Tuesday 15 December 2015

വിഷമുള്ള ഒരുതരം മധുരക്കിഴങ്ങ്...

"വിഷമുള്ള ഒരു തരം മധുരക്കിഴങ്ങ്....!

വണ്ടി വീട്ടിലേക്കുള്ള കവലയിലെത്തിയപ്പോൾ..

"ഒന്നു നിർത്തിയേ...
അതു നിങ്ങൾക്ക് ഞാൻ എടുത്ത ഉടുപ്പല്ലേ  ഉടുപ്പല്ലേ..."

'അതേന്നു' മാത്രം പറഞ്ഞ് വീട്ടിലേക്ക് വണ്ടി വിട്ടൂ....
ചെന്നു കയറിയയുടനെ അവൾ അലമാരയിലെല്ലാം.
പരതുന്നുണ്ടായിരുന്നൂ...

"എന്താമോളെ വന്നതുമുതൽ നീ  ഈ നോക്കുന്നത് എന്തെങ്കിലും....."

"ഞാൻ മാഷിന്റെ ഒരു പുതിയ ഉടുപ്പ് വച്ചിട്ടുണ്ടായിരുന്നു...
ഇളം നീല നിറത്തിൽ ചെറിയ കള്ളികളുള്ള.."

"എടാ...ഒരീസ്സം..
ആ രാജേഷ് വന്നാർന്നൂ...
എവിടുന്നോ തല്ലും വാങ്ങിയാ വരവ്...
അയയിൽ ഞാൻ ഉണങ്ങാൻ ഇട്ടിരുന്ന ആ പുതിയ ഉടുപ്പും എടുത്തിട്ട് നിക്കുന്നൂ
പാലുകാരന് കൊടുക്കാൻ വച്ചിരുന്ന 300 രൂപയും എടുത്തൂന്നാ തോന്നണത്...
ചോദിക്കാൻ ചെന്നപ്പോ അവന്റെ കൂട്ടുകാരന്റെ ഉടുപ്പാന്ന് പറഞ്ഞ് ഒറ്റ പോക്ക്.."

" വൃത്തികെട്ട വർഗ്ഗം ഞാൻ എത്ര ഇഷ്ടത്തോടെ മാഷിന് എടുത്ത ഉടുപ്പാന്നമ്മയ്ക്കറിയോ..
യെന്തിനാ അതെടുക്കാൻ പോയത്..
ഞാൻ തേച്ചു വച്ചിട്ട് പോയതല്ലേ....നാശം.."

അമ്മ അടുക്കളയിൽ
അവൾ നിർത്താതെ പെയ്യുന്ന മഴപോലെ...

"അമ്മേ...
ഞാനിപ്പ വരാം അല്ലെങ്കിലും വൃത്തികേടുകാണിക്കുന്നതിന് പരിധിയില്ലേ..."

"നീ വഴക്കിനൊന്നും പോണ്ടാ..
ഇന്നലെയും ആരോ കൂട്ടം ചേർന്ന് തല്ലീന്നാ കേക്കണത്"

ഉള്ളിൽ അപ്പൊഴും
ഭാര്യ പറഞ്ഞ ദൃശ്യമായിരുന്നു..
റോഡരികിൽ വെള്ളമടിച്ച് ആരോ കിടക്കുന്നൂ...

നാട്ടിലെത്തിയ ഒരു തമിഴൻ സുഗന്ധിചേച്ചിയെ വിവാഹം ചെയ്തു..
രണ്ടു കുട്ടികളായപ്പോൾ അവരെ ഉപേക്ഷിച്ചു..
അവരുടെ പട്ടിണിമുതലാക്കി ഒരുപാടുപേർ രാത്രിയാശ്വാസം തേടി..
ഒരു രണ്ടാം കെട്ടുകാരനോടൊപ്പം അവർ നാടു വിട്ടപ്പോൾ
ഇടിഞ്ഞു വീഴാറായ കുന്നിൻ പുറത്തെ വീടും പത്തുവയസ്സുകരനും കിടപ്പിലായ മുത്തശ്ശിയും
അവനാണിന്ന്..
നടുറോഡിൽ കമഴ്ന്നു കിടക്കുന്നത്.

ആരെന്തുപറഞ്ഞാലും
അവനോട് ദേഷ്യപെടാൻ പോലും ആകില്ലാ എന്നതാ സത്യം....

വേനലവധികൾ മാത്രമണെന്റെ നാടിന്റെ ഓർമ്മകൾ...
മരം കയറാൻ ചൂണ്ടലിടാൻ സൈക്കിളോടിക്കാൻ നീന്താൻ അവനാണെന്റെ ഗുരു..പുസ്തകത്തിന്റെ ഭാരമില്ലാത്ത എന്നും അവധിയുള്ള അവനോടെനിക്കസ്സൂയയായിരുന്നൂ...
അവനൊരിക്കലും ഭൂമി ഉരുണ്ടിട്ടില്ലാ...
അവൻ മരത്തീന്ന് വീണത് കൈതെറ്റിയതായിരുന്നൂ..
ഗുരുത്വാകർഷണമായിരുന്നില്ലവെയിൽ ചൂട് കൂടുമ്പോൾ..
വീടുകളിൽ നിന്നും ശാസന കേൾക്കാം..
ക്രിക്കറ്റ് കളിയുടെ രസചരട് പൊട്ടിച്ച്...
എല്ലാരും പിരിഞ്ഞു പോയാലും..
രാജേഷിന് ഒരു കുലുക്കവുമുണ്ടാകില്ലാ...
മരച്ചിനിതോട്ടത്തിൽ നിന്നും തോണ്ടിയെടുത്ത കപ്പയും തിന്ന്...
വരിക്കമാവിന്റെ ചുവട്ടിലുണ്ടാകും....
ഒരു വിളിയും അവനായിട്ട് ഉയർന്നിട്ടില്ലാ...

അമ്മയും ചേച്ചിയും കുളത്തൂപ്പുഴ കല്യാണത്തിന് പോയതിനാൽ...
ഞാനൊറ്റയ്ക്കായ്....
മധുരക്കിഴങ്ങുകടിച്ച് അവന്റെ വരവ്...
എന്റെ വീടിത്രയും ഞാനിഷ്ടപ്പെട്ടിട്ടില്ലാ.

"എടാ...
നെനക്കീ കെഴങ്ങിഷ്ടായാ..
നീ യിത് ചുട്ട് തിന്നിട്ടൊണ്ടാ
വേണോങ്കി കൂടെ വാ..."

രാജേഷ് വിളിച്ചാ ഏതുകാട്ടിലേക്കും പോകും...
അത്ര വിശ്വാസ്സായിരുന്നു..

മുങ്ങിത്തൊടീൽ കളിക്കുമ്പോൾ....
ക്രിക്കറ്റിൽ ഔട്ട് ആകുമ്പോൾ
ബിജുവിനേം വിനോദിനേം തല്ലാൻ
അവൻ എന്റെ ഒപ്പമായിരുന്നൂ..

താർ ഷീറ്റും ഓലയും മറച്ചുകെട്ടിയ ഷെഡ്...
മഴയുണ്ടായിരുന്നു..
എന്നെ അവിടെ ഇരുത്തീട്ട്
എങ്ങോട്ടോ മറഞ്ഞൂ...
കഴുകിയ കുറച്ച്
മധുരക്കിഴങ്ങുമായ് വന്ന് അടുപ്പിൽ തീകൂട്ടി ചുട്ടെടുക്കുന്നതും മുളകുചമ്മന്തിയുണ്ടാക്കുന്നതും നോക്കിയിരുന്നൂ...
വട്ടയിലയിൽ വിളമ്പിയതിന്റെ
ചൂടും എരിവും കാരണം..
കണ്ണു നിറഞ്ഞു...

"എടാ.തമിഴാ...
പന്നീടെ മോനെ ഇറങ്ങിവാടാ..."
ജോണി  മാപ്ലേടെ ശബ്ദാർന്നു...
ഞാൻ ആകെ പേടിച്ചു..
അകത്തുകേറിവന്ന്..
അവന്റെ കഴുത്തിന് പിടിച്ചു...
അപ്പൊഴാ എന്നെ കണ്ടത്..

"എന്താ നേഴ്സ്സമ്മേടെ മോൻ ഇവിടെ..?
ഞാൻ നിന്റമ്മേ കാണട്ടെ..."

എന്നിട്ടവനെ
നിലത്തിട്ട് തല്ലി...
എന്നിട്ട് നാഭിക്ക് തൊഴിച്ചു തെങ്ങിൽ തലപിടിച്ചിടിച്ചു...
ഞാൻ ഉറക്കെ കരഞ്ഞുപോയ്..
അവൻ ഓടിവന്ന് എന്നെ ചേർത്ത് പിടിച്ചൂ..

"രതീഷേ
ഇതൊന്നും എനിക്ക് ഏക്കൂലാ..
ഞാൻ ഇന്നലേം ഉടുമ്പിനെ തിന്നതാ...നീ വാ മാപ്ലേടെ
വെളേന്ന് പറിച്ചതാ...."

എന്നെപ്പിടിച്ച് ഇലയുടെ മുന്നിലിരുത്തീട്ട്...
അവനും ഇരുന്നു അറിയാതെ മൂത്രമൊഴിച്ചുപോയ് ആ പാവം..

"ആ മാപ്ല
വാശി തീർത്തതാ...
അവരുടെ മോൾടെ കുളുമുറീൽ.ആരോ എത്തിനോക്കിപോലും ഞാനാണെന്നാ എല്ലാരും പറയണെ...
ആ കപ്യാരുടെ മോനാ ഞാൻ കണ്ടതാ
ഒരീസ്സം അവരുടെ അടുക്കളേക്കേറി ചോറെടുത്തു തിന്നു വിശന്നിട്ടാടാ...
ഈ തള്ള എനിക്കൊന്നും തരൂലാ..
സത്യായിട്ടും അത് ഞാനല്ലടാ..
പിന്നെ പള്ളീ കത്തിച്ച മെഴുകുതിരിയെടുക്കണത് ഞാൻ തന്നാ
അതോണ്ട്..ഇപ്പൊ എന്തര് ഒണ്ടായാലും ഞാൻ തന്നെ കുറ്റക്കരൻ....."

ഒരു കുംബസാരത്തിന്റെ വലിപ്പമുണ്ടായിരുന്നു...

"എങ്ങോട്ടാ  മാഷേ...
പെരുനാളാ വരണത് മറക്കല്ലേ..."
കപ്യാർ വർക്കിയാർന്നൂ...

ആ രാജേഷിന്റെ ശല്യം വല്ലാതെ കൂടുന്നു...
വീട്ടിന്ന് ഒരുടുപ്പും പാലിന്റെ കാശും എടുത്തുന്ന അമ്മ പറയുന്നത്..."

"നിങ്ങള് പേടിക്കണ്ട...
ഞാനും ഉപദേശീടെ മോനും
പിന്നെ പള്ളീലെ ചെക്കന്മാരെല്ലാം..
അടിച്ചു നൂത്തിട്ടുണ്ട്....
പിന്നല്ലാതെ..
ഇന്നാള് ഈർക്കിലിട്ട് വഞ്ചീന്ന് കാശെടുത്തൂ...
നമ്മടെ ഇരുത്തടം അച്ചനെ അവൻ തെറിവിളിച്ചൂ.....ഇന്നലെ നമ്മടെ കുരിശ്ശടിയിൽ മൂത്രമൊഴിച്ചൂ..
ദോ കെടക്കണകെടപ്പ് കണ്ടാ ചത്തിട്ടില്ല...തമിഴന്റെ മോൻ..."

ഞാൻ അവിടെ ചെല്ലുമ്പോൾ......
അവൻ ഒരു ബീഡിയും വലിച്ച്..
എന്നെ നോക്കി ചിരിക്കുന്നു..
ചുറ്റും നോക്കീട്ട് ഞാൻ അടുത്തിരുന്നപ്പോൾ
ഷോക്കേറ്റപ്പോലെ എണീറ്റു മാറിനിന്നൂ...

രക്തവും മൂത്രവും മദ്യവും കലർന്ന ഗന്ധം
അവിടെ പരക്കുന്നു...

"നിനക്കുമാത്രമായിട്ടെന്താ എന്നോടിത്ര...
സ്നേഹം..
എണീറ്റു പോടാ...
അല്ലെങ്കിൽ നീ എനിക്കെന്തെങ്കിലും താ...
പച്ചയ്ക്കാ ആ നായിന്റെ മക്കൾ എന്നെ കൊല്ലാൻ നോക്കിയത്..."
എന്റെ നേർക്ക് കൈ നീട്ടി  താടാ വല്ലതും വാങ്ങിക്കുടിച്ച്  വേദനയൊന്ന് മാറ്റട്ടെ..."

അഞ്ഞൂറിന്റെ നോട്ട് പോക്കറ്റീന്ന് എടുത്ത് നടന്നുപോയപ്പോൾ...
ആ ഇളം നീല ഉടുപ്പിന്റെയും പാലിന്റെയും കാര്യമോർക്കാനായില്ലാ
വീട്ടിലെത്തി കട്ടിലിൽ ഒറ്റ കിടപ്പായിരുന്നു...

"എന്താ മാഷേ വഴക്കിട്ടോ..?
ഞാനൊന്നും മിണ്ടീല

കമഴ്ന്ന് കിടന്ന...
എന്റെ തലമുടിയിൽ തടവിക്കൊണ്ട്....
അമ്മ
അവൾ കേൾക്കാതെ പറഞ്ഞു...
"നിനക്കത് കഴിയോ..
ഇരട്ടകളെപ്പോലെ  കഴിഞ്ഞതല്ലേ...."

രതീഷ് കെ എസ്

No comments:

Post a Comment