Wednesday 13 June 2018

തിരുത്തോറ്റം...!!

"തുരുത്തോറ്റം...!!

"അവിടിപ്പൊ തുരുത്തൊന്നൂല്ലല്ലോ, തുരത്തെന്ന് തിരുത്തിക്കൂടേ, ചെന്നിരിന്ന് കരയാനൊരു കരയുണ്ടോ ദാസേട്ടാ..." ചാത്തുണ്ണിയാശാന്റെ മോൻ ഇതു പറയുമ്പോൾ എനിക്ക് ചിരി വന്നു, ദാസൻ അടുത്തിടെ ഇങ്ങനെയാണ് സ്ഥാനത്തും അസ്ഥാനത്തും ചിരിക്കുന്നു.
എങ്കിലും‌ ഇവിടെ  ചിരിക്കാൻ കഴിയുമോ.. അവർ പറഞ്ഞത് നിലനില്പിന്റെ കാര്യങ്ങളല്ലേന്ന് ഓർത്തു.

ചാത്തുണ്ണിയാശാന്റെ കൊച്ചുമോൻ ദീപന്റെ വാക്കുകളിൽ ചാത്തുണ്ണിയാശാന്റെ പറച്ചിൽ കുടിയിരിക്കുന്നത് പോലെ..എന്തും ഒരു താളത്തിലേ പറയൂ...

പണ്ട് പറയന്തുറയിലെ ചാത്തുണ്ണീസ് വർക്ക്ഷോപ്പിൽ
ഒരു ഗതിയുമില്ലാതെ ചെന്നുകയറുമ്പോൾ ഞാൻ കടലിൽ വീണു ചത്ത ശാന്തന്റെ മോൻ ദാസനായിരുന്നല്ലോ. വാഴയിലയിൽ  പൊതിഞ്ഞ ദോശ
എന്റെ മുന്നിൽ നീക്കിവച്ചിട്ട്...
ഒരു സാന്റ് പേപ്പറും മുന്നിലേക്ക് ഇട്ടുതന്നു...

"ഇതും തിന്ന്
ഇരുമ്പിലെ തുരുമ്പെല്ലാം തരിമ്പില്ലാതെ ചുരണ്ടില്ലേ എലുമ്പാ...."

ആ പ്രാസവും അന്നത്തെ  വിശപ്പും അയാൾക്ക്  മറക്കാൻ കഴിഞ്ഞിട്ടില്ല..

കടലിൽ വീണ് ചത്ത ശാന്തന്റെ മോൻ ദാസൻ
ആർട്ടിസ്റ്റ് ദാസനായതും, പിന്നീട് പത്മശ്രീ ദാസനായതും മറ്റാർക്ക് മറക്കാനായാലും‌ ചാത്തുണ്ണിയാശൻ മറന്നിട്ടുണ്ടാകില്ല..
കാരണം  ആശാന്റെ ചിത കത്തുന്നത് കാണാൻ പോലും ഈ ദാസൻ ആലപ്പാട് പോയില്ല..
അന്നെന്ന് മാത്രമല്ല
പിന്നെ ഒരിക്കലും അയാൾ തുരുത്തിനെക്കുറിച്ച് ഓർത്തിട്ടുപോലുമില്ല..

ലോറിയിലും ബസിലും പെയിന്റടിച്ച ദാസന്റെ  വിരലിലെ ചിത്രവാസന തിരിച്ചറിഞ്ഞ് ഫൈനാർട്സിൽ ചേർത്തത് ആശാനായിരുന്നു...
ചാത്തുണ്ണിയാശാനെയും ശാന്തന്റെ പെണ്ണിനെയും പറ്റി ചിലതൊക്കെ കേട്ടിട്ടും അതിലെ സത്യം തിരയാനൊന്നും ദാസൻ പോയില്ലല്ലോ..?
ശാന്തന്റെ പെണ്ണിനപ്പുറം അവന്റെ അമ്മയുടെ മണിയോഡർ തെറ്റാതെ വന്നിരുന്നതിന് കാരണം
ഫൈനാർട്സിൽ ഒന്നാമനായി.  ഒരവധിക്ക് വീട്ടിൽ വരുമ്പോൾ കിണറ്റിൽ കരയിലിരുന്ന് ആശാൻ പല്ലു തേയ്ക്കുന്നു..‌ അന്ന് തിരിച്ചു പോയ ദാസൻ  എർണാകുളത്തെ ആഴ്ച്ചപ്പതിപ്പിൽ  മുഖ്യവരക്കാരനായി ജോലി കിട്ടി വന്ന്  അമ്മയേം കൂട്ടി പോയതല്ലാതെ
ആശാന്റെ വഴിക്ക് പോയിരുന്നില്ല.. ധാരണ തിരുത്താനോ അമ്മയെ ചോദ്യം ചെയ്യാനോ മുതിർന്നിട്ടില്ല...

ആശാന്റെ മോൻ ഗണേശന് ആശാന്റെ ഒരു ഗുണോം ഉണ്ടായിരുന്നില്ല..
ആശാന്റെ അതേ മുഖവും  രൂപവും ഈ ഗണേശന്റെ മകൻ ദീപന് കിട്ടിയിട്ടുമുണ്ട്‌.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ട ദാസനെ  കൃത്യമായി എങ്ങനെ ദീപന് കണ്ടെത്താനായി..? ഇതിലൊക്കെ  എനിക്കെന്ത് ചെയ്യാനാകും..?
*പാലറ്റ് ഒന്ന് ഉറപ്പിച്ച് പിടിക്കാൻ പോലും ഈ കൈകൾക്ക് ആരോഗ്യമില്ല.. ക്യാൻവാസ് ഒന്നുറപ്പിക്കാൻ പോലും കരുത്തില്ല...
പിന്നല്ലേ ഇവരുടെ സമരത്തിന്.
ദാസന്റെ ചിന്തകൾ കടലുകയറി...

"കരയാൻ പറ്റില്ലെങ്കിൽ കരയെപ്പറ്റി
വരയാൻ പറ്റില്ലേ..."

ചാത്തുണ്ണി ആശാൻ അരസൻ ബീഡിയും പുകച്ച് ദേ ദാസന്റെ  മുന്നിൽ ഇരിക്കുന്നു.‌‌.ദീപൻ പോയതിനിടയിൽ ആശാനെപ്പോൾ വന്നു കയറിയെന്നായി ദാസന്റെ അടുത്ത ചിന്ത..

"ദാസാ നിനക്കെന്നെ മറക്കാൻ കാരണമുണ്ടാകും.
ഞാൻ നിന്നെ മറക്കണമെന്ന് നീ പറയരുത്..."

ദാസന് ഇതെല്ലാം ഓർത്തിട്ട് തലചുറ്റാൻ തുടങ്ങി അടുത്തിടെ ഇങ്ങനാണ്.
ജയ മരിച്ചതിന് ശേഷം അരുണിന്റെ പെണ്ണ്. ഇപ്പോൾ അരുണെന്നൊന്നും  വിളിക്കാൻ പറ്റൂല ചെയർമാൻ എന്നേ വിളിക്കാനാകൂ.
വല്യ അക്കാദമി ചെയർമാനാ...അതെങ്ങാനും അവന്റെ പെണ്ണു കേട്ടാൽ...

"അച്ഛന് പത്മശ്രീ വാങ്ങിത്തന്നത് ഈ അരുണേട്ടനാ..
അല്ലാതെ കഴിവൊന്നും ഉണ്ടായിട്ടല്ല.‌"
അവന്റെ പെണ്ണിന് പോലും എന്നെ ഒരു വിലയുമില്ല..
കഴിക്കാൻ തരുന്ന ഗുളികകളിൽ ഒന്നുരണ്ടെണ്ണം അവൾ കൂട്ടുന്നത് അയാൾക്ക് ശരിക്ക് മനസിലാകും.‌.എങ്കിലും അതൊന്നും ദാസൻ ശ്രദ്ധിക്കാറില്ല.. അത്രയും ഗുളിക ചെന്നുകഴിഞ്ഞാൽ ജയയും, അമ്മയും അപ്പനും പിന്നെ ഈ ചാത്തുണ്ണിയാശാൻ പോലും എന്റെ മുറിയിൽ ചുറ്റിത്തിരിയും‌‌.
അവരോടൊക്കെ മനസുതുറന്ന് കുറച്ച് സംസാരിച്ച് കഴിയുമ്പോൾ ഒരു ദിവസമങ്ങനെ കഴിയും...ഇന്നിപ്പോൾ വേറാരേം കാണാനില്ല. ആശാൻ മാത്രം‌. ആ മുഖത്താണെങ്കിൽ വല്ലാത്ത. ഗൗരവവും...

"സർക്കാർ ചിലവിൽ കോടികൾ മുടക്കി ആളെത്തട്ടിക്കണ ബിനാലെയും എവിടേന്നേലും എന്തേലും പെറുക്കിക്കൂട്ടി ആർക്കും ദഹിക്കാത്ത വിധം എന്തേലും ഒപ്പിക്കണ ഇൻസ്റ്റലേഷനുമല്ലേ ചെയർമാനൊക്കെ പ്രിയം..
എന്താണവന്മാർ അവിടെ കാട്ടിക്കൂട്ടണത്. ആ പൊട്ടത്തരം കാണാൻ
ഭൂമിയുടെ എവിടൊന്നൊക്കെയാ ആളുകൾ വരണത്..‌ അതിലൊക്കെ എന്ത് കലയുണ്ടെന്ന് എനിക്കറിഞ്ഞൂട.
ആശാനേ.." ദാസിന്റെ വർത്താനം കേട്ട്
ചാത്തുണ്ണിയാശാൻ ചിരിച്ച് ഒരു പുകയൂതിവിട്ടു.

"ഈ ദീപന് ഇപ്പൊ എന്താ പണി.."
ആശാൻ പിന്നേം ചിരി തന്നെ..

" ദാസാ നീ ചെന്ന് ഒരു കെട്ട് ബീഡി വാങ്ങിവാ..." ദാസന് വല്ലാതെ ദേഷ്യം വന്നു.
പണ്ടാണെങ്കിൽ തുരുമ്പ് തേയ്ച്ച് ഇളക്കുന്നതിനിടയിൽ,

"ദാസോ ഒരു കെട്ട് അരസൻ..."  കേൾക്കാത്ത പാതി ഒറ്റ ഓട്ടമാണ്... പറന്തുരുത്തിലെ മന്തി സുനീടെ കടയിൽ ചെന്ന് ഒറ്റശ്വാസത്തിൽ പറയും..

"ഒരു കെട്ട് അരസൻ, ഒരു ചാർമിനാറ്, ഒരു രൂപയ്ക്ക് വെറ്റിലേം മുറുക്കാൻ സെറ്റും, ഒരു കതിർ തീപ്പെട്ടി ഒരു ഇഞ്ചി സോഡ...." പറയന്തുരുത്ത് തന്നെ ഇന്ന് അവിടുണ്ടാകില്ല.
കമ്പനി ഏറ്റെടുത്ത സ്ഥലത്തിപ്പോൾ ഒറ്റമനുഷ്യരില്ല..‌ അവിടമൊക്കെ കടലെടുത്തിട്ടുണ്ടാകും.ആകെ അമ്പതും ഇരുന്നൂറും മീറ്റർ വീതിയല്ലേ ആ തുരുത്ത്...
ദീപൻ  പറഞ്ഞത് അതിനെതിരേ
വര പ്രതിഷേധ കൂട്ടായ്മ ഉണ്ടെന്നും അതിന് വരണോന്നുമല്ലേ അവൻ പറഞ്ഞത്.‌‌‌.?

"നീ എന്താടാ ദാസാ ചിന്തിക്കണത്? പോയി ഒരു കെട്ട് ബീഡിയെങ്കിലും വാങ്ങി വാ... എനിക്ക് തൊണ്ട വരണ്ടു വരുന്നു..‌"

ആശാൻ തൊണ്ട ചൊറിഞ്ഞ് കാണിച്ചു..
ഉടുപ്പിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അരുണിന്റെ പെണ്ണിന്റെ വക ചോദ്യം..‌

"ഗുളിക കഴിച്ചതല്ലേ, എവിടേലും വീണു കിടന്നാൽ അരുണേട്ടന്റെ വായീന്ന് അച്ഛന്  നല്ലത് കിട്ടും..."
അവളെ രൂക്ഷമായി നോക്കിയിട്ട് ഇറങ്ങിനടക്കുമ്പോൾ കൈകൾ രണ്ടും നന്നായി വീശി...തളർച്ചയൊക്കെ എവിടെയോ പോയതുപോലെ.
അപ്പോൾ അയാൾ,
പതിനേഴുകാരൻ ദാസൻ,തന്റെ ചാത്തുണ്ണിആശാന്  ബീഡിവാങ്ങാൻ പോകുന്നു...

കൈയിൽ ബീഡിയും വെറ്റിലയും അടയ്ക്കയുമായി കയറിവരുന്ന അമ്മായിയപ്പനെക്കണ്ട് മരുമകൾക്ക് വല്ലാത്ത അത്ഭുതം.
ഈ വർഷത്തിനിടയിൽ അച്ഛനിൽ നിന്ന് ഇത്തരമൊരു ശീലം കണ്ടിട്ടേയില്ല.
തന്നെ തുറിച്ചു നോക്കി നിൽക്കുന്ന മരുമകളെ നോക്കി അയാൾ ചെറുതായി ചിരിച്ചു. ചിരിയിലെ അസ്വഭാവികത കണ്ടിട്ടാകണം. അവർ ഉള്ളിലേക്ക് പതിയെ വലിഞ്ഞു.
ഉള്ളിൽ നിന്ന് ഭർത്താവിനോട് ദേഷ്യത്തിൽ സംസാരിക്കുന്നതിന്റെ ശബ്ദം കേട്ടിട്ട്..
ആശാനും  ശിഷ്യനും മുഖത്തോട് മുഖം നോക്കി ചിരിച്ചു..‌‌

"ടാ എനിക്ക് ദിനേശ് ഇഷ്ടല്ലാന്നറിയില്ലേ.‌..? " ദാസന്റെ പതർച്ചകണ്ടിട്ട് ആശാൻ മുഖത്ത് ചിരിവരുത്തി..
കാലം മാറീലേ‌ ദിനേശെങ്കിൽ ദിനേശെന്നും‌ പറഞ്ഞ്
വലിക്കാൻ തുടങ്ങിയ ആശാന്റെ അടുത്തേക്ക് ദാസൻ നീങ്ങിയിരുന്നു...

"എന്താ ആശാനൊന്നും‌ പറയാത്തത്...
ദീപനെന്തോന്നാ പണി, കണ്ടിട്ട് ഒരു കോലോം തോന്നണില്ല..അവന്റെ അപ്പനും അമ്മേം..?."
ആശന്റെ കണ്ണ് നിറയുന്നത് പോലെ തോന്നി... ബീഡി നിർത്താതെ ചുണ്ടിൽ തന്നെയിരുന്നു.‌‌‌‌
കരച്ചിൽ കടിച്ചമർത്തുന്നത് പോലെ കീഴ്ച്ചുണ്ട് ബീഡിയിൽ അമർന്നു‌.‌..

"അവന് പതിനാല് ഉള്ളപ്പോഴല്ലേ അവന്റെ തള്ളേം തന്തേം തിരതിന്നത്... അന്നുമുതൽ ഇന്നുവരെ അവിടെ ജനിച്ചതൊക്കെയും സുനാമിക്കുട്ടികളല്ലേ.‌‌‌..? വീട്ടിലും നാട്ടിലും എവിടേം അവരെ അങ്ങനല്ലേ വിളിക്കു..
ഞാൻ തിരിച്ചു വരുമ്പോൾ ഈ ചെക്കനും  വെള്ളാനത്തുരുത്തിലെ ആ വീടും ബാക്കിയായി. സുനാമിക്കുട്ടികൾക്കൊപ്പം  പഠിത്തം.‌.
നിന്നെപ്പോലെ ഇവനേം ഞാൻ ഫൈനാർട്സിൽ വിട്ടു. വരേം ശില്പോം ഒക്കെയുണ്ട്‌‌‌‌..ഇപ്പൊ തെയ്യത്തിലാ പ്രാക്ടീസ് കുറേക്കാലായി കണ്ണൂരാ സീസൺ കഴിഞ്ഞ് വരും. ഈ സീസണിൽ വന്നപ്പൊഴാ പ്രശ്നം വഷളായത്..‌
അവന്റെ ഭാഷയിൽ പറഞ്ഞാൽ..

"കോടികൾ മുടക്കി റോഡ് ഉണ്ടാക്കിയപ്പോൾ നല്ലൊരു ശതമാനത്തിന് അവിടം വിട്ട് പോകേണ്ടി വന്നില്ലേ‌‌‌‌..? കമ്പവലിക്കാനും കടലിൽ പോകാനും കക്കമുങ്ങാനുമല്ലാതെ തുരുത്തുകാർക്ക് എന്തോന്നറിയാം..
കരിമണ്ണിൽ ക്യാൻസറൊണ്ടെന്ന് നാട്ടുകാരെ പേടിപ്പിച്ച് കമ്പനീം സർക്കാരും‌ ഇങ്ങനെ കുഴിച്ചേന്റെ പേരിലല്ലേ.
ആലപ്പാട് മുങ്ങിയത്.. അങ്ങ് തമിഴ് നാട്ടിലെ മണവാളക്കുറിച്ചി കഴിഞ്ഞാ കേരളത്തിലെ ഏതെങ്കിലും തിരത്തോട്ട് കടലിത്രയും കേറിയാ...? ഇത്രേം‌ ആളെക്കൊന്നാ..? ഏതോ മലയിലെ പാറപൊട്ടിച്ച് ഈ കടലിൽ കൊണ്ടിട്ട് വേലികെട്ടേണ്ടതിന്റെ ആവശ്യം എന്തോന്നാണ്...? കടലിനെ തടയാൻ കരയ്ക്കറിഞ്ഞൂടേ..? എനിക്കറിഞ്ഞൂട ദാസാ ആരോഗ്യം ക്ഷയിക്കണകാലത്ത് കടലിൽ പോകുന്നവരൊക്കെ  കമ്പവലിച്ച് ജീവിക്കും..
ആ പാവങ്ങളിപ്പോൾ സർക്കാരിന്റെ പെൻഷനും കാത്തിരിപ്പാണ്.
കൂരിക്കേം, ഞണ്ടും കക്കേം, കടലാമേം
ആ വഴി കേറണില്ല.
എടാ കടൽകാക്ക കൂട്ടത്തെ കണ്ടിട്ട് കാലം എത്രയായിന്നോ...
ഇന്ന് കമ്പനി കുഴിച്ച് മറിക്കണത് വെള്ളാനതുരുത്താ.. അവിടല്ലേ എന്റെ വീടും അസ്ഥിത്തറയും.
അത് ഈ ചെക്കൻ വിട്ടു കൊടുക്കൂലെന്നും പറഞ്ഞ് ഇരിപ്പാണ്‌.‌..
കുറച്ച് മാസങ്ങളായി ആ ആറു സെന്റില് മുടിം താടിം വളർത്തിയ ആളുകൾ പാട്ടും വരയും ഒക്കെ ആയിട്ട് കമ്പനിയെ തോല്പിക്കാനുള്ള സമരത്തിലാ.
കഴിഞ്ഞ ആഴ്ച്ചയിൽ മണലിൽ രൂപങ്ങളായിരുന്നു. അതുണ്ടാക്കാൻ വന്ന ഇവന്റെ ഒരു കൂട്ടുകാരനെ പോലീസും പിടിച്ചു അതിന്റെ പേരിൽ ഉന്തും തള്ളും.
ഇവനും ആ കൂട്ടത്തിലാണെന്നാ കേൾക്കണത്.
വരയും ശില്പവും ഒക്കെ ആയിട്ട് പോകുന്നു.
ഇനി രണ്ട് ദിവസം കഴിഞ്ഞാൽ ആറര സെന്റിന് ചുറ്റും ശീലവലിച്ചു കെട്ടി അതിൽ  വല്യവരക്കാരെ അണിനിരത്തി 'കരയ്ക്കു വേണ്ടി വര' എന്നപേരിൽ എന്തോ ഗുലുമാലൊപ്പിക്കണുണ്ട്‌..

നിന്റൊപ്പം  പഠിച്ച ഒരുത്തനില്ലേ സൈമന്റെ മോൻ, നമ്മുടെ കപ്പിത്താൻസിന്റെ ബോട്ടിലെ സ്രാങ്കില്ലേ...അവന്റെ മോനാണിപ്പോൾ അഴീക്കലെ പള്ളീലെ കത്തനാര്, കത്തനാരൊക്കെ ആന്നേലും
അവനും ചെറിയൊരു വിപ്ലവകാരിയാ...
അവനാ നിന്റെ പേരും നിന്റെ പത്മശ്രിയൊക്കെ പറഞ്ഞത്‌‌‌... അതും പറഞ്ഞ് നിന്റെ മോന്റെ ആപ്പീസിൽ ചെന്നപ്പോൾ അവിടെന്ന് പിടിച്ച് പുറത്താക്കിയെ‌ന്നാ കേട്ടത്. നിന്നെ മുന്നിൽ‌ നിർത്തി വരച്ചാൽ പോലീസ് തൊടൂലല്ലോ..‌ ബുദ്ധിയെങ്ങനെ.‌‌‌..?
(ആശാന്റെ മുഖത്ത് പ്രതീക്ഷയുടെ ചിരി)
നീ മുതൽ ദീപന്റെ പത്ത് വയസുള്ള മോൻ വരെയുള്ള അൻപത് പേരെ നിർത്തി വരപ്പിക്കാനാ പദ്ധതി..."

ചെയർമാൻ എന്ന് സർക്കാർ മുദ്രയുള്ള കാറ് ഗേറ്റ് കടന്നുവരുമ്പോൾ. ചാത്തുണ്ണിയാശാനും ദാസനും ഞെട്ടി.

"ഇവനെന്താ ഈ സമയത്ത്..."
ദാസന്റെ ചോദ്യം കേട്ട് ചാത്തുണ്ണിയാശാൻ മറഞ്ഞു നിന്ന് ചിരിച്ചു...

"നിനക്ക് നിന്റെ മോനെ പേടിയാണല്ലേ‌‌‌‌..?"
ദാസൻ ദേഷ്യം കടിച്ചമർത്തിൽ കാലിന്മേൽ കാലും കയറ്റി ഇരുന്നു....
മൊട്ടത്തലയും വെളുത്ത താടിയും കറുത്ത് തടിച്ച ഫ്രെയിം വച്ച കണ്ണടയും ആശാൻ നോക്കി നോക്കി ചിരിച്ചു.‌...അരുൺ കേറിവരുന്നത് കണ്ട് പോകാനിറങ്ങിയ ആശാനെ ദാസ് തടഞ്ഞു...

"ഇവനൊക്കെ എന്നാ ആശാനേ വരയ്ക്കാൻ പഠിച്ചത്...
പാലറ്റും ബ്രെഷും കൊടുത്ത് ഈസലിൽ ക്യാൻവാസും ഉറപ്പിച്ചുകൊടുത്ത ഞാനെന്തിനാ ഇവനെ പേടിക്കണത്..‌‌.
ഇവനൊക്കെ മറ്റേ അക്രിലിക്കിന്റെ ആളാ ഓയിലിൽ ഇവനൊക്കെ ഒന്ന് വരച്ച് കാണിക്കാൻ പറ..."

അരുൺ ദാസ് കയറിവന്നുടനെ പടിയിലിരുന്ന ബീഡിയും വെറ്റിലയും എടുത്ത് പുറത്തേക്ക് എറിയാൻ തുടങ്ങി.‌..

"വയ്ക്കടാ അവിടേ..‌" വർഷങ്ങൾക്ക് ശേഷം ദാസിന്റെ പതർച്ചയില്ലാത്ത ശബ്ദം ആ വില്ലയിൽ ഉയർന്നു‌‌‌‌....

അരുൺ അച്ഛനെ ഉള്ളിലേക്ക് വലിച്ചു കയറ്റി..‌.
ആശാൻ പുറത്ത് തന്നെ നിന്നു‌‌‌‌...

"നേരം  വെളുത്തതു മുതൽ  അച്ഛനിതാരോടാ സംസാരിക്കണത്..‌ ഇവളാണെങ്കിൽ ഇവിടെ പേടിച്ചിരിപ്പാണ്.
അച്ഛനെന്നു മുതലാണ് പുകവലിക്കാൻ തുടങ്ങിയത്..‌.
ഇന്നിവിടെ ആ തീവ്രവാദി ചെക്കൻ വന്നിരുന്നോ. അപ്പനോട് ഞാനൊരു കാര്യം പറഞ്ഞേക്കാം വരയെന്നെങ്ങാനും പറഞ്ഞ് ആലപ്പാട് കാലു ചവിട്ടിയാൽ....."

ആശാൻ പതിയെ വീട്ടിനുള്ളിലേക്ക് കയറിവരുന്നത്  കണ്ട്...
ദാസൻ ചിരിക്കാൻ തുടങ്ങി...

"അപ്പനിതാരോടാ ചിരിക്കണത്.‌... നന്ദികേട് കാണിക്കരുത് ആ തുരുത്തീന്ന് ഇവിടെ വന്ന് ഈ നിലയിൽ എത്തിയതിന് പിന്നിൽ പാർട്ടിക്ക് വല്യ പങ്കുണ്ട്.‌‌..
അപ്പന് പത്മശ്രി ശുപാർശ ചെയ്തതും‌ പാർട്ടിയാണ്...
ഞാനിന്ന് ഈ കസേരയിൽ എത്തിയെങ്കിൽ അതിനു പിന്നിലും പാർട്ടിക്ക് വല്യപങ്കില്ലേ‌‌‌‌.‌..?
കമ്പനീന്ന് നല്ല തുകേം വാങ്ങി ആശാന്റെ ആ ചെക്കനോട് അവിടം വിട്ടോളാൻ പറ...പൊന്മനയിൽ വരെ എല്ലാരും വീടൊഴിഞ്ഞില്ലേ..‌.
വെള്ളാനത്തുരുത്തിൽ നിങ്ങടെ ആശാന്റെ അസ്ഥിത്തറയും കെട്ടിപ്പിടിച്ചിരുന്നാൽ വല്ല കേസിലും പെട്ട് അകത്ത് കിടക്കും.. തളർന്ന കൈയും വച്ച് അച്ഛനവിടെ പ്പോയി എന്തോന്ന് കാണിക്കാനാണ്....? അച്ഛന്റെ പത്മശ്രി ഉപയോഗിക്കാനാ ആ ചെക്കന്റെ പദ്ധതി...."

"മീനേ നീ അപ്പന് ഗുളികകൊടുത്തില്ലേ"ന്ന് ചോദിച്ച് അകത്തേക്ക് പോകുന്നതിനിടയിൽ പഴയ സ്കെച്ച് ഡയറിയും കിറ്റും മെടുത്ത് ദാസും ചാത്തുണ്ണിയും പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു‌‌....

അരുണിന്റെ
ഡ്രൈവർ ഓടിവന്ന് വിളിച്ചു പറയുമ്പോഴാണ്..
വിവരമറിയുന്നത്.
വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ‌   മണൽ കയറ്റിവന്ന ലോറി അച്ഛനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു..

കാറിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ‌...
ദാസ് ആശാനോട് ക്ഷമ പറയുന്നുണ്ടായിരുന്നു.
ആശൻ കാറിനുള്ളിലിരുന്ന് വല്ലാതെ പുകവലിച്ചു വിട്ടു.
ആശുപത്രിയിൽ നിന്ന് തന്റെ ശരീരം ഏറ്റുവാങ്ങി സർക്കാർ ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങുകളൊന്നും കാണാൻ നിൽക്കാതെ‌‌‌‌.
ആശാന്റെ കൂടെ
ദാസ് വെള്ളാനതുരുത്തിലെ വരയ്ക്ക് എത്തിയിരുന്നു..

പോലീസിന്റെ കാവലിൽ കമ്പനി വണ്ടികളും പോലീസും ആറര സെന്റിന് ചുറ്റും നിരന്നു  നിൽക്കുന്നു....

വരയ്ക്കാൻ വന്നവരൊക്കെയും മടങ്ങിയിട്ടുണ്ടാകും..
ദീപൻ ആറുസെന്റിന് ചുറ്റും‌ തെയ്യക്കോലത്തിൽ ഭ്രാന്തുപിടിച്ച് ഓടുന്നു‌.‌‌.
ചെറുവള്ളം മണൽ തിട്ടയിലെ‌ന്നപോലെ ഇരിക്കുന്ന ആറുസെന്റിലേക്ക്..
കക്കയും കടലാമയും കൂരിക്കയും ഒരു ജാഥപോലെ കയറിവന്നു..‌
അതിന്റെ അമരത്ത് ദീപൻ..
കറുപ്പും ചുവപ്പും മാത്രം കലർത്തിയ പാലറ്റുകളുമായി കടലിൽ നിന്ന് ഒരാൾക്കൂട്ടം ഇരച്ചുകയറി, അതിൽ ദീപന്റെ അമ്മ അവനെ ചുംബിച്ചു‌‌..
അവർ വലിയ ആവേശത്തോടെ വരയ്ക്കാൻ തുടങ്ങിയപ്പോൾ..
ആ ചെറിയ തോണി ഒന്നിളകി.
അമരത്തിരുന്ന് തെയ്യക്കോലം
ചൂണ്ടലിൽ കൊളുത്ത മീനിന്റെ  ആവേശത്തിൽ ആഴക്കടൽ ലക്ഷ്യമാക്കി തുഴയുന്നു...

"ദാസാ ദേ നമ്മടെ തുരുത്തിന്റെ അവസാന  തോണി പോണെടാ...."

ആശാന്റെ പിന്നാലെ ദാസനും ഓടി..
ദൂരെ ഒരിടത്ത്
വലിയൊരു കൂട്ടം വെടിയൊച്ച
ഉയർന്നു.
കടൽ കാക്കകൾ ദീപന്റെ ശബ്ദത്തിൽ കരഞ്ഞു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment