Wednesday 13 July 2016

കഥ രാജശ്രീ ഷാജഹാൻ

രാജശ്രീ ഷാജഹാൻ..!!

ജ്യോതി തീയേറ്ററിന്റെ ക്യാഷ്കൗണ്ടറിലും പ്രവേശനസ്ഥലത്തും ഒരാളെക്കണ്ടപ്പോൾ നാട്ടിലെ രാജശ്രീ തീയേറ്ററാണ് ഓർമ്മവന്നത്, കസേരകൾക്കെല്ലാം അതേ വിയർപ്പുമണം നിലത്ത് കാർക്കിച്ച് തുപ്പിയതിന്റെ വഴുക്കൽ, പ്രകാശമെത്താത്ത കോണിൽ മുല്ലപ്പൂവിന്റെ മണം ഏതോ തനിയാവർത്തനമ്പോലെ. സ്ക്രീനിൽ നായികാനായകന്മാർ പ്രണയിച്ചു നിൽക്കുമ്പോൾ എന്റെ ഓർമ്മകൾ ഒൻപത് ബീ യുടെ പുറത്ത് തല്ലുവാങ്ങി നിൽക്കുകയായിരുന്നു, അജിത്തിന്റെ ചന്തിയിൽ കോമ്പസ്സിനു കുത്തിയത് ആ സുമേഷ് പറഞ്ഞിട്ടാണ്. ഉച്ചകഞ്ഞിയുടെ സമയത്താണ് സുമേഷിന് ബോധോദയമുണ്ടായത്.

"അളിയാ രാജശ്രീയിൽ മമ്മൂട്ടിയുടെ  സൈന്യം കളിക്കണ് നമ്മക്ക് ചാടിയാലോ"

അപ്പന്റെ സുഹൃത്തും കടക്കാരനുമായ ഷാജഹാനിക്കയെ എനിക്ക് അപ്പനേക്കാളിഷ്ടമായിരുന്നു. കോമ്പസുകഥകേട്ട് ചിരിച്ചിട്ട് പോയിരുന്ന് പടം കാണെടാ മക്കളേന്ന് ഒരു പറച്ചിലും.

സിനിമകഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഗിരിജ ടീച്ചറും അജിത്തിന്റെ അമ്മയും സിറ്റൗട്ടിലിരുന്ന് ചായ കുടിക്കുന്നു. അമ്മയുടെ നോട്ടത്തിന് നാലു കോമ്പസ്സിന്റെ മൂർച്ചയായിരുന്നു. അപ്പന്റെ പെട്ടിയിൽ അജിത്തിന്റെ വീടിന്റെ ആധാരവും ഭദ്രമായിരുന്നു ആയതിനാൽ കണ്ണിരിനപ്പുറം മറ്റൊരു പ്രതിഷേധം അവർക്കുമാകുമായിരുന്നില്ല. പരിഹാരമായി ഒന്നു രണ്ടുമാസത്തെ പലിശയിളവും വാങ്ങി അവർ പോയി.

അപ്പനോട് ഇതൊന്നും അമ്മ പറയില്ല ഒരിക്കൽ പുഴയിൽ കുളിക്കാൻ പോയതു പറഞ്ഞതിന് എനിക്കുവന്ന ചവിട്ട് ഇപ്പൊഴും അമ്മയുടെ നടുവേദനയായുണ്ട്.

"ചെക്കനെപ്പൊഴും രാജശ്രീടെ മുന്നിലാ, ആ ഷാജഹാനുമായ  കൂട്ട് അയാളെ ഒന്ന് വിലക്കണം.."

മീനിന്റെ മുള്ള് നിലത്തേക്ക് നീട്ടിത്തുപ്പി ഒരു തെറിയും ചേർത്ത് അപ്പൻ പറഞ്ഞൂ...

"എടീ പുല്ലേ ഇപ്പൊത്തന്നെ മൂന്നരലക്ഷോം പലിശേം അവൻ തരാനുണ്ട് ആ ഓലപ്പെരേടെ പ്രമാണോം എന്റെ പെട്ടീലൊണ്ട്...."

"കണ്ടവളുമാരേം കൊണ്ട് അവിടെ അപ്പൻ കേറിച്ചെല്ലണത് മോൻ കാണണ്ടാന്ന് കരുതീട്ട് പറഞ്ഞതാ..."

പാത്രം വലിച്ചെറിയണതും അമ്മയുടെ നിലവിളിയും ഉറക്കത്തിലും എനിക്ക് കേൾക്കാമായിരുന്നു.

പിറ്റേന്ന് സ്കൂളിന്ന് വരുമ്പോൾ അപ്പനും കൂട്ടുകാരും മുറ്റത്തിരുന്ന് കുടിക്കുന്നു. മോഹൻ വൈദ്യർ അമ്മയുടെ മുറിയിലുണ്ടെന്ന് തൈലത്തിന്റെയും ഞരക്കത്തിന്റെയും രൂപത്തിൽ ഞാൻ തിരിച്ചറിഞ്ഞു.

ഉമ്മറത്തെ കുടിക്കാർക്ക് ഷാജഹാനിക്കയായിരുന്നു സംസാരവിഷയം...

"ഞാനും അവനും സ്കൂളീന്ന് തൊടങ്ങിയ ബന്ധാ ഈ ഷാജാാൻ ഒണ്ടല്ലോ സിനിമേലൊക്കെ മൊലകുലുക്കി ഡാൻസാടണ രാജശ്രീയുമായി ലബ്ബാർന്ന് അറിഞ്ഞൂടേ വിൻസെന്റിന്റെ കൂടൊക്കെ അഭിനേച്ചിട്ടുണ്ട് അവളെ ഓർമ്മയ്ക്ക് എന്റെ പൈസാവാങ്ങി തൊടങ്ങിയതാ ആ ഓലപ്പൊര ഇപ്പൊ പലിശേം പലിശേടെ പലിശേം...നിങ്ങക്കറിയോ ഞാനീ കൂത്തിച്ചിമോളെ ചാടിച്ചോണ്ട് അഞ്ചാറ് ദിവസം കഴിഞ്ഞത് അവിടാ...
ഇപ്പൊ എന്റെ ചാരയക്കന്നാസ് വയ്ക്കാനും പിന്നെ വല്ലവളേം കൊണ്ട് കേറാനും അതാ പറ്റിയ സ്ഥലം"

പിറ്റേന്ന് സ്കൂളിൽ പോകുന്നവഴിയിൽ സുമേഷ് ഏ പടത്തെപ്പറ്റിയും ഷക്കീലയെക്കുറിച്ചും പറഞ്ഞു, രാജശ്രീയിലും അങ്ങനെ ഒരു പഠമായിരുന്നു, അന്നും അപ്പന്റെ കാറ് ആ മുറ്റത്തുണ്ടായിരുന്നു.

അപ്പന്റെ മരണം എന്നെ ഞെട്ടിച്ചിരുന്നില്ല...
കോളേജിന്റെ മുന്നിൽ വച്ച് ഷാജഹാനിക്ക പറഞ്ഞാണറിയുന്നത്

"നിന്റപ്പന് ഹൃദയമുണ്ടായിരുന്നു....ഹാർട്ടറ്റാക്കാ"

ചടങ്ങൊക്കെക്കഴിഞ്ഞ് മടുത്തപ്പോൾ രാജശ്രീയിൽ അന്ന് കളിക്കുന്ന വിജയ് യുടെ തമിഴ് പടം "ഖുഷി" കാണുന്നതിനിടയിൽ ഇക്കപറഞ്ഞൂ...

നിന്റപ്പന്റെ പെട്ടിയിലെ പ്രമാണങ്ങളെ മോചിപ്പിച്ചല്ലാതെ ആ ആത്മാവിന് ശാന്തികിട്ടില്ല"

പിറ്റേന്നുമുതൽ പൂജാമുറിയിലെ അലമാരയിൽ നിന്നും പ്രമാണങ്ങൾ സ്വന്തം പ്രമാണിമാരെ തിരക്കിപ്പോയി കടാശ്വാസത്തോടെ.

ഞാൻ ബി എഡ് പാസായി വരുമ്പോൾ രാജശ്രിയുടെ ഓലത്തലയിൽ നരകേറിയിരുന്നു. അതിനു ചുറ്റും ഒരു കുഞ്ഞു പട്ടണം വളരുന്നുണ്ടായിരുന്നു. അന്ന് കളിക്കുന്ന പടത്തിനും ആ പേരായിരുന്നു "പട്ടണത്തിൽ ഭൂതം".

"ഇതിന്റെ സീ ഡി ഇപ്പൊ എല്ലാർക്കും കിട്ടിക്കാണും നമുക്കൊന്നിച്ചിരുന്ന് ഒരു സിനിമ കണ്ടാലോ ഇനി ചിലപ്പോൾ കഴിയൂല"

പിന്നെയൊരിക്കൽ ചെല്ലുമ്പോൾ പ്രദർശനമില്ലെന്നൊരു ബോഡുകണ്ടൂ എങ്കിലും കുറച്ചാളുകൾ കൂടി നിൽപ്പുണ്ട് രാജശ്രീന്ന് കൊത്തിവച്ചിരിക്കുന്ന കൗണ്ടർ ഉള്ള അരമതിലിൽ ഇക്ക ഇരിക്കുന്നു...

പ്രദർശനമില്ലെന്ന ബോഡിലേക്കുള്ള എന്റെ നോട്ടം കണ്ട്...

"വാ മാസ്റ്ററേ ഇതിപ്പൊ ഒരു കല്യാണവേദിയാണ് പാവങ്ങളാ ഒന്നും കിട്ടില്ല കറണ്ട് ചാർജ്ജെങ്കിലും അടയ്ക്കാല്ലോ ഇതൊരു കോഴി ഫാം ആക്കാനും പ്ലാനുണ്ട് നിന്റെ അപ്പനുണ്ടാർന്നെങ്കിൽ....."

രാജശ്രീയുടെ സ്ഥാനത്ത് ഇക്കയുടെ അനിയന്റെ മകൻ ജഹാംഗീർ തീയേറ്ററും ഷോപ്പുകളും അടങ്ങിയ വലിയൊരു  ഷോപ്പിംഗ് മാൾ നടത്തുന്നു.
പുതിയ മതിൽകെട്ടിയിരിക്കുന്നത്  കൗണ്ടർ ദ്വാരമുള്ള രാജശ്രീന്ന് കൊത്തിവച്ചിട്ടുള്ള ആ അരമതിലിന്റെ പുറത്താണ്. ചില നിർമ്മിതികളൊന്നും പൊളിച്ചു കളയാനാകില്ലല്ലോ. ഒരു രഹസ്യം പറയട്ടേ അതിന്റെ ആധാരമിപ്പൊഴും പൂജാമുറിയിലെ അലമാരയിലുണ്ട്  കൊടുത്തിട്ടും ഇക്ക അത് വാങ്ങിയിരുന്നില്ല.

പഴയതുപോലെ കൗണ്ടറിന്റെ ദ്വാരത്തിലേക്ക് കൈയിട്ടപ്പോൾ ഷാജഹാന്റെ തണുപ്പ് ഷോപ്പിംഗ് മാളിലെ മൾട്ടീപ്ലക്സ് തീയേറ്ററിലെ "ഡാഡീകൂളിന്റെ " ഒരു ടിക്കറ്റുതന്നൂ..

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര

No comments:

Post a Comment