Sunday 10 May 2020

കൂന്തൽ വാദം..!!

*കൂന്തൽവാദം..!!
          പണ്ടു പണ്ട് ഒരു ജീവപര്യന്തകാലതത്തിനും മുമ്പ് ലീലയുടെ ക്ലാസിൽ ലീലാതിലകകാരന്റെ  കൂന്തൽവാദം അവതരിപ്പിക്കുമ്പോഴാണ് ശിശുപാലൻ സാറ് അറസ്റ്റിലായത്. ബൂട്ടിന്റെ കുരകളോടെ കയറിവന്ന നിയമപാലകൻ കറുത്തചുവരിലെഴുതിയിരുന്ന കൂന്തൽവാദത്തിലും മുൻനിരയിലിരുന്ന  ലീലയുടെ തോളുവഴി പടർന്നുകിടന്ന കൂന്തലിലും നോട്ടമിട്ട് ഒരു കുറ്റാന്വേഷണച്ചിരിയുതീർത്തു.                  ശിശുപാലപ്രണയത്താൽ നഗരത്തിലെ പഞ്ചനക്ഷത്ര കലാലയകൂറ്റൻന്മാരുടെ അഭ്യർത്ഥനകൾ നിരസിച്ച് ഗ്രാമ്യസമാന്തര 'നളന്ദയെ' വരിച്ചവളാണ് ലീല.നളന്ദയിലെ ബിരുദക്കാരുടെ മുന്നിൽ ഉപപാഠപുസ്തകവുമായെത്തുന്ന ആ 'ഉപഗുപ്ത'നോട് തോഴികളുടെ കണ്ണെത്താ മൂലകളിൽ അവൾ ചിരിച്ചു.വീണപ്പൂവും രമണനും മറന്ന് കാമുകനിൽ മിഴിനട്ടിരുന്നവളുടെ മുന്നിലൂടെ വിലങ്ങുവച്ചിറങ്ങിപ്പോയ സംഭവം ഭൂമിമലയാളത്തിൽ ആദ്യകൗതുക വാർത്തയായിരുന്നിട്ടും, തന്റെ പത്രത്തിൽ അശ്ലീലമച്ചടിക്കില്ലെന്ന് ഭീഷ്മശപഥമുള്ള പത്രാധിപർ പോലും എഴുതിയതിപ്രകാരമാണ്.
      "തളർവാദം പിടിപെട്ട മാതാവിനെ ലഹരിമരുന്ന് തിന്ന മകൻ മാനഭംഗപ്പെടുത്തി.
തെളിവായത് പ്രതിയുടെ കൂന്തൽ."
        സ്വലേ: തളർവാദം പിടിപെട്ടുകിടപ്പിലായിരുന്ന മാതാവിനെ മകൻ ബലാൽസംഗം ചെയ്തു. തടയാൻ ശ്രമിച്ച പിതാവിനെ മർദ്ദിച്ചവശനാക്കി കടന്നുകളഞ്ഞ പ്രതിയെ ജോലി സ്ഥലത്തുനിന്നും പിടികൂടി. ഒരു സമാന്തര കോളേജദ്ധ്യാപകനായിരുന്ന പ്രതിയുടെ ( ശിശുപാലൻ, 40 വയസ്) ആക്രമണത്തിൽ തലയുടെ പിൻവശത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണമുണ്ടായത്.കൃത്യത്തിനിടയിൽ മാതാവിന്റെ കൈയ്ക്കുള്ളിലകപ്പെട്ട പ്രതിയുടെ കൂന്തലാണ് നിയമപാലകർക്ക് തെളിവായത്...
    അവ വായിച്ചു പൂർത്തിയാക്കാൻ ലീലക്കായില്ലെന്നു മാത്രമല്ല, ബോധരഹിതയായി വീഴുകയും അന്നേക്ക് മൂന്നാം മാസം, അറസ്റ്റു വേളയിൽ നോക്കിച്ചിരിച്ച പോലീസുകാരന്റെ വേളിയായി ആ നാടിന്റെ ഓർമ്മയിൽ നിന്നും താലിവച്ചിറങ്ങിപ്പോയി.
       കാലം ശിശുപാലന് കൂട്ടുപ്രതിയായി തടവനുഭവിച്ചു.ജീവപര്യന്തരുചിയങ്ങനെ കഴിഞ്ഞു.  കവലയിൽ ബസ്സിറങ്ങിയ അയാൾ നളന്ദയിരുന്നിടവും, കൂറ്റൻ ആലിനെയും വിഴുങ്ങിയ  കെട്ടിടത്തിലേക്ക് മിഴിച്ചുനിന്നു.തടവിലാകുകയെന്നാൽ കണ്ണുകൾക്ക് ലോകത്തിന്റെ മാറ്റത്തെ തടയുകയെന്നു മാത്രമാണെന്ന്‌ ശിശുപാലൻ ചിന്തിച്ചു.പക്ഷെ ലീലയുടെ ആ നോട്ടവും ജനക്കൂട്ടത്തിന്റെ കൂവലും അയാളുടെ തലയ്‌ക്കുള്ളിൽ മാറ്റമില്ലാതെയുണ്ടായിരുന്നു.ആരും തിരിച്ചറിയരുതെന്നാഗ്രഹിച്ചു. എന്നിട്ടും നാടിനെ മുഴുവനായിട്ടൊന്നു കാണാൻ കുന്നോളം വളർന്ന ആ കെട്ടിടത്തിന്റെ ഉച്ചിയിലേക്ക് കയറിപ്പോയി.മുകളിലെ നിലയിലെ ബാർബർ ഷോപ്പിന്റെ വാതിലിൽ മുട്ടി നിന്നു. ശീതീകരിച്ച മുറി,ചുവരിലെ ചിത്രത്തലമാതൃകകളും അജ്ഞാതം. ജാലകത്തിലൂടെ നാടിനെ നോക്കി, പച്ചപ്പിൽ നിറനരവീഴ്‌ത്തി കെട്ടിടക്കുന്നുകൾ.വളരെ നേരം തന്റെ വീട് തിരഞ്ഞു.പുഴയുടെ ഇരുകരകളിൽ പ്രണയത്തോടെ മുഖന്നോക്കിയിരിക്കുന്ന രണ്ട് വീടുകൾ,ലീലയുടെ മഞ്ഞ, ആകാശ നീലയെപ്പുതച്ച തന്റെ വീട്.ദൂരെ മെലിഞ്ഞുണങ്ങിയ പുഴകണ്ടു. ബാർബർ അയാളെ തൊട്ടുവിളിച്ചു.കറങ്ങുന്ന കസേരയിൽ കൗതുകമുള്ള കുട്ടിയായി വന്നിരുന്നു.. 
          മൊട്ടയായോർമകളിൽ നിന്നും ഇന്നത്തെ ബാർബറുടെ നിലയെത്ര മാറിയെന്ന് മുന്നിൽ നിരത്തിവ ക്ലാസെടുത്തു. മുടിമുറിപ്പന്റെ ജന്മാവകാശച്ചിരി ബാക്കിയുണ്ട്. ബാർബർ ആവർത്തിച്ച് പലതും ചോദിച്ചു. ഉള്ളിൽ വാക്കുകൾ ഉറഞ്ഞുപോയിരിക്കുന്നു.തടവറയിലെ നാളുകളിൽ ശിശുപാലൻ ഉല്പാദിപ്പിച്ച വാക്കുകൾക്ക് ഒരു മിനിക്കഥയുടെ വലിപ്പമേയുള്ളൂ.മുഖത്തെ നിശബ്ദത വായിച്ച ബാർബർ അയാൾക്ക് നീട്ടിയ പുസ്തകത്തിൽ മൗനികളായ ആയിരക്കണക്കിന് തലകൾ. ശിശുപാലന്റെ വിരലുകൾ ആ തലകൾ കയറിയിറങ്ങി..
        "പ്രിയപ്പെട്ട ക്ഷുരക യുവാവേ കഴിഞ്ഞ ഏറെ വർഷങ്ങൾ തടവറയിലായിരുന്ന എന്നിലെ  ഭൂതകാലത്തിന്റെ ഏതെങ്കിലുമൊരു നിഴൽ പുറത്തെടുക്കാൻ തനിക്കാകുമോ?" ഉള്ളിൽ തിരിയിട്ട പ്രാർത്ഥനയുടെ ലാവ ഉരുകിയെങ്കിലും, വാക്കുകളായി പൊട്ടിപ്പുറത്തു വന്നില്ല.കണ്ണുകൾ നിറഞ്ഞൊഴുകി. ഊമരായ തലകളിൽ ഒന്നാണോ താനും.? പരിഹാസഭാവമുള്ള ചിത്രത്തലകളിലേക്ക് തുള്ളികൾ വീണു. ബാർബർക്ക് മനസലിഞ്ഞു. കണ്ണീർ വാർത്തു. മുഖം പിടിച്ചുയർത്തി. നിമിഷനേരം അയാൾ ധ്യാനത്തിലേക്ക് വീണു.തുറന്ന കണ്ണുകളിൽ വലിയ വെളിച്ചം.തമ്മിൽ ചിരിച്ചു. ശിശുപാലന് ആ ചിരി വളരെ പരിചിതമായിത്തോന്നി.അല്ല, ആ ചിരി തന്റെ ആരോ ആണ്.
          ബാർബർ ശില്പിയായി, വിരലുകൾക്ക് മാന്ത്രിക വേഗം. മുറിഞ്ഞു വീഴുന്ന ഭൂതകാലം. 
പിൻനടത്തത്തിന്റെ ചുവടുകൾക്ക് കത്രികയുടെ പശ്ചാത്തലസംഗീതം.ഉറക്കം ശിശുപാലനെ അമർത്തി ചുംബിച്ചു..
    കവലയിൽ ആലിന്റെ ചുവട്ടിലെ നളന്ദ, ബിരുദക്ലാസ് മുറിയിലെ ലീല.കൂന്തൽ വാദത്തിന്റെ പ്രവേശകം.'മണിപ്രവാളത്തിൽ കൂന്തൽ കുഴൽ കൊങ്ക ഇത്യാദി പദങ്ങൾ കാണുന്നില്ലേ..?' ചർച്ച തുടങ്ങുമ്പോൾ ലീലയുടെ മുഖത്തുപടരുന്ന നാണം ക്ലാസിലെ നൂറ്റിച്ചില്വാനം കണ്ണുകൾക്ക് പിടികൊടുക്കാതെ കാണണമെന്ന്  ശിശുപാലനാഗ്രഹിച്ചു. മുഖത്ത് ചിരിയൂറി വന്നു.
        അടുപ്പിന്റെ മുന്നിലെ മനോരാജ്യത്തിൽ നിന്നുണർന്ന അയാൾ അമ്മയെ കുളിപ്പിക്കാനുള്ള വെള്ളത്തിന്റെ തിളനിലനോക്കി.തളർന്നുപോയ ആ ശരീരം ഈ ചൂട് താങ്ങില്ല.എന്തെങ്കിലും പിഴവ് പറ്റിയാലും പരിഭവിക്കില്ല.നാല്പതുകാരന്റെ മുന്നിൽ കുളിക്കാനായികിടക്കുന്ന ഒരമ്മ. തലതുവർത്തുമ്പോഴും തോരാത്ത അവരുടെ കണ്ണുകൾ. മകന്റെ ആശ്വസിപ്പിക്കുന്ന ചിരി. ചീകുന്ന കൂന്തലിൽ കുരുങ്ങുന്ന ചീർപ്പ്, സ്നേഹ ശാസന, നെറ്റിയിലെ ചുംബനം,ഒരുക്കുമ്പോൾ അമ്മയുടെ നാണം. ആവർത്തിക്കുന്ന ചിത്രങ്ങൾ..
            അല്പം തണുത്തത് ചേർക്കാൻ കിണറ്റിലേക്ക് പോകുന്ന വഴി ആ മുറിയിലേക്ക് നോക്കാതിരുന്നെങ്കിൽ ശിശുപാലന് ലീലയെ നഷ്ടമാകുമായിരുന്നില്ല.വല്ലാത്ത ജീവപര്യന്തനോവ്.
        ബീഡിപോലും കൈക്കൂലിയായി കരുതുന്ന പാറാവുകാരന്റെ ദയയിൽ ശിശുപാലൻ തടവറയുടെ തണുപ്പിലിരുന്ന് മൂന്നു കത്തുകളെഴുതി.ഓരോന്നിനും ആറുമാസത്തെ ഇടവേളകൾ. ഒന്നാമത്തേത്  ലീലക്കെഴുതിയത്.വെറും ഒറ്റവരിച്ചോദ്യം " പ്രിയപ്പെട്ട വേളകളിൽ നിന്നോട് മടിച്ചവ മറ്റാരോടെങ്കിലും പിടിച്ചുവാങ്ങുമെന്ന് കരുതുന്നുവോ.?" മൂന്നാമത് അച്ഛനുള്ളതിൽ മൂർച്ചയുള്ള രണ്ടു വരികൾ. "മാതൃഹത്യയോളം വലുതല്ല, പിതൃഹത്യ.പകയുള്ള ആയുധമായി നിങ്ങളിലേക്കു വരും" ഈ കത്തുകൾക്കിടയിൽ സുഹൃത്തായ ചരിത്രദ്ധ്യാപകനെഴുതിയ രഹസ്യസ്വഭാവമുള്ള കത്ത് പാറാവുകാരന്റെ കാക്കികീശയിൽ മറവിബാധിച്ചു കിടന്നുപോവുകയും, അലക്കുകാരിയും പാറാവുകാരന്റെ കാമുകിയുമായ ഒരുവൾ അതു കണ്ടെടുത്ത് വായിക്കാൻ ഇടവരുകയും, കഥാനായകനുണ്ടായ ദുരന്തമോർത്ത് അലക്കുകല്ലിലിരുന്ന് നെടുവീർപ്പിടുകയുമുണ്ടായി..
        വാരാന്ത്യത്തിലെ പതിവുകാരനായ പാറാവുകാരനെ അലക്കുകാരി ആ തവണ അക്ഷമയോടെ കാത്തിരുന്നു.ശയനശേഷമുള്ള ദീർഘ ചുംബനത്തിന്റെ ഇടവേളയിൽ കത്തിന്റെ ഇതിവൃത്തം അവർ തമ്മിൽ സംസാരിക്കുന്നത് ദാമ്പത്യത്തിന്റെ നിസാരതയിൽ പലായനം ചെയ്തവനും,  പൂർവ്വാശ്രമത്തിൽ അലക്കുകാരിയുടെ ഭർത്താവുമായിരുന്നവൻ ഇങ്ങനെ കേട്ടു..
അല:"നിങ്ങളുടെ തടവറയിൽ ഒരു നിരപരാധിയുണ്ട്..?"
പാറാ:"അതാര്..?"
അല:"മാതൃഹത്യയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ശിശുപാലൻ."
പാറാ:"അതെങ്ങനെ നീ അറിയും..?"
അല:" വിഴുപ്പിന്റെയൊപ്പം അവന്റെ കത്തുണ്ടായിരുന്നു.."
പാറാ:"നീയതിൽ എന്തെന്ന് വായിച്ചു..?"
അല:"ദീർഘമാണ്."
പാറാ:"പുലരിവരാൻ ഇനിയുമുണ്ടല്ലോ."
അല:"ശിശുപാലൻ കിണറ്റിലെ വെള്ളമെടുക്കാൻ നടക്കുമ്പോൾ കുളിപ്പിക്കാനായി വിവസ്ത്രയാക്കിയിരുന്ന അമ്മയുടെ നെഞ്ചിൽപ്പിടിച്ചിരുന്നു തുള്ളുന്ന അച്ഛനെ കണ്ടു. തളർച്ച ബാധിക്കാത്ത ഇടതുകൈ ഉയർത്തിപ്പിടിച്ച അമ്മയുടെ മുരൾച്ച കേട്ട് പാഞ്ഞു ചെന്ന് അയാളെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.നിലത്ത് വീണ അച്ഛന്റെ കഴുത്തിൽ കൈ അമർത്തുമ്പോഴാണ് അമ്മയുടെ കൈക്കുള്ളിൽ ശിശുപാലന്റെ മുടി അകപ്പെട്ടത്.പിതാവിനു വേണ്ടി മകനോട് കയർത്ത അമ്മയെ തട്ടിമാറ്റി ശിശുപാലൻ അന്ന് നളന്ദയിലേക്ക് പോയതാണ്. ബാക്കിയെല്ലാം ആ ദ്രോഹിയുടെ കളളസാക്ഷ്യമായിരുന്നു.ശിശുപാലന്റെ മുറിയിൽ നിന്നു കിട്ടിയ കഞ്ചാവ്‌ ബീഡിയുടെ കാര്യവും കവിതാ രോഗവും ലീലക്കും അറിവുള്ളതാണ്.കഞ്ചാവിന്റെ  ലഹരിയിൽ മകൻ മാതാവിനെ ബലാത്സംഗത്തിന്.എന്നായിരുന്നല്ലോ വാർത്തകൾ. ഞാനും അതുകേട്ട് കാർക്കിച്ചു തുപ്പിയിരുന്നു. മകനുണ്ടാകാതിരിക്കാൻ ആഗ്രഹിച്ചിരുന്നു.ശിശുപാലനെപ്പോലൊരു മകനെ തരാൻ കഴിയുമോ..? ചരിത്രബോധമുള്ള  സുഹൃത്തുവഴി ലീലയെമാത്രം സത്യമറിയിക്കുകയായിരുന്നു കത്തിന്റെ ലക്ഷ്യം. പ്രിയ കാവൽപ്രണയമേ നീ അതിനെ..."
         അലക്കുകാരിക്ക് പൂർത്തിയാക്കാൻ കഴിയാതെ കഥയവസാനിപ്പിച്ചപ്പോൾ വീടിന്റെ ചുവരുകളിരുപുറവും കരച്ചിലുയർന്നു. പാരാവുകാരൻ കുറ്റബോധത്താൽ അവളുടെ  നെഞ്ചിലേക്ക് ചാഞ്ഞുവീണു.വീടിനുപുറത്തെ സർവ്വസംഗപരിത്യാഗി ലീലയെക്കണ്ടെത്തി ശിശുപാലന്റെ നിരപരാധിത്വം ബോധിപ്പിക്കലാണ് ജീവിത ലക്ഷ്യമെന്നുറപ്പിച്ച് രണ്ടാമതും പുറപ്പെട്ടുപോയി..
         ബാർബറുടെ തണുത്ത വിരലുകൾ കണ്ണുകളിൽ തൊട്ടപ്പോൾ ശിശുപാലനുണർന്നു. മുന്നിലെ കണ്ണാടിയിലെ ഭൂതരൂപം കണ്ട്, കാലവും കോലവും തിരികെത്തരുന്ന മാന്ത്രികനാണ് തനിക്കു മുന്നില്ലെന്നു ചിന്തിച്ചു. യുവാവായ ബാർബറെ ചേർത്തുനിർത്തി,നെറ്റിയിൽ തുരുതുരെ ചുംബിച്ചു. സമീപകാലത്ത്  അന്തരിച്ചു പോയ പിതാവ്, ശങ്കുണ്ണിയെ ഓർക്കുകയാൽ സലൂണ്‌ ഉള്ളിൽ താഴിട്ട്, ആ യുവാവ് ദീർഘനേരം കരഞ്ഞു. എന്നാൽ ശങ്കുണ്ണിയും ശിശുപാലനും തമ്മിൽ വിപ്ലവകരമായ ഒരു ചുംബനത്തിന്റെ ബന്ധമുണ്ടായിരുന്നത് രണ്ടുപേർക്കും  വെളിപ്പെടാൻ സാധ്യതയില്ലാത്ത ചരിത്രമാണ്.അതിവിടെ പറയുന്നത് ഔചിത്യമുണ്ടോ.?.കഥയ്ക്കു വെളിപ്പെടുത്താൻ കഴിയാത്ത ചിലതും ജീവിതത്തിനുണ്ടല്ലോ.?.
         വെറുമൊരു അപ്പൂപ്പൻ താടി പകരമായി നൽകി ബാലനായ ശിശുപാലന്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കണമെന്നാഗ്രഹിക്കാൻ അന്ന് യുവാവായിരുന്ന ശങ്കുണ്ണിക്കാകുമായിരുന്നോ..? എതിർപ്പൊന്നും കൂടാതെ കണ്ണടച്ചു നിന്ന ശിശുപാലന്റെ ഉള്ളിൽ ശങ്കുണ്ണിയാശാൻ ആരാധ്യപുരുഷനായി ഏറെക്കാലങ്ങൾ നില്കുമായിരുന്നോ.? ശങ്കുണ്ണിയാശാന്റെ വിവാഹനാളിൽ കുന്നിന്റെ മുകളിലേക്ക് തൂങ്ങിമരിക്കാൻ തയാറെടുത്ത കുട്ടിയെ ശിശുപാലനും മറക്കാനാകുമോ.? കഥകൾക്കിനിയും കയറിച്ചെന്നിരിക്കാൻ കഴിയാത്ത ശ്രീലകങ്ങളുണ്ട് ജീവിതത്തിലെന്ന് ഇതിനാൽ നിങ്ങൾക്കും സമ്മതിക്കുകയല്ലാതെ തരമില്ല..
      പെറ്റെഴുന്നേറ്റ പെണ്ണായി നിന്ന വീട് മടങ്ങിവന്ന പുത്രനോട് ചിരിച്ചു.ശിശുപാലന്റെ ഉള്ളിലെ ചിത്രം മരണം കാത്തിരിക്കുന്ന  വൃദ്ധചുളിവുകളായിരുന്നു. മുഖം മറന്നു തുടങ്ങിയ ഒരു ചിരി ചുണ്ടുകളിൽ നിന്നും ആയാസത്തോടെ പുറത്തിറങ്ങിവരാനാഗ്രഹിച്ചു.വീടിന്റെ വിതുമ്പലായി അമ്മയുടെ തയ്യൽമെഷീന്റെ തരാട്ട് പടിയിൽ നിന്നേ കേട്ടു.സ്വപ്നമാകാമെന്നു കരുതി വാതിലിൽ അല്പനേരം നിന്നു.പുറത്തേക്ക് അത്ഭുതത്തോടെ തല നീട്ടിയ ഒരു കൊലുസിന്റെ കിലുക്കം അകത്തെ ഇരുട്ടിലേക്ക് ചിതറിത്തെറിച്ചോടിപ്പോയി.ഒരു ഡയറിയും പഴക്കമുള്ള ആ ഇരുവരി കത്തും നീട്ടിപ്പിടിച്ചു നിന്ന സ്ത്രീയുടെ പിന്നിൽ ആ കൊലുസുകാരിയും പതുങ്ങി നിന്നു. അഭിനയിച്ചു‌ പഴക്കമുള്ള നാടകത്തിന്റെ ക്ളൈമാസിലെന്നപോലെ സഞ്ചിയുമായി ഇറങ്ങി നടന്ന സ്ത്രീയുടെ പിന്നാലെ ഇളകുന്ന കൊലസും നടന്നുപോകുന്നു.അവളുടെ നെഞ്ചിൽ ചേർത്തു വച്ചിരുന്ന അച്ഛന്റെ ചിത്രത്തിൽ ശിശുപാലൻ അത്ഭുതത്തോടെ നോക്കി.തിരിഞ്ഞു നോക്കുന്ന കൊലുസിന്റെ ചിരിക്ക് ഭൂതകാലത്തിനോട് സാമ്യമുണ്ടോ...?
       അസ്തമയത്തിന്റെ ദിക്കിൽ അവരുടെ രൂപം കറുത്തപൊട്ടുകൾ മാത്രമായി.വാതിലിൽ അകത്തും പുറത്തുമല്ലാതെ ശിശുപാലൻ കിടന്നു.തല ഉള്ളിലും കാലുകൾ പുറത്തേക്കുമെങ്കിലും എവിടേക്കും സ്വാതന്ത്രമായി എഴുന്നേൽക്കാൻ കഴിയുന്ന ആ കിടപ്പിൽ അയാൾക്ക്‌ ഗൂഢമായൊരാനന്ദമുണ്ടായി. ജീവപര്യന്തത്തോട് സ്വാതന്ത്ര്യപ്രതികാരം.
         അമ്മയുടെ തയ്യൽമെഷീനിൽ അതേ താരാട്ട് കേൾപ്പിക്കാൻ കഴിവുള്ള ആ സ്ത്രീ ആരായിരിക്കും?.തന്റെ ചിരി പകുത്ത ആ കുട്ടി അച്ഛന്റെ ചിത്രം ചേർത്തു വച്ചതെന്തിന്..?ലളിതമായ ചോദ്യങ്ങൾക്ക്  ഉത്തരമെഴുതാൻ ശ്രമിച്ചു.പക്ഷെ മൗനം കൊത്തിയെടുത്ത അവരുടെ ഇറങ്ങിപ്പോക്കിന്റെ നാനാർത്ഥങ്ങൾക്ക് ഉത്തരം മുട്ടി.രണ്ടാനമ്മ, സഹോദരിയെന്നെല്ലാം ഉത്തരമായി പൂരിപ്പിച്ചു. വിലയിരുത്തലിന് ഉത്തരക്കടലാസുകൾക്ക് മുന്നിൽ അദ്ധ്യാപകനായി എഴുന്നേറ്റിരുന്നു.മുറ്റത്തേക്ക് നിലാവ് ചരിഞ്ഞ് പെയ്യുന്നു.ചെവിയുടെ പിന്നിൽ മുറിച്ചിട്ട രോമങ്ങളിലൊന്ന് പുഴയിലേക്ക് പോകണമെന്നോർമ്മിപ്പിച്ചു..
              മറുകരയിൽ ലീലയുടെ വീടിന്റെ പിന്നിലെ വെളിച്ചം കെടുത്തിയിട്ടില്ല.ഒന്നിച്ചിരിക്കാനും മിണ്ടാനും പാകത്തിന് അന്നൊക്കെ ആ വിളക്ക്  കെടുത്താറുണ്ട്. ആറ്റിലേക്ക് നീണ്ടിറങ്ങി വരുന്ന വെളിച്ചത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയുടെ കൈവഴിയായി ഒഴുകുന്നത് ലീലയാണെന്ന്‌ ശിശുപാലന് വിശ്വാസം വന്നില്ല. പുഴ ക്ഷീണിച്ച് അവർക്കിടയിലെ അകലം കുറച്ചിരുന്നു. ലീല  മുട്ടോളമിറങ്ങി മുടിയഴിച്ചിട്ട് ചിരിച്ചു.പുഴയിൽ വീണുകിടന്ന നിലാവ് ഇരട്ടിച്ചു. കഴുത്തറ്റമിറങ്ങി നിന്ന ലീലയുടെ ചുറ്റും കൂന്തൽ സർപ്പക്കളമായി.ശിശുപാലന് ഏറെ നാളുകൾക്ക് ശേഷം വാക്കുകൾ മുളപൊട്ടി.. ചിരിയുടെ ലാവയിൽ ചിലത് ഒഴുകി വന്നു..
"വരുമെന്നറിഞ്ഞുവോ..?"
" ഈ കരയിലൊരിക്കൽ കാണണമെന്ന പ്രാർത്ഥനയേയുണ്ടായിരുന്നുള്ളൂ"
"സുഖമാണോ"
"തോക്കും പാറാവുമില്ലെങ്കിലും കഠിനതടവായിരുന്നു" ഒരു കോലാൻ മത്സ്യം കരയിലേക്ക് ചാടി, ഒന്നുരണ്ട് വട്ടം പിടഞ്ഞ് വെള്ളത്തിലേക്ക് പോയി.
"കത്ത് ?"
"കാഷായധാരിയായ ഒരാൾ വന്നിരുന്നു"
      കരയിലേക്ക് കയറിയ ലീലയുടെ മുടിയിൽ കെട്ടിപ്പിടിച്ചിരിക്കാൻ കൊതിച്ച പുഴക്കുട്ടികൾ ഇറ്റു വീഴുന്നത് ശിശുപാലൻ കൗതുകത്തോടെ കണ്ടു.അയാൾക്കുള്ളിൽ വാക്കോളമുണ്ടായി. ലീല വളരെ വേഗം നടന്നുപോയി. വീടിന്റെ വാതിൽ കരച്ചിലോടെ അടഞ്ഞു.പിൻവിളക്ക്‌ കെട്ടു. നിലാവും മങ്ങി.പുഴയുടെ മടിയിലെത്ര കിടന്നിട്ടും ശിശുപാലന് തണുപ്പുതോന്നിയില്ല.വീട്ടിലേക്ക് നടക്കുമ്പോൾ കാൽ വിരലിലൊരു തണുപ്പ് ജനിച്ചു. നനവോടെ അമ്മയുടെ കട്ടിലിൽ കിടന്നു.തണുപ്പ് മുട്ടോളം വളർന്നു. തയ്യൽമെഷീൻ താരാട്ട് പാടി.അമ്മയോർമ്മകൾ ശിശുപാലന്റെ തലമുടിയിൽ കോർത്തുവലിച്ചു. ഉള്ളിൽ വീണ്ടുമൊരു ചോദ്യാവലിയുണ്ടായി..
        തളരാത്ത ഇടതുകൈ നീണ്ടുവന്നത് ആരെ രക്ഷിക്കാനായിരുന്നു..? അമ്മയുടെ കൂറ് ഭർത്താവിനോടോ മകനോടോ..?  ഉടലുവീഴുംവരെയുള്ള വാസന ജന്തുക്കൾക്ക്..? ഉള്ളിൽ ഉത്തരക്കടലാസ് നിവർത്തിവച്ചു.തണുപ്പ് കഴുത്തറ്റം വളർന്നു.അമ്മയുടെ കൈ മുരണ്ടുവന്ന് കൊളുത്തിവലിച്ചു.തട്ടിയെറിഞ്ഞ് പുറത്തേക്കിറങ്ങിയോടി..
           മണിപ്രവാളത്തിൽ ചോള ഭാഷയുണ്ടോ..? കൂന്തൽ കുഴൽ ഇത്യാദി പദങ്ങൾ..? നിലാവിലൂടെ നളന്ദയുടെ ശബ്ദത്തിലേക്ക് ശിശുപാലൻ നടന്നുകയറി.ഈറനോടെ ക്ലാസ് മുറി നിറഞ്ഞു കിടക്കുന്ന ലീലയുടെ കൂന്തൽ.ചിരിയും നിലാവും. മറ്റുള്ള കണ്ണുകളെ വെട്ടിച്ച് അയാൾ അവളെമാത്രം നോക്കി..                  
                             *"കുളിച്ചു കൂന്തൽപുറയും തുവർത്തി-
                                 ക്കുളുർക്കെ നോക്കിപ്പുനരെമ്മുളാരെ
                                 ഒരുത്തി പോനാളധുനമണൻമേ
                                 ലവൾക്കുപോലങ്ങിനിയെങ്ങൾ ചേത:"
       ശിശുപാലൻ കറുത്ത ചുവരിൽ കൂന്തൽവാദമെന്നെഴുതി അടിവരയിട്ടു. പറമ്പിലെ മരങ്ങൾ അനുസരണയോടെ തലയാട്ടി.കണ്ണെടുക്കാതെയിരുന്ന ലീലയെ നോക്കി കൂന്തൽവാദ *കാരിക പലതവണ ഉറക്കെപ്പാടി.ഉറങ്ങിപ്പോയ പുഴയെ ചൂണ്ടിക്കാട്ടി കളിയാക്കിച്ചിരിച്ചു. കൂട്ടുകാരിയോട് ചിരിച്ച ചന്ദ്രനെ എഴുന്നേല്പിച്ചു നിർത്തി ചോദ്യം ചെയ്തു.നക്ഷത്രത്തിന്റെ ചെവിയിൽ കിഴുക്കി.ഒരു സിനിമാപ്പാട്ടിന്റെ ചൂളമടിച്ച കാറ്റിനെയിറക്കിവിട്ടു.ഇങ്ങനെ ക്ലാസ്സാകെ അന്തിച്ചിരിക്കുമ്പോൾ നമ്മടെ ശിശുപാലൻസാറിനിതെന്തുപറ്റിയെന്ന ഭാവത്തിൽ ലീലയുടെ വീടിന്റെ പിന്നിലെ വിളക്കു തെളിഞ്ഞു.!

1. ലീലാതിലകം എന്ന വ്യാകരണ ഗ്രന്ഥത്തിലെ മണിപ്രവാളത്തിൽ തമിഴ് കളർന്നിട്ടുണ്ടോ എന്ന ഭാഷാശാസ്ത്ര തർക്കം. കൂന്തൽ എന്ന വാക്കിന്റെ പിൻ ബലത്തിലയിരുന്നതിനാൽ കൂന്തൽ വാദമെന്നറിയപെടുന്നു.
2.ലീലാതിലകം ശ്ലോകം. 
         കുളിച്ചു കേശഭാരവും തുവർത്തി, 
         മനം കുളിപ്പിക്കുമാറ് എന്നെ നോക്കി 
         മണൽപ്പരപ്പിലൂടെ നടന്നു പോയവളെ 
         പിൻതുടർന്ന് എന്റെ മനസ്സെങ്ങോപോയി.
3 കാരിക, ശ്ലോകം

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment