Tuesday 19 March 2019

കെ എൻ എച്ച് 0326..!!

കെ എൻ എച്ച് 0326..!!

എത്രയും വേഗം  ആദ്യ നോവൽ  പൂർത്തിയാക്കാനായിരുന്നു എന്റെ  ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാൻ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നിൽ വന്നിരിക്കുന്ന അവരുടെയരികിൽ ഞാൻ ഡയറിയുമായിരിക്കും. അന്നന്ന് എഴുതി തീർക്കേണ്ട അദ്ധ്യായത്തിന്റെ വിവരങ്ങൾ അവരറിയാതെ അവരെക്കൊണ്ട് പറയിക്കും. അവരങ്ങനെ ഓർമ്മകളിലൂടെ പറഞ്ഞുമ്പോൾ എന്റെ ഭാവന അവിടെയെല്ലാം കഥാമുഹൂർത്തങ്ങൾ തിരയും..

ഇന്ന് കാര്യങ്ങൾ ആകെ താളം തെറ്റിയിരിക്കുന്നു. എന്റെ രണ്ട് മക്കളെയും ആറ്റിൽ കുളിപ്പിച്ചാൽ മതിയെന്ന് അമ്മ  ഭാര്യയോട് കട്ടായം പറഞ്ഞു.
പോരാത്തതിന് എന്റെ ചങ്ങാതിയുടെ  പഞ്ചർ കടയിൽ നിന്ന്  കാറിന്റെ രണ്ട് ട്യൂബ് സംഘടിപ്പിച്ച് മക്കളെ നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങി.
നെയ്യാറിലെ ചെളിനിറഞ്ഞ തണുത്ത വെള്ളത്തിൽ മക്കൾ കുത്തിമറിയുന്നത് കണ്ടിട്ടും എതിർക്കാൻ കഴിയാതെ ഭാര്യ കരയിൽ നിന്നു. അതിന്റെ പേരിൽ അമ്മായിയും മരുമകളും ചെറിയ തർക്കം  നടന്നിരിക്കുന്നു. പരിഹാരമെന്ന നിലയിൽ  നാളെത്തന്നെ സ്വന്തം വീട്ടിൽ പോകാണമെന്ന വാശിയിലാണ്‌ അവൾ..

പ്രശ്നം അവതരിപ്പികണാമെന്ന് ആഗ്രഹിച്ച് ഞാൻ മുന്നിൽ ചെന്നപ്പോൾ തന്നെ അമ്മ നയം വ്യക്തമാക്കി..

"നിന്നെ ഈ ആറ്റിലിട്ട് നീന്താൻ പഠിപ്പിച്ചത് ഈ ഞാനാണെങ്കി നിന്റെ മക്കളെയും പഠിപ്പിക്കും, അതു കഴിയും വരെ ഇവിടെ ആരും ഒരടത്തും പോകുല"

അമ്മയും അമ്മാമ്മയും ഇന്ന് നല്ല ഫോമിലാണ്. ഭൂതകാലത്തിന്റെ മലനിലകളിൽ നിന്ന് ഓർമ്മകൾ കുത്തിയൊഴുകി വന്ന് നിറയുന്നു...
നോവലിന്റെ നാലഞ്ച് അദ്ധ്യായങ്ങൾക്കുള്ളത് അവർ ഒഴുക്കി വിട്ടുകഴിഞ്ഞു. ഇനിയും അവർക്ക് മുന്നിൽ ഭാവനയുടെ ഒരണയുണ്ടാക്കാതെ വയ്യ. എന്നിട്ട് സൗകര്യപൂർവ്വം നോവലിലേക്ക് ഒഴുക്കി വിടണം. എന്റെ മൂത്തമകൻ അമ്മുമ്മയുടെ മടിയിലുരുന്ന് ഒന്ന് തുമ്മിയപ്പോൾ ഭാര്യയുടെ  തോളിൾക്കിടന്ന് ഉറങ്ങാൻ തുടങ്ങിയ  ഇളയകുട്ടി ഒന്ന് അനങ്ങി.ഭാര്യ അവനെയും അമ്മയെയും മാറി മാറി നോക്കി. ഇതിനിടയിൽ ഞാനെങ്ങനെയാണ്  അവരുടെ ഓർമ്മകളിൽ  നുഴഞ്ഞ് കയറി എന്റെ  നായകന്റെ ബാല്യത്തിലേക്ക് തിരിച്ചുവിടുന്നത് ?
ഇങ്ങനെ ചിന്തിച്ചപ്പോൾത്തന്നെ അമ്മ
ആ കാലത്തിലേക്ക് ഒരു യൂടേണെടുത്തു..

"നാല് വയസ്സില് ഹോമില് പോകണത്തിന്റെ തലേന്ന് നീ കാഞ്ചീമൂട്ടിലെ
ചാക്രി ജോസപ്പിന്റെ വീട് തൊട്ട്  പന്തയിലെ സകലവീട്ടിലും ചെന്ന് 'മാമീ ഞാൻ ഹോമീപ്പോണേന്ന്' പറഞ്ഞ്. അന്ന് അവരെല്ലാം നെനക്ക് ഒന്നും രണ്ടും രൂപ വച്ച് തന്ന്. കൊല്ലത്തെ ഹോമീന്ന് നിന്നെ ചേർക്കാൻ കാർഡ് വന്നപ്പോ ഞാനെന്ത് മാത്രം ദൈവത്തിനെ വിളിച്ചെന്നാ നീയും
കൂടെ ആയാൽ രണ്ട് പിള്ളേര് എവിടെയെങ്കിലും വല്ലതും തിന്ന് കെടക്കുമല്ലാ.."

ഈ ഭാഗമാണ് ഇന്നെനിക്കെഴുതേണ്ടത്. ഡയറി എടുക്കാൻ പോയാൽ ഒരുപക്ഷേ...?
ഭാര്യയും അമ്മയുടെ പറച്ചിലിൽ ലയിച്ചിരിക്കുന്നു.
ഞാൻ അന്ന് വീടുകളിൽ ചെന്ന് പറഞ്ഞ സീനുകൾ ഞാൻ  ഓർത്തുനോക്കി. എല്ലാവീട്ടിലേക്കും അമ്മ അന്ന് എന്നെ പറഞ്ഞ് വിട്ടതിലും ചില കാരണങ്ങളുണ്ട്..

ആറ്റിന്റെ കരയിലോ,ആനത്തടി മുക്കിലെ
തൊമ്മൻ പുളിച്ചി മാവിന്റെ ചുവട്ടിലോ,  വയലിലോ ഞങ്ങളെ കണ്ടില്ലെങ്കിൽ ഈ  നാട്ടുകാർ സംശയിക്കും പിന്നെ അവർ ചിലത് ഭയക്കും...

"ഇന്ന് കടവത്തിന്റെ പിള്ളാരെ കാണനില്ലല്ലാ
ആ വിജയമ്മപ്പെണ്ണ് വല്ല കടുങ്കയും കാണിച്ചാന്താരി..."

അപ്പൻ ഞങ്ങളെ ഉപേക്ഷിച്ച് പോയതിൽ പിന്നെ അമ്മയ്ക്ക് മനസിന് ഒരല്പം പ്രശ്നമുണ്ടായിരുന്നു.
വീട്ടുകാരെ ധിക്കരിച്ച് അപ്പന്റെ ഒപ്പം ഇറങ്ങിപ്പോയതുകൊണ്ട് അമ്മയുടെ സഹോദരങ്ങളും തീരെ സഹകരിക്കുന്നില്ല...

ഒരു ദിവസം വിശന്നു കരഞ്ഞ ഞങ്ങൾക്ക് ഐസ്‌ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ്  കുളിപ്പിച്ച് ഒരുക്കി നെയ്യാർ ഡാമിലേക്ക് അമ്മ കൊണ്ടുപോയി.പോകുന്ന വഴിയിൽ പൊരിയും വാങ്ങിത്തന്നു അതും തിന്ന് നെയ്യാർ ഡാമിന്റെ മുകളിൽ ചെന്നിരുന്നിട്ടും അമ്മ ഐസ്‌ക്രീം വാങ്ങി തന്നില്ല..
കരഞ്ഞപ്പോൾ ഒരു കവർ പൊരി കൂടെ വാങ്ങിത്തന്നു. അതും തിന്നിരിക്കുന്ന ഞങ്ങൾ അറിയുന്നോ. മൂന്ന് മക്കളെയും പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്യാൻ  ആളൊഴിയുന്നതും കാത്താണ് ഈ അമ്മയിരിക്കുന്നതെന്ന്...

കൈയിലെ പൊരി തീർന്നപ്പോൾ ഐസ്ക്രീംകാരനെ നോക്കി ഞാൻ കരയാൻ തുടങ്ങി. എന്റെ
കരച്ചിലും അമ്മയുടെ ഇരിപ്പിന്റെ പന്തികേടും കണ്ടിട്ടാണ് ഒരു മനുഷ്യൻ കാര്യങ്ങൾ തിരക്കിയത്..ഞങ്ങൾക്ക് ഐസ്ക്രീമും വാങ്ങിത്തന്ന് അയാൾ കൈയിലിരുന്ന കറുത്ത് തടിച്ച പുസ്തകത്തിൽ നിന്ന് കുട്ടികളെ അനാഥാലത്തിൽ ചേർക്കാനുള്ള അപേക്ഷയുടെ ഫോറം പൂരിപ്പിച്ച് ഏല്പിച്ചിട്ട് പോയി..

" നിന്നാണേ മോളെ അന്ന് അയാള് വരാൻ ഇത്തിരിപ്പോരം താമസിച്ചെങ്കി ഇന്ന് നീ ഇവിടെ ഇരിക്കുവായിരുന്നോ...?
നിന്റെ കെട്ടിയവൻ കാണുമായിരുന്നാ ?
ഈ ഞാനാ...? അയാളെ പേരാ സ്ഥലമാ ഞാൻ ചോയിച്ചില്ല. പോകാൻ നേരം കൈയില് ഒരു നൂറ് രൂപയും തന്ന്.മിനിപ്പെണ്ണിന് ആറ്റിങ്ങലെ ഹോമില്  കിട്ടി രണ്ട് മാസം കഴിഞ്ഞ് കൊല്ലത്തെ ഹോമീന്ന് നിന്റെ കെട്ടിയോനുള്ള  കത്ത് വന്ന്...നില്ലേ ഞാനിപ്പം അത് കാണിക്കാം..."
ഇപ്പോൾ കഥ പറച്ചിൽ അമ്മയും മരുമകളും തമ്മിലാണ്.ഞാൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ആകാശത്തേക്ക് നോക്കിയിരുന്നു. അമ്മ തെളിവ് പ്രദർശിപ്പിക്കാൻ അലമാരയിൽ കത്ത്  പരതുന്ന ശബ്ദം കേൾക്കാം. എവിടെ കിട്ടാൻ ഈ നോവൽ പദ്ധതിയിട്ടപ്പോൾ തന്നെ അതൊക്കെ മോഷ്ടിച്ച്
എന്റെ എഴുത്തുമുറിയിലേക്ക് മാറ്റിയിരുന്നു..
പോസ്റ്റ് കാർഡ് തിരഞ്ഞ് നിരാശയോടെ അമ്മ അവളുടെ മുന്നിൽ വന്നിരിക്കുമ്പോൾ ഞാൻ ആ കാർഡിലെ വരികൾ ഓർത്തു...

പ്രിയ രക്ഷകർത്താവിന്,

താങ്കളുടെ മകന് സി എസ് ഐ ബാലഭവനിൽ പ്രവേശനം കിട്ടിയ വിവരം അറിയിക്കുന്നു.

എന്ന്
വാർഡൻ

എത്തിച്ചേരാനുള്ള വഴി:
തിരുവനന്തപുരത്ത് നിന്നും കൊല്ലം ബസ്സിൽ കയറി ചിന്നക്കട ഇറങ്ങുക.
അവിടുന്ന് ഓട്ടോയിൽ കയറി പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമീപം ഇറങ്ങുക.
ഫോണ് 0474-743106

 ഉജാല കുപ്പിയിൽ ഉണ്ടാക്കിയ വണ്ടിയും ഉരുട്ടി ഞാൻ പന്തമുഴുവൻ വിളിച്ചുപറഞ്ഞു..

" മാമീ ഞാൻ ഹോമീ പോണ്"
" എവിടെ മക്കളെ"

" കൊല്ലത്ത് മാമി"

" ഇനി എന്ന് വരും മക്കളെ"

"ക്രിസ് മസിന്"

"ഓ പോയി വാ മക്കളെ"

"ശരി മാമീ"

"ഇത്തിരി തൂരെ എങ്കിലും വിജയമ്മേലെ പിള്ളകള് വയറ് വീക്കെ വല്ലതും തിന്നുമല്ലാ,
ഇവിടെങ്കിൽ ആറ്റിൽ വീണ് ചാവേ ഒള്ളൂ"

റബ്ബറിന്റെ പാലെടുക്കുന്നതിനിടയിൽ സുശീലയാന്റി ഇതു പറഞ്ഞതിനും കാരണമുണ്ട്.
വാലിൽ ചുവപ്പുള്ള തുമ്പിയെപ്പിടിക്കാൻ ആറ്റിന്റെ കരയിലെ കല്ലുകെട്ടിലൂടെ ഓടിയ ഞാൻ ആറ്റിലേക്ക് വീണു..

"നിനാണെ മക്കളെ ഞാൻ നോക്കുമ്പ
മിണിപ്പെണ്ണ ആറ്റിൽ നോക്കി കരയണ്
'മമ്മീ ദോണ്ടെ ചൂ ചൂ ആറ്റി ചൂ ചൂ..'
നിന്റെ കെട്ടിയോൻ,
ഈ കരിമൻ ആറ്റിലെ ചെളിവെള്ളത്തിൽ മുങ്ങിപ്പോണ്.
നിന്ന നിൽപ്പിൽ ഞാൻ എടുത്ത് ചാടി.
പിടി കിട്ടിയത് കാലിൽ കരയിൽ കൊണ്ടിട്ട് ഞെക്കിയപ്പോ ഇവൻ പറഞ്ഞതെന്തരെന്നാ..
മമ്മീ ഞാൻ വായും മൂക്കും ഇറുക്കി അടച്ചല്ലേ കെടന്നത് വെള്ളോന്നും കുടിച്ചില്ല.."

അമ്മയുടെ അഭിനയിച്ചുള്ള
പറച്ചിലിൽ അവൾക്ക് ചിരിവന്നു.
അവൾ എന്നെ പതിയെ കാലു നീട്ടി എന്നെ തൊട്ടു. ഇരുട്ടിൽ ആ കണ്ണിലെ നനവ് ഞാൻ കണ്ടു..

ഞാൻ അപ്പോൾ ആദ്യ കൊല്ലം യാത്രയിലായിരുന്നു.
കൊല്ലത്ത് പോകാൻ പന്ത-കാട്ടാക്കട ബസിൽ കയറിയത് മുതൽ ചിന്നക്കട വരെ ഞാൻ ഛർദ്ദിച്ചു. ചിന്നക്കടയിൽ നിന്ന് ഓട്ടോയ്ക്കുള്ള ദൂരമുണ്ടായിരുന്നില്ല. എന്നിട്ടും അമ്മ ഓട്ടോയിൽ കയറി...

ചർദ്ദി നാറ്റവും കൈയിൽ നീട്ടിപിടിച്ച  കത്തുമായി  നിൽക്കുന്ന അമ്മയെ കണ്ട് വാർഡന്മാർക്ക് വല്ലാതെ  തോന്നി. അടുക്കളയിൽ ചെന്ന് ഭക്ഷണം കഴിച്ചു വരുന്നതിനിടയിൽ. എന്നെ ചേർക്കാനുള്ള പേപ്പറുകൾ അവർ പൂർത്തിയാക്കിയിരുന്നു. അകത്തെ ഒരു വലിയ മുറിയിൽ പല പ്രായത്തിലുള്ള കുറെ കുട്ടികൾ ഒന്നിച്ചിരുന്നു ടീ വി കാണുന്നു.
ആദ്യമായി കളർ ടീ വി കാണുന്നതിന്റെ കൗതുകത്തിൽ ഞാനും അവർക്കൊപ്പം കൂടി.ശക്തിയുള്ള ഇരുമ്പ് മനുഷ്യന്റെ അത്ഭുത കഥ അയാളുടെ പറക്കലും ഇടിയും കണ്ട് ഞാനും അവർക്ക് ഒപ്പം കൈയടിച്ചു.
ഇടയ്ക്ക് വാഷിംഗ്‌ പൗഡർ നിർമ്മയുടെ പരസ്യം വന്നപ്പോൾ എനിക്ക് മിനിപ്പെണ്ണിനെ ഓർമ്മവന്നു. അമ്മയെ അവിടെങ്ങും കാണാനില്ല. അലറിക്കരഞ്ഞ് കെട്ടിടത്തിന്റെ നാലു കോണിലും ഓടി നടന്നു. പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചിരിക്കുന്നു. റോഡിലേക്ക് തുറക്കുന്ന ഗ്രില്ലിട്ട ജനാലകളിൽ എന്നെപ്പോലെ കരയാൻ നാലഞ്ച് പേരുണ്ട്..
ഒന്നു രണ്ട് ദിവസം കോറസ് പോലെ ഞങ്ങൾ കരഞ്ഞു.കരച്ചിലിൽ എങ്ങൻ തുടങ്ങിയാൽ പിന്നെ എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല..

" എടീ അന്ന് ഞാൻ നോക്കുമ്പ എന്റെ പിള്ള ടീവീല് നോക്കി എന്തരോകണ്ട് ചിരിക്കണ്. വയറൊക്കെ നല്ല വീത്തിരിക്കണ്.
ഒരുമ്മ കൊടുക്കാൻ പോയ എന്നോട് വാർഡൻ പൊയ്ക്കോളാൻ രഹസ്യമായി പറഞ്ഞു. ഞാനന്ന് എങ്ങനെ പന്തയിലെത്തിയെന്ന് ദൈവത്തിന് തന്നെ അറിയാം. തിരിച്ച് ചെന്ന് യെവനെ വിളിച്ചോണ്ട് വന്നാലൊന്ന് ബസിലിരുന്ന് പല തത്തി നിരൂവിച്ച് അതിനും കൈയി പൈസ വേണ്ടെ.."

ഇതു കേട്ട് അമ്മാമ്മ കണ്ണു തുടച്ച് ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

"നിങ്ങളിതെവിടെ പോണമ്മാ ഇത്തിരി കൂടെ ഇരിക്കീൻ" അമ്മ തടഞ്ഞിട്ടും അമ്മാമ്മ പോയി.ഉറക്കം തുടങ്ങിയ മകനെയും എടുത്ത് ഭാര്യയും കിടപ്പു മുറിയിലേക്ക് പോയിരുന്നു. കഥയിൽ ഞാനും അമ്മയും ബാക്കിയായി.
കൊല്ലത്തെ കഥകൾ ഞാൻ പറഞ്ഞു. ഞാനില്ലാത്ത നാളിൽ
നാട്ടിലെ കാര്യങ്ങൾ അമ്മയും..

"എന്തരായാലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷമായിരുന്നു. ഞാനും  നിന്റെ വാവയും ചത്താലും നീയും മിനിപ്പെണ്ണും ഒരു നെലയിൽ ആവുമല്ല.
അതിന്റെ എടയില് എറണാകുളതത്തെ മിഷൻ ആശുപത്രിയിലെ ഒരു മോളി ഡോക്ടറുടെ വീട്ടിൽ ഞാൻ ജോലിക്ക് പോയി. വാവയ്ക്ക് അന്ന് രണ്ട് പോലും തെകഞ്ഞില്ല.നല്ല ജോലിയെങ്കിൽ നിങ്ങളെ തിരിച്ച് കൊണ്ട് വരാന്ന് ചിന്തിച്ച് പോയതാണ്. വീട് തൊടയ്ക്കണം കാറ് കഴുവണം പിന്നെ മരുന്നും പിടിച്ച് ആ ഡോക്ടറിന്റെ പെറകേ നടക്കണം. ആ ആശുപത്രി കൊച്ചുങ്ങളെ കാണിക്കണതായിരുന്നു പിള്ളരെ കാണുമ്പ എനിക്ക് നിങ്ങളെ ഓർമ്മവരും. ഒരു
ദെവസം എന്റെ നെയന്ത്രണം പോയി മരുന്നും വലിച്ചെറിഞ്ഞ് നെലത്ത് കെടന്ന് ഉരുണ്ട്.
മൂന്ന് മാസത്തെ ചികിത്സയും കഴിഞ്ഞ് വന്നപ്പോ വാവയ്ക്ക് ഏതോ സംഘടനക്കാരുടെ മാസ സഹായം കിട്ടി.
അന്ന് ഈ നാട്ടിലൊള്ളോര് പറഞ്ഞത് എന്തരെന്നാ ഞാൻ സിനിമാ ഷൂട്ടിംഗിൽ പോയി കഞ്ചാവ് കുടിച്ചെന്ന്.എന്റെ അനിയത്തി എനിക്ക് പ്രാന്തെന്ന് ഈ നാട് മുഴുവൻ പറഞ്ഞ് നടന്ന്...
എന്നാലും ആ ഹോമിലെ കത്ത്കളൊക്കെ എവിടെപ്പോയാന്താരി
ഇതു കൊണ്ടാണ് നിന്റെ പിള്ളാരെപ്പോലും ആ അലമാരയിൽ ഞാൻ തൊടുവിക്കാത്തത്..."

അമ്മ കത്ത് തിരയാൻ മുറിയിലേക്ക് പോയി. എഴുത്തു മുറിയിൽ വന്നിരുന്ന ഞാൻ ആ കത്തിൽ നിന്ന് ഒരു ക്രിസ്തുമസ്  കാലത്ത്  അമ്മയ്ക്ക് വന്ന ഒരെണ്ണം വായിച്ചു...

പ്രിയ രക്ഷകർത്താവേ,

താങ്കളുടെ മകൻ കെ. എൻ. എച്ച്. നമ്പർ 0326 നെ ക്രിസ്തുമസിന്റെ അവധിക്ക് വീട്ടിൽ കൊണ്ടുപോകാൻ 14-12-1991 പകൽ പത്തുമണിക്ക് എത്തിച്ചേരേണ്ടതാണ്..

എന്ന്
വാർഡൻ

കുറിപ്പ്: ഓരോ കുട്ടിക്കും ക്രിസ്തുമസ് സമ്മാനമായി 365 രൂപ വീതം നൽകുന്നതായിരിക്കും..

നോവലിന്റെ മൂന്നാം അദ്ധ്യായത്തിൽ ചേർക്കാനുള്ളതൊക്കെ കുറിച്ചു കഴിഞ്ഞ്  കട്ടിലിൽ എത്തുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു.
അവളുടെ മുഖത്ത് വീഴുന്ന ഫോണിന്റെ  നീല വെളിച്ചം അവൾ ഉറങ്ങിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചു. അവളോട് ചേർന്ന്
തിരിഞ്ഞു കിടന്ന എന്നെ അവൾ പിന്നിലൂടെ കെട്ടിപ്പിടിച്ചു. കഴുത്തിന് പിറകിൽ നിറയെ ഉമ്മതന്നു. ചുംബന മറുപടിക്ക്
തിരിഞ്ഞ എന്റെ നെറ്റിയിലും ഉമ്മ തന്ന് അവൾ ചോദിച്ചു..

"മാഷേ കെ എൻ എച്ചെന്ന് പറഞ്ഞാലെന്താ..?"

"കിന്റർ നോട്ട് ഹിൽപ്പെ" അതൊരു ജർമ്മൻ വാക്കാ"

"ഓ അത് പൊട്ട്, മാഷിന്റെ മൂത്ത സന്തതി വെള്ളത്തിൽ കാണിക്കണ വേലകൾ കണ്ടാ ചിരിച്ച് ചാകും, എനിക്കും ഇപ്പൊ നീന്തണോന്ന് തോന്നണ്.."

ഞങ്ങൾക്കിടയിൽ കുളിരുറഞ്ഞ നെയ്യാർ വന്നു നിറയാൻ തുടങ്ങി.
പച്ചയായ മറുകരയിലേക്ക് പ്രണയാവേശത്തിൽ നീന്തി...!!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment