Saturday 5 August 2017

മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി....

"മർത്യാസ് ദി ലാസ്റ്റ് സീസർ ഫ്രെം ദി റവല്യൂഷണറി റിപ്പബ്ലിക്ക് ഓഫ് പന്ത...!!
(കഥ കെ എസ് രതീഷ്)

."..ഹർത്താലൊക്കെ വല്ലോന്റേം   കഴുത്തറുത്താലേ ഒണ്ടാവത്തൊള്ളൂ, ബസൊക്കെ വരും, വന്നാ ഇടിച്ച് കേറിക്കോണം..."

( സത്യൻ മേസ്തിരി, പന്ത)

സത്യന്മേസ്തിരിയും നാലുപണിക്കാരും കയറിയ പന്തകൂട്ടപ്പു ബസ് കവലവിട്ടുപോയപ്പോൾ,  പ്രൊമിത്യൂസ് വായനശാലയുടെ മുകളിലെ നിലയിൽ ഒരു ഗൂഡാലോചന നടക്കുകയായിരുന്നു...മെയ്മാസചൂടുവകവയ്ക്കാതെ അവർ അവർ നാലുപേർ പൊളിറ്റിക്സ് ബിരുദാനന്തബിരുദത്തിൽ റാങ്ക് നേടിയ, നാല്പതുകൊല്ലം  പ്രവാസിയുമായ ജയകാന്തന്റെ ഒറ്റപ്പുത്രനുമായ ജിതേഷ് അത്തോളിയുടെ വായന കേട്ടിരുന്നു...
പന്തയെക്കുറിച്ച് ജെർമ്യാസിന്റെ മകൻ മർത്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അവരുടെ മുന്നിൽ...
ചുണ്ടിലെരിഞ്ഞ സിഗരറ്റ് സമീപത്തിരുന്ന ലിസി ചിറ്റ്സ് ആന്റ് ഫൈനാന്റ്സ് ഉടമയുടെ മകൻ ആന്റോ നമ്പാടന് കൈമാറിയിട്ട്
അത്തോളി വായന തുടർന്നു.....

....കഴിഞ്ഞ മുപ്പതുവർഷങ്ങളായി സുന്ദരന്റെ പഞ്ചറുകടയല്ലാതെ മറ്റൊരു മാറ്റവും ഈ നാടിനില്ല, മൂന്ന് തവണ സർവ്വീസ് നടത്തണ പന്തകൂട്ടപ്പു ബസിൽ നിന്നല്ലാതെ അന്തരീക്ഷത്തിലേക്ക് കാർബണിന്റ അളവിൽ മാറ്റമുണ്ടാക്കില്ല
...അമ്പൂരി,കള്ളിക്കാട്  പഞ്ചായത്തുകളുടെ അതിരിൽ കഴിയണ ഈ ഗ്രാമത്തിന്റെ തെക്ക് കൂട്ടപ്പു അത് തമിഴ് നാടിന്റെ ഭാഗാണ്, വടക്ക് അണകെട്ടിത്തടഞ്ഞ നെയ്യാറ്, കിഴക്ക് പവിത്രമായ അഗസ്ത്യമല, ആ നെയ്യാറിൽ ഇന്നും ചീങ്കണ്ണികളുണ്ടെന്ന് അമ്മമാർ മക്കളെ ഭയപ്പെടുത്തും...എന്നിരുന്നാലും ഒരു നേരം പറ്റിയാൽ അവരെയും എടുത്ത് അമ്മമാർ അലക്കുകല്ലിലെത്തും അയൽക്കാരുമായി ആവോളം നുണകളും, വേദനകളും പങ്കിടും, കുട്ടികൾ ആ വെള്ളം കലക്കിമ്മറിക്കും..സരസൂന്റെ പുതിയ പുരയുൾപ്പെടെ ആകെ ഇരുന്നൂറ്റിപ്പത്ത് വീടുകളും, അതിലെ മനുഷ്യരും പശുക്കളും ആടുപട്ടിപൂച്ചകളും ചേർന്നതാണിവിടത്തെ സ്ഥാവരജംഗമം...ആകെ മൂന്ന് പാൽ വില്പനക്കാർ ആറ്റിൽ നിറയെ വെള്ളമുണ്ടെങ്കിലും പാലിൽ ഒരിറ്റ് ചേർക്കാറില്ല....പത്രക്കാരനൊന്ന്,.
വായിക്കാനല്ല, പുസ്തകം, ചോറ് പൊതികളായിട്ടാണ് പത്രം പരിണമിക്കാറുള്ളത്...
റബ്ബറുവെട്ടാനും, മേസ്തിരിപ്പണിക്കും ഇവിടത്തുകാർ തിരുവനന്തപുരം,  കൊല്ലം എന്നിവിടങ്ങളിലേക്ക് പോകാറുണ്ട്...വില്ലേജാഫീസ്, പഞ്ചായത്ത് ഒരു മൃഗാശുപത്രി, ഒരു പോസ്റ്റാഫീസ്....ഇതിലൊന്നും ഈ നാട്ടുകാർ ജോലിക്കാരായില്ല..മൂന്നോ  നാലോ സർക്കാർ ജീവനക്കാരുള്ളത് പന്തയ്ക്ക് പുറം ലോകത്താണ്, അവർ അവിടെ സ്ഥിര താമസക്കാരാകുന്നു... മൃഗാശുപത്രിയിലെ സജീവൻ ഡോക്ടർ ഏതെങ്കിലുമ്പുരയുടെ കാലിത്തൊഴുത്തിനെ ചുറ്റിപ്പറ്റിയോ കോഴിക്കൂടിന്റെ മുന്വശത്തോ ഉണ്ടാകും..നാട്ടുകാരുടെ ഏതുവ്യാധിയ്ക്കും, കഷായാശുപത്രിയിലും, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും മരുന്നുണ്ടാകും...അല്ലെങ്കിലും ഈ നാട്ടുകാർക്കെന്തുവരാനാണ്, മുത്തശ്ശിമാർപോലും ആടിനെ തീറ്റിച്ച് കളിച്ചു ചിരിച്ചു നടപ്പല്ലേ...? കഷായാശുപത്രിയുടെ മുന്നിലിരിക്കുന്നവരുടെ കൈവശം ഒരുകുപ്പിയുണ്ടാകും കാലാകാലങ്ങളായി മരുന്ന് വാങ്ങി കറപിടിച്ചൊരെണ്ണം..വസൂരിക്ക് പകരം ഇന്ന് ഓരോ പനിക്കാലത്തും ആളുകൾ സ്വാഭാവികമായി ചത്തുപോകാറുണ്ട്...

പ്രവാസികളായ മൂന്നുപേർ, പട്ടാളത്തിലേക്കെന്ന് പറഞ്ഞുപോയ നാലുപേർ,    മൊണാർക്ക് പാരലൽ കേളേജാണ് നാടിന്റെ നളന്ദയും തക്ഷശിലയും...

ഒരമ്പലവും, രണ്ട് ക്രിസ്ത്യൻ പള്ളികളും, ഒരു മുസ്ലീം ആരാധനാലയവും ചേർന്ന പന്തയിൽ കൃത്യസമയത്ത് ബാങ്ക് കേട്ടില്ലെങ്കിൽ 'നമ്മടെ അലിയാർ മുക്രിക്കിന്നെന്തു പറ്റീന്ന് ആളുകൾ തിരക്കും , അലിയാരുടെ ശബ്ദം കേൾക്കാതെ നാട് അപൂർണായിരുന്നു...
തെക്കതിലെ ഉത്സവത്തിന് കമ്മറ്റിക്കാർ വന്ന് നജീം സ്റ്റോറിൽ നിന്ന് ഒരു ചാക്ക് അരിയും ആവശ്യത്തിനുപ്പും ചോദിക്കാതെ എടുത്തുകൊണ്ട് പോകും, അതിലിപ്പൊ എന്തോന്ന് ചോദിക്കാൻ ഷാജഹാന്റെ ഉപ്പുപ്പാടെ കാലം മുതൽ തുടങ്ങിയ പതിവാണ്....ഉത്സവായാലും പെരുനാളായാലും ഷാജീന്റെ ലൈറ്റും സൗണ്ടും തന്നെ സെറ്റ് ചെയ്യും പിന്നെ അവന് തോന്നണ പാട്ടും മാപ്പിളപ്പാട്ടിട്ടാലും അമ്പലകമ്മറ്റിക്കാർ ഉൾപ്പെടെ താളത്തിൽ തലകുലുക്കും..തുടക്കം ബലികുടീരങ്ങളിലായിരിക്കും എന്നതു ഇതുവരെ തെറ്റിട്ടില്ല...ഷാജിടപ്പൻ പഴേ കമ്മൂണിസ്റ്റാ....

കഴിഞ്ഞ കുറേക്കാലായി ഇടതുപക്ഷത്തോട് ഒരു ചായ്വുണ്ട്...ഈ എം എസ് വായനശാലയുടെ താഴെയുള്ള പാർട്ടിയാഫിസ്, സി പി എം , സി പി ഐ ആർ എം പി...തുടങ്ങിയവർ മീറ്റിംഗുകൾക്ക് ഉപയോഗിക്കുന്നു...മിക്കവാറും യൂണിയൻ മീറ്റിംഗുകളാണ്..തിരഞ്ഞെടുപ്പുകാലമായാൽ കവലയിൽ പൂട്ടിക്കിടക്കണ കെട്ടിടങ്ങളിൽ ബി ജേ പി, കോൺഗ്രസ് ആഫീസുകൾ തുറക്കും..ഇടതുപക്ഷ മെമ്പറുടെ കടയായിരുന്നിട്ടും ഇലക്ഷൻ തിരക്കിനിടയിൽ വാടക വാങ്ങാൻ മറക്കും...

കവലയോട് ചേർന്ന ചന്തയിൽ അങ്കണവാടി കെട്ടിടവും, വോളിബോൾ കോർട്ടും, ജനൽ ചില്ലു പൊട്ടിച്ചതിന്റെ പേരിൽ യുവാക്കളും അങ്കണവാടി ടീച്ചറും തമ്മിൽ സ്ഥിരം വഴക്കാണ്...ഒരിക്കലും ആരോടും പരാതിപ്പെട്ടിട്ടില്ല..."ആരാടാ നിന്നെയൊക്കെ പഠിപ്പിച്ചതെന്ന്" ആരെങ്കിലും ചോദിച്ചാൽ അതിന്റെ ആദ്യനാണക്കേട് ഇതേ ടീച്ചർ തന്നെ വഹിക്കേണ്ടിവരും...അതിനോട് ചേർന്നാണ് മേൽക്കൂരയോ ലൈസൻസോയില്ലാത്ത കശാപ്പുകേന്ദ്രവും..ഗോസേവക്കാർ ആ വഴിപോകരുത് കശാപ്പ് നിക്കണ ഉത്തമൻ നല്ലൊരു ബി ജേ പിക്കാരനും ഭക്ഷണപ്രിയനുമാണ്....

മരണോ, വിവാഹോ, പന്ത ക്രിക്കറ്റ് ക്ലബ് ( പി സി സി) ടൂർണമെന്റോ എന്ത് ആഘോഷമായായാലും, പറങ്കിമാങ്ങയും കരിപ്പോട്ടിയും ഇട്ട് വാറ്റിയ നാടൻ ചാരായവുമായി നാടിന്റെ സ്വന്തം അബ്കാരികൾ രംഗത്തുണ്ടാകും...ഒന്നു കൈവച്ചാൽ കാറ്റുപോകുന്ന ഇവരെ കാലാകാലങ്ങളായി ഉപദേശിക്കാനല്ലാതെ ഞങ്ങളുടെ ജനമൈത്രി പോലീസ് മറ്റൊന്നിനും തുനിഞ്ഞിട്ടില്ല
....അതിരുമാന്തൽ, വഴിവെട്ട്, തുടങ്ങിയ റവന്യുകേസുകൾ പോലും പന്തക്കവലയിലെ കടവരാന്തകളിൽ പറഞ്ഞു തീരാറുണ്ട്...

സ്വച്ച് ഭാരതൊന്നും കേട്ടിട്ടില്ലെങ്കിലും, പ്ലാസ്റ്റിക്ക് കവറുകൾ പോലും വിലകൂടിയ വസ്തുവായി കീറിപ്പോകും വരെ ഉപയോഗിക്കാറുണ്ട്....

ഞങ്ങടെ പന്ത വല്യ സിറ്റ്യാണ് നിങ്ങൾക്കത് ഗ്രാമമായി തോന്നിയേക്കാം.. 

എന്ന്
മർത്യാസ്..."

നാട്ടിലെ സുന്ദരി ഉണ്ണിമായ അടക്കം ആയിരത്തിലധികം ലൈക്കും കമന്റുകളും കിട്ടിയ പോസ്റ്റ് അത്തോളി വായിച്ചു നിർത്തിയതും നാലുപേരും ഒന്നിച്ചൊരു ദീർഘനിശ്വാസമെടുത്തു....

നമ്പാടൻ ചാടിയെണീറ്റതും ,സ്വരണക്കരയൻ മുണ്ട് അഴിഞ്ഞ് നിലത്തുവീണു...ഉള്ളിലിട്ടിരുന്ന വിദേശി നിക്കറിലേക്കു നോക്കിയ ദേവസ്വബോർഡ് ശാന്തിക്കാരനായ
ദേവ് തേജസ്വിയോട് പറഞ്ഞു....

"വിദേശിയാളിയാ വിദേശി, ഇതിനുള്ളിൽ എന്തൊരു കുളിരാണെന്നോ... ഈ നാടിന് ലങ്കോട്ടിയാ വിധിച്ചത്...നീ കേട്ടില്ലേ ഒരുത്തൻ എഴുതിയേക്കണത്..."

"എട നമ്പാടാ അതു മാറ്റാനാ നമ്മുടെ കൂട്ടയ്മയുടെ  ലക്ഷ്യം അതിനാ ഇവിടെ കൂടിയിരിക്കണത്...നമുക്കേ എന്തെങ്കിലും ചെയ്യാനാകൂ, പന്ത സ്വന്തന്ത്ര റിപ്പബ്ലിക്കാകണം അതിന് ഈ നാടിന്റെ അധികാരം നമ്മളിലെത്തണം...നമ്മുടെ രംഗപ്രവേശനത്തിന് ഒരവസരം അതിനാണീ കൂടിയിരുപ്പും...പോലീസ് പണി രാജിവച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഹൈദർ ഇടിക്കാടിന്റെ ഇളയമകൻ, ജഹാംഗീർ ഇടിക്കാടൻ ഇതു പറയുമ്പോൾ വല്ലാതെ വിയർക്കാൻ തുടങ്ങി....അത്തോളി അവനെ ഗാഡമായി പുണർന്നു....

ഗ്ലാസിൽ ഒഴിച്ചു വച്ചിരുന്ന വിസ്കിയുടെ ഒരിറക്ക് കുടിച്ചിട്ട്, സംഗീതസംവിധായകനും, സപര്യാമ്യൂസിക്ക് കമ്പനിയുടെ ഉടമ  ദയാനന്ദൻ സപര്യയുടെ  മൂത്തപുത്രൻ സംഗീത് സപര്യ തന്റേതായ ശൈലിയിൽ പ്രതികരിച്ചു...

"പല്ലനയാറ്റിൻ തീരത്ത് പത്മപരാഗ കുടീരത്തിൽ വിളക്കുവയ്ക്കും യുഗ കന്യകയൊരു വിപ്ലവഗാനം കേട്ടൂ..
മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ...."

നമ്പാടൻ സപര്യയുടെ കൈപിടിച്ച് ചുംബിച്ചു...അത്തോളിയും ഇടിക്കാടും തേജസ്വിയും കൈയടിച്ചു....

നാട്ടിൽ ആദ്യമായി സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുചേർത്ത വിഘ്നേഷ് തേജസ്വി എന്തോ പറയാനെണീറ്റു....

"ജനനി ജന്മഭൂമിശ്ചാ സ്വർഗാതപീ ഗരീയസി....ഈ നാട് നമ്മുടേതാണ്, ഇതിന്റെ പൂർണ അവകാശികളും നമ്മളാണ്....അത്തോളി സഖാവ് പറഞ്ഞതാണ് സത്യം, പന്ത റിപ്പബ്ലിക്കിനെ രാഷ്ട്രീയ ഭൂപടത്തിൽ  അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വവും നമുക്കാണുള്ളത്....കൃഷ്ണനൊപ്പം മധുര, ക്രിസ്തുവിനൊപ്പം യിസ്രായേൽ അടയാളപ്പെടുത്തപ്പെട്ടതെങ്ങനെ...ഈ പന്തയ്ക്കും വേണം ഒരവതാരത്തിന്റെ ജനനവും ക്രൂശീകരണവും ..അതിന്റെ പൂർണ സംവിധായകരും നമ്മളായിരിക്കണം...സപര്യാ നീ അവനു വേണ്ടി പാടും, നമ്പാടാ നിന്റെ പണത്തിൽ നീ അവനായി സ്മൃതിമണ്ഡപം തീർക്കും, ഇടിക്കാടാ അതിനെ നിയന്ത്രിക്കാൻ നിന്റെ സേനയ്ക്കാകും., അത്തോളി ഇതിനെല്ലാമുകളിലെ അഭിപ്രായമായുയരും..."

തേജസ്വി പറഞ്ഞെണീക്കുമ്പോൾ കാവിമുണ്ട് അഴിഞ്ഞു വീണു...
അടിവസ്ത്രമില്ലായ്മകണ്ട്
നമ്പാടൻ പൂർണ സ്വദേശിയെന്ന് ഉറക്കെ പ്രഖ്യാപിച്ചു......

തേജസ്വീ വലിയൊരുത്തരമാണ്..അത്തോളി അവന്റെ കരം പിടിച്ച്ക്കുലുക്കി....

"ചലനം, ചലനം ചലനം
മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം....
സപര്യ നിലത്തുകിടന്ന് തേജ്സ്വിയെ നോക്കി പാടാൻ തുടങ്ങി....

"നമ്പാടാ നമ്മുടെ നാടിനായി ഒരുത്തനെ തട്ടും, ഈ രാജ്യത്തെ ശ്രദ്ധമുഴുവൻ പന്തയിലേക്ക് കേന്ദ്രീകരിക്കും വിധം നമ്മളത് ആഘോഷമാക്കും...ക്യാമറക്കണ്ണുകളും, ബുദ്ധിജീവിചർച്ചകളിലും പന്ത റിപ്പബ്ലിക്ക് നിറഞ്ഞു നിൽക്കും...ആ സാഹചര്യത്തിൽ നമ്മുടെ അധികാരം ഇവിടെ ഉറപ്പിക്കും.."
തേജസ്വിയുടെ വാക്കുകൾ കേട്ട്  അന്തംവിട്ടുനിന്ന നമ്പടനെ ചേർത്തിരുത്തി ഇടിക്കാടൻ ഇവ്വിധം വിശദമാക്കി....

"ഈ നാട്ടിലെ ഉയർന്ന ഇടമിതാണ്....നാലുദിക്കിലേക്കും നമ്മുടെ നോട്ടമെറിയണം, അറുക്കപ്പെടാനുള്ള ആടിനെ നാം തന്നെ കണ്ടെത്തണം...അതീവ ജാഗ്രതയോടെ അത് നടപ്പിലാക്കാനും കഴിയണം..." അത്തോളി ധ്യാനത്തിലിരുന്നു...
മറ്റുള്ളവർ നാലു ചുവരുൾക്ക് അരികിൽ നിന്ന് നാടാകെ ഒന്നു നോക്കി....പന്ത നിഷ്കളങ്കമായി അവരെയും നോക്കി.അത്തോളിയുടെ ധ്യാനം പന്തയെക്കുറിച്ചായിരുന്നു..
അരമണിക്കൂർ കഴിഞ്ഞ് എല്ലാവരും തിരികെ വന്നു...അത്തോളിയുടെ തലയ്ക്ക് ചുറ്റും ഒരു പ്രകാശവലയം തെളിഞ്ഞിരിക്കുന്നു....

"നമുക്കാ സുദേവനെ തട്ടാം...ദേ ഈ കെട്ടിടത്തിന്റെ പുറകിൽ അവൻ ചർദ്ദിച്ച് കിടപ്പുണ്ട്...ഗാന്ധിപോലും ആദരിച്ച് ദൈവജനമെന്ന് വിളിച്ച കൂട്ടരല്ലേ...?പട്ടികയിൽ ഉണ്ടെങ്കിലും ഒരു പട്ടീം വരൂല ചോദിക്കാൻ..."

"നമ്പാടാ നിനക്കു തെറ്റി തികച്ചും അപ്രായോഗികം...നമ്മുടെ ആദർശ രാഷ്ട്രത്തിൽ ഏറ്റവും ആവശ്യം ശുചിത്വമാണ് അത് സുദേവന്റെ പിന്തലമുറയിലൂടെ ആയിരിക്കും...അവരിൽ ചിലരെ നമ്മുടെ അധികാരത്തിലെ ചില തക്കോൽ സ്ഥാനത്തിരുത്തും...നാട്ടിൽ കിണറ്റിൽ വീണ് ചത്തപൂച്ചമുതൽ നമ്മുടെ ധർമ്മയുദ്ധത്തിൽ കൊന്നു തള്ളുന്നവരെപ്പോലും കുഴിച്ചിടാൻ അവരുണ്ടാകണം...നമ്മളവർക്ക് പുതിയ പേരുനൽകും...നമ്മുടെ റിപ്പബ്ലിക്ക് അവർ സുരക്ഷിതരെന്ന് തോന്നിപ്പിച്ചേ മതിയാകൂ. " അത്തോളി ധ്യാനത്തിൽ  പറഞ്ഞു ....

"നമ്പാടാ സുദേവന്റെ മോളെ നീ മറന്നാ, നിന്റപ്പന്റെ റബ്ബർ പുരയിൽ ഈ തേജസ്വീടെ വാക്ക് കേട്ട് അവൾ വന്നത്...നാലാളു കഴിഞ്ഞിട്ടും അവൾ ക്ഷീണിച്ചോ..?....എന്തെങ്കിലും വിസമതം പറഞ്ഞാ....ഞാനിപ്പൊ സാധകം ചെയ്യണത് തന്നെ തുളസിയെ ഓർത്തിട്ടാ...."
സപര്യ കൂട്ടിച്ചേർത്തു....തങ്കഭസ്മകുറിയിട്ട തമ്പുരാട്ടീന്ന്...നീട്ടി പാടാനും തുടങ്ങി...

"വർഗീയതയെന്ന് വാദിക്കില്ലെങ്കിൽ ഞാനൊന്ന് പറയട്ടേ...." എല്ലാവരുടെയും ശ്രദ്ധ തേജസ്വിയുടെ മുഖത്ത് പറ്റിനിന്നു....
"ഈ നാട്ടിലെ വലിയൊരു കൂട്ടത്തിന്റെ ഇടയനാണ് ഫാദർ ഗബ്രിയേൽ...അദ്ദേഹമല്ലേ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴി...? ചിലപ്പോൾ നമ്മുടെ ഈ ജിഹാദ് ലോക രഷ്ട്രങ്ങളിലും, വത്തിക്കാനിൽ പോലും ചർച്ചയാകും...നാട്ടിലെ ഏറ്റവും വലിയ അന്വേഷണ സംഘങ്ങളുടെ വാഹങ്ങൾ ഈ നാട്ടിന്റെ ഊടുവഴികളിലൂടെ ചീറിപ്പായും...ക്രിസ്തുവിനൊരപരനെപ്പോലും നാം സൃഷ്ടിച്ചേക്കും..."

....വിശ്വാസങ്ങളാണ് അധികാരം നിലനിർത്താനുള്ള ഒരു നല്ല ഉപകരണം അതറിയില്ലേ തേജസ്വീ നമ്മുടെ സങ്കല്പ രാഷ്ട്രത്തോട് ഉപരോധം പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വന്നേക്കാം, വിശ്വാസം നല്ലലഹരിയാണ് കൂടെ നിൽക്കുന്നവനുപോലും വൃണപ്പെട്ടേക്കാം..." അത്തോളി കണ്ണുതുറക്കാതെ മറുപടി നൽകി....

തേജസ്വീ നിനക്കാ പാതിരിയെ അറിയാഞ്ഞിട്ടാ എന്റെ അപ്പന്റെ ബാങ്കിൽ ഏറ്റവും വലിയ നിക്ഷേപകൻ അതിയാനാ...വിശ്വാസത്തിത്തൊട്ട് കളിവേണ്ട..." നമ്പാടൻ തേജസ്വിയുടെ ചുണ്ടിൽ നിന്ന് സിഗരറ്റ് വലിച്ചെടുത്തു....

"നമ്പാടാ ഞാൻ പറയുന്ന ആളാണെങ്കിൽ  നിനക്കും സന്തോഷാകും, നമുക്കാ സുന്ദരേശൻ മൊതലാളിയെ തട്ടാം...ലക്ഷ്മീ ഫൈനാൻസ് നിനക്കുമൊരെതിരല്ലേ നാടൊന്നാകെ  പലിശയ്ക്കെടുത്ത് വളർന്ന് നിൽക്കയല്ലേ...? " ഇടിക്കാടെ ന്റെ അഭിപ്രായത്തിന് അത്തോളിയുടെ മറുപടി കടുത്തതായിരുന്നു....

"പോലീസ് ബുദ്ധിപരിതാപം പന്ത റിപ്പബ്ലിക്കിന്റെ സൈന്യാധിപനാണ് താങ്കൾ ഇങ്ങനെ വിഡ്ഡിയാകരുത്...നാടൊട്ടുക്ക് വെറുപ്പ് സംബാദിച്ചവനെക്കൊന്നാൽ അവനുവേണ്ടിശബ്ദിക്കാൻ അവന്റെ പെണ്ണുപോലുമുണ്ടാകില്ല...കൂടെ നടക്കണ ശിങ്കിടികളെ മറികടന്നുവേണം നമുക്ക് അവനിലെത്താൻ പരാജയം നിശ്ചയം, നമ്മുടെ അധികാരം സ്ഥാപിക്കപ്പെട്ടാൽ അതൊക്കെ നമ്മൾക്ക് കീഴിലാകും..ഉറപ്പ്...."

"ഇടിക്കാടാ നിനക്കറിയോ ഈ കള്ളകൃഷ്ണൻ തേജസ്വിയുടെ വീട്ടുകാർ സുന്ദരേശന്റെ മകൾ ഉണ്ണിമായയെ ഇവനു വേളിയാക്കാൻ ശ്രമിക്കണത് മറന്നോ.....എങ്കിൽ പിന്നെ ഇതു വെറുതേയാകില്ലേ...?"

നാണിച്ചിരുന്ന തേജസ്വിയെ ചേർത്തുനിർത്തി സപര്യ കാര്യങ്ങൾ വ്യക്താക്കി..

"...അധികാര സ്ഥാപനത്തിന് അധികാരികളിൽ നിന്നല്ലേ തുടങ്ങേണ്ടത് ? പന്തയുടെ അധികാര കേന്ദ്രമെന്താണ്...? അതിന്റെ ഏറ്റവും ഉന്നതാരാണ്...? എന്റെ പിതാവും, ഞാനും, ഇനി എന്റെ മോനും അയാളെ പ്രസിഡന്റെന്ന് വിളിക്കാൻ തക്ക ഗതികേടിലല്ലേ...? പ്രസിഡന്റിൽ തുടങ്ങുന്നതല്ലേ നല്ലത്... ?"

"സപര്യ ചിന്തശരിയാണ്, ആ കിഴവൻ സിംഹത്തെ നാട്ടുകാർ മടുത്തുതുടങ്ങിയിരിക്കുന്നു...അത് നമ്മളായി ചെയ്യേണ്ടതില്ല.... നമ്മുടെ  അശ്വമേധത്തിൽ ആദ്യം  ഓടിയൊളിക്കുന്നത് കിഴവൻ നായയായിരിക്കും അയാൾ...."

എല്ലാവരും ധ്യാനത്തിലിരുന്നു...അത്തോളിയ്ക്ക് ചുറ്റുമുള്ള പ്രകാശവലയം വർദ്ധിച്ചു...
മറ്റുള്ളവരും ധ്യാനത്തിലിരുന്നു....

അത്തോളി അരുൾ ചെയ്തു....
" മർത്ത്യാസ് അവനാണ് നമ്മുടെ സീസർ, നമ്മളവനെയാണ് കൊലചെയ്യേണ്ടത്....നമ്മളീയിരിക്കുന്ന സ്ഥാപനം നാടിനായി സമർപ്പിച്ചതവനാണ്..തേജസ്വീ നിന്റെ സ്വപ്നത്തിന്റെ ഹൃദയം കവർന്നത് അവനാണ്...ഇടിക്കാടാ നിന്റെയൊപ്പം അതേ സർക്കാർ പട്ടികയിൽ അവനുണ്ട് ഒരുപക്ഷേ നിനക്കുമുന്നേ അധികാര നക്ഷത്രം അവന്റെ നെഞ്ചിൽ പതിഞ്ഞേക്കും, നമ്പാടാ, നിന്നെ കവലയിലിട്ട് തല്ലിയതോർക്കുന്നില്ലേ...? സപര്യേ നിന്റെ പിതാവുപോലും അവന്റെ വീണയിൽ ലയിച്ചിരുന്നിട്ടില്ലേ...നമുക്ക് മർത്യാസിനെയല്ലാതെ മറ്റാരെയാണ് തിരഞ്ഞെടുക്കാനാകുക..? അവന്റെ സങ്കല്പമല്ലേ നമുക്ക് ഇല്ലായ്മചെയ്യേണ്ടതും? രാജ്യകണ്ടതിൽ ഏറ്റവും ക്രൂരമായ മരണം വിധിക്കാൻ, നാട്ടിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പദവി നിന്നിൽ നിന്നും തട്ടിയെടുത്ത മർത്യാസ് തന്നെയല്ലേ ഇടിക്കാടാ അർഹൻ...?"

എല്ലാവരും ധ്യാനത്തിൽ നിന്നുണർന്ന് പരസ്പരം തലയ്ക്കുമുകളിൽ തെളിഞ്ഞ പ്രകാശവലയങ്ങളിലേക്ക് നോക്കി....
സമ്മതരൂപത്തിൽ അത്തോളിയുടെ നേർക്ക് കൈകളുയർത്തി..

പന്തഗ്രാമം പ്രമിത്യുസിൽ നിന്നുയർന്ന പ്രകാശവലയത്തിലേക്ക് നോക്കി....
അത്തോളി ജനങ്ങളെ അഭിസംബോധനചെയ്യാൻ എണീറ്റൂ...
നമ്പാടനും ഇടിക്കാടനും വാളിന്റെ മൂർച്ചനോക്കി...
സപര്യ വിജയഘോഷണത്തിനുള്ള പാട്ടൊരുക്കാൻ തുടങ്ങി.....

ഉണ്ണിമായയുടെ ഇടതുകണ്ണ് തുടിച്ചു, വായനശാലയുടെ ഒരു കോണിലിരുന്ന് നിവർത്തിവച്ച കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ തലയൂന്നി യിരുന്ന   മർത്യാസ് അപ്പോൾ തന്റെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിലിടുന്ന തിരക്കിലായിരുന്നു...!!

കെ എസ് രതീഷ്
( ഗുൽമോഹർ 009)

1 comment: