Saturday 26 June 2021

'ഥ'ർക്കം

'ഥ'ർക്കം.!

      വെറുമൊരു കഥയ്ക്ക് ഇത്രയും ഭീമൻ തുകയൊക്കെ സമ്മാനമായി കിട്ടിയെന്നു പറഞ്ഞാൽ എനിക്കും നിങ്ങൾക്കും ചില പുതിയകാല കഥകളെപ്പോലെ അംഗീകരിക്കാൻ പ്രയാസമുണ്ടാകും. 
പക്ഷേ സംഗതി സത്യമാണ്.ആഡംബരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല,ആകാശത്തായിരുന്നു പുരസ്‌കാരച്ചടങ്ങ്.സമ്മാനദാനം പ്രത്യേകമായൊരുക്കിയ വിമാനത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത് എന്നർഥം.നമ്മുടെ രാജ്യത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പിന്റെ കരാറു കിട്ടിയതെന്നും കേൾക്കുന്നു.‌ 
       മൂന്നു രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാർ.ആ തുക കൈമാറാനെത്തിയ സ്വിസ് ബാങ്കിന്റെ രണ്ടു പ്രതിനിധികൾ.പുരസ്കാര നിർണയത്തിൽ ജൂറി അംഗങ്ങളായിരുന്ന മൂന്നുപേർ.നമ്മുടെ കഥാകൃത്ത്, ടിയാന്റെ അമ്മ,ഭാര്യ,കാമുകി.വിമാനത്തിന്റെ പൈലറ്റുൾപ്പെടെ ഇരുപതുപേരിൽ താഴെമാത്രമുള്ള ഒരു സംഘം.അവരെയും വഹിച്ച് ആ ആഡംബര വിമാനം ഭൂമിയെച്ചുറ്റിക്കൊണ്ട് പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും.
     ഇപ്പോഴും നിങ്ങളുടെ മുഖത്തുള്ള ഈ അമ്പരപ്പും സംശയങ്ങളും കാണുമ്പോളെനിക്ക് തുകയുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും സംസാരിക്കാൻ തോന്നുന്നുണ്ട്.സ്വിസ് ബാങ്കിന്റെ പ്രതിനിധികൾ ചുവപ്പ്, തുവെള്ള,ഇളംനീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലുള്ള ലക്കോട്ടുകളിലാണ് തുകയുടെ ചെക്കുകൾ കൊണ്ടുവന്നത്.ആ ഭീമൻ തുക സ്വിസ്‌ ബാങ്കിനുപോലും ഒറ്റച്ചെക്കിൽ ഒതുക്കാൻ കഴിയാത്തതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആ മൂന്നു ലക്കോട്ടിന്റെ പുറത്തും വീതിയുള്ള സ്വർണ റിബൺ കെട്ടിയിരുന്നു.ഒപ്പമൊരു തളികയിൽ മാലപോലെ മഞ്ഞനൂലിട്ട് വജ്രപ്പതക്കവും. 
       നമ്മുടെ രാജ്യത്തെ പത്രങ്ങളിൽ ഭൂരിഭാഗവും ഈ വിഷയം തമസ്കരിക്കുകയായിരുന്നു. അതിന്റെ പിന്നിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ടാകും.അല്ലെങ്കിൽ ഇത്രയും ഭീമമായ തുക ഒരു രാജ്യത്തേക്ക് സമ്മാനമായിട്ടെത്തുന്നത് നയപരമായ വിഷയവുമായിരിക്കാം.എന്നിട്ടും ഒരു  മലയാള പത്രത്തിൽ ആ തുകയെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്.
      "എട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭൂമി വിലയ്ക്ക് വാങ്ങാനുള്ള തുക.അല്ലെങ്കിൽ ഏറ്റവും ജനസംഖ്യയുള്ള മൂന്നു രാജ്യങ്ങളിലെ വാക്‌സിനേഷൻ സൗജന്യമാക്കാൻ പര്യാപ്തമായ സംഖ്യ." 
      എന്നാലും നിങ്ങളുടെ സംശയം തീരില്ലെന്നറിയാം.ലോക ബാങ്ക് പാപ്പരായി പ്രഖ്യാപിച്ച നാലു രാജ്യങ്ങളുടെ പ്രതിനിധികൾ വിമാനത്താവളത്തിൽ കഥാകൃത്തിനെയും കാത്ത് കഴിഞ്ഞ പതിനൊന്നര മണിക്കൂറും ഇരുപത്തിമൂന്ന് മിനിറ്റും ഏഴ് സെക്കന്റും ഒരേ നില്പയിരുന്നു.അതിലൊരു രാജ്യം ടിയാന് പൗരത്വവും പ്രസിഡണ്ട് പദവിയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.ഒരു കഥാകൃത്ത് രാജ്യത്തിന്റെ തലവനായാൽ നന്നാകുമോയെന്ന് എനിക്കും സാരമായ സംശയമുണ്ട്.പലപ്പോഴും അവനോന്റെ വീടുപോലും നിയന്ത്രിക്കാൻ കഴിയാത്തവരാണവർ.ആയതിനാൽ ഈ ചർച്ച തത്കാലം നമുക്കിവിടെ നിർത്താം.പ്രത്യേക സുരക്ഷാസംവിധാനങ്ങളോടെ ചടങ്ങുകൾ സംഘടിപ്പിച്ച വിമാനത്തിലെ വേദിയിൽ വച്ച് ഗുരുതരമായ അവകാശത്തർക്കമുണ്ടായിരിക്കുന്നു.
       നോക്കൂ, ഞാനിത്രയും സത്യസന്ധമായി പറഞ്ഞിട്ടും കഥയിൽ നിന്നും ഇറങ്ങിപ്പോകുന്ന വായനക്കാരെ നമുക്ക് മറക്കാം.പ്രിയ സ്‌നേഹിതാ, നീ വരൂ.ലോകോത്തര കഥകളിൽ നിന്നുപോലും എത്രായിരം വായനക്കാർ ആദ്യ വരിയിലോ രണ്ടാമത്തെ ഖണ്ഡികയിലോ നിന്നിറങ്ങിപ്പോകുന്നുണ്ട്. ഹതഭാഗ്യർ അല്ലാതെന്തു പറയാൻ.?.പലപ്പോഴും ഒരു കഥയുടെ അവസാന വാക്കുവരേയും എത്താനാകുന്നത് താങ്കളെപ്പോലെ നാലഞ്ച് ശതമാനത്തിന് മാത്രമാണല്ലോ.എന്നിട്ടും എഴുതുന്നവരെ പഴിക്കലാണ് വായനാലോകത്തിന്റെ പതിവ് രീതി.എന്നാലോ വായിക്കുന്നവന്റെ പ്രതിഭയിലേക്ക് ആരുമൊട്ടും വിരലു ചൂണ്ടാറുമില്ല.
        ഈ ഹോട്ടലിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആ പ്രശ്നപരിഹാരത്തിനായി മേശ ഒരുക്കിയിരിക്കുന്നത്.ക്ഷമിക്കു, ആവേശത്തിൽ ആ തർക്കമെന്താണെന്ന് നിന്നോട് സൂചിപ്പിക്കാൻ മറന്നുപോയിരിക്കുന്നു.
    എത്രയും വേഗത്തിൽ കഥ അച്ചടിച്ചു വരണം.വായനയുടെ വെള്ളിവെളിച്ചത്തിൽ സദാകാലവും തിളങ്ങിവിളങ്ങി നിൽക്കണമെന്ന തീവ്രവാഞ്ഛയിൽ പല എഴുത്താളർക്കും ഇങ്ങനെ സംഭവിക്കുന്നതാണ്.കാര്യകാരണങ്ങൾ ഉള്ളിലുണ്ടാകും,പക്ഷേ കഥയിടത്തിൽ ആ രംഗങ്ങൾ സുന്ദരമായി ചേർത്തു പറയാൻ വിട്ടുപോകും.നിർഭാഗ്യവശാൽ അത് കഥയുടെ മർമ്മവുമായിരിക്കും.
      കഥാകൃത്തിന്റെ ജീവിതം,പുരസ്കൃത കഥ ഇവയുടെ അവകാശത്തെക്കുറിച്ച് അമ്മ,ഭാര്യ, കാമുകിമാർക്കിടയിൽ ഭീകരമായ തർക്കം നടക്കുകയാണ്.ചില രാജ്യങ്ങളും ലോക ബാങ്കിന്റെ പ്രതിനിധികളും രാഷ്ട്രീയ ശക്തികളും മൂന്നാൾക്കും പിന്നിലുണ്ടാവാമെന്നാണ് എന്റെ ബലമായ സംശയം.അമ്മയെ പിന്തുണയ്ക്കുന്നത് ഭാരതമാണെന്നതിന് ചില സൂചനകൾ എനിക്കും കിട്ടിയിട്ടുണ്ട്.
       'ജനനി ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി' എന്നാണല്ലോ സൂക്തമായത്.ഇതിനിവിടെ പ്രസക്തിയുണ്ടോ എന്നൊന്നും ചോദിക്കരുത്.ഒരു കഥയായാൽ 'സംസ്‌കരിച്ച' ഇത്തരം നെടുങ്കണ്ടൻ ഡയലോഗുകൾ കൊണ്ടിട്ടാൽ ആന്തരിക ഗൗരവം കിട്ടുമെന്നൊരു ചിന്ത എഴുത്താളർക്ക് പണ്ടുമുതൽക്കേ ഉണ്ടല്ലോ.ഞാനും അതേ ചെയ്യുന്നുള്ളൂ.
     അതും വിട്ടേക്കു, കാമുകിയും അമ്മയും തമ്മിൽ വിമാനത്തിനുള്ളിൽ കൈയേറ്റംവരെ സംഭവിച്ചു.ആ തുകയുടെ ബലത്തിൽ വാർത്തകൾ ഭൂമിലേക്ക് ചോർന്നിട്ടില്ലെന്നു മാത്രം. നമ്മളതറിഞ്ഞിട്ടും വലിയ കാര്യമില്ലല്ലോ.നാലാളും താമസിക്കുന്ന ഹോട്ടലിലേക്ക് ഇനിയാർക്കും പ്രവേശനമുണ്ടാകില്ല.തീരുമാനമുണ്ടാകും വരെ ഈ ഹോട്ടൽ പരിസരം പ്രത്യേക സൈന്യത്തിന്റെ നിരീക്ഷണത്തിലായിരിക്കും. 
      കഥാകൃത്തും അവകാശികളും മേശക്ക് ചുറ്റുമിരുന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കട്ടെന്നാണ് സംഘാടകർ സന്ധിയാക്കിയത്.അവരാണ് ഈ മേശ ക്രമീകരിച്ചിരിക്കുന്നത്.ഒടുവിൽ ആർക്കൊപ്പമാണ് കഥാകൃത്ത് ഇറങ്ങിവരിക.? വിമാനത്താവളത്തിൽ കാത്തുനിന്ന സകലരും ആ ഒറ്റ പ്രതീക്ഷയിൽ ഹോട്ടലിന്റെ ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ തൊട്ടപ്പുറത്ത് നിലയുറപ്പിക്കുന്നത് ജാഗ്രതയോടെ തന്നെയാണ്.
       നോക്കൂ,അത്താഴത്തിനുള്ള ആ ഇരുപ്പ് കണ്ടോ, മൂന്നു പെണ്ണുങ്ങളും കഥാകൃത്തും.തളികയിൽ വച്ചിട്ടുള്ള മൂന്നു ലക്കോട്ടും വജ്രത്തിൽ തീർത്ത പതക്കവും നിനക്ക് കാണാനാകുന്നില്ലേ.?ഇനി എന്നെപ്പോലെ നിനക്കും സ്വാതന്ത്ര്യമുണ്ട്, അവരുടെ ഇരുപ്പിലും വാക്കിലും നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.ചില കഥകൾ അങ്ങനെയാണ്, വായനക്കാരനെ ഉള്ളിലേക്ക് തള്ളിവിട്ടിട്ട് എഴുത്തുകാരൻ രക്ഷപ്പെടും.പിന്നെയത് കൃത്യമായി വായിക്കേണ്ടത് അവന്റെ ബാധ്യതയാകും. ഇനി ഞാൻ ഏറെയൊന്നും സംസാരിക്കുന്നില്ല, നിന്റെ പ്രാപ്തിക്ക് നീയും എന്റെ യുക്തിക്ക് ഞാനും അതൊക്കെയും കാണട്ടെ..
      കഥാകൃത്ത് കൈയുയർത്തിയപ്പോൾ വിഷാദമുഖമുള്ള ഒരു പരിചാരകൻ ഭക്ഷണവുമായി വന്നു. ഭവ്യതയോടെ മേശപ്പുറത്ത് അതെല്ലാം‌ നിരത്തിയശേഷം അയാൾ പോയി.ഭാര്യ മാത്രം കഴിക്കുന്നതിൽ പങ്കാളിയാകാതെ ഇരിക്കുന്നത് കണ്ട കഥാകൃത്ത് വീണ്ടും കൈയുയർത്താൻ തുടങ്ങി.കാമുകിയുടെ പരിഹാസച്ചിരി കണ്ട്, മുന്നിലിരിക്കുന്ന മാംസാഹാരം തന്റെ അരികിലേക്ക് ഭാര്യ നീക്കിവച്ചു കഴിക്കാൻ തുടങ്ങി.
      വിവാഹപൂർവ്വകാലത്ത്  പ്രണയത്തിന്റെ ഭാഷയിൽ പറഞ്ഞിട്ടും സസ്യാഹാരം വെടിയാത്ത ഭാര്യയുടെ ആ നീക്കത്തിൽ കഥാകൃത്തും അത്ഭുതപ്പെട്ടു.ആഡ്യമേശയുടെ ശീലത്തിനൊത്ത് കത്തിയും മുള്ളും കൃത്യമായി ഉപയോഗിക്കുന്ന കാമുകിയിലേക്കാണ് ഇപ്പോൾ ഭാര്യയും അമ്മയും നോക്കുന്നത്.കത്തിയും മുള്ളും കൈവിട്ടിരുന്നില്ലെങ്കിലും ഇടയ്ക്ക് ആഹാരത്തിലേക്ക് കഥാകൃത്തിന്റെ നഗ്നമായ കൈ നീണ്ടു പോകുന്നതിൽ അവർക്ക് അൽപ്പം ആശ്വാസം തോന്നി.
        ഭാര്യയുടെ മുഖത്ത് ഒന്നുരണ്ട് തവണ ഛർദ്ദി തികട്ടിവന്നു.വൈകാതെ അതുണ്ടാകുമെന്ന കഥാകൃത്തിന്റെ ഭയത്തിലേക്ക് കാമുകിയുടെ ചിരി വീണുകൊണ്ടിരുന്നു.ഒരിക്കലും അമ്മയോ ഭാര്യയോ ഇതുപോലെ ഒരന്തരീക്ഷത്തിൽ ഭക്ഷണത്തിനിരുന്നിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു കഥാകൃത്തിന്.ഇതേ റാപ്പ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസവും കടൽത്തീരത്തെ ആ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഏറ്റവുമുകളിലെ തണുത്തമുറിയിൽ തനിക്കൊപ്പം കഴിഞ്ഞതോർക്കാൻ കാമുകിയുടെ ചിരിയപ്പോൾ കഥാകൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്.അവൾ ആ പാട്ടിനൊത്ത് തലയിളക്കുന്നു.
       എരിവിന്റെ പിന്നണിയായി മൂക്കിലൂറി വന്ന നനവ് മേശവിരിയിൽ തുടച്ചശേഷം,എല്ലിന്റെ കുഴലിലെ മജ്ജ വായിലേക്ക് ഊറിയെടുക്കുന്ന അമ്മ.ഭാര്യയും കാമുകിയും അശ്ളീല ദൃശ്യത്തിലെന്നപോലെ അതിലേക്ക് നോക്കി.ജനിതകവും ശീലവും ചേർന്നപ്പോൾ, അമ്മയെ അനുകരിക്കാതിരിക്കാൻ കഴിയാത്ത കഥാകൃത്തിന്റെയും എല്ലാങ്കുഴലൂറൽ.കാമുകി ഒരെല്ലിൻകുഴൽ വളരെ വേഗം പാത്രത്തിൽ നിന്ന് തപ്പിയെടുത്തു.മുകളിലേക്ക് തലയുയർത്തിയ മൂന്ന് കുഴൽവിളിക്കാർ.നിരാശയോടെ തലകുനിഞ്ഞ ഭാര്യ.പുതിയ കഥകളെല്ലാം വരയുടെ സാധ്യതയെ ഗൗരവമായി ചിന്തിക്കുന്നുണ്ട്.മൂവർ സംഘത്തിന്റെ കുഴലൂറലും ഭാര്യയുടെ ഒറ്റയാൻ ഇരിപ്പും ബോധപൂർവം സൃഷ്ടിച്ചതുപോലെ തോന്നുന്നില്ലേ..?
        എല്ലിൻ കുഴലിന്റെ നിരാശയിലിരിക്കുന്ന ഭാര്യയോട് ദൂരെ നിന്ന വിഷാദമുഖമുള്ള പരിചാരകന് പോലും സഹതാപം തോന്നി.നീതിയില്ലാത്ത വിളമ്പുകാരനെ ആ ദാമ്പത്യ മനുഷ്യൻ ശപിച്ചു. കഥാകൃത്ത് ഒരിക്കലും ഭാര്യയോടൊപ്പം പോകാനിടയില്ലെന്ന് ആ മനുഷ്യനപ്പോൾ ചിന്തിച്ചിട്ടുണ്ടാകാം.അടുത്ത നിമിഷത്തിൽ ഭാര്യയുടെ ഛർദ്ദിയും അമ്മയുടെ ഏമ്പക്കവും.പിന്നാലെ കഥാകൃത്തിന്റെ ഏമ്പക്കാനുകരണവും.വാത്സല്യമുള്ള ചിരി.അമ്മയോളം കഥയുടെ അവകാശം  ഇനി മറ്റാർക്കാണ്.? കാമുകിയിലപ്പോൾ  നിരാശ രുചിയുള്ള നെടുവീർപ്പ്.
        കാമുകി കഥാകൃത്തിനെ ഒന്നു നോക്കി.ഇടതുകൈ പതിയെ ഉയർന്നു.തിളങ്ങുന്ന കണ്ണുകളുള്ള പരിചാരകൻ ഉരുട്ടുവണ്ടിയിൽ മദ്യക്കുപ്പികളുമായി വന്നു.അമ്മയുടെ നോട്ടത്തിൽ അസ്വാഭാവികമായതെന്തോ സംഭവിച്ചതുപോലെ.കാമുകിയിൽ കൂസലില്ലായ്മ.ഭാര്യക്ക് നാണം കലർന്ന മറ്റൊരു ഭാവം.കുപ്പി തുറന്ന് പാകത്തിന് പകർന്ന് അരികിലേക്ക് വച്ചിട്ട് കാമുകി കഥാകൃത്തിലേക്ക് ചാരിയിരുന്നു.ഭാര്യ,അമ്മയെ നോക്കി.കിടപ്പുമുറിയിലെ കറുത്ത കട്ടിലിന്റെ രഹസ്യയറയിൽ ഒളിപ്പിച്ചിരുന്ന 'കുപ്പിരതി' ആ മനുഷ്യൻ കാമുകിയോടും പങ്കിട്ടതിൽ ഭാര്യ അസൂയപ്പെട്ടു.മദ്യപ്പെട്ടെങ്കിലും അമ്മയുടെ അവകാശത്തിൽ നിന്നും മേൽകൈ നേടിയതിൽ കാമുകിയും ഭാര്യയും രഹസ്യമായി സന്തോഷിച്ചു. 
      "ഇവന്റെ അപ്പനും ഇങ്ങനെയായിരുന്നു.രാത്രിയാണ് സകലതും ഒപ്പിക്കുന്നത്.പുറമെ ഒട്ടും പിടിതരാത്ത,വായിക്കാൻ തീർത്തും ദുഷ്കരമായ കഥയായിരുന്നു ഇവന്റെ തന്തയും ." കഥാകൃത്തിന്റെ മുഖത്ത് ചിരി.കാമുകിക്ക് അതൊട്ടും സഹിക്കാൻ കഴിഞ്ഞില്ല. കാമുകിക്കൊപ്പമാണ് ആകെ ലഹരിപ്പെട്ടിരുന്നതെന്നാണ് അയാൾ ഏറ്റവും കഥയിറക്കിയിരുന്നത്. പ്രണയത്തിന്റെ ആധാരവും അയാളുടെ വാക്കിന്റെ ലഹരിയായിരുന്നു.
           "നിന്നിൽ മാത്രമാണ് പ്രിയമുള്ളവളെ ഞാൻ ലഹരി പിടിക്കുന്നത്."'പറഞ്ഞാൽ നുണ എഴുതിയാൽ കഥ'ഇതാണല്ലോ കഥയുന്തികളുടെ പാരമ്പര്യം.കാമുകി കഥാകൃത്തിനെ വായിച്ചതിൽ തോറ്റുപോയി അത്രതന്നെ. 
       ഉള്ളിലൂറി വന്ന അമർഷം കാമുകി അപ്പോഴും പുറത്തു കാണിച്ചില്ല.കഥാകൃത്ത് അമ്മയുടെ ഗ്ലാസിലേക്ക് മിതമായി പകർന്നു.അതിനിടയിൽ ഭാര്യയുടെ ഒഴിഞ്ഞ ഗ്ലാസ് ശബ്ദമുണ്ടാക്കാതെ മേശയിലേക്ക് വന്നിരുന്നു. കാമുകിയുടേത് അല്പം ദേഷ്യത്തോടെ മേശയിൽ ഉരഞ്ഞ് ശബ്ദപ്പെട്ടു. കാമുകി കഥാകൃത്തിൽ നിന്നും അല്പം നീങ്ങിയിരുന്നു.അപ്പോഴും മേശയിലേക്ക് ഇഴഞ്ഞു വരുന്ന പാട്ടിനെ അവൾ വെറുത്തു.
      ഭാര്യയും കാമുകിയും കൈകഴുകാനായി എഴുന്നേറ്റു.അമ്മ ഇരുന്നിടത്ത് കൈകഴുകിയൊഴിച്ചു. കുലുക്കുഴുഞ്ഞ് അടുത്തിരുന്ന ചെടിച്ചട്ടിയിലേക്ക് തുപ്പി.കഥാകൃത്തും അമ്മയെ നോക്കി ചിരിച്ചു.  പിന്നാലെ അതും അനുകരിച്ചു.ഭാര്യയും കാമുകിയും അല്പം മാറിനിന്ന് പരിഹസിച്ചു ചിരിച്ചു.
ഭാര്യയും കാമുകിയും മടങ്ങിവന്നിരിക്കാൻ തുടങ്ങിയതും, അമ്മ തന്റെ വാദങ്ങൾ ആരംഭിച്ചു.
     "ഏയ്, നീയിതെങ്ങോട്ടാണ്.? ഇനിയല്ലേ കഥയ്ക്കൊരു തീരുമാനമുണ്ടാകാനുള്ളത്.ഒന്നു നില്ക്കു ചങ്ങാതി.." കഥാകൃത്തുകളിൽ ചുരുക്കം ചില നല്ല മനുഷ്യരുണ്ടല്ലോ. ? ആ മനുഷ്യന് എന്താണ് സംഭവിക്കുന്നതെങ്കിലും കണ്ടിട്ട് പോകു.." 
   ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പോകുന്നവർ പോകട്ടെ, ഓരോ കഥയുടെ ഒടുവിലെ വാക്കിലേക്കും പലപ്പോഴും ചെന്നെത്താനാകുന്നത് ഏറ്റവും തീവ്രമായി ആഗ്രഹിക്കുന്നവർക്ക് മാത്രമാണല്ലോ. ആരും കേൾക്കാനില്ലെങ്കിലും ഞാൻ കഥ പറയും,കഥ എനിക്ക് വേറിട്ട അതിജീവന സാധ്യതയാണ്. 
     തെക്കുനിന്നുള്ള ചൂടൻ കാറ്റ് എനിക്ക് അസഹ്യമാകുന്നുണ്ട്.അവരുടെ സംഭാഷണങ്ങൾ ഇപ്പോൾ അവ്യക്തമായിട്ടെ കേൾക്കാൻ കഴിയുന്നുള്ളൂ.എല്ലാവരുടെ മുഖത്തും വലിഞ്ഞു മുറുകലിപ്പോൾ മാറിയിട്ടുണ്ട്.കഥാകൃത്തിന്റെയും കാമുകിയുടെയും ചുണ്ടുകൾ സിഗരറ്റിന്റെ പുകപെറ്റ അറ്റത്താണ്. ഭാര്യയുടെ വാദങ്ങൾ കഴിഞ്ഞു.മേശയുടെ ചുറ്റും പൂർണനിശബ്ദത.വിഷാദ മുഖമുള്ള പരിചാരകൻ ചാരിയിരുന്ന് ഉറക്കമാണോ, സ്വപ്നത്തിലോ..?
     കഥാകൃത്ത് എന്തോ പറയാൻ എഴുന്നേറ്റു.തെക്കൻകാറ്റിനെ വല്ലവിധവും പ്രതിരോധിച്ച‌ ഞാൻ അവരുടെ മേശയ്ക്കു സമീപമെത്തി ചെവികൂർപ്പിച്ചു.
     "ലക്കോട്ടുകൾ നിങ്ങൾക്ക് തുല്യമായി വീതിക്കാം.നിങ്ങളുടെ ഈ തർക്കം പ്രമേയമാക്കി ഞാനൊരു പുത്തൻ കഥയെഴുതാൻ തുടങ്ങുകയാണ്. 'ഥർക്കം' എന്നാണതിന്റെ പേര്.ഞാനിന്നു മുതൽ തികച്ചും സ്വതന്ത്രമായ ഒരു ത്രെഡ് മാത്രമാണ്‌..." സിഗരറ്റിന്റെ കനത്ത പുകയുടെ ആശ്വാസത്തിൽ കഥാകൃത്ത് ആഴമുള്ള ഒരു ചിന്തയിലേക്ക് വീണു.മൂവരുടെയും മുഖത്ത് നിരാശ.
       മൂന്നു പെണ്ണുങ്ങളും മുഖത്തോട് മുഖം നോക്കി.അമ്മ ലക്കോട്ടുകൾ വീതിച്ചുനൽകി. രണ്ടുപേരുടെയും തല കുനിഞ്ഞു.ഭാര്യയുടെ കോണിൽ നിന്നൊരു വിതുമ്പലിന്റെ ശബ്ദം.അമ്മ അവളെയൊന്ന് രൂക്ഷമായി നോക്കി.കാമുകി അവളുടെ തോളിൽ പതിയെ തൊട്ടു.
      "പിടിക്കെടി ഈ പേനയുന്തിയെ.."അമ്മയുടെ അലർച്ചയെ അനുകരിച്ച് മറ്റുരണ്ടു പെണ്ണുങ്ങളും  പാഞ്ഞടുക്കുന്നു.കഥാകൃത്ത് അവരിൽ നിന്നും കുതറിമാറാൻ വല്ലാതെ ശ്രമിക്കുന്നു.പതക്കം കഴുത്തിലണിയാൻ കെട്ടിയിരുന്ന മഞ്ഞ നൂലഴിച്ച കാമുകി, അതുപയോഗിച്ച് കഥാകൃത്തിന്റെ കൈകളെ പിന്നിൽ ബന്ധിക്കാൻ ശ്രമിക്കുന്നു.അമ്മ അത് തടയുന്നു.പിടിച്ചുവാങ്ങി ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകുന്നു.പരിചാരകർ പാഞ്ഞെത്തുന്നതിന് മുൻപ് അവർ കഥാകൃത്തിനെ ഒന്നിച്ച് താഴേക്കെറിയുന്നു.അല്ല, ഇതിലൊക്കെ എനിക്കെന്തു ചെയ്യാനാകും.?.
        മൂന്നു പെണ്ണുങ്ങളും ധൃതിയിൽ പടികളിറങ്ങിപ്പോകുന്നു.അമ്മ ആ തിളങ്ങുന്ന കണ്ണുള്ള പരിചാരകനുമായി അല്പനേരം എന്തൊക്കെയോ സംസാരിക്കുന്നു.പോക്കറ്റിലേക്ക് എന്തോ തിരുകുന്നു.തികച്ചും സംശയാസ്പദമായ സംഗതികൾ.കഥയുടെ അന്ത്യത്തിൽ വായനക്കാർക്ക് ചിന്തിച്ചുകൂട്ടാൻ എന്തൊക്കെയോ അവശേഷിപ്പിക്കലായോ.?അല്ലെങ്കിൽ ഒരു കുറ്റാന്വേഷണ തുടർക്കഥയിലേക്ക് ക്ഷണിക്കുന്നതായോ മാത്രമാണ് എനിക്കു തോന്നിയത്..
       വിഷാദമുഖമുള്ള പരിചാരകൻ, കഥാകൃത്തിന് സമ്മാനിക്കപ്പെട്ട പതക്കത്തെ എച്ചിലിനൊപ്പം പാത്രത്തിലേക്ക് തട്ടിയിട്ടത് ബോധപൂർവമല്ലെന്ന് നമുക്കങ്ങനെ വിശ്വസിക്കാനാകുമോ..?ഇനി ഇതു ഞാനിവിടെ സൂചിപ്പിച്ചില്ലെങ്കിലോ ?, ആ പതക്കം നീ എന്തു ചെയ്തു.?അനാവശ്യമായി  വജ്രപ്പതക്കമെല്ലാം കഥയിൽ കൊണ്ടിടേണ്ട കാര്യമുണ്ടായിരുന്നോ.? എന്നൊക്കെ തീർത്തും കഥയില്ലാത്ത നിരൂപകച്ചോദ്യങ്ങളുണ്ടാകും.
       ഇത്രയും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തെറിയപ്പെടുന്നത് ഇനിയൊരു മഹാ കഥാകൃത്തായാൽ പോലും മരണം തീർച്ചയാണ്.നിത്യതയിലേക്കുള്ള നമ്മുടെ കഥാകൃത്തിന്റെ പറക്കലിനിടയിൽ തന്റെ പിന്നാലെ വരുന്ന രണ്ട് ലക്കോട്ടുകളുടെ നിറമെന്താണെന്നോ,മൂവരിൽ ആരാണ് തുകയേറിയ ലക്കോട്ട് വലിച്ചെറിയാതെ കൈയിൽ പ്രായോഗികമായി കരുതിയതെന്നോ തിരിച്ചറിയാനിടയില്ല.ഇനിയുള്ള കഥ അവർ പൂരിപ്പിക്കട്ടെ.കഥാകൃത്തിനൊപ്പം ഞാനുമിതാ താഴേക്ക് താഴേക്ക് പറക്കുകയാണ്.ഒരു വലിയ കൂട്ടം മനുഷ്യർ സൈന്യത്തിന്റെ പ്രതിരോധം ഭേദിച്ച് പൂന്തോട്ടവും കടന്ന് അതാ കഥാകൃത്തിന്റെ അടുത്തേക്ക് പാഞ്ഞുവരുന്നു. 
       സമകാലിക കഥകളിൽ ദൃശ്യങ്ങൾക്ക് അമിത പ്രാധാന്യം കല്പിക്കുന്നതായും,എന്നെങ്കിലും തന്റെ കഥയും ഒരു സിനിമയായിത്തീരണമെന്ന് ഒട്ടുമിക്ക കഥാകൃത്തുക്കൾക്കും പിടിവാശിയുള്ളതായും നിരൂപക ലോകത്തിന് പൊതുവെ ഒരഭിപ്രായമുണ്ട്.അത് എന്തെങ്കിലുമാകട്ടെ,ആ തർക്കത്തിലും ഞാനില്ല.അതും നിങ്ങൾക്ക്, കഥയുള്ള വായനക്കാർക്ക് മാത്രമായി വിട്ടുതരുന്നു.                   
        ഹോട്ടലിന്റെ മുന്നിൽ സൂര്യകാന്തിപ്പൂക്കളുടെ ആകൃതിയിൽ കല്ലുകൾ പാകിയ പരുക്കൻ നിലത്തേക്ക് വീണുചിതറുന്ന കഥാകൃത്തിന്റെ ചോരത്തുള്ളികളുണ്ടാകും.ആ ക്ളോസപ്പ് ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഫ്രയിമിൽ ഈ കഥയുടെ സകല സാധ്യതകളും ട്വിസ്റ്റും തിരിച്ചറിയുന്ന ഒരേയൊരു ഈച്ചയായി എന്നെയും നിങ്ങൾ കാണുക..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment