Thursday 28 November 2019

പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം..!!

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം..!


ആ പെണ്ണ് ചാകുന്നതുവരെ വീടിന് ജീവനുണ്ടായിരുന്നു.ഹൃദയംപൊട്ടി മരിച്ച പെണ്ണിന്റെ  കഥകൾ പറയാനും കരയാനും  കൂടിയ ബന്ധുക്കൾ പിരിഞ്ഞുപോയതോടെ അയാളും മക്കളും വീടും മാത്രമായി."ഇനിയും ലീവ് നീട്ടാനാകില്ല, കുട്ടികളെ സ്‌കൂളിൽ വിടണം" അയാളത് ഓർമ്മിപ്പിച്ചപ്പോഴാണ് പെണ്ണിന്റെ അമ്മയും പടിയിറങ്ങിയത്. കുട്ടികളെ തനിക്കൊപ്പം  കൂട്ടിക്കോട്ടെയെന്ന്  അവർ ചോദിക്കാൻ ശ്രമിച്ചിരുന്നു.മങ്ങിയ ചിരിയിൽ അയാളതിന്  വിസമ്മതം കാണിച്ചു. മക്കളും പെണ്ണും മാറി നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല.

അലാറം വച്ചിട്ടും പതിനേഴാം ദിവസം അയാൾ എഴുന്നേൽക്കാൻ വൈകി.പതിവുപോലെ അടുക്കളയിൽ പാത്രങ്ങളൊന്നും ബഹളത്തിനില്ല.അതിൽ അസ്വസ്ഥനായാണ് മിക്ക ദിവസവും അയാളെഴുന്നേൽക്കുക.അതിന്റെ പേരിൽ പതിവായി നാലു പറയുകയും ചെയ്യും.പെണ്ണുചത്ത ദിവസം മുതൽ പാത്രങ്ങൾ മൗനവ്രതത്തിലായിരുന്നു.എട്ടു കഴിഞ്ഞിട്ടും ഉണരാത്ത പെണ്ണിനെ  കുലുക്കി വിളിക്കാൻ ശ്രമിച്ചപ്പോഴാണ് മരണത്തിന്റെ തണുപ്പിൽ  അയാൾ തൊട്ടത്. രാത്രി അയാൾ തന്നെയാണ്  സൗകര്യത്തിന്  പൊക്കിളിനു മുകൾ വരെ പെണ്ണിന്റെ  മാക്സി ഉയർത്തി വച്ചത്. ഒരു ചൂടുമില്ലാതെ  മരവിച്ച കിടപ്പ് കണ്ട് ദേഷ്യപ്പെട്ട്  കവിളിൽ ഒന്ന് പൊട്ടിച്ച്, പാതിയിൽ നിർത്തി ഇറങ്ങിപ്പോന്നതാണ്.അപ്പോളനുഭവിച്ച തണുപ്പ് മരണത്തിന്റേതായിരുന്നോ.? അലമാരയിൽ നിന്നെടുത്ത പാവട ഉടുപ്പിച്ച് മാക്സി താഴ്ത്തിയിട്ട ശേഷമാണ് കരച്ചിലിന്റെ ഭാവം പോലും അയാളുടെ മുഖത്ത് വന്നത്.കിടപ്പു മുറിക്ക് പുറത്ത് പാവാട ഇടാതെ നടക്കുന്നതിന്  മകന്റെ നോട്ടത്തെയാണ് അയാൾ കാരണമായി പറഞ്ഞത്.പെണ്ണിന് പോലും അത് വിശ്വസിക്കാനായില്ല..

കുട്ടികൾ ഇനിയും ഉണർന്നിട്ടില്ല.ഒരു ചായ ഇട്ടിട്ട് അവരെ ഉണർത്താമെന്ന് ചിന്തിച്ച് അയാൾ അടുക്കളയിലേക്ക് കയറി.അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു.രാത്രി മുഴുവൻ അത് തുറന്നായിരിക്കും കിടന്നത്.പെണ്ണാണ് പതിവായി വാതിലുകൾ പൂട്ടി, ലൈറ്റുകൾ കെടുത്താറുള്ളത്. അയാൾ ജാനകിമോളോട്  ലൈറ്റ് കെടുത്താൻ പറഞ്ഞിരുന്നു. വാതിൽ കുറ്റിയിടാൻ അവൾക്ക് ഉയരമില്ലല്ലോ.?ഫ്രിഡ്ജ് തുറന്നപ്പോൾ പുളിച്ച്‌ നാറിയ ഒരു ഗന്ധം പുറത്തേക്കു വന്നു.സ്വിച്ചുകൾ എല്ലാം കെടുത്തിയപ്പോൾ ജാനകിമോൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.എന്നും രാവിലെ പെണ്ണും അയൽക്കാരിയുമായി പാലുവാങ്ങാനുള്ള ഒരു പോക്ക് പതിവാണ്.  അരക്കിലോമീറ്റർ പോകാൻ ശ്രമിച്ചാൽ അയാളും കുട്ടികളും വൈകും.അയാൾ കട്ടനിടാൻ ശ്രമിച്ചപ്പോൾ എല്ലാം കൈവാക്കിന് തന്നെയുണ്ട്. അത് പെണ്ണ് രൂപപ്പെടുത്തിയ താളമായിരിക്കും..
അവളൊന്ന് കൈ നീട്ടിയാൽ ഉപ്പ് ഭരണിവര മുന്നിൽ ചെന്നു നിൽക്കും.വച്ച ഇടത്തു നിന്ന് ഉരുളൻ കിഴങ്ങും അനങ്ങില്ല. മീശ മുളപ്പിച്ച ഉള്ളി അവളൊന്ന് നോക്കിയാൽ പറമ്പിൽ ചെന്നു വീഴും. പെണ്ണൊരു ദുർമന്ത്രവാദിയായിരുന്നു..

ജാനകിയെ ഉണർത്തി നകുലനെ ഒരുക്കാൻ ആവശ്യപ്പെടാമെന്ന് തീരുമാനിച്ചു മുറിയിൽ കയറുമ്പോൾ മൂത്രത്തിൽ കുതിർന്ന് സഹോദരങ്ങൾ.നാലാം തരത്തിലും കിടക്ക നനയ്ക്കുന്ന ശീലം നകുലന് വിട്ടുപോന്നിട്ടില്ല.ഏഴാം തരത്തിലും കിടക്ക നനച്ചിരുന്ന അയാളുടെ ശീലമാണ് കുട്ടിക്കും. എന്നിട്ടും  എന്നും പുതപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ അയാൾക്ക് ദേഷ്യം വരും. ചില ദിവസങ്ങളിൽ കുട്ടിയെ ഉണർത്തി മൂത്രമൊഴിപ്പിച്ച് പെണ്ണ് അവർക്കൊപ്പം കിടക്കുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ട്.പിറ്റേന്നും കഴുകിയിട്ട തുണികൾക്കുമൊപ്പം പെണ്ണിന്റെ മാക്സിയും തൂങ്ങുന്നത് കാണും.നകുലനെ കുട്ടികളുടെ ഡോക്‌ടറെ കാണിക്കുന്ന കാര്യം അയാൾ ചിന്തിക്കും.ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.ഇന്ന് സ്‌കൂൾ വിട്ടുവരുമ്പോൾ ആശുപത്രിയിലേക്ക് പോകാൻ കഴിയുമോ...?

നകുലനെ വേഗമുണർത്താൻ കഴിഞ്ഞു.ജാനകി മണ്ണിരപോലെ പുതപ്പിനുള്ളിലേക്ക്  നൂണുപോവുകയാണ്.അയാൾ തന്റെ ചെരുപ്പ് ഊരി ചന്തിയിൽ ഒരടി കൊടുത്തു.പിടഞ്ഞെഴുന്നേറ്റ ജാനകിയുടെ കണ്ണിൽ കരച്ചിലും അത്ഭുതവും ഒന്നിച്ച് കണ്ടിട്ട് അയാൾ പുറത്തേക്ക് പോയി. 'നകുമോനെ സ്‌കൂളിൽ വൈകും എണീക്ക്, ജാനി നീ ഇതെന്താ കാണിക്കുന്നത്.' പതിവായി, പെണ്ണ്  കുട്ടികളെ കുലുക്കി വിളിക്കുമ്പോൾ ഇതുപോലെ ഒരടി കൊടുക്കാൻ അയാൾ പറയുമായിരുന്നു... മൂത്രമണമുള്ള തുണി മാറ്റി അടുക്കളയുടെ പരിസരത്ത് പതുങ്ങി നിൽക്കുന്ന കുട്ടികൾക്ക് അയാൾ മേശയിൽ പകർന്നു വച്ചിരിക്കുന്ന കട്ടൻ ചായയിലേക്ക് വിരലുചൂണ്ടി.നകുലന്റെ മുഖത്ത് അത്ഭുതം.മടിച്ച് നിൽക്കുന്ന കുട്ടികളുടെ മുന്നിൽ ഗ്ലാസ്സിൽ ആറ്റിത്തണുപ്പിച്ച ചായ വച്ചിട്ട് അയാൾ മാറി നിന്നു.ഒരിറക്ക് കുടിച്ചിട്ട് നകുലൻ ജാനകിയുടെ മുഖത്തേക്ക് നോക്കി.അവൾ പഞ്ചാസാര പാത്രത്തിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ മധുരം ചേർക്കാൻ മറന്ന കാര്യം അയാൾ ഓർത്തു...

റബ്ബർ ടാപ്പിങ്ങിന് ഏല്പിച്ചവന്റെ ശബ്ദം കേട്ട് അയാൾ പുറത്തേക്കിറങ്ങി.ഷീറ്റിൽ ചേർക്കാനുള്ള വെള്ളം കിണറ്റിൽ നിന്ന് കോരുന്നതിന് പകരം പൈപ്പ് തുറന്ന് വിട്ടിരിക്കുന്നു. ബക്കറ് നിറഞ്ഞൊഴുകുന്നു. പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ പെണ്ണ് സമ്മതിക്കില്ല.വെള്ളം ഉപയോഗിക്കുന്ന കാര്യം വെട്ടുകാരനോട് പറയണമെന്ന് അയാൾ ചിന്തിച്ചു.ചാവുകഴിഞ്ഞ് എട്ടാം ദിവസമാണ് ടാപ്പിംങ്ങ് തുടങ്ങിയത്.വെയിലിലും  മഞ്ഞിലും  ഷീറ്റുകൾ അയയിൽ കിടക്കുന്നുണ്ട്. പെണ്ണിന്റെ ആഭരണങ്ങളും പി എഫ് ലോണും ചേർത്തതാണ് പറമ്പ് വാങ്ങിയത്. മാസാവസാനം ഷീറ്റൊക്കെ ഉണക്കിയെടുത്ത് വിൽക്കാൻ പെണ്ണ് പാകമാക്കും.അയാൾക്ക് ഓരോട്ടോ പിടിച്ച് ചെന്നാൽ മതി..തട്ടിന്റെ മുകളിൽ ഷീറ്റുകൾ വിരിച്ച് ഇറങ്ങിവരുന്ന പെണ്ണിന്റെ മുടിയിൽ ചിലന്തിപ്പൂ വിരിയും.അയാൾക്ക് അതുകണ്ടാൽ ഹാലിളകും. 'പിന്നെ വരാടി പെണ്ണേന്നും' പറഞ്ഞ് ചിലന്തി തട്ടിലേക്ക് പാഞ്ഞു പോകും. ഒരു വടിയുമായി അയാൾ അന്ന് ചിലന്തിക്കോട്ടകൾ ആക്രമിക്കും.

സാറേ ഇപ്പൊ കോഴികളെ അടയ്ക്കാറില്ലേ..?" ടാപ്പിംഗ്കാരൻ  അയാളോട് കുശലം ചോദിച്ചു. അയാളൊ ന്നും മിണ്ടിയില്ല.പെണ്ണ് എല്ലാവരോടും കൊലുസ് പോലെ സംസാരിക്കും. അയാൾക്ക് അതിഷ്ടമായിരുന്നില്ല. പെണ്ണിന് പെണ്ണിനെപ്പോലെ ചിലക്കുന്ന ഒരു കോഴിപ്പടയുണ്ട്. അസമയത്ത് കോഴി കൂവിയതിന്റെ പേരിലും അയാൾ ദേഷ്യപ്പെട്ടിട്ടുണ്ട്.അയാൾ ഓഫീസിലേക്ക് പോയാൽ പെണ്ണും കോഴികളും തമ്മിൽ ആകെ കലപിലയാകും. അപ്പോൾ വീടിന്റെ ചിരി കാണണം. മുട്ടായിടാത്ത കോഴിയെ പെണ്ണ് തുറിച്ച് നോക്കും. പായുന്ന പൂവനെ കളിയാക്കും.മുട്ടയിട്ടവർ 'വന്നെടുക്കെടി പെണ്ണേന്ന് ' വിളിച്ചുപറയും. ഫ്രിഡ്ജിൽ നിറയെ മുട്ടയുണ്ടാകും.പെണ്ണിന്റെ നാത്തൂൻ വരുമ്പോൾ സ്നേഹത്തോടെ അയാൾ അതിൽ നിന്നു കൊടുക്കാറുണ്ട്..തുറന്ന് കിടക്കുന്ന കൂടിന്റെ ചുറ്റും ചിതറി നിൽക്കുന്നവയും അടയിരിക്കുന്നവയും ചേർത്ത് എത്രയെണ്ണം ഉണ്ടാകുമെന്ന് അയാൾ എണ്ണിനോക്കി. "ചേച്ചി എനിക്ക് സ്ഥിരം മുട്ട തരും, മാസാവസാനം എന്റെ  കൂലിയിൽ കുറയ്ക്കും". അയാൾ അതിനും മറുപടി കൊടുത്തില്ല.ഇന്ന് മുതൽ കോഴിക്കൂട് അടയ്ക്കണമെന്ന് ഉറപ്പിച്ചു...

കുളിമുറിയിൽ വെള്ളത്തിന്റെ ശക്തികുറയുന്നത് കണ്ട് അയാൾ പുറത്തിറങ്ങി. മോട്ടർ ഓണാക്കി,ടാങ്കിൽ വെള്ളം നിറയുമ്പോഴേക്കും കുളി കഴിഞ്ഞിറങ്ങാമെന്ന് കരുതിയാണ് അയാൾ വീട്ടിനുള്ളിലേക്ക് കയറിയത്. കുളി കഴിഞ്ഞ് നിൽക്കുന്ന കുട്ടികൾക്ക് മറ്റൊരു പ്രശ്നം.
യൂണിഫോമിൽ അല്ലാതെ പ്രവശിക്കാൻ അനുവദിക്കാത്ത സ്‌കൂളിലായിരുന്നു അവർ പഠിക്കുന്നത്.  പെണ്ണുള്ളപ്പോൾ ഒരിക്കലും ഈ പ്രശനം ഉണ്ടായിട്ടില്ല.കൂന കൂട്ടിയ  തുണികൾക്കിടയിൽ അവരുടെ കാലുറ മുതൽ ചോറു കഴിക്കാനുള്ള വിരിവരെയുണ്ടാകും. ഇന്നു മുതൽ അയാൾക്ക് അവരെ സ്‌കൂളിൽ കൊണ്ട് പോകണ്ടി വരും, ഇന്ന് വൈകിട്ട് തന്നെ അതെല്ലാം അലക്കി ഫാനിന്റെ ചുവട്ടിലിട്ട് ഉണക്കേണ്ടി വരും. മഴക്കാലത്ത് വീട്ടിന്റെ ഉള്ളിൽ അയകെട്ടിയെന്നും പറഞ്ഞ് പെണ്ണിനെയൊരിക്കൽ കൊന്നില്ലെന്നേയുള്ളൂ. കുട്ടികളോട് ഏതെങ്കിലും വസ്ത്രം ധരിക്കാൻ പറഞ്ഞിട്ട് അയാൾ കുളിക്കാൻ തുടങ്ങി.പുറത്ത് വാട്ടർ ടാങ്ക് നിറഞ്ഞ് ഒഴുകുന്നത് ജാനകി വിളിച്ചു പറയുന്നത് കേട്ട് അയൽക്കാരി വന്ന് അണച്ചു.

അയൽവാസിയായ ആ മുസ്ലിം സ്ത്രീയെ അയാൾക്ക് ഒട്ടും ഇഷ്ടമല്ല.അയാളില്ലാത്തപ്പോൾ അവരും പെണ്ണും തമ്മിൽ എന്തൊക്കെയോ സംസാരിക്കാറുണ്ട്. സംസാരം ഒഴിവാക്കാൻ മതിലിന്റെ ഉയരം കൂട്ടി. പെണ്ണ് ഒരു മടലനെ കുനിച്ചു നിർത്തി മുകളിൽ നിന്ന് വർത്താനിച്ചു. ബൈക്കിന്റെ ശബ്ദം കേട്ടാൽ മടലനും പെണ്ണും വീണെണിറ്റോടും.

കുട്ടികൾക്ക് ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ച് കൊടുത്തിട്ട് വേണം ഓഫീസിലേക്ക് പോകാൻ എന്നു ഉറപ്പിച്ചാണ് അയാൾ കുളിമുറി വിട്ടിറങ്ങിയത്.ടേബിളിൽ അരിപ്പത്തിരിയും മുട്ടക്കറിയും നകുലൻ ആർത്തിയോടെ തിന്നുന്നു. പെണ്ണ് വാരിക്കൊടുത്തില്ലെങ്കിൽ  കഴിക്കില്ലെന്ന് വാശി പിടിക്കുന്ന കുട്ടിയാണ്. ഒരിക്കലും മുഖത്ത് നോക്കത്ത  സ്ത്രീയോട് അയാൾക്ക് ഇഷ്ടം തോന്നി.കുട്ടികൾക്കും തനിക്കും ടേബിളിൽ പൊതിഞ്ഞ് വച്ചിരിക്കുന്നത് ഉച്ചയ്ക്ക് കഴിക്കാനുള്ളതായിരിക്കുമെന്ന് അയാൾ ഊഹിച്ചു.നകുലനെ മുടി ചീകാൻ വിളിച്ചപ്പോൾ അവൻ വിറയലോടെ വന്നു നിന്നു.. രാത്രി ഉറങ്ങാതെ ടിവിയുടെ മുന്നിലിരുന്നതിന് കുട്ടിയോട് അയാൾ ദേഷ്യപെട്ടിരുന്നു.ജാനകിയെ ഇന്ന് രാവിലെ തല്ലിയതും കണ്ടിരുന്നല്ലോ..? ഇനി മുതൽ കുട്ടികളോട്  ദേഷ്യപ്പെടില്ലെന്നും തല്ലില്ലെന്നും അയാൾ ഉള്ളിലാഗ്രഹിച്ചു..

അടുക്കളയിൽ നിന്ന് കരിഞ്ഞ മണം വന്ന് അയാളുടെ നെറ്റിയിൽ ചുളിവ് വീഴ്‌ത്തി. കുടിക്കാൻ വെള്ളം തിളപ്പിക്കാൻ ശ്രമിച്ച് ഗ്യാസ് അണച്ചിട്ടില്ല.പാത്രത്തിന്റെ ഉള്ളുവരെ കരിഞ്ഞ് പൊള്ളിയടർന്നു.പെണ്ണ് ഏറെ വർഷമായി ഉപയോഗിക്കുന്ന പാത്രമാണത്.ഇന്ന് വൈകിട്ട് അതുപോലൊന്ന് വാങ്ങിക്കണം എന്ന് അയാൾ ഒരു ചെറിയ പേപ്പർ എടുത്ത് എഴുതി വച്ചു. അത്യാവശ്യം  എന്തൊക്കെ വാങ്ങാനുണ്ടാകുമെന്നറിയാൻ അയാൾ അവിടെ പരാതി. ഉപ്പു മുതൽ പത്തിരുപത് സാധങ്ങളുടെ പട്ടിക.ഇനി എന്തൊക്കെ വിട്ടുപോയിട്ടുണ്ടാകും..? കൃത്യമായി ലിസ്റ്റ് തരാത്തതിന് പലതവണ അയാൾ പെണ്ണിനെ ചീത്ത വിളിച്ചിട്ടുണ്ട്..

എന്തെങ്കിലും വാങ്ങിക്കാൻ ഇടയ്ക്കിടയ്ക്ക്  ഫോണിൽ വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല . വാങ്ങാനുള്ളതിന്റെ പട്ടിക  പേപ്പറിൽ എഴുതി ഫോട്ടോയെടുത്ത്‌ വാട്‌സ് ആപ്പ് ചെയ്യാൻ പെണ്ണിനെ പഠിപ്പിച്ചത് അയൽക്കാരിയാണ്. അയാൾക്കും അത് സൗകര്യമായിരുന്നു. പെണ്ണുമായി അയാൾക്ക്  ആകെയുണ്ടായിരുന്ന സംഭാഷണവും അതായിരുന്നു. പക്ഷെ പെണ്ണിനെ കുറ്റം പറഞ്ഞ് മറ്റൊരു സ്ത്രീയുമായി അയാൾക്ക് ഇത്തിരി അടുപ്പവും ഉണ്ടായിരുന്നു.മതിലിൽ വന്നില്ലെങ്കിലും അയൽക്കാരികൾ തമ്മിൽ വാട്‌സ് ആപ്പ് വഴി മിണ്ടുന്നത് അയാൾക്ക് അജ്ഞാതമായിരുന്നു..

ഓഫീസിൽ നിന്ന് നേരത്തെ പോകാൻ സൂപ്രണ്ട് ഒരിക്കലും അനുവദിക്കാറില്ല.അയാൾ വാതിലിൽ എത്തും മുൻപ് സൂപ്രണ്ട് അയാളുടെ മുന്നിൽ വന്നു.. "ദേവി പോയതല്ലേ വീടൊക്കെ ഒരു താളത്തിലാകും വരെ മോഹനൻ സാറിത്തിരി നേരത്തെ പോകുന്നതിൽ എനിക്കൊരു വിരോധവുമില്ല.." തന്റെ സീറ്റിലേക്ക് കണ്ണ് തുടച്ച് നടന്നുപോയ ആ സൂപ്രണ്ടിനെ ആയാളും കൂട്ടുകാരും പൂതന എന്നായിരുന്നു വിളിച്ചിരുന്നത്..

ഓഫീസിൽ നിന്ന് മൂന്നരയ്ക്ക് ഇറങ്ങിയിട്ടും വീട്ടിലെത്താൻ അയാൾ ഏറെ വൈകി.പട്ടികപ്പെടുത്തിയതിൽ പലതും വാങ്ങാൻ മറന്നിരുന്നു. പക്ഷെ കുട്ടികൾക്ക് രാത്രി കഴിക്കാൻ വാങ്ങിയത്തിന്റെ തുക അല്പം കൂടിപ്പോയതായി അയാൾക്ക് തോന്നി.
വീട്ടിലേക്ക് കയറുമ്പോൾ വണ്ടി തട്ടി പൂച്ചെട്ടിയിൽ ഒന്ന് പൊട്ടി.അത് പെണ്ണിന് ഏറ്റവും ഇഷ്ടമുള്ള മഞ്ഞപ്പൂവായിരുന്നു. എത്ര വെയിലത്തും അത് വാടില്ല..

സിറ്റൗട്ടിലെ കസേരയിൽ വച്ച് ഗൃഹപാഠം പൂർത്തിയാക്കുന്ന ജാനകി.
നകുലൻ മറ്റൊരു കസേരയിൽ സുഖമായി ഉറങ്ങുന്നു. അടുത്ത ദിവസം മുതൽ വാതിൽ പൂട്ടി താക്കേൽ അയൽക്കാരിയെ ഏൽപ്പിക്കാൻ തന്നെ ഓർമ്മിപ്പിക്കണമെന്ന് അയാൾ ജാനകിയോട് പറഞ്ഞു..വാതിൽ തുറന്ന് നകുലനെ എടുത്ത് തന്റെ കിടക്കയിൽ കിടത്താൻ ശ്രമിക്കുമ്പോൾ താൻ രാവിലെ എഴുന്നേറ്റ് പോയ കിടക്കയുടെ മുഷിച്ച ഗന്ധം. തല തുവർത്തിയിട്ട ടൗവൽ വീണ് തലയിണയിൽ  നനവ് പറ്റിയിരിക്കുന്നു.പെണ്ണ് ഏറ്റവും വെറുത്തിരുന്ന അയാളുടെ ശീലം ഇതായിരുന്നു.. 

"നകുമോന് നല്ല വിശപ്പുണ്ടായിരുന്നു." വളരെ പതിയെ മടിച്ചാണെങ്കിലും ജാനകി അയാളോട് സംസാരിച്ചു.. "ഉറക്കും മുൻപ് അമ്മ അവനെ പാല് കുടിപ്പിക്കും. നാളെമുതൽ യൂണിഫോം  നിർബന്ധമായും വേണമെന്ന് മിസ് പറഞ്ഞു" എല്ലാം മൂളിക്കേട്ട് വേഷം മാറി വന്ന അയാൾ അൽപ്പനേരം ടി വിക്ക് മുന്നിലിരുന്നു.. തുറന്ന് വന്നത് ഏതോ കാർട്ടൂൺ ചാനൽ, മാറ്റാൻ റിമോട്ട് എത്ര തിരഞ്ഞിട്ടും അയാൾക്ക് കിട്ടിയില്ല.സാധാരണയായി ടീ വിയുടെ മുന്നിൽ തന്നെ അതുണ്ടാകും.അങ്ങനെ കണ്ടില്ലെങ്കിൽ അയാൾക്ക് കലികയറുമായിരുന്നു..

കാർട്ടൂൺ ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന നകുലൻ അയാളുടെ മടിയിൽ ചെന്നിരുന്നു. 
വൈകിട്ട് കഴിക്കാൻ വാങ്ങിയ പൊതി അഴിച്ച് പാത്രത്തിലാക്കിയ പെറോട്ടയുമായി നകുലന്റെ മുന്നിൽ വന്ന  ജാനകിയെ അയാൾ ചേർത്തുനിർത്തി ഉമ്മവച്ചു..ചേച്ചിയും അനിയനും കാർട്ടൂണിൽ ലയിച്ചിരുന്ന് കഴിക്കുന്നുത് കണ്ട് അയാൾ തുണികളും വാരി അലക്കു കല്ലിലേക്ക് നടന്നു..
അയാളുടെ അടിവസ്ത്രവും കുട്ടികളുടെ യൂണിഫോമും അലക്കി വിരിച്ചു.

പാലു വാങ്ങാനുള്ള പാത്രവുമായി  ഇറങ്ങി നടന്നു. പറമ്പിന്റെ തെക്കേ മൂലയിൽ പെണ്ണിന്റെ  ചിതയൊരുക്കിയ ഭാഗത്തേക്ക് എന്തോ ഉറപ്പിച്ചായിരുന്നു അയാൾ നടന്നത്.ചിതയുടെ അരികിൽ ന മുളങ്കൂട്ടത്തിന്റെ ഇടത് വശത്തായി അയാൾ ഇരുന്നു..

"ഒന്നും ശരിയാകുന്നില്ല ദേവി,  നമ്മുടെ മക്കൾക്ക് വേണ്ടി ഒരു പെണ്ണുകെട്ടിയാലോന്ന് ഞാൻ ചിന്തിക്കുന്നു." അപ്പോഴും വാക്കുകൾ പിശുക്കി അയാൾ എഴുന്നേറ്റ് നടന്നു.
മുളങ്കൂട്ടത്തിൽ കാറ്റ് പടർന്ന് അയാൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത പെണ്ണിന്റെ പല്ലിറുമൽ പോലെ ഒരു ശബ്ദമുണ്ടായി...!!


കെ എസ് രതീഷ്, പന്ത

(ഗുൽമോഹർ 009)

No comments:

Post a Comment