Monday 8 October 2018

ഗൊമോറ

ഗൊമോറ...!

ആൽമാവ് മുക്കിൽ എന്നും
നേരം പുലരുന്നത് പാല് പാപ്പിയുടെ കൂവലോടെയാണ്.
ക്രൂശിത രൂപത്തിലുള്ള പാപ്പിയുടെ
കിടപ്പ് ആദ്യം കണ്ടത്
ആൽമാവ് മുക്കിന്  ആ പേരുവരാൻ  കാരണക്കാരായി
പരസ്പരം പുണർന്നു നിൽക്കുന്ന ആ മരങ്ങളാണ്.
സദാചാരവാദം വൃക്ഷലോകത്തേക്ക് കടന്നിട്ടില്ലാത്തതിനാൽ അവരുടെ ബന്ധത്തിന് ഒരെതിർപ്പും‌ ഇതുവരെയുണ്ടായിട്ടില്ല..

ആലിനും മാവിനും ചുവട്ടിൽ നിന്ന് പാപ്പി നീട്ടിക്കൂവുന്നത് പതിനാറാം വാർഡിലെ നാല്പതോളം വീടുകൾക്കുവേണ്ടിയാണ്..
അളവുപാത്രം ചരിച്ച് ഒരു തുള്ളിപാലും ലാഭിക്കാറില്ല,
ഒരു തുള്ളി വെള്ളവും ചേർക്കാറില്ല,
കടം പെരുകിയാലും മുലകൊടുക്കാൻ ഗതിയില്ലാത്ത പെണ്ണിനോടുപോലും പാപ്പി കോപിക്കാറില്ല. അങ്ങനെയുള്ള
പാല് പാപ്പിയുടെ കിടപ്പുകണ്ട് ശാന്തിയുടെ ഇളിയിലുരുന്ന കുട്ടിപോലും നിശബ്ദമായിപ്പോയി..

പാപ്പിയുടെ വലത്തുഭാഗത്ത്  ഏതോ സങ്ക്ല്പ നാടിന്റെ ഭൂപടം വരച്ച് പാത്രത്തിലെ പാല് പതഞ്ഞൊഴുകിയിരിക്കുന്നു..
അങ്ങ് ഭൂഖണ്ഡങ്ങൾക്കപ്പുറം
ബെർമ്മിംഗ് ഹാമിൽ,
ദാരിദ്ര്യത്തിലേക്ക് വഴുതിവീണ ഒരു കുടുംബത്തെ കരകയറ്റിയ ഹെർക്കുലീസ് സൈക്കിളിന്റെ പഴയ മോഡൽ പാപ്പിയുടെ ഇടതുവശത്ത് ചരിഞ്ഞ് കിടക്കുന്നു..
ആകാശത്തേക്ക് കണ്ണുതുറന്ന്, ഇരുഭാഗത്തേക്കും കൈകൾ വിരിച്ച്, കാലുകൾ പിണച്ച് പാപ്പി കിടക്കുന്നു.‌‌
തുറന്നു പിടിച്ച
വായുടെ ഇടതുകോണിൽ മരണത്തെ ഒറ്റിക്കൊടുക്കും വിധം  ഒരു തുള്ളിച്ചോര പതുങ്ങി നിൽക്കുന്നു..‌

ആൽമാവ് മുക്കിൽ കൂടിയവരെല്ലാം നിരാശയോടെ പാൽ പാത്രം കമഴ്ത്തി പിടിച്ചിട്ടുണ്ട്..
തോമസ് മാപ്ലയ്ക്ക് ഇത് കൊലപാതകമാക്കാനുള്ള താല്പര്യമുണ്ടെന്ന് വളഞ്ഞുയർന്നു നിൽക്കുന്ന അതിയാന്റെ പുരികം  പറയുന്നുണ്ട്..
പക്ഷേ മാങ്കൂഴിലെ കാരണവരുടെ കൂമ്പിയ ചുണ്ട് കണ്ടാലറിയാം തോമസ് മാപ്ലയുടെ വാദങ്ങളിൽ ഒരു കഴമ്പുമില്ലെന്ന്..
കെട്ട്യോൾ ശോശയോട് പോലും ഒരിറ്റ് ശബ്ദമുയർത്താൻ പാങ്ങില്ലാത്ത പാലുപാപ്പിക്ക് ശത്രുക്കളെങ്ങനെയുണ്ടാകും.? അല്ലെങ്കിലും പാപ്പിയെ കൊന്നിട്ട് ഈ നാട്ടിലാർക്കെന്ത് കിട്ടാൻ..? 
സെമിനാരീന്ന് മൂത്ത ചെക്കൻ ഏതാണ്ടൊപ്പിച്ച് പോന്നതിന്റെ മൂന്നിന് ശോശ കുരുമുളകിന്റെ കോണീന്ന് വീണ് ഏഴിന് ചത്തിതിൽ പിന്നീട്
രണ്ട് പിള്ളാരേം പോറ്റി ഏതുനേരവും ബൈബിളും വായിച്ച് ആ മുറ്റത്തിരിക്കുന്ന പാപ്പിയുടെ രൂപം മാങ്കുഴിലെ കാരണവർ ഓർത്തു...

ഹമീദിന്റെ കോഴിക്കട തുറന്നിട്ടില്ല.
അതിന് മുൻപ് "കോഴിപ്പെടപ്പെണ്ണാൻ" ജസ്റ്റിൻ വന്നിരിക്കുന്നത് കണ്ട്  പാപ്പീടെ അകന്ന ബന്ധുവായ ഹാഗറമായി കരച്ചിലമർത്തിപ്പിടിച്ചു..
അപ്പൻ ചത്തതുപോലും അറിയാതെ കഞ്ചാവും കേറ്റി കോഴിപ്പെടപ്പെണ്ണാൻ വന്നിരിക്കുന്ന മൂത്തമകനെ അവർ പിന്നെങ്ങനെ കാണാനാണ്...

സെമിനാരിയിൽ നിന്ന് വട്ടായിപ്പോയി എന്നുപറഞ്ഞാണ് ജസ്റ്റിനെ വീട്ടിലേക്ക് വിട്ടത്, വന്ന ദിവസം മുതൽ ഹമീദിന്റെ കോഴിക്കടയിൽ ഇതേ ഇരുപ്പാണ്...
ആരെങ്കിലും കോഴിവാങ്ങാൻ വന്നാൽ ജസ്റ്റിന്റെ കണ്ണുകളിൽ ആവേശം തിരയടിക്കും..
കോഴിക്ക് അവസാനതുള്ളി വെള്ളം കൊടുത്ത് ബിസ്മിചൊല്ലി, കഴുത്തറുത്ത് നീല വീപ്പയിലേക്ക് ഇടുമ്പോൾ കണ്ണടച്ചിരുന്ന് പിടച്ചിലുകൾ എണ്ണാൻ തുടങ്ങും പത്തേ, ഒൻപതേ, ഏട്ടേ, ഏഴേ ക്രമത്തിൽ മൂന്നിലെത്തുമ്പോൾ നിരാശയോടെ പിടച്ചിലുകൾക്ക് ജസ്റ്റിൽ കാതു കൂർപ്പിക്കും പിന്നെ കണ്ണടച്ച് ചുവരിൽ ചാരിയിരുന്ന് കരയും..
കഞ്ചാവാണെന്നും ഭ്രാന്താണെന്നും നാട്ടാരെല്ലാം പറഞ്ഞിട്ടും‌.
ചെക്കനേതാണ്ട് കണ്ട് പേടിച്ചതാണെന്ന് പറഞ്ഞ് ഹമീദ് തന്റെ ചങ്ങാതിയെ ആശ്വസിപ്പിക്കും.
ഹമീദിനൊപ്പം ഊണും കഴിച്ച് കടയടച്ച് വീട്ടിലേക്കും പോകും വരെ ജസ്റ്റിൻ ഒരുവാക്കുപോലും സംസാരിക്കാറില്ല. പാപ്പിയുടെ ഈ കിടപ്പിനെക്കുറിച്ചൊന്നും ജസ്റ്റിൻ ചിന്തിക്കുന്നതു
പോലുമുണ്ടാകില്ല..
അവന്റെ ഉള്ളിൽ മരണത്തിന് മുന്നിൽ കണക്കുകൂട്ടലുകൾ തെറ്റിയ ചില പിടച്ചിലുകളേയുള്ളു.
കോഴിപ്പെട്ടിയും പിന്നിൽ കെട്ടിവച്ച ഹമീദിന്റെ ബൈക്കിന്റെ ശബ്ദം മാത്രമേ അവനിപ്പോൾ ശ്രദ്ധിക്കാറുള്ളു...

ഹാഗറമ്മായിയുടെ തലയ്ക്കുള്ളിൽ  ജസ്റ്റിന്റെ കഴിഞ്ഞ കാലം ഇപ്പോൾ കലങ്ങി മറിയുന്നുണ്ടെന്ന് തോന്നുന്നു..‌
അവർ ആൽമാവിന്റെ മറവിൽ നിന്ന് കണ്ണ് തുടച്ചു...

മായം പള്ളീലെ
പീലിപ്പോസ് അച്ചന്റെ നിഴലുപറ്റി നടന്ന ചെക്കനെ സെമിനാരിയിലയയ്ക്കാൻ പാപ്പിയോട് ആദ്യം ആവശ്യപ്പെട്ടത് ഹാഗറമ്മായിയായിരുന്നു...
കുടുംബത്തിൽ ഒരച്ചനുണ്ടാകട്ടേന്ന് അവരും ആഗ്രഹിച്ചിട്ടുണ്ടാകും. അതുമല്ല ഏതു നേരവും പള്ളിയിലും മേടയിലും ചുറ്റിപ്പറ്റിനടന്ന് ചെക്കൻ വീട്ടിൽ പോലും വരാതായപ്പോൾ അവന് ദൈവവിളികാണുമെന്ന് പാപ്പിയും കരുതി ശോശമാത്രം ഒരല്പം എതിർത്തു..
അതിന് കാരണം മറ്റൊന്നായിരുന്നു. പീലിപ്പോസ് അച്ചനെയും ഒരു  ചെക്കനെയും ശോശ കാണാപാടില്ലാത്ത രീതിയിൽ കണ്ടിരുന്നു..
അതാരോടും പറഞ്ഞില്ല, പിന്നെ പിന്നെ ഇടവകയിലെ ഏതൊക്കെയോ ആളുകൾ അരമനയിലേക്ക് കത്തെഴുതിയതിന്റെ പേരിൽ പീലിപ്പോസ് അച്ചന് മാറിപ്പോകേണ്ടി വന്നു..തൊട്ടടുത്ത സ്കൂളിലെ ഒരു മാഷും  ഇതേ ഇടവകയിലെ കുട്ടികളിൽ ചിലർക്ക് പരാതിയുള്ളതായി പിന്നീട് പറഞ്ഞു നടന്നിട്ടുണ്ട്. ഫിലിപ്പീസ് അച്ചൻ പോയതിൽ ഏറ്റവും വേദനിച്ചത് ജസ്റ്റിനായിരുന്നു.‌‌
അരമനയിൽ നിന്ന് ജസ്റ്റിനെ സെമിനാരിയിൽ ചേർക്കാനുള്ള കത്ത് ഹാഗറമ്മായിയുടെ
വിലാസത്തിൽ
വന്നതോടെ ജസ്റ്റിന്റെ സന്തോഷം പള്ളിമണിയെക്കാൾ ദൂരം പോയി..
ഹാഗറമ്മായീടെ പിന്നാലെ ജസ്റ്റിനും പാപ്പിയും പാപ്പിയുടെ സൈക്കിളിൽ ബാഗും പോകുമ്പോൾ കുരുമുളകിന്റെ ഒരല്ലിപോലും വീണുപോകാതെ ശോശ അടർത്തുകയായിരുന്നു..
ശോശയുടെ പിന്തിരിപ്പൻ തെറികളൊക്കെ അവരുടെ പിന്നാലെ പാഞ്ഞെങ്കിലും മൂന്നാളും സ്വർഗരാജ്യത്തിലേക്കുള്ള കലപ്പയ്ക്ക് കൈവയ്ക്കാൻ ഉറച്ചിരുന്നു..

രണ്ടരക്കൊല്ലം കഴിഞ്ഞ് മൂന്നാളും പോയ
അതേവഴിയിലൂടെ
ജസ്റ്റിനെ കൈയും കാലും കെട്ടി സെമിനാരിയിലെ ആളുകൾ കൊണ്ടുവരുന്നത് കണ്ടിട്ടാണ് കുരുമുളകുവള്ളിയിലെ
വാടലെടുക്കുകയായിരുന്ന
ശോശ പാറപ്പുറത്തേക്ക് മലർന്ന് വീണത്.
നാലുമാസം ഒരേ കിടപ്പായിരുന്നു.
ശോശയുടെ ചുണ്ടിന് ഒന്ന് ചീത്തവളിക്കാൻ പോലും കരുത്തുണ്ടായിരുന്നില്ല..
ശോശയുടെ ശരീരവുമായി പള്ളിപ്പറമ്പിലേക്ക് നാടുമുഴുവൻ നീങ്ങുമ്പോഴും ജസ്റ്റിൻ മൂന്നരക്കിലോയുള്ള ഒരു കോഴിയുടെ പിടച്ചിലുകളുടെ പടിയെണ്ണുകയായിരുന്നു. ആ പിടച്ചിലും മൂന്നിൽ നിന്നു. ജസ്റ്റിന്റെ കരച്ചിൽ കേട്ട് ആൽമാവിലിരുന്ന ഒരു കാക്ക പള്ളിപ്പറമ്പിലേക്ക് പാഞ്ഞുപോയി..

അലറിക്കരഞ്ഞ് പാഞ്ഞുവരുന്ന ജാനറ്റിനെക്കണ്ട് മാഞ്ഞൂരാൻസ് ഫിനാൻസുടമ പാപ്പച്ചൻ കാലുകൾ നിലത്ത് അമർത്തിച്ചവുട്ടി.
അയാൾ ഇടതു കൈ അടിവയറ്റിൽ എന്തോ ഓർത്ത് തടവിനോക്കി..
ഒന്നരമാസം മുൻപ് കമ്മല് പണയം വയ്ക്കാൻ വന്ന ജാനറ്റിന്റെ കൈയിൽ പിടിച്ചതും അവൾ തൊഴിച്ചതും ഓർത്തായിരിക്കണം ആൾക്കൂട്ടത്തിൽ നിന്ന് മാറിനിന്നു..

പാപ്പച്ചന്റെ ഭാര്യയുടെ മുഖം കണ്ടാലറിയാം ജാനറ്റിന്റെ കാര്യത്തിൽ ദൈവത്തിന് നിരക്കാത്ത പണിയാണ് പാപ്പിചെയ്തത്.
തന്റെ ഭർത്താവിന്റെ വേണ്ടാതീനം
നീ ആദ്യം ശരിയാക്കെടീന്ന മുഖഭാവമായിരുന്നു‌ പാല്പാത്രത്തിൽ ചാരിയിരുന്ന് കരയുന്ന ജാനറ്റിന്..

തന്നെ മഠത്തിലയയ്ക്കാൻ
കഥപറഞ്ഞ അപ്പന്റെ  തുറന്നുപിടിച്ച വായയിലേക്ക് ജാനറ്റ് നോക്കി.. ദൈവകോപത്താൽ പെണ്ണ്  ഉപ്പുതൂണായിമാറിയ കഥ അയാളുടെ ചുണ്ടുകൾ ഇപ്പൊഴും ആവർത്തിക്കുന്നതുപോലെ..

വീട്ടിലെത്തിയ ദൈവമക്കളെ ഭോഗിക്കാൻ  വിട്ടുകൊടുക്കാൻ  മടിച്ച്,
സോദോമിലെ പാപികളോട് തന്റെ സ്വന്തം
പെണ്മക്കളെ എന്തും ചെയ്തോളാൻ സമ്മതിച്ച അപ്പന്റെ കഥ പറഞ്ഞപ്പോൾ ജാനറ്റ്  നിലത്തേക്ക് കാർക്കിച്ചു തുപ്പി.
അടിച്ചും ഇടിച്ചും സമ്മതിപ്പിക്കാൻ നോക്കി, ഇടവകയിലെ തലമൂത്തവർ വന്ന് ഉപദേശിച്ചു.
എവിടെ സമ്മതിക്കാൻ
ജാനറ്റ് ശോശയുടെ അതേ പതിപ്പായിരുന്നു..‌

ഏറ്റവുമൊടുവിൽ മുറിയിൽ പൂട്ടി ഒന്നര ദിവസം പട്ടിണിക്കിട്ടു..
വിശപ്പിന്റെ വഴിയിൽ വച്ച് മഠത്തിൽ ചേരാമെന്ന് ജാനറ്റ് ഉറക്കെ സമ്മതിച്ചു..
മഠത്തിലേക്ക് പോകും വഴി സൈക്കിളിന്റെ പുറകിലിരുന്ന് ജാനറ്റ് കരഞ്ഞു.
പാപ്പിയുടെ കണ്ണീര് മുഖത്തിന്റെ  ഇരുവശങ്ങളിലൂടെ വേറെ വഴിയായി കാറ്റിലലിഞ്ഞു..

ഒന്നരമാസം കഴിഞ്ഞ് റാഹേൽ മഠത്തിലമ്മയുടെ തല തല്ലിപ്പൊട്ടിച്ച്  വെട്രിയോടൊപ്പം വീട്ടിൽ വന്നുകയറിയ ജാനറ്റിന്റെ കോലം കണ്ട് പാപ്പി ബൈബിൾ അടച്ചു വച്ചു..
ശോശയ്ക്കും ജാനറ്റിന് നല്ല നീണ്ടമുടിയായിരുന്നു.
ജാനറ്റിന്റെ മൊട്ടത്തലകണ്ട് പാപ്പി സൈക്കിളെടുത്ത് എവിടേക്കോ ചവിട്ടിപ്പോയി മൂന്നാം ദിവസമാണ് മടങ്ങിവന്നത്..

ജാനറ്റിന്റെ മഠത്തിലെ വിശേഷങ്ങളെല്ലാം നാട്ടിൽ പറഞ്ഞു പരത്തിയ
സാമുവേൽ ഡിക്കര് പാപ്പിയുടെ സൈക്കിൾ ആൽമാവിന്റെ ചുവട്ടിലേക്ക് മാറ്റിവച്ചു..
പാൽ പാത്രവും എടുത്ത് വച്ചിട്ട് ഒരു വെള്ളമുണ്ട് പാപ്പിയെ പുതപ്പിച്ചു.
പാപ്പിയുടെ ക്രൂശിത രൂപത്തിൽ പുറത്തേക്ക് കാണാവുന്നത് സീക്കോ ഫൈവ് വാച്ചു കെട്ടിയ ഇടതു കൈയും, പശുവിന് പുല്ല് പറിച്ച് മുള്ളുരഞ്ഞു മുറിവുള്ള വലതു കൈപ്പത്തിയും മാത്രം..
തുറന്നിരിക്കുന്ന വായയുടെ ഭാഗത്തെ മുണ്ട് ഒരല്പം താഴ്ന്നിട്ടുണ്ട്..

സാമുവേൽ ഡീക്കന്റെ സംശയത്തോടെയുള്ള നോട്ടത്തിൽ ഒന്നുറപ്പിക്കാം പാപ്പിയുടെ  പെടുമരണത്തിന്റ ഏക കാരെണം ഈ ജാനറ്റാണ്...
"നിനക്കാ ഏനം കെട്ടവളുടെ  കഴുത്ത് പിരിച്ച് പൊട്ടകെണറ്റീ തള്ളാൻ മേലാർന്നോടാ പാപ്പീന്ന്" അയാളൊരു നൂറ്റൊന്ന് വട്ടമെങ്കിലും പാപ്പിയോട് പറഞ്ഞിട്ടുണ്ട്.
സാമുവേലും
ജാനറ്റും പാപ്പിയോട് പറഞ്ഞ കഥകളിലെ പൊരുത്തക്കേടായിരിക്കും‌.
പാപ്പിയുടെ  പിന്നീടുള്ള മൗനത്തിനും മരണത്തിനുമിടയിലെ  കാരണങ്ങൾ..

ജാനറ്റിനെ മൂന്നാറിലെ റാഹേലമ്മയുടെ  മഠത്തിലേക്കാണ് വിട്ടത്.
റാഹേലിനെ സഹായിക്കുക, ടി ടി സി പഠനം പൂർത്തിയാക്കി ഗുജറാത്തിലെ മിഷൻ സ്കൂളിലേക്ക് പോകുക. ഇതായിരുന്നു ജാനറ്റിന്റെ നിയോഗം..
മഠത്തിലാണെങ്കിൽ
രൂപതയുടെ കീഴിലെ പള്ളികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം പൂർത്തിയാക്കി വിശ്രമിക്കുന്ന പത്തോളം പാതിരിമാർ..
മറവിയും  ഭ്രാന്തും  പലവിധ മാറാരോഗങ്ങളുമായി മരണം മാത്രം മുന്നിലുള്ള അവരെ സംരക്ഷിക്കുന്ന ചുമതലയുള്ള റാഹേലമ്മയ്ക്ക്
ജാനെറ്റെന്ന നരന്ത് പെണ്ണിന്റെ സഹായം  തികച്ചും അപ്രസക്തമായിരുന്നു...

അന്തേവാസിയായ മണിമലയച്ചന് ഓർമ്മക്കുറവുണ്ട്,
കിടക്കയിൽ നിന്നിറങ്ങിനടക്കുന്ന മറവിയാശാനെ റാഹേലമ്മ ഒന്നിരുത്തി  നോക്കിയാൽ മതി അതിയാൻ മൂത്രിച്ചുപോകും..

തിയോളജിയിലും സയൻസിലും  ബിരുദ്ധങ്ങളും ഡോക്റ്റ്രേറ്റും ഒക്കെ ഉണ്ടായിട്ടും കറുപ്പച്ചനെന്ന് വിളിക്കുന്ന കോട്ടയത്തെ ജോർജ്ജ് അച്ചന് സഭയുടെ ഒരു പദവിയിലും എത്താനായില്ല, കോളേജിൽ നിന്ന് വിരമിച്ച അതിയാൻ വലിയ പെൻഷനുടമയാണ്..
അരമനയിലെ അകൗണ്ടിലേക്ക് ക്രഡിറ്റാകുന്ന ആ തുകയുണ്ടെങ്കിലും. അതിയാന്റെ
മുൻ കോപവും ശരീരത്തിന്റെ നിറവും മിക്കതിനും തടസമായെന്നു വേണം കരുതാൻ.
റാഹേലിന്റെ ക്രൂരനടപടികൾ വെളിപ്പെടുത്തും വിധമുള്ള പത്തോളം കത്തുകൾ സഭാനേതൃത്വത്തിന് കറുപ്പച്ചൻ എഴുതി.കാടിറങ്ങി തപാൽ മാർഗം ലക്ഷ്യം കണ്ട ഏക കത്തിന് സഹായം ചെയ്തത് ജാനറ്റായിരുന്നു‌‌‌..

മഠത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന മെഴുകുതിരി യൂണിറ്റിലെ സ്റ്റോക്ക് കവലയിൽ എത്തിക്കാൻ പോകുന്നതിനിടയിലാണ് ജാനറ്റിന്റെ കൈയിലൂടെ തപാൽ പെട്ടിയിലേക്ക് മതിയായ സ്റ്റാമ്പൊട്ടിക്കാത്ത ആ കത്ത് വീണത്..
വിലാസം കണ്ട് ദയ തോന്നിയ പോസ്റ്റുമാൻ തപാൽ നിയമങ്ങളെ മറികടന്ന് അരമനയിൽ എത്താൻ സഹായിച്ചു.
അരമനയിൽ നിന്ന് ശാസനയുടെ സ്വരത്തിൽ മഠത്തിലേക്ക് ഫോൺ വന്നതിന്റെ അന്ന്   രാത്രി
അഞ്ചു രൂപയുടെ ഒരു മെഴുകുതിരി മുഴുവൻ റാഹേലമ്മ ജാനറ്റിന്റെ ദേഹത്ത് ഉരുക്കിയൊഴിച്ചു...
പുറത്തെ അമ്മിക്കല്ലിന്റെ പുറത്തുവച്ച് അവളുടെ നീണ്ട മുടി ചൂലിന്റെ അറ്റം മുറിക്കുന്നത് പോലെ ഒറ്റവെട്ടിന് മുറിച്ചു.
എതിർത്ത് കൈയോങ്ങിയെങ്കിലും റാലേലമ്മയുടെ കൂറ്റനൊരിടിയിൽ ജാനറ്റ് പിറ്റേന്ന് പുലരും വരെ ബോധം കെട്ട് കിടന്നുപോയി..‌
കറുപ്പച്ചന്റെ പല്ലുസെറ്റ് ഊരിത്തെറിക്കും വിധം റാഹേലമ്മ ഒരാട്ടും. പിന്നെ ഒരൊറ്റ കത്തും ആ കുന്നിറങ്ങിപ്പോയിട്ടില്ല..

തീറ്റപ്രിയനായ പൂക്കോട്ടൂരച്ചന് ഇറച്ചിക്കറിയിൽ കിടന്ന കരളു കൊടുത്തതിന് ജാനറ്റിന് കിട്ടിയ അടിയുടെ കണക്ക് പറയാതിരിക്കുന്നതാണ് നല്ലത്.
ഇറച്ചിക്കടയിൽ ചെന്ന് കരളുമാത്രം വാങ്ങിക്കൊണ്ടുവന്ന് അന്തേവാസികളെ കൊതിപ്പിക്കും വിധം റാഹേലമ്മ തിന്നും. ജാനറ്റിന് ശോശയുടെ കൈപ്പുണ്യം കിട്ടിയിരുന്നു.‌‌.
ഇറച്ചിക്കറിയുണ്ടാക്കുന്ന ജാനറ്റിനെ  റാഹേലമ്മ  സ്നേഹത്തോടെ നോക്കും...
ഇറച്ചിക്കറിയിലെ ദേഷ്യം റാഹേലമമ്മ തിളപ്പിച്ചൊഴുകിയത്.
മഠത്തിലെ
മെഴുകുതിരി കവലയിൽ കൊടുത്ത് വരുന്നവഴി മഠത്തിലെ മെഴുകുതിരിയൂണിറ്റിലെ മേസ്തിരി വെട്രിയിടെ എം എയ്ടിയിൽ കയറിയതിന്റെ പേരിലാണ്..
വിയർത്തുകുളിച്ച് നടന്നുവരുന്ന ജാനറ്റിനോട് വെട്രി കേറുന്നോന്ന് ചോദിച്ചതേയുള്ളു..
മഠം വരെയുള്ള ആറുകിലോമീറ്ററും പിന്നിട്ടപ്പോൾ  വെട്രിയുടെ വിയർപ്പിന്റെ മണം ജാനറ്റിന്റെ ഉടുപ്പിലും പടർന്നു..
മഠത്തിന്റെ മുകളിൽ നിലയിൽ നിന്ന് റാഹേലമ്മ കണ്ടിട്ടുണ്ടാകണം.
രാത്രി പ്രാർഥനയുടെ  ഇടയിൽ ഉറങ്ങിപ്പോയതിന്റെ കാരണം പറഞ്ഞ് മഠത്തിലമ്മ തല്ല് തുടങ്ങി..

നേരം വെളുക്കുമ്പോൾ മെഴുകുതിരി യൂണിറ്റിലും അലക്കുകല്ലിലും‌ അടുക്കളയിലും യെന്ത്രത്തെക്കാൾ വേഗതയിൽ പായുന്ന ജാനറ്റിന് ഒരാശ്വാസം തോന്നുന്നത് റാഹേലമ്മയുടെ പിന്നിൽ തിരുരൂപത്തെ നോക്കി മുട്ടിൽ നിൽക്കുമ്പോഴാണ്.
എത്ര നിയന്ത്രിച്ചാലും ഉറക്കം ജാനറ്റിനെ വിളിച്ചോണ്ട് പോകും‌.
ഇറച്ചിയിലെ കരളും വെട്രീടെ പിന്നിലെ പോക്കും കൂട്ടിച്ചേർത്ത് ജാനറ്റിന്റെ കവിളിൽ റാഹേലമ്മ കരുത്തും ദേഷ്യവും ഇറക്കിവച്ചു...

രാത്രി ബോധം വീണപ്പോൾ  ജാനറ്റ് നേരെ പോയത്.
റാഹേലമ്മയുടെ മുറിയിലേക്ക് ഉറങ്ങിക്കിടന്ന അവരെ കട്ടിലിൽ ചേർത്തുകെട്ടിയിട്ട്
വിറകുപുരയിൽ നിന്ന് കരുതിയിരുന്ന തടിക്കഷ്ണം കൊണ്ട് ശരിക്ക് പൂശി..
റാഹേലിന്റെ നിലവിളികേട്ട് ഓടിവന്ന  വിപ്ലവം തലയ്ക്കുപിടിച്ച വാളൂരാനച്ചന്റെ ഉപദേശം കേട്ടിട്ടാണ് രാത്രിക്ക് രാത്രി വെട്രിയോടൊപ്പം ജാനറ്റ് കുന്നിറങ്ങിപ്പോന്നത്..
മഠത്തിൽ നിന്ന് കേസും കൂട്ടോം‌ ഒന്നുണ്ടായില്ല,
ആറേഴ്മാസം റാഹേലിനെ രൂപതയുടെ കീഴിലുള്ള മെഡിക്കൽ കോളേജിലെ ഐസി യൂ വിൽ കിടന്നു..

ഇക്കഥയൊന്നുമല്ല
നാട്ടിൽ സാമുവൽ ഡീക്കര് പ്രചരിപ്പിച്ചത്.
മെഴുകുതിരി ഉണ്ടാക്കണ പാണ്ടിയും ശോശേടെ പെണ്ണും കൂടി ഡിങ്കോൾഫി നടത്തിയത് മഠത്തിലമ്മ കൈയോടെ പൊക്കി..
പാണ്ടിയും ലവളും കൂടി മഠത്തിലമ്മേ തല്ലി കൊല്ലാനാക്കീട്ട് മുങ്ങിയതാ..
അരമനേന്ന്
പിതാവൊക്കെ വിളിച്ച് പറഞ്ഞിട്ടാ കേസീന്നും നാണക്കേടീനും ഒഴിവായത്. അങ്ങനെ കേറിവന്നോളെ ഞെക്കിക്കൊന്ന് പൊട്ടകെണറ്റിൽ താഴ്ത്തണ്ടേ...??.
എന്തായാലും ഡീകരെ കഥതന്നെയായിരുന്നു ആൽമാവ് മുക്കിലെ സൂപ്പർ ഹിറ്റ്..

പോലീസ് വന്നതോ, നാട്ടുകാരൊക്കെ ചേർന്ന് പാപ്പിയെ അടക്കിയതോ ജസ്റ്റിൻ അറിഞ്ഞിട്ടില്ല..
രണ്ട് ദിവസത്തിൽ പാപ്പിയുടെ കല്ലറ വെട്രിയും ജാനറ്റും ചേർന്ന് നല്ല മാർബിളിൽ പണിയിച്ചു..
ഒരു കറുത്ത കുരിശും,
വെളുത്ത വലിയ അക്ഷരത്തിൽ ജോസ് അബ്രഹാമെന്നെഴുതി അതിനു താഴെ ബ്രാക്കറ്റിൽ പാപ്പിയെന്നും എഴുതിച്ചു..
ഒരു കൂട് മെഴുകുതിരിയും കത്തിച്ച് പള്ളിപ്പറമ്പിലെ മുന്നിലെ ബസ്റ്റോപ്പിൽ നിന്ന് ബസിൽ കയറി ജാനറ്റ് വെട്രിയോട് ചേർന്നിരുന്നു..‌
ബസ് ആൽമാവ് മുക്കിലെത്തിയപ്പോൾ ഹമീദിന്റെ കടയുടെ മുന്നിലിരിക്കുന്ന ജസ്റ്റിനെ നോക്കി അവൾ കൈവീശിക്കാണിച്ചു..
കരഞ്ഞുപോയ അവളുടെ കണ്ണുകളിൽ വെട്രി വിരലുതൊട്ടപ്പോൾ അവൾ ആ കൈത്തണ്ടയിൽ ചുംബിച്ചു. വെട്രിയുടെ വിയർപ്പിലെ ഉപ്പവൾക്ക് രുചിച്ചു..

ആൽമാവ് മുക്കിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ...
തന്റെ എതിർ ദിശയിലേക്ക്
പത്തേ, ഒൻപതേ, എട്ടേ, എന്ന താളത്തിൽ ജസ്റ്റിൻ സൈക്കിൾ ഓടിക്കുന്നത് ബസിന്റെ  പുകയിലൂടെ അവൾ കണ്ടു. മൂന്നിന്റെ ഒരു മുറിവിൽ അവനവസാനിക്കുമെന്നോർത്തപ്പോൾ
വെട്രിയുടെ വിയർപ്പുമണമുള്ള നെഞ്ചിലേക്ക് ഉപ്പുതൂണുപോലെ അവൾ ചാഞ്ഞു...!!

കെ എസ് രതീഷ്

No comments:

Post a Comment