Friday 25 September 2020

പരേത ഗീതകം.

പരേതഗീതകം.

    മോർച്ചറിഗീത പോസ്റ്റുമോർട്ടം ടേബിളിലിരുന്ന് വിസ്‌കിയുടെ അടപ്പുതുറന്നപ്പോൾ നെഗറ്റീവ്‌ താപനിലയുള്ള അറകളിലെ ആ മൂന്നുപേരും വരിയായി ഇറങ്ങിവന്നു.                         
  
     ഇരുപത്തിയാറ് വയസുള്ള കനേഡിയൻ പെണ്ണ് കാതറിൻ,പ്ലാന്റർ ചാണ്ടിയുടെ ഏകമകൾ പതിനൊന്നുവയസുള്ള സോഫി,അറുപത്തിയഞ്ചിനോളം പ്രായം തോന്നിക്കുന്ന ഒരു അജ്ഞാതൻ.  ഗീത ഒഴിച്ചുവച്ചതിലൊന്ന് കാതറിൻ വായിലേക്ക് ഒറ്റക്കമഴ്‌ത്ത്‌.ആരോ ചുവരിൽ തൂക്കിയിട്ടിരുന്ന കാക്കിയുടുപ്പിന്റെ പോക്കറ്റിൽ നിന്നെടുത്ത സിഗരറ്റിന് തീ തിരഞ്ഞ് കാതറിൻ അജ്ഞാതന്റെ നേർക്ക് നോക്കി.ചുവരിലുരച്ച വിരലുകൊണ്ട് സിഗരറ്റിന് തീ പിടിപ്പിക്കുന്ന അജ്ഞാനെ സോഫി ആശ്‌ചര്യത്തോടെ കണ്ടു.സ്ഫടികജാലകം കടന്നുവന്ന നിലാവിനേക്കാൾ തിളക്കം അവളുടെ കണ്ണിലുണ്ടായി.

      *'ചത്തുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഇടം' അത്യപൂർവമായി മാത്രം കണ്ടുബോധ്യപ്പെടാനുള്ള ഈ വാചകം ജീവിതത്തിൽ നിങ്ങളിതുവരെ കേൾക്കാനിടവന്നിട്ടില്ലെന്ന് എനിക്കുറപ്പാണ്.അതുമാത്രമല്ല പോസ്റ്റുമോർട്ടം ടേബിളിന്റെ അരികിൽ, അതുംപോട്ടെ മോർച്ചറിയുടെ പരിസരത്ത് പോലും ഈ ആയുസ്സിൽ പോകാത്തവരുണ്ടാകുമല്ലോ.?അതുകൊണ്ട്  മോർച്ചറിയുടെ പാതിരാസൂക്ഷിപ്പുകാരി ഗീതയെ വ്യക്തമായി പരിചയപ്പെടുത്താതെ ഈ ഗീതകം പാടിത്തരാൻ കഴിയുമെന്നെനിക്കു തോന്നുന്നില്ല.  

      കൃത്യമായ ചരിത്രം പറഞ്ഞാൽ ഈ ആശുപത്രി നാലുമുറിയിലെ ഒരു ക്ലിനിക്കായി തുടങ്ങിയ നാളിൽ സഹായിയായി വന്നതാണ് ഗീത.ബി.എയും ടൈപ്പുമുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു ചൂലും തുടപ്പുതുണിയുമായിരുന്നു ഗീതയുടെ റോളും താളവും.മുതലാളിയുടെ മോൻ ഒരുവൈകിട്ട്    പുതിയ കാറോടിച്ച് സിനിമാസ്റ്റൈലിൽ ക്ലിനിക്കിലേക്ക് പാഞ്ഞുവന്നതിനിടയിൽ സമീപത്തെ തെങ്ങിൻതോപ്പിലേക്ക് തെറിച്ചുപോയ ഗീതയുടെ ഒരു കാല് അരമണിക്കൂറോളം കഴിഞ്ഞാണ്  നേഴ്‌സുപെണ്ണ് പൊക്കിയെടുത്ത് വന്നത്.ഇരുമ്പും ഫൈബറും ചേർത്ത കാലൊന്ന് പിടിപ്പിച്ചെങ്കിലും ഓടി നടന്ന് തൂക്കാനും തുടയ്ക്കാനും ഗീതയ്ക്ക് പിന്നീട് കഴിഞ്ഞില്ല.രോഗികൾക്ക് ചീട്ടെഴുതുന്നിടത്ത് ഒരു കസേരയും ഇട്ടുകൊടുത്ത് മുതലാളി ആ കേസങ്ങ് ഒത്തുതീർപ്പാക്കി

      "ജോലി ചെയ്താലുമില്ലേലും ഈ സ്ഥാപനം ഉള്ളകാലം കൃത്യമായി നിനക്ക് ഒരു തുക കിട്ടും." ഗീതക്ക് ആകെയുള്ളത് സഹോദരനായൊരു നരുന്ത് ചെറുക്കൻ.അവനൊന്നും എതിർക്കാൻ വരില്ലെന്ന് മുതലാളിക്കറിയാം.അന്നൊക്കെ ഗീതയുടെ പിന്നാലെ പ്രേമോം കൊണ്ടുനടന്ന ഒരുത്തൻ കാമുകിയുടെ  ചരിഞ്ഞുവളഞ്ഞ നടപ്പുകണ്ട് ചിരിമുട്ടി മറ്റൊരുവഴിക്ക് ഓരോട്ടംവച്ചുകൊടുത്തു.

      ആശുപത്രി രണ്ടുനിലയായപ്പോൾ മുഖവശത്തിരുന്ന ഗീതയുടെ ചീട്ടെഴുത്തിന് ഭംഗിപോരന്നായി. മലയാളത്തിൽ പേരെഴുതിയാൽ സ്റ്റാറ്റസ് പ്രശ്നം,പുതിയ ഡോക്ടർമാർക്ക് വായനാപ്രശനം. വെളുത്തുമെലിഞ്ഞ് സ്വർണത്തലമുടിയുള്ള പെണ്ണിന് പേന രാജിയാക്കിയിട്ട്, പ്രസവ വാർഡിന്റെ മുന്നിച്ചെന്നു ഗീത കാവലിരുപ്പായി.മൂന്നും നാലും നിലകൾ വന്നപ്പോൾ വല്ലാതെ 'ഭാരപ്പെട്ട' ഗീതയ്ക്ക്  ഒന്നരക്കാലിൽ മിനുസമുള്ള പടികയറാനും വയ്യാതായി.        
        "പടികയറാനാവൂലെങ്കിൽ താഴത്തെ നിലയിൽ ഇഷ്ടമുള്ളിടത്ത് ചെന്നിരുന്നോ ഗീതേച്ചിയേ"
 ‌വണ്ടിയിടിച്ചിട്ട മുതലാളിച്ചെറുക്കൻ പഠിച്ചു‌വളർന്ന് ആശുപത്രി എം ഡിയും ഹൃദയാലുവുമായി.
    
    എക്‌സ്‌റേയുടെ  മുമ്പിലും സ്കാനിംഗ് മുറിയിലുമിരുന്നു.ഇരുത്തിയും കിടത്തിയും വലിച്ചുകൊണ്ടു വരുന്നവർക്കൊരു 'കനപ്പെട്ട' തടസമായപ്പോഴാണ് തണുപ്പൻ മോർച്ചറിയുടെ വാതിൽ ഗീത  തുറന്നുനോക്കിയത്.ആദ്യമൊക്കെ പകലിരുന്നു.സഹായി മുനിയാണ്ടിയിൽ കിട്ടിയ കുടിശീലത്തിന് രാത്രിയാണ് സൗകര്യമെന്നുതോന്നി.കോട്ടറുമായി ഇടനാഴിയിലൂടെ നടന്നുനടന്ന് 'കോട്ടറ്ഗീതയായി'. ഇതിനിടയിൽ ആശുപത്രിയുടെ പേരിനൊപ്പം മൂന്ന് സ്റ്റാറുവന്നു.ടീവിയിലെ സിനിമക്കിടയിൽ സൂപ്പർ സ്റ്റാർ അഭിനയിച്ച പരസ്യം വന്നു.സഹോദരന്റെ കുട്ടിയെ മടിയിലിരുത്തി അത് ആവർത്തിച്ചു കാണുകയും ചെയ്തു.കോട്ടർ പ്രശ്നമവതരിപ്പിച്ച പുതിയ മാനേജരോട് 'ശവം' എന്നുമാത്രമേ എം ഡിയും പ്രതികരിച്ചുള്ളു.

         " ഞാൻ പിരിഞ്ഞു പോകുന്നതിന്റെ ഓർമ്മയ്ക്ക് കങ്കാണി ഡോക്ടറുടെ സമ്മാനം" ഗീത ഒരു ഗ്ലാസ്സ് അജ്ഞാന്റെ നേർക്ക് നീട്ടി. 
        "ഞാൻ കുടിക്കുമായിരുന്നോ..?" അജ്ഞാതൻ ഗീതയെ ദയനീയമായി നോക്കി 
        "എടാ മനുഷ്യ, നിങ്ങളെ മൂന്നിനെയും നാളെ ആ കങ്കാണി ഈ ടേബിളിലിട്ട് വെട്ടിപ്പൊളിക്കും" അജ്ഞാതന്റെ വേഗത്തിലുള്ള കുടികണ്ട് സോഫി ചിരിച്ചു.കാതറിൻ സിഗരറ്റ് നീട്ടി.ഒരല്പം സംശയിച്ചുനിന്നിട്ട് കാതറിന്റെ നേർക്കുതന്നെ പുകയൂതിവിട്ടു. സോഫിയുടെ കണ്ണിൽ കങ്കാണിഭയം നിറയുന്നതുകണ്ട ഗീത പറയാൻ തുടങ്ങി.  

  "കങ്കാണിയാളൊരു മുരടനാ.പഠിക്കാൻ വന്ന പിള്ളേർക്കും നേഴ്സുമാർക്കും മുട്ടിടിക്കും.ടേബിളിൽ കേറ്റിക്കിടത്തിയാൽ ചുറ്റികക്ക് അഞ്ച് തട്ട്,കത്തിക്ക് *'വൈ' 'വീ' രണ്ടുവര.ചോദിക്കുന്ന കത്തിയും കുഴലും കൃത്യമായി കൊടുത്തില്ലെങ്കിൽ, അടുത്ത് നിൽക്കുന്നോരുടെ മണ്ടപൊളിയും. കുത്തിക്കെട്ടുമ്പോൾ ഒരു തുള്ളിച്ചോര വെള്ളത്തുണിയിൽ കാണൂലാ.ചത്തതിന്റെ സകല രഹസ്യങ്ങളും പരിക്കുകളോടെ അയാൾ കണ്ടുപിടിക്കും.ഒരു തെളിവും ശേഷിക്കാതെ പേപ്പറിൽ കുറിക്കും."മൂന്നുപേരുടെ മുഖത്തും ഞെട്ടലുണ്ടായി.കത്തിയും നൂലും സൂചിയും വിതറിയിട്ട ഉപകരണമേശയിൽ അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടി.ഗീതയ്ക്കതു കണ്ട് പിന്നെയും രസം കയറി.

         "മറ്റവൻ വേന്ദ്രനാ സുന്ദരക്കുട്ടപ്പൻ.പിള്ളേർക്ക് ആരാധന.അടിയും പൊട്ടിക്കലുമില്ല. തൊട്ടും തലോടിയും *തലത്തൊപ്പിയൂരും.ഒരു നേഴ്‌സ് പെണ്ണിനോട് പോക്രിത്തരം കാണിച്ചതിന് ഈ കങ്കാണി അവന്റെ അടിനാഭി ഇവിടിട്ടാ ചവിട്ടിപ്പൊട്ടിച്ചത്.എന്നിട്ടും കങ്കാണിയെ ആർക്കുമത്രപോരാ. ഇന്ന് കുപ്പി തന്നിട്ട് 'കോട്ടറ്ഗീതേന്ന്'എന്നെയൊരു വിളി.ഞാനങ്ങ് തണുത്ത് പോയി.നാളെ ചുറ്റികയും ചുറ്റിചുറ്റി ഒരു കങ്കാണിവരവുണ്ട്..."മൂന്നുപേരും ഗീതയെ അറപ്പോടെ നോക്കി...

   "അതൊന്നും കാണാൻ നിക്കാതെ ഞാനങ്ങ് പോകും" ഗീത പെട്ടെന്ന് കണ്ണുതുടച്ചു.
       കാതറിൻ അജ്ഞാതന്റെ സിഗരറ്റ് പിടിച്ചുവാങ്ങി ടേബിളിൽ കയറിയിരുന്നു.അജ്ഞാതൻ സോഫിയെ ടേബിളിലേക്ക് എടുത്തിരുത്തിയിട്ട് മുടിയിരട്ട പിന്നാൻ തുടങ്ങി.പ്ലാന്ററെ ഓർമ്മവന്നിട്ട് സോഫി ഉറക്കെ കരഞ്ഞു.ഗീത അവളെ മടിയിലേക്ക് ചരിച്ചു കിടത്തി..
         "സത്യത്തിൽ ഇയാൾ ആരായിരിക്കും?" അജ്ഞാതനെ നോക്കിയുള്ള കാതറിന്റെ ചോദ്യത്തിന് ആശുപത്രിയിലെ രേഖകളിലെ വിവരങ്ങൾ ഓർമ്മിച്ചെടുത്തു.
     എൻ എച്ചിനോട് ചേർന്ന അഴുക്കുചാലിൽ അറുപത്തിയഞ്ച് തോന്നിക്കുന്ന മൃതശരീരം,നൂറ്റി അറുപത്തിയെട്ട് സെന്റീമീറ്റർ ഉയരം,തൊണ്ണൂറ്കിലോ ഭാരം,വെളുത്ത നിറം.സാരമായ മുറിവുകളോ പരിക്കുകളോ ഇല്ല.തിരിച്ചറിയാൻ സഹായിക്കാൻ മതിയായ രേഖകളൊന്നും കിട്ടിയിട്ടില്ല.
അജ്ഞാതൻ അവർക്കു മുന്നിൽ ഒരു കടങ്കഥയായി നിന്നു.
       "ഞാനൊരൂഹം പറയട്ടെ..?"സോഫിയും കാതറിനും ഗീതയെ നോക്കി. 
       "ഇത് നമ്മുടെ സിനിമാ നടൻ മധുവാണ്.അല്ലെങ്കിൽ അയാളുടെ ഇരട്ട സഹോദരൻ. എമ്പത്തിമൂന്നിൽ ഞാൻ ഇയാളുടെ ഒരു സിനിമ കണ്ടിട്ടുണ്ട്.*മോർച്ചറിയായിരുന്നു അതിന്റെ പേര്. ഒപ്പം ശ്രീവിദ്യയും നസീറും.അഡ്വക്കേറ്റ് കൃഷ്ണദാസ് അതാണ് അതിലിയാളുടെ കഥാപാത്രം." അജ്ഞാതൻ,നടൻ മധുവിനെ അനുകരിച്ച് അവർക്ക് മുന്നിലൂടെ നടന്നു.കാതറിൻ ടേബിളിൽ സംവിധായക വേഷത്തിൽ എഴുന്നേറ്റു നിന്നു.സോഫി കൈയടിച്ചു.

      "ഗീതയുടെ ഭാവനക്ക് തീരെ യുക്തിയില്ല.ഇത് വിശുദ്ധ പിയാനിസ് പാതിരിയാണ്.ഇത്രയും സുന്ദരമായ ശബ്ദവും വെളുത്തതാടിയും വിനയവും പാതിരികൾക്കല്ലാതെ മറ്റാർക്കും കാണില്ല. ചിലപ്പോൾ ഏതെങ്കിലും വലിയ സഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ച ബിഷപ്പുമായിരുന്നിരിക്കാം. തലയുടെ പിന്നിലെ ആ ദിവ്യപ്രകാശം ശ്രദ്ധിക്കു.."

      ഗീത തന്റെ ഇരുമ്പൻ കാലിളക്കി നിലത്തെറിഞ്ഞിട്ട്  ഉറക്കെ കൂകി. അജ്ഞാതൻ കുർബാന അർപ്പിക്കുന്നവിധം ടേബിളിന്റെ തലക്കൽ അൾത്താരായിലേക്കെന്നപോലെ തിരിഞ്ഞുനിന്നു. നിലാവ് അയാളുടെ തലക്കുചുറ്റും മഞ്ഞ പ്രകാശവലയം തീർത്തു. 
   
       പക്ഷെ ടേബിളിന്റെ മുകളിലിരുന്ന സോഫിക്ക് താൻ അപ്പാപ്പനാക്കി വച്ചിരുന്ന അജ്ഞാതനെ  ഗീതയുടെ മധുവിനും, കാതറിന്റെ പാതിരിക്കും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.അവൾ കൈകൾ വിരിച്ചു പിടിച്ച് അപ്പാപ്പനെന്ന് അജ്ഞാതനെക്കൊണ്ട് സമ്മതിപ്പിക്കുന്ന വിധത്തിൽ ടേബിളിൽ എഴുന്നേറ്റുനിന്നു.അജ്ഞാതൻ അവളെയുമെടുത്ത് അവർക്ക് ചുറ്റും നടന്നു. അജ്ഞാതന് ആ വേഷം ഏറ്റവും ചേരുന്നുണ്ടായിരുന്നെന്ന് രണ്ടാളും സമ്മതിച്ചു.

        " അവളുടെയൊരു വിശുദ്ധ പിയാനിയസ് തുഫ്.."ഗീത നിലത്തേക്ക് നീട്ടിത്തുപ്പി.
        "ഇനിയൊരു വിശുദ്ധന്റെ കുറവേ നാട്ടിലുള്ളു.ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്നിട്ട് നിനക്ക് കിട്ടിയതൊക്കെ മറന്നോ..?" ഗീതയുടെ ചുണ്ടിൽ ചിരിയും ചുമയും പുകയും ഒന്നിടവിട്ട് പുറത്തേക്കുതെറിച്ചു.കാതറിന്റെ തലകുനിഞ്ഞു.അജ്ഞാതൻ 'അതുവേണ്ടായിരുന്നു ഗീതേന്ന്' തുറിച്ചുനോക്കി.സോഫി കാതറിനോട് ചേർന്നുനിന്നു. 

    'കനേഡിയൻ യുവതി മരിച്ച നിലയിൽ'.'കനേഡിയൻ യുവതിയെ പീഡിപ്പിച്ച മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിൽ ', 'കനേഡിയൻ യുവതി ലഹരിമരുന്ന് റാക്കറ്റ് അംഗമോ..?', 'വിദ്യാർത്ഥികൾക്ക് ജാമ്യം. ചുവരിലുറപ്പിച്ച കറുത്ത വലിയ സ്‌ക്രീനിൽ കഴിഞ്ഞവാരത്തെ വാർത്തയുടെ മോർഫ് ചിത്രങ്ങൾ മാറി മാറി വരുന്നത് അജ്ഞാതൻ  അപ്പോഴും കാണുന്നുണ്ടായിരുന്നു.. 

    "വാസ്തവത്തിൽ ഈ നാട്ടിലെ പിള്ളേരോട് നിങ്ങളെന്താണ് പഠിപ്പിക്കുന്നത്.? പെണ്ണിന്റെ ശരീരം എന്താണെന്നും, എന്തിനാണെന്നുപോലും അറിയില്ലല്ലോ.?" വിസ്‌കി വലിച്ചു കുടിച്ചിട്ട് കാതറിൻ അജ്ഞാതന്റെ നേർക്ക് അലറി.

   "എടോ, താൻ ഈ രാജ്യത്തെ ആദരവുകൾ കൈപ്പറ്റിവിരമിച്ച ഒരു സ്‌കൂൾ മാഷായിരുന്നില്ലേ.?"    പിടഞ്ഞെഴുന്നേറ്റ് കഴുത്തിൽ കയറിപ്പിടിച്ച ഗീതയുടെ ചോദ്യത്തിൽ അജ്ഞാതൻ പതറിപ്പോയി. കുറ്റവാളിയായ പൂർവ്വവിദ്യാർത്ഥിയുടെ ചിത്രം തിരിച്ചറിയുന്ന അധ്യാപകന്റെ രൂപത്തിൽ തലകുനിച്ചു നിന്നു.കാതറിൻ ഗീതയെ തള്ളിമാറ്റാൻ ശ്രമിച്ചു.സോഫി അജ്ഞാതന്റെ മുഖം പിടിച്ചുയർത്തി.

        "നീ കഴുത്തിലിട്ട കുരുക്ക് ഈ നാട്ടിലെ ഏറ്റവും അപകടകരമായ പകർച്ച വ്യാധിയാണ് മോളെ" കാതറിന്റെ വാക്കുകളെ അജ്ഞാതൻ  ദേഷ്യത്തോടെ നോക്കിയിട്ട്, സോഫിയെ തോളിലിട്ട് മുറിയിൽ ഏറ്റവും മഞ്ഞുമൂടിയ ഒരിടത്തേക്ക് നടന്നു.പിന്നാലെ നോവിന്റെ ശ്രുതിയുള്ള താരാട്ടിറങ്ങി വന്നു

      "എല്ലാ നാട്ടിലും ഒന്നിച്ചും ഒറ്റയ്ക്കുമിരട്ടയ്ക്കും രതിയാസ്വദിക്കാറുണ്ട്.ഇതൊരുമാതിരി.." കാതറിൻ അപൂർണമായി നിർത്തിയപ്പോൾ,പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കങ്കാണി കുറിക്കുന്ന ക്രൂരഫലിതങ്ങളെക്കുറിച്ച് ഗീതയോർത്തു.വോട്ടവകാശം പോലുമില്ലാത്ത പിള്ളേരിലൂടെ തൻ്റെ രാജ്യത്തിനുണ്ടാകുന്ന നാണക്കേടിനെക്കുറിച്ചോർത്ത് കങ്കാണി രഹസ്യങ്ങൾ മാറ്റിയെഴുതുമോ.?.

      "സത്യത്തിൽ, പെറ്റുകൂട്ടാനല്ലാതെ ഈ നാട് പെണ്ണിനൊട്ടും ചേർന്നതല്ല." ചുവരിലെ അമ്മയും കുഞ്ഞും ചിത്രത്തിലേക്ക് കാതറിൻ വെറും പൂജ്യത്തിന്റെ ആകൃതിയിൽ പുക വലിച്ചു വിട്ടു.

    "നിന്നെപ്പോലെ പെണ്ണുങ്ങളുടെ ഭാവശുദ്ധിയെപ്പറ്റി പണ്ടു കളിയാക്കിയ അമേരിക്കകാരിക്ക് ഉളളൂർ മഹാകവി സീതകുന്തിഗാന്ധാരിമാരുടെ ത്യാഗവും ഭക്തിയും പ്രേമവും കൂട്ടിക്കുഴച്ച് *'ചിത്രശാല'യുണ്ടാക്കിക്കൊടുത്തത് നിനക്കറിയോ?"ഗീത,കുലുങ്ങിയ ചിരിയോടെ സിഗരറ്റ് പുകയെ ചോദ്യരൂപത്തിലാക്കി കാതറിന്റെ മുഖത്തേക്ക് ഊതിവിട്ടു.  

     "മകളെകൊന്നവരോട് പകയുള്ള പിതാവിന്റെ കഥപറയുന്ന സൈക്കോത്രില്ലർ നോവലാണ് ഞാനവസാനമായി വായിച്ചത്." 'പോസ്റ്റുമാർട്ടം- ഇന്ത്യൻ നിയമങ്ങളും നിർദ്ദേശങ്ങളും' ഏഴുതിരുന്ന ചുവരിലേക്ക് ദേഷ്യത്തോടെ കാർക്കിച്ചുതുപ്പി.
      പ്ലാന്റർ ചാണ്ടി റബ്ബർ മരങ്ങൾക്കിടയിലൂടെ നാടൻ തോക്കുമായി ഒരു കൂറ്റൻ കാട്ടുപന്നിയെ ഉന്നം വയ്ക്കുന്ന രംഗം ഗീതയുടെ മുന്നിൽ തെളിഞ്ഞു.കങ്കാണിയുടെ രക്തക്കറയുള്ള വെള്ളിച്ചുറ്റിക ചുവരിലെ കണ്ണാടിയറയിൽ ചാരിയിരിക്കുന്നതും നോക്കിയിട്ട്, അജ്ഞാതൻ സോഫിക്ക് താരാട്ട് പാടുന്ന ഭാഗത്തേക്ക് ഒന്നു തിരിഞ്ഞു..   

    മഞ്ഞുവീണിരിട്ടുള്ള  വശത്തുനിന്നും താരാട്ടിന്റെ താളത്തിൽ അജ്ഞാതൻ നടന്നു വന്നു. നെഞ്ചിൽ പതുങ്ങിക്കിടക്കുന്ന സോഫിക്ക് വെള്ളിച്ചിറകുകൾ മുളച്ചിരിക്കുന്നു.അവളെ അറയിൽ കിടത്തി.തന്റെ അറയിലേക്ക് കയറുമ്പോൾ അയാൾ ഗീതയെ ഒന്നു തിരിഞ്ഞു നോക്കി.
       " ഈ തണുപ്പ് മാത്രമാണ് സത്യസന്ധമായ വികാരം"മഞ്ഞ പ്രകാശവലയത്തിലെ അജ്ഞാതന്റെ ചിരിയിൽ നിന്നും നൂറായിരം വിശുദ്ധ അപ്പൂപ്പൻതാടികളുണ്ടായി.

    "എത്രവലിയ തണുപ്പിനും ചീയലുകളെ തടഞ്ഞുനിർത്താനൊരു പരിധിയുണ്ട്." ഗീത ടേബിളിൽ നിവർന്നു കിടന്നു.ആർത്തിയോടെ ഗീതയുടെ വയറ്റിലേക്ക് നിറയുന്ന കാറ്റിന്റെയളവ് പരിഹരിക്കാൻ ജനാലകൾ വഴി ഒരു കടൽക്കാറ്റിളകി വന്നു.മറിഞ്ഞുവീണ കുപ്പിയും ഗ്ലാസ്സുകളും മാറ്റി വച്ചിട്ട്, ഗീതയുടെ തലമുടിയിൽ വിരലോടിച്ച് കാതറിൻ അല്പനേരമിരുന്നു.അപ്പോൾ അവളുടെ ചിന്തകൾ ഗീതകത്തിന്റെ ഒടുവിലെ വരികളിൽ ചെന്നുനിന്നു .
                           *"ചത്തവരെക്കുറിച്ചുള്ള വിലാപങ്ങളെ 
                             ഒതുക്കാൻ നിനക്ക്  വിവേകമുണ്ടാകട്ടെ.
                             അല്ലെങ്കിൽ ഈ ലോകം നിന്നെനോക്കി പല്ലിളിക്കുമല്ലോ.?"
   നിലത്തിറങ്ങിയപ്പോൾ ഗീതയുടെ ഇരുമ്പൻ കാല് അവളെ വിതുമ്പലോടെ തടഞ്ഞുനിർത്തി. അതെടുത്ത് ഗീതയിൽ ചേർത്തു വച്ചിട്ട്,അറയിൽച്ചെന്നു നീറ്റലോടെ കിടന്നു. 

    പിരിയുമ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് പകരം മാനേജരോട് സഹോദരന് ആശുപത്രിവക ആംബുലൻസിലെ ജോലിയും,സഹോദരനോട് തന്റെ മുറിയിലൊരു സ്റ്റീൽ മേശയും ഫ്രീസറുമാണ് ഗീത ചോദിച്ചിരുന്നത്.പക്ഷേ സത്യമുള്ള ഒരു തണുപ്പിന് ഇവ രണ്ടിലും സമ്മതമുണ്ടായിരുന്നില്ല. വളരെയേറെ തിടുക്കപ്പെട്ടുവന്ന കങ്കാണിയുടെ ആർത്തിയുള്ള ചുറ്റികയ്ക്ക് അടുത്തദിവസങ്ങളിൽ വിശ്രമമില്ലാത്ത ജോലിയുണ്ടായിരുന്നു..!

*പോസ്റ്റുമോർട്ടം ചിന്ത
*പോസ്റ്റുമോർട്ടം സമയത്തെ കീറലിന്റെ ആകൃതികൾ
*തയോട്ടിയൂരൽ
*1983 ൽ റിലീസായ സിനിമ
*ഭരതീയ സ്ത്രീകളെ പരിഹസിച്ച കാതറിൻമേയ്ക്ക് ഉള്ളൂർ നൽകിയ മറുപടി
*ഷേക്സ്പിയർ സോനറ്റ്
(No longer mourn for me when I am dead.sonnet 71)

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


No comments:

Post a Comment