Tuesday 12 November 2019

പെൺ ജൗളിസ്..!!

പെൺ ജൗളിസ്..!!

 ചിന്നമ്മയുടെ ചവിട്ടിൽ ഉപേന്ദ്രൻ കടയുടെ മുന്നിൽ  മലർന്നടിച്ച്‌ വീഴുന്നത് കണ്ടിട്ടും  ക്യാഷ് കൗണ്ടറിലിരുന്ന ചിത്ര അനങ്ങിയതേയില്ല. അയാൾക്ക് ഭാര്യയായിരുന്ന നാളുകളിൽ ഇതു പോലൊരു  ചവിട്ട് തന്റെ കാലിലും ചങ്ങലയ്ക്കിട്ടിരുന്നില്ലേ..?. നീണ്ട ബില്ല്‌ പോലെയുള്ള  തെറിപ്പാട്ട് കഴിഞ്ഞ് ചിന്നമ്മ നിന്ന് വിറയ്ക്കുന്നു. ജീവിതത്തിലാദ്യമായി മുഴുത്ത അഞ്ചാറ് തെറികൾ ചിത്രയും വിളിച്ചു. തെറിമാലയുടെ  പ്രാസവും ചിന്നമ്മയുടെ കിടിലൻ അവതരണവും  ഓർത്താകണം ചിത്രയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു നിൽക്കുന്നുണ്ട്. ഉപേന്ദ്രന്റെ തിരിഞ്ഞു  നോക്കിയുള്ള ആ നടപ്പ് കണ്ട്, ഓടിച്ചെന്ന് ചിന്നമ്മയുടെ കാലെടുത്ത് മടിയിൽ വച്ച് ഒരുമ്മ കൊടുക്കാനാണ് അവൾക്ക് തോന്നിയത്. ഉപേന്ദ്രനെപ്പോലെ കൂരി നെൽസണും ഒടക്കാൻ വന്നാൽ  നേരിട്ടോളമെന്ന്  സത്യം ചെയ്തത് ചിത്ര ഓർത്തു. " ആ കൂരിയെ തീർക്കാൻ  ഇംഗ്ലീഷിൽ നാലഞ്ച്  പഞ്ച് ഡയലോഗ് മതിയെടി സൂപ്രണ്ട്‌ കൊച്ചമ്മേ.." ചിന്നമ്മയുടെ മുഖത്ത് ആ വാക്കുകളിപ്പോഴും കൂസലില്ലാതെ  നിൽക്കുന്നത് ചിത്രയ്ക്ക് കാണാം..

ബില്ലടിച്ചിട്ട പേപ്പർ കീറിയെടുത്ത് കൂരിക്ക് നേരെ പൊട്ടിക്കാൻ  നാലഞ്ച് ഡയലോഗുകൾ ചിത്ര എഴുതി  നോക്കി. ചിന്നമ്മയുടെ പൂരപ്പാട്ടിന്റെ ഏഴയലത്ത് വരാൻ കെല്പില്ലാത്ത വാക്കുകൾ.. ഒന്നിനും ഒരു ഊക്കില്ല. ചിത്ര ചിന്നമ്മയെ പാളിനോക്കി. ചുരിദാർ വാങ്ങാൻ വന്ന് പതുങ്ങി നിൽക്കുന്ന പെണ്ണിനെ വഴക്കുപറയുന്ന ഒരു തന്തപ്പടിക്ക് ഇരിക്കാനുള്ള കസേര ചിന്നമ്മ ചൂണ്ടിക്കാണിക്കുന്നു..ആ പെണ്ണിന്റെ മുഖം തെളിയണത് കണ്ട് സതി ചിത്രയെ നോക്കി കണ്ണിറുക്കി. പെണ്ണിന്റെ തന്തപ്പടി കുഷ്യനിൽ ദേഷ്യത്തോടെ അമർന്നിരുന്നു. ഉള്ളിൽ വലിച്ചു വച്ചിരുന്ന വീർപ്പുമുട്ടൽ  കുഷ്യനിൽ നിന്ന് പുറത്തേക്ക് വന്നു. നിവർത്തിപ്പിടിച്ച പത്രത്തിന്റെ  മുകളിലൂടെ അയാൾ ചിന്നമ്മയെ ഒരെത്തിനോട്ടം നടത്തി. ചിന്നമ്മയുടെ പ്രതിനോട്ടത്തിൽ തട്ടി അയ്യാളുടെ കണ്ണുകൾ ഏതോ വലിയ വാർത്തയിലേക്ക് വീണു. 

അതാണ്‌ ചിന്നമ്മ, ഫുട്‌ബോള് പോലെ അവൾ അടിച്ച് തെറിപ്പിച്ചത് ചിത്രയുടെ  ഏറ്റവും വലിയ പ്രതിസന്ധിയാണ്. എന്നിട്ട് ഒരു മാസ് ഡയലോഗും. " നീയേത്  ഇന്ദ്രനായലും  കൊള്ളാം എന്റെ ചിത്രയുടെ ഏഴയലത്ത് കണ്ടാൽ പന്ന മരപ്പട്ടി മോനെ കൊന്നുകളയും ഞാൻ." ചിത്രയോട് നൂറ് നാക്കുള്ള ഉപേന്ദ്രൻ ഒറ്റയക്ഷരം മിണ്ടീയയിട്ടില്ല..പെൺകുട്ടിയുടെ തന്തപ്പടിയെ ആകുലതയോടെ നോക്കുന്ന സതിയെ ചിത്ര അടുത്ത് വിളിച്ചു.."നമ്മുടെ ചിന്നമ്മ കൊലമാസാണ് മോളെ, അവള് ഉപേന്ദ്രന് കൊടുത്തത് പോലെ കൂരിയെ കൈകാര്യം ചെയ്യാനൊന്നും എനിക്ക് പാങ്ങില്ല. എന്നാലും മുഖത്തോട് മുഖം നിന്ന്  ഒരു കിടിലൻ ഡയലോഗ് കാച്ചാനുള്ള  ധൈര്യമെങ്കിലും കാണിക്കണ്ടെ..?നാലഞ്ച് ഡയലോഗ് പറഞ്ഞ് താ പെണ്ണേ..."

കഴുത്തിൽക്കിടന്ന ടേപ്പ് കൈയിൽ ചുറ്റി വച്ചിട്ട് സതി ചിത്രയുടെ ചെവിയോട് ചേർന്ന് വന്നപ്പോൾ പ തന്തപ്പടിയുടെ കണ്ണുകൾ പൊങ്ങിവന്നു. പ്രതിനോട്ടത്തിന് പാങ്ങില്ലാതെ ചിത്ര പിൻവാങ്ങി.. ഉപേന്ദ്രന്റെ വശത്തെ ന്യായമിട്ട്, ചിന്നമ്മയുടെ ചവിട്ടിനെക്കുറിച്ച് സതി പറഞ്ഞു തുടങ്ങിയപ്പോൾ ചിത്രയുടെ നോട്ടമിത്തിരി ചുവന്നു. അപകടം തിരിച്ചറിഞ്ഞ് പത്രത്തിന്റെ ഉള്ളിലസ്തമിച്ച  കണ്ണുകൾ പിന്നെ ഉയർന്നു വന്നില്ല.സതിയോട് ചിത്രയുടെ ശബ്ദമുയർന്നു..

"മികച്ച സേവനത്തിന് മെഡലൊക്കെക്കിട്ടിയ ഡെപ്യുട്ടി തഹസീൽദാർ സാറാണ് ചവിട്ടും വാങ്ങി ഓടിയത്. ചിന്നമ്മ പറയുന്നത് ശരിയാ 'കെട്ടിയോനെ കൊല്ലാൻ ഒരിക്കലെങ്കിലും തോന്നാത്ത ഒറ്റ പെണ്ണും ഭൂമിയിലുണ്ടാവില്ല.' എടി പെണ്ണേ ! എന്റെ മോന്റെ കല്യാണത്തിന് ശേഷം ഒന്നല്ല പലതവണ നിന്റെ ഉപേന്ദ്രേൻ സാറിനോട്  എനിക്കങ്ങനെ  തോന്നിയിട്ടുണ്ട്‌. ഉപേന്ദ്രന്റെ ഒരു കാലെങ്കിലും തല്ലിയൊടിക്കാൻ കഴിയണേന്ന് ചിന്തിച്ച്‌  നിൽക്കുമ്പോഴാണ് ഇവളുടെ നെഞ്ചത്തോട്ട്  ഞാൻ തലചുറ്റി  വീണത്. നി തന്നെ ഓർത്ത് നോക്കെടി.ഒരു ഗസറ്റഡ് പദവിയിലിരുന്ന  എനിക്ക്  കടങ്ങള് തീർക്കാൻ ഈ  കിട്ടണ പെൻഷനും അന്യനാട്ടിന്ന് മോൻ അയയ്ക്കുന്നതും കഴിഞ്ഞ് പിന്നെയും പത്തുമുപ്പതിനായിരം ഒപ്പിക്കേണ്ട ഗതികേട്..? പെണ്ണായ ഞാൻ അമ്പത്തിമൂന്നാം വയസിൽ ഒരു ചിട്ടിക്കമ്പനിക്ക് ലാഭമുണ്ടാക്കൻ  പൊരിവെയിലത്ത് പരക്കം പാഞ്ഞ് നടക്കുമ്പോൾ നിന്റെ ഉപേന്ദ്രൻ സാർ  കടയിലിരുന്ന് തുണിവിറ്റ പൈസയ്ക്ക് കമ്പനി കൂടുന്നു. എങ്ങനെയുണ്ട്..? ആർക്കായാലും സഹിക്കുമോ.. നിനക്കായാലും  കൊല്ലാൻ തോന്നുലേ..?"  തല കുനിച്ചുനിന്ന സതിയുടെ അടുത്തേക്ക് ചിത്ര ഒരു കസേര നീക്കിയിട്ടു. ശബ്ദം  അല്പം മയപ്പെടുത്തി..

"ഇതൊക്കെ കേൾക്കുമ്പോൾ  നീ കരുതും ഞങ്ങക്ക് ആകെ ഒറ്റ മോനളേയുള്ളൂ, രണ്ടാൾക്കും സാമാന്യം നല്ല ജോലിയുണ്ടായിരുന്നില്ലേന്നൊക്കെ. അതൊക്കെ ശരിയാ പെണ്ണേ. ഈ കടങ്ങളൊന്നും ഞാനായിട്ട് വരുത്തി വച്ചതല്ല. നിന്റെ  ഉപേന്ദ്രൻ സാറിന്റെ സംഭാവനയാ.
ആള് പണ്ട് ഇങ്ങ്നെ ഒന്നും ആയിരുന്നില്ല, എന്നോട് എന്ത് സ്നേഹായിരുന്നു. എനിക്കു വേണ്ടി എത്ര പാട്ട് പാടുമായിരുന്നു. ഇപ്പൊ ഒരു മൂളിപ്പാട്ട് പോലുമില്ല.കുടിയൊക്കെ ഈ അടുത്തല്ലേ തുടങ്ങിയത്. ജോലിയിലൊക്കെ എന്തൊരു മിടുക്കായിരുന്നു. ഏതൊക്കെ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടോ അവർക്കൊന്നും സാറിനെ മറക്കാനും കഴിയില്ല. പിരിയാൻ നേരം കെട്ടിപ്പിടിച്ച് ഉപേന്ദ്രൻ സാർ എന്റെ ദൈവമാണ് എന്നൊക്കെ പറഞ്ഞവർ വരെയുണ്ട്. വി ആർ എസ് എടുത്തതാണ് പോന്നത് ന ഒറ്റരൂപ  സമ്പാദ്യമില്ല. ഇതിനിടയിൽ പ്രിന്റിംഗ്‌ ഷോപ്പ്, ജ്യുസ്സ് സ്റ്റാള്, മെഴുകുതിരി നിർമ്മാണയൂണിറ്റ്, അങ്ങനെ ചെന്നു തലവയ്ക്കാത്ത ഏർപ്പാടില്ല. ഒടുവിൽ തുടങ്ങിയ കയർപ്പായ യൂണിറ്റ് ഇരുപത് ലക്ഷമാണ് തിന്നത്. ബാങ്കിൽ നിന്ന് നോട്ടീസോ വിളിയോ വരുമ്പോഴാണ് ഞാനിതൊക്കെ അറിയുന്നത്. എന്നോട് മിണ്ടാതെ രണ്ട് ദിവസം നടക്കും.ബാധ്യത തീർക്കാൻ ഓരോന്ന് വിൽക്കുമ്പോഴും തീരുമാനിക്കും ഇതോടെ നിർത്തിയെന്ന്. പക്ഷെ പിന്നെയും എന്നെകൊണ്ട് സമ്മതിപ്പിക്കും.." സതി വിരലിൽ ഞൊട്ടയൊടിച്ചു, പെണ്കുട്ടി ഇളം നീല ചുരിദാർ ഇട്ട് ചിന്നമ്മയുടെ മുന്നിൽ വന്ന് നിന്നു..

"കൂടെ നടക്കുന്നവന്മാർ ഓരോന്ന് പ്ലാൻ ചെയ്യും, ഫൈനാൻസ് ചെയ്യാൻ ഉപേന്ദ്രൻ സാർ. ഹിന്ദിയിൽ
എം എയുള്ള  ഇയാൾ ഏതോ പ്രൊഫസറിന്റെ വാക്കും കേട്ട് എൻട്രൻസ് കോച്ചിംഗ്‌ സെന്ററു വരെ തുടങ്ങി. ഇയാൾക്ക് അതിനെപ്പറ്റി  വല്ല അന്തവും കുന്തവുമുണ്ടോ..? നമ്മടെ മോൻ പോലും പോകാതെയായപ്പോൾ ആറുമാസത്തിനകം അതും പൂട്ടി. കൊറേ ദിവസം അതായിരുന്നു ഇവരുടെ ബാർ.ക്ലച്ച് പിടിക്കില്ലെന്ന് കണ്ടപ്പോൾ ആ പ്രൊഫസർ പൊടിയും തട്ടിപ്പോയി. അയാൾക്ക് നഷ്ടമൊന്നും ഇല്ലല്ലോ..? അതുകഴിഞ്ഞ്  എന്നെയും വി ആർ എസ് എടുപ്പിച്ചു. അന്ന് കിട്ടിയ തുകയും പിന്നൊരു ലോണും ചേർത്ത് തുടങ്ങിയ 'ഉപാസ് ടെക്‌സ്റ്റൈൽസാണ്' ഞാനും ചിന്നമ്മയും ചേർന്ന്  'പെൺ ജൗളിസാ'ക്കിയത്. ഇനി പ്രേതാലയം പോലുള്ള ഒരു വീട് മാത്രമേ ബാക്കിയുള്ളൂ,  അതും നിന്റെ ഉപേന്ദ്രൻ സറിന്റെ പ്ലാനാട്ടോ. മൂന്ന് നില, മുകളിലെ നില ഞങ്ങൾക്ക്, താഴെ വാടകയ്ക്ക്.. എന്നിട്ടോ  അത് മാസാമാസം വൃത്തിയാക്കാൻ കാശ് ഞാനൊപ്പിക്കണം. എന്തായാലും ഞാനത് വിൽക്കും.കിട്ടണ കാശിന് ലോണും തീർത്ത് ഒരു കുഞ്ഞ് വീടോ ഫ്‌ളാറ്റോ വാങ്ങി. ഇനിയുള്ള കാലം ചിന്നമ്മയുടെ കൂടെ കഴിയാനാണ് പ്ലാൻ.." 

സതിയുടെ നെറ്റിയിൽ സംശയരൂപത്തിൽ ചുളിവുകൾ വീണു. ഭയത്തിന്റെ വേഷം കെട്ടിയ വിയർപ്പു തുള്ളികൾ ഒളിച്ചു നിന്നു. ക്ഷീണിതയായ ഒരു വൃദ്ധ വന്ന് കുഞ്ഞുടുപ്പുകൾ ആവശ്യപ്പെട്ടു . എഴുന്നേൽക്കാൻ തുടങ്ങിയ സതിയെ അവിടിരിക്കാൻ ആംഗ്യം കാണിച്ചിട്ട്, ചിത്ര  എടുത്ത് കൊടുത്തു. വൃദ്ധ നൽകിയ തുക ശ്രദ്ധിക്കാതെ പെട്ടിയിലിട്ട് ചിത്ര സംസാരത്തിലേക്ക് വന്നു..
പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയ വൃദ്ധ ക്ഷീണം തോന്നി, സെറ്റിയിൽ ഇരുന്നു. ചിന്നമ്മ അവർക്ക് ഫാൻ ഇട്ടുകൊടുത്തു. അവർ ചിന്നമ്മയെ നന്ദിയോടെ നോക്കി..കാറ്റിൽ മുഖം മറച്ചിരുന്ന പത്രം താഴ്ന്നപ്പോൾ തന്തപ്പടി തന്റെ വാച്ചിലും ചുരിദാരിൽ മതിമറന്ന് പെൺകുട്ടിയെയും അക്ഷമയോടെ നോക്കി. ആ കുട്ടി  നീല നിറമുള്ള ഒരു ചുരിദാരിലായിരുന്നു. അയാൾക്ക് നീല ഇഷ്ടമായിരുന്നില്ല.

"നിനക്കറിയോ സുരക്ഷിതമായ ഒരു ബാല്യവും, അരക്ഷിതമായ വാർദ്ധ്യക്യവുമാണ് എന്റേത്.     ഇനിയുമത്  സഹിക്കാൻ വയ്യ. ഉപേന്ദ്രൻ മോന്റൊപ്പം  ജീവിക്കട്ടെ. ആയ കാലത്ത് ഒരു  പെൺകുട്ടിയെക്കൂടെ ഉണ്ടാക്കിയെങ്കിൽ വിധി ചിലപ്പോൾ മാറിയേനെ. സംഘടനാ പ്രവർത്തനവും പ്രസംഗ വേദികളും  കഴിഞ്ഞ് പ്രസവിക്കാനുള്ള  നേരവും, ബോധവും എനിക്കുണ്ടായില്ലല്ലോ?.ഉപേന്ദ്രൻ സറിനെ സ്വന്തം മോന്റെ കല്യാണത്തിന് കിട്ടിയത് തന്നെ ഭാഗ്യം. ഞാനൊറ്റയ്ക്കാണ് സകലതും ഒരുക്കിയത്. അതൊക്കെ അവന് അറിയാം. അന്നൊക്കെ തഹസീൽദാർക്ക് വലിയ തിരക്കായിരുന്നു ചീഫ് സെക്രട്ടറിയുടെ പവറല്ലേ..? പെൻഷൻ പോലും കണ്ടവർക്ക് ജാമ്യം നിന്നതിന്റെപേരിൽ  റിക്കവറിയാ. ഇപ്പൊ സിഗരറ്റ് വാങ്ങാൻ പോലും ഞാൻ കൊടുക്കണം. ഇല്ലെങ്കിൽ കേട്ടാലറയ്ക്കുന്ന തെറി. നിന്റെ ഉപേന്ദ്രൻ സാർ സൈലന്റ് ആയി നടക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ മുന്നിൽ ദൈവദൂതൻ. എന്നാലേ ഇതുപോലെ പുഴുത്ത വർതതാനം ഭൂമിയിൽ ഒറ്റ മനുഷ്യനും പറയില്ല.ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റാതെ വിളിച്ച് കൂവുന്നത് കേൾക്കാം. മനസ്സിന് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ട്  ഡോക്ടറെ കാണാൻ വിളിച്ചാൽ വരില്ല.സ്വയം വേദനിപ്പിച്ച് തീ തീറ്റിക്കും.ഒരു തരം ഭ്രാന്ത്.." 

"ഈ തന്തയെക്കുറിച്ച് പരാതി പറഞ്ഞുപോയതിനാണ് മരുമോളുടെ വായിലിരുന്നത്‌ വരെ ഞാൻ കേട്ടത്. "മമ്മിയിങ്ങനെ ഏതു നേരവും പപ്പയെ കുറ്റം പറഞ്ഞാലോ, കറക്കമൊക്കെ നിർത്തി വീട്ടിൽ ഇരിക്കണം" എല്ലാം നേരിട്ട് അറിയുന്ന അവന് പോലും എന്നെ തിരിച്ചറിയാൻ കഴിയുന്നില്ല.
 ഈ നെട്ടോട്ടത്തിനിടയിൽ ഞാനിത്തിരി കവിത എഴുതും. പഴയ പ്രവർത്തകർ വിളിക്കുമ്പോൾ  കവിതാ ചൊല്ലാനോ നാടകം കാണാനോ പോകും. ഇല്ലെങ്കിൽ എനിക്കും പ്രാന്ത് വരില്ലേ.? അല്ലാതെ അയാളെപ്പോലെ വൈകിട്ട് വരെ കിടന്നുറങ്ങി ആരക്കുപ്പി കുടിച്ചിട്ട്  ബഹളം ഉണ്ടാക്കിയാൽ മതിയോ..? ചില സമയത്തെ കോപ്രായങ്ങൾ കണ്ടാൽ എന്തെങ്കിലും എടുത്ത് മൊട്ടത്തല തല്ലിപ്പൊട്ടിക്കാൻ തോന്നും. ഞാൻ ആർക്കാണ്ടോക്കെകൂടെ കിടക്കാൻ പോകുന്നെന്നാ പുതിയ ആരോപണം. നല്ല കാലത്ത് എല്ലാം സൗകര്യങ്ങളും കിട്ടിയിട്ട് നോക്കിയില്ല പിന്നാലെയാണ് ഈ പ്രായത്തിൽ. അതെങ്ങനെ എന്റെ മോന് മനസിലാകും..? എന്തായാലും ഇനി ആരോടും ഒരു  പരാതിക്കും ഞാനില്ല. പഴയ സിം ടോയിലെറ്റിലിട്ട് ഫ്ളെഷ് ചെയ്തിട്ടുണ്ട്..ആരും എന്നെ വിളിക്കണ്ട.എനിക്കും ആരേയും വിളിക്കാനും വയ്യ. മോൻ നാട്ടിൽ വന്ന് അച്ഛ്നെ കൊണ്ട് പോട്ടെ..."ചിത്രയുടെ കണ്ണ് നിറയുമ്പോൾ സതി പതിയെ ചേർത്ത് പിടിച്ചു. എഴുന്നേറ്റ് പോകാൻ നിന്ന വൃദ്ധ സംശയ രൂപത്തിൽ ഒന്നുരണ്ട് സെക്കന്റ് അവരെ നോക്കി നിന്നു. തുറന്നാൽ കരയുന്ന  വാതിലിലൂടെ പുറത്തേക്ക് പോയി.ചിന്നമ്മ ദേഷ്യത്തിൽ ഫാനിൻെറ സ്വിച്ച്‍ ഓഫാക്കി. ചിത്രയുടെ കരച്ചിൽ പെട്ടെന്ന് നിന്നു..തന്തപ്പടിയുടെ നെറ്റിയിൽ വിയർപ്പിന്റെ കനൽ തെളിഞ്ഞു.
അയാൾ പത്രം വീശി അതിനെ കെടുത്താൻ നോക്കി.

 " ഉപാസിന്റെ ലൈസൻസ് എന്റെ പേരിലായത് ഭാഗ്യം. അല്ലെങ്കിലും ഒറ്റ ബാങ്കും ഉപേന്ദ്രന്   ലോണനുവദിക്കില്ല. പല ചെക്കും മടങ്ങി ബ്ളാക്ക് ലിസ്റ്റിൽ ആയ ടീമല്ലേ..?. തിരിച്ചടവുകൾ ഇനിയും ബാക്കി നിൽക്കുന്നു.  കുടിക്കാനുള്ള കച്ചവടം കിട്ടിയാൽ അയാൾ ഷട്ടർ പൂട്ടും. അത് ചോദിക്കാൻ ചെന്നതിനാണ് കണ്ടവന്മാരുടെ മുന്നിലിട്ട് തല്ലിയത്. ഞാൻ അന്ന് ഇറങ്ങിയതല്ലേ..?. മൂന്ന് ദിവസത്തെ യാത്ര അതു കഴിഞ്ഞ് വർക്കല ബീച്ചിൽ നിൽക്കുമ്പോഴാണ് തലചുറ്റി വീണത്. എന്റെ കഥയൊക്കെ കേട്ട് ചിന്നമ്മ വക ഒരു  കിടുക്കാച്ചി ഡയലോഗ്‌...' ആ തുണിയൊക്കെ കൊണ്ടുനടന്ന് വിറ്റാന്നേലും തവണ അടയ്ക്കാനുള്ളത് ഈ ചിന്നമ്മ ഒപ്പിച്ച് തരും' . നീ  ആ കൊച്ചിനെ ഒന്ന് നോക്ക് എന്റെ അതേ സന്തോഷം കാണുന്നില്ലേ..?.നമുക്ക് ആ പെൺകുട്ടിയുടെ ബില്ലിൽ  കാര്യമായിട്ടെന്തെങ്കിലും ചെയ്യണം.." സതി തുണി വെട്ടുന്ന കത്രികയിൽ ഹൃദയത്തിന്റെ രൂപം വെട്ടിയെടുത്തു. അതുകണ്ട് ചിത്രയുടെ മുഖത്ത് ചിരി വന്നു. ചിത്ര സതിയുടെ കവിളിൽ തൊട്ടു..

"കൂരിയെ ഷോക്കടിപ്പിക്കാനുള്ള  ഒറ്റ വരിപോലും കിട്ടുന്നില്ലെടി..
നീ എന്നെയൊന്ന് സഹായിക്ക്. എന്റെ മനസിൽ ആകെ ചിന്നമ്മയുടെ കലക്കൻ ഇൻട്രോ സീനാണ്..  പിന്നെ നടന്ന കാര്യങ്ങൾ നിനക്ക് കേൾക്കണോ..?. ഉപേന്ദ്രൻ സാറിന് വേണ്ടി എന്റടുത്ത് വാദിക്കാൻ വന്നതല്ലേ..?"

"ഉപേന്ദ്രന്റെ അടിയും വാങ്ങി ഞാനന്ന് ഇറങ്ങിയതിന് എവിടെയെങ്കിലും പോയി ചക്കണം എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. അളവ് എടുക്കണ ഇരുമ്പ് സ്കെയിലിന്റെ അടി, അതും എന്റെ നടുവിന്.." സതി മുന്നിലിരുന്ന ഇരുമ്പ് സ്കെയിലിൽ തൊട്ടു. അതിന്റെ മരവിച്ച തണുപ്പ്.
തന്റെ മുഖത്ത് നോക്കത്ത സതിയുടെ മുഖം ചിത്ര പിടിച്ചുയർത്തി അവളുടെ കണ്ണിൽ ഇത്തിരി നനവ്..

"അയ്യേ നീ എന്താ പെണ്ണേ അടി കിട്ടിയത് എനിക്കല്ലേ..? നിന്റെ കണ്ണെന്തിനാ നിറയണത് നീ
ബാക്കി കൂടെ കേൾക്ക്.. ഫോണും ഓഫ് ചെയ്ത് മൂന്ന് ദിവസം ഒറ്റയാത്ര. എന്നിട്ടും എന്തോ അയാളെ ഓർത്തപ്പോൾ തിരിച്ച് വരാൻ തോന്നി.. വരുന്ന വഴിക്ക് ആ ബീച്ചിൽ ഒന്നിറങ്ങി, അപ്പഴാ തല ചുറ്റലും വീഴ്ച്ചയും, എന്നെ ചാരി ഇരുത്തി കുടിക്കാൻ വെളളവും തന്നിട്ട് എന്റെ കഥ മുഴുവൻ കേട്ടു.. പിന്നെ ചിരിയോട് ചിരി. എന്നിട്ടെന്നോട്  ഒറ്റച്ചോദ്യം "നിന്റെൽ ഇത്തിരി കാശൊണ്ടാടി".  അടവിനും, മോൻ തന്നതും ചേർത്ത് അമ്പതിനായിരം കയ്യിലുണ്ടായിരുന്നു. എന്നെയും കൊണ്ട് തൊട്ടടുത്ത സ്റ്റാർ ഹോട്ടലിലേക്ക് ഒറ്റ നടത്തം. എന്റെ ബാഗും അവളുടെ ഒരു കവറും മാത്രം. എന്റെ ഐഡൻറി കാണിച്ച് സ്യൂട്ട് റൂം തന്നെ എടുത്തു. കുളിച്ച് ഭക്ഷണം കഴിച്ചപ്പോൾ  എനിക്കൊന്ന് കിടക്കാൻ തോന്നി. അവളു വന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നു. ന്റമ്മേ അവളുടെ വിരലുകൾ കാണിച്ച പരിപാടികൾ..! എന്തായാലും ഇത്തിരി രസമുള്ള സംഗതിയാണ് കേട്ടോ..അവൾ എന്നെ എന്തൊക്കെ ചെയ്‌തെന്ന് എനിക്ക് തന്നെ അറിയില്ല മോളെ..." ചിത്രയുടെ മുഖത്ത് നാണം, സതിയുടെ മുഖത്ത് അക്ഷമ..

"ബാക്കി പറ" സതി തിരക്ക് കൂട്ടി.

 "അയ്യടി ബാക്കി ഇപ്പൊ പറഞ്ഞ് തരാം, എഴുന്നേറ്റ് പോ പെണ്ണേ ഈ ചിന്നമ്മ പുലിയാ മോളെ പുലി.."
ചിന്നമ്മ ആ പെൺകുട്ടിയുമായി വന്ന് ഒരു ചുരിദാർ കൗണ്ടറിൽ ഏല്പിച്ചു തിരിച്ചുപോയി. പോകുന്ന വഴിക്ക് സതിയുടെ ചന്തിക്ക് ഒരടിയും കൊടുത്തു. അടി പെണ്കുട്ടിയുടെ തന്ത കണ്ടതിന്റെ ദേഷ്യം സതിയുടെ മുഖത്ത് വന്നു.. ചിത്രയുടെ ചിരിയിൽ 'വിട്ടുകള  പെണ്ണേ' എന്ന ഭാവം. പെണ്കുട്ടിയുടെ മുഖത്ത് ചിരിയുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു. തന്തപ്പടിക്ക് എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതിയെന്നായി.അയാളുടെ കാശെണ്ണിക്കൊണ്ടുതന്നെ ചിത്ര തുടർന്നു..
 
"എഴുമണിയെങ്കിലും കഴിഞ്ഞാണ്  ഞാൻ ഉണർന്നത്.ഈ ചിന്നമ്മ  സിഗരറ്റും വലിച്ച് കടലും നോക്കി നിൽക്കുന്നു. മേശയിൽ രണ്ട് ബിയർ കുപ്പി.രണ്ട് ഗ്ളാസ് എന്നെക്കൊണ്ടും ഇവൾകുടിപ്പിച്ചു.പിന്നെ ബീച്ചിലിറങ്ങി നടന്നു. കുളിച്ചു. എന്നിട്ടാണ് അവളുടെ കഥ പറയുന്നത്. പാവം
കെട്ടിയോനായ കൂരി നെൽസനെ തീവണ്ടിയിൽ നിന്ന് പറവൂർ കായലിൽ ചവിട്ടി തള്ളിയിട്ട് പോന്നതാണ് അച്ചായത്തി.നീന്താൻ അറിയാത്ത കൂരി ചത്ത് കാണുമോ എന്ന് ചോദിച്ച എന്നെ നോക്കി പിന്നെയും ചിരിയോട് ചിരി.. "നാട്ടുകാർ കൂരിയെ വലിച്ച് കരയ്‌ക്കിട്ടിട്ടുണ്ട്, ഏതു നേരത്ത് വേണമെങ്കിലും ഊരിപ്പിടിച്ച പിച്ചാത്തിയും കൊണ്ട് അവൻ കേറിവരാം.." പിന്നെയും ചിരിയോട് ചിരി..
എന്നിട്ട് ഒരു കോപ്പിലെ കരാർ. " ആ ഉപേന്ദ്രന്റെ  ക്വട്ടേഷനും തുണിക്കടയും ഞാനെറ്റ്‌, പക്ഷെ  കൂരി നെൽസൺ കേറി വന്നാല് നീ നോക്കിക്കോണം". ഇതും പറഞ്ഞ് എന്റെ കൈ പിടിച്ച് തലയിൽ വച്ച് സത്യവും ചെയ്യിച്ച്. ഉപേന്ദ്രൻ പറഞ്ഞ് വിട്ട നിന്നെ വിളിപ്പിച്ച് ഇവിടെ നിന്ന ചെക്കനെ പറഞ്ഞ് വിട്ടത് ചിന്നമ്മയാ. എന്റെ സതി നീ തന്നെ പറ ആ കൂരിയെങ്ങാനും കത്തിയും കൊണ്ട് കേറിവന്നാൽ ഞാനന്തോന്ന് ചെയ്യും..?"

"തുണി മടക്കാൻ കിടക്കുന്നു. എന്നോട് ഇതൊക്കെ ചോദിച്ചാൽ ഞാനെന്നാ പറയും.?
ചേച്ചിയും സാറും എതാണ്ട് പ്രശ്നാന്ന് എല്ലാരും പറഞ്ഞ് അതുകൊണ്ട്‌ ചുമ്മാ സംസാരിച്ചെന്നെയുള്ളൂ.ചിന്നമ്മ ഉപേന്ദ്രൻ സാറിനോട് പറഞ്ഞത് ഓർമ്മയില്ലേ അതു പോലെ ഒന്ന് കാച്ചിക്കോ...?" 

ചിത്ര ബില്ലിന്റെ ഒരു പേപ്പറിൽ എഴുതിയത് സതിയെക്കാണിച്ചു..
"ഇതെങ്ങ്‌നെയുണ്ടെടി കൂരിയോട് പറയാൻവേണ്ടി ഞാൻ എഴുതിയതാ.." സതി തൊണ്ട ശരിയാക്കി ഉറക്കെ വായിച്ചു.. "കാരിയോ കൂരിയോ എന്ത് കാര്യമായിലും നീ എന്നോട് പറഞ്ഞാ മതി. ഇനി നിന്നെ ചിന്നമ്മയുടെ പരിസരത്ത് കണ്ടാല് കൊന്ന് കായലിക്കളയും കേട്ടോടാ മരപ്പട്ടി മോനെ.." 

"അയ്യേ. ! ഇത് നമ്മടെ ഉപേന്ദ്രൻ സാറിന് ചിന്നമ്മ ചേച്ചി കൊടുത്തതല്ലേ ?
പേരല്ലേ മാറിയൊള്ളു. വലിയ സൂപ്രണ്ടോക്കെ ആയിരുന്നതല്ലേ, മമ്മൂട്ടി നരസിംഹത്തി പറയണത് പോലെ ഇംഗ്ലീഷിൽ ഒരെണ്ണം കാച്ച് ചേച്ചി. അതുകേട്ട് കൂരി ഓടണ വഴിക്ക് പുല്ല് കുരുക്കരുത്‌."

"കളിയാക്കാതെ പോ പെണ്ണേ, പോയി തുണിയൊക്കെ മടക്കിവയ്ക്ക്. 
പുറത്തോട്ട് നോക്കിയാൽ കത്തിയും കൊണ്ട് കേറിവരണത് പോലെ തോന്നും.."

പെട്ടെന്ന് ബുള്ളറ്റിന്റെ ശബ്ദവും കൂരിയുടെ വരവും കണ്ട് ചിത്രയുടെ കാലിൽ നിന്ന് ഒരു വിറ അരിച്ചുകയറി വന്നു. ചിന്നമ്മയുടെ നേരെ നടക്കുന്ന കൂരിയെ ചിത്ര ചാടിയെഴുന്നേറ്റ്‌  കഴുത്തിന് പിടിച്ച് ചുവരിൽ ചേർത്ത് നിർത്തി...'നീ ഏത് കാരിയായാലും...' പറഞ്ഞു പഠിച്ച ഡയലോഗ് തുടങ്ങിയതേ യുള്ളു.ചിത്രയെ കുടഞ്ഞെറിഞ്ഞ് കൂരി ചിന്നമ്മയുടെ അടുത്തേക്ക് ഓടി. ചിന്നമ്മയുടെ മുഖത്ത് ചിരി പതുങ്ങി നിൽക്കുന്നു..

" ഒന്ന് കുളിച്ച് വാടാന്നും പറഞ്ഞ് തൊറെന്ന് മുങ്ങിയിട്ട് ഒരാഴ്‌ച്ചയായില്ലേഒ ചിന്നമ്മേ, 
ദേ ഇവര് ഇത് എന്നാ കാണിക്കുന്നേന്ന് നോക്ക്, എതാണ്ട് ഒരുത്തിടെ കൂടെ ഹോട്ടലിൽ കേറിപ്പോണത് ചെലരൊക്കെ കണ്ടെന്ന് പറഞ്ഞാർന്ന്. നേരം വെളുക്കും വരെ ഹോട്ടലിന്റെ മുന്നിൽ ഞാൻ ഇരുന്ന്. ഇതെന്ത് കോലം ചിന്നമ്മേ നീ വാടി, നീ പോയാൽ ഈ കൂരിക്ക് പിന്നെ ആരാ ഒള്ളത്..." 

കൂരിയുടെ കരച്ചിലും പറച്ചിലും കാലിൽ വീഴലും കണ്ട് സതിപോലും ചിരിച്ചുപോയി.
ചിന്നമ്മയുടെ ബുള്ളറ്റിന്റെ പുറകിൽ അള്ളിപ്പിടിച്ചിരിക്കുന്ന കൂരിയുടെ രൂപം ചിത്ര വീണ്ടും വീണ്ടും ഓർത്ത് നോക്കി..തിരിഞ്ഞു പോലും നോക്കാതെ വണ്ടിയോടിക്കുന്ന ചിന്നമ്മയുടെ കവിളിൽ ചിരിയുടെ തിരമാലയുണ്ടായിരുന്നില്ലേ..?

"ദേ, ഉപേന്ദ്രൻ സാർ വന്നിട്ടുണ്ട്".  ഡമ്മി എടുത്ത് അകത്ത് വയ്ക്കുന്നതിനിടയിൽ സതി വിളിച്ചു പറഞ്ഞു.കണ്ണാടി വാതിലിന്റെ പുറത്തെ പടിയിൽ സിഗരറ്റും പുകച്ച് കാത്തിരിക്കുന്ന ഉപേന്ദ്രൻ. മുഖത്തെ മുറിവുകൾ എവിടെയോ കാണിച്ച് ഡ്രസ് ചെയ്തിട്ടുണ്ട്. 
കൈയിലും തൊലി ഉരഞ്ഞിളകിയിട്ടുണ്ട്. സതി തുണികൾ അടുക്കി വച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി..

ഉപേന്ദ്രന്റെ മുന്നിലായി ആ പഴയ ബജാജ് ചേദക്കിന്റെ പിൻസീറ്റ് കാണാം. 
അതിലെ യാത്രകൾ ചിത്രയിലേക്ക് കുതിച്ചു വന്നു. കണക്കുകൾ നോക്കി, നഷ്ടമാണ് എങ്കിലും പഴയത് പോലെ അല്ല ചിലമാറ്റങ്ങളുണ്ട്. പോകാനായി സതി തുറന്ന വാതിലിന്റെ വിടവിലൂടെ  മൂളിപ്പാട്ടിന്റെ ഭാഗം കടയുടെ ഉള്ളിലേക്ക്  വന്നു...!!


കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)


No comments:

Post a Comment