Saturday 25 July 2020

കറുപ്പുയുദ്ധം.

കറുപ്പുയുദ്ധം.

"നമ്മളെ ഇരട്ടക്കുഴല് നീയങ്ങ് മറന്നല്ലേടാ ഇരുട്ടേ ?"റെജി വക്കീലിന്റെ നെഞ്ചിലേക്ക് മണ്ടേല ഉന്നം പിടിച്ചു.. 
      "പന്തപ്പള്ളിയിലെ പുൽക്കൂട്ടിന്നെറങ്ങി, സകല വെള്ളക്കാരെയും തീർക്കാനൊള്ള തോക്കൊപ്പിക്കാൻ പട്ടാളത്തിന്റെ വീട്ടിലേക്ക് നീയല്ലേടാ എന്നേം വയലൂളനേം കൊണ്ടോടിയത്.."ഏതു നിമിഷവും മണ്ടേല കാഞ്ചിവലിക്കും.റെജിവക്കീൽ വെടിയേറ്റു വീഴും.     
     വിദ്യാലയ വരാന്തയിൽ ബാല്യകാല സുഹൃത്തുക്കൾ നേരിടുന്ന രംഗത്തോട് അവിടെക്കൂടിയവർക്ക് യാതൊരു താൽപര്യവുമില്ല.റെജിവക്കീലിന്റെ നിറംവച്ചുള്ള തമാശയെ വെടിവച്ചുകൊല്ലാൻ മതിയായ കാരണമായും തോന്നിയിട്ടില്ല.അവർക്കെല്ലാം ഇംഗ്ലീഷ്മീഡിയത്തിലെ വെളുത്ത ടീച്ചറിന്റെ ക്ലാസിലെങ്ങനെയെങ്കിലും മക്കളെയിരുത്തിയാൽ മതി. 
       മലയാളം മീഡിയത്തിന്റെ വരിയിലെ മണ്ടേലയെക്കണ്ട് റെജിവക്കീലിന് ബാല്യകാലം തികട്ടി വന്നു.ചങ്ങാതിയുടെ കൊച്ചിന്റെ കവിളിൽ തൊട്ട് കറുത്തമുത്തിന്റെ പേരു ചോദിച്ചു.'ഒബാമ'യെന്നു കേട്ടപ്പോൾ വരിനിന്നവർക്കൊപ്പം റെജി വക്കീലും ഒരു അശ്ളീലച്ചിരി ഛർദ്ദിച്ചു.ആ ചിരികേട്ട് ഒബാമ ഭയന്നു.മണ്ടേല കൊച്ചിനെ ചേർത്തു നിർത്തി നെറ്റിയിൽ ഉമ്മവച്ചു.
    'നീ അതിനോടൊന്ന് വെളിച്ചത്ത് നിന്ന് ചിരിക്കാൻ പറയെടാ .ഞങ്ങളതിനെയൊന്ന് കാണട്ടെ." പെട്ടെന്നുണ്ടായ സാമൂഹ്യച്ചിരിയാക്രമണം നേരിടാനാണ് പണ്ട് തെമ്മാടിക്കുഴിയിൽ അടക്കംചെയ്തിരുന്ന വിപ്ലവത്തിന്റെ  ഇരട്ടക്കുഴലെടുത്തത്. 
      മണ്ടേലയുടെ വിരലനങ്ങി.ഇരട്ടക്കുഴലിന്റെ ഭൂതഗുഹയിൽ നിന്നും 'ഇരുട്ട്റെജീന്ന്..' വിളിപൊട്ടി. ജീവനുംകൊണ്ടു പാഞ്ഞ റെജിവക്കീൽ പന്തപ്പള്ളിയുടെ ചിതലുതിന്ന പുൽക്കൂട്ടിൽ ആട്ടിടയ വേഷത്തിൽ ഭൂതകാലജാതനായി.കളിമണ്ണിലെ കറുത്ത ക്രിസ്തു അയാളെ നോക്കിച്ചിരിച്ചു.
       ഇരുട്ട്റെജിയും വയലൂളൻ സജിയും മണ്ടേലയും ചങ്ങാതികളും പാരമ്പര്യവാശിയില്ലാത്ത ക്രിസ്ത്യാനികളുമാണ്.കപ്പലോടിവന്ന ബാസാൽ മിഷനിലെ പാതിരികൾ വെളുത്ത പാൽപ്പൊടിയും കറുത്ത വേദപുസ്തകവും ഇവരുടെ പൂർവ്വികർക്ക് വച്ചുനീട്ടി.കർത്താവിൽ പ്രിയ പേരുകളും നൽകി.മണ്ടേലയുടെ ശരിയായ പേര് ഭൂമിയിലാർക്കും വ്യക്തമല്ല.അതിന് മതിയായ രേഖകളുമില്ല. തെങ്ങുകയറ്റക്കാരൻ നെൽസൻ അവന്റെ അപ്പനാണ്.നാട്ടുകാരുടെ കാഴ്‌ച്ചയിൽ അയാളെപ്പോഴും എന്തിന്റെയെങ്കിലും മണ്ടയിലായിരിക്കും.' മണ്ടയിലെ നെൽസൻ' 'നെൻസൻമണ്ടേലയായി'. മകൻ വെറും 'മണ്ടേലയും'.
      ദക്ഷിണാഫ്രിക്കൻ വിപ്ലവവനായകനാരെന്ന 'ഫ്രഞ്ചുവിപ്ലവം' സാറിന്റെ ചോദ്യത്തിന് വെള്ളെലി സുരേഷിന്റെ മോൻ,പിൻ ബെഞ്ചിലെ മൂവർ സംഘത്തെ നോക്കി  തൊടുത്തുവിട്ടത്, അപ്പനു വിളിച്ച വേദനയോടെ മണ്ടേല കേട്ടു.പി.ടി പിരീഡിൽ മൂവർ സംഘം തല്ലുകേസിലെ പ്രതികളായി. വെള്ളെലിയുടെ മോന്റെ നെറ്റിയിൽ നീളത്തിലൊരു തിരുമുറിവും മൂന്നു തുന്നലുമുണ്ടായി.      
      പി ടി എ അംഗവും, പഞ്ചായത്ത് പ്രതിനിധിയുമായ വെള്ളലിസുരേഷിന്റെ പരാതിയുടെ സാധ്യത മുന്നിൽക്കണ്ടുണ്ടായ അടിയന്തര അദ്ധ്യാപകയോഗത്തിലാണ് ക്ലാസിലും കഞ്ഞിപ്പുരയിലും മൂത്രപ്പുരയുടെയുടെ ചുവരിലും തുടങ്ങി, ഒന്നേ പൂജ്യത്തിന് ജയിച്ച ഫുട്‌ബോളിലെത്തിനിൽക്കുന്ന  'ബ്ളാക്ക് ആന്റ് വൈറ്റ്' സംഘർഷത്തിന്റെ സാമൂഹ്യവ്യാപന രഹസ്യങ്ങൾ പുറത്തുവന്നത്. വെള്ളെലിയുടെ മോന്റെ വെളിപ്പെടുത്തലായിരുന്നു ഏറെയും.മൂന്നു തുന്നലിട്ട മുറിവിൽ സഹതാപം പുരട്ടി അവനങ്ങനെ മാപ്പുസാക്ഷിയായി.
     മുപ്പത്തിരണ്ടിൽ പതിനാറു വീതം വോട്ടുകിട്ടിയിട്ടും ഇരുട്ട്റെജിയെത്തഴഞ്ഞ് സായിപ്പ് സണ്ണിയുടെ മോനെ ക്ലാസ് ലീഡറാക്കിയതോടെയാണ് സംഘർഷത്തിന്റെയും ഗൂഡസംഘത്തിന്റെയും തുടക്കം. ഇരട്ട വരയിൽ പകർത്തിയെഴുതിയത് വിലയിരുത്തിയെടുത്ത തീരുമാനമെന്ന കോശിസാറിന്റെ വാദത്തെ,സായിപ്പുസണ്ണിയുടെ മോന്റെ വെളുപ്പും,കൂട്ടുകാരന്റെ മോനെന്ന പദവിയുമാണ് തീരുമാനത്തിന് പിന്നിലെന്ന്  വയലൂളൻ രഹസ്യമായി എതിർത്തു.മണ്ടേലയും അത് അംഗീകരിച്ചു. കോശിസാറും സായിപ്പ് സണ്ണിയും ഒന്നിച്ചിരുന്ന് പുക വലിക്കുന്നത് അവർ കണ്ടിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ്‌ ക്രിസ്തുവിനോട് കണ്ണീർ വാർത്തു..
       ഇരുട്ടിന്റെ ബന്ധുവും അയൽക്കാരിയുമായ സുനന്ദ, സായിപ്പിന്റെ മോന് വോട്ടുചെയ്തതിന് പിന്നിൽ നിറമുള്ള പ്രണയമായിരുന്നു. ഭാവിയിലെ വെളുത്ത കുട്ടികളെ സ്വപ്നം കണ്ട് അവൾ ചുംബന രഹസ്യമായി നൽകിയ  മയിൽപ്പീലിയും നാലുവരി പ്രണയ ലേഖനവും,സായിപ്പിന്റെ മോൻ നിരസിച്ചു.
           'കറുപ്പാന്നേലും നിന്നെക്കാണാൻ എന്നാ ഐശ്വര്യ'  ചാക്കോ സാറിന്റെ മോള് ആശ്വാസം പറഞ്ഞു.
      'വോ നമ്മള് കറുത്തോര് കായില്ലാത്തോര്' സുനന്ദ പിന്നെയും പിന്നെയും വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു..                   
      വായലൂളൻ വാങ്ങിക്കൊടുത്ത ഫെയറാന്റ് ലൗലിയും തേച്ചുകിടന്ന സുനന്ദ സ്വപ്നംകണ്ടത് വെറും നാലാമത്തെ ആഴ്ച്ചയിൽ തനിക്കു വരുന്ന മാറ്റത്തിൽ വാപിളർന്ന് നിൽക്കുന്ന സായിപ്പിന്റെ മോന്റെ മുഖമാണ്.കണ്ണാടിയുടെ മുന്നിൽ ആ മധുരപ്രതികാര സ്വപ്നം അവൾ ആവർത്തിച്ച് ഓർമ്മിക്കാൻ ശ്രമിച്ചു.അഞ്ചുരൂപ പിന്നത്തെ ആഴ്ചകളിൽ പ്രതിസന്ധിയായപ്പോൾ "അതിൽ കൊച്ചുങ്ങടെ ശരീരം അരച്ച് ചേർക്കുന്നതാ പെണ്ണേന്ന്" വയലൂളൻ കണ്ടെത്തി.അന്ന് സുനന്ദ സ്വപ്നം കേട്ടത് വയലൂളന്റെ നാടൻ പാട്ടാണ്.കലോത്‌സവത്തിൽ അവർ നായികാ നായകന്മാരായി നാടകം കളിച്ചു.ഒപ്പനയിലും തിരുവാതിരയിലും സാവിത്രിടീച്ചർ തന്നെ തഴഞ്ഞതിന്റെ കാരണവും സുനന്ദക്കറിയാമായിരുന്നു.മൊഞ്ചത്തിയായി ഒപ്പനയുടെ നടുവിലിരുന്ന മണവാട്ടിയുടെ നേർക്ക് സുനന്ദ കൂകി വിളിച്ചു.തിരുവാതിര കാണാൻ മുന്നിൽ നിന്ന വയലൂളനോട് പിണങ്ങി. 
         "കറുപ്പിന് ഏഴഴകാണ്" 
          "ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിന്" സുനന്ദയുടെ വാദത്തിന് വെള്ളെലിയുടെ മോന്റെ കൗണ്ടറ് കേട്ട് വെള്ളക്കാരും പാതിവെള്ളക്കാരും തലതല്ലിച്ചിരിച്ചു.സുനന്ദ മേശയിൽ തലകുനിച്ചിരുന്നു.നോവുപ്പിലിട്ട രണ്ടുതുള്ളി നിലത്തു വീണ്  അപ്രത്യക്ഷമായി.
          "അളിയാ വെളുക്കാൻ ഒരു വഴിയുണ്ട്" സായിപ്പ് സണ്ണിയെ 'ബ്ളാക്ക് ലിസ്റ്റി'ലുള്ളവർ പ്രതീക്ഷയോടെ നോക്കി.
     "ഒരു നാലു മണിക്ക് വീടിന്റെ പുറത്തിറങ്ങി നിന്നാമതി ഇത്തിരി കഴിയുമ്പോൾ നേരം വെളുക്കും" ക്ലാസിൽ ചിരിയുടെ വേലിയേറ്റം.മണ്ടേല സായിപ്പിന്റെ കഴുത്ത് കരിക്കുപോലെ തിരിച്ചു. സായിപ്പിന്റെ കരച്ചിൽ സ്റ്റാഫ് റൂമിലെ അലാറം കേൾപ്പിച്ചു.ബ്ളാക്ക് ബോർഡിൽ തിരിച്ചു നിർത്തി സകലരും കാണേ.പി ടി സാർ മണ്ടേലയുടെ കരിന്തുടയിൽ ചുവപ്പ് വരയിട്ടു.കറുപ്പിന്റെ വാദങ്ങളിൽ കരയിലെ വലിയ മൃഗമായി കരിവീരന്മാരെ നിരത്തി നിർത്തിയിട്ടും ദേവേന്ദ്രന്റെ വെളുത്ത ഒറ്റയാന്റെ തുമ്പിക്കരത്തിന്റെ പ്രഹരമേറ്റ് തരിപ്പണമായി.  
     ഫ്രഞ്ച് വിപ്ലവം സാറിന്റെ അഫ്രിക്കൻ സമരങ്ങൾ മൂവരെയും ആവേശംകൊള്ളിച്ചു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തിയപ്പോഴും, മണ്ടേലയുടെ ചരിത്രം കേട്ടപ്പോഴും പന്ത മണ്ടേല തലയുയർത്തിയിരുന്നു.നാട്ടിലെ വെള്ളക്കാരെയാകെ പുച്ഛത്തോടെ നോക്കി..
       മലയാളം സാറിന്റെ 'കഥകളിലെ കരിവേഷം' അവർക്കത്ര സുഖിച്ചില്ല.കറുപ്പ് ദുഃഖമാണെന്ന് പറയുന്ന കവിത നാലു മാർക്ക് കിട്ടുമെന്നുറപ്പായിട്ടും മനഃപാഠമാക്കിയില്ല..
       'മണ്ണിൽ തീർക്കുന്നവ വേവിച്ചെടുക്കണം, മനുഷ്യരെ ദൈവം മണ്ണിലല്ലേ ഉണ്ടാക്കിയത്. അങ്ങനെ വേവിച്ചപ്പോൾ കരിഞ്ഞുപോയത് കാപ്പിരികൾ.ശരിക്ക് വേകാത്തത്ത് വെളുപ്പന്മാർ അതല്ലേ അവരു വെയിലത്ത് നമ്മടെ ബീച്ചിൽ നിക്കറിട്ടു കമഴ്ന്ന് കിടക്കുന്നത്.പാകത്തിന് വെന്തതാണ് നമ്മൾ ഇന്ത്യക്കാർ. നമ്മൾ ഭാരതീയർ കറുപ്പുമല്ല വെളുപ്പുമല്ല'സന്ധി സദാചാരം വിളമ്പാൻ വന്ന എച്ച് എമ്മിന്റെ 'ഒണ്ടാക്കിയ കഥോപദേശം' രണ്ട് ടീമിനും സുഖിച്ചില്ല..
    "ത്വക്കിന് നിറം നൽകുന്നത് മെലാനിൻ അല്ലെ..? നിനക്ക് മെലാനിത്തിരി കൂടുതലാ സജീ."  ബയോളജി ടീച്ചറിന്റെ കളിയാക്കലിന് പ്രതികാരമായിട്ട് മൂത്രപ്പുരയുടെ മഞ്ഞച്ചുവരിൽ ടീച്ചറിന്റെ ബയോളജിക്കൽ രൂപം വരച്ചു.നെഞ്ചിന് നേരെ ' അവളുടെ മൊലാനിൻ' എന്നാരോ എഴുതി വച്ചു. കൈയക്ഷരത്തിന് വയലൂളന്റേതുമായി സാമ്യമുണ്ടെന്ന് വെള്ളക്കാർ ആരോപിച്ചു.പി ടി ഏ ഇടപെട്ട് മഞ്ഞനിറം ഇത്തിരി കടുപ്പത്തിൽ അടിച്ചു.പക്ഷെ ഏറെക്കാലം അത് തെളിഞ്ഞു കാണാമായിരുന്നു.
മൂവർ സംഘം മുള്ളിയിറങ്ങിയാൽ ആ ചിത്രത്തിൽ നനവ് പടരും.അടയാളപ്പെടുത്തിയത് തെളിയും.
     പുതിയ യൂണിഫോമിന് 'മോഡലായി' വയലൂളനെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചതിന്റെ ഗുട്ടൻസ് വെള്ളാക്കാർക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല. സരസ്വതി ടീച്ചറിന്റെ ഒരു തമാശയാണ് അതിന്റെ പിന്നിൽ..'കറുത്ത പിള്ളേർക്ക് കൂടെ ചേരുന്നോന്ന് നോക്കണം ഇല്ലെങ്കിൽ ക്ലാസ് ഇരുണ്ട ഭൂഖണ്ഡമാകും'. അതൊന്ന് പരീക്ഷിക്കാൻ വിളിപ്പിച്ച വയലൂളൻ ക്ലാസിലെ 'ഗ്ളാമർ' താരമായി.
      "വെയിലുകൊണ്ടിട്ടാ നമ്മളിങ്ങനെ കറുക്കുന്നത് കസ്തൂരിമഞ്ഞ തേച്ചാൽ വെളുക്കും."  ഇരുട്ടിന്റെ മുഖത്ത് മഞ്ഞളിന്റെ പാട്.. 
      "ഇതിലെന്നാ വെയിലാടാ കൊള്ളുന്നത്" മണ്ടേല തന്റെ നിക്കർ കീഴോട്ടിറക്കി ഒരു നഗ്നസത്യം വെളിപ്പെടുത്തി.മൂവരും വെയിലും ത്വക്കിന്റെ നിറവും തമ്മിലുള്ള ബന്ധത്തിന്റെ ആയുക്തിചിന്തിച്ചു.
       ഇരുട്ടിന്റെ പറമ്പിലെ കരിക്കു വിറ്റ് കിട്ടിയ കാശിന് മൂവരും ഇടവേളയിൽ ഇഞ്ചിസോഡ കുടിച്ചത് തെളിവായി.ലീഡറിന്റെ സഞ്ചിയിൽ നിന്നും സ്റ്റാമ്പിന്റെ പൈസ കളവുപോയി.കറുപ്പ് സർവ്വലൗകിക കള്ളലക്ഷണവും.മണ്ടേല ഒന്നാം പ്രതി, ഇരുട്ടും വയലൂളനും കൂട്ടു പ്രതികൾ. സുനന്ദയൊഴികെ മറ്റാരും അവരെ വിശ്വസിച്ചില്ല.സജികൊടുത്ത പുളിമിഠായി അവളും കഴിച്ചില്ല.      
         നെൽസൻ മണ്ടേലയെ തെങ്ങുചതിച്ചു. അയാൾ തെങ്ങിനെ കൈവിട്ടു പറന്ന് പള്ളിപ്പറമ്പിലെ അത്ര ഭംഗിയില്ലാത്ത കുഴിയിൽ ചെന്നൊളിച്ചിരുന്നു.കൃത്യം പതിനാലിന് ക്ലാസ് രജിസ്റ്ററിൽ ചുവപ്പു നിറത്തിലായ മണ്ടേല പച്ചമനുഷ്യനായി ഇറങ്ങിപ്പോയി.മൂത്രപ്പുരയിൽ "കറുപ്പ് വെറുമൊരു നിറം മാത്രമല്ലെന്ന്" ഉരുണ്ട അക്ഷരത്തിൽ എഴുതിവച്ചിരുന്നത്.എല്ലാ നിറങ്ങളും ചേർന്നതാണ് കറുപ്പെന്ന ഭൗതികശാസ്ത്ര അറിവല്ല.വരാനുള്ള കറുപ്പുയുദ്ധത്തിന്റെ കാഹളമായിരുന്നു.മണ്ടേല വലിയ ഉയരങ്ങളിലിരുന്ന് നാടിനെ പിന്നെയും നഗ്നമായി കണ്ടു.പള്ളി പ്പറമ്പിലെ പുതിയ മണ്ണട്ടിയിലെ കറുത്ത കുരിശിലേക്കു മാത്രം നോക്കാൻ മടിച്ചു. 
      ഈ സംഭവങ്ങളെല്ലാം വെറും നിസ്സാരം.കറുപ്പുയുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പെട്ടെന്നുണ്ടായ കാരണം മറ്റൊന്നായിരുന്നു.തിരുപ്പിറവി വിളിച്ചറിയിച്ച് ക്രിസ്തുമസ് കരോൾ അവസാനിക്കുന്ന രാത്രിയിൽ പള്ളിയിൽ അവതരിപ്പിക്കാനുണ്ടാക്കിയ നാടകവുമായി ബന്ധപ്പെട്ടാണത്.
      പുൽത്തൊട്ടിയിലെ ശിശുവിന് പൊന്നും മൂരും കുന്തുരുക്കവും കാഴ്ച്ചവയ്ക്കാനുള്ള മൂന്നു രാജാക്കന്മാരായി ഒരേ ഉയരമുള്ള ഇരുട്ടും വയലൂളനും മണ്ടേലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണിയേശുവിന്റെ തൊട്ടടുത്ത് അതും സഭയിലെ സകലരും കാണുന്നവിധം നിൽക്കും.ഹെരോദാ രാജാവിന്റെ മൂന്നിലും പുൽക്കൂട്ടിലും അവർക്ക് ഡയലോഗുകൾ ഉണ്ട്. കന്യാമറിയായി ചാക്കോ സാറിന്റെ മോളും.ഗബ്രിയേൽ മാലാഖയായി സുനന്ദ.പക്ഷെ സഭാവികാരിയുടെ തീരുമാനം സംവിധായക വേഷത്തിലെത്തിയ കൊച്ചച്ചൻ തള്ളി.
   രാജാവിന്റെ വേഷമായി അമ്മമാരുടെ മാക്സിയും, കിരീടവും സമ്മാനവും തയാറാക്കി മൂന്നുരാജാക്കന്മാർ ഇടയ  വേഷത്തിൽ പുൽക്കൂട്ടിലെ ഒരു മൂലയിൽ അഭിനയിക്കാതെ നിന്നു. പുൽക്കൂട്ടിൽ കറുത്ത ഒരാടു പോലുമില്ല. നാട്ടുകാരിൽ ഭൂരിഭാഗവും അവരെ കണ്ടില്ല.സദസിലിരുന്ന ഇരുട്ടിന്റെ അമ്മയായ കസ്തൂരി കണ്ണു തുടച്ച് എഴുന്നേറ്റ്‌ പോയതും ആരും പരിഗണിച്ചില്ല.
        "യെഹൂദജനത്തിന്റെ രാജാവായി പിറന്നവൻ എവിടെ..?" 
        "ഞങ്ങൾ രാജ പിറവിയുടെ നക്ഷത്രം കണ്ടു. അത് ഞങ്ങളെ ഇവിടേക്ക് നടത്തി." കോറസ് ഡയലോഗ്‌ അവരുടെ ഉള്ളിൽ നിരാശപ്പെട്ട് കിടന്നലയടിച്ചു.
        സായിപ്പ് സണ്ണിയും, ക്രിസ്ത്യാനിയല്ലാത്ത വെള്ളെലിയുടെ മോനും വേറൊരുത്തനും പൊന്നു തമ്പുരാന്റെ മുന്നിൽ കാഴ്ച്ചകൾ വച്ചു നിന്നു. ജോസഫിന്റെ വേഷത്തിൽ നിന്ന കൊച്ചച്ചനെ നോക്കിയുള്ള മേരിയുടെ ചിരി ഇടയന്മാരുടെ നെഞ്ചിലൂടെ ഒരു വാളുകടത്തി വിട്ടു..
      "പുൽക്കൂട്ടിൽ നിന്ന് ഒരുത്തരും ജീവനോടെ പോകരുത്" തോക്കെടുക്കാൻ പട്ടാളത്തിന്റെ വീട് ലക്ഷ്യമാക്കി അവർ ഓടുമ്പോൾ ഇരുട്ട് ഉറക്കെ വിളിച്ചു പറഞ്ഞു..
       "പുറകിൽ നിൽക്കുന്ന മാലഖാ സുനന്ദയാ.."വയലൂളൻ പ്രണയപ്പെട്ടവളുടെ ജീവനുവേണ്ടി യാചിച്ചു.പട്ടാളത്തിന്റെ വീടിന്റെ വാതിൽ ആ തോക്കാണ്.ബോധംകെട്ടു കിടക്കുന്ന ഒറ്റയാൻ പട്ടാളം വാതിലടയ്ക്കാറില്ല.നാട്ടിലെ ഏതു നിറത്തിലുമുളള കള്ളന്മാർക്കും ആ തോക്കിനെ ഭയമായിരുന്നു.
      പള്ളിമുറ്റത്ത് മറഞ്ഞു നിന്ന് വെള്ളലിയുടെ മോനെ മണ്ടേല ചൂണ്ടിക്കാട്ടി.ആരു വെടി വയ്ക്കും..? ഉന്നം തെറ്റാതെ മാങ്ങ വീഴ്ത്തുന്ന വയലൂളനല്ലാതെ വേറാര്?. വെള്ളലിയുടെ സമീപം നിൽക്കുന്ന സുനന്ദയെക്കണ്ട്.കൊച്ചച്ചന്റെ നെഞ്ചിൽ വയലൂളൻ കാഞ്ചിവലിച്ചു.വെടിക്കെട്ടിനിടയിൽ തോക്കുപൊട്ടിയത് വേറാരും കേട്ടില്ലെങ്കിലും പള്ളിമുറ്റത്തെ കാട്ടത്തിയുടെ നെഞ്ചിൽ ഇപ്പോഴും ആ ഉണ്ടയുണ്ട്. വിറച്ചുവിയർത്ത വയലൂളനെയും താങ്ങിപ്പിടിച്ച് സെമിത്തേരിക്ക് പിന്നിലെ തെമ്മാടിക്കുഴിയിൽ തോക്ക് കുഴിച്ചിട്ടപ്പോഴാണ് മൂന്നാൾക്കും സമാധാനമായത്‌.
     ഉണ്ടയുടെ ക്ഷാമം, ഉന്നം എന്നീ സാങ്കേതിക കാരണങ്ങളാലാണ് പന്ത രാജ്യമാകെ ഇളക്കി മറിക്കുമായിരുന്ന കറുപ്പുയുദ്ധം നടക്കാതെപോയത്.അല്ലെങ്കിൽ കറുത്ത വിപ്ലവം തോക്കിൻ കുഴലിലൂടെ വരുമായിരുന്നു.
      അഡ്മിഷനെടുത്ത് പുറത്തേക്കിറങ്ങിയ റെജി വക്കീൽ, മകളുടെ കൈയിൽപിടിച്ചു.കൈകൾ തമ്മിലുള്ള  ബ്ളാക്ക് ആന്റ് വൈറ്റ് താരതമ്യം നടത്തി.പതിനൊന്നായിരം വിലയുള്ള കുങ്കുമപ്പൂവ് ഭാര്യയുടെ ഗർഭത്തിൽ  കലക്കിയതും.സ്ത്രീധനമിത്തിരി കുറഞ്ഞാലും പെണ്ണ് നിറമുള്ളത്  വേണമെന്ന വാശിയും വിജയിച്ചിരിക്കുന്നു.ഇരുട്ടുള്ള ആ ഭൂതകാലം തനിക്കിനി മറക്കാം.
       വിദ്യാലയത്തിന്റെ പൂന്തോട്ടത്തിന് നടുവിലെ ഒരു കരിങ്കൽപ്പൂവിൽ മണ്ടേല തലകുനിച്ചിരുന്നു. ഒബായുടെ ഇരട്ടക്കുഴൽ  റെജി വക്കീലിന്റെ നെറ്റിയിലേക്ക് കാഞ്ചിവലിച്ചു.
      ഇരുട്ട്റെജി വക്കാലത്തുകൾ വലിച്ചെറിഞ്ഞ് ഉള്ളിൽ കുഴിച്ചിട്ട ഇരട്ടക്കുഴൽ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി...!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment