Thursday 9 August 2018

ഒണപ്പാട്ടുകൾ...!!

ഓണപ്പാട്ടുകൾ...!!

...വട്ടത്തിൽ പപ്പടം പൊട്ടിച്ച് ഊണാണ് ഓണമെന്ന് ഞാൻ നാലു ബിയിൽ  പറഞ്ഞപ്പോൾ
പിൻ നിരയിലിരുന്ന രണ്ട് കുട്ടികൾക്ക് ചിരിസഹിച്ചില്ല..
രണ്ടിന്റേയും കുഞ്ഞി ചന്തി നിറയെ ഞാൻ തല്ലുകൊടുത്തു...
ഓണപ്പരീക്ഷയ്ക്ക്  ജയിക്കാൻ
എല്ല കുട്ടികളും ഒരു ഓണപ്പാട്ട് എഴുതണമെന്ന് ഗൃഹപാഠവും കൊടുത്തൂ..

"പൂവേപ്പൊലി പൂവേപ്പൊലി"
പാടി കുന്നിക്കുരുവിന്റെ അറ്റത്തെ കറുപ്പുപോലുള്ള കാടിന്റെ കുട്ടി അവന്റെ  കുന്നിന്റെ മണ്ടയിലെത്തിയപ്പോൾ
അവന്റെ കാടമ്മ എസ്റ്റേറ്റ് മൊതലാളിക്കൊപ്പം കുശിനിപ്പണിക്ക്  പോയിരുന്നു...

ചെമ്പിച്ച മുടിയുള്ള തെരുവിന്റെ കുട്ടി "ആധികൾ വ്യാധികൾ ഒന്നുമില്ലാന്ന്" പാടിപ്പാടി വന്നപ്പോൾ
ഒരു ഫ്ലാറ്റിന്റെ കൂറ്റൻ മതിലിന്റെ കിഴക്കേയറ്റത്ത് അവന്റെ നാടോടിയമ്മ ദേ, വീണ്ടും പെറ്റുകിടക്കുന്നു..

മറ്റുകുട്ടികൾ "മാനുഷ്യരെല്ലാരുമൊന്നുപോലേന്ന് " പാടിപ്പാടി വീട്ടിലേക്ക് പോയി.
"ഓണമുണ്ടവയറേ ചൂളം" എന്ന്  ഞാനും ഉറക്കെപ്പാടിക്കിടന്നുറങ്ങി...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment