Saturday 13 October 2018

പെരുവിരലിന്റെ ചിന്തകൾ..!!

ഒരു പെരുവിരലിന്റെ
ചിന്തകൾ..!!

കൈകൂപ്പി നിൽക്കുമ്പോൾ
ഞാനാ ഗുരുവിന്റെ
നാലുവിരലുകൾക്ക് മറവിലായിരുന്നു.
എന്നിട്ടും ആ നോട്ടത്തിന്റെ  നിഴലെന്റെ മേലായിവീണു..
അസ്ത്രം പോലുള്ള വാക്കുകൾ
പിന്നീടുണ്ടായമുറിവ്,
പാണ്ഡവന്റെ ചിരി,
ഏകന്റെ മടക്കം,
എല്ലാം
ചതിയുടെ ചിതയായിരുന്നു..

അസ്ത്രശാസ്ത്രത്തിന്റെ 
ഒടുവിലെ കുതിപ്പിന് മുൻപ്
എന്നിലൂടുരഞ്ഞൊരുപോക്കുണ്ട്.
ലക്ഷ്യത്തിലേക്ക് ഞാനാണവയെ തലോടിയയയ്ക്കുന്നത്.
ഇതറിയുന്ന
ദ്രോണന്റെ ലക്ഷ്യം വെറുമൊരു  വിരലായിരുന്നില്ലല്ലോ..
കാലം
പാടിവാഴ്ത്തുന്ന വിദ്യാരംഗങ്ങളിൽ
അങ്ങനെ ആ ഗുരുമുഖത്തൊരു
വലിയ മുറിവുണ്ടായി..

പാണ്ഡവന്റെ പാട്ടിനൊപ്പം പാണന്മാർ പാടിവയ്ക്കുന്ന മേൽശ്രുതി
ദ്രേണമായിരിക്കും..
വിജയങ്ങളെല്ലാം പാണ്ഡവിയവും
അതിനൊരപശ്രുതിയായ്
ഈ ഏകലവ്യം.

കാല്പാദത്തിൽ കാഴ്ച്ചവച്ചൊരെന്നെ
ദ്രോണരൊന്ന് നോക്കി,
പിന്നെ കാലുകളാൽ പതിയെ അമർത്തി.
പൊള്ളലേറ്റപോലെ നിന്നു.
എനിക്കപ്പോൾ
ദ്രോണരെ സംസ്കരിക്കാൻ ഒരുക്കിയ
നിലം കാണാനാകുന്നുണ്ട്..

പിന്നൊരിക്കലും
അർജ്ജുനന്റെ മുന്നിൽ ദ്രോണർക്ക് അസ്ത്രമറിയിക്കാൻ
കഴിഞ്ഞിട്ടുണ്ടാകില്ല.
ഈ വിരലിന്റെ ചൂടിലെന്നേ
ഗുരുവിന്റെ കൂട് തകർന്നിരുന്നു.

വിരലിന്റെ ഈ വിലാപങ്ങൾക്ക്
വിരുത് കുറവായിരിക്കും,
എന്നാൽ
ദ്രോണരുടെ തലയിൽ കാലം
പിന്നീട് ചൂടിയത്
വിരലറ്റൊരു പൂവായിരുന്നു...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)
9497456636



No comments:

Post a Comment