Sunday 17 July 2016

കഥ ബംഗാളി തീവണ്ടി

ബംഗാളി തീവണ്ടി...!

അന്നും സ്റ്റാഫ് റൂമിലെ രാഷ്ട്രീയ ചർച്ചയിൽ എന്നെ  തോല്പിച്ചത് ബംഗാളിലെ പാർട്ടിയുടെ പതനമായിരുന്നു.

നിലമ്പൂർ തീവണ്ടിയാഫീസിൽ ടീക്കറ്റെടുക്കാൻ വരിനിന്ന എന്നോട് ജഹാംഗീർ ഹിന്ദികലർന്ന മലയാളത്തിൽ പറഞ്ഞു.

  'നാൻ നാട്ടിപോകുന്നു മാസ്റ്റർജീ നാട്ടിൽ പോകുന്നു ജോഗൽ സുഗമുണ്ടോ"
അയാളെ തിരുത്താനോ മറുപടിപറയാനോ എനിക്ക് കരുത്തുണ്ടായിരുന്നില്ല. തിരുത്താൻ കഴിയാത്തൊരു പാഠമായിരുന്നു എനിക്ക് ജഹാംഗീർ.

വാടക ഫ്ലാറ്റിലെത്തുമ്പോൾ അവിടുത്തെ അഞ്ച് താമസക്കാരുടെ ഭാര്യമാരും ഒരാളുടെ ഫ്ലാറ്റിൽ ആയിരുന്നു . പടികളിലൂടെ പുതുതായി വന്ന ബംഗാളികുടുംബത്തിലെ മൂന്ന് ബോഗികളും എന്റെ ഒരു ബോഗിയും ചേർന്ന് ഒരു കുഞ്ഞു തീവണ്ടി ചുക് ചുക് മുഴക്കി എന്റെ മുന്നിൽ പച്ചക്കൊടി കാത്തുകിടന്നു.

"എവിടേക്കുള്ള വണ്ടിയാ...?"
എന്റെ ചോദ്യത്തിനുള്ളയുത്തരം മൂന്നാമത്തെ ബോഗിയിൽ നിന്നായിരുന്നു ...

"വെംഗാലീ പോണൂ...."

മാവോയിസം തലയ്ക്കുപിടിച്ചനാളിൽ ഞാനും വംഗനാട്ടിലേക്ക് കള്ളവണ്ടി കേറാൻ കൊതിച്ചിരുന്നു..ചിരി ചുണ്ടിന്റെ ഇടതുകോണിലൂടെ പുറത്തേക്ക് എത്തിനോക്കി...നേർത്ത ചിരിയുടെ പച്ചക്കൊടികണ്ട് ആ തീവണ്ടി സ്നേഹത്തിന്റെ  സ്റ്റേഷൻ പരിധികൾ പിന്നിടുന്നത് ഞാൻ നോക്കിനിന്നു..ഇഷാന്റെ പിന്നിൽ ഇദ്രീസ് അതിന്റെ പിന്നെ ജോയൽ അതിനും പിന്നെ ഇഷ.....എല്ലാവരെയും ഇടതുകൈ പിന്നിൽ ഘടിപ്പിച്ചിരിക്കുന്നു...

ജിഷയുടെ ഘാതകന്റെ മുഖം കാണാനുള്ള വെമ്പലിൽ വസ്ത്രം പോലു മാറാതെ ചാനലുകൾ തോറും ഞാൻ കയറിയിറങ്ങി...
നിലക്കടല പുഴുങ്ങിയതും കട്ടൻ ചായയും മേശപ്പുറത്ത് നിരത്തിയതോടൊപ്പം മറ്റെന്തോ പെയ്തുതീർക്കാനും ഭാര്യയുടെ മുഖത്തുണ്ടായിരുന്നു..

"അതേ അപ്പുറത്തുള്ള ബംഗാളികളെ പറഞ്ഞുവിടണമെന്നാ എല്ലാർക്കും..ഒരു വൃത്തിയുമില്ല ആ ഇളയപെണ്ണില്ലേ ഇന്നലെ ഈ വരാന്തയിൽ തൂറിയിട്ടു...
ആ പിള്ളേരു വിളിക്കണെകേട്ടിട്ട് ഈചെക്കനും എന്നെ 'മച്ചീന്ന്' വിളിച്ചു...മച്ചീന്ന് പറഞ്ഞാ പെറാത്തവളല്ലേ...?
നിങ്ങളുടെ മുണ്ടിന്റെ ഒപ്പം ആ പെണ്ണ് അടിപ്പാവടയും കഴുകിയിട്ടു അതിന്റെ അരികിലിപ്പം ചോപ്പുനിറമാ...ഞാൻ പോലും നമ്മുടെ തുണി ഒരുമിച്ച് വിരിക്കാറില്ല എന്നിട്ടാ...
ആ ഹിന്ദിക്കാരൻ പടിക്കെട്ടിലിരുന്ന് ബീഡിവലിക്കും നിങ്ങളമോൻ അതും നോക്കി നില്പാ, ഏതു സമയോം ഉറക്കെച്ചിരിയും വർത്താനോം, സമയോം...നമുക്കിവിടുന്ന് മാറിയാലോ..?

മറുപടികൾ ഉള്ളിൽ തളച്ചിട്ട് പെയ്തുതീരാൻ ഞാൻ കാത്തുനിന്നു.
ഈ ഫ്ലാറ്റ് ഒപ്പിക്കാൻ ഞാൻ സഹിച്ചത് എനിക്കല്ലേ അറിയൂ..

രാത്രിയും പരിഭവത്തിന്റെ ചാറ്റൽ മഴയായിരുന്നു....

" ജിഷേടെ എവിടാ കത്തികയറ്റിയതെന്ന് അറിയോ...ആ ചെറുക്കനെപ്പോലെ തോന്നുന്നില്ലേ അപ്പുറത്തെ  ആളെക്കണ്ടാൽ, അതേ അവരൊന്നും നല്ല മുസ്ലീങ്ങളെല്ലെന്നാ സാജിദ പറയുന്നത് നല്ല മുസ്ലീങ്ങൾ പർദ്ദയിടൂത്രേ,
ഇന്ന് ഉച്ചയ്ക്ക് കറണ്ട് പോയപ്പം  ആ പെണ്ണ് ഇളയതിന് മുലയും കൊടുത്ത് വരാന്തയിൽ കിടക്കുന്നു...നാശങ്ങൾ അടുത്തൊക്കെ ആണുങ്ങളുള്ളതല്ലേ..?

"ചോട്തോ യാർ..."

എന്നോ എതോ സിനിമയിൽ കേട്ട ഹിന്ദിശകലം നാവിൽ നിന്ന് വഴുതിവീണു...
പിന്നെ പെരുമഴയായിരുന്നു...

"അതേ കമ്യൂണിസ്സോം കുമ്മൂണിസ്സോം കുടുംബത്തിന് പുറത്ത് ഞാനെന്റെ ആങ്ങളയോട് നാളെ വരാൻ പറഞ്ഞിട്ടുണ്ട് ഇവറ്റകളെ പറഞ്ഞുവിട്ടാലേ ഞാനിനി ഇങ്ങോട്ടുള്ളൂ..."

അപ്പോഴും എന്റെ അരികുപറ്റിക്കിടന്ന ഒരു കുഞ്ഞുബോഗിയിൽ നിന്ന് ചുക് ചുക് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...

പിറ്റേന്ന് ഞായർ വെളുപ്പിന് പാണ്ഡവർ വീട്ടുടമയുടെ വീട്ടിലേക്ക് മാർച്ചു ചെയ്തു നിലക്കടലയും ചായയും കുടിച്ച് അടിയന്തിരപ്രമേയം അവതരിപ്പിക്കപ്പെട്ടൂ...

"അതേ മാഷേ ജഹാംഗീർ ഈ നാട്ടിലെത്തീട്ട് പതിനഞ്ച് കൊല്ലായീട്ടോ...പിന്നെ നമ്മുടെ കെട്ടിടം പണിഞ്ഞതും അയാളാ...എന്തുനല്ല പണിക്കാരനാണെന്നോ...മാഷു പറഞ്ഞാപ്പിന്നെ മാറ്റാതിരിക്കാൻ പറ്റോ...?"

ആശ്വാസത്തിന്റെ മുറ്റത്തിറങ്ങുമ്പോൾ അളിയന്റെ വാഹനത്തിൽ മൂന്നാമത്തെ ബോഗി കയറിപ്പോകുന്നതും നോക്കി മറ്റുബോഗികൾ പകച്ചു നിൽക്കുകയായിരുന്നു...

ഞാനപ്പോൾ  രവീന്ദ്രൻ മാഷിന്റെ ചരിത്രക്ലാസിലായിരുന്നു...

ബംഗാളിലായിരുന്നു നവേത്ഥാനത്തിന്റെ അലയൊലികൾ തുടങ്ങിയത് പിന്നീടത്.....!!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment