Monday 19 February 2018

ബർശല്...!!

*ബർശല്..!!*

" *അവർക്ക് നിങ്ങളെക്കുറിച്ചുള്ള അജ്ഞതയ്ക്ക് സമാനമായിട്ടുള്ള ത്, നിങ്ങൾക്ക് അവരെക്കുറിച്ചുള്ള അജ്ഞതമാത്രമാണ്. അവരുടെ അജ്ഞതയെക്കുറിച്ച് നിങ്ങൾ ഫലിതം പറയുന്നു. നിങ്ങളുടെ അജ്ഞതയെ ഭൂഷണമായി കരുതുകയും ചെയ്യുന്നു.
( കേരളത്തിലെ ആഫ്രിക്ക, കെ എം പാനൂർ )*

കട്ക്ക്ത് മലമ്പുടി റോങ്ങ റോങ്ങാ,
കട്ക്ക്ത് കെഴകക്ക് കമ്പുഴ മേക്ക് മേക്ക്...

മുളഞ്ചെണ്ടയുടെ താളത്തിനൊത്തുള്ള കാരിയന്റെ പാട്ടിന്റെപ്പം എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.

വയനാട്ടിലെ റിസോട്ടിൽ സർക്കാർ ചിലവിൽ മൂന്ന് ദിവസത്തെ ശാപ്പാടും സുഖവാസവും, ലക്ച്ചർ പോസ്റ്റിനുള്ള അഭിമുഖത്തിൽ കിട്ടുന്ന മാർക്ക്, അതുമല്ല ഏതെങ്കിലും പതിപ്പിൽ ഇത് അച്ചടിച്ചുവന്നാൽ കിട്ടുന്ന ആത്മരതി.ഇവ മാത്രമാണ്  ദേശീയ ഗോത്രപഠന സെമിനാറിൽ പേപ്പർ അവതരിപ്പിക്കാൻ ചാടിപ്പുറപ്പെട്ടതിന്റെ കാരണങ്ങൾ. ഭാരതത്തിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കന്മാരെ തിരഞ്ഞെടുക്കാൻ കാരണം അടുത്തിടെ ആഴ്ച്ചപ്പതിപ്പിൽ വായിച്ചറിഞ്ഞവയിൽ നിന്നുണ്ടായ കൗതുകവും. നെറ്റിൽ നിന്ന് കിട്ടിയതും വായനശാലേൽ ഇരുന്ന് ചർച്ച ചെയ്തതും ചേർത്ത്  പേപ്പറാക്കിയപ്പോഴാണ്. ഇങ്ങോട്ടുവന്നൊരുത്തൻ അഭിപ്രായം പറഞ്ഞത്...

"ഇവരുടെ കൂട്ടത്തിലെ ഒരു പെണ്ണിലെ ഇവിടെ നാട്ടിലെ ഒരു നായര് ചെക്കൻ കെട്ടിയത് അറിയോ...? അവരേം ചേർത്താൽ ഈ പേപ്പർ സൂപ്പറാകും..."
അയാൾക്കൊപ്പമിരുന്ന് ചായയും കുടിച്ച് വരുന്ന ഞായർ അവരുടെ വീട്ടിൽ മീറ്റിംഗും ഒപ്പിച്ച് പിരിഞ്ഞു.

ഞായർ രാവിലെ തന്നെ ചാലിയാറിന്റെ കരയിൽ വനത്തിനോട് ചേർന്നുള്ള ഒറ്റപ്പെട്ട വീടിന്റെ മുന്നിൽ വരെ കൊണ്ടുവിട്ടിട്ട്, ഞാനൊന്ന് കുളിച്ചുവരാമെന്നും പറഞ്ഞ് അയാള് പോയി.
ക്യാമറയും റെക്കോഡറും അവതരിപ്പിക്കാനുള്ള റിപ്പോട്ടുകളുമായി ചെല്ലുമ്പോൾ ഗിരി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ അകത്തെ ഇരുട്ടിലേക്ക് കമഴ്ന്നടിച്ചു വീണു. ഹാളിന്റെ ഒത്ത നടുക്ക് തീ കൂട്ടിയിട്ടിട്ടുണ്ട്. മുകളിലേക്ക് കയറിപ്പോകുന്ന ഗോവണിയ്ക്ക് കീഴെ ഒരു പെണ്ണ് പൂർണ നഗ്നയായി കിടക്കുന്നു. തുടയുടെ മുകളിൾ വച്ച്  ചോരക്കുഞ്ഞിന്റെ പൊക്കിൾ മുളയുടെ ചീന്തുകൊണ്ട് ഒന്നു രണ്ട് സ്ത്രീകൾ ചേർന്ന് മുറിക്കുന്നു..
പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ നിലത്തിട്ടിരിക്കുന്ന മരക്കുറ്റിയിൽ ഗിരി ഇരിക്കുന്നു.
എതിർ വശത്തുള്ള തടിക്കഷ്ണത്തിൽ എന്നോട് ഇരിക്കാൻ അയാൾ ആംഗ്യം കാണിച്ചു..

"എങ്ങനുണ്ട് ലേബർ റൂം സെറ്റപ്പ്, എന്റെ വെള്ളിപ്പെണ്ണിന്റെ പ്രസവം ലൈവാ..പേറെടുക്കണത് അവളുടെ അമ്മ തൊളച്ചി, പൊക്കിളുമുറിക്കണത്, മുഞ്ഞാണി...ഇവരെ എന്ത് പഠിപ്പിക്കാനാ സാറേ നിങ്ങളെ സെമിനാറ്...?"

കാരിയന്റെ ബർശല് പാട്ടും മുളഞ്ചെണ്ടയും മുറുകി മുറുകി എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഗിരി കൈയുയർത്തിയപ്പോൾ പാട്ടും കൊട്ടും ഒപ്പം നിന്നു..

" ഞാൻ പറഞ്ഞില്ലേ ഒരഭിമുഖം, വിപ്ലവകരമായ ചുടവല്ലേ..ചോല, നായർ കല്യാണത്തിന്റെ ഫോട്ടോ, സ്ലൈഡ്..." എനിക്ക് വക്കുകൾ മുട്ടി പിന്നിൽ നിന്ന് പാട്ട് വീണ്ടുമുയർന്നു.  ആ സ്ത്രീകൾ വെള്ളിയുടെ തല ഗിരിയുടെ മടിയിൽ വരുന്ന വിധം ചരിച്ചു കിടത്തി. നിലത്തുകിടന്ന ഇലകൾ മാറ്റി കുഞ്ഞിനെ അതിൽ കിടത്തി ഇലകൾ കൊണ്ട് പൊതിഞ്ഞു..വെള്ളി തന്റെ മുലക്കാമ്പ് കുഞ്ഞിന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കുന്നു.
ഗിരി എന്റെ നോട്ടം ശ്രദ്ധിക്കുന്നതായിതോന്നിയപ്പോൾ നിലത്തുകിടന്ന ഇലയെടുത്ത് ഞാൻ മണപ്പിച്ചു...
അവളുടെ അരികിലായി വന്നുകിടന്ന പട്ടിയുടെ മുലയിലും നാല് കുഞ്ഞുങ്ങൾ...

"എന്തേ സാറിന് ഭയം തോന്നണുണ്ടോ...?" വെള്ളിയുടെ കണ്ണിലെ രൂക്ഷത എന്നെ ഭയപ്പെടുത്തി...

"ഇനി പുതിയ എന്തറിവില്ലായ്മയെക്കുറിച്ചാ സാറന്മാർക്കിനി പറയാനുള്ളത്..? "
വെള്ളി കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ ഗിരി അവളുടെ വായ പൊത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു. നായ എണീറ്റുവന്ന് കുഞ്ഞിനെ നക്കാൻ തുടങ്ങി..വെള്ളി നായ്ക്കുട്ടികളെ തലോടുമ്പോഴും ആ നോട്ടം എന്റെ നേർക്കായിരുന്നു....

" നുണപറയാനറിയില്ല, ദ്രോഹിക്കാനറിയില്ല, വഴക്കിടാനോ പിടിച്ചടക്കാനോ അറിയില്ല, വിറകിനല്ലാതെ മരം മുറിക്കാനും, വിശക്കുമ്പോഴല്ലാതെ തിന്നാനുമറിയില്ല...
ഇങ്ങനെ കുറേ അറിവില്ലായ്മകളുമായി കഴിയുന്ന അവരെക്കുറിച്ച് പുതിയ എന്താണ് പറയാനുള്ളത്..?" ഗിരിയുടെ പരിഹാസത്തിന് വല്ലാത്ത മൂർച്ചതോന്നി..ഇരുന്നിടത്തു നിന്ന് പതിയെ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആ പട്ടി മുരണ്ടു...മുളഞ്ചെണ്ടയിൽ അമർത്തിയൊരടിയും വീണു. ഞാനറിയാതെ ഇരുന്നുപോയി...

"നിങ്ങൾക്ക് ചുറ്റും എന്തൊരിരുട്ടാ, ഞാൻ മൊബൈലിൽ ടോർച്ച് തെളിയിക്കട്ടേ...?" എനിക്കപ്പോൾ അതു പറയാനാണ് തോന്നിയത്..

"അവർക്ക് വിളക്കൊന്നും ശീലോല്ല സാറേ, വിളക്ക് വച്ച് ദിവസം കൂട്ടാനുള്ള ആർത്തി നിങ്ങൾക്കല്ലേ...
ശരിക്കും ഇരുട്ട് നിങ്ങളുടെ ചുറ്റുമല്ലേ...?
സാറ് അല്പം നേരം ഈ ഇരുട്ടത്തിരിക്കൂ. സാറായിരിക്കും ചോലന്മാരെ പറ്റിപ്പടിക്കണ അവസാനത്തെയാള്..അയാളെക്കൊണ്ടെങ്കിലും നാട്ടുകാരോട് ഞങ്ങളെ സത്യം പറയിക്കണം അത്രേയുള്ളൂ...
അതിനാ നത്താരിയെ നിങ്ങളടുത്ത് പറഞ്ഞു വിട്ടത്, നിങ്ങൾ കോളനീൽ വന്ന് കാര്യങ്ങൾ തിരക്കീന്ന് അറിഞ്ഞതുമുതൽ തുടങ്ങിയതാ ഇവിടെത്തിക്കാനുള്ള ശ്രമം.. മുപ്പത് വീടൊണ്ടാക്കിട്ട് ആകെ രണ്ടെണ്ണത്തിലല്ലേ ആളുള്ളും അതും കെടക്കണ രണ്ടെണ്ണം എണീക്കാൻ പാങ്ങൊണ്ടെങ്കിൽ അവറ്റകളും കാടുകയറിയേനെ..ആളെയിൽ ഈ ഇലേടെ പൊറത്ത് കെടന്നോർക്ക് കോൺക്രീറ്റ് പാടാ സാറേ. സാർ.."  ഗിരിയെ പൂർത്തിയാക്കാൻ അനുവദിക്കാതെ വെള്ളി പൊട്ടിത്തെറിച്ചു...

"മുപ്പത് വീടിന് മുപ്പത് ലക്ഷോങ്കിലും സാറന്മാരൊണ്ടാക്കിക്കാണും, ഞങ്ങളെ സർക്കാരിന്റെ കണക്കിൽ ചേർത്തതല്ല ഫണ്ട് മുക്കാനായി പെടുത്തിയതാ...കാട്ടീന്ന് ഒപ്പിക്കണത് പിടിച്ചുവാങ്ങീ ആയുർവേദ കമ്പനിക്ക് വിറ്റിട്ട് പൂത്ത അരിയും നക്കാപ്പിച്ചയും കൊടുത്തു വിടണ ബുധനാഴ്ച്ചത്ത ഏർപ്പാടിലും കൊറേ ഉണ്ടാക്കണുണ്ടാവൂല്ലോ...? ദേ ഇരുന്ന് പാടണോനെ പോലുള്ള പ്രാന്തന്മാർ കിട്ടിയ കാശിന് കുപ്പിയും മോന്തി നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടപ്പുണ്ട്...
അടുത്ത മൂപ്പനാകേണ്ടവനാ, അടുത്ത സെമ്മക്കാരൻ അവനേം നിങ്ങള് പ്രാന്തെടുപ്പിച്ച് ഊരുമുടിച്ച്...." ഗിരി വെള്ളിയുടെ വായ വീണ്ടും പൊത്തിപ്പിടിച്ചു..
ഒരു മൂലയിലേക്ക് നോക്കി തൂമ്മാരൂന്ന് നീട്ടി വിളിച്ചു. ഒരു കെട്ട് പേപ്പറുകൾ എന്റെ മടിയിലേക്കിട്ട് അയാൾ പോയി...

" വലിയൊരു കേന്ദ്രത്തിന്റെ പഠനാണ് എഴുപത്തൊന്നിൽ ഇവരെ സർക്കാർ രേഖയിൽ ചേർക്കുമ്പോൾ മുന്നൂറ്റി അമ്പത് ആളുകൾ, അത് തൊണ്ണൂറായപ്പോൾ ഇരുന്നൂറ്റി നാല്പത്, കഴിഞ്ഞ വർഷം ഇരുന്നൂറിൽ താഴെ ഇനി ഒരു പത്തുകൊല്ലം.കൂടെ കഴിഞ്ഞാൽ ഇവരെ നിങ്ങളില്ലാതാക്കും. പഠിക്കാനും ജോലിക്കും പട്ടണത്തിലിറങ്ങിയവർ മടങ്ങിവന്നിട്ടില്ല, ദൈവൂട്ട് പോലും നടന്നിട്ട് കൊല്ലങ്ങളാകുന്നു... "
ഗിരി നിർത്തും മുന്നേ കനലിൽ നിന്ന് ഒരു മരച്ചീനി കഷ്ണപോലൊന്ന് ചുട്ടതെടുത്ത് ഞങ്ങളുടെ നടുവിൽ കൊണ്ടുവച്ചു..
എന്റെ കൈയിലിരുന്ന പേപ്പറും രേഖകളും പിടിച്ചു വാങ്ങി തീയിലെറിഞ്ഞു.. കാരിയൻ കാൽ നഖം നന്നാക്കിക്കൊണ്ടിരുന്ന ചെറിയ മഴുകൊണ്ട് ചീനിക്കഷ്ണം ചെറുതായി മുറിച്ചു. തിന്നാൻ മടിച്ചിരുന്ന എന്റെ മുന്നിൽ നീട്ടിപ്പിടിച്ച തീക്കൊള്ളിയുമായി അവർ എന്തൊക്കെയോ വിളിച്ചു പറയുന്നു..എനിക്കൊന്നും മനസിലായില്ല, ഗിരി നിലത്തേക്ക് നോക്കിയിരിക്കുന്നു..അവർ തീക്കൊള്ളിൽ വലിച്ചെറിഞ്ഞ് ഒരു മൂലയിൽ ചെന്നിരുന്നു.
കാരിയനും വെള്ളിയും തിന്നാൻ തുടങ്ങി...

"എടുത്ത് കഴിച്ചോളൂ, അത് ചോളബണ്ണിയാ, ചോലന്മാരുടെ ആരോഗ്യം, "
ഞാൻ ദയനീയമായി ഗിരിയെ നോക്കി.
"ഞാൻ സെമിനാറിൽ നിന്ന് പിന്മാറിക്കോളാം.."

"....പേടിക്കണ്ട സാറേ അവര് നിങ്ങളെയല്ല പറഞ്ഞത്, ഇവള് നേഴ്സിംഗ് പഠിക്കാൻ വന്നതിനിടയിലാ പ്രേമോം ഒളിച്ചോട്ടോം.. ആദ്യൊക്കെ വീട്ട്കാര് എതിർത്ത്, ഇവരുടെ രീതിയനുസരിച്ച് മറ്റാർക്കും പെണ്ണ് കൊടുക്കൂല, പെണ്ണിനും ചെറുക്കനും ഇഷ്ടായാൽ കാടുകയറും മറ്റാരും കാണാതെ പത്ത് ദിവസം കഴിഞ്ഞ് മൂപ്പന്റെ മുന്നിൽ വരും, പെൺ വീട്ടുകാർക്ക് മൊതലണകൊടുക്കും, നമ്മുടെ സ്ത്രീധനം. അത് ആദ്യ സ്റ്റെപ്പാ രണ്ടാമത്തെ സ്റ്റെപ്പ് മൊതലണ ഭർത്താവ് ചാവണ സമയത്താ...ഒരു പെണ്ണിനെ രണ്ടാൾക്കിഷ്ടായാൽ അവിടെ മത്സരം നടത്തും മൂപ്പന്റെ മോന് കിട്ടിയ പെണ്ണിനെയാ ഞാൻ, ആഞ്ഞിലി മരത്തീന്ന് ഇറങ്ങിവരണതിന്റെ പകുതി പ്രയാസേയുള്ളു അവിടത്തെ പെണ്ണുങ്ങൾ പ്രസവിക്കാൻ...ആ പെണ്ണ് ഒരു ചാപിള്ളേ പെറ്റാൻ ഏതെങ്കിലും തള്ള സഹിക്കോ..."

ഞാൻ അറിയാതെ എണീറ്റ് നിന്നുപോയി കുഞ്ഞിന്റെ കറുത്ത് നീലിച്ച ചുണ്ടിലേക്ക് വെള്ളി തന്റെ മുലക്കാമ്പ് തിരുകാൻ ശ്രമിക്കുന്നു.
കാരിയൻ ചാടിയെണീറ്റ് അഗ്നികുണ്ഡത്തിന് ചുറ്റും ഭ്രാന്തമായി ഓടി. മുളഞ്ചെണ്ടകൊട്ടി നിർത്താതെ പാടാൻ തുടങ്ങി...

" **ബേഗ നിനഗുള്ള മാനെ ബേഗ ആക്ക്.
ഇതു മിനക്കെട്ട് നീന്തലെ ആപ്പതില്ലേ
ബേഗാ നങ്ക ഹോക്ക് , നന ഹോട്ടേക്തീനി കാണെ
ശത്തവനു ഇനി ഒന്തും കാണെ..."*

കാരിയനൊപ്പം എല്ലാവരും  ചുവടുവയ്ക്കാൻ തുടങ്ങി.ഞാൻ മൊബൈൽ തെളിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഗിരി ഉറക്കെക്കരയാൻ തുടങ്ങി...വെള്ളി അനക്കമറ്റ് കിടന്നു..
വാതിലിൽ കൈവച്ചതും എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കാരിയന്റെ മഴുവന്ന് വാതിൽ തറച്ചു...ഞാൻ നിലവിളിച്ചു തിരിഞ്ഞോടി ചുവരിൽ മുഖമടിച്ച് നിലത്തുവീണു. ഗിരി എന്നെ എഴുനേല്പിച്ചിരുത്തി...
കരയുന്ന അയാളെ ഞാൻ ചേർത്തുപിടിച്ചു...

"ഒരു സെമിനാറിനപ്പുറം എനിക്കൊന്നൂല്ലാട്ടോ..."

ന്റെ സാറേ നിങ്ങളീ കളവുകളും, ഊഹങ്ങളും വിളിച്ചുപറഞ്ഞ് തിന്നുകുടിച്ച് തീർക്കണത് ഇവരുടെ പേരിലെ ഫണ്ടാട്ടോ...കാട്ടില് ചോലബണ്ണീം മുയലെറച്ചീം തിന്ന് തേനും കുടിച്ച് കഴിഞ്ഞവർക്ക് നമ്മുടെ ഭക്ഷണോം, വസ്ത്രോം കൊടുത്ത് രോഗികളാക്കിയതും അവരെ ചിതറിപ്പിച്ചു കളഞ്ഞതും ഇത്തരം പഠനങ്ങളാ...കരടീം പുലീം അവരും ഒന്നിച്ച് കഴിഞ്ഞതാ, അവരെ കൊല്ലാൻ പഠിപ്പിച്ചതും  കൈയിൽ ആയുധം കൊടുത്തതും നമ്മളാ...അതല്ലേ അവർക്കിത്ര...."

പെട്ടെന്ന് വള്ളിയുടെ ശബ്ദം ഉയർന്നു, തൊളച്ചി കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് നൃത്തം തുടങ്ങി, തുമ്മാരിയും പട്ടിയും അതിന്റൊപ്പം കൂടി...
ഗിരി അതിനുപിന്നാലെ കരഞ്ഞു കൊണ്ടോടുന്നു...കാരിയന്റെ പാട്ടിനകത്ത് ചുവടുകളോടെ ഞാനെപ്പൊഴാണ് എത്തിയതെന്നറിയില്ല. ബർശല് പാട്ടിപ്പോൾ പുറത്തുവരുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്, കാലുകൾക്ക് ചില ഭ്രാന്തൻ ചുവടുകൾ ലഭിച്ചിരിക്കുന്നു...
എനിക്ക് ബോധം വീഴുമ്പോൾ അവരെല്ലാം പോയിരുന്നു..
ഗിരി വീടിന്റെ കോണിൽ കുഞ്ഞിനെ അടക്കിയിടത്തെ മണ്ണ് ശരിയാക്കുന്നു.. വീടിനുള്ളിലേക്ക് കടന്നുവന്ന
വെളിച്ചം  ശത്രുവിനെപ്പോലെ എന്നെ നോക്കുന്നു.
എണിക്കാൻ തുടങ്ങിയ എനിക്ക് ഗിരി കുറച്ചു വെള്ളം തന്നു...

കൊച്ചീന്ന് പഠിക്കാൻ വന്ന ആളുകൾ ഊരു മൂപ്പന്റെ വാളുവരെ കൊണ്ടുപോയി...
ഇന്ന് രാത്രി ഞങ്ങളും കാടു കയറും, താന്നിദൈവച്ചോട്ടിൽ നാളെ ദൈച്ചോട്ടിൽ ബർശല് നടത്തണം ഊരുമൂപ്പനായി കാരിയനെ ചേർക്കണം, പോയവരെ തിരികെ കൊണ്ടുവരണം..ഇനിയും വൈകിയാൽ കുറ്റിയറ്റുപോകും.."
ഗിരി എന്നെ ചേർത്തു പിടിച്ചു ധൈര്യമുണ്ടെങ്കിൽ സത്യം പറയാൻ ശ്രമിക്കൂ.

മുറ്റത്ത് നിലവാത്തിരുന്ന് സെമിനാറിന് കുറിപ്പെഴുതുന്നതിനിടയിൽ, അവർ വീട് പൂട്ടിയിറങ്ങി...
ഗിരിയുടെ കൈയിൽ ഒരു മുളയുടെ വടി, വെള്ളിയുടെ പിന്നിൽ തൂക്കിയിട്ട മുളങ്കൂടിൽ പട്ടിക്കുഞ്ഞുങ്ങൾ.. അവർ ചാലിയാറിന്റെ തീരത്തേക്ക് നടന്നു...
കഴുത്തൊപ്പം വെള്ളത്തിൽ അവർ നടക്കുമ്പോൾ അവർക്ക് മുന്നിലായിൽ പട്ടിയും നീന്താൻ തുടങ്ങി...

സെമിനാർ ഹാളിൽ നിന്ന് മുളഞ്ചെണ്ടയുടെ ആരവത്തിൽ കൈയടിയുയരുമ്പോൾ എന്റെ മനസിൽ
പുഴയുടെ മറുകരയിൽ നിലാവുപോലെ ചിരിക്കുന്ന വെള്ളിയുടെ മുഖമായിരുന്നു....!!

* ബർശല് ചോലനായ്ക്കരുടെ ദൈവൂട്ട് ഉത്സവം

* ബേഗ....
ഹേ മരിച്ചവനേ നീ നിനക്കൂള്ള കൂടൊരുക്കു, ഞങ്ങൾക്ക് മെനക്കെട്ട് നിൽക്കാൻ ആകില്ല
വയറുകത്തുന്നു. എന്തെങ്കിലും ഇരതേടണം ചത്തവന് മറ്റൊന്നും ചിന്തിക്കാനില്ലല്ലോ ..

* സെമ്മക്കാരൻ മൂപ്പൻ

* ചോലബണ്ണി ചോലന്മാരുടെ ഭക്ഷണം


കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment