Friday 25 May 2018

തൊൽ കാക്കിയം...!!

തൊൽ'കാക്കി'യം..!

" എണീറ്റ് പോടി ചൂലേ, കൊറേ നേരായല്ലോ കൊണകൊണാന്ന് ചെലയ്ക്കാൻ തുടങ്ങീട്ട്, അവൾടെ അമ്മേടെ  ബെർത്ത്ഡേ...
എന്റെ കൈവാക്കിന് വന്നാൽ
നിന്റെ മോന്തയ്ക്കിട്ട്  കീറും..."

കഴിഞ്ഞ  കാലങ്ങളിൽ ഒരിക്കൽപ്പോലും സുധയോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല, അത്തരമൊരു സാഹചര്യവും ഉണ്ടായിട്ടില്ല..
ഇതിപ്പോൾ ഞാനാണോ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്ക് സംശയമാണ്...

സോഷ്യൽ മീഡിയയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും അത്യാവശ്യം വായനക്കാരും, ആത്മരതിയുമുള്ള ഒരു കഥാകൃത്താണ് ഞാൻ. ദത്തത്രേയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എന്റെ ശരിയായ പേരൊക്കെ  വെളിപ്പെടുത്തിയാൽ
ഈ സന്ദർഭത്തിൽ ശരിയാകില്ല. അത്ര തന്നെ..
സാഹിത്യവേദികളിൽ സ്ഥിര സാന്നിദ്ധ്യമായ ഞാൻ
മുകളിൽ കേട്ടതുപോലെ അവളെ ചീത്തപറഞ്ഞതിലല്ല,സി ആർ പി സി പ്രകാരം മാരകമായ ഒരു കുറ്റവും ചെയ്തിട്ടാണ് ചത്തതുപോലെയുള്ള
ഈ കിടപ്പ്...

കഥാവീട് ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ ലച്ചൂ നീലാഞ്ജനെത്തെ നിങ്ങൾ അറിയാതിരിക്കാനിടയില്ല.
ഒരു പക്ഷേ നിങ്ങളുടെയും എന്റെയും മ്യൂച്ചൽ ഫ്രെണ്ടുമായിരിക്കും.
നാലോളം പ്രൊഫൈലുകളെങ്കിലും ഉണ്ടെന്നാണ് എന്റെ അറിവ്.
കഥാവീട് പോലെ പത്തിരുപത് കൂട്ടായ്മകളുടെ മുതലാളിയും സഹമുതലാളിയുമായ അവൾ എന്റെ അപരജീവിതത്തിലെ  വിലമതിക്കാനാകാത്ത ഏക വ്യക്തിയാണ്. സാഹിത്യം, കല, സിനിമ, പ്രണയം, രതി.. ഞങ്ങൾക്കിടയിൽ കടന്നുവരാത്ത ചിന്തകളില്ല..
അതിലുപരി എന്റെ കഥകൾ നിരവധി ഗ്രൂപ്പുകളിലേക്ക് കയറ്റിവിടാനോ.. അയ്യായിരത്തോളം വരുന്ന അംഗങ്ങളെ അത് വായിക്കണേയെന്ന് 'മെൻഷൻ' ചെയ്യിക്കാനോ അവൾ ഒട്ടും പിശുക്ക് കാണിക്കാറില്ല.. അടുത്തിടെ ഇറങ്ങിയ എന്റെ രണ്ട് കഥാസമാഹാരങ്ങൾക്ക്  കുറിപ്പെഴുതിയിട്ടതു മാത്രമല്ല... അടുത്ത അക്കാദമി അവാർഡ് പട്ടികയിലേക്ക് ഈ പുസ്ത്കങ്ങൾ പരിഗണിക്കണം എന്നു പോലും അവൾ പോസ്റ്റിട്ട് കളഞ്ഞു..
അതിനു സമ്പാദിച്ചു തന്ന ലൈക്കും കമന്റുകളും കണ്ടിട്ട്..
സർവ്വം മറന്ന് ഞാൻ  ചുംബത്തിന്റെ നീണ്ട ശബ്ദ സന്ദേശങ്ങൾ അവളുടെ ഫോണിലേക്ക് അയച്ചുകൊടുത്തു..
അന്ന് തിരിച്ചു തന്ന  ചുംബനങ്ങൾ എന്റെ ഇൻബോക്സിൽ നിധിപോലെ  സൂക്ഷിക്കുന്നുണ്ട്.

കഥാവീട് കൂട്ടായ്മ  നടത്താറുള്ള കഥാ മത്സരത്തിൽ ഇത്തവണത്തെ വിഷയം  "പോലീസ്" ആയതിനെക്കുറിച്ച് ലച്ചു പറഞ്ഞതിങ്ങനെയാണ്...

" എന്റെ ദത്താ ഈ കഥ എനിക്കു വേണ്ടി നീ ജയിക്കണം, സുധാകരേട്ടനുമായി എനിക്കിനി ഒത്തു പോകാൻ കഴിയില്ല. ആ പോലീസ് മൃഗത്തിന്റെ എല്ലാ വിവരങ്ങളും ഞാൻ പറഞ്ഞു തരാം, പത്ത് കഥയ്ക്കെങ്കിലുമുള്ള വക ഉണ്ടാകും..
ഇനി മുതൽ ഒറ്റയ്ക്ക് ജീവിക്കാനാ എന്റെ തീരുമാനം. വാർഷികത്തിൽ
ആ വേദിയിൽ വന്ന് എനിക്കു വേണ്ടി നീ ആ  കഥയ്ക്ക് സമ്മാനം വാങ്ങിക്കണം..
അന്നുമുതൽ ഞാൻ നിനക്ക്...."

നീലാഞ്ജനം അപൂർണമായി നിർത്തിയ ആ വാക്കുകളുടെ പ്രതീക്ഷയിൽ. ഈ മത്സരത്തിൽ വിജയിക്കാൻ ഞാൻ വല്ലാതെ തീരുമാനിച്ചു..
പത്ത് ദിവസത്തിനുള്ളിൽ  കഥ അഡ്മിൻ മുഖേനെ
കഥാവീടിന്റെ പേജിൽ ഇടണം..
അതിൽ ഏറ്റവും വായിക്കപ്പെടുന്നതും, ലൈക്കും കമന്റും നേടുന്നതിനെയായിരിക്കും വിജയിയായി പ്രഖ്യാപിക്കുന്നത്.
എന്നെ ജയിപ്പിക്കാൻ നീലാഞ്ജനം ശ്രമിക്കുമായിരിക്കും.
ഇല്ലെങ്കിലും എനിക്ക്...

നിങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്  കഥയെഴുത്തിൽ ഇപ്പോൾ വല്ലാത്ത മാറ്റങ്ങളാണ്..
എത്ര ഗവേഷണങ്ങളാണെന്നോ വല്ലാത്ത നിഗൂഡതകളും തെറിയും‌ രതിയും നല്ലതുപോലെ കടത്തിവിട്ടില്ലെങ്കിൽ ഒറ്റൊരാളും വായിക്കില്ല. കഥയേത് ജീവിതമേതെന്ന്  തിരിച്ചറിയാതെ വായനക്കാരൻ പകച്ചു നിൽക്കുന്നിടത്ത് ആഴമുള്ള കുഴിയിലേക്ക് തള്ളിയിട്ടതുപോലെ അങ്ങ് നിർത്തണം..
ഇതൊന്നും ഇവിടെ പറഞ്ഞിട്ടെന്തിനാല്ലേ. അതല്ലല്ലോ എന്റെയും‌ നീലാഞ്ജനത്തിന്റെയും‌ ആവശ്യം.

നീലാഞ്ജനത്തിന്റെ കാര്യങ്ങൾ ഞാൻ പലതവണ കേട്ടവയാണ്. തികച്ചും‌ ക്ലീഷേകൾ...
കുടിച്ച് വരുന്ന പോലീസുകാരൻ,
അടി, ഇടി, കൈക്കൂലി, അവിഹിതം, കൂർക്കം വലി, ശബ്ദത്തിലും ദുർഗന്ധത്തിലുമുള്ള അധോവായു. ഇടയ്ക്കിടെയുള്ള റേപ്പ്, സംശയരോഗം..

ഇതിലൊന്നും പുതുമയില്ലെന്ന് അവളോട് പറയാൻ പറ്റുമോ..?  പ്രണയമല്ലേ..അവൾ പറഞ്ഞു നിർത്തിയപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ ഞാൻ തേങ്ങലുണ്ടാക്കി...

"എന്റെ നീലു,
നീ എങ്ങനെ ഇതൊക്കെ സഹിക്കുന്നു. വിശ്വസിക്കാനാകുന്നില്ല പൊന്നൂ..,
നിന്നെപ്പോലെ ഒരു ദേവതയെ ആ തെണ്ടിക്കാണല്ലോ ദൈവം കൊടുത്തത്..?
നിനക്കുവേണ്ടി ഈ കഥ എഴുതും മോളേ. നിനക്കുവേണ്ടിയല്ല നമുക്കുവേണ്ടി..
അടുത്ത ജന്മം മറ്റൊരുത്തനും നിന്നെ വിട്ടുകൊടുക്കില്ല പെണ്ണേ.സത്യം‌ സത്യം‌ സത്യം...."

നിലാഞ്ജനം കണ്ണു നിറഞ്ഞൊഴുകിയ
  ഒരു സെല്ഫിയും, പിന്നെ മുഖം കഴുകിവന്ന് അയച്ച സെല്ഫികളും എന്റെ ഫോണിലെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിട്ടുണ്ട്..

സാഹിത്യ
ക്യാമ്പെന്നും പറഞ്ഞ് ഇന്ന് രാവിലെ ഇറങ്ങുമ്പോൾ സുധ അനിയത്തിയുടെ കുട്ടിയുടെ ബെർത്ത് ഡേ പാർട്ടിയുടെ കാര്യം‌ ഓർമ്മിപ്പിച്ചിരുന്നു.. എത്താമെന്ന് വാക്കും കൊടുത്തതാണ്..
പക്ഷേ കഥയ്ക്കുവേണ്ടി മൂന്ന് ചങ്ങാതിമാരെ ഒന്ന് കാണണം, കുറച്ച് വിവരങ്ങൾ ശേഖരിക്കണം.. അതിന് കൂടിപ്പോയാൽ
രണ്ടോ മൂന്നോ മണിക്കൂറിന്റെ കാര്യം.   ഡിഗ്രിക്കും ബി എഡ് നും പഠിച്ച മൂന്ന്  പോലീസുകാർ.
അതിൽ രണ്ടാളുകൾ സഹായിക്കാന്ന് ഉറപ്പും തന്നു...
അതിലൊരുത്തന്റെ വിവരണം രാവിലെ വാട്സപ്പിൽ നാലഞ്ചു പേജുകളായി വന്നിട്ടുമുണ്ട്... കേരളാപോലീസിന്റെ ഒഫിഷ്യൽ വെബ്സൈറ്റിൽ നിന്ന് തപ്പിയെടുത്തതാകും.  അതൊക്കെ ആർക്കാ കിട്ടാത്തത്.എനിക്ക് വേണ്ടത് പോലീസുകാരന്റെ അനുഭവങ്ങളായിരുന്നു. ആ ഗൂഗിൾ പോലീസിനെ
വിളിച്ചപ്പോൾ അവൻ പ്രമോഷൻ കിട്ടാൻ ഏതോ പഠനത്തിലാണെന്നും...
ഏറ്റവും താഴത്തെ സിവിൽ പോലീസിൽ നിന്നും മുകൾത്തട്ടിലേക്ക് ഡി ജി പി തലം വരെ അവൻ സ്വപ്നം കാണുന്നത്രേ.. അതുമല്ല ഇടയ്ക്ക് പോലീസുകാർക്കെതിരേ ഫേസ്ബുക്കിലിട്ട പോസ്റ്റ് അവന് തീരെ ഇഷ്ടായില്ല പോലും.

"അളിയാ ഈ പോലീസെന്ന് പറഞ്ഞാ ഒരു സംഭവാട്ടോ
എഴുന്നള്ളിച്ച് നിർത്തിയ ആനയെപ്പോലെ എല്ലാവന്റേം നോട്ടം നമ്മുടെ മേലിലായിരിക്കും. അപ്പോൾ ഈ നിലയിൽ നിന്നിട്ട് കാര്യമില്ല സ്റ്റാറിന്റെ  എണ്ണം കൂട്ടി കൂട്ടി അങ്ങ് മുകളിലോക്ക് പോണം.
എന്തേലും വിവരം വേണമെങ്കിൽ നീ പറ. വകുപ്പും കാര്യോക്കെ എനിക്കിപ്പോൾ പച്ചവെള്ളം പോലെ അറിയാം.‌.സി ആർ പി സി വേണോ.
ഐ പി സി വേണോ. ഇപ്പൊ ഞാൻ അല്പം തിരക്കാണളിയാ. നിന്നെ ഞാൻ മൂന്ന് ദിവസം കഴിഞ്ഞ് വിളിക്കാം. നിന്റെ ആർട്ടിക്കിളിന്
മൃദുഭാവോ ദൃഡകൃത്യേന്ന്* പേരിടളിയാ.. അതാണ് ഞങ്ങടെ മുദ്രാവാക്യം...
ഓക്കെ.. അളിയാ. ബെസ്റ്റ് വിഷസ്‌.

ഇവൻ പഠിക്കണ കാലത്തും ഇമ്മാതിരി തന്നാ..
ഇനി വിളിയൊന്നും ഉണ്ടാകില്ല വിക്കിപ്പിഡിയയിൽ അപ്പുറം അവന്റേന്നും ഒന്നും കിട്ടാനില്ല. രണ്ട് സോണും, നാലു റേഞ്ചും, ഡി ജി പിയും‌...ഒക്കെ കഥയ്ക്ക് പറ്റോ...?

രണ്ടാമത്തെ കക്ഷി കവലയിൽ ഉണ്ടായിരുന്നു. അവൻ
യൂണിഫോമിൽ ആയിരുന്നില്ല. ഭാര്യയും മക്കളും കൂടെ ബൈക്കിൽ,
എന്നെ കണ്ടതും...

"അളിയാ നീ പറഞ്ഞ കാര്യം‌ ഓർമ്മയുണ്ട് പക്ഷേ മോനുമായി ആശുപത്രിയിൽ പോകുന്നവഴിയാ.. അതുമല്ല ഇവളെ ജോലി സ്ഥലത്ത് എത്തിക്കണം. അതുകഴിഞ്ഞ് മീറ്റ് ചെയ്യാം.. ഓകെ,
പിന്നെ  അളിയാ കൊല്ലത്ത് എച്ച് എസ് എ ലിസ്റ്റിൽ ഞാനും കേറിട്ടുണ്ട്‌‌..
വൈകാതെ കാക്കി ഊരും ഈ  ഓട്ടത്തിന് തക്ക ലാഭോന്നും ഇതീന്ന് കിട്ടൂലളിയാ... എന്നെക്കാൾ ശമ്പളം എൽ പി സ്കൂളിലെ ഇവക്കുണ്ട്..‌
അതുമല്ല നിന്റെയൊക്കെ പാർട്ടിയല്ലേ ഇപ്പോൾ ഭരണം ഒരു സല്യൂട്ട് കൊടുത്താൽ പോലും മുഖത്ത് നോക്കൂല..
അടിയന്തരവസ്ഥക്കാലത്ത് അവന്മാർക്ക് ഇടികിട്ടിയേന് ഞങ്ങളെന്ത് പിഴച്ചളിയാ..
വൈകിട്ട് നീ വീട്ടിലോട്ട് വാ നമുക്ക് അവിടെ കൂടാം.."

ഇവനും വല്യമാറ്റോന്നും ഇല്ലാ അന്നത്തെ ആർത്തിയും അതൃപ്തിയുമുള്ള കോൺഗ്രസ് അനുഭാവി ഇന്നും ഇവനിൽ ബാക്കിയാണ്.
വൈകിട്ട് പോയാലും ഇതൊക്കെ തന്നെ ആവർത്തിക്കും.

നീലാഞ്ജനത്തിനോട് എനിക്ക് വാക്ക് പാലിക്കാൻ കഴിയുമോ എന്ന് ചിന്തിക്കാൻ തുടങ്ങിയതും..
ഫോണിൽ നമ്മുടെ നായകന്റെ മിസ്ഡ് കോൾ..
തിരിച്ച് വിളിച്ച് ആദ്യബെല്ലിൽ ഫോണെടുത്തു...

" ഡാ മൈരേ നീ ഇതെവിടാ നീ പറഞ്ഞ കാര്യം നമ്മക്ക് സെറ്റാക്കണ്ടേ
ഞാനിവിടെ സ്കൂളിന്റെ മുന്നിലുണ്ട് ഇനി  ഒരു മണിവരെ വരെ ഞാൻ ഫ്രീയാ വേഗം വാ...."

ഞാൻ സ്കൂളിന്റെ മുന്നിൽ കാറു വശം ചേർക്കാൻ തുടങ്ങുമ്പോൾ അവൻ കൈ കാണിച്ചു.
റോഡിൽ കാറു നിർത്തിച്ച് അവൻ കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് ഹോണടിച്ച് എന്നെ ദേഷ്യത്തോടെ നോക്കിയ ഓട്ടോക്കാരന്...

"എന്തെടാ പൊലയാടിമോനേ ആരുടെ അമ്മയ്ക്ക് വായുഗുളിക വാങ്ങാനാടാ..."

ഓട്ടോക്കാരൻ മുഖംതാഴ്ത്തി സ്ഥലം വിട്ടു. അവൻ ഓട്ടോ നമ്പർ ബുക്കിൽ കുറിച്ചിട്ടു..
കാറിൽ കയറി ഏസി മാക്സിമം ഇട്ടു. വിയർപ്പും പെർഫ്യുമും കൂടിക്കുഴഞ്ഞ് ഒരു മണം...

" അവനെ ഞാനെടുത്തോളാം..
എത്രായാളിയാ കണ്ടിട്ട് നീയൊന്നും
എന്നെ വിളിക്കുമെന്ന് ചിന്തിച്ചില്ല കേട്ടാടേ..
.ഇപ്പൊ എന്തിനാളിയാ പോലീസുകാരുടെ അനുഭവങ്ങൾ..
പോലീസ്കാർക്ക് ജീവിതോന്നും ഇല്ലല്ലോ. പിന്നല്ലേ അനുഭവിക്കാനുള്ള യോഗം..
നീ രേവതിലോട്ട് വിട് നിന്റെ പറ്റിൽ രണ്ടെണ്ണം അടിക്കണോന്ന് നീ വിളിച്ചപ്പോഴേ ഉറപ്പിച്ചതാ. അന്നൊക്കെ കുറച്ച് കഷ്ടപ്പെട്ടെങ്കിലും നീ ഒടുവിൽ രക്ഷപ്പെട്ടല്ലളിയാ..."

രേവതിയിലെ അറുനൂറ്റി‌ ആറിൽ ഭക്ഷണവും കുപ്പിയും ഒക്കെ അവൻ ഓർഡർ ചെയ്തു.
ഇതിനിടയിൽ ഒരു ലുങ്കിയിലേക്ക് അവൻ വേഷം മാറി, യൂണിഫോം അടിവസ്ത്രം ഉൾപ്പെടെ  ജന്നലിന്റെ അടുത്ത് വെയിൽ ഏൽക്കുന്ന ഭാഗത്ത് വിരിച്ചിട്ടിരിക്കുന്നു. സിഗരറ്റ് ആർത്തിയോടെ വലിച്ചു തള്ളുന്നു.‌
എനിക്ക് ശ്വാസം മുട്ടി, ഒന്നു രണ്ടു തവണ ചുമയ്ക്കുകയും ചെയ്തു.
നീലാഞ്ജനത്തിനു വേണ്ടി ഇതും ഇതിനപ്പുറവും സഹിക്കാൻ തയാറായിരുന്നു.. കുപ്പി തുറന്ന് ബ്രാൻഡി
രണ്ട് ഗ്ലാസിൽ പകരുമ്പോൾ ഞാൻ തടഞ്ഞു...

" ഇരിക്കെട്ടളിയാ നീ കുടിക്കില്ലെന്നറിയാം അവസാനം ഞാൻ തന്നെ തീർത്തോളാം.."

ഞാൻ പവിത്രനു വന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു.. ചന്ദനക്കുറിയിട്ട് , കവിതചൊല്ലുന്ന
അവനെ മറക്കാൻ ആ ബാച്ചിലെ ആർക്കും കഴിയില്ല.
അന്ന് അവസാന ക്ലാസിലും‌ പാടി എല്ലാവരെയും‌ കരയിച്ചിട്ടുണ്ട്...

"എന്താളിയാ നീ ഇങ്ങനെ സൂക്ഷിച്ച് നോക്കണത്
നെറ്റിയിലെ ഈ പാടാണോ..? അതൊക്കെ നി എഴുതിക്കേറ്റി വയ്ക്കടേയ്
...ഹി ഹി...."

ഒരു ഗ്ലാസു കൂടെ വലിച്ച്  കുടിച്ച് ഇറച്ചിച്ചാറിൽ വിരലിട്ട് നക്കിയതിന് ശേഷം. പുക മുക്കിലൂടെ വലിച്ചു വിട്ട്.
തോളിൽ കൈയിട്ടു.
വിരലിൽ പറ്റിയിരുന്ന ഇറച്ചിയുടെ ചാറ് എന്റെ ഉടുപ്പിലായി.
അതൊന്നും കൂസാക്കാതെ അവൻ പറഞ്ഞുകൊണ്ടിരുന്നു..

"അളിയാ നമ്മടെ പോളയത്തോട് മാർക്കറ്റില്ലേ...
അവിടെ പിള്ളാരു തമ്മിൽ  സൂപ്പർ ഇടിയെന്ന് ഫോൺ വന്നു.. എസ് എച്ച് ഓ. എന്റടത്ത് പോയി നോക്കാൻ..
അളിയാ ജനങ്ങൾക്ക് മാത്രേയുള്ളോ ഈ ജീവനും സ്വത്തും...?
എടാ പോലീസ് കാരന്റെ ജീവനും സ്വത്തും പിന്നാരു നോക്കും..?
അന്ന് ഒരു പന്ന പൂമോൻ അഞ്ച് കിലോടെ പടിയ്ക്ക് ഇടിച്ചതാ ഈ പാട്.. ഇതിലോട്ട് ചന്ദനം ഇട്ടിട്ട് എന്തോന്നളിയ..."

ഗ്ലാസ് തുടർച്ചയായി നിറയുന്നതിനിടയിൽ സംസാരത്തിലേക്കു വരാൻ
ഞാൻ അവനോട് ഒരു കവിത ചൊല്ലാൻ പറഞ്ഞു....
'
നീ യെന്തേടാ മൈരേ ആളെ കളിയാക്കുന്നോ...
നിനക്ക് ഇപ്പൊ നല്ലൊരു പൂരപ്പാട്ട് കേൾപ്പിക്കട്ടാ..
എന്റെ പൊന്നളിയാ. ജോലി കിട്ടി ഒറ്റവർഷം നമ്മളൊക്കെ വേറെ ഒരാളാകും.. ചെന്നു‌ കേറണ ദിവസം മൊട്ടയടിയാണ്.
പിന്നെ വീടിനെയൊക്കെ സ്വപ്നത്തിൽ പോലും കാണാൻ ആ പുല്ലന്മാർ സമ്മതിക്കൂല.
അഞ്ച് മണിക്കിറങ്ങിയാൽ രാത്രി പത്തിനിടയിൽ നമ്മളെ ഫുൾ ബിസിയാക്കും..
പിന്നെ പതിയെ പതിയെ നമ്മളെ സമയത്തിന് ഒരു വിലയില്ലാതാവും...
പരാതിയൊന്നും സേനേയിൽ ഇല്ലളിയ. 'ആദ്യം അനുസരിക്കണം പിന്നെ പരാതി പറയണം.‌' ഇതാണ് സേനയിലെ പോളിസി..
അങ്ങനല്ലേ എന്നെപ്പോലെ പലരും കേസുകളിൽ പ്രതിയാവണത്..."

എന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ തെളിഞ്ഞ അവളുടെയും മകന്റേം ഫോട്ടോ കണ്ട് അവൻ സംസാരം നിർത്തി...
ജന്നലിനോട് ചേർന്ന് നിന്ന് സംസാരിക്കുന്നതിനിടയിൽ
മോൻ ക്രീം കേക്കിന്റേം കിൻഡർ ജോയിടേം
കാര്യങ്ങളൊക്കെ പറയുന്നത് കേട്ട് അവൻ ശബ്ദം പുറത്ത് വരാത്ത ചിരിച്ചു...

"നിന്റെ  പെണ്ണും പിള്ളയാണോളിയാ. കൊള്ളാം കേട്ടാ.. പരാതികൾ തന്നെ എന്റെ പുണ്ടച്ചിക്ക്.. എന്നെ കണ്ണെടുത്താൽ കണ്ടൂട.. ഏത് നേരവും‌ കൊണ കൊണാ അലച്ചോണ്ടിരിക്കും.. ചെവിക്ക് സ്വൈര്യം തരൂലളിയാ.
അവൾടെ സമയത്തിന് നമ്മക്കെന്തെങ്കിലും ചെയ്യാൻ പറ്റോ.
ഇരുപത്തഞ്ച് ലീവിൽ കഴിഞ്ഞ മൂന്ന് കൊല്ലത്തിൽ എനിക്ക് അനുവദിച്ചത്.
ആകെ നാലെണ്ണം
..പിന്നെ നൈറ്റ് പട്രോളൊക്കെ എടുത്ത് എവിടേക്കെങ്കിലും‌ എന്തെങ്കിലും ചടങ്ങിന് പോകാന്ന് വിചാരിച്ചാൽ. ഉറക്കം കിട്ടാഞ്ഞ് കണ്ണൊക്കെ പഴുത്തിരിക്കും.. എന്റെളിയാ ചിലപ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടി വീണുകിടന്ന് ഉറങ്ങിയാ മതിയെന്ന് തോന്നും..
ഉറക്കം കിട്ടാതെ അവക്കടെ വീട്ടുകാരുടെ ചടങ്ങിലെന്തിലെങ്കിലും പോയാലോ കുടിച്ച് പഴുത്തെന്ന് പേരുദോഷോം. നിനക്കറിയോ അളിയാ അവൾടെ അനിയൻ ആത്മഹത്യ ചെയ്തപ്പോൾ  അത് അന്വേഷിക്കാൻ ചെന്നത് ഞാനാ.. അത്
അണ്ണാച്ചിയല്ലേ‌‌..അളിയാ
174...അളിയന് അണ്ണാച്ചീന്ന് പറഞ്ഞത് പിടികിട്ടീലല്ലേ...
അത് അളിയാ അൺ നാച്വറൽ‌ ഡെത്ത്  അതിന്റെ കോഡാണളിയാ അണ്ണാച്ചി...
അന്ന്  ഞാൻ കരഞ്ഞില്ലെന്നാ അവൾടെ ഏറ്റവും വലിയ പരാതി.  പോലീസ്കാരന് യൂണിഫോമിൽ കരയാനൊന്നും പറ്റൂല അതും ഡ്യൂട്ടിയിൽ.
എടാ സ്റ്റേഷനിൽ ഓരോ ദെവസോം ഓരോ ഡ്യൂട്ടിയാ പാറാവ്,  കോടതി, സമൻസ്, എമർജെൻസി.. ഇതിനിടയിൽ കുടുംബത്തിന്റെ ഒരാവശ്യോം നടക്കൂല.. സമയത്തിന് വല്ലത്തും തിന്നാൻ കഴിയോ.. പോലീസിലെ തൊണ്ണുറ് ശതമാനത്തിനും അൾസറാടാ..അൾസറേ.
വീട്ടിലെ ചോറ് പോലീസ്കാരന് വിധിച്ചതല്ലെടാ.
നിനക്കറിയാല്ലോ ക്രിക്കറ്റെന്ന് പറഞ്ഞാ നമ്മക്കൊക്കെ പ്രാന്തല്ലേ ?  ആ ഞാൻ ആ സ്റ്റേഡിയത്തിൽ കളികാണാതെ ജനങ്ങളുടെ നേർക്ക് തിരിഞ്ഞ് നിക്കണ കാര്യം നീയൊന്ന് ഓർത്ത് നോക്കെടാ..
കളി ജയച്ചപ്പോൾ  ഒന്ന് കൈയടിക്കാൻ പോലും ഈ യൂണിഫോമിൽ പറ്റൂലെടാ...
നില്ലളിയാ ഞാനൊന്ന് പെടുപ്പിച്ചിട്ട് വരട്ടേ... ലുങ്കി വലിച്ചുരിഞ്ഞെറിഞ്ഞ് അതും കൈയിൽ പിടിച്ച് ടോയിലെറ്റിലേക്ക് ഓടുന്നതിനിടയിൽ..

"അളിയാ ബാറിൽ വിളിച്ച് ഒരു ഫുൾ എം എച്ച് കൂടെ  പറ.
എനിക്കൊന്നും ആയിട്ടില്ല..."

വല്ലാത്ത ഒരു കുരുക്കിലാണ് പെട്ടെതന്ന് എനിക്കുറപ്പായി.
എത്രയും വേഗം ഇവനെ ഒഴിവാക്കിയേ പറ്റു..

"നീ എന്താളിയ കുന്തം വിഴുങ്ങിയ കണക്കെ നിക്കണത്...
ഞങ്ങൾ പോലീസ് കാരല്ലേടാ ഇങ്ങനെ നിക്കേണ്ടത്.
ഇരിക്കണ പോലീസുകാരെ സിനിമേൽ അല്ലാതെ എവിടേലും അളിയൻ കണ്ടിട്ടുണ്ടാ..
നിൽപ്പല്ലേളിയ ജീവിതമുഴുവൻ ലാത്തീം പിടിച്ച്  നിൽപ്പ്...

ലുങ്കി വാരിച്ചുറ്റിയിട്ട് കാലിടുക്കിലേക്ക് ആസ്വദിച്ച് ചൊറിഞ്ഞു കൊണ്ട്..
ബാറിലേക്ക് ഇന്റെർ കോം വഴി കുപ്പിക്ക്   ഓർഡർ ചെയ്തു...

"രാവിലെ എട്ടുമണിക്ക് ഈ കാക്കിയിൽ കേറണതാണ്..
സൗകര്യായിട്ട് ചന്തിയോ
സാമാനോ
ഒന്ന് ചൊറിയാൻ പറ്റോ.. വെയിലത്ത് നിന്ന് വിയർത്ത് കുളിച്ചാലും കടിച്ച് പിടിച്ച് നിൽക്കും. അറിയാതൊന്ന് ചൊറിഞ്ഞാലോ...
ചൊറിയണ പോലീസെന്ന പേരിൽ ഇപ്പൊഴൊള്ള പിള്ളാർ വീഡിയോ വയറലാക്കും...നിപ്പ് തന്നെ ചരിഞ്ഞോ ചാരിയോ ദേ ഇതുപോലെ തോളത്ത് കൈയിട്ടോ ഏതെങ്കിലും പോലീസ് നിക്കണത് നീ ജീവിതത്തിൽ കണ്ടിട്ടുണ്ടാ..
ഇല്ലളിയാ പറ്റൂല.. അതിനും‌ കിട്ടും ചെലപ്പൊ സസ്പെൻഷൻ.. ഇങ്ങനെ നിന്ന് നിന്ന് മുട്ടിനൊക്കെ തേയ്മാനാണ്..
വയസിയെ ചുരിദാറിടിയിച്ച പോലത്തെ
സ്റ്റേഷനിലെ ജീപ്പ് എടുക്കണതിന്റെ അന്ന് നട്ടെല്ലൊടിയും..
അന്നത്തെ  ദിവസം വീട്ടിൽ ചെന്നാ ചത്ത് കെടന്ന് ഉറങ്ങിപ്പോകും.. അന്നായിരിക്കും അവളും മൂപ്പിച്ച് വരണത് എനിക്കെന്തെങ്കിലും പറ്റോ.. പറ്റൂലെന്ന് സമ്മതിക്കാൻ നമ്മളെ ഈഗോ സമ്മതിക്കോ..?
അവളെ എന്തേലും ചീത്തവിളിച്ച് നമ്മള് തിരിഞ്ഞങ്ങ് കെടക്കും.
നിന്റടുത്ത് പറയാൻ കൊള്ളില്ല..
എന്നാലും ഞാനെന്തിനാളിയ മറയ്ക്കണത്..
അവക്കടെ വീട്ടുകാര് എന്നെ ഒഴിവാക്കും. മക്കളെ ഓർത്താളിയാ.. ഞാനിങ്ങനെ ജീവിക്കണത് ഇല്ലേൽ അന്ന് ഞാൻ കെട്ടിത്തൂങ്ങി ചത്തേനെ..."

അവൻ എന്നോട് വല്ലാതെ അടുത്തിരുന്നു...

"നമ്മള് എടയ്ക്ക് അത്യാവശ്യത്തിന് കൈപ്പണി നടത്തൂലേളിയാ.
ഞാൻ അവളെ ഒഴിവാക്കി തിരിഞ്ഞ് കെടന്ന ഒരു ദിവസം അവള് ഫോണില് നോക്കി..."

വെയിറ്റർ കുപ്പിയുമായി എത്തിനോക്കി.

"കേറി വാടേ ഒരു മണിക്കൂറായില്ലേ..? വിളിച്ച് പറഞ്ഞിട്ട്.." അവൻ കുപ്പിയിൽ നിന്ന് വീണ്ടും ഗ്ലാസുകൾ നിറയ്ക്കുന്നിനിടയിൽ.

സുധയുടെ ഫോൺ വീണ്ടും വന്നു..അനിയത്തിയുടെ മകന് ഏതു ഗിഫ്റ്റാണൊന്നൊക്കെ ചോദിച്ച്
ഫോൺ കട്ടാക്കി തിരിഞ്ഞു . അവൻ തൊട്ടു പുറകിൽ ചെവി കൂർപ്പിച്ച് നിൽക്കുന്നു.
ഞാൻ സംശയത്തോടെ  നോക്കുമ്പോൾ...

"ഈ ഭൂമിയിൽ ഒറ്റൊരുത്തനും പോലീസ്കാരെ വിശ്വസിക്കൂലളിയാ...
ഒറ്റ ചടങ്ങിലും വിളിക്കൂല. ഇപ്പൊ ഏതെങ്കിലും ഒരു കേസ് അന്വേഷിച്ച് ചെന്നാൽ അതിലെ വാദിയോ പ്രതിയോ നമ്മുടെ ശത്രുവാകും. ദിവസോം മിനിമം പത്ത് ശത്രുക്കളെ വീതം ഉണ്ടാക്കിയാൽ..
സർവ്വീസ് തീരുമ്പോൾ നമുക്ക് ചുറ്റും‌ ശത്രുക്കളേ കാണു.
എപ്പൊഴെങ്കിലും‌ ഏതവനെയെങ്കിലും കൈവയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിലോ.
പറ്റ് ബുക്കിലെഴുത്ത്  പോലെ അവന്മാർ പലിശ സഹിതം  തിരിച്ച് തരും. അതുകൊണ്ട് ഫുൾ ടൈം പോലീസ് കാരൻ സ്റ്റേഷനിൽ തന്നെ നിൽക്കാൻ നോക്കും..ഏതെവനെങ്കിലും ജ്യൂവലറീന്ന് സ്വർണമോ.. ബാങ്കീന്ന് ലോണോ  വേണമെങ്കിൽ നമ്മള് വേണം...
ഇങ്ങനെ വീട്ടിനും നാട്ടിനും കൊള്ളാതായി, തലപ്രാന്തും പിടിച്ച് ലോകം മുഴുവൻ ശത്രുക്കളേം‌ ഒണ്ടാക്കണ പോലീസ്കാരനെക്കുറിച്ച് നീ എന്തെഴുതാനളിയാ..."

അവൻ പിന്നേം കുപ്പി തീർക്കാനിരുന്നു..
എത്രയും വേഗം അതൊന്ന് തീരാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു.. ഒരു ഗ്ലാസ് ചുണ്ടിൽ
ചേർത്ത് അവൻ എന്നെത്തന്നെ കുറേം നേരം നോക്കിയിരുന്നു..

"എന്താളിയാ
നീയിങ്ങനെ സൂക്ഷിച്ചു നോക്കണത് വേഗം തീർക്ക് നമുക്ക് പോകണ്ടേ. എനിക്ക് അല്പം പർച്ചേസുണ്ട്. അവളോടൊപ്പം ആ  പിറന്നാൾ പാർട്ടിക് പോകാന്നേറ്റിട്ടുണ്ട്‌..‌‌.."

വല്ലാത്ത ശബ്ദത്തിൽ അവൻ ചിരിച്ചു..പിന്നെയും കുറച്ചു നേരം എന്നെ തുറിച്ചുനോക്കി...

"അളിയാ
മൂന്നാം വർഷം യൂണിവേഴ്സിറ്റീന്ന് നമ്മള് സ്റ്റേറ്റ് നാടക മത്സരത്തിന് പോയത്
ഓർക്കുന്നോ..? അതുപോലെ
നമ്മളിന്ന് വലിയൊരു നാടകം കളിക്കാൻ പോണ് നിനക്ക് എന്റെ വേഷം എനിക്ക് നിന്റേതും.."

അവൻ ചാടിയെണീറ്റ് ഇറച്ചിക്കറിയിലെ സ്പൂൺ എന്റെ കഴുത്തിൽ താഴ്ത്തിപ്പിടിച്ചു...

" എന്റെ പൊന്നളിയാ എനിക്ക് മൂന്ന് മണിക്കൂറ് ഡ്യൂട്ടിയുണ്ട്..
അത് നീ ചെയ്തേ പറ്റു. ഇടെടാ കഥാമൈരേ  യൂണിഫോം..നീ എന്റെ ഡ്യൂട്ടി ചെയ്യും ഞാൻ നിനക്കുവേണ്ടി കഥയെഴുതും..."

എന്നെ കട്ടിലിലേക്ക് ചവിട്ടിയിട്ടു...ഒഴിഞ്ഞ
കുപ്പി ചുവരിൽ തട്ടി പൊട്ടിച്ച് എന്റെ നേർക്ക് നീട്ടിപ്പിടിച്ച്.
യൂണിഫോം ഇടുന്നത് വരെ അവൻ നിന്നു..
എല്ലാം എന്റെ അളവിന് തയ്പിച്ചതുപോലെ..
യൂണിഫോമിലെ എനിക്ക് അഴിഞ്ഞുപോയ മുണ്ട് അവഗണിച്ച് അവൻ സല്യൂട്ട് ചെയ്തു..  സല്യൂട്ട് വിരലിൽ എന്റെ കാറിന്റെ താക്കോൽ തൂങ്ങിയാടുന്നു..

"അളിയാ നി വിഷമിക്കണ്ട മൂന്ന് മണിക്കൂർ.. മൂന്നേ മൂന്ന് മണിക്കൂർ...
പിള്ളാർ സ്കൂള് വിട്ട് പോകുന്നത് വരെ നീ  റോഡ് നിയന്ത്രിക്കണം..
അതിനിടയിൽ ജീപ്പോ മന്ത്രിമാരോ കടന്നുപോയൽ ഇങ്ങനൊന്ന് സല്യൂട്ട് ചെയ്യണം..
ഈ യൂണിഫോമിൽ കയറിയാൽ ഒറ്റൊരുത്തനും‌ മുഖത്ത് നോക്കൂല. ഇതിനുള്ളിൽ കേറിയാൽ ഒരുത്തനും മുഖമില്ലളിയാ..
അത് കഴിഞ്ഞ് നീ വാ. ഞാനിവിടെ കിടക്കണുണ്ടാകും. വരുമ്പോൾ കഥയ്ക്ക് പറ്റിയ എന്തേലും ഞാൻ ഓർത്തെടുക്കാം..."

വാതിലിന്റെ പുറത്തേക്ക് പിടിച്ച് ഒരൊറ്റ തള്ളലായിരുന്നു‌‌‌.
ബാറിന്റെ പിന്നിലൂടെ ഇറങ്ങി..
ആ സ്കൂളിന്റെ മുന്നിലെത്തിയതും. ട്രാഫിക്ക് നിയന്ത്രിച്ചതും.. എങ്ങനെയെന്ന് എനിക്കിപ്പൊഴും വിശ്വസിക്കാൻ കഴിയുന്നില്ല..മൂന്ന് മണിക്കൂറിൽ പത്തു തവണയെങ്കിലും നീലാഞ്ജനം വിളിച്ചിട്ടുണ്ടാകും. എടുക്കാൻ തോന്നിയില്ല. ഓരോ തവണ ഫോണടിക്കുമ്പോഴും അമർഷം കടിച്ചമർത്തി..
അവന്റെ യൂണിഫോമിന്റെ ഗന്ധം എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.‌.

" സത്യം പറ
നിങ്ങൾ കുടിച്ചിട്ടുണ്ടോ...
എതാ ഈ ബില്ല്.?
സത്യം പറ നിങ്ങളിന്ന് എവിടായിരുന്നു. എന്താ ഈ ഷർട്ടിലൊക്കെ ചുവന്ന പാട്..? നിങ്ങളിട്ടിരുന്നത് വെളുത്ത സോക്സല്ലേ...
ഇതാരുടെയാ കാക്കിനിറത്തിലുള്ളത്. സത്യം പറ ഇന്ന് നിങ്ങൾ
ഏതവളുടെ വീട്ടിലായിരുന്നു..ഈശ്വരാ എന്ത് വൃത്തികെട്ട മണമാണിത്.."

...ആ മൂന്ന് മണിക്കൂർ പൊരിവെയിലത്ത്
ജീവിതം‌ പണപ്പെടുത്തി  ഒരു നാടകോം
കളിച്ചുവന്ന ഞാൻ
ഇവളോട്
ഇതല്ലാതെ മറ്റെന്താണ്  പറയേണ്ടത്...?"

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment