Tuesday 29 August 2017

ഞാവൽത്വാലാഖ്

ഞാവൽത്വലാഖ്..!!
(കഥ കെ. എസ്. രതീഷ്)

"ഡിയർ ഫ്രെണ്ട്സ് ഇന്നത്തെ കോടതിവിധി എല്ലാരും അറിഞ്ഞല്ലോ..നമ്മളിന്ന് 'പറയാം പാടാം' ചർച്ചചെയ്യുന്നവിഷയം മുഖ്ത്വലാഖിന്റെ സുപ്രീം കോർട്ട് വിധിയെക്കുറിച്ചാണ്.
നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാൻ പറയുപാടൂവിലേക്ക് വിളിക്കൂ, വിളിക്കേണ്ട നമ്പർ മറക്കണ്ട, 9449449663...ബ്ലാക്ക് എഫ് എം 99.99 ന് വേണ്ടി
നിങ്ങളുടെ  സ്വന്തം ആർ ജെ ജീവൻ ജോയ്....കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ..."

"വിളക്കുകൊളുത്തിവരും അറബുകഥകളുടെ സുബർഗമൊരുക്കിവരും സുൽത്താനായ്....

ചുരമിറങ്ങുന്നതിനിടയിൽ സ്റ്റീരിയോയിൽ സ്റ്റേഷൻ മാറ്റിക്കൊണ്ട് സ്വാലിഹ് മനസിലോർത്തൂ....

ഈ പൊട്ടനിതെന്താപറയണത്, ത്വാലാഖിനെക്കുറിച്ച് ഈ നാട്ടാർക്ക് എന്തറിയാന്നാ.
എന്റെ ഉപ്പ ഉമ്മയെ ഒരായിരം തവണ ത്വലാഖ് ചൊല്ലീട്ടുണ്ട്.
ബീഡിവാങ്ങാൻ കാശില്ലാത്തപ്പോൾ ഉമ്മാടെ പേഴ്സിലും പെട്ടീലും തപ്പും...അതിന്റെ പേരിൽ വഴക്കാവും...കൂടെ ത്വലാഖും...

"കള്ള സൂറേ അന്നെ ഞമ്മള് ത്വലാഖ് ചൊല്ലീക്കണ് ഇപ്പൊ എറങ്ങിപ്പോണം ഈ പൊരേന്ന്, ജ്ജ് അന്റെ കുടീക്ക് പോ..."

എന്നിട്ടെന്താകാൻ മരിക്കണേന്റെ തലേന്നും അരയ്ക്ക് കീപ്പോട്ട് തളർന്നു കിടന്ന ഉപ്പാടെ മൂത്രസഞ്ചിയെടുക്കാൻ വന്ന ഉമ്മയെ  മൊഴിചൊല്ലി....കണ്ണുനിറച്ച് കരളിൽ ക്യാൻസറുള്ള ഉമ്മ കടന്നുപോകും...

എതിരേവന്ന ബൈക്കുകാരനെ രക്ഷിക്കാൻ കാറ് ബ്രേക്കിടേണ്ടിവന്നു...

ത്വലാഖിനെ ഹദീസ് അവതരിപ്പിക്കണത് പ്രായോഗികമായ ഒരു തരത്തിൽ, സമുദായത്തിൽ നടക്കണത് പലതരത്തിൽ, അതിനെക്കുറിച്ച് നാട്ടുകാരറിയണത് വേറേതോതരത്തിൽ...

സഫിയമായീടെ കാര്യം നോക്കിയാലോ..
, ഓരോപെൺകുട്ടീനെ കിട്ടുമ്പോഴും ജമാലിക്ക അവരെ മൊഴിചൊല്ലും.
അങ്ങനിപ്പൊ നാലാ മക്കള്, നാലും പെണ്ണ്.
അതിലും രസാ കുഞ്ഞാണികാക്കാടെ കാര്യം...ദുബായീലാർന്നപ്പോൾ ആരൊക്കെയോപറഞ്ഞതുകേട്ട്
വാട്സ് ആപ്പിൽ വോയിസ് മെസ്സേജായിട്ടാ വാരിസയെ ത്വലാഖ് ചൊല്ലിയത് നാട്ടിലെത്തിയപ്പോൾ വാരിസയെക്കണ്ടപ്പോൾ, കുഞ്ഞാണിക്കാക്കയ്ക്ക് പഴേ ഓർമ്മകളൊക്കെ വന്നു, വാരിസയോടുതോന്നിയ  ദേഷ്യോം തീർന്നു കാക്കയ്ക്കിപ്പോൾ
ഓളെ വേണം..അതിന് മറ്റാരെങ്കിലും ഓളെ നിക്കാഹ് കഴിക്കണം, ന്നിട്ട് മൊഴിചൊല്ലിക്കണം അതിന് മുക്രിയെക്കൊണ്ട് ,

"നിങ്ങള് ഓളെ തൊടല്ല്, അടുത്തീസം തന്നെ ഓളെ ഒഴിയണം"
എന്നകരാറിൽ നിക്കാഹ് ചെയ്യിച്ചു...എന്നിട്ടിപ്പൊ മുക്രി ജന്മം ചെയ്താൽ ഒഴിയൂലാന്നായി...കുഞ്ഞാണികാക്ക  മുക്രീടെ പിന്നാലെ
" നിങ്ങളോളെ തൊട്ടീനാ, നിങ്ങളോളെ ഒഴിഞ്ഞാണീം മുക്രീന്നും " പറഞ്ഞ് നടപ്പാണ്...വാരിസയ്ക്ക് വയറ്റിലായി എട്ടുമാസം കഴിഞ്ഞിട്ടും അതേ നടപ്പുതന്നെ....ഇത് കണ്ട് ചിരിക്കാൻ നാട്ടാരും...

മറ്റേ കിളിച്ചുണ്ടൻ മാമ്പഴം സിനിമേല്
ചേക്കൂട്ടി സായ്വിന്റെ മോൻ ഉമ്മറിനെ അബ്ദുകൊല്ലണത് കണ്ടെന്ന് സൈനബ
കള്ളസാക്ഷിപറഞ്ഞോണ്ടല്ലേ, പ്രാണൻപോലെ   പ്രണയിച്ച അബ്ദൂനെ വിട്ട്  ആമിന മൊയ്ദൂട്ടി ഹാജിയെ കെട്ടിയത്, ജയിലിന്ന് വന്ന ഹംസയും കുഞ്ഞമ്മഹദും കൂടി കല്ലായിപ്പുഴേടെ തീരത്തിട്ട് അബ്ദൂനെ കൊല്ലാൻ നോക്കീതും, ഉമ്മറിന്റെ വാപ്പതന്നെ ആ കുറ്റം ഏറ്റതും..അബ്ദുനെ സംശയിച്ചതിൽ ഒരുതവണ മാപ്പ് പറയാൻ കേണപേക്ഷിച്ച ആമിനയെ സൂര്യനെ സാക്ഷിയാക്കി മൊയ്ദൂട്ടിഹാജി മൂന്നുവട്ടം ത്വലാഖ് ചൊല്ലിയതുമല്ലേ നാട്ടുകാരായ നിങ്ങൾക്കും അറിയൂ അതൊന്നും ശര്യല്ല....

എതിരേവന്ന പോലീസ് ജീപ്പ് മുട്ടിമുട്ടീലാന്ന് കടന്നുപോയി...
സ്വാലിഹ് സ്റ്റീരിയോയിൽ സ്റ്റേഷൻ മാറ്റി....
"ഒന്നാം കിളി പൊന്നാം വന്നാങ്കിളിമാവിന്മേൽ....
സ്വാലിഹിന് ചിരിവന്നു, ഞാനിപ്പോൾ ഈ സിനിമാക്കഥയോർത്തതേയുള്ളൂ....

ബത്തേരീലേ എസ്റ്റേറ്റിൽ റഷീദിക്കയേയും കൂട്ടുകാരെയും ഇറക്കിവിട്ട്, സൈനുത്താത്തേടെ അനിയന് കാറ് കൊടുക്കാൻ പോണതാ പന്തലൂർ നാടുകാണിവഴി വഴിക്കടവിലേക്ക്...
കഴിഞ്ഞ ആഴ്ച്ചയിലെന്താർന്നു..
കാശുള്ളോർക്ക് പടച്ചോനെ ഭയം കുറയുന്നാ തോന്നണത്...വണ്ടീം കൊണ്ടിറങ്ങിയപ്പോ...
"സ്വാലിഹേ മുത്തേ ഇക്കാനെ ചതിക്കല്ലേ? അന്റെ റഷീദിക്കയല്ലേ.." ഇക്കാനേം പറഞ്ഞിട്ടെന്താ കാശിങ്ങനെ വന്നു കൂടേല്ലേ....

നിരത്തിൽ ഒറ്റജീവിയില്ല...
കോടമഞ്ഞ് മൂടീട്ട് ചെക്ക് പോസ്റ്റിൽ പോലും ആളില്ല...എത്രതവണ പോയ വഴ്യാ തെറ്റൂലാ...അതിനിടയിൽ ബസ്റ്റോപ്പിൽ നിക്കണ സ്ത്രീ വണ്ടിക്ക് കൈകാണിച്ചോന്ന് ഒരു സംശയം...വണ്ടി അല്പം പിന്നോട്ടെടുത്തു...ഇരുപതിനടുത്തുള്ള ഒരുപെണ്ണ്.."നാടുകാണി പോണതീവഴിയല്ലേന്ന്" ചോദിക്കും മുന്നേ അടുത്ത് ഒരു കല്ലിലിരുന്ന് കളിക്കണ രണ്ടര വയസ് തോന്നിക്കണ കുട്ടിയെ പിൻ സീറ്റിലിരുത്തി അവൾ മുൻ സീറ്റിലേക്ക് കേറിയിരുന്നു...ഡോറടച്ചതും കാറിനുള്ളിൽ വിയർപ്പിന്റെയും മുഷിപ്പിന്റെയും കലർന്ന ഗന്ധമുണ്ടായി...സ്വാലിഹ് പതിയെ ഗ്ലാസുകൾ താഴ്ത്തി...
"ഏ സി എനിക്കും ശീലോല്ല ചിലപ്പോൾ ചർദ്ദിക്കും ഇതിപ്പൊ നന്നായി..."
സ്വാലിഹിന്റെ ഉള്ളിലൂടെ കൊള്ളിയാൻ കടന്നുപോയി...

മുപ്പത്തിമൂന്ന് ലക്ഷത്തിന്റെ വണ്ടിയാണ്, രജിസ്സ്റ്റ്രേഷൻ ആയിട്ട് ഒരാഴ്ച്ച, 786 നമ്പരൊപ്പിക്കാൻ ഒന്നര ലക്ഷാ അളിയാക്കപൊടിച്ചത്..അതിലെങ്ങാനും ചർദ്ദിച്ചാലോ...
റിവേഴ്സ് കണ്ണാടിയിലൂടെ നോക്കുമ്പോൾ ആ കുട്ടി അതിനുള്ളിൽ ചിതറിക്കിടക്കണ മിക്സ്ച്ചറിന്റേം പോപ്പ്കോണിന്റേം തുണ്ടുകൾ പെറുക്കിത്തിന്നുന്നു...പോപ്പ് കോണിന്റെ ഒരു കഷ്ണം കാൽ വിരലുകളിൽ എടുത്ത് വായിലിട്ടു...സ്വാലിഹിന്റെ മുഖത്തെ വെറുപ്പിന്റെ പേശികൾ വലിഞ്ഞു....

"വിശന്നിട്ടാ സാറേ ഇന്ന് രണ്ടായി അത് വല്ലോം തിന്നിട്ട്....അതാ"

റോഡിന്റെ വശത്ത് കുട്ടികൾ കവറുകളിൽ ഞാവൽപ്പഴങ്ങൾ നിറച്ച് നിൽക്കുന്നു.സ്വാലിഹ് കാറ് പതിയെ നിർത്തി രണ്ട് മൂന്ന് കുട്ടികൾ ഓടിവന്നു.പോക്കറ്റിൽ നിന്ന് നൂറുരൂപയെടുത്ത് അവളുടെ നെഞ്ചോടുരച്ച് കുട്ടികൾക്ക് കൊടുത്തു..രണ്ട് കവറുവാങ്ങി..

"ഇതൊന്ന് ഉറങ്ങീട്ട് എന്തുവേണേലും ചെയ്തോ സാറേ..." സ്വാലിഹിന്റെ കൈവിറച്ചു.ഒരു കവർ കുട്ടിക്ക് കൊടുത്ത് മറ്റേത് രണ്ടാൾക്കും ഇടയിൽ വച്ചു.
കുട്ടി തിന്നണതും കുരു നിലത്ത് തുപ്പണതും ശ്രദ്ധിക്കാതെ സ്റ്റിയറിംഗിലും ഞാവലിന്റെ കവറിലും സ്വാലിഹിന്റെ കൈകടന്നു...ഇടക്കിടേ കവറിനുള്ളിൽ കൈവിരലുകൾ തമ്മിലുരഞ്ഞു.ഞാവലും ഡ്രൈവിംഗും ഒരുമിച്ചാകില്ലാന്ന് തോന്നിക്കും വിധം കാറിന്റെ നിയന്ത്രണം ഇടയ്ക്ക് തെറ്റിച്ചു.അതറിഞ്ഞിട്ടാകണം ഇടയ്ക്ക് ഒന്നുരണ്ടുതവണ അവൾ വായിലേക്ക് വച്ചുകൊടുത്തു.

"എവിടേക്കാ എന്താ നിന്റെ പേര്.."

"ഫിദ, ചന്തക്കുന്നിടത്താ വീട്.."

"ഇവിടെന്താ? ഇത് തന്നേ ഏർപ്പാട്...?"

"ഗതികെട്ടിട്ട, നലഞ്ച് മണിക്കൂറായി അവിടെ നിൽക്കുന്നു..മലപ്പുറം ബസീന്ന് ഇറക്കിവിട്ടതാ..ഇനീപ്പോ ചന്തക്കുന്നിലേക്ക് പോയിട്ടും ഒന്നൂല്ലാ എന്നാലും പോണം, പ്ലസ്റ്റൂന് പഠിക്കുമ്പോൾ ഉപ്പാകൊണ്ടുവന്നതാ ഷെഫീക്കിന്റെ ആലോചന, നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് ഉപ്പാടൊപ്പം ഷെഫിക്കും പോയി..എന്നെ ഇത്താടെ വീട്ടിലാ നിർത്തീത്, കത്തൂല്ലാ, വിളിയൂല്ലാ, കാശൂല്ലാ,...പിന്നറിഞ്ഞത് വയനാട്ടിൽ വേറൊരുത്തീടൊപ്പാന്ന്...പള്ളിലേക്ക് ഒരു കത്ത് കൊടുത്തുവിട്ടു, എന്നെ മൊഴിചൊല്ലീന്ന്..ഈ കുട്ടി ഷെഫീക്കിന്റെ അല്ലാത്രേ..മൂന്ന് വല്യമക്കളൊള്ള ഒരുത്തീടൊപ്പാ ഇപ്പോൾ...ചോദിക്കാൻ ചെന്ന എന്നെ തല്ലി, തളർന്നു കിടന്ന എന്നെ ഒരു  ഓട്ടോക്കാരനാ ബത്തേരി സ്റ്റാൻഡിലെത്തിച്ചത് ഇന്നലെ രാത്രി അവിടാർന്ന്..ഇന്ന് ഉച്ചയ്ക്ക് ഒരു ബസിൽ കേറി, കാശില്ലാഞ്ഞിട്ട് ഇവിടിറക്കിവിട്ടൂ..ഈ വണ്ടീല് കെ എൽ കണ്ടിട്ടാ കൈനീട്ടീത്...വണ്ടീൽ ഗോൾഡൻ ഫർണിച്ചറെന്ന് കണ്ടാർന്നു.ചന്തക്കുന്നിലും നിങ്ങക്ക് കടയില്ലേ...?"

ഇത്തവണ വായിലേക്ക് നീട്ടിയ ഞാവൽ സ്വാലിഹ് കൈനീട്ട് വാങ്ങി...പിൻ സീറ്റിൽ കുട്ടി നല്ല ഉറക്കം കൈയും ചുണ്ടും വയലറ്റ് കലർന്നനീല നിറം...

"എന്താ മോന്റെ പേര്, ഇപ്പൊ എത്രായീ..."

"ഹഫീസ്,  ഈ കഴിഞ്ഞ റബിഉൽ അവ്വലിന് മൂന്ന് തികഞ്ഞു..."

ആ കിടപ്പുകണ്ട് രണ്ടാളും ചിരിച്ചു...അവൻ നാവ് പുറത്തേക്ക് കാണിച്ചു...അവളും കൂർത്ത ചെറിയ നീലയായ നാവ് കാണിച്ചു...

"എന്തേലും കഴിക്കാൻ പന്തല്ലൂരെത്തണം..."
ഉം, ആശ്വസത്തോടെ അവളൊന്ന് മൂളി...

സ്വലിഹിന്റെ ഫോൺ മുഴങ്ങി..കാറ് വശം ചേർത്തു നിർത്തി പുറത്തിറങ്ങി സംസാരിച്ചുകൊണ്ടിരിക്കേ...ഫിദ കാറിനുള്ളിൽ ഹാഫിസ് തുപ്പിക്കൂട്ടിയ ഞാവൽക്കുരുക്കൾ  പെറുക്കിക്കളയുകയായിരുന്നു...

"ഫിദയ്ക്കിന്ന് ചന്തക്കുന്ന് പോണോ...?നാടുകാണീല് മരം വീണ് ബ്ലോക്കാണ് നല്ല കോടയും ഞാൻ  ഗൂഡല്ലൂര് റൂമെടുക്കാറാണ് പതിവ്..."

"മൂന്ന് ദിവസായിട്ടും ഈ ഫോണിലേക്ക് ഒരു മിസ് കോളുപോലും വന്നിട്ടില്ല, ഇനിപ്പൊ ഒരീസം കഴിഞ്ഞാലും വരൂന്ന് തോന്നണില്ല, സിംഗിൾ ആക്കണ്ട ഡബിൾ തന്നെ എടുത്തോ, കഴിക്കാൻ എന്തേലും വാങ്ങിത്തരണം കുറച്ചുനേരം കിടക്കണം.."

ഗൂഡലൂർ ഗ്രാന്റ് ഹോട്ടലിലേക്ക് കാറുതിരിഞ്ഞപ്പോൾ റിസ്പഷനിലെ ചെക്കൻ എണീറ്റുവന്ന് സ്വീകരിച്ചു...കാർ പാർക്കുചെയ്ത് ഡബിൾ സ്യൂട്ടും എടുത്തുകഴിഞ്ഞപ്പോൾ ഹഫീസിനെയും എടുത്ത് അവൾ വന്നു.. റസ്റ്റോറന്റിൽ ചപ്പാത്തിയും ചിക്കങ്കറിയും ഹഫീസിനെക്കാൾ ആർത്തിയോടെ ഫിദകഴിക്കുന്നത് കണ്ടു..റൂമിലെത്തിയപ്പോൾ ഹഫീസ് വീണ്ടും ഉറക്കം തുടങ്ങി.. അവൻ
കുളിച്ചുവരുമ്പോൾ,

"എനിക്കൊരു മാക്സി വാങ്ങിത്തരുമോ ബാക്കിയെല്ലാം മുഷിഞ്ഞതാ നാറും.."

പുറത്തുപോയിവരുമ്പോൾ ഈറൻ മുടിയോടെ വാതിലിന്റെ പിന്നിൽ നിന്ന് മാക്സിവാങ്ങിധരിച്ചു...
ഹഫീസിന്റെ സമിപത്തായി കിടന്നു..
സ്വാലിഹ് അടുത്തിരുന്ന് ചോദിച്ചു...
"ഞാനെന്തെങ്കിലും ചെയ്താൽ കുഴപ്പാകോ..?"

"കാറിന് പകരം വല്ല തമിഴന്റേം ലോറിയായിരുന്നെങ്കിൽ ചാടിചാകാനായിരുന്നു ന്റെ പ്ലാൻ..."

സ്വാലിഹ് കട്ടിലിൽ കമഴ്ന്ന് കിടന്നുപോയി...
അല്പം കഴിഞ്ഞ്

"എനിക്ക് നിങ്ങടെ കടേൽ എന്തേലും ജോലി തരുമോ..
കംബ്യൂട്ടറൊക്കെ അല്പം അറിയാം, അടിച്ചുവാരാനൊക്കെ ആളുവേണോല്ലോ...കടേല്..?"

സ്വാലിഹ് ഒന്നുറക്കെച്ചിരിച്ചു...കട്ടിലിൽ ചാരിയിരുന്നു...

" ടീ പെണ്ണേ കഴിഞ്ഞ എട്ടുകൊല്ലായി ഞാനവിടത്തെ പണിക്കാരനാ, അതിന്റെ മൊതലാളിക്ക് ഊരുചുറ്റാൻ തോന്നിയാൽ ഡ്രൈവർ, ഇതിപ്പൊ വയനാട്ടില് കൊറേയവളുമാരുമായി അറുമാദിക്കാൻ വിട്ടിട്ട്, വഴിക്കടവിലേക്ക് പോണവഴിയാ...ഇന്ന് കാറെത്തിയാൽ സംശയിക്കൂന്ന് കരുതി ഇവിടെ റൂമെടുത്തോളാൻ അയാളാ പറഞ്ഞത്, അല്ലാതെ ബ്ലോക്കൂല്ലാ ഒരു കുന്തോല്ല...ഞാൻ മൊതലാളിം അല്ല..."
ഫിദ ചെറിയ ചിരിയോടെ അവനെ നോക്കി തിരിഞ്ഞുകിടന്നു...

"ഉപ്പ കഴിഞ്ഞ കൊല്ലം മരിച്ചു...ഉമ്മായ്ക്ക് കരളിൽ ക്യാൻസറാ...ഒരിത്താത്തയുള്ളത് ഇതേമട്ടാ അളിയാക്ക വരും വയറ്റിലാക്കും വീട്ടിൽ കൊണ്ടാക്കും...നിന്റെ അതേ അവസ്ഥയാ ഒരുത്തവണ മൊഴിചൊല്ലി ഒരാളെക്കൊണ്ട് കെട്ടിച്ചു...എന്നിട്ടയാളെക്കൊണ്ട് മൊഴിചൊല്ലിച്ചു...പിന്നേം നിക്കാഹ് നടത്തി ഇപ്പൊ വീണ്ടും ചൊല്ലി...
മാസത്തിൽ രണ്ട് തവണ ഉമ്മയേം കൊണ്ട് തിരുവനന്തപുരത്ത് ആർ സി സിൽ പോകണം, എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റൂലാ, ഇതൊക്കെ കാരണം ഒരു പെണ്ണും കെട്ടീല ഇപ്പൊ മുപ്പതായി.
നീ
ചന്തക്കുന്ന് പോകണ്ട, കടേല് ബില്ലടിക്കാൻ നിക്കണപെണ്ണ് പോകാൻ നിക്കുവാ ഞാനായിട്ട് പിടിച്ചു നിർത്തീതാ....
വരുന്ന ബുധൻ ഉമ്മയെ കൊണ്ടുപോകണം കൂടെ നീയും പോരൂ...
കീമോ കഴിഞ്ഞ ഉമ്മാടെ കൂടെ ഒരാളുവേണം...
എനിക്കും ഉമ്മപോയാൽ ആരെങ്കിലും വേണ്ടേ...?

"നീ തീവണ്ടീൽ കേറീട്ടുണ്ടോ പെണ്ണേ..?
ഹാഫിസിനെ നമുക്ക്  മൃഗശാലകാണിക്കണം,
നമുക്ക് ഭൂമിമുഴുവൻ പരന്നുകിടക്കണ കടലുകാണണം..
അവർ തമ്മിൽ ചിരിച്ചു,
അവരുടെ ചിരിക്കുള്ളിൽ ഒരു കടലുണ്ടായിരുന്നു അതിന്  ഞാവലിന്റെ വയലറ്റുകലർന്ന നീല നിറമായിരുന്നു...!!

കെ. എസ്. രതീഷ്
(ഗുൽമോഹർ009)

No comments:

Post a Comment