Friday 18 September 2020

അവതാരിക. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

                                             ജന്തുവാസനകളുടെ കഥകൾ.
                                                                          ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

   ഏതു ഭാഷയിലായാലും സാഹിത്യത്തെ വ്യാഖ്യാനിക്കുക അത്ര എളുപ്പമല്ലെന്നാണ് വ്യക്തിപരമായി ഇതെഴുന്നയാൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം, സാഹിത്യം തന്നെ ഒരു സൂക്ഷ്‌മവ്യാഖ്യാന സമസ്യയാണ്.അതിലെ സ്ഥലകാലങ്ങൾ, സംഭവവിതാനങ്ങൾ,സംഘടനയുടെ തിരഞ്ഞെടുപ്പ്, വാക്യ ശൈലിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ എഴുത്തുകാരുടെ ഉപബോധങ്ങളും ചിലപ്പോൾ അബോധങ്ങളും നിർണയിക്കുന്നു.കഥകേൾക്കാനും അറിയാനുമുള്ള ത്വരയാകട്ടെ, മനുഷ്യവംശാവലിയുടെ തുടർപ്രക്രിയയുമാണ്."You are never going to kill story telling, because it's built in the human plan we come with it"എന്ന് കാനഡയിൽ ഇന്നു ജീവിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ്‌സ് (Margret Atwoods) പറയുന്നുണ്ട്..

    കഥ പറച്ചിലിന്റെയും കേൾക്കലിന്റെയും ജനിതകവാസനയെപ്പറ്റിയുള്ള മനുഷ്യകുലഘടനയെ ഇത് സാക്ഷ്യപ്പെടുത്തുന്നു.അപരജീവിതത്തെ എത്തി നോക്കാനുള്ള പ്രവണതയാണത്.അഥവാ, അപരജീവിതത്തെ പുനർനിർമ്മിക്കാനുള്ള വാസനകൂടിയാണ്.ജന്തുവാസനയിൽ നിന്നും ഉയർന്ന് അത് ഭാഷയിലൂടെ കഥയിലൂടെ കാര്യമുണ്ടാക്കുകയോ കാര്യത്തിലൂടെ കഥയുണ്ടാക്കുകയോ ചെയ്യുന്നു. ചിലപ്പോൾ തന്നെക്കൂടി പുനർനിർമ്മിച്ച് നൽകുന്നു.ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന് യാഥാർത്ഥ്യത്തിന്റെ പ്രതലത്തിൽ അധികനേരം വാസിക്കാനാവാത്തതുകൊണ്ടാകാം മനുഷ്യർ ചെറുതും വലുതുമായ അനേകം ഫിക്ഷനുകളുടെ സമാഹാരമായിതീരുന്നത്. 

   ഒരു ദിവസം നാം കണ്ടുമുട്ടുന്ന വിവിധതരം ഫിക്ഷനുകളെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാൽ അത് അമ്പരപ്പിന്റെയും അവിശ്വസനീയതയുടെയും, അതിയാഥാർഥ്യതത്തിന്റേതുമാണെന്ന് കാണാം.ഭാവനയെഴുത്തുകാർ അതിന് അക്ഷരരൂപം നൽകുന്നു എന്നുമാത്രം.അപരജീവിതത്തിലേക്കുള്ള എത്തിനോക്കൽ മിക്കപ്പോഴും അവനവനെത്തന്നെയാണ് കാണുന്നത് എന്നത് മറ്റൊരു തമാശയാണ്.ഒരു കാലത്തിലെ എഴുത്തുകാർ വാക്കുകളുടെ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വെവ്വേറെയാകുന്നു..? ഒരേ കാലഘട്ടത്തിൽ എഴുതുന്ന നമ്മുടെ ഭാഷയിലെ എഴുത്തുകാരെ പഠിച്ചാൽ നമുക്കിത് മനസിലാകും. ടി പത്മനാഭൻ,എം ടി, മാധവിക്കുട്ടി, ഓ.വി.വിജയൻ, വി കെ എൻ,- ഒരേ തലമുറയിലെ ഈ അഞ്ച് എഴുത്തുകാർ പദാവലിയുടെ  വിന്യാസത്തിലും അതിന്റെ തിരഞ്ഞെടുപ്പിലും ഈണത്തിലും എങ്ങനെ വിഭിന്നമാകുന്നു..?'ശൈലിയാണ് നിങ്ങളെന്ന്' നോം ചോംസ്കി തുടർച്ചയായി ബോധ്യപ്പെടുത്തുന്നതിന്റെ കാര്യവും മറ്റൊന്നല്ല.'Style is the man' എന്ന് ഭാഷയുടെ ആ ആത്മീയ ഗുരു പറയുന്നു.ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസോയും ഗബ്രിയേൽ ഗാർസിയ മാർക്കോസും ഒരേ ലാറ്റിനമേരിക്കൻ കാലത്തിരുന്ന് എങ്ങനെ വ്യത്യസ്തരാകുന്നുവെന്നും നമുക്കാലോചിക്കാവുന്നതാണ്

    അപരജീവിതത്തിലേക്കുള്ള വിവിധതരം എത്തിനോക്കലുകളാണ് (peeping) സാഹിത്യം.പക്ഷെ എത്തിനോക്കുമ്പോൾ നാം നമ്മെത്തന്നെയാണ് തിരയുന്നതെന്നാണ് കഥയെഴുത്തിന്റെ വിശുദ്ധ യാഥാർത്ഥ്യം.നാം നമ്മെത്തന്നെയാണ് ഫിക്ഷന്റെ പരദൂഷണത്തിന് വിധേയമാക്കുന്നത്( ഇവിടെ പരദൂഷണം മോശമായ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്). എത്തിനോക്കിനടത്തുന്ന പരദൂഷണത്തിലൂടെയാണ് മനുഷ്യകുലം തങ്ങളുടെ ഭാഷയെ രൂപപ്പെടുത്തിയതെന്ന് യുവാൽ നോവാ ഹരാരി തന്റെ Sapiens: A Brief History of Humankind എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഒരേ കാഴ്ചയുടെ വ്യാഖ്യാനങ്ങൾ എങ്ങനെ വിവിധമാകുന്നു എന്നതിന്റെ നിർണായകത്വം നമ്മുടെ ജന്മ വാസനകൾക്കാണ്.ഒരേ കഥയെ രണ്ടെഴുത്തുകാർ രണ്ടായിട്ടെഴുതുന്നതിന്റെ പിന്നിൽ സംഭവിക്കുന്ന രാസപ്രക്രിയ ഇതല്ലാതെ മറ്റൊന്നല്ല എന്നു തോന്നുന്നു..

    അങ്ങനെ എഴുത്തുകാർ ഒളിക്കാറുള്ള  ഭാഷകൾ കൂടുതൽ അനാവരണപ്പെടുന്നത് സൂക്ഷ്മവായനക്കാർ മാത്രം തിരിച്ചറിയുന്ന രഹസ്യമാണ്.ഇത് എഴുത്തുകാർക്ക് മാത്രമല്ല ഫിക്ഷനിൽ ജീവിക്കുന്ന മനുഷ്യകുലത്തിന് മൊത്തം ബാധകമാണ്.മനുഷ്യർ 99% കെട്ടുകഥകൾക്കകത്താണ്.ശരീര വേദനകളും അതിജീവനവും ഫിക്ഷനുപുറത്ത് ഒരു പരിധിവരെ സംഭവിക്കുന്നുണ്ടാകാം.മറ്റൊരു നിലക്കു പറഞ്ഞാൽ ഫിക്ഷൻ എന്ന യാഥാർത്ഥ്യത്തിന്റെ 'ഹർഡിൽസ്' നിരന്തരമായി മറികടന്ന് മുന്നേറാനുള്ള ജീവിതമല്ലാതെ മറ്റൊന്നുമല്ല 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം' എന്ന ഈ കഥാസമാഹാരം നമ്മെ ഓർമ്മിപ്പിക്കുന്നതും. 

       കെ എസ് രതീഷിന്റെ ഈ പന്ത്രണ്ട് കഥകളിലും ജന്തുവാസനകളുടെ ജീവിതമാണ് മുറ്റിനിൽക്കുന്നതെന്ന് കാണാം, വിവിധ വർണ്ണങ്ങളിൽ അദ്ദേഹം വരച്ചിടുന്നു എന്നു മാത്രം. ചിലപ്പോളത് ഉപഹാസം കൂടിയാണ്.മുറിവുകളെ ഒരു ജലാശയമായി സങ്കൽപ്പിച്ച് അതിനെ നീന്തി മറികടക്കുന്ന മനുഷ്യമനസിന്റെ അതിജീവനതന്ത്രങ്ങളെപ്പറ്റി, ഇതൊന്നും പറയാതെ ഒരു നല്ല കഥയായി പരിവർത്തിച്ചെടുക്കണമെന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് കെ എൻ എച്ച് 0326 എന്ന കഥ ധാരാളം.ഗ്രാമ്യവന്യതയുടെ അനേകം ഇരുണ്ട ചിത്രങ്ങൾ സവിശേഷമായി എഴുതിപ്പോകുന്ന കഥകളാണ് ഇവയിൽ ഏറെയും.മനുഷ്യൻ ജന്തുവാസനയെ മാത്രം പ്രതിനിധീകരിക്കുന്ന അനേകം സന്ദർഭങ്ങൾ രതീഷിന്റെ കഥകളിൽ കാണാം.'കൊർണകൾ' എന്ന കഥയിൽ ഇത് പ്രത്യേകമായി വെളിപ്പെട്ടു നിൽക്കുന്നുവെന്നുമാത്രം.ലൈംഗികത അധികാരകേന്ദ്രമായും പ്രതികാരവാഞ്ചയായും എങ്ങനെ വിവിധ മനുഷ്യ വിചാരങ്ങളിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഈ കഥ നമ്മളോട് പറയും. 

       ജന്തുവാസനകളിൽ നിന്നും ഒരിക്കലും കുടിയിറങ്ങാൻ കൂട്ടാക്കാത്ത മനുഷ്യരതി അധികാരത്തിന്റെയും കൈയടക്കലിന്റെയും അസൂയകളുടെയും ഇരുണ്ട ലോകത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നറിയാൻ തിര്യക്കുകളുടെ ലോകത്തേക്ക് മാത്രം തിരിഞ്ഞു നോക്കിയാൽ മതി.രതിവാസനകൾ താൻ നിർമ്മിച്ചെടുക്കുന്ന ടെറിട്ടറിയിൽ അധിവസിക്കുന്നു.ആ വാസനകൾ മനുഷ്യരുടേതായിത്തീരുമ്പോൾ 'ആലങ്കാരിക'തകളാൽ നിർമ്മിച്ചെടുക്കുന്ന 'സാംസ്‌കാരിക' നിയമങ്ങളിൽ ഒളിച്ചിരിക്കുന്നു എന്നു മാത്രം.രതീഷിന്റെ കഥകളിൽ കാട്ടിൽ വസിച്ച മനുഷ്യർ നാട്ടിലേക്ക് കുടിയൊഴിഞ്ഞു പോകാൻ മടിക്കുകയോ കാട്ടിൽ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു..

      നഗരത്തേക്കാൾ ഗ്രാമവും ഗ്രാമീണനൈതികതയും ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു.ഐറണിയെന്നോ ആക്ഷേപഹാസ്യമെന്നോ വിളിക്കാനാകാത്ത രോഷത്തിൽ ഒളിപ്പിച്ച ഹാസ്യം പല കഥകളുടെയും പ്രത്യേകതയാണ്.പ്രാകൃത ഹിംസകളുടെ ഒളിയിടങ്ങൾ കഥകളുടെ ഭാഷയിൽ ഒളിച്ചു നിൽക്കുന്നത് എന്തുകൊണ്ട് എന്ന് ഇതെഴുതുന്ന ആളിനറിയില്ല.കഥകളുടെ മടക്കുകളിലും ഈ ഹിംസയുടെ ഇരുട്ട് കാണാം.അത് ചിലപ്പോൾ കഥാപാത്രങ്ങളുടെ അരക്ഷിത ബോധത്തിന്റെ മറവിലും ഉന്മാദത്തിന്റെ മറവിലും പ്രത്യക്ഷപ്പെടുന്നു.ഗൂഢഫലിതങ്ങൾ വാക്കുകളുടെ കമ്പിവേലിച്ചുറ്റിൽ മുറിയുന്നു.ദേശം അതിന്റെ ഭാഷ ഇവയിലാണ് ഇവയൊക്കെ പാർക്കുന്നത്.ആൺ പെൺ  ബന്ധത്തിലുണ്ടാകുന്ന ഹിംസയുടെ കഥയുടലുകൾ പലപാട് പ്രത്യക്ഷപ്പെടുന്നു.പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥ തന്നെ ഏറ്റവും മുന്തിയ ഉദാഹരണം.ആൺബലിഷ്ഠതയുടെ തീരാപ്പകയുടെ പെൺപുശ്ചവും പാത്രരൂപം പൂണ്ടനിലയിലാണ്‌ ഈ കഥകളിൽ പലപാട് വരുന്നതെന്ന് സാഹിത്യവിവരം പോലെ ഒരു മനശാസ്ത്ര ചിന്തയുമാണ്.ഇതിന്റെ കൈയൊതുക്കവും സമർഥമായ  പ്രതിപാദനവും 'കൊർണകൾ' എന്ന കഥയിൽ സമൂർത്തമായി തീരുന്നു.'ലേഔട്ട്' പോലുള്ള ദുഃഖത്തിന്റെ തീയാളുന്ന കഥകളും കെ എസ് രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരത്തിന് അന്യമല്ല.

    ധർമ്മസങ്കടങ്ങളുടെയും പ്രതിഷേധഹാസ്യത്തിന്റെയും ഗൂഢവന്യതകളുടെയും സഞ്ചാരപഥത്തിൽ കെ എസ് രതീഷ് എന്ന എഴുത്തുകാരൻ വഴിക്കണ്ണുമായി നിൽക്കുന്നു. അതിന്റെ സി സി ടി വി യിൽ ജന്തുവേഷമുള്ള കഥാപാത്രങ്ങളും നിസ്സഹായരായ മനുഷ്യരും നിസംഗഫലിതവും സഞ്ചരിക്കുന്നത് വായനക്കാരൻ ഞെട്ടലോടെ വേദനയോടെ പകയോടെ ചിരിയോടെ കാണുന്നു. കെ എസ് രതീഷിന് നന്മകൾ നേരുന്നു.

19.09.2020
വളപട്ടണം

No comments:

Post a Comment