Monday 6 August 2018

കഥയുടെ പലശ്രുതിയിലെ വാങ്കുകൾ.

"വാങ്ക്- കഥയുടെ വ്യത്യസ്ത ശ്രുതികൾ"

(കഥാസമാഹാരം, ഉണ്ണി ആർ)

പതിനൊന്ന് കഥകളിൽ എട്ടും പതിപ്പുകളിൽ വായിച്ചതാണ്, എന്നിട്ടും‌ സമാഹാരമായപ്പോൾ വാങ്ങിയതെന്തിനാണന്നല്ലേ...?
അതാണ് ഉണ്ണി ആറിന്റെ കഥകളുടെ പ്രത്യേകത അത് വായിക്കുന്തോറും പുതിയ ശ്രുതികേൾപ്പിക്കും...

ബലിയിടാൻ മടിച്ച് കുഞ്ഞികൃഷ്ണൻ അതേ പേരിലുള്ള ഒറ്റയ്ക്ക് താമസികുന്ന കവിതകളിൽ ജീവിതം കണ്ടെത്തുന്ന, ഒറ്റയ്ക്ക് കഴിയുന്ന ഒരാളുടെ വീട്ടിലേക്ക് കയറിപ്പോകുന്ന വീട്ടുകാരനെന്ന കഥയിൽ  വൈലോപ്പിയെ വായിച്ചെടുക്കാൻ കഴിയും വീണ്ടും വീണ്ടും വായിച്ചാൽ വേറിട്ട പലതും....

മണ്ണിരയിൽ താളിക്കുവേണ്ടി പൊട്ടിച്ച്  കക്കൂസിന് വേണ്ടിയിട്ട ഉമാമഹേശ്വരന്മാരുടെ ശില്പത്തിൽ മണ്ണ്, ഇര മനുഷ്യൻ, എന്നിങ്ങനെയുള്ളവയുടെ പതിഞ്ഞ പാർശ്വവത്കരിച്ച താളങ്ങളുണ്ട്...

ഒരു നാട്ടിൽ ഒരു കൊലപാതകം
നടന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്ന അമ്മുമ്മ ഡിറ്റക്ടീവിലെ ഡിറ്റക്ടീവ് കണ്ണുകളുള്ള അമ്മുമ്മയും, അതിന്റെ പിന്നാലെ പോകുന്ന ചെറുമകനും വിരിയിക്കുന്ന കഥയ്ക്ക് കേരളത്തിൽ രചിക്കപ്പെട്ട സത്യാന്വേഷണകഥകളെക്കാൾ രഹസ്യാത്മകതാളമാണുള്ളത്....

ബസിലെ തിരക്കിൽ തന്റെ ചന്തിക്ക് പിടിച്ച രമേശനെ തല്ലാൻ പറ്റാത്ത സങ്കടം, അപകടത്തിൽ പെട്ട രമേശനെ ആശുപത്രിയിലെത്തിച്ച രാധയ്ക്കുണ്ട്, രമേശന്റെ മരണവീട്ടിലും അവളുടെ സങ്കടം ആ 'കടം' തന്നെയായിരുന്നു...

കാട് അവരോടൊപ്പം ഒളിച്ചോടി, അവരെ പിടിച്ചോണ്ട് വന്നപ്പോൾ കാട് ഒളിച്ചിരുന്ന് ചിരിക്കുന്നു സോദ്ദേശ കഥ ഈ വഴിക്കാണ്

ഉമ്മ ടിപ്പറോടിക്കണ സുരയ്ക്കൊപ്പം‌ ഒളിച്ചോടി, അതോ ഇറങ്ങിപ്പോയതോ...? വാപ്പകഴിച്ച പാത്രം കഴുകാൻ പോലും ആളില്ല, ഒരു പണീം ഇല്ലാത്ത തന്നെയും വാപ്പയേയും പോറ്റിയ ഉമ്മ വരുത്തിവച്ച നാണക്കേട് സഹിക്കാനാവാതെ മുസ്തഫ ഉമ്മയെ കൊല്ലാനുള്ള വഴിയന്വേഷിക്കുന്ന കഥയാണ് "സ്വരം‌ വ്യഞ്ജനം "...

ചന്ദ്രന്റെ കാമുകിയെപ്പോലെ ഭൂമിയിൽ ഒരുത്തിയും പിരിയാന്നേരം ഇത്തരമൊരു സമ്മാനം  നൽകിയിട്ടുണ്ടാകില്ല
  "ഒരു മഹാഭാരതം" അതിരുന്നാൽ കലഹമുണ്ടാകുമെന്നാണല്ലോ...?
അത് സൂക്ഷിക്കാനൊരുടം തേടിയായി   മാത്തുക്കുട്ടിയുടെയും ചന്ദ്രന്റെയും യാത്ര..
ജാതിമത ഭേദമില്ലാതെ സർവ്വരും വാഴുന്ന ഷാപ്പിൽ പോലും ഇടമില്ലാതെ വരുമ്പോൾ ചന്ദ്രനും ഒരു നായയും ദൂരേക്ക് മറയുന്ന കഥയിലേക്കാണ് ഭാരതപര്യടനം നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്....

പാതിരിയും സാത്താനും ചേർന്ന് പാതിരിയുടെ കമ്മ്യൂണിസ്റ്റ്കാരനായ സഹോദരന് ഒരു പാതിരാത്രി
അന്ത്യകൂദാശ നൽക്കാൻ പോകുന്ന "കമ്യൂണിസ്റ്റ് പച്ചയ്ക്ക്" ചിരിയും ചിന്തയും‌ കൂടിക്കലർന്ന ശ്രുതിയാണ്...

ദീനിയായ പെണ്ണ് വാങ്ക് വിളിക്കാൻ കൊതിച്ചാൽ... ദൈവത്തിലേക്കാനയിക്കുന്ന സംഗീതം കൊതിച്ചാൽ കടന്നലുള്ള കാടുതന്നെ ആശ്രയം...
വാങ്കിന് വർണിക്കാനോ വിളിച്ചറിയിക്കാൻ പറ്റാത്ത ആഴമുള്ള താളമുണ്ട്....

ആത്മഹത്യചെയ്യാൻ തുനിഞ്ഞവനെ കഴുത്തിലെ ജീവന്റെ താളം കേൾപ്പിച്ച് തിരിച്ചു വിളിച്ച നന്ദനാരുടെ ആട്ടിൻ കുട്ടിക്കും... വിശ്വാസത്തിന്റെ
ചൂണ്ടയിൽ കുരുങ്ങാത്ത കുറച്ചു കുട്ടികൾക്കും കഥയുടെ കുറുകിയ താളമാണ്...

കഥയുടെ വായനയ്ക്ക് ശേഷവും ഹൃദയത്തിലിങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കാനാകുന്നിടത്താണ്..
കഥ കാലാതിവർത്തിയാകുന്നത് കഥാകാരൻ ജീവിക്കുന്നതും...
ഉണ്ണി ആർ കഥയുടെ പിടിതരാത്ത ക്ലൈമാക്സുപോലെ വായനക്കാരന്റെ  ചിന്തകൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നു...

വാങ്ക്
കഥാസമാഹാരം
ഉണ്ണി ആർ
വില 110/-
പേജുകൾ 120/-
പ്രസാധകർ ഡി സി ബുക്സ്

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment