Monday 10 September 2018

വെട്ടത്തിക്കോട്ട

വെട്ടത്തിക്കോട്ട...!!

" അതേ, ഏതോ കോട്ടേൽ പൊട്ടിയ കൂണാണെന്ന് പറഞ്ഞ് മജീദിന്റെ കടേൽ നിൽക്കണ ചുരുണ്ട മുടിയുള്ള ചെക്കൻ കൂണുമായി  വന്നു നിൽക്കുന്നു,
ഞാൻ വാങ്ങട്ടേ..."
വാങ്ങിക്കാൻ സമ്മതം‌ കൊടുത്തിട്ട് ഞാൻ മജീദിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ സംഗതി ശരിയാണ്.
വെട്ടത്തിക്കോട്ടയിൽ കൂണ് പൊട്ടിയിരിക്കുന്നു...
കോട്ടയിലെ നിവാസികൾ ശേഖരിച്ചത് പൈലി കടയിൽ വിൽക്കാൻ കൊണ്ടുവന്നു.
അതിൽ ഒരു പങ്ക് എന്റെ വീട്ടിലെത്തിച്ചതാണ്.
വൈകിട്ട് അതിന്റെ തുക കൊടുത്തിറങ്ങുമ്പോൾ മജീദിന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി..

"മാസ്റ്റേ വൈഫിന്റെ പേടിയൊക്കെ മാറിയോ.
വെട്ടത്തിക്കോട്ട പൊട്ടുമെന്ന് പറഞ്ഞ് നിങ്ങളെയിട്ട് ഓര് കൊറേ പായിച്ചതല്ലേ...?"  ഞാൻ ചിരിച്ചു..
കടയിൽ അടുക്കിവച്ചിരിക്കുന്നവയിൽ നിന്ന് ഏതോ കമ്പനിയുടെ തേൻ എടുക്കാൻ തുടങ്ങുമ്പോൾ പൈലി എന്നെ രഹസ്യമായി തടഞ്ഞു..

"ആനമറീലെ ഹംസാക്കേടെ പൊരേന്ന് നല്ല ഒർജിനൽ ഐറ്റം കിട്ടും,
ഓരിക്ക് ഞാനൊരല്പം  പലിശപൈസ കൊടുക്കാൻ  ഇപ്പൊ പോണുണ്ട്.
തേൻ ഞാൻ വാങ്ങിച്ച് ചേച്ചിയെ ഏല്പിക്കാം..."
പൈലിയോടൊപ്പം ഞാനും ആനമറിയ്ക്ക് പോയി, കാറിലിരുന്ന് മജീദിന്റെ ചിരിയെക്കുറിച്ച് ചിന്തിക്കുമ്പോൾ പൈലി ആ രഹസ്യം പറഞ്ഞു..

"ഓര് നിങ്ങളെ സുയ്പ്പാക്കിയതാ മാശ്ടേ"

1. ട്രീറ്റ് കൂൾബാർ മണിമൂളി...

"വെട്ടത്തിക്കോട്ട നിവാസകളുടെയും  പരിസരവാസികളുടെയും‌ ശ്രദ്ധയ്ക്ക് നിലമ്പൂർ തഹസീൽദാർ അറിയിക്കുന്നത്,
നാടുകാണി ചുരത്തിലും, വെട്ടത്തിക്കോട്ടയിലും‌ ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ടതിന ഉരുൾപ്പെട്ടലിന്റെ സാധ്യത കണക്കിലെടുത്ത് ഉടൻ അവിടെ നിന്ന് മാറിത്താമസിക്കേണ്ടതാണ്.
മണിമൂളി യു പി സ്കൂളിൽ ഒരുക്കിയ ക്യാമ്പുകളിലേക്ക് വളരെപ്പെട്ടെന്ന് മാറണമെന്ന് അഭ്യർഥിക്കുന്നു.." 

മക്കാളും അവളും ഉച്ചമയക്കത്തിയായപ്പോൾ ചാറ്റൽ മഴയിൽ  പുകയ്ക്കുന്നതിനിടയിലാണ്
ഈ അറിയിപ്പ് കേട്ടത്.. പ്രളയ വാർത്തകളിൽ മുഴുകിയിരുന്നുണ്ടായ ഭീതിയിൽ
പെട്ടെന്ന് വേഷം മാറി ട്രീറ്റ് കൂൾബാറിൽ എത്തുകയായിരുന്നു.
അവിടെയും‌ സംഭാഷണം
ഇതു തന്നെ.
പൈലി കൂട്ടിലിട്ട വെരുകിനെപ്പോലെ കടയ്ക്കുള്ളിൽ ചുറ്റിത്തിരിയുന്നു. ആളുകൾ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ മജീദിനോട് ചോദിച്ചു...

" പഞ്ചായത്തിന്റെ വണ്ടിയിൽ ഉരുൾപൊട്ടലിനെക്കുറിച്ച് എന്തോ വിളിച്ചു പറഞ്ഞെന്ന് അവൾ പറഞ്ഞു..
അവളാണെങ്കിൽ അതു കേട്ടതുമുതൽ  ആകെ ടെൻഷനിലാണ്, അതിൽ  എന്തേലും കാര്യോണ്ടാ വെട്ടത്തിക്കോട്ട പൊട്ടോ.....? നമ്മടെ വീട്ടിലിരുന്നാൽ കാണണ മലയാണോ വെട്ടത്തിക്കോട്ട..?"
മജീദ് ഒരാൾക്ക് ഒരു കവർ എടുത്ത് കൊടുത്തിട്ട് പറഞ്ഞു.

"മാഷേ, അവിടേന്നും പൊട്ടൂല, ഇനി പൊട്ടിയാൽ ദേ,
നിലമ്പൂര് വരെ മണ്ണിലടിയില്ലാട്ടോ...
പാല് വേണോങ്കിൽ കൊണ്ട് പൊയ്ക്കോളീൻ ഒരു മനുഷ്യനും വാങ്ങാനും‌ വരണില്ല പാലുവണ്ടീം വരല് നിർത്തി. നമ്മടെ പൈലീടെ വീടൊക്കെ ആ കുന്നിന്റെ മോളിലല്ലേ അവരെയൊക്കെ ഇന്ന് രാവിലെ ഒഴിപ്പിച്ച്..
അവർക്കൊല്ലെങ്കിലും എന്തോന്ന് എടുക്കാൻ അല്ലേടാ പൈലീ..."

പൈലി ഒന്നും മിണ്ടിയില്ല,
സാധാരണ
ഞാൻ വന്നാൽ മജീദിനെക്കാളും‌ എന്നോട് സംസാരിക്കുന്നത് പൈലിയാകും..

" ഓര് പറയണത് നിങ്ങള് പേടിച്ചൂറി മാശെന്നും, പഞ്ചായത്തീന്ന് വിളിച്ച് പറഞ്ഞതും കേട്ട് പാഞ്ഞ് നടന്നെന്നും ,  ബന്നോരോടെല്ലാം പറഞ്ഞ്ക്ക്ണ്, ഓര് നിങ്ങളെയിപ്പൊ വെട്ടത്തിക്കോട്ടാന്നാ കോഡിട്ട് വിളിക്കണത്..
എല്ലാക്കൊല്ലോം പഞ്ചായത്തീന്ന് ഈ വിളിച്ച് പറയലും ഒയ്പ്പിക്കലും ഒണ്ടാവും മാശ്ടേ..
മജീദ് കാക്ക പുതിയ സ്റ്റോക്ക് പോലും‌ എടുത്തില്ല, തറേൽ അടുക്കിയതൊക്കെ മോളിലെ തട്ടേലോട്ട് മാറ്റി, ഓരിക്കും പേടിയുണ്ട്..
ഇജ്ജാതി മഴയാണെങ്കിൽ
ഇക്കൊല്ലം പൊട്ടൂന്ന്‌ എല്ലാർക്കും തോന്നീക്ക്ണ്..."

ഞാനൊന്നും‌ മിണ്ടിയില്ല. എന്റെ ഉള്ളിൽ‌
നമ്മളെക്കുറിച്ച് ആളുകൾ കരുതുന്നതും, നമ്മൾ‌ ആളുകളെ വിലയിരുത്തുന്നതും  തമ്മിലെ അന്തരമായിരുന്നു.
ആനമറിയിൽ ഹംസയുടെ വീടിന്റെ താഴെ ഞാൻ വണ്ടി നിർത്തി...
എന്റെ കൈയിൽ നിന്ന് കാശും വാങ്ങി പൈലി ഒരു ചെറിയ കയറ്റം കയറിപ്പോയി ഒരു പത്ത് മിനിട്ട് കഴിഞ്ഞ് രണ്ട് കുപ്പിയിൽ തേനുമായി വന്നു...

"കാട്ടീന്ന് കിട്ടണതെല്ലാം നമ്മടെ ആളുകള് ഹംസാക്കായ്ക്ക് കൊടുക്കും, ഓര് വിറ്റ് കൃത്യായിട്ടും‌ തരും.
ഓര് പറ്റിക്കൂല ഓരെ പെണ്ണുങ്ങള് ഈടെത്തെ മെമ്പറല്ലേ..."

വണ്ടിയിലിരുന്ന് ആനമറിയും,  പോത്തിപ്പൊയ്ക്കയും,
സ്റ്റേഷമ്പടിയും രണ്ടാമ്പാടവുമായി പരന്നു കിടക്കുന്ന വെട്ടത്തിക്കോട്ടയുടെ താഴ്വാരം പൈലി കാട്ടിത്തന്നു..
അഞ്ഞൂറോളം ചെറിയവീടുകൾ.
സ്റ്റേഷമ്പടിയിലെത്തിപ്പോൾ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷന്റെ കൂറ്റൻ  മതിലിൽ"റെഡ് അലേർട്ട്" എന്നെഴുതിയിരിക്കുന്നത് പൈലി
ചൂണ്ടിക്കാണിച്ചു..

" മഴ തുടങ്ങി
ഈടെ ചോപ്പക്ഷരത്തിൽ‌ എഴുത്ത് കണ്ടാ വെട്ടത്തിക്കോട്ടേന്ന് ആളുകള് എറങ്ങും ഇല്ലെങ്കിൽ പോലീസ് വന്ന് വൃത്യായിട്ട് പൂശും, ഇത്തവണ എന്റപ്പൻ കാട് കയറി, ക്യാമ്പിലോട്ട് പോണേലും നല്ലത് വെട്ടത്തീടെ തുഞ്ചത്തോട്ട് പോണതാ,
ന്റെ മാശ്ടേ ആ മലേലും അടിവാരത്തും വല്യവീടൊന്നൂല്ല. എല്ലാരും ജീവിക്കണത് അതീന്ന് കിട്ടണത് കൊണ്ടാ..
പിന്നെ അതു പൊട്ടൂന്ന് പറഞ്ഞാ ആളുകള് എറങ്ങിപ്പോവോ..?"

പോലീസ് സ്റ്റേഷന്റെ ഇടതുവശത്തൂടെയുള്ള കയറ്റം ചൂണ്ടിക്കാണിച്ച് വീട്ടിലേക്കുള്ള വഴിയാണെന്ന് പറഞ്ഞു. ഒരു ദിവസം മക്കളേം കൂട്ടിവരണേന്നും അവൻ പറഞ്ഞു...

ഞാൻ താമസിക്കുന്നിടത്തേക്ക് കാറ് തിരിയുമ്പോൾ പാപ്പിസാറിന്റെ അച്ഛൻ പശുവിനെയും കൊണ്ട് എതിരേ വരുന്നു..
പൈലി പാപ്പിസാറിന്റെ ബംഗ്ലാബിന്റെ മുന്നിൽ ഇറങ്ങി,
ട്രീറ്റ് കൂൾബാറിലേക്ക് നടന്നു.
പാപ്പിസാറിന്റെ അച്ഛൻ ഈശോ മാപ്ല അവനെയും എന്നെയും മാറി മാറി നോക്കി...

" കോട്ടയില് കൂണ് പൊട്ട്യോടാ പൈലീ, എന്നിട്ട് ഞങ്ങക്കെന്ത്യേടാ.മാസ്റ്റർക്ക് മാത്രേള്ളോ..?
ഇത്തവണേം വെട്ടത്തിക്കോട്ട പറ്റിച്ചല്ലേ..? പോട്ട് നമ്മക്ക് അടുത്ത
മഴയ്ക്ക് നോക്കാം"
പൈലി കേൾക്കാത്തത് പോലെ നടന്നു.

ഈശോ മാപ്ല എന്നോട് സംസാരിക്കാനാഞ്ഞ് പശുവിന്റെ കയർ റോഡരികിലെ പോസ്റ്റിൽ കെട്ടി, ഞാൻ കാറ് നിർത്താതെ ഞാൻ താമസിക്കുന്നിടത്തേക്ക് തിരിച്ചു...

2.ബഥേൽ ബംഗ്ലാവിൽ ഈശോമൻ പാപ്പി.

ഈശോ മാപ്ലയോട് സംസാരിക്കാൻ‌ തുടങ്ങിയാൽ നേരം ഇരുട്ടിയാലും‌ വീടെത്താനാകില്ല.. കട്ട കോൺഗ്രസ് അനുഭാവിയായ അതിയാന്റെ പരാമർശങ്ങൾ കേട്ടാൻ ചിലപ്പോൾ അസ്വസ്ഥതയുണ്ടാകും..

അന്ന് അനൗൺസ്മെന്റ്
കടന്നു പോയശേഷം
ട്രീറ്റ് കൂൾബാറിൽ നിന്ന് ഞാൻ ചെന്ന് കയറിയത്  പാപ്പിസാറിന്റെ വീട്ടിലേക്കാണ്..
സംഘടനാ
തലത്തിലൊക്കെ കക്ഷിക്ക്
നല്ല പിടിപാടാണ്.എനിക്ക് സ്ഥലം മാറ്റത്തിന് സഹായിക്കാമെന്നൊക്കെ ഞാൻ വന്ന കാലം മുതൽ പറയുന്നതാണ്..
ഇത്തവണ ഉരുളുപൊട്ടി വെള്ളം വന്നാലെന്തെന്ന ആധിയിലാണ്..
പാപ്പിസാറിന്റെ ബഥേൽ ബംഗ്ലാവ്
റോഡിന് മറുവശത്ത് നല്ല ഉയർന്ന ഭാഗത്തുള്ള വിശാലമായ പറമ്പിലെ ഇരുനില കെട്ടിടമാണ്...

ഞാൻ വാടകയ്ക്ക് താമസിക്കുന്നത്,  റോഡിന്റെ എതിർഭാഗത്തുള്ള വളരെ താഴ്ന്ന സ്ഥലത്താണ് പണ്ട് ഇവിടം‌ വയലായിരുന്നു..‌
മഴവെള്ളം പുഴയിലേക്ക് കുത്തിയൊഴുകുന്ന ഒരു തോട് പറമ്പിന്റെ  ഒരു വശത്തുകൂടെ 
പോകുന്നത് തന്നെ നോക്കിയാലറിയാം അറിയാം  ഉരുൾപ്പൊട്ടലോ, മലവെള്ളപ്പാച്ചിലോ വന്നാൽ വെള്ളം  ഓടിയെത്തുക ഇവിടേക്കായിരിക്കും..

ഇനിയും‌ മാസത്തിലെ അടവ് തീർന്നിട്ടില്ലാത്ത,
പരിരക്ഷകളൊന്നു മില്ലാത്ത, പ്രീമിയം മൂന്നാം കക്ഷിയാക്കിയ
ഏക സമ്പാദ്യമായ കാറ് സുരക്ഷിതമായൊരിടത്ത് ഇടണം. വാർത്തകളിൽ കാറുകളും വാഹനങ്ങളും മുങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ മുതൽ തുടങ്ങിയ ചിന്തയാണ്..
അതുമല്ല വെള്ളം കയറിത്തുടങ്ങിയാൽ മക്കളെയും വാരിയെടുത്ത്  ഓടിച്ചെന്ന് കയറാൻ പാപ്പിസ്സാറിന്റെ ബംഗ്ലാവേ  രക്ഷയുള്ളു...
ട്രീറ്റ് കൂൾബാറിൽ നിന്നിറങ്ങിയതു മുതൽ ഈ ചിന്തയാണ്..
പാപ്പിസാറിന്റെ
വിശാലമായ ടെറസും ഉഗ്രൻ വീടും രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനുമാകും..

എന്റെ കാറ് ഗേറ്റ് കടന്നു ചെല്ലുമ്പോൾ ഈശോ മാപ്ല പുറത്തിരുന്ന്,
അടയ്ക്കയുടെതോട് കളയുകയായിരുന്നു. അതിയാന്റെ കഠിനാധ്വാനമായിരിക്കണം പച്ചപ്പ് കയറിക്കിടക്കുന്ന വിശാലമായ ആ പറമ്പ്...

" അല്ലാ ഇതാര് മാഷാ,
എന്താ മാഷേ പതിവില്ലാതേ വാ ഇരിക്കീൻ, എടാ പാപ്പീ നിന്റെ കൂട്ടുസെറ്റ് മാഷ് വന്നിട്ടുണ്ട്...."
പാപ്പിസാർ ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി സ്കൂളുകളൊക്കെ പൂട്ടിക്കിടക്കുന്നു. പാപ്പിസാറ് അകത്തേക്ക് നോൽകി ചായയ്ക്ക്
പറഞ്ഞിട്ട് എന്റെ അടുത്ത് ഇരുന്നു. ഏതോ റമ്മിന്റെ അലസ ഗന്ധം പാപ്പിസാറിൽ നിന്നിറങ്ങി വരുന്നുണ്ട്...

"എന്തേ മാഷേ പതിവില്ലാതെ,
എല്ലാടോം വെള്ളം പൊങ്ങിയോണ്ട് നാട്ടിലും പോകാൻ പറ്റീലല്ലേ‌..? അല്ലെങ്കിൽ ക്രിസ്തുമസ് ലീവ് പോലെ ഒന്നൊപ്പിക്കാർന്ന്..."

എനിക്കു ചായ തന്നിട്ട് മാഷിന്റെ ഭാര്യ അകത്ത് പോയി.
ഞാൻ ചായ കൈവരിയിൽ വച്ചിട്ട് പറയാനിരുന്നു..
എവിടെ തുടങ്ങണമെന്നോർത്തപ്പോൾ പാപ്പിസാറ് പറഞ്ഞു നിർത്തിയ നാട്ടിലേക്കുള്ള യാത്രയിൽ തുടങ്ങാമെന്ന് തോന്നി..

" അതാ മാഷേ പ്രശ്നം, നാട്ടീന്ന് ഫോൺ വിളിയോട് വിളി.
ഇവിടെ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞിട്ടും കേൾക്കണില്ല..
അവളുടെ വീട്ടുകാരാ പ്രശ്നം,
ദേ അതിനിടയിൽ ഇപ്പൊ പഞ്ചായത്തിന്റെ അനൗൺസ് മെന്റ് കേട്ടത് മുതൽ അവൾ ആകെ ടെൻഷനിലാണ്. എനിക്ക് ഇരിക്കപ്പൊറുതി തരണില്ല
അതിലെന്തേലും സത്യോണ്ടാ മാഷേ...?" പാപ്പിമാഷ് ചിരിച്ചു. ഈശോ മാപ്ല ഗൗരവത്തിൽ തന്നെയാണ്.

"മാഷേ എല്ലാം കൊല്ലോം
ഇത് വിളിച്ച് പറയണതാ കഴിഞ്ഞ രണ്ട് കൊല്ലോം മഴ കിട്ടീലല്ലോ അതുകൊണ്ട് മാഷ് കേൾക്കാത്തതാണ്..
വെട്ടത്തിക്കോട്ട പൊട്ടാനൊന്നും പോണില്ല, അഥവാ പൊട്ടിയാലും മറ്റേ സൈഡേ പൊട്ടത്തൊള്ളൂ..
അവിടെ പൊഴയാണ്
അതു മുഴുവൻ പറയാ നല്ല സ്ട്രോങ്ങാ
പത്ത് മുന്നൂറ്റമ്പ് വീടെങ്കിലും വെട്ടത്തിക്കോട്ടേലുണ്ട്, എന്തെങ്കിലും‌ ഉണ്ടാകും മുൻപ് മുന്നറിയിപ്പ് കൊടുത്തില്ലെന്ന് ആരും പറയൂലല്ലോ.അതാ പഞ്ചായത്തിന്റെ ബുദ്ധി.."

ഈശോ മാപ്ല,ഒന്നുറക്കെ ചിരിച്ചു..

"ആ പെങ്കൊച്ചിന്റൊടെ മിണ്ടാതിരിക്കാൻ പറ മാഷേ, പണ്ട് അറുപത്തിനാലിൽ വെട്ടത്തിക്കോട്ട ഒന്ന് ചെറുതായി പൊട്ടിയതാ..
എനിക്ക് ദേ ഇപ്പൊ വയസ് അറുപത്തി മൂന്നായി ഇനി പൊട്ടാനാണെങ്കിൽ ഈ മഴയ്ക്ക് പൊട്ടണം ഇങ്ങനൊരു മഴ എന്റെ ആയുസിൽ കണ്ടിട്ടില്ല, ഇവൻ പറയുമ്പോലെ പൊട്ടിക്കൂടൊന്നുല്ല. പേടിയൊണ്ടെങ്കിൽ‌
മാഷ് ആ കൊച്ചിനേം എടുത്ത് ഇങ്ങ് പോരീൻ,
ആറു കെടപ്പ് മുറിയുണ്ട് ഉ മൂന്നെണ്ണവേ ഞങ്ങൾ ഉപയോഗിക്കണുള്ളൂ..."

ഈശോമാപ്ല തന്റെ വീടിന്റെയും കുടുംബത്തിന്റെയും‌ ചരിത്രം പറയുന്നതിനിടയിൽ.
വിശാലമായ കാർപോർച്ചിൽ കാറും കയറ്റിയിട്ട് ഞാൻ പതിയെ പോന്നു.

അന്ന് എനിക്ക് ഉറങ്ങാനായില്ല, ഉരുളുപൊട്ടിവന്നാൽ ?
മക്കളെയും‌ കൊണ്ട്  ഈ ക്വാർട്ടേഴ്സിന്റെ മുകളിലെ ടെറസിലേക്ക് കയറണോ ? പാപ്പിസാറിന്റെ വീട്ടിലേക്ക് പോകണോ..? വെള്ളത്തിന്റെ വരവ് എങ്ങനാകും ?
അവളോട് കുടിവെള്ളം കലത്തിൽ തിളപ്പിച്ച് വയ്ക്കാൻ പറഞ്ഞു. സർട്ടിഫിക്കറ്റുകളൊക്കെ പ്രത്യേകം ഒരു ബാഗിലാക്കി വച്ചു.
കഴിഞ്ഞ വർഷം പി എഫ് ലോണിൽ വാങ്ങിയ വീട്ടുപകരങ്ങൾ
വെള്ളം നനഞ്ഞാൽ നശിക്കും.
കട്ടിലും‌, ടി വി സ്റ്റാന്റും, വായനാ മേശയും ഒക്കെ സ്ഥലം മാറ്റം കിട്ടിയാൽ  നാട്ടിലേക്ക് കൊണ്ടുപോകാൻ വാങ്ങിക്കൂട്ടിയതാണ്.
അതൊക്കെ പോകട്ടേന്ന്  വയ്ക്കാം രാത്രി അപ്രതീക്ഷിതമായി വെട്ടത്തിക്കോട്ട പൊട്ടിയാൽ...?
രാത്രിയിൽ മഴ തകർത്തു പെയ്യുന്നു.
അരികിലെ തോട്ടിലേക്ക് ജന്നലിലൂടെ ഇടയ്ക്ക്  ടോർച്ച് അടിച്ചു നോക്കി. മുറ്റത്ത്  വെള്ളം നിറയുന്നുണ്ടോ...?  ഇടയ്ക്ക് കാതു കൂർപ്പിച്ചു.
വലിയ ശബ്ദം കേൾക്കുന്നുന്നുണ്ടോ.

ഇങ്ങനെയൊക്കെ എന്നെ ആധികയറ്റിയത്  വഴിക്കടവിലെ
ബിസ്മി ചിക്കൻ സ്റ്റാളിലെ ജലീന്റെ വാക്കുകളാണ്...

3.ബിസ്മി ഹലാൽ ചിക്കൻസ്, വഴിക്കടവ്.

ചിക്കൻ വാങ്ങാനല്ല ഞാൻ വഴിക്കടവിലേക്ക് പോയത്..
ഇപ്പൊ പൊട്ടും‌ എന്ന് എല്ലാവരും‌ പറയുന്ന വെട്ടത്തിക്കോട്ടയെ ഒന്ന് നേരിൽ  കാണണം,  വഴിക്കടവിലെ പമ്പിൽ നിന്നാൽ അത് വ്യക്തമായി കാണാം.
വണ്ടിയിൽ അത്യാവശ്യം ഡീസൽ നിറയ്ക്കണം. റോഡുകളൊക്കെ മുങ്ങിയതിനാൽ
ടാങ്കറുകളൊന്നും വരുന്നില്ല. ഇന്ധന ക്ഷാമം ഉണ്ടാകുമെന്നൊക്കെ പറഞ്ഞു കേട്ടു. ബിസ്മി ചിക്കൻ സ്റ്റാളിന്റെ പിന്നിലെ
വെട്ടത്തിക്കോട്ടയിലേക്ക് നോക്കി നിൽക്കുമ്പോൾ
ജലീലിന്റെ വർത്താനം.

"കോഴീന്റെ മാർക്കറ്റ് മഴ
കൊണ്ടുപോയി മാസ്റ്റേ. കോട്ടവസികളെ
പോലീസ് സ്കൂളിലെ ക്യാമ്പിലോട്ട് കൊണ്ടുപോയി...
റോഡിൽ പോലും ഒറ്റയാളില്ല..
വില്ലേജാഫീസിന്റെ അവിടാണെങ്കിൽ രണ്ട് വണ്ടിക്ക് പട്ടാളക്കാരും. ഇന്നലെ ഉദ്യോഗസ്ഥന്മാരൊക്കെ വന്ന് മലേൽ വിള്ളല് വീണിടത്ത്  കയറൊക്കെ കെട്ടീട്ട് പോയിക്കണ്.
മുന്നറിയിപ്പ് ഒള്ളത് കാരണം കടകളൊന്നും തൊറന്നിട്ടില്ല.
കോഴികള് ഇവിടെക്കെടന്ന് ചത്ത് പോണ്ടാന്ന് കരുതി വെട്ടിക്കൊടുക്കണ്. എല്ലാത്തിനും കാരണം ഈ വെട്ടത്തിയാണ്, മാഷിന് എടത്തരം‌ ഒന്നിനെപ്പിടിക്കട്ടാ..."

ഞാൻ സമ്മതരൂപത്തിൽ തലയാട്ടിയോ.?
അയാൾ ഒന്നിനെപ്പിടിച്ച് പൊളിക്കാൻ തുടങ്ങി.
മൊബൈൽ ക്യാമറയിൽ ആ കുന്നിന്റെ ചിത്രം പകർത്തി,
പൊട്ടിയാൽ എത്ര ദൂരം അതിലെ ചെളിയും മണ്ണും  വ്യാപിക്കുമെന്ന് വെറുതേ കണക്കു കൂട്ടിനോക്കി...
വെട്ടത്തിക്കോട്ടയുടെ മുകളിൽ അപ്പൊഴും അതിന്റെ വയറു നിറയ്ക്കും വിധമ്പ് മഴ പെയ്യുന്നു..
വേഴാമ്പലിനെപ്പോലെ കോട്ട ആകാശത്തേക്ക് വായ തുറന്ന് പിടിക്കുന്നുണ്ടോ..?

"നാടുകാണീല് ചുരമിടഞ്ഞ് മാഷേ,
ഇനി ഒരു മാസത്തേക്ക് ലോഡ് പോലും വരൂല,
ഇനി ഇതും‌ കൂടെ പൊട്ടിയാൽ നമ്മളാരുമില്ല.
പഞ്ചായത്ത് വണ്ടീല് വിളിച്ച് പറഞ്ഞത് കേട്ടില്ലേ മാസ്റ്റേ.
ആള്ളാണെ
ഇത്തവണ ഒറപ്പായുംപൊട്ടും‌... "
ജലീൽ കൈയിലെ രക്തം തുണിയിൽ തുടയ്ക്കുന്നതും‌, പിന്നീട് കണ്ണ് തുടയ്ക്കുന്നതും കാറിന്റെ കണ്ണാടിയിലൂടെ കണ്ടു..

ആദി
ബാർബർ ഷോപ്പിലെ മൻഷാദ്  എന്നോട് പറഞ്ഞത് ജലീലിനോട് പറയണമെന്ന് എനിക്ക് തോന്നി.

4.ആദി ബാർബർ ഷോപ്പ്, നെല്ലിക്കുത്ത്..!

ഈ മഴക്കാലത്തെ മടിയും, സ്കൂളിന് കിട്ടിയ  അവധികളും കാരണം രണ്ടാഴ്ച്ചയായി ഷേവു പോലും ഇല്ലാതായിട്ട്.
അനൗൺസ് മെന്റ് കഴിഞ്ഞ് പാപ്പിസാറിന്റെ വീട്ടിൽ കാറും പാർക്കു ചെയ്ത് നടന്നുപോയത് നടന്നു പോയത് നെല്ലിക്കുത്തിലെ
ആദി ബാർബർ ഷോപ്പിലേക്കാണ്.
ഒരു തിരക്കുമില്ലാതെ മൻഷാദ് ഫോണിൽ എന്തോ വീഡിയോ കാണുകയായിരുന്നു. നാടിനോടുള്ള കൂറ് കാരണം ഗൾഫിൽ പോയി അതേ സ്പീഡിൽ മടങ്ങിയ ആളാണ്...

"ആഹാ, എന്താണ്
മഴയായിട്ട് ഒരുങ്ങി കുട്ടപ്പനായിട്ട് ആരേങ്കിലും‌ പൂശാനൊള്ള പ്ലാൻ തന്നേ"

ഇവൻ അങ്ങനാണ്
എന്റെ പ്രായമുള്ളതുകൊണ്ട് വലിയ തിരക്കില്ലെങ്കിൽ
തമാശയുടെ എല്ലാ വേലികളും പൊട്ടിക്കും. മറ്റാരെങ്കിലും ഉണ്ടെങ്കിൽ മാഷെന്ന പരിഗണനകളെല്ലാം അഭിനയിക്കും..
എവിടെയെങ്കിലും യോഗങ്ങൾക്ക് പോകാനുണ്ടെങ്കിൽ ഇവിടെവന്ന് ഒന്ന് മുഖം മിനുക്കൽ എനിക്ക് പതിവാണ്..
അതിന് അവൻ കണ്ടെത്തിയ ഭാഷ്യം ഏതെങ്കിലും സുന്ദരി ടീച്ചറുമൊത്ത് ഞാൻ‌ സുഖിക്കാൻ പോകുന്നുവെന്നാണ്.
ഒട്ടും‌ കുറയ്ക്കെണ്ടെന്ന് കരുതി ഞാനും ഒന്ന് ചിരിക്കും..

"നിങ്ങള് കളയണതിൽ ഒന്നിനെ നമ്മക്ക് താ സാറേ
നമ്മളും ഇവിടെ ജീവിക്കണതല്ലേ...? വല്ല മാഷായും ജനിച്ചാ മതിയായിരുന്നു.. " ഞാൻ ചിരിയൊതുക്കുന്നതിനിടയിൽ അവൻ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും..
ഞാനേതോ രതിഭാഗ്യങ്ങളിൽ കഴിയുന്നവനാണെന്ന് അവൻ പറയുമ്പോൾ കിട്ടുന്ന ആത്മരതിയും അനുഭവിച്ചിരിക്കുന്നതിനിടയിൽ അവൻ പണി തീർക്കും..
ഇതിനിടയിൽ ഏതെങ്കിലും ഫോൺ വന്നാൽ അത് സ്ത്രീകളാണെങ്കിൽ പിന്നെ പറയണ്ട..

"പെണ്ണുങ്ങള് വീട്ടിലില്ലേ സാറേ.." അവന്റെ ചോദ്യത്തിന്
ഞാൻ മറുപടി വെട്ടത്തിക്കോട്ടയിലേക്കുള്ള വഴിയാക്കി...

"അവളുടെ പേടി കാണാതിരിക്കാനാടേ ഇപ്പൊ ഇങ്ങോട്ട് ഇറങ്ങിയത്..."
അയാൾ ചോദ്യരൂപത്തിൽ എന്നെ നോക്കി

"നീ വെട്ടത്തിക്കോട്ടയെക്കുറിച്ച് പഞ്ചായത്തിന്റെ അനൗൺസ് മെന്റ് കേട്ടില്ലേ...?
അതു കേട്ടതുമുതൽ അവളാകെ പേടിച്ചിരിപ്പാണ്. തലയ്ക്ക് ഒരു സ്വൈര്യം തരണില്ല കൊണ കൊണാന്ന് പിറുപിറുത്ത്..." 
ഞാൻ അഭിനയിച്ച് പറഞ്ഞത് കേട്ട്
അയാൾക്ക് ചിരിയടക്കാനായില്ല.

"നിങ്ങളൊരു മാഷല്ലേ, കക്കൂസിൽ ഒന്ന് വഴുതി വീണാപ്പോരേ ചാകാൻ ഇതിലൊക്കെ ഇത്ര ടെൻഷനടിക്കണോ..? തിന്നണം കുടിക്കണം, എവിടേലും ചെന്ന് പൂശണം പിന്നെ ചത്ത് പോണം.. മാഫി മുശ്കിൽ...
മഴ കടുത്തപ്പൊത്തന്നെ എന്റെ പെണ്ണ് കൊച്ചിനേം കൊണ്ട്
അവൾടെ വീട്ടിലോട്ട് ഓടി,
ഇപ്പോൾ അവിടെ മുഴുവൻ വെള്ളം 
കേറീട്ട് തിരിച്ച് വരാൻ പറ്റാതെ നിക്കണ്, രാവിലെ മുതൽ വിളിയോട് വിളി.
അവിടെ കെടക്കട്ട് പന്ന പൂമോള്..." കത്രികയ്ക്കൊപ്പം‌
അയാൾ പല്ലു ഞെരിക്കുന്ന ശബ്ദം കേൾക്കാം.

"നല്ല മഴയത്ത് രണ്ടെണ്ണം വിട്ടിട്ട് കേറിക്കെടന്ന് ഒറങ്ങ് മാഷേ.
പോകുമ്പോൾ  അലക്സിന്റെ ഡെക്കറേഷൻസിലേക്ക് ഒന്ന് പാളി നോക്കിക്കോളീൻ.
രാവിലെ മുതൽ നല്ല കമ്പിനിയാ അവിടെ... ഞാനും ഒരെണ്ണം വിട്ടു.."
കാശെടുത്തപ്പോൾ ചില്ലറയില്ലെന്ന് പറഞ്ഞ് പിന്നെത്തന്നാൽ മതിയെന്ന് അവൻ പറഞ്ഞു...

"ആ കുന്നെങ്ങാനും പൊട്ടിവന്നാൽ നിനക്ക്  ഈ ചെരച്ചതിന്റെ  കാശ്‌ ഞാനെങ്ങനെ തരും..?"
ഞാൻ എന്റെ ഭയത്തിൽ പാകപ്പെടുത്തിയ തമാശ പൊട്ടിച്ചു...

"വെട്ടത്തിക്കോട്ട പൊട്ട്യാപ്പിന്നെ ഇവിടാർക്കും ആർക്കും‌ പൈസേടെ ആവശ്യമില്ലല്ലാ..."
അവൻ എന്റെ ഭയത്തിന് ആക്കം‌ കൂട്ടും‌ വിധം പറഞ്ഞ്
ആ കെട്ടിടത്തിന്റെ അങ്ങേ നിരയിലെ പന്തൽ വർക്സിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു.
അവിടെ ആളുകൾ സംശയത്തിന്റെ രൂപത്തിൽ ചിതറി നിൽക്കുന്നു..

5. സ്റ്റാർ ഡെക്കറേഷൻസ്, നെല്ലിക്കുത്ത്
 
   എന്റെ ക്ലാസിലെ മിടുക്കി പെൺകുട്ടി നന്ദിനിയുടെ അച്ഛനും,
നെല്ലിക്കുത്ത് സ്റ്റാൻഡിലെ ഓട്ടോഡ്രൈവറുമായ മണിയൻ പിള്ളയും,  സ്റ്റാറിലെ അലക്സും‌, അവരുടെ പണിക്കാരും ഒരു കുപ്പി തീർക്കുന്ന തത്രപ്പാടിലാണ്..
മണിയൻ പിള്ള എന്നെക്കണ്ട് മുഖം കടയ്ക്കുള്ളിലേക്ക് തിരിച്ചു.
ഞാൻ അങ്ങോട്ട് പോകാതിരിക്കാൻ അലക്സ് വേഗം ഇറങ്ങിവന്നു..

"മാഷേ അപ്പോൾ  സ്കൂളിലെ യൂത്ത് ഫെസ്റ്റിവല് മാറ്റുമല്ലേ...? ഇനിയെന്നാ വന്ന് പന്തലിടേണ്ടത്.."
അയാൾക്ക് ഒരു സ്റ്റേജ് പ്രോഗ്രാം പോയതിന്റെ നഷ്ടത്തിലാണ്.

"കല്യാണങ്ങള് വരെ മാറ്റിസാറേ ചിലതൊക്കെ വീട്ടിലെ ചെറിയ കെട്ടാക്കി.
പണിക്കാർക്ക് കൈയീന്ന് കാശെടുത്ത് കൊടുക്കേണ്ട ഗതിയായി..."
അയാൾ പരിഭവത്തിന്റെ പന്തലൊരുക്കുന്നിതിനിടയിൽ ഞാൻ വിളിക്കാമെന്ന് ആംഗ്യം കാണിച്ച് ഞാൻ വീട്ടിലേക്ക് നടന്നു...
മണിയൻപിള്ള ഓട്ടം പോകാനായി ചിറി തുടച്ച് സ്റ്റാൻഡിലേക്ക് പോകുന്നു.

ഇല്ല,
ഇത്തവണയും വെട്ടത്തിക്കോട്ട പൊട്ടിയില്ല.
വാർത്തകളിലെല്ലാം
കേരളം കരകയറാൻ തുടങ്ങിയിരിക്കുന്നു.
ആകാശത്ത് പ്രതീക്ഷയുടെ തെളിഞ്ഞ നീല നിറം,
സൂര്യന്റെ കിരണങ്ങൾ കരുത്തു കുറഞ്ഞെങ്കിലും ഭൂമിയിലേക്ക് എത്തി നോക്കുന്നുണ്ട്..
അവൾ ടെറസിലേക്ക് തുണികൾ‌ ഉണക്കാൻ കയറിവരുമ്പോൾ ഒറ്റയ്ക്കിരിന്ന് അകലെയുള്ള വെട്ടത്തിക്കോട്ടയിലേക്ക് ചിരിക്കുന്ന എന്നെക്കണ്ട് കാര്യമെന്തെന്ന്
എന്തെന്ന് തിരക്കി..
മക്കളെവിടെയെ‌‌ന്ന് ഞാൻ എന്ന് ചോദിച്ചപ്പോൾ ഉറക്കമാണെന്ന് അവൾ ആംഗ്യം കാണിച്ചു.
വെയിൽ വീഴുന്ന ഭാഗം നോക്കി തുണികൾ വിരിക്കുമ്പോൾ എന്റെ മുഖത്തെ ചിരി അവളെ  വീണ്ടും സംശയാലുവാക്കി..

"എന്താ മാഷിന്റെ ടെൻഷൻ,
കഴിഞ്ഞ കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു. അമ്മയ്ക്ക് പ്രശ്നോന്നുല്ലാന്ന് പറഞ്ഞല്ലോ പിന്നെന്താ?
ഇന്നലെ രാത്രീലും എന്തൊക്കെയോ പിച്ചും പേയും പറയണത് കേട്ടല്ലോ.
ദേ ആ മജീദിന് കൂണിന്റെ കാശ് കൊടുത്താ.?
നല്ല സൂപ്പർ കൂണ് ഇനിം പൊട്ട്യാ തരാൻ പറയൂ...."
ഞാൻ അവളെ നോക്കി,
അവൾ അടുത്തു വന്നിരുന്നു.‌‌

"എടീ നിനക്കറിയോ ദേ
അതാണ് വെട്ടത്തിക്കോട്ട.
അവിടാണ് കൂണുകളൊക്കെ പൊട്ടണത്."
ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് അവൾ നോക്കി...

"വെട്ടത്തിക്കോട്ടയോ അതെന്താ, ഏതെങ്കിലും‌ രാജാവിന്റെ...?"

ഞാൻ ചിരിച്ചു..
ദൂരെ ആ കുന്നിന്റെ
മുകളിൽ ഒരു കൂറ്റൻ വെളുത്തമേഘം കൂണുപോലെ വളർന്നു വന്നു
പൈലി കൂണെടുക്കാൻ കുന്നുകയറിപ്പോകുന്നത് ഞാൻ‌ ഭാവന ചെയ്തു...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment