Saturday 9 March 2019

ലേ ഔട്ട്..!!

ലേ ഔട്ട്..!!

"നിന്റെയൊക്കെ കഥ എന്തോന്ന് സാംസ്കാരിക ഇടപെടലാണ് നടത്തണത് ?
ഇതൊക്കെ പുസ്തകമാക്കിയാൽ എന്റെ കേരള ബുക്സിന്റെ ക്രെഡിബിലിറ്റി എന്താകും? "

ചില പതിപ്പുകളിൽ അച്ചടിച്ച് വന്ന കഥകളുമായി ഒരിക്കൽ ഞാനയാളെ കാണാൻ ചെന്നിരുന്നു. ഒന്നുരണ്ട് പുസ്തകങ്ങൾ കാശ് കൊടുത്ത് അച്ചടിച്ചപ്പോൾ ഇനിയൊന്ന് മർത്യന്റെ കേരള ബുക്സിലൂടെ വരാൻ ഒരാഗ്രഹം തോന്നി. ഞാൻ കൊണ്ടു ചെന്നതിൽ നിന്ന് രണ്ടോ മൂന്നോ കഥവായിച്ച് എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് അന്ന് അയാള് അലറി വിളിച്ച കാര്യങ്ങളാണ് നിങ്ങള് ആദ്യം വായിച്ചത്.. അന്നെനിക്ക് അയാളോട് വല്ലാതെ വെറുപ്പ് തോന്നി.ഓഫീസിൽ നിന്നിറങ്ങിപ്പോരുമ്പോൾ അവിടെ കൂട്ടിയിട്ടിരുന്ന പുസ്തകങ്ങളിൽ വാശിയോടെ ചവിട്ടിയിരുന്നു.
എന്റെ പുസ്തകം  അച്ചടിക്കാൻ
കാശ് വേണമെങ്കിൽ അയാൾക്ക് ചോദിക്കാമായിരുന്നല്ലോ.?
പക്ഷെ മുഖത്തടിക്കും പോലെ ഇറക്കിവിട്ടു..

സംഭവം സത്യമാണ്, അയാൾ ഇതുവരെ ഒരെഴുത്തുകാരോടും അച്ചടിക്കാൻ കാശ് വാങ്ങിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷത്തിൽ എണ്പത് തൊണ്ണൂറ് പുസ്തകങ്ങൾ മാത്രമേ അയാൾ ഇറക്കിയിട്ടുള്ളൂ.
ആദ്യമായി പുസ്തകം ഇറക്കുന്നവർക്ക്  പോലും കൃത്യമായി റോയൽറ്റി കൊടുക്കും. കേരളയിൽ ഇറങ്ങിയ പുസ്തകങ്ങളൊക്കെ സൂപ്പറാട്ടൊ.വായനക്കാരുടെ ഉള്ളിൽ അയാൾ ഉണ്ടാക്കിയെടുത്ത ഒരു ക്രെഡിബിലിറ്റിയുണ്ട്..
എന്റെ രണ്ടാമത്തെ പുസ്തകം ഇറക്കിയ സ്വാഡ് ബുക്സ് എട്ടുമാസം കൊണ്ട് നൂറ്റിമുപ്പത്തിയേഴ് പുസ്തകങ്ങളാണ് വായനക്കാരിലെത്തിച്ചതെന്ന് വെറുതെ വീമ്പിറക്കുന്നുണ്ട് അതൊക്കെ ആരെങ്കിലും വായിച്ചോ എന്നൊന്നും എനിക്കറിയില്ല.
എന്റെ പുസ്തകം തന്നെ മൂന്നാം പതിപ്പ് ഇറങ്ങിയിട്ടും ഒറ്റ നയാപൈസ റോയറ്റിയായി കിട്ടിയിട്ടില്ല.ഓരോ പതിപ്പിന്റെ അച്ചടിക്കും ആ ദുഷ്ടൻ കാശ് വാങ്ങുന്നുമുണ്ട്..

അങ്ങനെയിരിക്കുമ്പഴാണ്  മർത്യന്റെ കേരളബുക്സ്  മേരി ഗിൽഡയുടെ കവിതയൊക്കെ ചേർത്ത് പുസ്തകമാക്കിയത്.
മേരിഗിൽഡയെ ചിലപ്പോൾ നിങ്ങളും അറിയും. പ്രവാസിയായ  ഒരു പ്രാഞ്ചിയേട്ടന്റെ ഭാര്യയാണ് കക്ഷി.എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. കവിതയെന്ന പേരിൽ അവർ എഴുതികൂട്ടണ എല്ലാ ചവറിനും ഞാനും കമന്റും ലൈക്കും ധാരാളം ഇട്ടിട്ടുണ്ട്. രൂപ അയ്യായിരം കൊടുത്താൽ ആരെയും മുഖച്ചിത്രമാക്കുന്ന ഒരു പതിപ്പിന്റെ കഴിഞ്ഞ ലക്കത്തിൽ താരം ഈ കക്ഷിയായിരുന്നു.  ഈ പുസ്തകത്തിന്റെ പ്രസാധകർ മർത്യന്റെ കേരള ബുക്സാണെന്ന് അറിഞ്ഞതു മുതൽ തുടങ്ങിയ കലിപ്പാണെനിക്ക്. എന്റെ കഥകൾ വലിച്ചെറിഞ്ഞ്  അന്ന് ചോദിച്ചതൊക്കെ ആ ചടങ്ങിൽ വച്ചു തന്നെ രഹസ്യമായിട്ടെങ്കിലും അയാളോട് തിരികെ ചോദിക്കണം. തികച്ചും സർഗാത്മകമായ ഒരു പ്രതികാരം.
പിന്നെ നമ്മുടെ മേരി ഗിൽഡയെ പിണക്കാനും പറ്റില്ല.
പ്രകാശനത്തിന് സാഹിത്യലോകത്തെ വമ്പൻ നിരയാണ് എത്തുന്നത്.

പ്രകാശനവും സ്വീകരണവും കേരള കേന്ദ്ര അക്കാദമികൾ  നേടിയ രണ്ടുപേരേറ്റിട്ടുണ്ട്.
പുസ്തകം അവതരിപ്പിക്കുന്നത് ഫേസ്‌ബുക്കിലും പതിപ്പുകളിലും  എഴുത്തുകാരെ നിർദ്ദയം വലിച്ചു കീറുന്ന ഒരു നിരൂപണ നരസിംഹം.
നഗരത്തിലെ ഏറ്റവും വിലകൂടിയ ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്. പ്രകാശന പോസ്റ്റർ ഫേസ്‌ബുക്കിൽ ഞാനുൾപ്പെടെ സകലരും ഷെയർ ചെയ്തു. മൂന്ന് പ്രമുഖ പത്രങ്ങളിൽ  അതിന്റെ വാർത്തയും കണ്ടു..

മേരിഗിൽഡയുടെ
കവിതയിലെ ഒരു കോപ്പും കണ്ടിട്ടാകില്ല മർത്യൻ പുസ്തകമിറക്കിയതെന്ന് ഉറപ്പ്. എനിക്ക് ആ ഉള്ളിൽ കിടക്കണ കലിപ്പും തീർക്കണം, മേരി ഗിൽഡയെ കാണുകയും വേണം..

ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് സ്ഥലത്തെ കാറുകൾ കണ്ടപ്പോൾ ഒന്നുറപ്പായി സംഭവം കളറാകും. കവാടത്തിൽ കവയിത്രിയോടൊപ്പം നമ്മുടെ  പ്രാഞ്ചിയേട്ടന്റെ കൂറ്റൻ ഫ്ലെക്സ് കണ്ട് ചിരിയടക്കാൻ പെട്ട പാട്.
വളരെ നേരത്തെ സദസ് ഏതാണ്ട് നിറഞ്ഞിരുന്നു. എനിക്ക് കാണേണ്ടത് മർത്യനെ മാത്രമായിരുന്നു.
എന്നെ കണ്ടതും മേരി വന്ന് ഒറ്റ ആശ്ലേഷം. അവരുടെ വിദേശ പെർഫ്യൂം മൂക്കിലേക്ക് ഇരച്ചുകയറി. ഞാനാകെ പൂത്തുലഞ്ഞു..

"നമ്മുടെ കേരളയിലെ മർത്യൻ സാർ എവിടെ"
എന്റെ ചോദ്യം കേട്ട് എഴുത്തുകാരി കണ്ണു തുടച്ചു. അവരുടെ മുഖത്ത് വിഷാദം കണ്മഷിപോലെ ആ മുഖത്ത് പടർന്നു.മേരിയുടെ കവിതകൾക്ക് സ്ഥിരമായി കമന്റിടുന്ന ഒരു സൈബർ ആരാധകൻ എന്നെ മാറ്റി നിർത്തി പ്രതിക്ഷേധിച്ചു..

" എന്റെ ബ്രോ ഇവനെയൊക്കെ ശരിക്ക് കൈകാര്യം ചെയ്യാനുള്ളതാ,
അല്ലെങ്കിൽ ഈ പുസ്തകം ഇറക്കുന്ന ചടങ്ങിൽ തന്നെ ആ കോപ്പാൻ ഇങ്ങനെ ചെയ്യോ..?
ദേ ഈ കെട്ടിടത്തിന്റെ പുറകിൽ കുടിച്ച് അലമ്പായി ഇരുപ്പുണ്ട് ആ മൈ..."

എനിക്ക് സഹിക്കാൻ കഴിയാത്ത സന്തോഷം വന്നു.
പക്ഷെ പുറത്ത് കാട്ടിയില്ല. ചടങ്ങ് തുടങ്ങാനായി വേദിയിലേക്ക് സാഹിത്യ ലോകത്തെ നക്ഷത്രങ്ങൾ മേരിക്ക് പിന്നാലെ നടക്കുന്നു..

നടന്നില്ല മർത്യന്റെ അടുത്തേക്ക് ഞാൻ ഓടുകയായിരുന്നു.
പുറകിലെ വാതിലിൽ ചാരിയിരിക്കുന്ന മർത്യന്റെ ചുറ്റും ചിതറിക്കിടക്കുന്ന നോട്ടുകൾ ഒരു സ്‌ത്രീയും പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു  കുട്ടിയും ചേർന്ന് പെറുക്കിയെടുക്കുന്നു, എന്നെ അവർ മുഖമുയർത്തി നോക്കി. മർത്യന്റെ പോക്കറ്റിലിരുന്ന കുറിപ്പുകളും പേഴ്‌സും ഫോണും  ഒരു കവറിലിട്ടിട്ട് ആ കുട്ടി അയാളുടെ മുഖത്ത് കുലുക്കി രണ്ട് തവണ "അപ്പാ അപ്പാ" എന്നുവിളിച്ചു.
സ്‌ത്രീ അവന്റെ കൈ തട്ടിമാറ്റി നടന്നു നീങ്ങി. അവർക്ക് പിന്നാലെയെത്താൻ ശ്രമിക്കുന്ന കുട്ടി പലതവണ എന്നെ തിരിഞ്ഞുനോക്കി.

ബോധം കേട്ട് കിടക്കുന്ന ഒരാളോട് മൂർച്ച കൂട്ടിവച്ച വാക്കുകൊണ്ടല്ല
വാളുകൊണ്ട് പ്രതികാരം ചെയ്തിട്ടും കാര്യമില്ലന്ന് കരുതിയാണ് അയാളെ ഞാനെന്റെ മുറിയിലേക്ക് കൊണ്ടുവന്നത്.
എന്തെങ്കിലും എഴുതാനും കമ്പനി കൂടാനും എടുത്തിട്ട ലോഡ്ജ് മുറി..

രാത്രിമുഴുവൻ അയാൾ ഉറക്കത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അയാളുണരാൻ ഞാൻ കാത്തിരുന്നു. എഴുന്നേറ്റ ഉടൻ ഞാൻ സംസാരിക്കാൻ തുടങ്ങിയതാണ് പക്ഷെ എന്റെ ഫോണും വാങ്ങി അയാൾ പുറത്തേക്ക് പോയി.. ആരോടൊക്കെയോ സംസാരിച്ച് നിരാശയോടെ വന്ന് കാട്ടിലിൽ ഇരുന്നു. എനിക്ക് അയാളെ ചോദ്യം ചെയ്യാൻ തിടുക്കമായി. പക്ഷെ അയാൾ കരയുന്നതുപോലെ സംസാരിക്കാൻ തുടങ്ങി...

"പുസ്തകമുണ്ടാക്കുന്നത് സാംസ്കാരിക പ്രവർത്തനമായി കരുതിയ ഞാനടക്കമുള്ളവർ വെറും  പൊട്ടന്മാരാണ് അത് ശരിക്കും കച്ചവടമാണ്.. നിങ്ങൾ എഴുത്തുകാർക്കും വായനക്കാർക്കും കേരളമർത്യൻ വെറും മുതലാളി. നീയൊക്കെ കുത്തിക്കുറിക്കണത് ടൈപ്പ് ചെയ്ത് പ്രൂഫ് വായിച്ച് അതിന് വരച്ച് കവറാക്കി പുസ്തകമാക്കാൻ എത്ര ധ്യാനം വേണോന്നറിയോ..? വൻ തുക വാടക കൊടുത്ത് കടയിലോ മേളകളിലോ അതൊക്കെ വിതരണത്തിന്  വച്ചാലോ..?
വരുന്നവനൊക്കെ ചീഞ്ഞ ചാളയെക്കാൾ വിലക്കുറവ് വേണം."

മേശപ്പുറത്ത് ഇരിക്കുന്ന ബ്രാണ്ടിക്കുപ്പിയിലേക്ക് മർത്യന്റെ നോട്ടം വന്നു വീഴുന്നത് കണ്ട് ഞാൻ രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു..ഒറ്റ വലിക്കുള്ള കുടി കണ്ടാലറിയാം കക്ഷിക്ക് ഇത് ഒട്ടും ശീലിമില്ലെന്ന്. അയാൾ ഉള്ളിലെ ന്യായങ്ങൾ മുഴുവൻ നിരത്തട്ടെ ഒടുവിൽ എല്ലാം ചേർത്ത് കൊടുക്കാനുള്ള വാക്കുകൾക്ക് ഞാൻ മൂർച്ചകൂട്ടി..

"എന്തേലും എഴുതിത്തന്ന് നീയൊക്കെ ഒറ്റ പോക്കല്ലേ ? പിന്നെ അതിന്റെ റോയൽറ്റി ആയൊന്നുള്ള ചോദ്യം മാത്രമേയുള്ളൂ.
ദേ ഇന്നലെ ഒരുത്തിയുടെ കവിത ചെയ്തല്ലോ.? ഈ കാലത്ത് ആരാ കവിത വായിക്കണത്  അതുകൊണ്ട് ശല്യം ഒഴിഞ്ഞ് പോകട്ടെന്ന് കരുതിയാണ് ഒരു വലിയ തുക ചോദിച്ചത്. നിന്ന നിൽപ്പിൽ അതും  സമ്മതിച്ച് പത്തുനൂറ് കവിതയും തന്ന് അരങ്ങ് പോയി.
അത് വായിച്ച് എഡിറ്റ് ചെയ്ത് സമയം കൊണ്ട് എനിക്ക് എന്തൊക്കെ എഴുതാമായിരുന്നു.? വായിക്കാമായിരുന്നു.? ഇന്നലെയായിരുന്നു എന്റെ പ്രസുകാരനോട് കാശ് കൊടുക്കാമെന്ന് പറഞ്ഞ ഒടുവിലെ അവധി. ആ കാശ് ഒപ്പിക്കാനായിട്ടാണ്   പ്രകാശനം നടത്തിയത്.അവിടെ വന്ന ആൾക്കൂട്ടം കണ്ടോ..? കേരള ബുക്സിൽ ഒറ്റ വർഷം വിൽക്കണ പുസ്തക അവിടെ ഒറ്റ ദിവസത്തിൽ തീർന്ന് കാണും.
ഒരുത്തരും വായിക്കില്ല.
ആ പുസ്തകം എന്റെ സ്റ്റാളിൽ ഇരിക്കുന്നത് ഓർത്ത് നോക്കിയേ അതിലും നല്ലത് ഞാനെന്റെ വായനക്കാർക്ക് വല്ല  വിഷവും വാങ്ങി കൊടുത്തതല്ലേ...?"

അയാൾ ശക്തിയായി ചുമച്ച് കഫം ജനാല വഴി പുറത്തേക്ക് തുപ്പി. അതിനെ പ്രതിരോധിച്ച് അകത്തേക്ക് വന്ന കാറ്റിൽ തുപ്പലിന്റെ തുള്ളികളുണ്ടായിരുന്നു. മുന്നോട്ടുള്ള ആഞ്ഞിരിപ്പ് കണ്ടാലറിയാം നിർത്താനുള്ള ഭാവമില്ലെന്ന് ഉറപ്പായി.

"ഒന്ന് ചിന്തിച്ച് നോക്കിയേ ഇയാളുടെ പുസ്തകം  അല്പം ഗുണം ഉള്ളത് കൊണ്ട് ഞാനങ്ങ് ചെയ്യുവാന്ന് കൂട്ടിക്കോ..
ആരാ തന്റെ പേര് ചോദിച്ച് വന്ന് പുസ്തകം വാങ്ങിക്കണത് അതൊക്കെ എന്റെ ഗോഡൗണിൽ  കെട്ടിക്കിടക്കും.
പിന്നെ മേള വന്നാൽ അഞ്ചോ പത്തോ പീസ് പോയാലായി.
ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാൻ വരുന്നോർക്ക് വല്ല അന്തവും കുന്തവുമുണ്ടോ നേരെ കൊമ്പന്മാരുടെ അടുത്ത് ചെല്ലും സർക്കാര് കൊടുത്ത കാശ് മുഴുവൻ അവിടെ തീർക്കും..
അവർക്കിപ്പോഴും സാഹിത്യ കുലപതികൾ മതി. പുതിയ ഒറ്റ ടൈറ്റിൽ വേണ്ട തെറ്റിയും തെറിച്ചും ഏതെങ്കിലും ടീം വന്നാലോ..? അവർക്ക് എത്ര കമ്മീഷൻ കിട്ടുമെന്നാണറിയേണ്ടത്. ഇതൊക്കെ വായന ശാലയിൽ കിടന്ന് ചിതലരിച്ച് പോകെയുള്ളൂ. സ്റ്റാളിന്റെ വാടക എങ്കിലും കൊടുക്കട്ടെയെന്ന് കരുതി പേപ്പർ വിലയ്ക്ക്  തൂക്കിക്കൊടുക്കും.

പട്ടിണിയാണെങ്കിലും കലാപമൊക്കെ ഉണ്ടെങ്കിലും ശ്രീലങ്കയിലൊക്കെ എങ്ങനാന്നറിയോ.?
മിനിമം പതിനയ്യായിരം കോപ്പിയെങ്കിലും സർകാരു തന്നെ വാങ്ങി പ്രസാധകനെ സഹായിക്കും. ഇവിടാണെങ്കിലോ ഇത്തരത്തിൽ ഒരിടപെടൽ നടത്തുന്ന വർഗത്തെക്കുറിച്ച് വല്ല ബോധവും നമ്മുടെ സർക്കാറിനുണ്ടോ...?
ഇനി ഒരഞ്ച് കൊല്ലം കഴിഞ്ഞാൽ പേപ്പറിൽ വായന നടക്കുമെന്ന്  തോന്നണില്ല. അതിന് ഇവിടുള്ള പ്രസാധകർ ജീവിച്ചിരുന്നിട്ട് വേണ്ടേ പുസ്തകം ഇറങ്ങാൻ...?"

നാട്ടിൽ തുറക്കാതെ കിടക്കുന്ന ഈ എം എസ് വായനശാലയും,
സെക്രട്ടറി എന്ന നിലയിൽ എന്റെ മേശയിൽ വിശ്രമിക്കുന്ന താക്കോലും ഓർത്ത് എനിക്ക് ഞെട്ടലുണ്ടായി...

"നല്ലൊരു പത്രത്തിലെ ജോലി കളഞ്ഞിട്ടാണ് ഞാൻ ഈ മണ്ടൻ പണിക്ക് ഇറങ്ങിയത്. ഇതുവരെ ഒറ്റ രൂപ സമ്പാദിച്ചിട്ടില്ല. ഇനി ഇത് നിർത്താൻ പറ്റോ.? സ്വന്തായി ഒരു വീടോ കാറോ ഇല്ല. വീടിനായി വാങ്ങിയിട്ട രണ്ടര സെന്റ് ഒരു കുഞ്ഞ് കാടായി.
കുടുംബമായി ഒരു യാത്രയ്ക്കോ സിനിമയ്ക്കോ കഴിയാറില്ല. ആദ്യമായി ഒരു ബാറിൽ ചെന്നിരുന്ന് മദ്യപിക്കുന്നത് ഇന്നലെയാണ്.
പഞ്ചായത്ത് ആഫീസിലെ പണിയും കഴിഞ്ഞു വരുന്ന അവളും  ഞാനും രാത്രികൾ മുഴുവൻ കംബ്യുട്ടറിന്റെ മുന്നിലിരുന്ന് ടൈപ്പ് ചെയ്യും. ഒരു സ്റ്റാഫിനെ വയ്ക്കാൻ എവിടന്നാ എനിക്ക്  കാശ്..?
വീട്ട് ചിലവ്  തന്നെ അവളുടെ ശമ്പളത്തിലാണ്..

പ്രസുകാരൻ വന്ന് ചീത്ത വിളിച്ചിട്ട് പോയത്തിന്റെ പിന്നാലെയാണ് മേരി ഗിൽഡ കവിതയുമായി വന്നത്.
ഇപ്പൊ കാശ് വാങ്ങി അച്ചടിക്കാത്തവർ ചുരുക്കമല്ലേ.?വമ്പൻമാർ വരെ വേറെ ബ്രാന്റിൽ കാശ് വാങ്ങി അച്ചടിക്കുന്നുണ്ട് പിന്നല്ലേ ഞാൻ. കവറിനും, ചിത്രത്തിനും ഒക്കെ ചേർത്ത് അവര്  ഇന്നലെ ആ തുക  തന്നില്ലായിരുന്നെങ്കിൽ  പ്രസുകാരൻ പേപ്പർ വിലയ്ക്ക് എന്റെ പുസ്തകം മുഴുവൻ എടുത്തോണ്ട് പോകുമായിരുന്നു.

ഇനിയുള്ള കാലത്ത് പുസ്തകം ചെയ്യാനൊന്നും ആരും വരുമെന്ന് തോന്നണില്ല. കഴിഞ്ഞ മാസം ലാഡർ ബുക്സ് തുടങ്ങിയ പയ്യന്റെ കാര്യം ഓർത്താൽ എനിക്ക് പേടിയാ തോന്നാണത് എത്ര താത്പര്യത്തോടെയാ  ഈ രംഗത്ത് വരണത്. അവന്റെ വിധിയും നമ്മുടെ *ഷെൽവിയെപ്പോലെ ഒക്കെ ആകും. എനിക്കാണെങ്കിൽ ആ ബുദ്ധിയും തോന്നണില്ല..."

ഷെൽവി ആരാണെന്ന് പോലും അറിയാതെ ചിന്തിച്ചിരിക്കുന്ന എന്നോട് മർത്യൻ അടുത്ത പെഗ് ചോദിച്ചു. ഗ്ലാസ്സിനോടൊപ്പം എന്റെ ബാഗിൽ നിന്ന്
ഡി ടി പി ചെയ്ത മാറ്റർ ഞാൻ മുന്നോട്ട് വച്ചു. അയാളുടെ മുഖത്ത് അറിയാതെ ഒരു പരിഹാസചിരി വന്നുപോയി..

"തനിക്ക് അറിയോ ഈ നാട്ടിലെ പ്രസാധകരുടെ ഒരു യോഗം ചേർന്നാൽ കേരളയുടെ മർത്യന് മുന്നിൽ തന്നെ ഒരു സീറ്റ് ഉണ്ടാകും.അവിടെ മർത്യന്റെ അഭിപ്രായങ്ങൾക്കും വിലയുണ്ട്. മായം കലക്കാതെ പുസ്തകം ഇറക്കിയതിന്റെ   ഏക സമ്പാദ്യം. ഞാനിത് ശരിക്ക് വായിച്ചാൽ പുസ്തകം ആകുമെന്ന് ഒരുറപ്പുമില്ലാട്ടോ.അച്ചടിക്കാൻ കാശ് വാങ്ങുന്ന ഏർപ്പാട് പറ്റൂലെന്ന് ഇന്നലെ എനിക്ക് മനസിലായി എന്നാലും ഇതിവിടെയിരിക്കട്ടെ ഞാൻ വായിക്കാം..."

എന്റെ സന്തോഷം കണ്ട് അയാളുടെ മുഖത്തും ചെറിയ ചിരി വന്നു.
എന്റെ കുടുംബത്തെക്കുറിച്ചും ജോലിയെപ്പറ്റിയും തിരക്കി.കുളിമുറിയിൽ നിന്ന് എന്റെ പഴയ മുണ്ടും ഉടുത്ത് ഇറങ്ങി വരുന്ന ആ മനുഷ്യനോട് പക തോന്നിയതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ഹോട്ടലിൽ നിന്ന് വരുത്തിച്ച ഭക്ഷണവും കഴിച്ച് അയാൾ എന്റെ കഥകൾ വായിക്കാനിരുന്നു..

ആഫീസിലേക്ക് ഇറങ്ങും മുൻപ് അയാൾ എന്റെ ഫോണ് വാങ്ങി വീട്ടിലേക്കും കേരളയുടെ ഓഫീസിലേക്കും വിളിച്ചു...

"പുള്ളിക്കാരി ആകെ കാലിപ്പിലാണ് പതിനാറ് കൊല്ലമായില്ലേ ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഈ സംഭവം ആദ്യാ. കഴിഞ്ഞ മാസം കടയുടെ വാടക കൊടുക്കാനില്ലാതെ ബൈക്ക് വിറ്റപ്പോൾ പുള്ളിക്കാരി എന്റെ മുന്നിൽ  വച്ച സജഷൻ എന്താന്നറിയോ നിങ്ങക്ക്..?
ഇതെല്ലാം നിർത്തി എഴുതിയും വായിച്ചും  വീട്ടിലിരുന്നോളാൻ. എത്ര ബുദ്ധിമുട്ടിയായാലും അവളുടെ ശമ്പളത്തിൽ ജീവിക്കാമെന്ന്.
ഞാൻ അത്യാവശ്യം എഴുതുമായിരുന്നു. മലയാളത്തിലെ മിക്ക പതിപ്പിലും കഥയും കവിതേം വന്നിട്ടുണ്ട് അങ്ങനാ പുള്ളിക്കാരി കൂടെ പോന്നത്. എനിക്ക് അറിയാം അവള് പറയണതാണ് റിയാലിറ്റി..
അതാണ് സത്യം  പക്ഷേ എനിക്ക് പിന്മാറാൻ പറ്റണില്ലല്ലോ.? അവളുടെ വാക്ക് കേട്ട് ഞാനങ്ങ് ചാത്തത് പോലെയായി.."

ബാങ്കിലേക്ക് ഇറങ്ങാൻ നേരം മർത്യൻ എന്റെ കൈ പിടിച്ച് കുലുക്കി.അയാൾക്ക്
ഉച്ചയ്ക്കുള്ള ഭക്ഷണം ഞാൻ ഹോട്ടലിൽ ഏല്പിച്ചിരുന്നു. എന്റെ കണ്ണട മൂക്കിൽ ഒരല്പം താഴ്‌ത്തി വച്ച് കഥ വായിക്കുന്ന മർത്യന്റെ ചിത്രമാണ് ഒടുവിൽ എന്റെ കണ്ണിൽ പതിഞ്ഞത്.
കേരള ബുക്സിൽ എന്റെ കഥാസമാഹാരം വരുന്നതും, ആയിരക്കണക്കിന് ആളുകൾ വായിക്കുന്നതും, അവാർഡ് കിട്ടുന്നതും, കിനാവ് കണ്ടിരുന്ന് ജോലി ചെയ്ത്  വൈകിട്ട് കൗണ്ടറിന്റെ
ക്യാഷ് ക്ളോസ് ചെയ്യുമ്പോൾ രൂപ നാലായിരം കുറവ് കാണിച്ചു..
എന്നിട്ടും എനിക്ക് ഒരു നഷ്ടം തോന്നിയില്ല. മർത്യന്റ കേരളയിൽ എന്റെ പുസ്തകം..

ലോഡ്ജ് മുറിയുടെ വാതിൽ ചാരിയിട്ടെ
ഉണ്ടായിരുന്നുള്ളൂ.
മേശപ്പുറത്തിരിക്കുന്ന കഥയിൽ വെട്ടും തിരുത്തും നടത്തിയ ലക്ഷണം. കണ്ണടയും പേനയും കട്ടിലിന്റെ അരികിലെ കസേരയിൽ വച്ചിട്ടുണ്ട്. ഉടുത്തിരുന്ന മുണ്ട് കഴുത്തറ്റം വരെ മൂടിയിരുന്നു. ബ്രാണ്ടിക്കുപ്പി ഒരല്പവും ഒഴിഞ്ഞിട്ടില്ല.
ഉച്ചയ്ക്ക് കൊണ്ടുവന്ന ഊണിന്റെ പൊതി പാതി തുറന്ന് മേശപ്പുറത്തുണ്ട്.. ലോഡ്ജിലെ മൂന്നാമത്തെ മുറിയിൽ  ക്ലിനിക്ക് നടത്തുന്ന ഡോക്ടർ വന്ന് കാര്യം ഉറപ്പിച്ചു..

വിവരമറിയിക്കാൻ ഒടുവിൽ മർത്യൻ വിളിച്ച നമ്പരിലേക്ക് വിളിച്ചുനോക്കി..

" ന്റെ മർത്യ ഒന്ന് വേഗം വാ, എന്താ ഇങ്ങനെയൊക്കെ..?
ഇന്നലെ രാത്രി തന്നെ ഞാനും മോനും കൂടെ ആ നോവലിൻറെ ബാക്കി ടൈപ്പ് ചെയ്ത് തീർത്തു. ഇയാളൊന്ന് വായിച്ചാൽ പ്രസിലേക്ക് കൊടുക്കാം. മോനിപ്പോ  മർത്യന്റെ അതേ വേഗതയുണ്ട് ഇവനും നിന്റെ  പുസ്തകവഴിക്കെന്നാ തോന്നണത്.."

ആ സ്ത്രീയോട് മറുപടിയൊന്നും പറയാനായില്ല.
തുറക്കാതെ മേശപ്പൊറത്ത് ഇരിക്കുന്ന പൊതിച്ചോറിന്റെ പുളിച്ചമണം.
മർത്യൻ തിരുത്താൻ ശ്രമിച്ച എന്റെ കഥ കളുടെ പുറത്ത് ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതിയ കുറിപ്പ് സത്യമാണെന്ന് എനിക്ക് തോന്നി. ചോറിനൊപ്പം കഥകളും ജാലകത്തിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു..

കട്ടിലിൽ ആർത്തിയോടെ വായിച്ച് മടക്കി വച്ച മനോഹരമായ ഒരു പുസ്തകം പോലെ മർത്യൻ ഉറങ്ങുകയായിരുന്നു...!!

കെ എസ് രതീഷ്‌, പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment