Tuesday 28 July 2020

ആമുഖം

കരയാതിരിക്കാൻ ഞാനിങ്ങനെ ചിലതെല്ലാം കഥയാക്കുന്നു..!!

        നാലാമത്തെ വയസിൽ കൊല്ലത്തെ ഒരു ബാലഭവനിൽ ആരെക്കെയോ ചേർന്ന് എത്തിച്ചതുമുതൽ എനിക്ക് ഇരട്ടപ്പേരുകളുടെ പെരുമഴയായിരുന്നു.അന്നവിടെയുണ്ടായിരുന്ന സകലർക്കും ഒന്നോ രണ്ടോ ഇരട്ടപ്പേരുണ്ട്.അതിലൊന്നാണ് കഥാകൃത്ത്.        
      നെയ്യാറിലെ കറുത്ത കീറാമ്പാച്ച ചെറുക്കൻ  പറഞ്ഞതിലേറെയും മുഴുത്ത ചീങ്കണ്ണിക്കഥകൾ. കേട്ടിരുന്നവരുടെ കണ്ണിൽ അത്ഭുതരസം നിറയുമെങ്കിലും അവരാരും പൂർണ്ണമായി വിശ്വസിച്ചില്ല. അന്നുമുതൽ 'ബ്ലെണ്ടർ മുതലേന്ന്' വിളി തുടങ്ങി.അതുകേട്ട് കരയാൻ തുടങ്ങിയപ്പോൾ 'തൊട്ടാവാടി'യെന്നും പേരു വീണു. പൊക്കം കുറഞ്ഞ് 'തക്കളിയായി'. കിടന്നു മുള്ളി 'മൂത്രപ്പാണ്ടിയായി'.അതുകൊണ്ട് കഥകൾക്ക് പേരിടാൻ എനിക്ക് പ്രത്യേക ഇഷ്ടമാണ്.
ബാലഭവനിൽ ഓരോ ആൾക്കും വീണ പേരുകൾ കിറുകൃത്യമായിരുന്നു.അവർക്ക് കഥകേൾക്കണം, എനിക്ക് പറയണം.    
      സത്യത്തിൽ വീട്ടിലെ ഓർമ്മകൾ വന്നങ്ങനെ നിറയുമ്പോൾ അമ്മയെ അനിയനെ ചേച്ചിയെ അമ്മുമ്മയെ സുകുമാരൻ മാമനെയൊക്കെ  കഥാപാത്രങ്ങളാക്കി കഥകളുണ്ടാക്കും.ഇതൊക്കെ നുണകളാണെന്ന് കൂകിവിളിച്ച് കേൾവിക്കാർ പോകുമ്പോൾ പുതിയ ശ്രോതാക്കളെയുണ്ടാക്കും. ഒടുവിൽ ആരും കേൾക്കാനില്ലാത്ത അവസ്ഥയിൽ ഞാനൊറ്റക്കിരുന്ന് പറയും.അങ്ങനെ ഉള്ളിൽ തികട്ടിവരുന്ന കരച്ചിൽ ഞാനങ്ങ് മറക്കും. കെ എൻ എച്ച് നമ്പർ 0326 ന് ഇത്തിരി പ്രാന്തുണ്ടെന്ന് വാർഡന്മാർക്കും തോന്നി.ആ നമ്പറിലെ അന്തേവാസിയും അവകാശിയും ഞാനാണ് കേട്ടോ.അതും ഞാൻ പിന്നീട് കഥയാക്കിയിട്ടുണ്ട്.അവധിക്കാലത്ത് നാട്ടിൽ വന്നാലോ..? കൊല്ലത്തെ കഥകളുടെ കെട്ടഴിക്കും.    
     അച്ഛൻ കളഞ്ഞിട്ടുപോയ മൂന്നെണ്ണത്തിനെ ഒരു 'പരുവത്തിലാക്കാൻ' എന്റെ കഥാകാരിയമ്മ സഹിച്ചതൊന്നും ഞാനിന്നും കഥയാക്കി തീർന്നിട്ടില്ല.പകുതിവയറും തടവിയിരിക്കുന്ന എനിക്കു വേണ്ടി ആറ്റരികിലെ ഒറ്റമുറിയിലിരുന്ന് അമ്മ കഥകളുണ്ടാക്കും.നെയ്യാർഡാമിന്റെ പണി നടക്കുന്ന കാലത്ത് മാമനും കൂട്ടുകാരും നടത്തിയ പോരാട്ടങ്ങളുടെ കഥ.ഡാമിന്റെ ഉള്ളിൽ കൃഷിഭൂമി പോയ വേദനയിൽ ആത്മഹത്യചെയ്ത നൂറേക്കർ ജന്മിയുടെ കഥ.പുട്ടുകുടത്തിൽ ഒളിച്ചിരുന്ന മഞ്ഞച്ചേരയുടെ കഥ.കരയുന്ന പിള്ളാരെ പിടിക്കാൻ വരുന്ന പാക്കരന്റെ കഥ.വിശപ്പും കരച്ചിലും ഞാനങ്ങ് മറക്കും.അന്നൊന്നും എഴുത്തോ വായനയോ തുടങ്ങിയിട്ടില്ല. ഇന്ന് എഴുതുമ്പോൾ  അമ്മയുടെ ശൈലി കടന്നുവരുന്നു.പുട്ടുകുടത്തിൽ മഞ്ഞച്ചേരയിരുന്നാൽ ചാകുന്ന വിശപ്പിലും പുട്ടിനെപ്പറ്റി മക്കളാരെങ്കിലും ചോദിക്കുമോ.അതാണ് അമ്മയുടെ മാജിക്കൽ റിയലിസം.      
     ഇന്നും ചിലതൊക്കെ ഓർക്കുമ്പോൾ എനിക്കങ്ങ് കരച്ചിൽ വരും.അദ്ധ്യാപകൻ, രണ്ട് പിള്ളാരുടെ അച്ഛൻ, ധീരനായ ഭർത്താവ്.ഇങ്ങനെയിരുന്ന് മോങ്ങുന്നത് നാണക്കേടല്ലേ..? പറമ്പിലെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴും സഹിക്കാൻ കഴിഞ്ഞിട്ടില്ല.പണ്ട് മുപ്പത് റബ്ബർ മരത്തിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന അമ്മയെ ഓർമ്മവന്നു..മൂന്ന് മക്കളും മുപ്പത് റബ്ബറും പ്രാസത്തിന് അപ്പുറം ആ പ്രയാസം എന്നെക്കൊണ്ട് "വീപ്പിംഗ് വുഡ്‌സ്" എഴുതിപ്പിച്ചു.സത്യത്തിൽ ഇതൊക്കെ ഉള്ളിൽ ഉറഞ്ഞ കഥകളാണ്.ഓർത്താൽ 'കണ്ണണക്കെട്ട്'  തടഞ്ഞുനിർത്താനും പ്രയാസമാണ്..
       കഴിഞ്ഞ ദിവസവും മുന്നിലിരുന്ന വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചതിന്റെ നോവാണ് 'ഞാവൽ ത്വലാഖ്' എന്ന കഥയും ആ പുസ്തകവും. ജോലി തേടിയലഞ്ഞ കാലത്ത് കശുവണ്ടിക്കമ്പനിയിൽ തൊഴിലു തന്ന മുതലാളിയുടെ ആത്മഹത്യയിൽ 'കബ്രാളും കാശിനെട്ടും' ഉണ്ടായി.'ഉങ്ങി'ലെ കൊച്ചുവേലുവും, ഉഷാർത്തവിചാരത്തിലെ കരിമനും,എനാത്ത് ബാറിലെ ബി. എഡുകാരനും,വോൾഗാ ലോഡ്ജിൽ നൂറ്റിയഞ്ചിലെ താമസക്കാരനും, ഞാനാണോയെന്നൊന്നും ചോദിക്കരുത്.പറഞ്ഞാൽ നുണയും എഴുതിയാൽ കഥയുമെന്നല്ലേ..?. ചിലപ്പോൾ നിങ്ങടെ മുന്നിലിരുന്നും കരയേണ്ടി വരും. ഇതൊക്കെ കഥയല്ല കാര്യമാണോയെന്ന സംശയം നിങ്ങൾക്കും വരും.
      സ്‌കൂളിലെ എൻ എസ് എസ് പിള്ളാരുമായി ആദിവാസി ഊരുകളിൽ കയറിയിറങ്ങിയ കാലത്ത് 'ബർശലെന്ന' കഥാപുസ്തകവും വന്നു.വിശപ്പും അവഗണനയും ശരിക്കും അനുഭവിച്ച എന്നെപ്പോലെ ദുർബലനായ ഒരാൾക്ക് അതൊക്കെ കാണുമ്പോൾ ആ വനത്തിലെ ഏതെങ്കിലും മരത്തിന്റെ തുഞ്ചത്തോ, ഇരുണ്ട ഗുഹയിലോ കയറിയിരുന്ന് വായകീറി കരയുക അല്ലെങ്കിൽ കഥയാക്കുക ഈ മാർഗങ്ങളല്ലേയുള്ളൂ.. 
      ജോലിയൊക്കെ കിട്ടി നിവർന്നു നിൽക്കാൻ തുടങ്ങിയപ്പോൾ പഴയ വീടു പൊളിച്ചു പണിയാൻ തുടങ്ങി. ആറ്റരികെയുണ്ടായിരുന്ന വീടിന്റെ ഒറ്റപ്പാളി ജനാല പുതിയ വീട്ടിലും വയ്ക്കാൻ വാശിപിടിക്കുന്ന അമ്മയെക്കുറിച്ച് കഥയെഴുതിയില്ലെങ്കിൽ പിന്നെ ഞാനെന്തു മനുഷ്യനാണ്..? 
ആ ജനാലയിലൂടെയാണ് ഞങ്ങൾ ആകാശം കണ്ടത്.അമ്മ അച്ഛനെ ഓർമ്മിക്കുന്നതും..
        പലപ്പോഴും പലരും ചോദിക്കും. എന്തിനാണിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ..? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല.നിറയുന്ന കണ്ണും, നിറയെ ഓർമ്മകളും എന്നെക്കൊണ്ടിങ്ങനെ എഴുതിക്കുന്നതാണ്.വാസ്തവത്തിൽ കരഞ്ഞു പോകാതിരിക്കാനാണ് ഞാനിങ്ങനെ കളവുകൾ എഴുതി വയ്ക്കുന്നത്.അതിലൊക്കെ കഥയുണ്ടോയെന്നോന്നും ചിന്തിക്കാറില്ല.കേരലോത്പത്തി വായിക്കുന്ന നിങ്ങളും അതിന് വാശി പിടിക്കരുത്...!!

കെ എസ് രതീഷ്
പന്ത.
28-07-2020


No comments:

Post a Comment