്ചതാ..രണ്ട് ദിവസം കെട്ടീട്ട് തല്ലി, മറ്റവൻ അന്നേ നടുവിട്ട്. ഇതിന്റെ എളേത് സൈമൺ പോലും ഇവനോട് മിണ്ടൂല.എപ്പൊഴും അടുക്കളേൽ ചുറ്റിത്തിരിയും ഒന്നു രണ്ട് വട്ടം ആശുപത്രീ കാണിച്ച്..

പഠിക്കാനൊക്കെ നല്ല മിടുക്കാർന്ന്. പിന്നെന്താ ജോലി കിട്ട്യപ്പോൾ അല്പം വകയൊള്ള ഒരിടത്തൂന്ന് കെട്ടും നടത്തി, പൗലോച്ചായന്റെ മരണത്തോടെ വീട്ടിലെ കാര്യങ്ങള് സൈമണാർന്ന് നടത്തണത്...
സൈമണും മാത്യൂന്റെ പെണ്ണും തമ്മിൽ ചേരൂലാർന്ന് അങ്ങനാ മാറി തമ്മസിച്ചത്..
പിന്നെ രണ്ടാത്തെ പ്രസവം കഴിഞ്ഞ ദിവസാ എന്നെപ്പോലും ഒന്ന് ഫോണിൽ വിളിക്കണത്...

"അമ്മച്ചി ദേണ്ടെ അവള് നെർത്താൻ പോണ്, നിർത്തെല്ലെന്ന് പറയമ്മച്ചീ "
ഞാനൊന്നും വിളിക്കാൻ പോയില്ല, അവനെ സെലിന്റെ വീട്ടുകാര് ഏറ്റെടുത്തമട്ടാണ്.
അവനും ഇങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല.. ഇതിപ്പൊ സൈമണെ ധിക്കരിച്ച് എനിക്ക് വല്ലോം ചെയ്യാനൊക്കോ...?"

വേദപുസ്തകത്തിൽ നിന്ന് ഇടയ്ക്കിടെ മുഖമുയർത്തി ഏലിക്കുട്ടി ജയിലിന്റെ വാതിലിലേക്ക് നോക്കുന്നുണ്ട്..

ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്ന മാത്യൂസിന്റെ തല നിവർത്തിവയ്ക്കുമ്പോൾ.
ഒരു കാറിന്റെ ശബ്ദം കേട്ടു..
കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് മാത്യൂന്റെ കണ്ണിൽ ഒരു കൃസൃതിനിറഞ്ഞ പ്രകാശം .
അനീറ്റാ വർക്കിയാകുമെന്ന് ഞാനൂഹിച്ചു. വരുമെന്ന് ഒരല്പം ഉറപ്പ് തോന്നിയത് ഇവരെയാണ്.
അതിന്റെ ലക്ഷണങ്ങളെല്ലാം നാലു ദിവസം മുന്നേയുള്ള വർത്താനത്തിലുണ്ടായിരുന്നു..

" മാത്യൂസാറെന്റെ കാമുകനൊന്നുല്ലാ, പിന്നെന്താ അങ്ങനേക്കെ ഉണ്ടായിന്നേയുള്ളൂ, ഒരാറുമാസത്തെ ലീവ് വേക്കൻസീല് ഞാനെന്റെ മടുപ്പ് തീർക്കാൻ അവിടെ ഗസ്റ്റായി ചേർന്നതാ..
ഇതിയാന്റെ വർത്താനോം എഴുത്തൊക്കെ കണ്ട് ഒരു പൂതിയൊക്കെ ഒണ്ടായി..
നല്ല പാട്ടുകള് അയയ്ക്കുമാർന്ന്, കവിതേം ചൊല്ലും. അതൊക്കെ ഞാനങ്ങിഷ്ടപ്പെട്ടൂന്ന് പറഞ്ഞാ മതിയല്ലോ. പിന്നെപ്പിന്നെ രാവും പകലും നിർത്താത്ത വർത്താനായില്ലേ..

ന്റെ വർക്കിച്ചായന് നാട്ടുകാരെ വിലകൂടിയ മെത്തേൽ സുഖിപ്പിച്ച് കെടത്താനുള്ള തത്രപ്പാടിനെടേൽ എന്റെ കാര്യം നോക്കാനെവിടെന്നാ സമയം, മെത്തേടെ കമ്പനിയാ അതിയാന് ഏറ്റവും വെലയുള്ള ഒരെണ്ണം ഞങ്ങടെ മുറീലും കൊണ്ടിട്ടെന്നല്ലാതേ അതേലൊന്ന് കൂടെ കെടക്കാൻ അതിയാനുണ്ടോ നേരം, ഇതൊക്കെ ഞങ്ങള് പറയും, മാത്യുസ്സാറും പെണ്ണുമ്പിള്ളേടെ പരാതിക്കെട്ടഴിക്കും, രണ്ടാളേം ഏറെക്കുറെ ഒന്നാണെന്ന് അതിയാന് രണ്ട് മക്കളേലും കിട്ടി എനിക്കോ...?

ഒണാവധി തൊടങ്ങണേന്റെ ആ ദിവസം എന്നോട് സെറ്റ് സാരി ഉടുക്കോന്ന് ചോദിച്ച് , ഉച്ചയ്ക്ക് ലൈബ്രറീല് വരാനും പറഞ്ഞ് ആളൊഴിഞ്ഞ നേരം അവിടെ ചെല്ലുമ്പോൾ എന്റെ മെലചേർത്ത് ഒറ്റപ്പിടുത്താർന്ന്, കർണം പൊകയെണമാതിരി ഒന്ന് ഞാനങ്ങ് കൊടുത്തു...അപ്പൊപ്പിന്നെ കാലേൽ വീണ് കരച്ചിലും, എല്ലാ ഊളകളെ മാതിരി ഇവറ്റോൾടെ വിചാരം പെണ്ണിരിക്കണത് മൊലേലും തൊടേലും എന്നാ.
പാവം തോന്നിയപ്പോ ഞാൻ ഒന്നുരണ്ട് ഉമ്മയങ്ങ് കൊടുത്തു...

അതിന് ശേഷം കഴിഞ്ഞ ആറുമാസത്തിൽ
ഞങ്ങള് പോകാത്തൊരീടോല്ല. പുതുവർഷോം ക്രിസ്തുമസും ഒക്കെ ഒന്നിച്ചാർന്ന്. എത്ര രസായിട്ടാ മാത്യൂസ് പ്ലാൻ ചെയ്യണേന്നോ എനിക്ക് ചിരിയും അത്ഭുതോം തോന്നും...

വർക്കിച്ചായനാണെങ്കിൽ ബ്രെസീലില് ഫ്രാഞ്ചൈസീന്നും പറഞ്ഞ് ഓഫീസിലെ സെക്രട്ടറി പെണ്ണിനേം കൊണ്ട് ചുറ്റലും...
അതിനെടേലെപ്പൊഴോ. എന്റെ കുളിതെറ്റി, കുട്ടികളോണ്ടാവാൻ മരുന്നും ഗുളികേം കഴിക്കണതല്ലാതെ, മറ്റൊന്നും നടക്കാറില്ലാർന്ന്, മിക്കവാറും പാതിരാത്രിവരെ ചീട്ടും കളിച്ച്, കുടിച്ച് ക്ലാബ്ബിത്തന്നാ വർക്കിച്ചന്റെ ഉറക്കം..എനിക്ക് വേണോങ്കിൽ അങ്ങനെ  ബോധം കെട്ട് വരണം ഒരു ദിവസം വർക്കിച്ചന്റെ  തുണിയൊന്ന് മാറ്റിയിട്ട് പറ്റിക്കാന്നേയുള്ളൂ..
പക്ഷേ ജനിക്കാൻ പോണകുട്ടിയെ ഓർത്തിട്ടാ.

ഒഴിവാക്കണ കാര്യം പറഞ്ഞപ്പോൾ പൂച്ചക്കുട്ടിയെപ്പോലെ കൂടെപ്പോന്നു, ഡോകടറുടെ മുന്നിൽ ഭർത്താവായി അഭിനയിച്ച് തകർക്കേം ചെയ്തു. തിരിച്ച് പോരാന്നേരം കൈവെറയ്ക്കണൂന്ന് പറഞ്ഞ് കാറ് എന്നെ ഏല്പിച്ചു. എനിക്ക് ഒട്ടും വയ്യാർന്നിട്ടും കാറ് ഞാനെടുത്തു..മാത്ത്യൂന്റെ ഫ്ലാറ്റിനുമുന്നിലെത്തിപ്പോൾ  കരഞ്ഞോണ്ട് ഓടിപ്പോണതാ അവസാനായിട്ട് ഞാൻ കണ്ടത്. പിന്നെ വിളിച്ചിട്ടും എടുത്തില്ല..
വർക്കിച്ചായൻ ബ്രസീലില് കൂടാനുള്ള പ്ലാനാണ്..ഞാനും ഒരു മ്യൂച്ചലിന് ശ്രമിക്കണോണ്ട് വിലയുള്ള കട്ടിലു മാത്രം പോരല്ലോ...?"

കാറിനുള്ളിലിരുന്ന് ഫോണിൽ എന്തോ തിരയുന്ന അനീറ്റവർക്കിയുടെ കാഴ്ച്ച മറച്ചുകൊണ്ട് കടന്നുവന്ന മറ്റൊരു കാറിൽ തന്നെ അത്ഭുതത്തോടെ മാത്യൂന്റെ കണ്ണ് ഉറച്ചു നിൽക്കുന്നു..
കാറ് ജയിലിന്റെ ഗേറ്റിന്റെ ഓരം ചേർത്തു നിർത്തി..
മുൻസീറ്റിൽ നിന്നിറങ്ങിയത് സെലിൻ ആയിരിക്കണം കൈയിൽ രണ്ടാമത്തെ കുട്ടിയുണ്ട്.
മൂത്തവൻ മൊബൈലിൽ കളിച്ച് പിൻസീറ്റിൽ ഇരിക്കുന്നു..
കത്തിൽ പറഞ്ഞിരുന്ന സമയമാകാൻ ഇനി അഞ്ചുമിനിട്ടേയുള്ളു..
കവാടത്തിന്റെ മുന്നിൽ നിൽക്കുന്ന സെലിന്റെ കൈവശം കത്ത് വ്യക്തായികാണാം.
സെലിൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

"...വല്യതൃപ്തിയോടെയൊന്നുമല്ല കെട്ട് നടന്നത്, ന്റെ ആങ്ങളമാരോടൊന്നും മുട്ടിനിക്കാനൊള്ള പാങ്ങൊന്നും അതിയാനില്ല, എന്റെ മുഖത്ത് നോക്കിപ്പോലും ശരിക്കൊന്ന് മറുപടിപറയൂല, ഇതിയാന്റെ അനിനൊണ്ടല്ലോ ? ന്റെ ആങ്ങളമാരെക്കാൾ വേന്ദ്രനാ..
ആകെ ഒരു തവണയാ എന്നോടൊന്ന് എതിർത്ത് പറഞ്ഞത്, രണ്ടാത്തെ കുഞ്ഞിന്റെ പ്രസവം കഴിഞ്ഞ് ഞാനങ്ങ് നിർത്തി...
അത് ഒട്ടും.പിടിച്ചില്ല അതിയാന് പെൺകുട്ട്യാർന്ന് ഇഷ്ടം, ലക്ഷണോക്കെക്കണ്ടിട്ട് മൂന്നാത്തെ പെണ്ണാകൂന്ന് ആരോ പറഞ്ഞൂത്രേ, അതേപ്പിന്നെ കെടപ്പ് രണ്ട് മുറീലായി, മിണ്ടാട്ടോം തീർന്ന് വീട് ഭാഗം വയ്ക്കണ സമയായോണ്ട് ഞാൻ കുഞ്ഞുങ്ങളേം എടുത്ത് കൊറച്ച് കാലം എന്റെ വീട്ടിലാർന്ന്..

ഇത്തവണ തിരികെപ്പോയപ്പോൾ അതിയാൻ എന്റടുത്തുവന്ന് കിടന്നു. രാത്രിമുഴുവൻ കൊച്ചിന്റെ കരച്ചില് കേൾക്കണെന്ന് പറഞ്ഞ് കൊച്ചുങ്ങള് കെടക്കാണമുറീലും, വീടിന് ചുറ്റും ടോർച്ചടിച്ച് നടന്നു...
അന്നാണെങ്കിൽ എനിക്ക് വയറ്റിന് വയ്യാർന്ന്, രാത്രി അവിടെ ഒന്ന് തൊട്ട് നോക്കീട്ട്..
'കൊച്ചുങ്ങളെക്കൊന്നോണ്ടാ ഇതൊക്കെ ഒഴുകിവരണത്...' ആവർത്തിച്ച് പറഞ്ഞോണ്ടിരിപ്പാർന്നു..ഞാനെണിറ്റ് പിള്ളാരുടെ കൂടെ കിടന്ന്...

നേരം വെളുത്തപ്പഴാ വല്ലാത്ത ഏനക്കേട് തോന്നിയത്, പത്രത്തിന്റൊപ്പം പുറത്തിട്ടിരുന്ന ഷൂസ് പൊതിഞ്ഞെടുത്തോണ്ട് തന്നിട്ട് ഒറ്റ അലർച്ചയാർന്ന്....

" രാത്രിമുഴുവൻ തണുപ്പത്ത് കെടന്ന് കരച്ചിലാർന്ന്, ഇതിന് പാല് കൊട്ക്കടീന്ന്...'

മാത്യൂസ് സ്കൂളിലോട്ട് ഇറങ്ങിയപ്പൊത്തന്നെ പിള്ളാരേം കൊണ്ട് ഞാനിങ്ങ് പോന്ന് അപ്പനും ആങ്ങളമാരും ആകെ ഇളകീട്ടാ, കേസിന്റെ കാര്യത്തിലൊന്നും എടപെട്ട് നാറാനെക്കൊണ്ട് പറ്റൂലാന്ന് അവർടെ സ്റ്റാൻഡ്. അതേ മീതി എനിക്കെന്തേലും പറ്റോ..."

മുൻ സീറ്റിലിരുന്ന കുട്ടി, മുറ്റത്തിറങ്ങി, വളപ്പിലെ മാവിൻ ചോട്ടീന്ന് കണ്ണിമാങ്ങകൾ എടുക്കുന്നതിലേക്ക് നോക്കിയിരിക്കുന്ന മാത്യൂസിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഗേറ്റ് തുറന്ന പാറാവുകാരൻ സെലിന്റെ കത്തും വാങ്ങിപ്പോയി, അയാളിപ്പോൾ വരും..
ചരിഞ്ഞു വീണ കഴുത്ത് നിവർത്തിവയ്ക്കുന്നതിനിടയിൽ ഞാൻ  നെറ്റിയിൽ  അമർത്തിചുംബിച്ചു..

പാറാവുകാരൻ കത്തുമായി വന്ന് വീൽച്ചെയറിലെ  മാത്യൂസിനെ തള്ളിക്കൊണ്ട് പോകുമ്പോൾ എന്റെ ഫോൺ ശബ്ദിച്ചു...

"എടീ, ഞാനീ കാക്കി ഊരാൻ തീരുമാനിക്കേണ്, നി അവനേം കൊണ്ടിങ്ങ് പോരേ, ആന്റോടെ മുറി ഞാനങ്ങ് വൃത്തിയാക്കീട്ടൊണ്ട്..."
ജോണിച്ചായന്റെ ശബ്ദത്തിൽ വല്ലാത്ത ഇടർച്ച...

"അവനെക്കൂട്ടാൻ മൂന്നാളും വന്നിച്ചായാ..."

വെടിയൊച്ചയുടെ ശബ്ദത്തിൽ ഫോൺ കട്ടായി,
പുറത്ത് പിന്നേം രണ്ടുപേർ പ്രതീക്ഷയോടെ നിൽക്കുന്നതുകണ്ട്..
അവനോടെനിക്കസൂയ തോന്നി....!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment