Saturday 23 May 2020

ദേവലോകം 106..!!

ദേവലോകം 106 ൽ..!!
 
  10:45, തീവണ്ടിയാഫീസുനിറയെ അയ്യപ്പന്മാരുടെ കറുത്തകൂനകൾ.റമ്മിന്റെ മണവുമായി അവരുടെ ഇടയിലിരിക്കാൻ അവർക്ക് ധൈര്യമുണ്ടായില്ല.ഉറക്കം കണ്ണിലും ലഹരി നിറയ്ക്കുന്നു.
തടിച്ചുരുണ്ട ഒരു പോർട്ടറാണ് ദേവലോകം ചൂണ്ടിക്കാണിച്ചത്.റിസ്‌പഷ്നിലെ വൃദ്ധന്റെ ചുണ്ടുകൾ പാതിമയക്കത്തിലും പതിവുമന്ത്രങ്ങളുരുവിട്ടു.
"ഒരാൾക്ക് മൂന്നൂറ്, അഞ്ഞൂറ് ആദ്യം തരണം. കാർഡും വേണം,എത്ര ആള്..? വിലാസവും, ഉദ്ദേശ്യവും എഴുതണം" രജിസ്റ്റർ മുന്നിലേക്ക് നീക്കിവച്ചു.
"ഒരാൾ, ഒരു കഥയെഴുതാൻ.." ജാരൻ കഥാകൃത്തിന്റെ ചെവിയുടെ പിന്നിലേക്ക് മറഞ്ഞു.
" ഇവിടെയങ്ങനെ റെയ്‌ടൊന്നും വരത്തില്ല" വൃദ്ധൻ ഗേറ്റിലേക്ക് നോക്കി.ജാരൻ പ്രതീക്ഷയോടെ ചിരിച്ചു.കഥയുടെ ബീജമുണർന്നു.
          മുറിയിലെ ഒരുകൂട്ടം മണങ്ങൾ ഇറങ്ങിവന്ന് അവരെ സ്വീകരിച്ചു.നീലയും വെള്ളയും കലർന്ന ചുവരുകൾ.മഞ്ഞവെളിച്ചത്തിൽ ഇണചേരുന്ന പല്ലികൾ. മുറുക്കാൻ ചുവപ്പ് വീണുണ്ടായ പേരില്ലാ അതിരില്ലാ ഭൂപടങ്ങൾ. ചുവരിനെ ഉമ്മവച്ച് മദ്യക്കുപ്പിയുടെ ബ്രായുടെ സീലുകൾ.ഫാനിന്റെ തിരയിളക്കം.രഹസ്യങ്ങൾ ചോരുന്ന ശുചിമുറിയിലെ ടാപ്പ്.ആണിയിൽ തറച്ച് 1998 ജൂൺ മാസം കാണിക്കുന്ന ശീലാവതീ ടെക്‌സ്റ്റൈൽസിന്റെ കലണ്ടർ. ചുവന്ന വൃത്തത്തിൽ മല്ലികയുടെ പേരും ഫോൺ നമ്പരും.ഉള്ളിൽ കഥയുടെ ചവിട്ടുതുടങ്ങി..
            ജാരനും കഥാകൃത്തും പരസ്പ്പരം നോക്കിയിരുന്നു.കഥാകൃത്ത് കുറിപ്പു പുസ്തകമെടുത്തു.
"ദേവലോകം നൂറ്റിയാറിലെ മല്ലിക, ദേവലോകം മല്ലിക, ദേവലോകം 106ൽ, കലണ്ടറിലെ മല്ലിക, മല്ലിക..." വെട്ടിയും തിരുത്തിയും കഥക്കുഞ്ഞിന് പേരിടാൻ തുടങ്ങി...
"വിളിച്ചു നോക്കെടോ ചിലപ്പോൾ നിനക്കൊരു  കഥ കിട്ടും എനിക്കൊരു.." ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കഥാകൃത്തിന്റെ ചെവിയിൽ വച്ചു.വിറകണ്ട് ജാരന് ചിരി പൂത്തു..
"ഹലോ മല്ലികാ മാഡമാണോ..?"ദേഷ്യത്തോടെ ജാരൻ ഫോൺ പിടിച്ചുവാങ്ങി,കഥാകൃത്തിനെ പരിഹാസത്തോടെ നോക്കി
" വൃത്തിക്ക് കുളിച്ച് വേഗം നൂറ്റിയാറിലേക്ക് വാടി"കഥാകൃത്തിന് ഫോൺ തിരികെക്കൊടുത്തു. ഭയന്നു വിളറിയ മറുപടികേട്ടു.
"'അമ്മ അച്ഛ്നെ കുളിപ്പിക്കുവാ.വരാൻ ഒക്കത്തില്ല, ഇനിത്തൊട്ട് ഞാനും വരത്തില്ല"
      നിരാശയിൽ ജാരന്റെ തെറികൾ കേട്ട് പല്ലികൾ ഓടിയൊളിച്ചു.ടാപ്പിന്റെ കരച്ചിൽ നിന്നു. മുറിയുടെ വെളിച്ചമിരട്ടിക്കുന്ന വിധത്തിൽ ബൾബ്‌ കണ്ണുരുട്ടി.ബ്രായുടെ സ്റ്റിക്കർ ചുവരിൽ നിന്നൂർന്നു വീണു. ജാരന്റെ കൂർക്കം വലിയിൽ കഥാകൃത്ത് ചിരിച്ചു.കഥയുടെ തല പുറത്തു വന്നു..
             " ആ മറുപടിക്ക് പതിനഞ്ചിനപ്പുറം പ്രായമുണ്ടാകില്ല.." പേനയിൽ കുളിരു പടർന്നു.ജാരന്റെ മുഖത്തും സ്വപ്നച്ചിരി.
        വാതിലിന്റെ ചുമകേട്ട് കഥാകൃത്ത് ഞെട്ടി.മുന്നിൽ നനഞ്ഞു കുതിർന്ന് വെളുത്ത് മെലിഞ്ഞ രൂപം.നരച്ച ഒരു മുടി ചാട്ടവാറു പോലെ കഥാകൃത്തിന്റെ നേർക്ക് എഴുന്നു നിന്നു.
   "മല്ലികയാ സാറേ എനിക്കിനി ഒക്കത്തില്ല, അതിയാൻ തൂറിക്കിടന്നിട്ടാ ആ പെണ്ണിനെ വിട്ടത്. വയറ്റിലും തൊടേലും  സിഗരറ്റ് വട്ടത്തില്, ഇനി വയ്യ സാറേ.."
        കഥാകൃത്ത് പേഴ്‌സിൽ നിന്നും കാശെടുത്ത് വന്നതും കലണ്ടറിലെ ജൂണും കീറിയെടുത്ത് മല്ലിക പുറത്തേക്കുപോയി..
             ജാരൻ വലിച്ചിട്ടിരുന്ന സിഗരറ്റുവീണ്  പുസ്തകത്തിൽ തീ പടർന്നു. ഇഴയാൻ തുടങ്ങിയ ആ കഥ വെന്തു മരിച്ചു..!!


കെ എസ് രതീഷ്
9497456636

No comments:

Post a Comment