Tuesday 18 September 2018

"ഇന്തോ-പാക് വരകൾക്കിടയിലെ ചില പ്രണയചിന്തകൾ"

(ഏ ബി വാജ്പേയിയുടെ ഓർമ്മയ്ക്കായി എഴുതിയ മത്സര കവിത)

"ഇന്തോ-പാക്
വരകൾക്കിടയിലെ
ചില പ്രണയചിന്തകൾ"

റാഡ്ക്ലിഫ് വരകൾക്കിരുപുറമായിപ്പോയ
ഒരു സ്വപ്നമായിരുന്നു അവർ.
ഒടുവിലെ ഒഴിവുകാലത്തേക്ക് പിരിഞ്ഞു പോകാൻ
അവർ ഒരുങ്ങുകയായിരുന്നു...

"ഈ രാഷ്ട്രീയ കവിത
നീക്കിവച്ച് അതിരോളം എന്നോട് സംസാരിക്കൂ ഒരു പക്ഷേ ഇനി നമ്മൾക്ക്..
നിന്റെ  വായനയിലെ ഈ
കവിയും‌ കാല്പനികനുമെങ്ങനെ രാജ്യമേറ്റു..?"

അവൻ അവളെ ചേർത്തു.

" പ്ലേറ്റോയെ പഠിക്കാതെ,
*ഭാരതദാസനായ
തരുണഹൃദയ സാമ്രാട്ടിനെ ഒരിക്കൽ വായിച്ചു നോക്കൂ.."

അവളുടെ പീലികൾ ഒരു ചോദ്യമായി ചരിഞ്ഞു നിന്നു...

" അല്പായുസായിരുന്നല്ലോ,
ഈ പ്രണത്തത്തോളം,
പിന്നെങ്ങനെ ആണ്ടു തികച്ചു...?"

(കറ്റു കടന്നുവരാൻ അവൻ ജാലകങ്ങൾ തുറന്നുവച്ചു‌.
കാറ്റേറ്റ് ചിതറിയ മുടിയിഴകളവളൊതുക്കി.)

" മനുഷ്യമണമുള്ള ഭരണം
നിനക്ക് സ്വപ്നം കാണാനായിട്ടുണ്ടോ..?
നർമ്മത്തിൽ നിരത്തിയ ആ വാക്കുകളൊക്കെ സംഗിതമായാണ്
അകത്തളങ്ങളിൽ മുഴങ്ങിക്കേട്ടത്.."

(മുനവച്ചൊരു ചോദ്യം കിട്ടിയതുപോൽ
അവളൊന്നുയർന്നിരുന്നു.)

"അണുഅഗ്നി പരീക്ഷകളിൽ രാഷ്ട്രീയ കവിതയുടെ താളം പിഴച്ചില്ലേ..?"

(അവന്റെ മുഖം
ചെറുതായൊന്നുലഞ്ഞു.)

" ഹിരോഷിമയുടെ വേദനയായിൽ ബാപ്പുവിനോട് മാപ്പിരന്നത് ഞാൻ വായിച്ചിട്ടുണ്ട്..‌
മാറ്റാരും കാണാത്ത കണ്ണീരും കണ്ടിട്ടുണ്ട്.
രാജധർമ്മം പാലിക്കാൻ ആക്രോശിച്ചതും ഞാൻ കേട്ടിട്ടുണ്ട്.
എങ്കിലും..."

( അവൾ അവനോട് വല്ലാതെ  ചേർന്നിരുന്നു)

"വാക്കുകൾക്കിടയിലെ അകലം ജനങ്ങളോടും..?"

( അവൻ അവളുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.)

"മാനവനെ ആലിംഗനം
ചെയ്യാതിടത്തോളം ഉയരങ്ങളിലേക്ക് ഒരിക്കലും പോകാതിരിക്കാൻ പ്രാർഥിച്ചൊരു
ഭരണീയനെ  ചരിത്രത്തിലെവിടെ  തിരഞ്ഞാലാണ്...?"

നമ്മളിനി ഒന്നാകുമോ.?
(കണ്ണീര് വീണ് അവരുടെ കവിളുനനഞ്ഞു)

"കീഴടങ്ങാത്ത സ്വപ്നമുള്ളവന്റെ വാക്കുകളിലാണ് എന്റെ പ്രതീക്ഷ.
തിരിച്ചുവരവ് ഉറപ്പാണെന്നിരിക്കേ
മടക്കത്തെ നാമെന്തിന് ഭയക്കണം.?
നീ എന്റെ പാട്ട് പാടുമെങ്കിൽ
എനിക്ക് മരണമില്ല പെണ്ണേ.."

അതിരിൽ അവനിറങ്ങി.
ലാഹോർ വണ്ടിയിൽ
ചുവന്ന വരകടക്കുന്ന അവളെനോക്കി
കൈകൾ വീശി.

കവിതയുടെ നിഴളുള്ളൊരാൾ
അവർക്കുവേണ്ടി
അതിരുകളില്ലാത്ത ആകാത്തിരുന്ന് വാദിക്കുന്നുണ്ടായിരുന്നു..!!

കെ എസ് രതീഷ്, പന്ത
9497456636
Ratheesh.amets09@gmail.com

No comments:

Post a Comment