Friday 9 February 2018

മാണിഫെസ്റ്റോ..!!

മാണിഫെസ്റ്റോ..!!
( മിനിക്കഥ)

താന്നിമൂട്ട് മുത്തപ്പൻ കോവിലിലെ ഉത്സവത്തിന്റന്നാണ്. മാണി സാഹിത്യഫെസ്റ്റിന് പോയത്.
ദസ്തോവ്സ്കി വായനശാലയും, താന്നിമൂട്  ആർട്സ് ക്ലബ്ബും സംയുക്തായി നടത്തിയ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ വായനശാലയുടെ  രക്ഷാധികാരിയും റിട്ടയേഡ് ഹെഡ് കോൺസ്റ്റബിളുമായ ജി. ഡി. പി. താന്നിമൂടിന്റെ നിർദ്ദേശായിരുന്നു.

"മാണി ഇനി മുതൽ ഫെസ്റ്റുകൾക്ക് പോകണം, പ്രതിഭയുണ്ട്.
ഇനി വ്യുല്പത്തിയഭ്യാസങ്ങൾ  നേടണം അയ്ന് ഫെസ്റ്റ്  ബെസ്റ്റാ.തലസ്ഥാനത്തും പാലക്കാട്ടും കോഴിക്കോട്ടും ഒക്കെ നടക്കണുണ്ട്.."

മൂന്ന് ദിവസത്തേക്ക് പശുക്കളേം ശിശുക്കളേം മേരിയെ ഏല്പിച്ച് യാത്ര തുടർന്നു. കരഞ്ഞകുട്ടികൾക്ക് ആ  ഉത്സവം കഴിഞ്ഞു വരുമ്പോൾ വരുമ്പോൾ കാറ്റാടി, പാമ്പ്, മയിൽപ്പീലി, കുഴൽ എന്നിവ ഓഫറുചെയ്തു. മുത്തപ്പൻ കോവിലിൽ പോയി തെരളി വാങ്ങിത്തിന്നാൻ പതിനഞ്ച് രൂപേം കൊടുത്തു.

പുത്യമുണ്ടിലും ഉടുപ്പിലും മാണി മനോഹരനായിരിക്കുന്നെന്ന് മേരി പുകഴ്ത്തി. ജി. ഡി. പി. ഉൾപ്പെടെ എട്ടാളുണ്ട് താന്നിമൂട്ടീന്ന്, നാടൻ പാട്ടും വെടിക്കഥകളും, പുഴുങ്ങിയ ചേമ്പും കാച്ചിലും തീർന്നപ്പോൾ അവർ അക്ഷരനഗരീലെത്തി.

ജി ഡി പി നോട്ടീസ് വാങ്ങി ആളുകളെ താല്പര്യങ്ങളനുസരിച്ച് തിരിച്ച് നാലുദിക്കുകളിലേക്കയച്ച. ജി ഡി പിക്കൊപ്പം മാണി സി താന്നിമൂട്.
(തീവണ്ടിൽ വച്ച് ജി ഡി പി എല്ലാരുടേം പേരൊന്ന് മോഡിയാക്കിയിരുന്നു, അങ്ങനെ മാണി, മാണി സി താന്നിമൂടായി.)

നാലഞ്ചാള് വേദിലുണ്ട്, സദസീന്ന് ഒരോർത്താരായി ഓരോന്ന് ചോദിക്കണ്, അതിനവര് ഉത്തരാണോന്നറിയില്ല ഇങ്ങനെ ഓരോന്ന് പറയുന്നു., അവരാരാന്നും, എന്താണൊന്നും മാാനിക്കൊരന്തോം  കിട്ടണില്ല...
കൈയടിച്ചപ്പോൾ കൂടെ കൈയടിച്ചു, ചിരിച്ചപ്പോൾ ചിരിച്ചു... അതുവരെ തലയാട്ടിയിരുന്ന
ജി.ഡി.പി നല്ല ഉറക്കം. മാണി ചുമ്മാ എണീറ്റ് നടന്നു. ഒരടുത്ത് നെറയെ പെണ്ണുങ്ങള്, ഒരടത്ത് പാട്ട്, പിന്നിരിടത്ത് പൊസ്തോക്കച്ചോടം അവിടെന്ന് കുഞ്ഞുണ്ണീടെ കവിതേം,.ബഷീറിന്റെ പ്രേമലേഖനോം വാങ്ങി.
ആ തിരക്കിന്റെടേൽ നിന്ന് ഒരുത്തൻ ഫോട്ടോ എടുക്കണ്, പിള്ളാര് വാങ്ങണ പുസ്തകത്തിൽ അതിയാൻ
മാണി അതിയാനെ ഒന്ന് തള്ളിമാറ്റി. അതിയാന്റെ കൈയീന്ന് വീണ പുസ്തകത്തിൽ സ്വന്തം ഫോട്ടോ. കടക്കാരൻ മാണിയെ കഴുത്തിന് പിടിച്ച് പുറത്തു തള്ളി.

നടന്നു നടന്ന്
കടലിന്റെ അടുത്ത വേദിയിൽ നല്ല നാടൻ പാട്ട്, കാണാനും കേൾക്കാനും ആളുകളും കുറവ്...
മുൻ നിരേലിരുന്ന് മുഴുവൻ കേട്ടു. അറിയാതെ തലയിളക്കി, പിന്നെ കുറച്ചുനേരം നിയന്ത്രണം വിട്ട് തുള്ളിപ്പോയി... വേദീന്ന് പാടിയവൻ ഇറങ്ങിവന്ന് മാണിയെ ചേർത്തൊന്ന് പിടിച്ചു
കണ്ണു നിറച്ച് ചോദിച്ചു.

"ബത്തേരി വരെ പോണം നൂറ് രൂപ തരോ..."
മാണീ മുണ്ടിന്റടീലെ  നിക്കറിന്റെ പോക്കറ്റീന്ന് ഇരുന്നൂറെടുത്ത് പാടിയവന്റെ പോക്കറ്റിലിട്ടു. രണ്ടാളും കടപ്പുറത്തിരുന്ന് കടലകൊറിച്ചു.
തീരത്തൂടെ നടന്നു.തട്ടുകടേന്ന് ദോശേം തിന്നു. നന്ദിപറഞ്ഞ് പാട്ടുകാരൻ പോകുമ്പോൾ ഒരു പാട്ട് പുസ്തകം ഒപ്പിട്ട് കൊടുത്തു..

മാണി അവിടിരുന്ന് കടലു കണ്ടു,
തിരകണ്ടു.
സൂര്യനെക്കണ്ടു, കപ്പലുകണ്ടു,
മീനിന്റെ മണം കൊണ്ടു. തീരത്ത് ചിപ്പികണ്ടു..
പരിക്കൂട്ട്യേം കറുത്തമ്മേം കണ്ടു.

തീരത്തൂടെ നടന്നുവന്നൊരു കിഴവൻ ചോദിച്ചു..

"എടോ മാണീ നിനക്കീ കഥയില്ലായ്മയൊക്കെ ചേർത്തൊരു കഥയെഴുതിക്കുടേ, ഞങ്ങള് തകഴിലും ബോപ്പൂരും  അങ്ങനാ മനുഷ്യരെപ്പിടിക്കണത്..!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment