Sunday 17 June 2018

പതിച്ചിപ്പാസഞ്ചർ

പതിച്ചിപ്പാസഞ്ചർ...!!

7:00:33 AM പത്തനാപുരം

ആന്റോ ബസിന് ചേർത്ത്  ബൈക്ക് നിർത്തി,  ഓടിക്കയറുന്നതിനിടയിൽ കാലും പടിയിൽ എന്റെ കാലു തട്ടി.
അത്യാവശ്യം ആൾത്തിരക്കുണ്ടെങ്കിലും സ്ത്രികളുടെ സീറ്റിൽ നടുക്ക് ഒരാൾക്ക് ഒഴിഞ്ഞു കിടക്കുന്നു.
എന്നെക്കണ്ടതും അവിടേക്ക് ക്ഷണിക്കുന്ന വിധം
ആ സ്ത്രീ അല്പം ഒതുങ്ങിയിരുന്നു..

"ടിക്കറ്റ് ടിക്കറ്റ്..." കണ്ടക്ടറുടെ സ്വാഭാവിക താളം ബസിൽ ഒഴുകി നടക്കുന്നു‌.

"ടേയ് ദിലീപാ ഒരു കോലഞ്ചേരി, ഒരു മൂവാറ്റുപുഴ, തൃശൂരൊന്ന്, എടപ്പാള് ഒന്നും ആഫും, കോഴിക്കോട്, അടിവാരം പിന്നെ മീനങ്ങാടി അങ്ങനെ
ഏഴ് ഫുള്ളും ഒരു ആഫും, ഇന്നലെ നിന്നെ ഇതൊക്കെ
വിളിച്ച് പറഞ്ഞതല്ലേ പിന്നെന്തോന്നിനാ വിളിച്ച് കൂവണത്..."

കണ്ടക്ടർ ടിക്കറ്റ് മുറിച്ച് ആളെണ്ണിനോക്കി, കണക്ക് ശരിയാകാഞ്ഞിട്ടാകും
എന്റെ നേർക്ക് അയാൾ വിരൽ ചൂണ്ടിയിട്ട്
അതു പറഞ്ഞ സ്ത്രീയെ നോക്കി...

" ഒരു ബത്തേരി" ഞാൻ ടിക്കറ്റ് ആവശ്യപ്പെട്ടു.

അയാൾക്ക് വീണ്ടും സംശയം..

"അങ്കമാലിക്കാര് സ്വയം എടുക്കും ദിലീപാ"
ആ സ്ത്രീയുടെ വാക്കുകേട്ട് അയാൾ പിന്നോട്ട് നടന്നു.

'ബത്തേരിൽ എന്ത്? വീടെവിടാ, എത്ര മക്കള്..."
അവർ ഒറ്റശ്വാസത്തിൽ ചോദിച്ച ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ ഒരായുസിൽ പറയാവുന്നവയല്ലെങ്കിലും. പറഞ്ഞ് ഒരു ശല്യം ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു..

"ബത്തേരീലാണ് ജോലി, കെട്ടിയോൻ അമേരിക്കയിൽ, ഒരു മോനുണ്ട്, പത്തനാപുരത്ത് തന്നാ വീട്..." എന്റെ ഉത്തരത്തിലെ അതൃപ്തി  അവരുടെ മുഖത്തും തെളിഞ്ഞു.

ജോർജ്ജുമായി ഞാൻ പിരിഞ്ഞിട്ട് മൂന്നരവർഷമാകുന്നു.. അമേരിക്കയിൽ പുതിയ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാകും..
സ്റ്റെഫിൻ എന്റെ അനിയൻ ആന്റോയെ അങ്കിൾ എന്ന് വിളിക്കാറില്ല. മക്കളെക്കിട്ടാൻ അവനും മോളിയും ചെയ്യാത്ത നേർച്ചകളില്ല..
മോളിയേട്ടത്തി അവനെ നിലത്തുവയ്ക്കാറുമില്ല.
എന്നെക്കാൾ അവനെ സംരക്ഷിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഈ സങ്കീർണതകളൊക്കെ ഇവർക്ക് പറഞ്ഞാൽ ദഹിക്കുമോ..

അവർ എന്റെ വയറ്റിൽ പതിയെ തടവി, ബ്ലൗസിന്റെ
കൈവണ്ണം നോക്കി..

" വേത് കുളിയൊന്നും ശരിക്ക് നോക്കാത്തേന്റെയാണ്, അരയും ചാടി മൊലയും തൂങ്ങി,
ഇതോണ്ടാണ് ആണുങ്ങള് കിളുന്ത് നോക്കിപ്പോണത്, ശരീരം നോക്കണം, കണ്ടാൽ ആളുകൾക്ക് കൊതിതോന്നണം.
പെറ്റെണീറ്റാൽ പെണ്ണിനെ കണ്ണെടുക്കാതെ നോക്കിനിക്കും ചെല കെട്ട്യോന്മാര്...."

അവർ നിർത്താതെ പറയുന്നു.
ഇറുകിയ ചുരിദാറിന്റെ മുന്നിലേക്ക് തള്ളി നിൽക്കുന്ന വയറ്റിലേക്ക് ഞാനും  നോക്കി...

08:30:17 AM കോലഞ്ചേരി

"കോലഞ്ചേരി, കോലഞ്ചേരി..." കണ്ടക്ടർ ആവർത്തിക്കുന്നു.ആ സ്ത്രീ മുന്നിലേക്ക് നോക്കി  ചോദിച്ചു..

" എടീ സുമതീ  ആ പെണ്ണ്  എറങ്ങ്യാ ഒരന്തോം കുന്തോല്ലാത്ത പെണ്ണാണ്.."
ദിലീപൻ കണ്ടക്ടർ പതിയെ അടുത്തുവന്നു...

"പേടിക്കണ്ട രാജമ്മയക്കാ, മാതാശുപത്രിലേക്കുള്ള വഴിയും എന്റെ ഫോൺ നമ്പരും, മീനയ്ക്ക് കൊടുത്തിട്ടുണ്ട്...ഹി ഹി..."

"  നിന്റെ നമ്പരാ കൊടുത്തത് അതാ എനിക്ക് പേടി, എടാ ദിലീപാ അതിനെ വിട്ടേക്ക് അഞ്ച് വയസ്സൊള്ള സ്വന്തം കുഞ്ഞിനേം വീട്ടിലിട്ടേച്ചാണ് അതിന്റെ ഈ പോക്ക്..
ഗതിയില്ലാഞ്ഞിട്ടാ. ഈ പതിച്ചിപ്പണിക്ക് ഒരു കുഞ്ഞുണ്ടായിരുന്നാൽ മതി,
അതാണ് ലൈസൻസ്.
അതിന്റെ കന്നിപ്പണിയാ ഏജൻസീന്ന് മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഒക്കെ കിട്ടിയതാ, എന്നാലും എനിക്കൊരാധി , എന്തൊക്കെപ്പഠിച്ചോണ്ട് പോയാലും വീട്ടുകാര് പറയണത് പോലങ്ങ് തഞ്ചത്തിന് നിന്നാ വല്ലതും പഠിച്ചെടുക്കേം ചെയ്യാം നല്ല പൈസേണ്ടാക്കാം.
മോൾക്ക് വന്നവര് ഇതൊന്നും ചെയ്തില്ലേ...?" 
അവർ എന്റെ നേർക്ക് തിരിഞ്ഞു.
മറുപടിയൊക്കെ ഞാനൊരു ചിരിയിലൊതുക്കി..

ഗർഭിണിയായി ആറാം മാസത്തിൽ ജോർജ്ജ് പോയതാണ് പിന്നെ ഡിവോഴ്സ് ലെറ്ററാണ് കിട്ടിയത്...
പേറായിരുന്നില്ലല്ലോ കീറായിരുന്നില്ലേ, ഒന്നിനും ഒരു കുറവ് വരാതെ  മോളിയേട്ടത്തിയും ആന്റോയും നോക്കി....

ബസ് മൂവാറ്റുപുഴ സ്റ്റാൻഡിൽ ബ്രേക്കിട്ടതിന്റെ ശബ്ദം..
മുന്നിലിരുന്ന നീണ്ടുമെലിഞ്ഞ ഒരു സ്ത്രീ രാജമ്മയുടെ മുന്നിൽ വന്ന് തലകുനിച്ച് എന്തോ ചോദിച്ചു.
ആയുധ ഇടപാട് പോലെ രാജമ്മയും അതീവ രഹസ്യമായി എന്തൊക്കെയോ പറയുന്നു. എന്നിട്ട്
വേഗം ചാടിയിറങ്ങി അവർ ആൾക്കൂട്ടത്തിൽ  മറഞ്ഞു...

10:55:02 AM മൂവാറ്റുപുഴ

ദിലീപൻ രാജമ്മയുടെ അടുത്ത് വന്ന് എന്നെനോക്കാതെ ശബ്ദം താഴ്ത്തി ചോദിച്ചു...

" ഇത് ആ പെണ്ണല്ലേ അക്കാ, കേസ്സൊക്കെ തീർന്നാ, പിന്നേം എറങ്ങിത്തൊടങ്ങ്യാ..."

"ഒന്ന് നിർത്ത് ദിലീപാ, കേസൊന്നുല്ലാ, അവൾക്കൊര് പറ്റ് പറ്റി..നീ ആൾക്കാറ്ക്ക് ടിക്കെറ്റെഴുത്, അവൾക്ക് സർട്ടിഫിക്കറ്റെഴുതാതെ..."
അയാൾ ഒരു ചിരിയോടെ പിന്നോട്ട് പോയി...
രാജമ്മ എന്റെ ചെവിയിൽ പതിയെ പറയാൻ തുടങ്ങി.

" കഴിഞ്ഞതവണ അവൾക്കൊരബദ്ധം പറ്റി, കാശ്കൊണ്ട് മൂടിക്കെടക്കണ കോട്ടയത്തെ ഒരു വീട്ടിലാ അവൾ പോയത്, കാണാൻ
വരുന്നോരും, ആ വീട്ടിലൊള്ളോരും കൊച്ചിനും പെണ്ണിനും കൊണ്ടിടണ സ്വർണത്തിന് ഒരു കണക്കൂല്ലാ...ഈ പെണ്ണിന്റെ അനിയത്തീടെ കല്യാണം അടുത്തു വന്ന ദിവസങ്ങളായിരുന്നു.. ആരൊക്കെയോ ഇട്ടതിൽ നിന്ന് ഒന്നുരണ്ട് വളേം പൊടിക്കമ്മലും ഇവളെടുത്തു...പണിയൊക്കെക്കഴിഞ്ഞ് ഒരു ജ്വല്ലറീൽ വിൽക്കാൻ നോക്കിയപ്പോഴാ പ്രശ്നായത് അതിലൊരു ജോഡി കമ്മലിന് ആറേഴ് ലക്ഷം വിലവരും, അവര് ഇവക്കട മട്ടും ഭാവോം കണ്ട് ചോദ്യം ചെയ്തു. അവള് ഒള്ളതെല്ലാം തുറന്നങ്ങ് പറഞ്ഞു..
വീട്ടുകാര് വന്ന് സ്വർണോക്കെ കൊണ്ടുപോയി, അതിനിടേല് ഏതോ അന്തിപ്പത്രത്തിൽ വാർത്തയായി. 'വജ്രം കട്ട പതിച്ചി...'

ഏജൻസി ഇടപെട്ട് അതൊക്കെ ശര്യാക്കി, ഒന്നരക്കൊല്ലം കഴിഞ്ഞു..
എന്നാലും പേരുദോഷം മായാതെ  കെടക്കേണ്, അവൾടെ അനിയത്തിപ്പെണ്ണ് ഒരുത്തന്റ്പ്പം പോയി വയറും നെറച്ച്  വീട്ടിൽ വന്ന് നിൽപ്പൊണ്ട്.
എന്ത് ചെയ്യാൻ വിധി, പതിച്ചിപ്പണീന്ന് പറഞ്ഞാ സത്യോള്ളതാ. കുഞ്ഞിനേം തള്ളേം നോക്കി ഒരു മാലാഖയെപ്പോലെ  കണ്ണ് തുറന്ന് കാവലിരിക്കണം ഒരിലപോലും കക്കരുത്..."

രാജമ്മ എന്തൊക്കെയോ നിർത്താതെ പറയുന്നു..
അങ്കമാലി ഡയറീസ് എന്ന് വലിയ അക്ഷരത്തിൽ സിനിമാപോസ്റ്റർ എഴുതിവച്ചത് ഞാൻ വായിച്ചു....

11:50:00 AM അങ്കമാലി

  ഞങ്ങളുടെ എതിർ സീറ്റിലിരുന്ന രണ്ടുസ്ത്രീകൾ രാജമ്മയെ ദേഷ്യത്തോടെ നോക്കിയിട്ട് ഇറങ്ങിപ്പോയി..
റോഡ് മുറിച്ചുകടന്ന് ഓട്ടോയിൽ കയറുവോളം രാജമ്മ അവരെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

"അവർ നിങ്ങളെ ആളുകളാ..."
ഇത്തവണ ഞാൻ കാര്യത്തിലേക്ക് കടന്നു.
"ങാ.." രാജമ്മ മുന്നിലൂടെ നീണ്ട വഴിയിലേക്ക് നോക്കി...

" രണ്ടിനേം ഞാനാ ഏജൻസിലെത്തിച്ചത്, പേറ്റുപണി പഠിപ്പിച്ചതും ഞാൻ തന്നാ, എന്നോടിപ്പോൾ അവറ്റകൾ മിണ്ടാറേയില്ല..
ഒരു പണിക്ക് പോകും മുന്നേ ആവശ്യക്കാർ മുപ്പത്തിയയ്യായിരവും ഏജൻസിയിൽ അടയ്ക്കും.
നാല്പത് ദിവസ്സത്തേക്കാ കരാറ്..പിന്നെ വരണോരും പോകുന്നോരും ഒരു സന്തോഷം എന്നും പറഞ്ഞ് പേറ്റിച്ചിപ്പതിവ് മുടക്കാറില്ല. പിന്നെ മടങ്ങാൻ നേരം ഒരു തുകേം ഡ്രെസും കൊടുക്കും..
മുടികളച്ചിലും ചരട് കെട്ടും ഒക്കെ ആയി തഞ്ചത്തിൽ നിന്നാ ഒരു തുകയുണ്ടാക്കാം.. ഇവളുമാർക്ക് അതുപോരാല്ലോ, ഏജൻസി ഏഴായിരം പിടിക്കണത് പറ്റൂല. അതോണ്ട് സ്വന്തായിട്ടിറങ്ങി.
നല്ല പണിയറിയാം രണ്ടിനും. ഒരുവിട്ടിൽ ഇരുപത് വച്ച് മാറിമാറിചെയ്യും..
അവറ്റകാലുടെ ഫോൺ വിളിയാ സഹിക്കാൻ പറ്റാത്തത്. വീട്ടുകാരെ നാല്പത് ദിവസം നിലയ്ക്ക് നിർത്തും..സീരിയൽ തുടങ്ങണേന് മുന്നേ കീറത്തുണി പെറ്റപെണ്ണിന്റെ കൈദൂരത്ത് വച്ച് ടീ വീടെ മുന്നിൽ വന്ന് അവകാശസമരം പോലെ കുത്തിയിരിക്കും.
മരുന്നിലോ ഭക്ഷണത്തിലോ ഒരു വീഴ്ച്ചയും വരുത്തൂലാ, നാല്പത് കഴിഞ്ഞ് അവരൊന്നിറങ്ങിയാലാണ് വീട്ടുകാർ ശ്വാസം വിടണത്...".

"രായമ്മേക്കാ വല്ലതും തിന്നണ്ടേ, ഇന്നും പുളിച്ച അപ്പങ്ങള് തന്ന്യേ, അക്കന്റെ അപ്പങ്ങള് തിന്നാനക്കൊണ്ട് ഞ്യാനും വരട്ടാ...."
ഡ്രൈവർ സ്വന്തം നാട് വ്യക്താക്കുന്ന ചുവയിൽ പറഞ്ഞപ്പോൾ രാജമ്മ പറഞ്ഞ മറുപടികേട്ട് എനിക്ക് ചിരിപൊട്ടി..

" നെനക്ക് ആരടേ പിള്ളേ യേശുദാസനെന്ന് പേരിട്ടത്, സ്വന്തം അപ്പം തിന്നാൻ നോക്കടേ അപ്പി, രാജമ്മേടെ സ്വല്പം പഴേ അപ്പാണ്, അപ്പിക്ക് ദഹിക്കൂലാട്ടാ..."

പകുതിയും കേൾക്കാതെ തൃശൂർ സ്റ്റാൻഡിനുള്ളിലെ കാന്റീനിലേക്ക് യേശുദാസൻ ഡ്രൈവർ കയറിപ്പോയി...

01:05:41 PM തൃശൂർ

രാജമ്മ
മടിയിൽ വച്ച്  പൊതിയഴിക്കാൻ തുടങ്ങി, ഇടതുവശത്തെ സ്ത്രീ നല്ല ഉറക്കം ഞാൻ അവരെ നോക്കി...
" അവളൊന്നും എണീക്കൂലാ, ഇവിടെ പത്ത് മിനിട്ട് ഇട്ടിരിക്കും, ഇറങ്ങി വല്ലതും കഴിച്ച്, മൂത്രോം ഒഴിച്ച് കേറിക്കോ, ബത്തേരിവരെ കാഞ്ഞിരിക്കണ്ടേ....?"

ഞാൻ ബാഗിൽ നിന്ന് മോളിയേട്ടത്തിൽ മുറിച്ചു വച്ച ആപ്പിളിന്റെ കഷ്ണങ്ങൾ കഴിച്ചു, രണ്ട് ബിസ്ക്കറ്റും,....

" പതിച്ചികള് പറയുമ്പോലെ പെണ്ണുങ്ങള് തിന്നാൽ പാലും ഒണ്ടാകും വയറും ശര്യാകും ഇല്ലെങ്കിൽ രോഗങ്ങളെ മേലിൽ രോഗാരിക്കും..അതും ഇപ്പഴത്തെ ഡോകടർമാർ കീറിയതാണെങ്കിൽ കൊറേക്കാലം പുളീം എരീം തൊടാൻ പറ്റൂലാ..ആര്യവേപ്പും , മുക്കുടീം ചതുപ്പേം ക്രമത്തിന് ചെന്നാലേ അവറ്റകളുടെ മുറിവൊണങ്ങത്തൊള്ളൂ..പേറ്റ് പുളിം കൂടെ വയറ്റിച്ചെന്ന് ദുഷിച്ചവായൂം പുറത്ത് പോയാൽ വല്ലതും കഴിക്കാനാവും.
ദേ ഇരിക്കണ ജയന്തില്ലേ അവളാണ് പെണ്ണിന് തീറ്റയൊണ്ടാക്കാൻ ബെസ്റ്റ് അവളിവിടെ എറങ്ങും...കൊച്ചിനേം തള്ളേം എണ്ണേൽ  ഉഴിഞ്ഞിട്ട് അവള് അടുക്കളേൽ കേറിയാൽ വീട്ടുകാരുടെ നാക്കിൽ കപ്പലോടും.. നാല്പത് കഴിഞ്ഞാലും ചില വീട്ടുകാര് അവളെ വിടൂലാ. അവളൊണ്ടാക്കണ ഉലുവക്കഞ്ഞിം ഉള്ളിച്ചോറും ഒരു മടിം കൂടാതെ പെണ്ണുങ്ങള് തിന്നും.. അവള് ഇങ്ങനെ തടിക്കണത് ഇതൊന്നും വാരിവലിച്ച് തിന്നിട്ടല്ല...വീട്ടുകാരുടെ നിറഞ്ഞ വയറിന്റെ  തൃപ്തിലാട്ടോ...." ജയയുടെ ഭക്ഷണം, പെറ്റപെണ്ണിന്റെ ഡയറ്റ് ഇതൊക്കെ സ്റ്റാന്റിലെ  ടോയിലെറ്റിൽ ഇരുന്നുപോലും ഞാൻ മൂളിക്കേട്ടു.. രാജമ്മ എനിക്കായി കൂട്ട് വന്നു‌.‌
വണ്ടി തൃശൂര് വിട്ട് മലപ്പുറത്തുടെ ഓടാൻ തുടങ്ങി. ഉറങ്ങാൻ തുടങ്ങിയ രാജമ്മയെ നോക്കി ദിലീപൻ ചിരിച്ചു.

"ഇനിയേതാ അടുത്ത സ്റ്റോപ്പ്, "കഥകേൾക്കാൻ എനിക്ക് തിടുക്കായി ഞാൻ രാജമ്മയെ കുലുക്കിവിളിച്ചു...

"ഇനി എടപ്പാള് അവിടെ അഫ്സത്തും മോളും ഇറങ്ങും..."
കണ്ണടച്ചോണ്ട് അവർ പറഞ്ഞു...

02:25:00 PM എടപ്പാൾ

മുന്നിലിരുന്ന പർദ്ദയിട്ട സ്ത്രീയും പെൺകുട്ടിയും ഇറങ്ങി...
കുഞ്ഞ് തിരിഞ്ഞ് രാജമയെനോക്കി റ്റാറ്റകാണിച്ചു.
ചുണ്ടിൽ വിരൽ വച്ച് ആ കുഞ്ഞ് ഒരു വൈദേശിക ചുംബനം രാജമ്മയ്ക്ക് എറിഞ്ഞു കൊടുത്തു‌.
ഞാനും രാജമ്മയും കുഞ്ഞിനെനോക്കി കൈവീശി...

" അഫ്സത്തിന്റെ കുഞ്ഞാ, കാതും വർത്താനോം ഇല്ല, എട്ടരവയസായിട്ടും
സ്കൂളിൽ ചേർത്തില്ല, ബുദ്ധിക്ക് ലേശം കുറവുണ്ട്, അഫ്സത്തിനെ രണ്ടാമത് കെട്ടിയവന്റേം അവന്റെ വാപ്പേടേം കൂടെ ഈ കൊച്ചിനെ നിർത്താൻ പറ്റാത്ത അവസ്ഥയാന്നാ അവള് പറഞ്ഞത്..ഇപ്പൊ എവിടെപ്പോയാലും കുഞ്ഞിനേം കൂട്ടും, നല്ല ഭംഗിയില്ലേ രണ്ടാളേം കാണാൻ, അതു തന്നാ പ്രശ്നോം. അഫ്സത്ത് ചെല്ലണവീട്ടിലൊക്കെ കെട്ടിയോന്മാർക്ക് ഒരിളക്കാ അത് കണ്ട് കെടക്കണ പെണ്ണിനാണ് ബേജാറ്..
മലപ്പുറത്തെ പണികളേ അഫ്സത്ത് പിടിക്കൂ...അവൾക്കാകുമ്പോൾ ആടും  മാടും സൂപ്പിടാൻ അറിയാം...
പിന്നെ അവർടെ ചടങ്ങുകളും വശാ. ഇതിനിടേല് അവൾക്ക് വിസയും പാസ്പ്പോർട്ടും ഒരുത്തൻ ഉണ്ടാക്കാനും നോക്കി.എല്ലാം സഹിക്കണത് ആ പൊട്ടിക്കൊച്ചിന് വേണ്ടീട്ടാ...കണ്ണടയണേന് മുന്നേ നല്ലൊരിടത്ത് എത്തിക്കണം. ഇപ്പൊത്തന്നെ ബാങ്കിൽ നല്ലൊരു തുകയിട്ടിട്ടുണ്ട്. അതോണ്ട്
എത് അഡ്ജസ്റ്റ് മെന്റിനും അവള് റെഡിയാ....."

കോഴിക്കോടിന്റെ നിരത്തുകളെ കീഴടക്കി യേശുദാസൻ ഒരു മൂളിപ്പാട്ടും പാടി ബസ്സോടിക്കുന്നു....

0::35 :30 PM  യൂണിവേഴ്സിറ്റി കോഴിക്കോട്..

ഒരു സ്ത്രീ മുടന്തിയിറങ്ങുന്നതിനിടയിൽ ഞങ്ങളെ തിരിഞ്ഞുനോക്കി....

" സുമതി  ഇത്തവണയോടെ  നിർത്തൂന്നാ പറഞ്ഞത്, ഇനി അവളെക്കൊണ്ട് പറ്റൂല വയസ്സൊത്തിരിയായില്ലേ, ഒസാത്തിടേം മണ്ണാത്തീടേം കാലം തൊട്ട് തുടങ്ങിയതല്ലേ, സുമതി അലക്കിയാൽ തീണ്ടാരിത്തുണീലോ, കീറത്തുണീലോ ചുവപ്പിന്റെയോ മഞ്ഞയുടേയോ ഒരു പാടുണ്ടാകില്ല
..തള്ളമാര് പൂർണമനസ്സോടെ കുഞ്ഞിന്റെ ചന്തീല് സുമതിഅലക്കിയ തുണിവയ്ക്കും, പൂപോലെ ആയ കീറത്തുണി മൂടിക്കൊടുക്കും.
ഇങ്ങനെ വിഴുപ്പലക്കിയത് കൊണ്ട് വൃത്തിയായി വളർന്ന മക്കളൊക്കെ സുമതിയെ വിട്ട് പോയി...ഈ കിട്ടണതും കൊണ്ട് വല്ല അഗതിമന്ദിരത്തിലും കേറാനാ അവൾടെ വിചാരം..
ആറു പത്തിന് വണ്ടി  അടിവാരത്ത് എത്തും  അവിടിറങ്ങേണ്ടവളാ നിന്റപ്പുറത്ത് കിടന്നുറങ്ങണത്....

06:10:15 PM അടിവാരം

അടിവാരം സ്റ്റോപ്പിൽ അവരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല,

"എടിപെണ്ണേ , കഴിഞ്ഞതൊക്കെ മറന്ന് കളഞ്ഞേക്കണം , തൂങ്ങിപ്പിടിച്ചിരിക്കരുത്, നിന്റെ ഭാവം കണ്ടാൽ തോന്നും
നീയാ അതിനെക്കെ കൊന്നതെന്ന് വേഗം പോ ആശുപത്രീ ചെന്നിട്ട് വിളിക്കണം, ഒരു മണിക്കൂർ അപ്പുറത്ത് ഞാനൊണ്ട് എന്താവശ്യാണേലും വിളിക്കണം..." അവരിറങ്ങി, ബസ്സ് നീങ്ങിയിട്ടും ഒരു കറുത്ത നിഴൽ പോലെ അവരവിടെ നിൽക്കുകയാണ്...

"അതെന്താ കാര്യം കൊന്നൂന്നൊക്കെ പറയണത് കേട്ടല്ലോ..." എന്റെ ചോദ്യത്തിൽ  ബസിൽ ആകെ മൂകത ദിലീപന്റെ മുഖത്തുപോലും ചിരിയില്ല....

" അതൊരു ഗതിപിടിക്കാത്തപ്പെണ്ണ, പത്ത് പതിനഞ്ച് പണിക്ക് പോയതില് മൂന്ന് നാല് കുട്ടികൾ മരിച്ചു...അതൊക്കെ കാരണോണ്ട് ഏഴാം മാസം പെറ്റതും, തള്ളേടേം തന്തേടേം
രക്തം ചേരാത്തതും...അങ്ങനെ..
കഴിഞ്ഞതവണ ഒരു പ്രശ്നോണ്ടായി...
മസാജ് ചെയ്ത് കുഞ്ഞിനെ എടുത്ത് എണീറ്റപ്പോൾ കൈയീന്ന് വീണുപോയി....

രാജമ്മ പിന്നൊന്നും പറഞ്ഞില്ല, എനിക്കും തൊണ്ടയിടറി. വയനാടിന്റെ തണുത്തകാറ്റ് എന്റെ കണ്ണ് നനച്ചതുപോലെ....

07:30:00 P M മീനങ്ങാടി

ഇറങ്ങാൻ നേരം രാജമ്മ എന്റെ കൈ മുറുകെപ്പിടിച്ചു...
" പെണ്ണുങ്ങൾ പെറ്റെണീറ്റ് വേതിട്ട് നിക്കണത് എനിക്കെന്ത് കൊതിയാണെന്നോ മോളേ , എനിക്കാണെങ്കിൽ മക്കളൂല്ലാ....നിന്റെ പേറ്റിന് എന്നെ വിളിക്കോ ? കാശൊന്നും വേണ്ടാ..."
എന്റെ ഫോൺ വാങ്ങി അവരുടെ നമ്പരിലേക്ക് ഒരു മിസ് കോൾ ചെയ്തു. എന്റെ വിരലിൽ ചുംബിച്ചു..
ഈ സ്റ്റോപ്പിൽ ദിലിപൻ തിരക്കൊന്നും കാണിച്ചില്ല...

" ഇനിയെന്നാണ് രായമ്മേക്കാ മടക്കം"
ഡ്രൈവർ കഷണ്ടിത്തല തടവി ചോദിച്ചു...

"ചത്തില്ലെങ്കിൽ നാല്പതിന് ദാസാ..."
ബസിൽ ഇനി ഞാൻ മാത്രം...രാജമ്മയെ എന്റെ  കാഴ്ച്ചയിൽ നിന്ന് മറച്ചുകൊണ്ട് മുന്നോട്ട് നീങ്ങി....

07:45:00 P M ബത്തേരി...

"ചേച്ചിക്ക് ബത്തേരിൽ എന്താണ് ജോലി...?"
ദിലീപൻ എന്റെ എതിർ സീറ്റിൽ വന്നിരുന്നു...

" ഇവിടെ ആശുപത്രീൽ ഡോകടറാണ് , ഗൈനക്ക്..."

"തള്ളേ കൊള്ളാല്ല്, ഇത് നമ്മടെ രായമ്മേടെ വകുപ്പ് കള് തന്നെ...
ഇതിപ്പൊ സർക്കാർ പതിച്ചി.."

യേശുദാസനും ദിലീപനും ചിരിച്ചു ..

ബത്തേരി ഹോസ്റ്റലിന്റെ മുന്നിൽ ബസ് നിർത്തിത്തന്നു...
പടികളിറങ്ങുമ്പോൾ ഞാനും ഉള്ളിൽപ്പറഞ്ഞു....

സർക്കാർ പതിച്ചി,
സർക്കാർ പതിച്ചി,
സർക്കാർ പതിച്ചി...!!!

കെ എസ് രതീഷ്.
( ഗുൽമോഹർ 009)

No comments:

Post a Comment