Thursday 17 August 2017

ശലഭൻ...

ശലഭൻ...!!

അരണ്ടവെളിച്ചത്തിൽ മിസ്രിയയുടെ വസ്ത്രങ്ങൾ ഫൈറൂസ് അഴിക്കാൻ തുടങ്ങി, ഇരു വശത്തേക്കും വിടർത്തി വച്ചിരുന്ന കൈകളിൽ ശലഭത്തിന്റെ ചിറകുകൾ പോലെ, ഇളനീലയിൽ മഞ്ഞപ്പുള്ളികളുള്ള ഷാൾ കെട്ടിയിരിക്കുന്നത് അവൾ കണ്ടു....കരച്ചിലിന്റെ വക്കിലെത്തിയ അവളുടെ ചുണ്ടിലേക്ക് *ഗരുഡശലഭത്തെപ്പോലെ ഫൈറൂസ് നാവുകളടുപ്പിച്ചു....പല്ലിന്റെ നേർത്ത പ്രതിരോധം കടന്ന് നാവിനടിയിലെ ഈർപ്പത്തിലെന്തോ തിരയുമ്പോൾ..അവൾ, ഡോ ഷൗക്കത്തലി പറഞ്ഞതോത്തൂ....

"ഇനി കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവന്റെ മനസ് ശലഭജീവിതത്തിലേക്ക് പൂർണമായും മാറും, നിന്റെയൊരു ഇലയനക്കം മതി അത് കാലചക്രം പൂർത്തിയാക്കാൻ..."

ഫാൻസി ഡ്രെസ് മത്സരത്തിൽ തോറ്റുപോയ മിൻഹയെ എടുത്ത് പറത്തിവിടാനെന്നും പറഞ്ഞ് ,
ഏറ്റവും മുകളിലെ നിലയിലേക്ക് പാഞ്ഞുപോയ ഫൈറൂസിനെ കുഞ്ഞാക്കയും അടുത്ത ഫ്ലാറ്റിലെ ജിമ്മൻ ചെക്കനും ചേർന്ന് ജനാലയിൽ കെട്ടിയിട്ടിരിക്കുന്നു....
കുഞ്ഞാക്ക മിൻഹയുമായി നാട്ടിലേക്ക് തിരിച്ചു....അവരെ യാത്രയാക്കി തിരികെ വരുമ്പോൾ ജാലകത്തിലൂടെ അകലെയുള്ള കുന്നിലേക്ക് നോക്കി നിന്ന ഫൈറൂസ് അവളുടെ നേർക്ക് ഇളം ചിരിയോടെ നാവു നീട്ടി....

ഫാൻ ഓൺചെയ്ത് സെറ്റിയിലേക്ക് അവൾ ചാഞ്ഞിരുന്നു....
കണ്ണടച്ച് കുഞ്ഞാക്കയോടൊപ്പം പൂച്ചെടിയുമായി പൂമ്പാറ്റയ്ക്ക് പിന്നാലെ പായൂന്ന മിസൂനെ ഓർത്തെടുക്കാൻ ശ്രമിച്ചു...തന്റെ പ്യൂപ്പയ്ക്ക് വല്ലാത്ത ഇളക്കം തട്ടിയിരിക്കുന്നു.... പിന്നെ പതിയെ എഴുന്നേറ്റ്
ബാൽക്കണിയുടെയും, പുറത്തേക്കുള്ള വാതിലുകളും ഭദ്രമായടച്ച്....ഫൈറൂസിനെ വീടിനുള്ളിൽ പറന്നു നടകാൻ അനുവദിച്ചു...
ബാൽക്കണിയുടെ വാതിലിലേക്ക് പാഞ്ഞുപോയി തലമുട്ടി നിലത്തു വീണു കമഴ്ന്നുകിടക്കുന്ന, ഫൈറൂസ് ധരിച്ചിരുന്നത് ശലഭത്തിന്റെ ചിത്രമുള്ള സ്ത്രീകളുടെ പാന്റീസായിരുന്നു...അവൾ വീണ്ടും സെറ്റിയിൽ മുഖം അമർത്തിക്കിടന്നു....

കുഞ്ഞാക്കയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന്, സൂവോളജി ഒന്നാം വർഷം പി ജിയ്ക്ക് ചേരാനെത്തുമ്പോൾ, കോളേജിന്റെ വാതിലിൽ ഒറ്റയാൾ സമരം കണ്ട് മിസ്രിയ ചിരിച്ചതോർത്തു...കോളേജ് എൻ എസ് എസ് യൂണിറ്റ് വെട്ടിക്കളഞ്ഞ ശലഭോദ്യാനത്തിലെ അരളിമരങ്ങളും അതിൽ നിറഞ്ഞ പ്യൂപ്പകളുമായി ഒരുവന്റെ സമരം...
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞുവരുമ്പോൾ അവിടെ സമരക്കാരന്റെ പ്രഭാഷണം മിസ്രിയയെ പിടിച്ചു നിർത്തി...

"അരിസ്റ്റോട്ടിൽ പൂമ്പാറ്റകളെ ആത്മാവ് അഥവാ സൈക്കി എന്ന അർഥത്തിലാണ് വിളിച്ചിരുന്നത്..മരിച്ചുപോയ കുട്ടികളാണ് ശലഭമാകുന്നതെന്ന് ജർമ്മൻ ജനത വിശ്വസിക്കുന്നു...
മനുഷ്യജന്മം കഴിഞ്ഞാണ് ശലഭജീവിതമെന്ന് പുരാതന ഈജിപ്തും ഇന്ത്യയും വിശ്വസിക്കുന്നു...ഈ സേവകർ നശിപ്പിച്ചത് ഇന്ത്യയിലെ അപൂർവ്വയിനം *രത്നനീലികളെയാണ്, ലോകത്തിലെ കുഞ്ഞൻ ശലഭങ്ങൾ...." ശലഭവിജ്ഞാനം പൂർത്തിയാകും മുന്നേ കൂട്ടുകാരി അവളെ ക്ലാസിലേക്ക് നടത്തിച്ചു...അന്ന് അവൾ വീട്ടിലും തൊടിയിലും പൂമ്പാറ്റകളെത്തിരഞ്ഞു തല്ലാനുള്ള പൂച്ചെടിയില്ലാതെ...അടുത്ത ദിവസം സമരപ്പന്തലിൽ ശലഭജ്ഞൻ *സുവർണ ഓക്കില ശലഭത്തിന്റെ മുട്ടയിടൽ വിവരിക്കുമ്പോൾ മിസ്രിയയുടെ ഉള്ളിലും ഒരു കുഞ്ഞൻ പ്രണയമുട്ട വിരിയാൻ തുടങ്ങി...എൻ എസ് എസും കോളേജ് മാനേജുമെന്റും ചേർന്ന് ക്യാമ്പസിൽ നൂറ് അരളിച്ചെടികൾ വച്ചതിന്റെ പിറ്റേന്ന് അവർ ഒരുമിച്ച് ചെടികൾക്ക് തടം നനച്ചു...ക്ലാസ് പൂർത്തിയാക്കിപോകുന്നതിനിടയിൽ...
" സൂര്യനെ തൊട്ടുവരുന്നൊരു പൂമ്പാറ്റ  നിന്റെ തോളിൽ പറന്നിരിക്കട്ടേ, അവൻ ഇന്നും നാളെയും അപ്പുറവും സന്തോഷവും സമ്പത്തും കൊണ്ടുതരട്ടേയെന്ന" ഐറിഷ് ചിന്ത ഓട്ടോഗ്രാഫായി എഴുതിക്കൊടുത്തു.... കൂടെ ഗരുഡൻ ശലഭത്തിന്റെ ചിത്രവും..

നിക്കാഹിന്റെ തലേന്ന് രാത്രി ഒറ്റചുരിദാറുമായി അവൾ ഫൈറൂസിന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊന്നും മിണ്ടാതെ അവളെയും ചേർത്തുപിടിച്ച് നിലമ്പൂരിലേക്ക് വണ്ടികേറി, ആ യാത്രയിൽ
...കല്ലടയാറ്റിന്റെ തീരത്ത് പൂമ്പാറ്റയെ പിടിക്കാനോടിയ ആറുവയസുകാരനെ രക്ഷിക്കാൻ നോക്കി ആറ്റിൽ വീണുചത്ത ഉമ്മയുടെ അവ്യക്തമുഖവും, അടുത്ത ദിവസം വീട്ടിലിരുത്തി നാടുവിട്ട വാപ്പയും...മുറ്റത്തെ അയയിൽ ഉണക്കാനിട്ടിരുന്ന വെളുത്ത പുള്ളികളുള്ള ഉമ്മയുടെ കറുത്ത കൈലിമുണ്ടും, ഇളയാപ്പയുടെ വീട്ടിലെ അധികപ്പറ്റ് ജീവിതവും ഫൈറൂസ് വിവരിച്ചു....

പ്യൂപ്പ പൂമ്പാറ്റയാകുന്ന വേഗത്തിലായിരുന്നു... *തേക്ക് മ്യൂസിയത്തിലെ താത്കാലിക ജോലി സ്ഥിരമായതും, മിസ്രിയയ്ക്ക് കോ ഓപ്രേറ്റീവ് കോളേജിൽ ജോലികിട്ടിയത്, മിൻഹക്കുട്ടി ജനിച്ചതും, ഏഴാം നിലയിലെ ഈ ഫ്ലാറ്റ് വാങ്ങിയതും...

കഴിഞ്ഞ വേനലിയാണ്, ഒരു ശലഭപ്പുഴു ഫൈറൂസിന്റെ മനസ് കരണ്ടുതിന്നാൻ തുടങ്ങിയത്....ശലഭോദ്യാനത്തിലെ ചെടികളെല്ലാം കരിഞ്ഞു, പൂമ്പാറ്റകൾ വരാതെയായി...മ്യൂസിയത്തിലെത്തുന്നവർക്കുമുന്നിൽ ശലഭപ്പാർക്ക് ഒരു പുഴുചത്തപ്യൂപ്പപോലെയായി....
മ്യൂസിയത്തിന്റെ പരാതി രേഖയിൽ ശലഭപ്പാർക്ക് നിറഞ്ഞു...

"പൂവോ പൂമ്പാറ്റയോ ഇല്ലാത്ത ഇവിടെ എവിടാ നായിന്റെ മോനേ ശലഭോദ്ദ്യാനം..." എന്നാരോ ചുവരിൽ എഴുതിയിട്ടതിന്റെ പിറ്റേദിവസം മ്യൂസത്തിന്റെ ബോർഡ് മീറ്റിംഗ് അടിയന്തിരമായി ചേർന്നു...രണ്ടുമാസത്തെ സാവകാശം സൂപ്പർ വൈസറായ ഫൈറൂസിന് കൊടുക്കാനും, ഇല്ലെങ്കിൽ അത് ബാംബൂപ്പാർക്കിന്റെ ഭാഗമാക്കാനും തീരുമാനിച്ചു...

രാപ്പകലില്ലാതെ ചെടിവച്ചിട്ടും തടം നനച്ചിട്ടും ഒറ്റശലഭം പോലും വന്നില്ല...മ്യൂസിയത്തിൽ ഒഴിവുള്ള ദിവസം പാർക്കിന്റെ നാലുവശത്തും മൂത്രമൊഴിച്ച്. *മട് പട്ലിംഗിനായി എത്തുന്ന ശലഭങ്ങളെ കാത്തിരുന്നു, മ്യൂസിയത്തിൽ സ്റ്റഫുചെയ്തു സൂക്ഷിച്ചിരുന്ന അപൂർവ്വ ശേഖരമായ ശലഭങ്ങൾക്ക് പാർക്കിന്റെ ഒത്ത നടുവിൽ ചിതയൊരുക്കി...ശരീരം മുഴുവൻ തേൻ തേച്ചു പിടിപ്പിച്ച് ഫൈറൂസ് ശലഭങ്ങളെ കാത്തിരുന്നു...ഇതെല്ലം സഹപ്രവർത്തകരിലാരോ വീഡിയോയിലാക്കി വൈറലാക്കി....ബോർഡ് കൂടി പിരിച്ചുവിടാൻ കാത്തിരിക്കാതെ, ജോലി രാജിവച്ച് ഫ്ലാറ്റിനുള്ളിലൊതുങ്ങി...

...നാവു നിലത്തുചേർത്ത് സെറ്റിയിലേക്ക് ഇഴഞ്ഞു വരുന്ന ഫൈറൂസ് അവളെ ഓർമ്മകളിൽ നിന്നുണർത്തി....അവൾ അവനെ നോക്കിചിരിച്ചു. ആ ശലഭം
പതിയെ ചിറകടിച്ച് അവളുടെ  മടിയിലേക്ക് പറന്നിറങ്ങി....

മിൻഹയെ ഫാൻസി ഡ്രെസിനായി പൂമ്പാറ്റ വേഷം കെട്ടിച്ചപ്പോഴോ..കൊച്ചു ടീവിയിൽ ചിത്രശലഭങ്ങളുടെ ലോകം കാണാനിരിക്കുമ്പോഴോ, സ്ഥിരമായി തനിക്ക് ശലഭത്തിന്റെ ഡിസൈനുള്ള സാരിയും സ്റ്റഡും ബ്രായും പാന്റീസും തിരഞ്ഞെടുത്ത് തരുമ്പോഴോ...ഈ ഗരുഡശലഭത്തിന്റെ വളർച്ചയറിയാൻ അവൾക്ക് കഴിഞ്ഞില്ല....

ഇന്ന് കുഞ്ഞാക്ക പേടിച്ചുവിറയ്ക്കുന്ന മിൻഹയെ കാറിൽ കിടത്തി കൊണ്ടുപോകുമ്പോൾ പറഞ്ഞവാക്കുൾ....

."...ഇവനു മുഴുത്തവട്ടാ തള്ളയെ ആറ്റിൽ തള്ളിയിട്ട് കൊന്നിട്ട് ആറേഴുകൊല്ലം ഊളമ്പാറയിൽ കിടന്നതാ, തുണിയില്ലാതെ ജോലിസ്ഥലത്ത് നടന്നതിന് ഇവനെ പിരിച്ചു വിട്ടതാ..ഇനിയുള്ള കാലം ചങ്ങലയ്ക്കിട്ടോ അതാ നിനക്ക് നല്ലത്....
നിന്നെ ശലഭൻ കൊണ്ടുപോയി ഇവളെ ഞാൻ കൊടുക്കൂല....."

പൊക്കിൾ ചുഴിയിലെ നനവ് അവളറിഞ്ഞു, അപ്പോഴും ശലഭത്തിന്റെ മുഖത്ത് നേർത്ത ചിരി....
മുഖം അമർത്തി ഒന്ന് ചുംബിച്ചിട്ട് ബാൽക്കണിയുടെ വാതിൽ അവൾ മലർക്കെ തുറന്നിട്ടു....

സന്തോഷത്താൻ ആ ഗരുഡൻ ശലഭം ചിറകുവിരിച്ച്, അവൾക്കു ചുറ്റും മൂന്നു വട്ടം പറന്നു നടന്നു...
എന്നിട്ട് ഏഴാം നിലയിൽ നിന്ന് അകലെയുള്ള കുന്നിലേക്ക് മടക്കമില്ലായ്മയുടെ മൈഗ്രേഷൻ നടത്തി...

മിസ്രിയുടെ വയറ്റിലപ്പോൾ ഒരു രത്നനീലി ഇളകാൻ തുടങ്ങി....
രത്നനീലിക്ക്
തൊട്ടിലിടാൻ ഉറപ്പിച്ചിരുന്ന കമ്പിയിൽ  മിസ്രിയയുടെ
തണുത്ത പ്യൂപ്പ തൂങ്ങിക്കിടന്നു....!!

1, ഗരുഡൻ ശലഭം - ഇന്ത്യയിലെ വലിയ ഇനം ശലഭം

2, രത്നനീലി, ഇന്ത്യയിൽ മാത്രം കാണുന്ന കുഞ്ഞൻ ശലഭം

3, സുവർണ ഓക്കില- സുന്ദരിയയായ ഒരിനം ശലഭം

4,തേക്ക് മ്യൂസിയം നിലമ്പൂർ

5, മട് പട്ലിംഗ് - മണ്ണിലെ ലവണാംശം പൂമ്പാറ്റകൾ കൂടിയിരുന്ന് വലിച്ചെടുക്കുന്ന രീതി...

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment