Saturday 4 August 2018

മീശായണത്തിലെ പുലയാട്ട് കഥകൾ

മീശായണത്തിലെ പുലയാട്ട് കഥകൾ- മീശ

(മീശ, നോവൽ എസ് ഹരീഷ്)

"നിന്റെ മകനെ തിരയുന്ന സംഘമാണ്"
മുതല പവിയാനോട് പറഞ്ഞു
"ആരൊക്കെയാണവർ"
എല്ലാ ജാതിക്കാരുമുണ്ട്..... 

പൊന്നുവിന് അവളുടെ അച്ഛന് കഥകളുമായെന്തോ ബന്ധമുണ്ടെന്നറിയാം അയാൾക്കാണെങ്കിൽ അവളുടെ വാശിക്കുമുന്നിൽ വാതോരാതെ കഥപറയേണ്ടി വന്നു...
അങ്ങനെയാണ് പവിയാന്റെ മോൻ വാവച്ചൻ മീശയായായ കഥയുണ്ടാത്. കേട്ടറിഞ്ഞതും വിശ്വസിച്ചതുമായ കഥകളിലേക്ക് വാവച്ചനെ ഒരവതാര പുരുഷനായി അവതരിപ്പിക്കുകയായിരുന്നു..

ഓരോമനുഷ്യരേയും നിർമ്മിച്ചിരിക്കുന്നത് കഥകൾ കൊണ്ടാണ്...
ചിലർക്കാകട്ടേ രക്തവും മാംസവും പോലുമില്ല അവർ മുഴുവൻ കഥകളാണ് പൊന്നുവിന് മീശയെ കഥയായോ ജീവിതമായോ സ്വീകരിക്കാം കുട്ടികളങ്ങനെയാണ് കഥകളെ ഇത്രയും ഭാവനയോടെ സ്വീകരിക്കുന്ന മറ്റൊരു കൂട്ടരില്ലല്ലോ....

പവിയാന്റെ മോൻ വാവച്ചൻ അപ്രതിക്ഷിതമായാണ് എഴുത്തച്ഛന്റെ നാടകത്തിൽ പോലീസുകാരനയായെത്തുന്നത് അന്ന് തന്നെക്കണ്ട് ചിതറിയോടിയവരിൽ പറയനും പുലയനും നായരും നമ്പൂതിരിയുമുണ്ടായിരിന്നു...നാടുവാഴിപോലും വേദിക്ക് മുന്നിലിരുന്ന് മൂത്രിച്ചുപോയി നാടകം കഴിഞ്ഞ് എഴുത്തച്ഛൻ മടങ്ങിയെങ്കിലും വാവച്ചന് മീശവേഷം അഴിക്കാൻ കഴിഞ്ഞില്ല...
മീശയെക്കുറിച്ച് കഥയും ഉപകഥകളുമായി നീണ്ടൂരിൽ വലിയൊരാഘോഷം തന്നെയുണ്ടായി, മീശ നാടിന്റെ ഭായമായി പിന്നിട് നാടിന്റെ ദൈവവും‌‌...

മീശവേട്ടയ്ക്ക് ആദ്യം നായന്മാരും പിന്നീട് നാടുവാഴികളുടെ നാടാർ പോലീസും പിന്നീട് നാടൊന്നടങ്കവും ശ്രമിച്ചു...
കായലിൽ മീശയുടെ രോമത്തിൽ തൊടാൻ അവർക്ക് കഴിഞ്ഞില്ല... പോലീസും പട്ടാളവും തോറ്റിടത്ത് തന്റെ കഥകളിലെ തന്നെ മറ്റൊരു ദൈവത്തിന്റെ മുന്നിൽ മീശമരിച്ചെന്നോ നാടുവിട്ടെന്നൊ ഒക്കെ പൊന്നുവിനെക്കൊണ്ട് ചിന്തിപ്പിച്ച് കഥപറയുന്ന അച്ഛൻ മുന്നോട്ട് പോകുന്നു....

മീശയുടെ മീശയിൽ തൂങ്ങി നാട്ടുകാർ വിരിയിച്ച  കഥകളിൽ പവിയാന്റെ മോൻ വാവച്ചൻ പലതവണയെത്തുന്നു.‌‌.. ബ്രണ്ടൻ സായിപ്പിനുവേണ്ടി ഒടുവിലെ മുതലയെ വേട്ടയാടാനിറങ്ങിയ മീശയെ കഥ- ചരിത്രങ്ങളിലും നമ്മൾ കണ്ടുമുട്ടുന്നത് പോലെ തോന്നും... ഏറ്റവും ഒടുവിൽ ഇന്ത്യൻ എയർലൈൻസിലെ ചിഹ്നനത്തിൽ വരെ മീശയുടെ ചരിത്രസന്ദേഹങ്ങൾ എത്തുന്നു...
മെഡിക്കൽ കോളേജിൽ മരണപ്പെട്ട നാട്ടിലെ വാവച്ചനെകാണിക്കാൻ മകനുമായി പോകുന്ന കഥാകാരന് മീശയില്ലാത്ത അയാൾ വെറും മാജിക്കാകുന്നു...‌
ഒടുവിൽ മുത്തപ്പനിലേക്ക് മീശയെ ചേർത്തുവച്ച് മീശയുടെ യെമണ്ടൻ കഥ പൂർത്തിയാക്കുന്നു....

നോവലിലൂടെ പോകുമ്പോൾ ദേശസ്നേഹികളും ജാതിക്കോമരങ്ങളും അത് കത്തിക്കാനാഞ്ഞതെന്ന് ചുമ്മ ചികയാൻ ശ്രമിച്ചു... കണ്ടെത്തിയതിൽ ചിലത് കുറിക്കാം

1.നമ്മുടെ പവിയാന്റെ മോൻ പുലയനാണ് അവങ്ങനെ അധികാരിയാണ്ട, അതുകണ്ട് ആരും ചിതറിയോണ്ടണ്ട, തമ്പ്രാൻ മൂത്രിക്കണ്ട...

2.മീശപ്പുലയെനെന്തിനാ സീതയെന്ന പെണ്ണ് അയാൾക്കൊരു രാമന്റെ ഛായയുണ്ടോ..? തവളയുടേയും, സീതാന്വേഷണത്തിന്റെയും ചരിത്രം രഘുവംശത്തിലെ രാമനല്ലേ...?

3.ഇതിലെ മുതലകഥയ്ക്കൊക്കെ മറ്റുപല ദൈവങ്ങളുമായി സാമ്യോണ്ടോ...?

4.സ്വാതിതിരുനാളിനേം അനുജനേം ഇങ്ങനെയൊക്കെ  അവതരിക്കാമോ...?  വേറൊരിടത്താണെങ്കിൽ പുലപ്പെണ്ണിനെ ഒരു രാജാവ് കാര്യം
സാധിക്കുന്നുമുണ്ട്...

5. ഇതിലെ ഗുരുസ്വാമിയെക്കുറിച്ച് പറയുന്നത് നോക്കു, ഗുരു പറഞ്ഞത് തെറ്റാണ് പോലും... പിന്നെ ചോവന്മാരെ എങ്ങനെയൊക്കെ കളിയാക്കാമോ അതൊക്കെ തന്നെയല്ലേ പറയുന്നത്...

6. തൂറി, പൂറ്, കേറി ഇങ്ങനെയൊക്കെ തനിനാടൻ പ്രയോഗം പാടുണ്ടോ..? എഴുത്തച്ഛനെപ്പോലെ സംസ്കൃതീകരിച്ച് പറഞ്ഞുടേ...? ‌

7 അച്ചനും താറമ്മേം തമ്മിലെ അവിഹിതമൊക്കെ പറഞ്ഞതും പോരാ, നാസ്രാണിചരിത്രത്തെ ഇനി പറയാൻ പുലയാട്ട് വല്ലതുമുണ്ടോ...?

ഇനീം പറയാനുണ്ട് കഥയും കാര്യോം തിരിച്ചറിയാത്തവർ ആ പേജൊക്കെ പകർത്തിയെടുത്ത് കോടതി കയറാൻ ഞാനായി സഹായിക്കുന്നില്ല...

മീശനിറയെ കഥകളാണ് യുക്തിയുടെ കച്ചയഴിച്ചുവച്ച.. കൊച്ചു കുഞ്ഞിന്റെ ഭാവാനയോടെ വേണം328 താളുകളും മറിക്കാൻ....
കഥയാണോ നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ഒരു നാടകമാണോ..
മുത്തപ്പൻ കാവിൽ കേട്ട നാടൻ പാട്ടിന്റെ വരികളാണോ എന്ന് സംശയം തോന്നും...

ഡി സി ബുക്സിന്റെ കച്ചവടക്കണ്ണ് അങ്ങേയറ്റം ഈ പുസ്തകത്തിലുണ്ട്..രാജ്യസ്നേഹികൾക്ക് കത്തിക്കാൻ പാകത്തിന് ഏറ്റവും വിലകുറഞ്ഞ പേപ്പറിലാണ് ഈ പുസ്തകത്തിന്റെ അച്ചടി.. കാറ്റുള്ളപ്പോൾ തൂറ്റിയതാണെങ്കിലും ഈ തൂറ്റൽ ഇഷ്ടപ്പെട്ടു...

വരയോടൊപ്പം അച്ചടിക്കുമായിരുന്ന ഈ നോവൽ പതിപ്പിൽ നിന്ന് പിന്വലിച്ച്
വായനക്കാരന്റെ അവകാശങ്ങളൊക്കെ നിരാകരിച്ച കഥാകാരാ..
മീശയെ വായനാലോകം തിരിച്ചറിയും കഥയുടെ സൂക്ഷ്മതലങ്ങളെല്ലാം വിരിഞ്ഞിറങ്ങിയ ഈ പ്രപഞ്ചത്തിൽ കഴിഞ്ഞ ആറരമണിക്കൂർ ഞാനില്ലാതെയായി..

കെ എസ് രതീഷ്, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment