Sunday 31 March 2019

ചൊടക്ക്..!!

ചൊടക്ക്..!!

ദാവൂദ്‌ ഇബ്രാഹിം;
7 march 2019 at 8:25 pm

"കുറിച്ചി ദളം, ചൊടക്ക് ദളം എന്നിവ വെറും ഭരണകൂട മാധ്യമ സൃഷ്ടികളാണ്. കുറിച്ചിയിലെ നരവേട്ട  തികച്ചും മനുഷ്യാവകാശ ലംഘനമാണ്..

പ്രതികരിക്കുക.
ചൊടക്ക് സംരക്ഷണ സമിതി.
കുറിച്ചി.

ലൈക്ക് 125     കമന്റ്സ് 55       ഷെയർ 13

ദാവൂദ്‌ ഇബ്രാഹിം;
8 march 2019 at 1:36 am

ഇലമുളച്ചി, ബ്രയോഫില്ലം, പാറമേൽ പൊട്ടി, തുപ്പലം പൊട്ടി, തക്കാളിപ്പൂവ്,ഇങ്ങനെ നിങ്ങൾ എന്തൊക്കെ വിളിച്ചാലും ഞങ്ങൾ കുറിച്ചിക്കാർക്ക് ഇത് ചൊടക്കാണ്  ചൊടക്ക്..
നെറ്റി കവിൾ കീഴ്ത്താടി എന്നിവിടങ്ങളിൽ വിരലിൽ ഇരുന്ന് പൊട്ടി ശബ്ദം കേൾപ്പിച്ച ചൊടക്കിനെ സംരക്ഷിക്കാൻ ഞങ്ങളിൽ ചിലർ ഇറങ്ങിയതിന്റെയും,. ആ പോരാട്ടങ്ങളെ തോക്കിലൂടെ ഭരണകൂടങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും നിങ്ങൾ അറിയണം...

പെട്ടിപ്പാറയിൽ റഷ്യക്കാരൻ വർഗീസ് മുതലാളിയുടെ  പറമ്പിൽ കരിക്കും കുടിച്ച് നവോത്ഥാന ആശയങ്ങൾ ചർച്ച നടത്തിക്കൊണ്ടിരുന്നു.
ഞങ്ങൾ ഐവർ സംഘത്തിന് മുന്നിലേക്ക് ചൊടക്ക്  വിഷയം എത്തിച്ചത് മിസ്റ്റർ ബാലനാണ്. അങ്കണവാടിയിൽ ഒറ്റപുത്രിയെ ആക്കാൻ എത്തുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയിലെ അറുപത് അംഗ തൊഴിലുറപ്പ് സ്ത്രീകൾ കുറിച്ചി പാറയിൽ നൂറ്റാണ്ടുകളായി വളരുന്ന ചൊടക്ക് നശിപ്പിക്കാൻ തമ്പടിച്ചതായി കാണുന്നത്. മകളെയും തോളിലിരുത്തി പെട്ടിപ്പാറയിലേക്ക് മിസ്റ്റർ ബാലൻ ഓടിവരികയായിരുന്നു.
ബാലന്റെ മനസിൽ ബാല്യകാലവും വേനലവധികളും ചൊടക്കും ചേർന്ന് ഒരു ഭൂകമ്പം സൃഷ്ടിച്ചു..
വർഗീസ് മുതലാളിയുടെ കരിക്കുകളിൽ ഒന്ന് കുടിച്ച് വറ്റിച്ച് അതിന്റെ കാമ്പ് മകൾക്കു നൽകി ബാക്കി താനും കഴിച്ച ശേഷമാണ് ബാലൻ ഞങ്ങളോട് ആ ഭീകര പ്രശ്നം അവതരിപ്പിച്ചത്.. അതു കേട്ട്
ഞാനുൾപ്പെട്ട ഐവർ സംഘത്തിന് ചൊടക്ക് സംരക്ഷണ സമിതി രൂപീകരിക്കാൻ വെറും മൂന്ന് മിനുട്ട് മതിയായിരുന്നു. കുറിച്ചിയിൽ ബാല്യത്തിന്റെ വേരുള്ള ഞങ്ങൾക്ക്  ചൊടക്ക് പാറയില്ലാത്ത കുറിച്ചി യെക്കുറിച്ച് ചിന്തിക്കാൻ തന്നെ ആകുമായിരുന്നില്ല..

വാഴിച്ചൽ വില്ലേജിൽ മുകുന്ദറ ദേശത്ത് പന്ത കുട്ടപ്പു റോഡിന്റെ  വടക്കുകിഴക്ക്  ഭാഗത്ത് അഞ്ചര ഏക്കർ പതിനാലു സെന്റിൽ പരന്നു കിടക്കുന്ന കുറിച്ചിപ്പാറയുടെ സൗന്ദര്യം ചൊടക്ക് അല്ലെന്ന് ആർക്കും പറയാൻ കഴിയില്ല..
ഇതിന്റെ താഴ് വശത്തെ ആറര സെന്റിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിയും പ്രാഥമിക ആരോഗ്യ കേന്ദ്രവും
ഈ എം എസ് വായനശാലയും അതിനു മുന്നിലെ വിശാലമായ മൈതാനവും ഞങ്ങൾക്ക് എന്നല്ല ഈ നാട്ടിൽ ആർക്കെങ്കികും തിരസ്കരിക്കാൻ കഴിയുമോ...?
പ്രത്യേകിച്ച് ഈ.എം.എസ്  വായനശാല സെക്രട്ടറിയും നാട്ടിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവുമായ മിസ്റ്റർ ബാലന്...?

ബാലന്റെ നേതൃത്വത്തിൽ കുറിച്ചിപ്പാറയിൽ ഇറങ്ങിയ സംഘത്തെ ഓലപ്പടക്കം എറിഞ്ഞ് തുരത്തിയവരിൽ ഞാനുമുണ്ട്..
നിലവിൽ  സർക്കാർ സർവീസിനുണ്ടായിരുന്ന ഞാനും മറ്റൊരാളും മാത്രമേ മുഖം മറച്ചിരുന്നുള്ളൂ..
പടക്കം പൊട്ടി ചിതറിയോടിയ സംഘം
പഞ്ചായത്ത് പ്രസിഡന്റ് ഉൽപ്പൻ പിള്ള യുടെ നേതൃത്വത്തിൽ വർദ്ധിത വീര്യത്തോടെ തിരികെ എത്തി...
ആ സമയം ഞാൻ "ഇലമുളച്ചിയും പാരിസ്ഥിതിക മാനങ്ങളും" എന്ന വിഷയത്തിൽ അവിടെക്കൂടിയ  നാട്ടുകാരോട് സംസാരിക്കുകയായിരുന്നു...
സംസാരത്തിന്റെ ചുരുക്കം ഇതാണ്..

ബ്രയോഫില്ലം, എയർ പ്ലാന്റ് കത്തീട്രൽ ബെൽ, മിറക്കിൾ ലീഫ്, ഇലമുളച്ചിയുടെ ഗൂഗിൾ പര്യായ വിജ്ഞാനിയം കേട്ട് നാട്ടുകാർ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു..കുറിച്ചിപ്പാറയിൽ പടർന്നു കിടക്കുന്നത്  അങ്ങ് ദൂരെ മഡഗാസ്കറിലെ സസ്യവർഗ്ഗമാണെന്ന്  കേട്ട് മിസ്റ്റർ ബാലൻ പോലും അന്തം വിട്ട് നിന്നു... മൂത്രാശയക്കല്ലിനും വൃക്കയിലെ കല്ലിനും സന്ധിവേദനയ്ക്കും ഇലമുളച്ചി ഔഷധമാണെന്ന് പറഞ്ഞപ്പോൾ അങ്കണവാടിയുടെ പിന്നിൽ മൂത്രം പോകാൻ കാറ്റേറ്റ് കുന്തിച്ചിരിക്കുന്ന എതിർ കക്ഷി ഉൽപ്പൻ പിള്ളപോലും തലകുലുക്കി സമ്മതിച്ചു....

തത്കാലം നിർത്തട്ടെ
എനിക്ക് കയറാനുള്ള വാഹനം വന്നു.
ഇനി ഓപ്പറേഷൻ ബ്രയോഫില്ലാത്തിന്റെ തോക്കെത്താത്ത   സുരക്ഷിത  ഇടത്ത് ഞാൻ ഇതിന്റെ ബാക്കി കുറിക്കാം.

ലൈക്ക് 85    കമന്റ്സ് 18  ഷെയർ 8

ദാവൂദ് ഇബ്രാഹിം
9 march 2019 at 04:36 am

വളരെ നീണ്ടയാത്രയായിരുന്നു.
നല്ല ക്ഷീണമുണ്ട്. എങ്കിലും ഇവിടെ കാത്തിരിക്കാനും
അഞ്ച് മണിക്കൂർ കഴിഞ്ഞ്  ഒരു വാഹനം വരും എന്നാണ് എനിക്ക് കിട്ടിയ നിർദ്ദേശം..

കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി കുറിച്ചി പഞ്ചായത്തിന്റെ പിതൃത്വം ശ്രീമാൻ ഉല്പൻ പിള്ളയ്ക്ക് തന്നെ. അവിവിവാഹിതനും പൂർവികരിൽ നിന്ന് കണക്കറ്റ സ്വത്തിന് ഉടമയുമാണദ്ദേഹം. വാഗ്മിയും രാഷ്ട്രീയ മാന്യത സൂക്ഷിക്കുന്നവനുമായ   ഉല്പൻ പിള്ള കുറിച്ചിക്കുവേണ്ടി ഉഴിഞ്ഞു വച്ചതാണ് ഈ ജീവിതം എന്ന് വാദത്തിന് അംഗീകരിക്കാമെങ്കിലും.
സ്ഥിരമായി ആറാം വാർഡിൽ മത്സരിക്കുന്ന ഉല്പൻ പിള്ളയുടെ സഹപാഠിയായിരുന്ന ദേവകിയുടെ അവിവാഹിത ജീവിതം ഇന്നും ഈ പഞ്ചായത്തിൽ വലിയ ചോദ്യമായി  നിൽക്കുന്നു.
നാൾക്കുനാൾ ഉല്പൻ പിള്ളയുടെയും ദേവകിയുടെയും ബന്ധുമിത്രാദികളുടെ സാമ്പത്തിക വളർച്ചയും മറ്റൊരു ചോദ്യമാണ്. അതു കൂടാതെ പഞ്ചായത്തിന്റെ ഭാഗമായ കുറിച്ചി വനപ്രദേശത്ത് ഉല്പൻ പിള്ളയുടെ സഹോദരീ പുത്രൻ കൈയേറി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ അനുമതിയുടെ പേരിൽ മിസ്റ്റർ ബാലൻ വേഴ്‌സസ് കുറിച്ചി പഞ്ചായത്ത് റവന്യു വ്യവഹാരം  ജില്ലാ കോടതിയിൽ
നിലനിൽക്കുന്നുണ്ട്.. 

ഇതൊക്കെ ചൊടക്ക് രക്ഷാ സേനയുടെയൊ എന്റേയോ അഭിപ്രായങ്ങൾ..
ഉല്പൻ പിള്ളയുടെ  "മാറുന്ന കുറിച്ചി മാറാത്ത ചൊടക്ക് " എന്ന ഒറ്റ പ്രഭാഷണം നാടിനെ മുഴുവൻ ഞങ്ങൾക്കെതിരെ തിരിക്കാൻ കാരണമായി...
അയാളുടെ പ്രസംഗത്തിന്റെ രത്നചുരുക്കം ഇതാണ്..

കുറിച്ചിയുടെ വികസനത്തിന് കുറിച്ചിപ്പാറയുടെയും ചൊടക്ക് ദളത്തിന്റെയും അനങ്ങാപ്പാറ നിലപാടാണ് ഏക തടസ്സം. ചൊടക്ക് നീക്കം ചെയ്യാൻ കേന്ദ്രം വലിയ തുകയാണ് നീക്കി വച്ചിട്ടുള്ളത്. ഏകദേശം അറുപത് തൊഴിലാളികൾക്ക് അറുപത് പ്രവർത്തി ദിനങ്ങളാണ്  കേന്ദ്രവും പഞ്ചായത്തും ചേർന്ന് ഒരുക്കുന്നത്.
ഇരുന്നൂറ്റി എഴുപത്തി മൂന്ന് ഗുണം അറുപത് ഗുണം അറുപത് ഇത്രയും വലിയ തുകയാണ് നാട്ടിലേക്ക് ഒഴുകുന്നത്...

ചൊടക്ക് പൂർണമായും ഈ പാറയിൽ നിന്നും നിർമാർജനം ചെയ്താൽ വലിയ വികസന പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
പതിനേഴ് നിലകളിൽ പൂർത്തിയാക്കുന്ന കുറിച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ  ആ കെട്ടിടത്തിൽ മൾട്ടി സ്പെഷ്യാലിറ്റി വൃദ്ധസദനം ഉൾപ്പെടെ ഇരുപത് പുതിയ സ്ഥാപനങ്ങളാണ് തുറക്കാൻ പോകുന്നത്.
മിസ്റ്റർ ബാലന്റെ കൂട്ടാളികൾ പറഞ്ഞതു പോലെ ചൊടക്കിന് മൂത്രതടസം  പോലെ മാരകമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെങ്കിൽ ഒരു ചൊടക്ക് ഗവേഷണ യൂണിറ്റും അതോടൊപ്പം തുടങ്ങും..
അതുപോലെ ഓരോ വീട്ടിലും പത്ത് ചൊടക്ക് വീതം വച്ചു പിടിപ്പിക്കുന്ന പദ്ധതിയും സംഘടിപ്പിക്കും.
പഞ്ചായത്തിനും സർക്കാരിനും വികസനകാര്യങ്ങളിൽ വളരെ വിശാലമായ കാഴ്‌ച്ചപ്പാടാണുള്ളത്...അതിനെ തകർക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന ഇവരാണ് നാടിന്റെ ശത്രുക്കൾ ഇവരെയാണ് നാം ഒറ്റപ്പെടുത്തേണ്ടത്..

ജനങ്ങളുടെ കൈയടി നിലച്ചത് ഇരുപത് മിനിട്ടുകൾക്ക് ശേഷമാണ്.
ഞങ്ങൾ റഷ്യൻ വർഗീസിന്റെ തോട്ടത്തിൽ വീണ്ടും ഒത്തുകൂടി. ജനങ്ങളിൽ വിശ്വാസ്യത നേടിയെടുക്കും വരെ ആ പറമ്പിന്റെ ഉൾഭാഗങ്ങൾ സാങ്കേതമാക്കാൻ ഞങ്ങൾ തീരുമാനിച്ചു.. വികസന സ്വപ്നങ്ങളുടെ നിറം പൂശി കുറിച്ചിജനതയെ പഞ്ചായത്ത് ചതിക്കുകയാണെന്ന സത്യം ബോധ്യപ്പെടുത്താൻ ഞങ്ങൾ പദ്ധതികൾ തയാറാക്കി.പക്ഷെ ഞങ്ങളെ കാത്തിരുന്നത്..

എനിക്ക് ഇവിടെ നിന്നും മാറാനുള്ള സന്ദേശം കിട്ടി. ഇനി എന്റെ ഫോണ് നിശ്ചലമായിരിക്കും.
ഓപ്പറേഷൻ ബ്രയോ ഫില്ലത്തിന്റെ തോക്കുകൾ എന്നെ തിരഞ്ഞ് ഇറങ്ങിയിരിക്കുന്നു.
അടുത്ത സുരക്ഷിതയിടത്തു നിന്നും കുറിക്കാം...

ലൈക്ക് 12     കമന്റ്സ് 10   ഷെയർ 2

ദാവൂദ്‌ ഇബ്രാഹിം
Yesterday 3:36 pm

ഇന്ന് പകൽ ഞാൻ ഇവിടെയെത്തി ഈ തണുപ്പിൽ ഞാനും ചൊടക്കും അതിജീവിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും കുറിച്ചിയിലെ  ചൊടക്ക് രാജ്യത്തിന്റെ പല കോണുകളിലും എത്തിയിരിക്കുന്നു...

ഉല്പൻ പിള്ളയുടെ ഒറ്റ പ്രസംഗത്തിൽ കുറിച്ചിയിൽ ഞങ്ങൾ പിന്തള്ളപ്പെട്ടു. എങ്കിലും വരുംതലമുറയെങ്കിലും ഞങ്ങളെ അറിയണം എന്ന ആഗ്രഹത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്താൻ തന്നെ തീരുമാനിച്ചു. കിട്ടിയ അവസരങ്ങളിൽ എല്ലാം ഞങ്ങൾ നാട്ടിലിറങ്ങി. കാളിപാറ കുടിവെള്ള പദ്ധതി യിൽ പൈപ്പ് ലൈൻ ഇടുന്നതിനെതിരെ  നടന്ന സമരത്തിലും, ലോണ് മുടങ്ങി പശുവിനെ ജപ്തിചെയ്യാനെത്തിയ ബാങ്കുകാരെ തടയുന്നതിലും.
ചവറ് സംസ്കരണ യൂണിറ്റിനെതിരെ നടന്ന സമരത്തിലും മൊബൈൽ ടവറിന് എതിരെയും ഞങ്ങൾ ജനങ്ങൾക്ക് പിന്തുണ നൽകി.ടവറിന് എതിരായി നടന്ന സമരത്തിൽ ആദ്യമായി ഞങ്ങൾക്കിടയിൽ എതിർസ്വരമുയർന്നു.
സംഘത്തിൽ ഒരാൾ 'അപ്രായോഗികം' എന്ന വാക്കും പറഞ്ഞ് പിരിഞ്ഞുപോയി.
എങ്കിലും സിനിമാ ഫെസ്റ്റുകൾ, ആർട്ട് ഗ്യാലറികൾ, പുസ്‌തകം പ്രദർശനങ്ങൾ. ഞങ്ങൾ സജീവ സാന്നിദ്ധ്യമായി...

ഇതിനിടയിൽ മിസ്റ്റർ ബാലന്റെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് പുറത്താക്കി.
അത് ചോദിക്കാൻ ചെന്ന ബാലൻ ചൊടക്ക് ചെടികൾക്കിടയിൽ വെടിയേറ്റ് കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്..
മുഖം മൂടി ധരിച്ച ഞങ്ങളെ മിസ്റ്റർ ബാലന്റെ ശരീരം കാണിക്കാൻ ദൗത്യ സംഘം ആദ്യം തയാറായില്ല. മുഖം മൂടി മാറ്റി ഞാൻ കയർത്തപ്പോൾ മിസ്റ്റർ ബാലന്റെ മൃതശരീരം കാണിച്ചു.. അങ്കണവാടിയിൽ  ചെന്ന് പണവും അഞ്ചു പേർക്കുള്ള അരിയും പയർ വർഗ്ഗങ്ങളും  ചോദിച്ചെന്നും.
കവണ  ചൂണ്ടി ഭീഷണിമുഴക്കി എന്നാണ് ദൗത്യസംഘത്തിന്റെ ഭാഷ്യം.
തികച്ചും കളവാണ്. മിസ്റ്റർ ബാലന്റെ സഞ്ചിയിൽ നിന്ന് മൂന്ന് ഗോലി, ഒരു കവണ, നാലു കിലോ അരി, ഒന്നരക്കിലോ പയർ, നാലു മുട്ട, ചുവപ്പ് മാർക്കർ, ഫെവിക്കോൾ , ചാർട്ട്  എന്നിവ കണ്ടെത്തിയത്രെ. മിസ്റ്റർ ബാലന്റെ  കവണയേറിൽ അതീവ ഗുരുതരമായി പരിക്കേറ്റ പതിനൊന്ന് ദൗത്യസംഘർ  കോമയിലാണെന്നും പത്രക്കുറിപ്പിൽ പറയുന്നു...

ഫോണിൽ ബാറ്ററി കഴിയുന്നു.
ഒന്നോ രണ്ടോ മണിക്കൂറിൽ ഞാൻ മടങ്ങി വരാം...

ലൈക്ക്‌സ് 7   കമന്റ്സ് 1    ഷെയർ  0

ദാവൂദ് ഇബ്രാഹിം
2hrs ago

ഇന്നലെ എനിക്ക് കുറിക്കാൻ കഴിഞ്ഞില്ല. ഒന്ന് വ്യക്തമായി ബ്രയോഫില്ലത്തിന്റെ വെടിയുണ്ടകൾ എന്റെ അടുത്ത് എത്തിയിരിക്കുന്നു..
ഇനി ഒരു കുറിപ്പ് വായിക്കാൻ നിങ്ങൾക്കോ എഴുതാൻ എനിക്കോ കഴിയുമെന്ന് തോന്നുന്നില്ല..

കുറിച്ചിയിൽ ഒടുവിലെ
ദിനങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞേ മതിയാകു എന്നെനിക്ക് നിർബ്ബന്ധമുണ്ട്.
മിസ്റ്റർ ബാലന്റെ രക്തസാക്ഷിത്വം ഞങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു..
പഞ്ചായത്തിനും അതിലൂടെ  ഭരണകൂടത്തിനും വലിയ ഒരു മറുപടി കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. സാമ്പത്തിക തിരിമറികൾ ആരോപിതയായ
മിസ് ദേവകി രാജി വച്ചതോടെ അഞ്ചാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വാർഡിന്റെ ചുവരുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഞങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്തു.
"ജനാധിപത്യം വലിയ നുണ" എന്ന വിഷയത്തിൽ സെമിനാറു നടത്തി.
മിസ്റ്റർ ബാലന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പോസ്റ്ററുകൾ എഴുതി.

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പറയട്ടെ ശ്രീമാൻ ഉല്പൻ  പിള്ളയുടെ വധത്തിന് പിന്നിൽ ഞങ്ങളല്ല.
മിസ് ദേവകിയുടെ സഹോദരൻ പ്രതിപക്ഷ സ്ഥാനാർഥി ആയതും ഉല്പൻ പിള്ള വേഴ്‌സസ് ദേവകി വാക്കേറ്റവും ഓർക്കുക..
കൊലപാതക കാരണം നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്..

ലൈക്സ് 1    കമന്റ്സ് 1   ഷെയർ 0

ദാവൂദ്‌ ഇബ്രാഹിം
1mts ago..

വ്യാജപ്പേരിലെ  ഈ അക്കൗണ്ട് 
നിരീക്ഷണത്തിലാണെന്ന്  എനിക്ക് നല്ല ബോധ്യമുണ്ട്.സാറ്റലൈറ്റ് മുഖേനെ അവർ ഉടൻ എന്നെ കണ്ടെത്തിയെന്ന് വരാം.
ചൊടക്ക് ദളത്തിലെ അവസാന ദളവും അവർക്ക്...

പ്രിയ സുഹൃത്തേ ഇത് വായിച്ച താങ്കളും ഇപ്പോൾ അവരുടെ നിരീക്ഷണത്തിലാണ്..!!

ലൈക്സ് 0   കമന്റ്സ് 0   ഷെയർ 0

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment