Friday 24 July 2020

ശരഭമൂർത്തി..!

ശരഭമൂർത്തി..!!

          "ആ കഥ അങ്ങനെയല്ല, അതിന്റെ ക്ളൈമാക്‌സ് അങ്ങനെയാവരുത്." ഭിന്നലിംഗക്കാരായ ഒരു  കൂട്ടമാളുകൾ രാത്രി വീട്ടിലേക്കിരച്ചു കയറിവരുന്നു. ഒരു കഥാകൃത്തിനെ തോക്കു ചൂണ്ടി നിർത്തുന്നു.പ്രമുഖ പതിപ്പിലേക്ക് തയാറാക്കിയതും പൂർണമായും എഡിറ്റ് ചെയ്യാത്ത കഥയിൽ കൂട്ടമായി ചർച്ച ചെയ്തു തിരുത്തുകൾ വരുത്തുന്നു. കഥാകൃത്തിനെക്കൊണ്ട്  ഉറക്കെ വായിപ്പിച്ചിട്ട് "ഇതു തിരുത്തിയാൽ കൊന്നുകളയുമെന്ന" ഭീഷണി മുഴക്കുന്നു.പതിപ്പിന്റെ വിലാസം എഴുതിയ കവറിലാക്കിയിട്ട് ഇറങ്ങിപ്പോവുന്നു.ഇതൊക്കെ നിങ്ങൾക്ക് വിശ്വസിക്കാനാകുന്നുണ്ടോ.? പക്ഷേ കഴിഞ്ഞ രാത്രിയിൽ ഈയുള്ളവന്റെ അനുഭവമാണത്.

ആ കഥ. (അവർ തിരുത്തുന്നതിന് മുൻപ്)
                                                                   1.
ഇരുട്ടിൽ നിരത്തിയിട്ടിരിക്കുന്ന തീവണ്ടികളിൽ അയാൾ വിവേക് എക്സ്പ്രസ് ലക്ഷ്യമാക്കി നടന്നു. വണ്ടി പ്ലാറ്റ്‌ഫോമിലേക്കുവരാൻ ഇനിയും മണിക്കൂറുകളുണ്ട്.പതിവുകാർക്കായി കുളിച്ചൊരുങ്ങിക്കിടക്കുന്ന ആ രാത്രിവണ്ടിയിലേക്ക് 'ഇരിപ്പുറയ്ക്കാത്തവർ' ഒളിച്ചുചെല്ലാറുണ്ട്. മൊബൈൽ വെട്ടത്തിൽ അഴുക്കുചാലുകൾ കടന്നു.15095,എറണാകുളം-ദിബുരാഗ് വിവേക് ഏകപ്രസിന്റെ ഉരുക്കുകൈ തൊട്ടപ്പോൾ ഉള്ളുകുളിർന്നു.പാതിയടഞ്ഞ വാതിൽ, അടക്കിപ്പിടിച്ച സംസാരങ്ങൾ, ബീഡി വെട്ടങ്ങൾ, വിയർപ്പിന്റെ മണം.ഇതിനുള്ളിലെല്ലാം തന്നെപ്പോലെ ഭയന്നോടിയവരാണോ.?ഒരെലി കാലിലിക്കിളിയിട്ട് പാഞ്ഞുപോയി. പെട്ടെന്നുണ്ടാക്കിയ അലർച്ചയെ ലക്ഷ്യമിട്ടുവന്ന തെറിചേർത്ത അമ്പുകൾക്ക് തെറ്റിയില്ല. 

"പോലീസുകാരുവന്നാ എല്ലാവരെയും പൊക്കും" എരിഞ്ഞുനിന്ന ഒരു ബീഡി അപകടം മണപ്പിച്ചു.
" ഇത് ആസ്സാമിലേക്കുള്ള വണ്ടിയാണോ..?" ബീഡിയോട് രഹസ്യമായി തിരക്കി. 
"അതേ, വിവേക് എക്സ്പ്രസ്" ബീഡി ചിരിച്ചെരിഞ്ഞു. തന്നിലെ വിവേകാനന്ദനെ ബീഡിക്കാരൻ തിരിച്ചറിഞ്ഞതാണോ..?"അതേ വിവേക്." "അതേ, വിവേക് എക്സ്സ്പ്രസ്" ബീഡിയുടെ ഉത്തരം അയാൾ പല രീതിയിലും മുറിച്ചുവായിച്ചു.ഭയത്തിന്റെ പുക ഉള്ളിലേക്ക് പാഞ്ഞുകയറി. ബീഡിവെട്ടത്തിൽ നിന്നും മറ്റൊരു കൂപ്പയിലേക്ക് വേഗത്തിൽ നടന്നു.
    തടികളഴിയിട്ട ബർത്തിനും തണുപ്പ്.സഞ്ചി തലയിണയാക്കി.ചെരുപ്പുകൾ കറങ്ങിത്തുടങ്ങാത്ത ഫാനിന്റെ മുകളിൽ തിരുകി.മൊബൈൽ വെട്ടം കെടുത്തി.സഞ്ചിയിൽ തല ഉയർന്നിരിക്കുന്നു. കഴുത്തിലെ മുറിവിൽ വിയർപ്പുപ്പ് വീണുനീറി.വിട്ടെറിഞ്ഞോടിവന്ന രംഗങ്ങൾക്ക് കണ്ണിറുക്കിയടച്ചിട്ടും ബൂട്ടിന്റെ താളമുള്ള ഓർമ്മകൾ ചവിട്ടിത്തുറന്നു വന്നു..

" ഏതെങ്കിലും കേസില് നിന്നെ ഞാനങ്ങ് പെടുത്തും.ആ തന്തയും ചത്തു.അവൾക്ക് നിന്നെയിനി വേണ്ടെന്നും പറഞ്ഞല്ലോ?.വിട്ടു പൊയ്ക്കോണം. പരാതിയും കൊണ്ടുപോകാനാണ് ഭാവമെങ്കിൽ ഒരു മനുഷ്യക്കുഞ്ഞുമറിയാതെ നിന്നെ തീർക്കും.ആ കേസന്വേഷിക്കുന്നതും ഞാനായിരിക്കും." ഇൻസ്‌പെക്ടറുടെ നഖം വിവേകാനന്ദന്റെ  കഴുത്തിൽ ചുവപ്പുകലർന്നൊരു ചന്ദ്രക്കലയിട്ടു.

                                                                         2. 
പ്രഹ്ലാദൻ സാറിന്റെ ഏറെനേരത്തെ മൗനത്തിലും വിവേകാനന്ദന് മുഷിവുണ്ടായില്ല. "പേഴ്‌സണലായി ചിലത് പറയാനുണ്ട് ബാങ്കുസമയം കഴിഞ്ഞൊന്നു കാണാമോ.?"ഫോണിൽ സാറയച്ച സന്ദേശത്തിലേക്ക് വിവേകാനന്ദൻ പലതവണ നോക്കി.
           " അമ്മയില്ലാതെ വളർന്നതിന്റെ പ്രശ്നങ്ങൾ എന്റെ വിദ്യമോൾക്കുണ്ട്.വിവേകിനവളെ വിവാഹം കഴിക്കാൻ.?" പ്രഹ്ലാദൻ സാറ് കിതപ്പോടെ പറഞ്ഞൊപ്പിച്ചു.പുഞ്ചിരി ബാക്കിനിർത്തി ഇറങ്ങിപ്പോന്ന വിവേകാനന്ദന്റെയുള്ളിൽ തനിക്കാകെയുള്ള മുത്തശ്ശിയുടെ സമ്മതം വാങ്ങണമെന്നേയുണ്ടായിരുന്നുള്ളൂ. പ്രഹ്ലാദനിൽത്തൂങ്ങി, പേരക്കുട്ടിയുടെ മുടിയിഴയിൽ വിരലോടിച്ച് ആ മുത്തശ്ശിക്കഥ ഹിരണ്യകശിപുവും നരസിംഹവും ശരഭാവതാരവുമായി വളർന്നു.സന്തോഷമുണ്ടാകുമ്പോഴാണ്  അവരിങ്ങനെ കഥയുടെ വഴിക്കിറങ്ങിനിൽക്കുന്നതെന്ന് വിവേകാനന്ദനറിയാം.ഫോണിന്റെ മറുതലയിൽ പ്രഹ്ലാദൻ സാറ് ശിഷ്യന്റെ മറുപടി കാത്തിരിക്കുകയായിരുന്നു..
 
പ്രിയപ്പെട്ടവരുടെ ലോണുപാസാകുന്ന വേഗത്തിൽ വിവേകാനന്ദന് വിവാഹം,വീട്ടുമാറ്റം. പിന്നാലെ  സാമ്പത്തിക ക്രമക്കേട്, പോലീസന്വേഷണം, സാറിന്റെ ആത്മഹത്യ, മുത്തശ്ശിയുടെ മരണം റ്റാലിയാകാത്ത ബാലൻസ് ഷീറ്റുകളായി അയാളെ വീർപ്പുമുട്ടിച്ചു.തുടർച്ചയായ ആർത്തവത്തിൽ വിദ്യയും ഉള്ളുതുറന്നു."കുട്ടിയെന്നല്ല നിനക്കൊന്നുമൊരു കട്ടിമീശപോലും മുളയ്ക്കത്തില്ല.
തന്ത കയറുമായി തൂങ്ങാൻ നിന്നപ്പോൾ ചാന്തുപൊട്ടായ നിന്നെക്കെട്ടാൻ സമ്മതിച്ചെന്നെയുള്ളൂ."  വിവേകാനന്ദൻ കടപ്പെട്ട ബാങ്കിന്റെ സാമ്പത്തികവർഷത്തെ ഒടുവിലെ ദിവസങ്ങൾ നേരിടുന്ന മാനേജരായി..
     
കേസിന്റെ കാര്യത്തിനായുള്ള ഇൻസ്‌പെക്ടരുടെ വരവുകൾ വിദ്യ കാത്തിരുന്നു.കട്ടിമീശയിലേക്ക് വീഴുന്ന ആർത്തിയുള്ള നോട്ടങ്ങൾ."ഇൻസ്‌പെക്ടർക്ക് നരസിംഹത്തിലെ ലാലിന്റെ മീശയാ.." അല്പമുറക്കെയായ വിദ്യയുടെ ഉള്ള് വിവേകാനന്ദൻ കേട്ടു.പ്രഹ്ലാദൻ സാറിന് ക്രമക്കേടിൽ പങ്കില്ലെന്ന് റിപ്പോർട്ടു വന്നതിന് ശേഷവും വീടിന്റെ മുന്നിൽ ഇൻസ്‌പെക്ടരുടെ ജീപ്പുണ്ടായിരുന്നു. കട്ടിമീശയിൽ വിദ്യ, വിവേകാനന്ദനെ ചുവരിൽച്ചേർത്തുള്ള ഇൻസ്‌പെക്ടറുടെ മീശപിരിപ്പൻ ഡയലോഗും വിദ്യ ആരാധനയോടെ നോക്കി നിന്നു..

                                                                            3. 
ജീവിതം ജപ്തിചെയ്ത ഓർമ്മകളെ ദീർഘദൂര ശൗചാലയത്തിലേക്കൊഴുക്കിയ വിവേകാനന്ദൻ തീവണ്ടി പുറപ്പെടാനുള്ള വിളിച്ചുപറയൽ ശ്രദ്ധിച്ചു.വിവേക് എക്സ്പ്രസ്.വണ്ടിയുടെ പേരിലെ വിവേകം ഈ പലായന തീരുമാനത്തിലുണ്ടോ.?പ്ലാറ്റ്‌ഫോമിൽ പെയ്തവെളിച്ചത്തിൽ വണ്ടി കുളിച്ചു നിൽക്കുന്നു.പലതരം ശബ്ദങ്ങളും കയറി വരുന്നു.ശുചിമുറിതൊട്ട് ആറാമത്തെ ബെർത്തിലേക്ക് വിവേകാനന്ദൻ നടന്നു.മുകളിലേക്ക് കയറുമ്പോൾ ഫാനിന്റെ മറവിലിരുന്ന ചെരുപ്പൊരുച്ചിരിയുതിർത്തു. ശുചിമുറിയിലേക്ക് ചെരുപ്പോർമ്മിപ്പിച്ച സഹായം മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത ഇരുട്ടിൽ തള്ളിക്കളഞ്ഞ് പോയതാണ്.നല്ലശീലങ്ങൾ പലപ്പോഴും മറ്റുള്ളവന്റെ കാഴ്ച്ചയിൽ മാന്യമെന്ന് തോന്നിക്കാൻ  രൂപപ്പെടുന്നവയണോ.? ചിന്തകളും വണ്ടിയും സാവധാനം അനങ്ങി..

മറുവശത്തെ ബെർത്തിൽ ഒരു പർദ്ദാക്കാരി സുഖമായി ഉറങ്ങുന്നു.അപ്പുറത്ത് മംഗോളിയൻ മുഖമുള്ള ഒരു ചെറുപ്പാക്കാരൻ.. ഇരുമ്പുനെറ്റിന്റെ അപ്പുറത്തെ പർദ്ദാക്കാരിയുടെ ദേഹത്തുരുമിയാണ് കഴിഞ്ഞ മണിക്കൂറുകൾ കിടന്നത്.അത്തറിന്റെ വാസനയും ഉള്ളിലാക്കിയിരുന്നു. മംഗോളിയന്റെ ശ്രദ്ധ തന്നിലേക്കാണോ ? വിവേകാനന്ദന്റെ ചിരികെട്ടു.ട്രെയിൻ വേഗത്തിലായി.തുരങ്കപാതയുടെ ഇരുട്ടിലേക്ക് ഊളിയിട്ടതും ഹിന്ദിപ്പാട്ടിന്റെ റിംഗ് ടോണുണയർന്നു.രണ്ടു തവണയടിച്ചപ്പോൾ മംഗോളിയൻ പർദ്ദാക്കാരിയുടെ ബെർത്തിലേക്ക് കുരങ്ങുവേഗത്തിൽ മാറിയിരുന്നു.പർദ്ദാക്കാരി തല അവന്റെ മടിയിലേക്ക് കയറ്റി വച്ചു.ഫോണിന്റെ ഹെഡ് സെറ്റ്  പർദ്ദാക്കാരിയുടെ ചെവിയിലും മറ്റൊന്ന് മംഗോളിയനും ചേർത്തു. 

 "അതേടീ, സീനത്തേ ആ സാറന്മാരെ തട്ടിയത് ഞാനാ." പർദ്ദാക്കാരിയുടെ ഉരുമ്പരിക്കുന്ന വാക്കുകളിലേക്ക് വിവേകാനന്ദൻ നുഴഞ്ഞുകയറി. ചെവി ചരിച്ചു. മുഖത്ത് ഉറക്കമുണ്ടാക്കി.  "മാവോയിസ്റ്റോ കൂവോയിസ്റ്റോ ആരെ വേണോ പ്രതിയാക്കിക്കോട്ടെ.നിനക്കുപോലും ഞാൻ ശ്യാമയും നമ്മുടെ ബംഗാളി ബിശ്വാസുമാണ്.നിന്നോട് പർദ്ദ വാങ്ങിയത് അവൻമ്മാരെ രാത്രി കാണാൻ പോവാനായിരുന്നു.ആരു ചോദിച്ചാലും നിനക്കൊന്നും അറിയില്ല, നീയാർക്കുമൊന്നും കൊടുത്തിട്ടുമില്ല.പിന്നെ അവൻ ബിശ്വാസും കുശുവാസുമൊന്നുമല്ല.എന്നോടാവന് പ്രേമോമില്ല. നാട്ടിൽ വേറെ പെണ്ണും കൊച്ചുമുണ്ട്.എന്നെ വിളിച്ചു. മടിയിൽക്കിടന്ന് ഞാനിതാ പോകുന്നു." ട്രെയിൻ വല്ലാതെ ഇളകി.രഹസ്യം മുറിഞ്ഞു.വിവേകാനന്ദന് കാലുകളിലൂടെ ഭയമുള്ള തണുപ്പരിച്ചു കയറി.

നാടുമുഴുവൻ ചർച്ചയായ, മൂന്ന് പോലീസുകാരെ തട്ടിയ കേസിലെ പ്രതികളാണപ്പുറത്ത്. രാഷ്ട്രപതിയുടെ മെഡൽ നേടിയ തണ്ടർ ബോൾട്ടംഗവും കൊല്ലപ്പെട്ടവരിലുണ്ട്. മാവോയിസ്റ്റാക്രമണം സംശയിച്ചിരുന്ന അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത് ഈ അടുത്ത കാലത്താണ്.അസമയത്ത് നടന്നകലുന്ന പർദ്ദാക്കാരിയുടെ സി സി ടി വി ദൃശ്യം.ആ മൂന്നുപേർ ചേർന്ന ട്രസ്റ്റിന്റെ കീഴിലുള്ള കുടിവെള്ള പ്ലാന്റിൽ, ഒരാൾ മുങ്ങി മരിച്ച നിലയിലും മറ്റൊരാൾ വെടിയേറ്റും, ഒരാൾ തൂങ്ങിമരിച്ചും കണപ്പെടുകയായിരുന്നു.കമ്പനി തൊഴിലാളിയായ ബംഗാളിയാണ് പോലീസിനെ വിവരമറിയിച്ചത്.സർവീസിൽ കയറിയനാൾ മുതൽ ദയാനന്ദൻ, ശിവാനന്ദൻ, സദാനന്ദൻ എന്നിവരുടെ സൗഹൃദം, ഒന്നിച്ച് വിരമിച്ചതിന്റെ കൗതുകം, ത്രിയാനന്ദന്മാരുടെ 'ആനന്ദം ചാരിറ്റബിൾ ട്രസ്റ്റ്'.വിവേകാനന്ദന്റെ തലക്കുള്ളിൽ കഴിഞ്ഞ രാത്രികേട്ടിരുന്ന പ്രിയപ്പെട്ട ക്രൈം ഫയൽ വാർത്തകൾ എഴുതിക്കാണിച്ചു

"ട്രെയിനിലാടി, ഇടയ്ക്കങ്ങ് റേഞ്ച് പോകും നിന്നെ ചതിച്ചെന്ന് തോന്നരുത്‌..ബംഗാളീടൊപ്പം ചാടിപ്പോയ ശ്യാമ.ഈ കഥ മാത്രമേ നിനക്കുമറിയാവു.അവന്മാരുടെ കഥ നീയെങ്കിലും അറിയണമെന്നെനിക്ക് തോന്നി."ബിശ്വാസ് അടുത്ത ബെർത്തിലേക്ക് മാറിയിരുന്നു.ശ്യാമയുടെ ഫോണ് തുറന്ന് സിമ്മെടുത്ത് വായിലിട്ട് ചവച്ചു. അവൾ പറഞ്ഞതെല്ലാം വിവേകാനന്ദൻ ക്രൈം ഫയൽ രൂപത്തിലെ വാർത്തയാക്കി നോക്കി..

"നിന്റെ പെണ്ണിനെ ഞങ്ങളൊന്നും ചെയ്യൂല കരിച്ചേ, നീയൊന്നടങ്ങിക്കെടാ " പോലീസിനെ വെട്ടിച്ചുപോയ വാറ്റുകാരൻ ഏനസ്സിന്റെ പെണ്ണ്, കരിച്ച ഒമനയെ സദാനന്ദൻ പോലീസ് സെല്ലിലിട്ട് ചെയ്യുമ്പോൾ അവന്റെ പതിമൂന്നുകാരിപ്പെണ്ണിനെ ദയാനന്ദൻ പോലീസ് പുതിയൊരൈറ്റം പഠിപ്പിക്കുകയായിരുന്നു.
      ശിവാനന്ദൻ പോലീസ് കരിച്ച ഓമനയെ ചുവരിൽ ചാരി നിർത്തി "നിന്റെ കൊച്ചിന് തട്ട് ദോശ വാങ്ങാൻ നമ്മളെ ദയാനന്ദൻ സാറ് പോയെടീന്ന് .." കള്ളം പറഞ്ഞു.
       "നിന്റെ കൊച്ച് ഒറങ്ങിയെടീ" ദയാനന്ദൻ പോലീസ് കരിച്ചയെ കുനിച്ചു നിർത്തിപ്പറയുമ്പോൾ, കൊച്ചു പെണ്ണ് ഉറക്കെ വിളിക്കാതിരിക്കാൻ സദാനന്ദൻ പോലീസ് വാപൊത്തിപ്പിടിച്ചു..
         ഏനാസിനെ പിന്നീടാരും ജീവനോടെ കണ്ടില്ല .അമ്മേം മോളേം വെളുക്കും വരെ ചോദ്യം ചെയ്തിട്ടും തെളിവൊന്നുമൊത്തില്ല.ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട ദയാനന്ദൻ പോലീസ് കൊച്ചുപെണ്ണിന് നൂറ്റി നാല്പത്തിനാല് രൂപയും ദോശയും രസവടയും കൊടുത്തു. കാടു കയറിയ ഏനാസിനെ കരടി പിടിച്ചെന്ന് പോലീസ് പറഞ്ഞു.പക്ഷെ കുളിപ്പിക്കാനെടുത്തവർക്ക് ഗുദം വഴികയറ്റിയ കമ്പിത്തുണ്ടിൽ തട്ടി കൈ മുറിഞ്ഞു.കേസുമായിപ്പോയ കരിച്ച നട്ടെല്ലുപൊട്ടി കിടപ്പിലുമായി.കൊച്ചുപെണ്ണിനെ പള്ളിക്കാര് തെക്കെങ്ങോയുള്ള ബാലികാമന്ദിരത്തിൽ  ചേർത്തു. ഏനാസിന്റെ കുഴിയിൽ മൈലാഞ്ചി വച്ചതുകൊണ്ട് കരിച്ചയുടെ കുഴിവെട്ടാൻ പോയവർക്ക് സ്ഥലം തെറ്റിയില്ല..
     
        ശ്യാമയുടെ കഥയിലെ  മൂന്നാനന്ദന്മാരിൽ ആർക്കാണ് തന്റെ കഥയിലെ വില്ലന്റെ മീശവച്ച മുഖം കൊടുക്കണമെന്നു ചിന്തിച്ചു.മുത്തശ്ശിയുടെ വിരലുകൾ മുടിയിലിഴഞ്ഞു.ഹിരണ്യകശിപുവിൽ നിന്ന് പ്രഹ്ലാദനെ രക്ഷിക്കാൻ മഹാവിഷ്ണു നരസിംഹമായി, നരസിംഹത്തിന്റെ തലകടിച്ചെടുക്കാൻ ശിവഭഗവാൻ ശരഭമൂർത്തിയായി.." ശരഭവും ശ്യാമയും ചേർന്ന പുതിയൊരവതാരത്തെയുണ്ടാക്കിയ വിവേകാനന്ദന് ഉറക്കത്തിലും ചിരിയുണ്ടായി.. 

                                                                              4.
"ഏതു വഴിക്ക് തിരഞ്ഞാലും അവന്മാർ ചത്തതിന്റെ കാരണം  കിട്ടത്തില്ല സീനത്തേ. ഒരുത്തൻ പണ്ട് നിലമ്പൂര് മാവോയിസ്റ്റുകളെ വെടി വച്ചതിന്റെ പ്രതികാരമെന്നല്ലേ ഇപ്പൊ ചിന്തിക്കണത്..? കച്ചോടത്തിൽ തമ്മിൽത്തല്ലി ചത്തതാണെന്നും വരുത്തതാനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.മൂന്ന് ആനന്ദന്മാരും ഞാനും  വാട്സപ്പിൽ നടത്തിയ ചാറ്റെങ്ങാനും കിട്ടിയാൽ പോലീസിന് ഒരു മസാലപ്പടം പിടിക്കാനുള്ള വകയുണ്ട്. കിളുന്ത്പെണ്ണിനു വേണ്ടി ആ കെളവന്മാർ തമ്മിൽത്തല്ലി ചത്തതെന്ന് വിചാരിച്ച് കേസ് ആ വഴിക്കും കൊറേക്കാലം പോകും. പിന്നെ ഇതെല്ലാം കഴിഞ്ഞ് എന്റെ നേർക്ക് തിരഞ്ഞാലും ഞാനാരാന്നും എവിടാന്നും  കണ്ടുപിടിക്കാൻ, പേരും വിലാസവുമില്ലാത്ത നൂറായിരം മനുഷ്യരുള്ള ഈ നാട്ടിൽ മൂക്കിട്ട് ക്ഷ, ണ്ണ  വരയ്ക്കണം..." 

        റേഞ്ചില്ലാത്ത ഒരിടത്ത് ബിശ്വാസിന്റെ ഫോണും നിലച്ചു.അവൻ നിലത്തിറങ്ങി വാതിലിലൂടെ  ഓരോ ഭാഗങ്ങളും വലിച്ചെറിയുന്നത് ശ്യാമ നോക്കി.പർദ്ദയഴിച്ച് ബാഗിനുള്ളിലേക്ക്  മാറ്റിവയ്ക്കുന്നതിനിടയിൽ തൊട്ടപ്പുറത്ത് വിവേകാനന്ദന്റെ കൂർക്കം വലിയിലേക്ക് ശ്യാമയുടെ നോട്ടം വീണു.മീശയില്ലാത്ത സുന്ദര മുഖത്തിന് പണ്ട്  കാടുകയറിയ ഏനസ്സിനോട് സാമ്യം തോന്നി. 

                                                                       5. 
സൂര്യകാന്തിത്തോട്ടത്തിന് നടുവിലൂടെ മഞ്ഞിച്ച തീവണ്ടി പാഞ്ഞു പോകുന്നു.ഉള്ളിലെ വെയിലിനും മഞ്ഞ നിറം.ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും നേരമുറങ്ങിയത്.താഴത്തെ സീറ്റിൽ ബിശ്വാസിന്റെ തോളിൽ ശ്യാമയും ഉറക്കത്തിലാണ്.വിവേകാനന്ദൻ മുഖം കഴുകി വന്ന് അവരുടെ എതിർ വശത്തിരുന്നു.കൂപ്പയിൽ തെറ്റിയും തെറിച്ചും കുറച്ചാളുകൾ. അവർക്കെല്ലാം ബിശ്വാസിന്റെ മുഖവും നിറവും.ഫാനിന്റെ മുകളിലിരുന്ന ചെരിപ്പിളകി വീണ് ശ്യാമ ഉണർന്നു.മറ്റൊന്ന് തെറിച്ചു പുറത്തേക്കും പോയി.മൂന്നു ചിരി ഒന്നിച്ചു വിരിഞ്ഞു. ബിശ്വാസുൾപ്പെടെ ആ കൂപ്പയിലെ പലർക്കും ചെരിപ്പുകളില്ലെന്ന് വിവേകാനന്ദൻ ശ്രദ്ധിച്ചു. ഓടാൻ തുടങ്ങിയവർക്ക് ചെരിപ്പൊരു ബാധ്യതയാണെന്ന് സമാധാനിച്ചു.
            മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള ചുരിദാറിന്റെ ഉള്ളിലെ കറുത്തുമെലിഞ്ഞ ഈ പെണ്ണ്  മൂന്നു പോലീസുകരെ കൊന്നതെങ്ങനെയായിരിക്കും.? തന്റെ മൂന്ന് വിരലുകൾ ചേർത്താലത്ര വലിപ്പമേ അവളുടെ കൈത്തണ്ടക്കുള്ളു.മുഖത്തിന് ഒരു തുമ്പിയുടെ വലിപ്പം എന്നിട്ടും.?.ക്രൈം ഫയലിൽ താൻ നായകനായ കുറ്റവാളി, ഇൻസ്‌പെക്ടരുടെ നെറ്റിയിൽ ചേർത്ത തോക്കിന്റെ കാഞ്ചി വലിക്കുന്നതോർത്തു. ഇൻസ്പെക്ടരുടെ മീശവച്ച മുഖത്തെ കരച്ചിലു കണ്ടു ചിരി നിയന്ത്രിക്കുന്ന വിവേകാനന്ദനോട് ശ്യാമ സംശയത്തോടെ തിരക്കി.
                              "കേരളത്തിലെവിടെയാണ്..?"
ഉത്തരത്തിനൊരുങ്ങുമ്പോൾ ബിശ്വാസ് പെട്ടെന്ന് ചങ്ങല വിലിച്ചു.തീവണ്ടി സൂര്യകാന്തികളുടെ നടുവിൽ പെരുക്കനട്ടയായി.ഒരു ചെറിയ പൊതി ശ്യാമ വിവേകാനന്ദന് നൽകി.ഒരേ മുഖമുള്ള ആണും പെണ്ണും തോട്ടങ്ങളുടെ നടുവിലൂടെ ഒറ്റ വരിയായി നടക്കുന്നു.ഏറ്റവും പിന്നിൽ ബിശ്വാസിന്റെ ചുമലിലിരുന്ന ശ്യാമ വിവേകാനന്ദനോട് തോക്കുപോലെ കൈ ചൂണ്ടി. പൊതിയിലിരുന്ന തോക്കിൽ വിവേകാനന്ദൻ തൊട്ടു. വിയർപ്പുപ്പ് വീണ് മുറിവ് പിന്നെയും നീറി.
    ഒപ്പം പോകാനായില്ലെങ്കിലും തന്റെ കഥയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ചങ്ങല വലിച്ചവരെ തിരക്കിവന്ന വന്ന മീശയില്ലാത്ത കാക്കികൾക്ക്  അങ്ങ് ദൂരെ പൊട്ടുപോലെ കാണുന്ന ശ്യാമയുടെ തലയിലേക്ക് വിവേകാനന്ദനും വിരലുകൾ തോക്കുപോലെ ചൂണ്ടിക്കാണിച്ചു.
          പെട്ടെന്ന് ഒരു കൂട്ടം കറുത്ത തുമ്പികൾ കൂപ്പയിലേക്ക് പറന്നു കയറി.അവയെ ഭയന്നിട്ടെന്നോണം തീവണ്ടിയുടെ വേഗതയും കൂടി...
                                                                                                      ( 27/04/2016)

സൂചനകൾ ( വന്നവർ ഇതിൽ തിരുത്തലുകൾ  വരുത്തിയിട്ടില്ല)

ശരഭമൂർത്തി.
പ്രഹ്ലാദനെ രക്ഷിക്കാനവതരിച്ച നരസിംഹാവതാരത്തിന്റെ കോപം ശമിപ്പിക്കാൻ വിരഭദ്രനും ഭദ്രകാളിയും ചേർന്ന് ശരഭാവതാരമുണ്ടായി.ശിവപുരണത്തിലും.നാടോടിക്കഥകളിലും പ്രചരിക്കുന്നു.വൈഷണവവാദികൾ ഈ കഥകൾ അംഗീകരിക്കുന്നില്ല.
(ചിലപ്പോൾ അവരെന്നെ തല്ലിയേക്കും)
നരസിംഹം മോഹൻലാൽ സിനിമാണെന്നും ചിലർ അവകാശമുന്നയിക്കുന്നു.അതിലെ മീശയാണ് ഈ കഥയിലെ ഇൻസ്പെക്ടക്കെന്നാണ് എന്റെ സൂചന.
          
         അടിക്കുറിപ്പ് സഹിതം ഇത്രയുമാണ്  ആ കഥയിൽ ഞാനെഴുതിയത്.സമ്മതമില്ലാതെ എന്റെ കഥയുടെ ക്ളൈമാക്‌സ് തിരുത്തിയെഴുതാൻ അവർക്കെന്താണവകാശം.? മീശയില്ലാത്ത ഒരു സുന്ദരനാണ് കഥയിൽ തിരുത്തുകൾ വരുത്തിയത്. 
          ഇതുമൊരു മനുഷ്യാവകാശ പ്രശനം തന്നെയല്ലേ..? ഇവിടെ നിയമവും കോടതിയുമുണ്ടോന്നു ഞാനൊന്നു നോക്കട്ടെ..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment