Friday 25 December 2015

കഥ - മഞ്ഞുവീണെരിയുന്ന കനലുകൾ.

"മഞ്ഞുവീണെരിയുന്ന കനലുകൾ...!!

"മാഷിക്കാരോടെങ്കിലും പ്രണയമുണ്ടായിട്ടുണ്ടോ..."

ക്യാമ്പ് ഫയറിന്റെ ഒടുവിലത്തെ  നിമിഷങ്ങളിൽ ശ്രീക്കുട്ടിയുടെ ചോദ്യം  ഉണർത്തുപാട്ടായിരുന്നു

"വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കുവൊരുവട്ടം.."
ഏതോ കുട്ടി പാടുന്നുണ്ടായിരുന്നു
പലരും പാതിമയക്കത്തിൽ
ചിലർ മൈതാനത്തിന്റെ പുൽമ്മെത്തയിൽ സുഖനിദ്രയിലും
എന്റെ മുന്നിൽ തിളക്കമുള്ള അവളുടെ കണ്ണുകൾ മാത്രം  ഈ ചോദ്യത്തിനെന്ത് മറുപടിയെന്നറിയാൻ ചിലരും നിലാവും മഞ്ഞും ഡിസംബറും എന്നെ പലതും പറയാൻ പ്രേരിപ്പിച്ചു
എൽ പി സ്കൂളിന്റെ മതിൽക്കെട്ടിലും ഹൈസ്കൂളിന്റെ വരാന്തയിലും..
കോളേജിന്റെ വായനശാലയിലും
വിരിഞ്ഞ പ്രണയത്തിന്റെ ചിത്രങ്ങൾ വിവരിക്കാൻ തുടങ്ങി
ഞാൻ അങ്ങനെയാണ് കുട്ടികളുടെ മുന്നിൽ എന്തും തുറന്നുപറയാൻ എനിക്കിഷ്ടായിരുന്നു...

"ശ്രീക്കുട്ടിക്കറിയോ പ്രണയം ഒരുതരം മാജിക്കാണ് സത്യമായ പ്രണയം ജീവിതത്തിൽ
ഒരിക്കലേ ഒരാൾക്ക് അറിയാനാകൂ ആ അനുഭൂതി മരണംവരെ മറക്കില്ല  തിരിച്ചറിയാതെ പോകുന്നവയാണേറെയും
ഈ നിലാവിൽ പ്രണയമുണ്ട്
ഈ മഞ്ഞിൽ പ്രണയമുണ്ട്.
നോക്കൂ പുൽനാമ്പിനെ എത്ര നനയ്ക്കുന്നൂവെന്ന്..."

ഇഷ്ടഭക്ഷണം കിട്ടിയ കുട്ടിയെപ്പോലെ ആർത്തിയോടെ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു...

പിന്നെയും കുട്ടികളെന്തൊക്കെയോ കലാപരുപാടികൾക്ക് കൈയ്യടിക്കുന്നുണ്ടായിരുന്നു ശ്രീക്കുട്ടിമാത്രം എന്റെ മുന്നിൽ തെളിഞ്ഞ വിളക്കുപോലെ
ഞാൻ അനുവിനെക്കുറിച്ചവളോട് പറഞ്ഞു
ഞാൻ നീതുവിനെക്കുറിച്ചവളോട് പറഞ്ഞു
ഞാൻ റസീനയെക്കുറിച്ചവളോട് പറഞ്ഞൂ
സബിത, ടീനാകുര്യൻ, ദിവ്യ...
ഇതൊക്കെ കേട്ടൊരു നിലാവുപോലെ അവൾ ചിരിക്കുന്നുണ്ടായിരുന്നു.

"പിന്നെന്താ മാഷവരെയാരെയും കെട്ടാതിരുന്നത്...?"

എന്റെ ഉത്തരം
എന്റെ മുന്നിലൊരു ചോദ്യമായ്....
സ്വരം താഴ്ത്തിയവളോട് മാത്രം പറഞ്ഞു...

"ശ്രീക്കറിയോ ഇതിൽ പലരെയും എന്റെ പ്രണയമറിയിച്ചിട്ടുപോലുമില്ല അറിയക്ക്തെപോകുന്ന പ്രണയം അതൊരു വല്ലാത്ത നോവാണ്
നോക്കിയേ ഈ പുൽ നാമ്പിലെന്നപോലെ എരിയുന്ന കനലിലും മഞ്ഞ് വീഴുന്നുണ്ട് പക്ഷെ ..."

"കഴിഞ്ഞ മൂന്നുകൊല്ലമായ് ഞാൻ മാഷിനെ പ്രണയിക്കുന്നു"

എരിയിന്ന കനലിൽ നോക്കിയിരുന്ന്...
ഇതുപറയുമ്പോൾ ശ്രീക്കുട്ടികരയുകയായിരുന്നു.

അവളുടെ കണ്ണിൽ നിന്നാണ് ഈ ഭൂമിയാകെ
നിലാവ് പരക്കുന്നതെന്ന് എനിക്കു തോന്നി...

" പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോവിളിച്ചൂ....
മണ്ണിൽ വീണുടയുന്ന തേൻ കുടത്തെ കണ്ണുനീരെന്നും വിളിച്ചൂ...."
ഏതോ ഒരു പെൺകുട്ടി പാടുന്നുണ്ടായിരുന്നു..
വല്ലാത്ത ഒരു തണുപ്പെന്നിലുറഞ്ഞുകൂടി
അപ്പൊഴും ഹൃദയഭാഗത്ത്
കൂട്ടിയിട്ട കനലിൽ മഞ്ഞു വീഴുന്നുണ്ടായിരുന്നു..
മഞ്ഞു വീണ് കനലുകൾ എരിഞ്ഞുകൊണ്ടേയിരുന്നു...!!

രതീഷ് കെ എസ്സ്

No comments:

Post a Comment