Thursday 17 September 2020

ക്വസ്‌ട്യൻ ബാങ്ക്..!

കഥ
ക്വസ്‌ട്യൻ ബാങ്ക്..!!
കെ എസ് രതീഷ്‌

     മനുഷ്യശരീരത്തിലെ ഏറ്റവും ലാഭകരമായ അവയവം ഏതാണ്.?പരമാവധി തുകയ്ക്ക് വിൽക്കാൻ കഴിയുന്ന ശരീരഭാഗം.?സഞ്ജീവൻ മാഷ് ചിന്തകൾക്കു മുന്നിൽചോദ്യക്കുഴിയുണ്ടാക്കി.  ഉള്ളെരിക്കുന്ന യാഥാർത്ഥ്യങ്ങളെ മറികടക്കാൻ ഈ രസികൻ മാർഗം പരീക്ഷിച്ചു തുടങ്ങിയിട്ട് മണിക്കൂറുകൾ ആകുന്നതേയുള്ളൂ.കുത്തിയൊലിച്ചുവരുന്ന നോവുകളെല്ലാം ഉത്തരംകെട്ട ആ ചോദ്യക്കയത്തിൽ വറ്റും.അതിനെ ആഴമുള്ളതാക്കാൻ സഞ്ജീവമനസ് പരുക്കൻ വാക്കുകളുടെ മൂർച്ചയിൽ യുക്തിയില്ലാപ്പിടിയിട്ട തൂമ്പകൊണ്ട് ആഞ്ഞാഞ്ഞു കുത്തും.സുരക്ഷിതമായ ഒരു ചോദ്യബാങ്ക് സ്വന്തമാക്കിയ ഭാഷാധ്യാപകനെന്ന നിലയിൽ ആ കിടപ്പിലും സ്വയം അഭിമാനിക്കും.

   അടുപ്പിലെ കലത്തിനുള്ളിൽ വേവിനടവച്ച മുട്ട തിരഞ്ഞ്, ചോറിന്റെ ഉൾച്ചൂടിലേക്ക് തവിയിറക്കി വിടുകയായിരുന്നു ഭാര്യ,ആസിയ.മുട്ടവെന്ത് മഞ്ഞയും വെള്ളയും കണ്ണിലേക്ക് വാങ്ങാനുള്ള കൊതിമൂത്ത് മകൻ നിരഞ്ജൻ ഗ്യാസുകുറ്റിയുടെ മുകളിലിരിപ്പുണ്ട്.സിലിണ്ടർ പൊട്ടിത്തെറിച്ച് വീടും മുഖവും‌ വെന്തുനീറുന്ന വീട്ടമ്മസ്വപ്നം 'ഒഴിഞ്ഞി'ട്ട് മാസങ്ങളായി.ആ ഇരുപ്പ് തീർത്തും സുരക്ഷിതം. ഒറ്റവാക്കിൽ ശാസിക്കാവുന്ന അപകടകരമായ ഒരു ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ല. 
                   
 കാറ്റടർത്തിയിട്ട വിറകുകളൊടിക്കുന്ന 'സാറിന്റെ ഭാര്യയോട്' പുകയടുപ്പയൽക്കാരികൾ തമ്മിൽ പിശുക്കിച്ചിരിച്ചു.മതവേലികൾ പൊളിച്ചോടിയ പ്രണയത്തിന്റെ ബാലൻസ് ഷീറ്റും, സ്വയമറിഞ്ഞ് മുറുക്കിയുടുക്കേണ്ട ബഡ്ജറ്റുമോർത്ത് അവരോടെല്ലാം അവൾ പിണക്കത്തിന്റെ ചുള്ളിമറിച്ചിട്ടു. കലത്തിനുമുകളിലെ പുകമേഘങ്ങളെ മാറ്റി വെള്ളിത്തവിക്കുള്ളിൽ മുട്ടയുദിച്ചു.നിരഞ്ജന്റെ കണ്ണിൽ മുട്ടയിരട്ടിച്ചു.ഇളംചുണ്ടുവിട്ട് ഒരു കൊതിത്തുള്ളി താഴേക്കുപാഞ്ഞു.അതു കണ്ട ആസിയയുടെ ചിരി സഞ്ജീവന്റെ കട്ടിലോളം ചെന്നുനിന്നു.അരക്ക് മുകളിലെ മുറിവിന്റെ പാളത്തിലൂടെ സഞ്ജീവൻ മാഷ് വിരൽവണ്ടിയോടിച്ചു.പേശിയിളകിയ ഒരു ചിരിപോലും പാളത്തിൽ വിള്ളലുണ്ടാക്കും.എന്നിട്ടും അയാളുടെ ചുണ്ടിലും കവിളിലും  ചിരിനിഴലു വന്നു.

    കരൾ മുറിച്ചുനൽകിയതിന് മൂന്നുമാസത്തേക്കാണ് വിശ്രമവിധി.പതിനാലു ദിവസത്തെ പ്രത്യേക നിരീക്ഷണ നാളുകൾ.സന്ദർശകരുടെ നെറ്റിയിൽ ഇനിയും സംശയച്ചുളിവുകളുണ്ട്. അവരുടെ മനസിൽ നിന്നും ആ വാർത്തയും ദൃശ്യങ്ങളും മാഞ്ഞിട്ടുണ്ടാകുമോ.? ഒന്നു ചരിഞ്ഞു കിടന്നിട്ട് സഞ്ജീവൻ മാഷ്, അഞ്ചു പുറത്തിൽ ഉപന്യസിക്കാനുള്ള ഒരു ചോദ്യമുണ്ടാക്കി ആ ചിന്തകളുടെ മുകളിലിട്ടു.
           ഒരാളുടെ ശരീരത്തിൽ എട്ടുപേർക്ക് ജീവൻ നൽകാനുള്ള ഭാഗങ്ങളുണ്ട്. മുപ്പതിലധികം ഭാഗങ്ങൾ മാറ്റിവയ്ക്കാനും കഴിയും. ഓരോന്നിനും രണ്ടുലക്ഷം കണക്കാക്കിയാൽ മൃതശരീരം പോലും എത്രയധികം രൂപയ്ക്ക് വിൽക്കാൻ കഴിയും.?എന്നിട്ടും കത്തിച്ചും കുഴിച്ചിട്ടും കടപ്പെട്ട് പിരിഞ്ഞുപോകുന്ന ഈ മനുഷ്യർ വിഡ്ഢികളല്ലേ..?രാജ്യം ഭരിക്കുന്നവർ ഇതിനെതിരേ ക്രിയാത്മകമായി ചിന്തിക്കാത്തതെന്താണ്..?.

     "വേദനയൊക്കെ മാറിയോ മാഷേ ?"പി ടി എ പ്രസിഡന്റിന്റെ വിസ്താരമുള്ള ചിരിക്കുഴിയിലേക്ക് സഞ്ജീവൻമാഷിന്റെ ചിന്തകൾ ഗതിമാറിയൊഴുകി.എഴുന്നേൽക്കാൻ ശ്രമിക്കുന്നത് തടഞ്ഞിട്ട് പ്രസിഡന്റ് കട്ടിലിന്റെ വശം ചേർന്നിരുന്നു.അടുക്കള വാതിലിന്റെ ഇരുണ്ടപാളിചാരി നിന്ന്
'ഞാൻ നിങ്ങളെ കണ്ട് പ്രസിഡന്റേന്ന ' താളത്തിൽ ആസിയയുടെ ചിരിശ്രമം.പ്രസിഡന്റിന്റെ കൈയിൽ തൂങ്ങിവന്ന തിളക്കമുള്ള കുഞ്ഞുപൊതി നിരഞ്ജനെ നോക്കിച്ചിരിച്ചു.കുട്ടിയുടെ കണ്ണിലെ മുട്ടക്കൊതി മറഞ്ഞ് മിഠായികൾ രൂപപ്പെട്ടു.അതുകണ്ട് പിഞ്ഞാണത്തിലേക്ക് പരിഭവത്തോടെ ഉരുണ്ടുവീണ മുട്ടപ്പുറത്ത് വേരാകൃതിയിൽ മുറിവു പടർന്നു.ഒരു വിടവിലൂടെ ഒരിത്തിരി വിളറിയ മഞ്ഞിപ്പ് പൂത്തിറങ്ങി.

   രാഷ്ട്രീയ വളർച്ചയുടെ ബാലവാടികൾ നൂറായിരം കുട്ടികളുള്ള ഒരു വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ട് പദവിയായിരിക്കും.അവർക്ക് വളർന്നു വളർന്ന് ഒരു രാജ്യത്തിന്റെ പരമാധികാരിയാകുന്ന  സുന്ദരൻ സ്വപ്നമുണ്ടായിരിക്കും.പ്രസിഡന്റിയൻ തൂവെള്ളനിറത്തിന്റെ വിളുമ്പിൽത്തൂങ്ങി സഞ്ജീവൻ മാഷ് മറ്റൊരു വഴിക്ക് മനസ്സിനെ ചിന്തേരിട്ടുനോക്കി.പക്ഷെ പ്രസിഡന്റ് വർത്തമാന വൃത്തത്തിന്റെ ഉള്ളിലെ ആരവും വ്യാസവും കണ്ടു പിടിക്കാൻ മാഷിനെ പിടിച്ചുതള്ളി. 

"അവയവങ്ങള് വിൽക്കാൻ നിന്ന ആ പാവങ്ങള കൂട്ടത്തില് മാഷിനെയും കാണിച്ചപ്പോൾ നമ്മടെ സ്‌കൂളുമുഴുവൻ ഇല്ലാതായിപ്പോയി,ആസിയക്കൊച്ച്‌ പറഞ്ഞല്ലേ കാര്യങ്ങളറിഞ്ഞത്.കൂട്ടുകാരന്റെ കൊച്ചിന് കരളു കൊടുക്കാൻ പോയിട്ടിപ്പോൾ..... എന്നാലും ഒരുമാതിരിയുള്ള വാർത്തയായിപ്പോയി." കീശയിലെ  നാലായി മടക്കിയ കടലാസെടുത്ത് പ്രസിഡന്റെന്തോ ആവേശത്തോടെ എഴുതിത്തുടങ്ങി. 

     സഞ്ജീവൻ മാഷിന്റെ ഓർമ്മകൾ ഒരുമാസം മുമ്പുള്ള ദിവസത്തിന്റെ പുലർച്ചയിൽ അലസമായി പത്രം വായിക്കാനിരുന്നു.

   'ഓ നെഗറ്റീവ് വൃക്കകൾ ആവശ്യമുണ്ട്' പരസ്യക്കോളത്തിലെ പത്തക്കത്തിലേക്ക് സഞ്ജീവൻ മാഷിന്റെ ഒരു വിളി.ഏജന്റിന്റെ മറുപടിയും വിലയുറപ്പിക്കലും വെറും അഞ്ചുമിനിട്ടിന്റെ ദൈർഘ്യമുള്ളത്.സുഹൃത്തിന്റെ മകൾക്ക് 'കരള് പകുത്തു നൽകാനുള്ള' പ്രിയപ്പെട്ടവന്റെ ആഗ്രഹത്തെ ആസിയ പ്രണയവിശ്വാസങ്ങളോടെ ഉമ്മ വച്ചു.അന്ന് പുതപ്പിനുള്ളിൽ  മുറിഞ്ഞുപോകുന്ന തന്റെ കരളിനോട് പറ്റിക്കിടന്നു.അല്ലെങ്കിലും ഒരു മാഷ് കരളു വിൽക്കാൻപോയ വാർത്തയെ പ്രണയപ്പെട്ട പെണ്ണെന്നല്ല ഈ നാട്ടിലാരാണ് അംഗീകരിക്കുക..?. 

   വകുപ്പിലെ ഏതോ ഒരു മേശയിൽ ശമ്പളനുമതിയും കാത്ത്  ജീവനുള്ള ഒരു ഫയൽ കിടക്കുകയും, ആ നാളുകളിലെ നിത്യചെലവിന് കൂട്ടുനിന്ന ട്യൂഷൻ സെന്റർ അണ്വാക്രമണം ഭയന്ന് മുഖംപൊത്തി നിൽക്കുമ്പോൾ, കുടുംബം പട്ടിണിയാകാതിരിക്കാൻ ആരോഗ്യമുള്ള ഏതൊരാളും ഇതൊക്കെ ചിന്തിക്കുമെന്നാണ് എനിക്കു തോന്നുന്നത്.അതിനൊപ്പം സർക്കാർ ജോലിക്കാർ നികുതിപ്പണം ഒന്നോടെ തിന്നുതീർക്കുന്നെന്ന പരദൂഷണവും കേട്ടുകേട്ട്.വർഷങ്ങളായി ശമ്പളം കിട്ടാതെ പണി ചെയ്യുന്നോരെപ്പറ്റി വല്ലോരും ചിന്തിക്കുന്നുണ്ടോ.?അങ്ങനെയെങ്കിൽ നിങ്ങളോട് ഇപ്പോഴുള്ള ഒരു ചോദ്യമിതാണ്, ഒരാൾക്ക് സർക്കാർ ജോലി കിട്ടുകയെന്നത് കൊടുംകുറ്റങ്ങളുടെ പട്ടികയിൽ എത്രാമതാണ്.? 

  "മാഷിനെന്താ അടച്ചിരുന്നാലും മാസാമസോം കിട്ടുന്നുണ്ടല്ലോ.കിറ്റും നോക്കിയിരിക്കണോ?"
വായ്‌പ ചോദിച്ചുവന്നവന്റെ മാസ്‌കിനുള്ളിലെ നെടുവീർപ്പുകൾക്ക് എന്തു മറുപടിയാണ്? മലബാറിൽ മത്തന്റെ ഇലപോലും തോരനും തീയലുമാകുമെന്ന് ആസിയ തിരിച്ചറിഞ്ഞത് ഭാഗ്യം.ഇല തീർന്ന മത്തന്റെ വള്ളിയിലേക്ക് ആസിയയുടെ വക നെടുവീർപ്പ്.

     ഇതൊക്കെയൊരു പുണ്യപ്രവർത്തിയല്ലേ..?ലക്ഷക്കണക്കിന് മനുഷ്യർ കാത്തിരിക്കുമ്പോൾ അഞ്ഞൂറിൽ താഴെയാ മനസറിഞ്ഞോ കാശിനോ ഇതൊക്കെ കൊടുക്കാൻ തയാറാവുന്നത്. മസ്തിഷ്കം മരിച്ച് കിടക്കുന്നവരുടെ കണ്ണും കരളും കിട്ടാൻ ഡോക്റ്റർമാർ കരഞ്ഞു കാലുപിടിച്ചാലും ചെലരൊന്നും സമ്മതിക്കില്ല പിന്നെയാണ്..? ആരേലും കൊടുത്തത് പത്രത്തിൽ കണ്ടാൽ വായിച്ചങ്ങ് സ്തുതിക്കും.ഗതിമുട്ടി ആരെങ്കിലും വിൽക്കാൻ നോക്കിയാലോ  അത് മഹാ അപരാധം.തൂങ്ങി ചത്താൽ കേസില്ല, അതേന്ന് രക്ഷപെട്ടാ കേസാവും ഏതാണ്ട് ഇതുപോലാ. ആവശ്യക്കാർക്ക് സർക്കാരിന്റെ സൈറ്റിലൂടെ കൊടുക്കുമെന്നാണ്.   
കൊടുക്കുന്നോനും വാങ്ങുന്നോനും അവിടെ ചെന്ന് പേര് ചേർക്കണം.പസ്റ്റ് അല്ലാതെന്ത് പറയാൻ.!!

   അതൊന്നുമല്ലല്ലോ, ഏജന്റിന്റെ ആളെന്നും പറഞ്ഞ് വല്ല സിഐഡിപ്പണിക്കും പോകേണ്ട ഒരു പത്രക്കാരി വന്ന് കുശലാന്വേഷണത്തിനിടയിൽ അവർക്ക് പറ്റിയ ഒരു സ്റ്റോറിയാക്കി, ടീവിയിൽ    
കാണിച്ച്, നാട്ടിലാകെ നാണക്കേട് വരുത്തുമെന്നൊക്കെ ആരു കണ്ടു.? അതിലും ഗതികേട് കാശുമായി വന്നവരോട് 'ഇതൊക്കെ ഒരു മനുഷ്യന്റെ പ്രത്യേകിച്ച് അദ്ധ്യാപകരുടെ കടമയല്ലേന്നുള്ള ' ത്യാഗിയൻ ഡയലോഗും വിട്ടേച്ച് വെറും കൈയോടെ പോരേണ്ടിവന്നതാണ്. ഇല്ലെങ്കിൽ വയറും കീറി ഇറങ്ങുമ്പോൾ തടവും പിഴയുമായി പോലീസു വന്നേനെ.അതോടെ ഇതുവരെ ഒന്നുറയ്ക്കാത്ത ആ മാഷുപണിയും ആവിയാകുമായിരുന്നു..

  "മാഷിനിത്രയും ചിന്തിക്കാനെന്തിരിക്കുന്നു."കഴിഞ്ഞനാളുകളിലെ വരൾച്ചയിൽ കുഴിച്ചുകൊണ്ടിരുന്ന സഞ്ജീവൻ മാഷിന്റെ ചിന്തത്തൂമ്പ പ്രസിഡന്റ് പിടിച്ചുവാങ്ങി.
           
  "സഞ്ജീവനി പകർന്ന് സഞ്ജീവൻ മാസ്റ്റർ.നമ്മുടെ വാർത്തയുടെ തലക്കെട്ട് എങ്ങനെയുണ്ട് മാഷേ?" ആസിയ പകർന്നു വച്ച കട്ടൻ പ്രസിഡന്റ് ചുണ്ടിലൊന്ന് മുട്ടിച്ചു.

"ഇങ്ങനെ പാലും പഞ്ചാരയുമിടാതെ നിന്റെ ഭർത്താവിന്റെ ആരോഗ്യം സംരക്ഷിച്ചാ മതി കൊച്ചെ."
പഞ്ചസാരയെടുക്കാൻ അടുക്കളയിലേക്ക് മാറിയ ആസിയ തിരികെ വന്നില്ല.പ്രസിഡണ്ട് കട്ടൻചായ അല്പമുറക്കെ മാറ്റിവച്ചു.കപ്പിന്റെ കരച്ചിൽ അടുക്കളയിൽ നിന്ന ആസിയ കേട്ടു.

" സഞ്ജീവനീന്ന് പറഞ്ഞാൽ സർക്കാരിന്റെ പദ്ധതിയാ.വാർത്തയിൽ വന്നത്  നുണയാണെന്ന് ഈ    നാട്ടുക്കാരൊക്കെ അറിയട്ടെ.ആർക്കെന്ത് തട്ട്കേട് വന്നാലും ചാനലുകാർക്കെന്താ.നാലഞ്ച് പത്രത്തില് ഈ മാറ്റർ വെണ്ടക്കാക്ഷരത്തിൽ നമ്മടെ സ്‌കൂളിന്റെ പേരും ചേർത്ത് വരും.മാനേജര് അതിന്റെ ഏർപ്പാട് ചെയ്തിട്ടുണ്ട്.കവലേൽ പന്ത്രണ്ട് പത്തിന്റെ ഒരു ഫ്ലെക്സും.സ്വീകരണവും സമ്മേളനവും തുടങ്ങി ബാക്കിയെല്ലാം പിന്നീട്.." പ്രസിഡന്റ് പോയിട്ടും ഒരു കവിളളവ് മാത്രം വറ്റിയ കപ്പിൽ നിന്നും നോവാവി ഉയരുന്നുണ്ടായിരുന്നു.ഭൂമിലേറ്റവും സത്യമുള്ള ഒരു വാർത്തയെക്കുറിച്ച് സഞ്ജീവൻ മാഷ് അപ്പോൾ ചിന്തിക്കാൻ തുടങ്ങി.

       " മധുരമിട്ടൊരു ചായയ്ക്കുപോലും."പൂർത്തിയാകാത്ത ആസിയയുടെ വാക്കുകളിൽ കരളുവിറ്റ കാമുകനോടുള്ള കയ്പ്പും സംശയവും പറ്റിനിന്നു.അടുപ്പിലിരുന്നത് ദഹിച്ച ഗന്ധവും  നെടുവീർപ്പും ബാക്കിയാക്കി ആസിയ ഉള്ളിലേക്ക് പോയി.കപ്പിലെ നീരാവി, ഇപ്പോഴുണ്ടാക്കാവുന്ന ഏറ്റവും നല്ല ചോദ്യമെന്തെന്ന് മാഷിന്റെ നേർക്ക് ചോദ്യചിഹ്നമായി.കയ്പ്പ്, പ്രണയം, ദാമ്പത്യം, കരൾ, കളവ് ലക്ഷണമൊത്ത വാക്കുകൾ നിറഞ്ഞുനിന്നിട്ടും ചോദ്യരൂപമാക്കാൻ സഞ്ജീവൻ മാഷിന് കഴിയുന്നില്ല..  
     
   "അത്യാവശ്യമുള്ളതിന് മാത്രം ലിസ്റ്റെഴുതിക്കോളൂ.കവലവരെ ഒന്നു നടന്നു നോക്കട്ടെ." മാഷ് ആസിയ പോയ വഴിയിലേക്ക്‌ വിളിച്ചു പറഞ്ഞു.ഇപ്പോൾ നാട്ടിൽ നടക്കുന്നവരല്ലേ ഭൂരിപക്ഷം?മടക്കിയിട്ട പത്രത്തിൽ അതിരുകളില്ലാതെ നടന്നുപോകുന്ന അതിഥിത്തൊഴിലാളികളുടെ ചിത്രത്തിലേക്ക് സഞ്ജീവൻ മാഷ് അല്പം നേരം നോക്കിയിരുന്നു. ഹേ.! ആകുലചിന്തകളേ പ്രതീക്ഷയുടെ ചെരുപ്പിട്ടവർക്കൊപ്പം നടന്നാൽ നമ്മൾക്ക് നിലവിലെ പ്രതിസന്ധി നിസാരമായി മറികടക്കാം. പുതിയൊരു ഉഗ്രൻ ചോദ്യം ആ സന്ദർഭത്തിൽ നിന്നും വേഗം കുഴിച്ചെടുത്തു.നിരാഹാരനായി ഒരു മനുഷ്യന് തന്റെ കുടുംബത്തിനൊപ്പം നടക്കാൻ കഴിയുന്ന പരമാവധി ദൂരമെത്രയാണ്..? ബോധമുറ്റത്ത് ഒരുപാട് പേർ വിശന്നു നിന്നിട്ടും ഉത്തരം കിട്ടുന്നില്ല.

      മേശയുടെ വലിപ്പിൽ നിന്നും ബൈക്കിന്റെ താക്കോലിനൊപ്പം ആർ.സി ബുക്കുമെടുത്തു. നെഞ്ചോട് ചേർത്ത് കട്ടിലിന്റെ പടിയിൽ ചാരിക്കിടന്നു.പണയപ്പെടാൻ ഇനി ബാക്കിയുള്ളത്.?.
വീടിന്റെയവയവമായ വണ്ടിയാണ്.സ്‌കൂളിലും ട്യൂഷൻ സെന്ററിലും മണിമുഴങ്ങും മുൻപ്, രാത്രി ഏറെ വൈകിയാലും വായനശാലയിൽ നിന്ന്, കുഴഞ്ഞു വീണ നിരഞ്ജനുമായി ആശുപത്രിയിലേക്ക്. ഓർമ്മകൾ ഉരുണ്ടുകൂടിയ ഒരായിരം കിലോമീറ്ററുകൾ അതിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. തട്ടക്കാരിപ്പെണ്ണിനെയുംകൊണ്ട് നൂറ്റിയിരുപത് കിലോമീറ്റർ വേഗത്തിൽ,ആ പെരുന്നാൾ രാത്രിയിൽ പ്രണയത്തിന്റെ ട്രാഫിക്ക് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച്...
  
   "കാറുപോലെയല്ല ദമ്പതികളെ പ്രണയിപ്പിക്കുന്നതിൽ ബൈക്കുകൾക്ക് ഒരു മാജിക്കുണ്ട് " ആസിയ പറഞ്ഞതിലെ കവിത  സഞ്ജീവൻ മാഷിന് വ്യക്തമായിട്ടില്ല.മനുഷ്യരെ വാഹനങ്ങൾ സ്‌നേഹിക്കാറുണ്ടോ.?നിരുപാധികം ഒഴിവാക്കുന്ന സമയത്ത് അവ കരയുമോ.? ഉത്തരത്തിന് ജനാലയിലൂടെ ബൈക്കിന്റെ തിമിരമുള്ള ഒറ്റക്കണ്ണിലേക്ക് നോക്കി.നിരഞ്ജനെയും മുകളിലിരുത്തി    അത് ആന കളിക്കുന്നു.ചരിഞ്ഞ ഒരു വയസൻ ചിരിമാത്രം മറുപടികിട്ടി.

    "പൊറത്തൊരു മാമൻ വന്നു നിൽക്കുന്നുണ്ടേ.." നിരഞ്ജൻ അകത്തേക്ക് വിളിച്ചുകൂകി.മാമനെന്ന വാക്കിന്റെ അരികിലൂടെ മിഠായിയുടെ തേൻ നിലത്തു വീണു.കാശിന് കരളു വിൽക്കാൻ പോയൊരു അച്ഛന്റെ കഥ മകന് ശരിയായി മനസിലാക്കാൻ കഴിയുന്ന പ്രായമെത്രയാണ്?.കട്ടിലിന്റെ പടിയിൽ ചാരി,സഞ്ജീവൻ മാഷ് അവസരത്തിനുചേർന്ന ഒരു ചോദ്യമുണ്ടാക്കി.മുറിവിൽ വിരലുചേർത്ത് തുന്നലുകളിലൂടെ ഉത്തരത്തിലേക്കുള്ള പ്രായമെണ്ണി ഒന്ന്, രണ്ട്, മൂന്ന്..

    ആഗതന്റെ  ചുമ രണ്ടു വട്ടം ഉള്ളിലേക്ക് മുഴങ്ങി.നിരഞ്ജൻ അടുക്കളയുടെ വാതിലിലും കിടപ്പുമുറിയിലും മാറി മാറി വന്നു.പുറത്തേക്ക് പലതവണ ചിരിയെറിഞ്ഞുകൊടുത്തു.ആഗതന്റെ മൂന്നാമത്തെ കാറിച്ച ചുമയിൽ കഫം മുറ്റത്ത് തെറിക്കുന്നത് സഞ്ജീവൻ മാഷ് ഭാവനചെയ്തു.

   അടുക്കളയും അലക്കുകല്ലും കടന്ന വീട്ടാവശ്യങ്ങളുടെ പട്ടിക മെരുക്കൽ ശീലിക്കുന്ന ആസിയ ഇപ്പോൾ പുറത്തുവന്നത് ആരായാലും പരിഗണിക്കില്ലെന്നുറപ്പാണ്.സഞ്ജീവൻ പതിയെ ചുവരുതാങ്ങി പുറത്തേക്കിറങ്ങി.ആഗതനെക്കണ്ട് അസ്വസ്ഥതയോടെ പടിയിൽ തളർന്നിരുന്നു. റോഡിലേക്കും അകത്തേക്കും ഭീതിയോടെ നോക്കി.അല്പം ദൂരെയുള്ള കവലയിൽ നാട്ടുകാർ 'സഞ്ജീവൻ മാഷിന്റെ സഞ്ജീവനി'യുടെ കൂറ്റൻ ഫ്ലെക്‌സുറപ്പിക്കുന്നു.പ്രസിഡന്റിന്റെ  വെളുപ്പൻ തലയെടുപ്പാണ് എല്ലാവർക്കും മുന്നിൽ.

    "നടന്നതൊന്നും കാര്യക്കണ്ട മാഷേ.എന്നെ അന്നേ ഏമാന്മാർ പൊക്കി.കൊണ്ടുപോണവഴിക്ക് അവന്മാർ നല്ലോണം കൈവച്ചു.പിന്നെയാ മാഷിന്റെ കാര്യറിഞ്ഞത്.മാഷന്ന് അങ്ങനെ പറഞ്ഞത്‌ കാര്യമായി. ജാമ്യം ഈസിയായി.ദേ, എന്റെ അഞ്ച് ശതമാനത്തിൽ രണ്ടേ ഞാനെടുക്കണുള്ളു. ബാക്കിമുഴുവനുണ്ട്." പ്രസിഡന്റ് ബാക്കിവച്ച കട്ടൻചായ ദേഷ്യത്തോടെ പുറത്തേക്ക് ഒഴിക്കാൻ തുടങ്ങിയ ആസിയ ആഗതനെ പകയോടെ നോക്കി. 

   "ഇത്തിരി ചൂടുവെള്ളം കിട്ടിയെങ്കിലെന്നിപ്പോ ചിന്തിച്ചതേയുള്ളു." ആഗതൻ അത് പിടിച്ചുവാങ്ങി ഒറ്റവലിക്ക് കുടിച്ചു.കപ്പിനെ സ്നേഹത്തോടെ തലോടി.അജ്ഞാത ഭാഷയിയിലുള്ള ഒരു ചിരി തെറിച്ചുപോയി.

   " നല്ല ചായ, രുചിയൊക്കെ  ഒരാർഭാടമാണല്ലോ?" ആഗതന്റെ തെളിഞ്ഞ ചിരിക്ക്  അവരിൽ മറുപടിയുണ്ടായില്ല.അതേ ചിരിയിൽ അവയവക്കരാറിലെ കണക്കുകൾ ശര്യല്ലേയെന്ന് സൂചിപ്പിച്ച് അയാൾ വേഗത്തിൽ നിരത്തിലേക്ക് മറഞ്ഞു.

     സഞ്ജീവൻ മാഷിനു മുന്നിൽ ഏജന്റ് 'മുറിച്ചു'വച്ചിരുന്ന പണപ്പൊതിലേക്ക് ആസിയയുടെ നോട്ടം ചില നിമിഷങ്ങൾ തറച്ചുനിന്നു.നിരഞ്ജന്റെ വിരൽ കൗതുകമുളള കൊതിമൂത്ത് പൊതിയിൽ കുത്തി നോക്കിയിട്ട് 'അതെന്താണെന്ന' ഭാവത്തിൽ അച്ഛനെ കെട്ടിപ്പിടിച്ചു.

    സഞ്ജീവൻ മാഷിന് അരയ്ക്കു മുകളിലെ പാളത്തിലൂടെ നോവിന്റെ വണ്ടി ചൂളം വിളിച്ചുപാഞ്ഞു. നെറ്റിയിലും  വേദനവണ്ടിക്ക് കടന്നു പോകാൻ ഇരട്ടവരി പാളമുണ്ടായി.മഞ്ഞപ്പൂപ്പൊട്ടിവിരിഞ്ഞ മുട്ടയും അരികിൽ വച്ച് വിതുമ്പലിന്റെ താളത്തിൽ ആസിയ കിടപ്പു മുറിയിലെ ഇരുട്ടിലേക്ക് പ്രണയം മുറിഞ്ഞൊഴുകി.

     എത്രയും വേഗമൊരു പലായനചോദ്യമുണ്ടാക്കാൻ സഞ്ജീവൻ മാഷ് ഉള്ളിലെ നനവിൽ ആഞ്ഞു കുഴിക്കാൻ തുടങ്ങി.മനുഷ്യരുടെ  പ്രണയം മുറിഞ്ഞു പോകുന്നത് ഏതവയവത്തിലൂടെയാണ്..?.!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment