Saturday 21 April 2018

ഗീബൽസ്

ഗീബൽസ്..!!

കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി എന്റെ ചിന്തകളിലെല്ലാം അയാൾ മാത്രമാണുള്ളത്..  അയാളെ തിരയുന്നതിന്റെ ഭാഗമായാണ് നിന്നെ ഇങ്ങനെ പിന്തുടർന്നത്, നീ അയാളായിരിക്കും എന്ന് ഞാൻ ഊഹിച്ചു.
അയാളെനിക്ക് അത്ര വിലപ്പെട്ടതായിരുന്നു. 
ഇനി എന്തായാലും ഞങ്ങളെക്കുറിച്ച് നിന്നോട്  ഒന്നും മറയ്ക്കുന്നില്ല. വാർത്താനേരങ്ങളിൽ ചിരിച്ചും,
കരുത്തോടെ വാദിച്ചുമിരിക്കുന്ന ജൂഡിറ്റിനെ നീ അറിയണം എന്നിട്ടാകാം  ബാക്കിയെല്ലാം.

"തച്ചനായ ആമോസിന്റെ മകൻ യേശുദാസന് സാഹിത്യത്തിലായിരുന്നു താല്പര്യം,
നിറയെ സ്വത്ത് കൈവശം വന്ന അയാൾക്ക് ഏക സന്തതിയായി മേരിദാസൻ ജനിച്ചു..
മീൻ പിടുത്തത്തിലായിരുന്നു കമ്പം.
രണ്ടായിരത്തിലെ സുനാമിയിൽ  മേരിദാസനേയും പന്ത്രണ്ട് ബോട്ടുകളേയും കടലെടുത്തെങ്കിലും, പൂർവ്വികരുടെ സ്വത്തായി കിട്ടിയതും,
അപ്പന്റെ ജീവനും ബോട്ടുകൾക്കും പകരം സർക്കാരിൽ നിന്നു
കിട്ടിയ നഷ്ട പരിഹാര തുകയും  ചേർത്ത് അയാളുടെ മകൻ ജ്ഞാനദാസൻ
"വെളിച്ചം" എന്ന പത്രം‌ തുടങ്ങി, പിന്നീട് തുടങ്ങിയ  കിരണം മാസികയിലൂടെ  ജ്ഞാനദാസന്റെ  മധ്യമലോകം ഇന്ന് മികച്ച സാറ്റലൈറ്റ് റേറ്റിംഗ് ഉള്ള
സത്യാ ന്യൂസിൽ എത്തി നിൽക്കുന്നു..
ജേണലിസം ക്ലാസിലിരുന്ന് ജൂഡിറ്റ് മില്ലറേയും, ഹന്നയേയും, ഫല്ലസിയേയും  കേട്ടതിന്റെ ആവേശത്തിൽ മാധ്യമ പാളയത്തിലെത്തിയ  എന്നെ ജ്ഞാനദാസൻ അതേ ആവേശത്തോടെ സ്വീകരിച്ചുവെന്ന് പറയാം.."

ഇത്രയുമാണ്  ഞാൻ അയാൾക്ക് അയച്ച ആദ്യ വാട്സ് ആപ്പ് സന്ദേശം.
അയാൾക്കാണെങ്കിൽ  ഭൂമിയിലെ
എല്ലാകാര്യത്തിലും അഭിപ്രായവുമുണ്ട്.. സദാസമയവും എന്നെക്കുറിച്ചും വീട്ടു കാര്യങ്ങളും ചാനലിലെ വാർത്തകളെക്കുറിച്ചും ചോദിച്ചുകൊണ്ടേയിരിക്കും, മിക്കവാറും ഞാൻ മറുപടിയൊന്നും പറയാറില്ല. എന്നാലും‌ അയാൾക്കൊരു മടുപ്പും തോന്നാറില്ല ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ ശരീരമിങ്ങനെ വർണിക്കും, എല്ലാ ചാനലിലെയും അവതാരികമാരെക്കുറിച്ചും സംസാരിക്കും അതിലെല്ലാം
നല്ലൊരു ശതമാനം  അശ്ലീലം കലർത്തും.

"വിശപ്പിന്റെ കൊടി പിടിച്ച് ഭൂമിയിലെ മാലാഖമാർ" എന്ന ഞങ്ങളുടെ ചാനൽ  ചർച്ചയിൽ
തൊഴിൽ- ആരോഗ്യ വകുപ്പ്
മന്ത്രിമാരുണ്ടായിരുന്നു.. നേഴ്സുമാർക്ക് വർദ്ധിപ്പിച്ച അടിസ്ഥാന ശമ്പളം ആരോഗ്യ വകുപ്പ്മന്ത്രി പ്രഖ്യാപിച്ചത് ഞങ്ങളുടെ ചർച്ചയിലായിരുന്നു..‌ ചാനലിന്റെ തമ്പ് റേറ്റിംഗ് വല്ലാതെ ഉയർത്തിയ
ആ ചർച്ച  കഴിഞ്ഞിരിക്കുമ്പോഴാണ്  അയാളുടെ വാട്സ് ആപ്പ് സന്ദേശം‌ എനിക്ക് കിട്ടുന്നത്‌‌‌...

"ഭൂമിയിലെ മാലാഖമാർക്ക് കിട്ടുന്നതിലും താഴയല്ലേ കോട്ടിട്ടിരുന്ന് വാർത്ത വായിക്കണ നിനക്കൊക്കെ കിട്ടുന്നത്.
അതിനെക്കുറിച്ചും ഒരു ചർച്ചയായിക്കൂടേ..." 
എന്തു മറുപടി പറയണമെന്നറിയാതെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ മൊതലാളി
ജ്ഞാനദാസന്റെ വക കമന്റുകൂടെ കേട്ടപ്പോൾ എനിക്ക് ദേഷ്യോം കരച്ചിലും വന്നു...

"പൊളപ്പൻ ചർച്ചകളായ്ര്ന്ന് കേട്ടാ ജൂഡിറ്റേ, ഇന്ന് ഇത്തിരിക്കൂടി മേക്കപ്പ്കള് ഇടായിര്ന്ന്, ചുണ്ടിനൊന്നും‌ പഴേ ചോപ്പ്കള് കാണണില്ലല്ല, എന്തര് പറ്റി ?
ഞാൻ സതീശെന്റോടി പറയണോ,
ഇത്തിരീംകൂടി ശ്രദ്ധിക്കാൻ..?"

സത്യം പറഞ്ഞാൽ മാസത്തിലെ ആദ്യവാരത്തിലെ  ശമ്പളപ്രശ്നം
വളരെ ഭംഗിയായി മേക്കപ്പിട്ട് ജ്ഞാനദാസൻ  രക്ഷപ്പെടുകയായിരുന്നു.

അയാൾ പറഞ്ഞത് എത്ര കൃത്യാണെന്നറിയാമോ. ഉദാഹരണത്തിന്
എന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ലില്ലിക്കുട്ടിയമ്മയ്ക്ക് ശമ്പളം കൊടുത്തിട്ട് നാലുമാസാകുന്നു.
ശമ്പളവും വാങ്ങി ഒരിടത്തേക്കും ലില്ലിക്കുട്ടിയമ്മയ്ക്ക് പോകാനില്ലെങ്കിലും അവർ അതൊക്കെ കൃത്യമായി
എഴുതി വയ്ക്കുന്നുണ്ട്. ചിലപ്പോൾ ചെറിയ വഴക്കും‌ ഉണ്ടാക്കാറുണ്ട്.
ദിവസക്കൂലി കണക്കുനോക്കിയാൽ മുന്നൂറ്റിപതിനഞ്ച് രൂപയാണ് ദിവസേന
ഞാൻ ലില്ലിക്കുട്ടിയമ്മയ്ക്ക് കൊടുക്കേണ്ടത് അതിന്റൊപ്പം ഒന്നോ  രണ്ടോ നൂറ് ചേർത്ത് മുപ്പതുകൊണ്ട് ഗുണിച്ചാൽ  എന്റെ ശമ്പളം   നാണിച്ച് തലകുനിച്ച് നിൽക്കുന്നത് കാണാം.. ഒരു ബ്രേക്കിംഗ് ന്യൂസിനും നീണ്ട ചർച്ചയ്ക്കും വകുപ്പില്ലേ അതിന്...?

ലില്ലിക്കുട്ടി വിഷയം ഞാൻ അയാളോട് പറഞ്ഞപ്പോൾ അയാളെനിക്കിട്ട മെസ്സേജിന്റെ കാര്യം കേൾക്കണോ..?

"നാലുമാസമായി ശമ്പളം നൽകാതെ വീട്ടുവേലക്കാരിയെ വീട്ടു തടങ്കലിൽ പാർപ്പിച്ച പ്രമുഖ ചാനലിന്റെ അവതാരിക അറസ്റ്റിൽ..."  അന്ന് ഞങ്ങൾ ഒത്തിരി ചിരിച്ചെങ്കിലും‌ ഗതികേട് ഓർത്ത് ഉള്ളിൽ ഒരു നീറ്റലും ഉണ്ടായിരുന്നു. അതിനിടയിലാണ് ആ  ജ്ഞാനപ്പന്റെ വളിച്ച തമാശയും കൂടെ കിടക്കാനുള്ള വിളിയും..

" നമ്മളെ ഒന്ന് ശരിക്ക് ഗൗനിച്ചാൽ
ഈ ചാനല്കള് തന്നെ നെന്റെ പേരിലാക്കും, പിന്നെ നെനക്ക് തന്നെ ഇതിന്റെ ഫുൾ നെയന്ത്രണം...
കേട്ടാ നീ എന്തര് പറയണ് ജൂഡിറ്റേ... എനിക്ക് മെയ്‌കുതീരീന്ന് കിട്ടണേന്റെ പകുതി പൈസ പോലും പത്രത്തീന്നും ചാനലീന്നും കിട്ടണില്ല. പിന്നെ എന്തിനെന്ന് ചോയിച്ചാൽ.
ഇത് നല്ല രസങ്ങളൊക്കെ ഒള്ള ഏർപ്പാട്കളാണ് ഒരുത്തനും നമ്മളോട് മൊടകള് കാണിക്കാൻ വരൂല, അങ്ങനെ വന്നാ അവനെക്കുറിച്ച് നല്ല നാല് അവരാധം നമ്മളൊണ്ടാക്കൂലേന്ന്...."
തന്റെ മാധ്യമലോകത്തെക്കുറിച്ച് കുറിച്ച്  ജ്ഞാനപ്പന്റെ സങ്കല്പം ഇത്രേയുള്ളു.
ചെമ്മീൻ, മെഴുക് തിരി, കശുവണ്ടി, ഫിനാൻസ് അതിന്റൊപ്പം ഈ സത്യാചാനലും.

ഇങ്ങനെ ജ്ഞാനപ്പൻ മൊതലാളീടെ  വിളി വല്ലാതെ കൂടിയപ്പോഴാണ് അയാൾ എന്നെക്കൊണ്ട് ജ്ഞാനപ്പന്റെ ഫ്യൂസ് രസകരമായി  ഊരിപ്പിച്ചത്.
ആ ബ്രേക്കിംഗ് ന്യൂസ് നിന്നോട് പിന്നീട് വിശദമായിട്ട് തന്നെ പറയാം.
അതിനുശേഷം ജ്ഞാനദാസ് മൊതലാളി എന്റെ വഴിക്ക് വന്നിട്ടില്ല..
ഓഫീസിൽ വരവു പോലും കുറഞ്ഞു.
പിന്നീട്
ഇടപാടെല്ലാം മാനേജർ വഴിയായിരുന്നു. എന്നെ ഇപ്പോൾ എഡിറ്റോറിയൽ വിംഗിലേക്ക് മാറ്റിയിട്ടുണ്ട്  അല്ലെങ്കിലും‌ മാറാൻ സമയമായെന്ന് എനിക്കും തോന്നി. എന്റെ
ജനിമോളെ  ഒരു നിലയിലെത്തിക്കും വരെ എനിക്കിവിടെ തുടരണം. മറ്റേ ബ്രേക്കിംഗ് ന്യൂസ് കൈയിലുള്ളതു കൊണ്ട് ജ്ഞാനദാസന്റെ ശല്യവും ഉണ്ടാകില്ല..
എനിക്കും മടുത്തു തുടങ്ങിയിരിക്കുന്നു.
ഇനിയും വൈകാതെ  ഗ്ലാമർ കൊണ്ട് വിശപ്പു തീർക്കണ ഈ പണി ഒഴിയണം..

അയാൾ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു..

"ജൂഡിറ്റേ നീ ഡിഗ്രികഴിഞ്ഞ് വല്ല
ടി‌ ടി‌ സി ട്രെയിനിംഗും ചെയ്തിരിന്നെങ്കിൽ ഇതിലും മാന്യമായ തുക വാങ്ങിക്കാമായിരുന്നു. ഇതിപ്പൊ കോട്ടും സാരീം‌ മുഖോം മിനുക്കി എല്ലാർക്കും‌ മുന്നിൽ സെലിബ്രിറ്റിയായിപ്പോയില്ലേ...
അതൊന്നും എൽ പി സ്കൂൾ ടീച്ചർക്ക് കിട്ടൂലല്ലോ..അല്ലേ.. ? എന്നാൽ
ആ പ്രശസ്തി തിന്ന് വിശപ്പടക്കിക്കോളൂ..."
അയാളെ കൊല്ലാനുള്ള ദേഷ്യമൊക്കെ തോന്നുമെങ്കിലും ഈ പറയുന്നതിലൊക്കെ ചില കാര്യങ്ങളുണ്ടെന്ന് ഓർക്കുമ്പോൾ എനിക്കും ഉത്തരം മുട്ടിപ്പോകും.

അല്ലെങ്കിലും ഈ ചാനലും വാർത്തയുമൊക്കെ ആണുങ്ങൾക്ക് ചുറ്റും കറങ്ങുന്നതായി തോന്നിയിട്ടുണ്ട് ഏതെങ്കിലും തിരഞ്ഞെടുപ്പോ, വല്യബ്രേക്കിംഗ് ന്യൂസ്സോ വന്നോട്ടേ അവന്മാർ മേക്കപ്പ് തുടങ്ങും. ആ അവസരമൊക്കെ  അർമ്മാദിച്ചുകഴിഞ്ഞ് ഉച്ചിഷ്ടം ചർദ്ദിക്കാൻ ഞങ്ങളും... ശമ്പളത്തിന്റെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ. പേരിനൊരു വേജ് ബോഡും സംഘടനയും ഉണ്ടെന്നല്ലാതെ അതിലൊന്നും ഒരു കാര്യോം ഇല്ലാട്ടോ. സിനിമയിലെ നായകന്മാരെപ്പോലെ ആണുങ്ങളങ്ങനെ സ്ഥിരമായി സീറ്റിൽ  ഉണ്ടാകും.
പെണ്ണുങ്ങളെ ഒന്ന് കണ്ട് മടുത്തെന്ന് തോന്നിയാൽ മാറ്റിക്കൊണ്ടിരിക്കും. ആദ്യം ടെക്നിക്കൽ വിംഗിലേക്കും അവിടെന്ന് ചാനലിന്റെ പിന്നിലേക്കും. അതിനൊക്കെ ജ്ഞാനപ്പന് പ്രത്യേക കഴിവാണ് കേട്ടോ...

എഡിറ്ററുടെ  അഭിമുഖത്തിനെന്നല്ല ഈ ചാനലിലെ തൂപ്പുകാരിവരെ ആ പോങ്ങന്റെ സെലക്ഷനാണ്.

" കൊറച്ച് ദെവസം‌ മൈക്കും കൊണ്ട് റോട്ടീ നിക്കീൻ, പിന്നെ മേക്കപ്പ് കളിട്ട് ഏസീലിരുന്ന് പൊളപ്പനായിട്ട് വായിക്കാല്ലാ, ഇവിടെ ക്ലച്ച് പിടിച്ചാപിന്നെ അപ്പീ നെനക്ക് വച്ചടിവച്ച്ടി കേറ്റല്ലേന്ന്...."
ഇതാണ് എനിക്ക് കിട്ടിയ ജ്ഞാനദാസിന്റെ വാക്കാലുള്ള അപ്പോയിന്മെന്റ് ഓർഡർ...

നേരത്തേ പറഞ്ഞില്ലേ ജ്ഞാനദാസിന്റെ  ബ്രേക്കിംഗ് ന്യൂസ്. അതിനു മുന്നേ എനിക്കൊരു പ്രശ്നം ഉണ്ടായി...
പുതിയ അവതാരകരുടെ തള്ളിക്കേറ്റം‌ തുടങ്ങുന്ന സമയം. എന്നെ പിൻ വലിക്കാൻ അണിയറയിൽ നല്ല ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു.
ആറുമണിയുടെ പ്രാദേശിക വാർത്ത കഴിഞ്ഞ് ഒൻപതിന്റെ വാർത്തയ്ക്ക് എന്നെ കയറ്റിയില്ല...
പുതിയ ഒരു പെണ്ണിനെ ജ്ഞാനദാസ് ഇരുത്തി...

" വകയിലെ ഒരു സ്വന്തക്കാരത്തി, ആ പെണ്ണിനെ വല്ലതും പഠിപ്പിക്കണേ ജൂഡിറ്റേ, അല്ലേലും നെന്നെ എത്രേന്നും പറഞ്ഞ്  ഇങ്ങനെയിട്ട് കശ്ട്ടപ്പെടുത്തും..."  കാര്യങ്ങളൊക്കെ നിനക്ക് ഊഹിക്കാല്ലോ..? ചവിട്ടിത്തേയ്ക്കാൻ
അന്ന് വീട്ടിൽ വന്നിട്ടും എന്റെ കണ്ണ് തോർന്നില്ല. അതിന്റെ കൂടെ ഫ്ലാറ്റ് ഉടമയുടെ വക നോട്ടവും.  വാടകയിനത്തിൽ തന്നെ മൂന്ന് മാസത്തെ  അടവ് ബാക്കിയാണ്.
പിന്നെ അതികം കടുപ്പിക്കാൻ അയാൾക്കും‌ വയ്യല്ലോ, വാർത്തക്കാരിയല്ലേ..?

സ്റ്റീഫനിപ്പോൾ ഞങ്ങളെ മറന്നതുപോലാണ്  മാസത്തിലൊരിക്കൽ വീട്ടിൽ വന്നാലായി. പഴയതുപോലെ പത്രത്തിലും‌ മാസികകളിലും അവസരം‌ കിട്ടാറില്ല.. സ്റ്റീഫന്റെ വര ശ്രദ്ധിക്കാറുണ്ട്..? സ്റ്റീവ് വര ആ പേരിലാ വരാറുള്ളത്. പുസ്തകത്തിന്റെ കവർ സ്ഥിരം ഏല്പിക്കുന്ന
ഒന്നു രണ്ട് പ്രസാധകർ കൈയൊഴിഞ്ഞ മട്ടാണ്. ഏതെങ്കിലും കൂട്ടുകാരുടെ ലോഡ്ജിലോ ആർട്ട് ഗ്യാലറിയിലോ  ആയിരിക്കും‌ ഉറക്കം. ഇനി
മൂന്ന് ദിവസം കഴിഞ്ഞാൽ, ഏപ്രിൽ 24 ജനിയുടെ പിറന്നാളാണ്,
ഇത്തവണ എവിടേക്കെങ്കിലും കൊണ്ടുപോകാമെന്ന് വാക്കുകൊടുത്തതാണ്.പ്

പതിവായി പത്തുമണിയുടെ അരമണിക്കൂർ മെയിൻ തലക്കെട്ടുകൾ കഴിഞ്ഞ്  ഞാനെത്തുമ്പോൾ  ലില്ലിക്കുട്ടിയമ്മയെ കെട്ടിപ്പിടിച്ച് അവൾ ഉറങ്ങിയിട്ടുണ്ടാകും. ഇതൊക്കെ ഞാൻ അയാളോട് പറഞ്ഞപ്പോൾ വളിച്ച ഒരു ചിരിയായിരുന്നു..
പിന്നെപ്പറഞ്ഞതൊന്നും നിന്നോട് പറയാൻ കൊള്ളാഞ്ഞിട്ടാണ്.. അല്ലേലും നീയും ആവശ്യപ്പെട്ടത് ഏകദേശം അതുപോലെ ഒന്നാണ്. എനിക്കും അതൊന്നും ആവശ്യമില്ലാഞ്ഞിട്ടല്ല, പെട്ടെന്ന് കേൾക്കുമ്പോൾ ഒരു വെറുപ്പ്.
എല്ലാവനും ഇങ്ങനാ രാത്രീയിൽ ഏതെങ്കിലും പെണ്ണുങ്ങൾ രണ്ട് വർത്താനം പറഞ്ഞു പോയാൽ അടുത്ത ചോദ്യം അതായിരിക്കും.
അതൊക്കെ പോട്ടേ അടുത്ത ദിവസങ്ങളിലായിരുന്നു വലിയ അത്ഭുതങ്ങൾ സംഭവിച്ചത്..

അയാൾ അന്ന് ഇതുപോലെ ചോദിച്ചതിന്റെ ദേഷ്യത്തിൽ
വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചിട്ട്...ഫോൺ വലിച്ചെറിഞ്ഞ് കിടന്നുറങ്ങി..
രാവിലെ ഒരു നാലുമണിക്ക് എണീറ്റ് നോക്കുമ്പോൾ എന്റെ ബാങ്ക് അകൗണ്ടിലേക്ക് നല്ലൊരു തുക ക്രെഡിറ്റ് ആയിരിക്കുന്നു..
രാവിലെ ആറരയ്ക്ക്   മീനാക്ഷിയെന്ന് പരിചയപ്പെടുത്തിയ ഒരുത്തി ഫ്ലാറ്റിന്റെ പുറത്ത്  കാത്തു  നിൽക്കുന്നുണ്ടായിരുന്നു.. ഒറ്റമണിക്കൂർ ആ സ്ത്രീ എന്നെ പിടിച്ചിരുത്തി എന്തൊക്കെയോ ചെയ്തു..
നല്ല അഞ്ചോളം സാരിയും ചുരിദാറുകളും.. കണ്ണാടിയിൽ നോക്കിയപ്പോൾ
എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല.
അതിലും രസം സ്റ്റുഡിയോയിൽ വച്ച് ജ്ഞാനദാസിന്റെ കമന്റായിരുന്നു...

" ഡേയ് പയ്ലേ നരേന്ദ്രാ നീ കൊറച്ച് റെസ്റ്റെട്ക്ക്, ജൂഡിറ്റേ നീ കേറിയിരുന്ന് പൊളപ്പനായിട്ട് വായിക്ക്, തള്ളേ നെന്ന കണ്ടിട്ട് എനിക്ക് തന്നെ കൊതിയാവണ്. നമ്മളെ പ്രേഷകര് ഞെട്ടട്ട്... ഇത് എന്തര് മാറ്റോപ്പി..." 

അന്ന് വൈകിട്ടാണ് അയാളു പറഞ്ഞതുപോലെ ജ്ഞാനദാസന്റെ ഫ്യൂസ് ഊരാനുള്ള ബ്രേക്കിംഗ് ന്യൂസ് ഞാനൊപ്പിച്ചത്.

എന്റെ സന്തോഷം അതൊന്നും ആയിരുന്നില്ല..
സ്റ്റീഫൻ വരച്ച ചിത്രങ്ങളൊക്കെ രണ്ട് ചെറുപ്പക്കാർ വന്ന്  കൊണ്ടുപോയി... അതിന്റെ അടുത്ത ആഴ്ച്ച ഇവിടത്തെ ഏറ്റവും വലിയ ഹോട്ടലിൽ സ്റ്റീഫന്റെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനവും വില്പനയും. അതിൽ ഏറ്റവും വിലയ്ക്ക് വിറ്റത് ഞങ്ങൾ പ്രണയിച്ചു നടന്നപ്പോൾ എനിക്കുവേണ്ടി വരച്ച ' ഋതുക്കൾ' എന്ന് പേരിട്ട് അക്രിലിക്ക് വർക്ക്.. ഞങ്ങടെ പത്രത്തിന്റെ തന്നെ  വാരാന്ത്യപ്പതിപ്പിൽ   സ്റ്റീഫനെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറും‌ വന്നു..
ഒന്നോ രണ്ടോ ഒഴികെ എല്ലാ ചിത്രങ്ങളും വിറ്റുപോയി. സംഘാടകരുടെ വക നല്ലൊരു തുകയും കിട്ടി. വർഷങ്ങൾക്ക് ശേഷം ഞാനും സ്റ്റീഫനും ടെറസിനു മുകളിൽ മഴ നനഞ്ഞ് കിടന്നു.. ഞാനെന്റെ ഈ ആഗ്രഹം കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ എപ്പൊഴോ പറഞ്ഞിരുന്നു.
പതിമൂന്ന് കൊല്ലങ്ങൾക്കിപ്പുറം അത് സ്റ്റീഫൻ സാധിച്ചു തന്നപ്പോൾ ആ മഴയത്തുകിടന്ന് ഞാൻ കരഞ്ഞു.
നിനക്കറിയാമോ അവഗണിച്ചു തുടങ്ങിയ പ്രസാധകർ സ്റ്റീഫനെ വിളിക്കാൻ തുടങ്ങിയതായിരുന്നു.
ഒന്നുരണ്ട് പതിപ്പുകളിൽ കവർ ചിത്രങ്ങളും വന്നിരുന്നു.
ചുറ്റിലും വലിയ ക്യാൻവാസ്  നിർത്തിയ
കായലിനോട് ചേർന്നുള്ള സ്വപ്ന വീടിനെക്കുറിച്ച് സ്റ്റീഫൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയിരുന്നു. ജനിയുടെ പിറന്നാളിന്റെ യാത്രയ്ക്ക് തുക അകൗണ്ടിൽ വന്നത് അയാളുടെ വകയാണെന്നറിയാം.‌‌ നിറങ്ങളും പ്രണയവുമുള്ള എന്റെ  സ്റ്റീഫനെ മടക്കിത്തന്നതും ഞാൻ ചീത്തപറഞ്ഞ അയാളാണെന്ന് ഉറപ്പുണ്ട്..പക്ഷേ അന്ന് പതിവിലും സ്റ്റീഫൻ കുടിച്ചിട്ടില്ലായിരുന്നെങ്കിൽ പതിവായി ഇരിക്കാറുള്ള പാവുമ്പ പാലത്തിന്റെ കൈവരിയിൽ നിന്ന് കായലിലേക്ക് വീഴില്ലായിരുന്നു. എന്നാലും ഞങ്ങളുടെ  അവസാന നാളുകളിലെങ്കിലും
നല്ല ഒരുപിടിയോർമ്മകൾ നേടാൻ കഴിഞ്ഞത് അയാളിലൂടെയല്ലേ....?  ജനിമോൾക്ക് വന്ന പിറന്നാൾ സമ്മാനത്തിൽ എനിക്കുവേണ്ടി അയാൾ എഴുതി പൂർത്തിയാക്കിയ ഗീബൽസിന്റെ ജീവ ചരിത്രത്തിന്റെ  കൈയെഴുത്ത് പതിപ്പുണ്ടായിരുന്നു.
അത് എന്റെ പേരിൽ അച്ചടിക്കണമെന്ന് ചുവന്ന  മഷിയിൽ എഴുതിയ ഒരു കത്തും..

സ്റ്റീഫന്റെ ചടങ്ങൊക്കെ കഴിഞ്ഞ് ഒന്നരമാസത്തിനുശേഷമാണ്
ഞാൻ ചാനലിൽ പോയത്,
അന്ന്.
അടുത്തിടെ
പത്മശ്രീ നേടിയ ഒരു ചിത്രകാരനുമായി അഭിമുഖം‌. അത് ഞാൻ തന്നെ ചെയ്യണമെന്ന് ജ്ഞാനദാസ് വാശിപിടിച്ചു വെന്നാണ് മാനേജർ പറഞ്ഞത്.. സംഭാഷണത്തിനിടയിൽ ചിത്രകാരൻ സ്റ്റീഫന്റെ പ്രതിഭയെ വാനോളം‌ പുകഴ്ത്തിയപ്പോൾ ഞാൻ  നിയന്ത്രണം വിട്ട് കരഞ്ഞുപോയി.
കേരളത്തിലെ ചാനൽ ചരിത്രത്തിൽ ഏറ്റവും റേറ്റിംഗ് ഉള്ള അഭിമുഖം അതായിരുന്നു.
യൂ റ്റൂബിലൊക്കെ ഹിറ്റാണ്... കഴിഞ്ഞാൽ ഒന്നു നോക്കിക്കോ. അടുത്ത  ദിവസം ഞാൻ ജോലി രാജിവച്ചു. പിരിഞ്ഞപ്പോൾ കിട്ടിയ സംഖ്യയും, ബ്രേക്കിംഗ് ന്യൂസ് കൈമാറിയ സമയത്ത്  ജ്ഞാനദാസ് നിർബ്ബന്ധപൂർവ്വം  ഏല്പിച്ച  തുകയും ചേർത്ത് സ്റ്റീഫന്റെ   സ്വപ്നമായ കായലോരത്തെ  ഈ വീട്ടിലേക്ക് മാറി...

സത്യാ ന്യുസിൽ നിന്ന്
രാജിവച്ച കാര്യം പറയാൻ‌ ചാറ്റിൽ പോയപ്പോൾ അയാൾക്ക് അതിലും വലിയ തമാശയായിരുന്നു പറയാനുണ്ടായിരുന്നത്.
കോടമ്പാക്കത്തെ അപകടമരണത്തിൽ ഞങ്ങളുടെ ചാനൽ മൂന്ന് പേരെ കൂടുതൽ കൊന്നുവത്രേ.
മൂന്ന് മണിയുടെ ചിട്ടിത്തട്ടിപ്പ് വാർത്ത വായിക്കുന്നതിനടിയിൽ സ്ക്രോളായി പോയത് അതേ ചിട്ടി സ്ഥാപനത്തിന്റെ പരസ്യമായിരുന്നു പോലും. അഭിമുഖത്തിനിടയിൽ ക്യാമറാമാന്റെ ശ്രദ്ധ എന്റെ ചുണ്ടിലും‌ മുലയിലും ആയിരുന്നുവെന്നും. പത്മശ്രീ ചിത്രകാരനെക്കാൾ ക്യാമറാമാൻ ഒപ്പിയെടുക്കാൻ‌ ശ്രമിച്ചത് എന്നെ ആയിരുന്നുപോലും.

നീ അറിയണം  ഞാനിപ്പോൾ നിന്നെ വിളിക്കുന്നത് പോലും അയാളായിരിക്കണേയെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടാണ്...
ശല്യം‌ ഞരമ്പൻ, എക്സ്മെൻ എന്നൊക്കെ സേവ് ആക്കിയിരുന്ന ആ പേരുമാറ്റാനായിട്ട് അയാളോട് പേരുചോദിച്ചപ്പോൾ ഗീബൽസ് എന്നു മാത്രം പറഞ്ഞ് ഒരു കറുത്ത പെരുവിരലിന്റെ സ്മൈലിയും ഇട്ട് ഓഫ് ലൈനിൽ പോയ അയാളെ പിന്നെ ഒരുതരത്തിലും ബന്ധപ്പെടാൻ എനിക്ക്  ആയിട്ടില്ല... ഫോൺ സ്വിച്ചോഫ് ആ നമ്പർ തിരക്കുമ്പോൾ പണ്ടെന്നോ ചത്തുപോയ ഒരാളുടെ വ്യാജപ്പേരിൽ എടുത്ത സിം
ഓരോ തവണ ഫോൺ മുഴങ്ങുമ്പോഴും,  പരിചിതമല്ലാത്ത നമ്പരിൽ
ആരെങ്കിലും ചാറ്റിൽ വരുമ്പോഴും
അയാളായിരിക്കണേയെന്ന് വല്ലാതെ ആഗ്രഹിക്കും. ആയാളുടെ
ചില സാദൃശ്യങ്ങൾ തോന്നിയിട്ടാണ് നിന്നെപ്പോലും‌ പിൻ തുടർന്നത്..‌
നീയും ഒരെഴുത്തുകാരനല്ലേ. ഗീബൽസിന്റെ ജീവചരിത്രം‌ അയാൾക്കുവേണ്ടി അച്ചടിക്കാൻ‌ എന്നെ സഹായിക്കാമോ....? അയാൾക്കുവേണ്ടി ഇതെങ്കിലും ഞാൻ...?
    

ഹലോ,
കേൾക്കുന്നുണ്ടോ.?
ഹലോ
മിസ്റ്റർ,.... ?!!

കുറിപ്പ്...

* ഗീബൽസ്
ഹിറ്റ്ലറുടെ പ്രചാരക മന്ത്രി, നാസി കൂട്ടക്കൊലയുടെ പ്രചാരകൻ, നുണകളെ  കറകളഞ്ഞ രാഷ്ട്രീയ കലയായി വികസിപ്പിച്ചവൻ‌‌‌.. ഹിറ്റ്ലറെപ്പോലെ
വളരെ കൗതുകം‌ ജനിപ്പിക്കുന്ന കഥകളും സാദൃശ്യവും  ഉള്ള ആൾ...

* ഹന്ന, ഫല്ലസി, ജൂഡിറ്റ് മില്ലർ‌‌ വിദേശ വനിതാ മാധ്യമ പ്രവർത്തകർ

കെ എസ്‌ രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment