Thursday 21 November 2019

ട്രിണിം..!!

ട്രിണീങ്..!!

" When you have to say 
Something to someone far away.
BSNL paves the way.
Connecting india, connecting hearts."

ആന്റോ സാർ എടുക്കാത്തത് കൊണ്ട് ആദ്യമായി ആ ഫോണിന്റെ ബെല്ല് പൂർണ്ണമായും കേട്ടു. മൂന്ന് ബെല്ലിൽ കൂടുതൽ അത്  ഒരിക്കലും അടിച്ചിട്ടില്ല. ആന്റോ സാർ വിളിക്കുമ്പോൾ ആയാലും അന്റോ സാറിനെ ആരെങ്കിലും വിളിച്ചാലും അതാണ് പതിവ്. പക്ഷേ ഇനി  ഡയറക്ട്രിയിൽ  245370 തിരഞ്ഞുപിടിച്ച്  വിളിച്ചാലും കിട്ടുന്ന മറുപടി. 'ഈ റൂട്ടിലേക്കുള്ള എല്ലാ ലൈനുകളും  തിരക്കിലാണ്, അല്ലെങ്കിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല' എന്നു തന്നെയാകും..ആവസാനമായി ആ ബെല്ല് കേൾക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു. ഏതോ വലിയ ത്യാഗം ചെയ്യുന്നത് പോലെ ആന്റോയുടെ ചെറുക്കൻ അലക്സ്  ഫോണിന്റെ കേബിൾ സാഹിതം  മുറിച്ചെടുത്ത്  ആന്റോ സാർ കിടക്കുന്ന പെട്ടിയ്ക്കുള്ളിൽ വച്ചു.. ഇതുകണ്ട് ആ നാട്ടുകാർ മുഴുവൻ എങ്ങിപ്പോയി. ചില തന്തമാർ തങ്ങളുടെ ആണ്മക്കളെ അറിയാതെ നോക്കിപ്പോയി. 'എന്റെ അടക്കിനും നീ ഇതുപോലെ ചെയ്യുവോടാ മക്കളെ' എന്നാകും ആ നോട്ടത്തിന്റെ അർത്ഥം. ഇവിടെ നടക്കുന്നത് പിതാ പുത്ര ബന്ധത്തിന്റെ പവിത്രമായ രംഗമെന്നൊന്നും നിങ്ങൾ തെറ്റിദ്ധരിച്ചുകളയരുത്. ഇത് മുഴുവൻ നാടകമാണ്
അതെല്ലാം ആന്റോ സാറിന്റെ കെട്ടിയാൾക്കും ഒറ്റമോൻ അലക്സിനും അതിയാന്റെ *പെറ്റിയായ  എനിക്കും മാത്രമേ  ആറിയു.. ഞാനെല്ലാം പറയാം ആന്റോ സാറിന്റെ മുഖം അവസാനമായിട്ട് ഒന്ന് കണ്ട്, ഒരു പിടി മണ്ണ് ആ കുഴിയിലിട്ടിട്ട് നമുക്ക് മാറി നിന്ന് സംസാരിക്കാം..

എല്ലാം കഴിഞ്ഞ് കേട്ടാ, ആന്റോ സാറിന്റെ മതിലിന്റെ അരികിൽ നിന്നാൽ കേൾക്കാൻ പറ്റുന്ന ട്രിണീങ്ങ്‌ ഇനി ഇല്ല. പത്തിരുപത് കൊല്ലം ഫോണാന്റോ സറിന്റെ കൂടെ ഞാൻ പെറ്റിയായി നടന്നതാ..
കുളക്കട ജംഗ്ഷനിൽ കേബിളിന്റെ കുഴിവെട്ടിക്കൊണ്ട് നിന്നപ്പോൾ 'ഇയാള് എന്റെ കൂടെ വരുന്നാടെന്ന്' ഒരു വിളി.അന്നുമുതൽ ഞാൻ നമ്മട്ടിയും കൊണ്ട് അതിയാന്റെ നിഴല് പോലെ നടന്നു...ഇന്നലെ ആന്റോ സാർ മരിച്ചെന്ന് കേട്ടപ്പോ തീരുമാനിച്ചു. ഇനി ഈ പണിക്കില്ല.
നിങ്ങൾക്ക് ഒന്നും ശരിക്ക് പിടി കിട്ടണില്ല അല്ലെ..? എന്നാ ഞാനങ്ങ് തെളിച്ച് പറയാം...
ഇടുക്കി തോണിച്ചാലിന്ന് കൃഷിപ്പണിയും കളഞ്ഞ് കേബിളിന്റെ കുഴി വെട്ടാൻ വന്നതാണ് ഞാൻ അന്ന് നല്ല ചെറുപ്പം. ഈ ആന്റോ സാർ കുളക്കട എക്‌സ്‌ചേഞ്ചിലെ മൂത്ത മേശിരി, ടെലകോം മെക്കാനിക്ക് എന്നൊക്കെയാണ് പദവിയെങ്കിലും ഞങ്ങൾക്ക് അതിയാൻ മേശിരിയാ.പക്ഷേ ഞാൻ ആന്റോ സാറെന്നെ വിളിക്കു. ഈ നാട്ടുകാരും ആഫീസിലെ എഞ്ചിനിയർ സാറും പുതിയ ജെ.റ്റി. ഒ മാഡവും ഫോണാന്റോന്നാ വിളി..ഞാൻ പത്ത് പാസായന്ന് കേട്ടപ്പോൾ അതിയാൻ  കർത്താവ് ശിഷ്യന്മാരെ ചേർത്തത് പോലെ എന്നെ പെറ്റിയാക്കി..അതിന്റെ ഗുണം എന്താണെന്നോ. കേബിലിന്റെ കുഴി പോലെ മീറ്റർ നോക്കി അല്ല കാശ്. പണിയുണ്ടെങ്കിലും ഇല്ലെങ്കിലും
സ്ഥിരമായി കൂലി കിട്ടും ഒരു മേശിരിക്ക് മിനിമം മൂന്ന് പെറ്റിയെങ്കിലും വയ്ക്കാം..
ആന്റോ സാറും എന്നെപ്പോലെ  പണ്ട് കേറിയതല്ലേ..? അന്ന് ബി എസ് എൻ എൽ അല്ലല്ലോ ടെലകോം ഡിപ്പാർട്ട്‌മെന്റ് ആയിരുന്നില്ലേ..?. സാറിന്റെ സൈക്കിളും തള്ളി ഞാനും നടന്നു.

"ഡെയ്  എന്റെ കൂടെ നിന്ന് പണി പഠിച്ചാൽ  നിനക്ക് സ്ഥിരാകാം. പത്തൊക്കെ ജയിച്ചതല്ലേ
ഇതിന്റെ കൂടെ ഐ ടി ഐ സർട്ടിഫിക്കറ്റ് കൂടെ ഒപ്പിച്ചാ മതി." ആന്റോ സറിന്റെ വാക്കിന്റെ ഉറപ്പിൽ ഞാൻ ഒരു പെണ്ണ് കെട്ടി. ഇവിടെ നാലു സെന്റ് സ്ഥലം വാങ്ങി.രണ്ട് പിള്ളേരായി അതിൽ ഒരു കൊച്ച് നാലാം ക്ലാസിലായി.ഡിപ്പാർട്ട്‌മെന്റ് മാറ്റി 2002 ല് ബി എസ് എൻ എൽ ആയപ്പോൾ സാർ ഉള്ളത് പറഞ്ഞ്. "ഡെയ്, ഇത് നശിക്കാൻ തൊടങ്ങിയെടാ, ഇനി ഇത് കമ്പനിയാ കമ്പനി
ഇനി ആരെയും സ്ഥിരപ്പെടുത്തതും എന്ന് തോന്നണില്ല. കേബിലും ഒക്കെ പോയില്ലേ, മൊബീൽ വരുന്നെടാ. നിനക്ക് പോണോങ്കിൽ പോവാം രണ്ടായിരത്തിപത്ത്  വരെയെ എനിക്ക് സർവീസ് ഒള്ളു.." സാർ പറഞ്ഞപ്പോഴേ എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി സ്ഥിരമാകൂലെന്ന്. പക്ഷെ സാറിന്റെ കൂടെ നിന്നാ വീട് പട്ടിണി ആവൂല എന്ന് ഉറപ്പായിരുന്നു..മിനിമം അഞ്ഞൂറ് എങ്കിലും ഒക്കും.ഏതെങ്കിലും വീട്ടിൽ പണി വന്നാൽ അവിടെന്ന്‌ കിട്ടണതും എനിക്ക് തരും..

ഇതിപ്പോ പറഞ്ഞ് പറഞ്ഞ് എന്റെ കഥയിലേക്കണല്ലോ നിങ്ങളെ കൊണ്ട് നിർത്തിയത്.
മരിപ്പ് കേട്ടതിന്റെ നൊമ്പലത്തിൽ നാലഞ്ചെണ്ണം അടിച്ച് അതാ ഒരു..
സാറിന്റെ കാര്യല്ലേ ഇവിടെ നമ്മൾ തൊടങ്ങിയത്. ഈ കാണാണ *ജംഗ്ഷൻ ബോക്‌സ് അതിയാന്റെ വീട്ടിലേക്ക് മാത്രം ഉള്ളതാ.ഇതിന്റെ ചുവട്ടിൽ കുഴിച്ച് ഒരു പ്ലെയറം *ക്രോനും,ഫോണുമായി അതിയാൻ ഒറ്റ ഇരുപ്പാണ്.എന്നിട്ട് നാട്ടിലെ സകല വീട്ടിലേക്കും വിളിച്ച് ടെസ്റ്റ് ചെയ്യും.. ഞങ്ങളെ ഡിവിഷൻ ആഫീസില് വലിയ പരാതി ഒന്നും വരൂല.വരാൻ അതിയാൻ സമ്മതിച്ചിട്ടില്ല.. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതിയാന്റെ വീട്ടിൽ ചെന്ന് പറയും. അതൊക്കെ  ചെയ്ത് തീർത്തിട്ട്  ജെ റ്റി ഓ മാഡത്തിനോട് രജിസ്റ്ററിൽ എഴുതാൻ പറയലാണ് പതിവ്.

ആന്റോ സാറിന്റെ മോന്റെ പേര് അലക്‌സ് എന്നൊന്നും അല്ല അലക്‌സാണ്ടർ എന്നാ.ഫോൺ ഒണ്ടാക്കിയവന്റെ ഓർമ്മയ്ക്ക് ഇട്ടതല്ലേ ആ ചെറുക്കന് ആ പേര് .പക്ഷെ തള്ളേം മോനും കൂടെ ഈ അടുത്ത കാലത്ത് അതങ്ങ് മാറ്റി.. അവനെ ഒരു ഡിവിഷണൽ എഞ്ചിനീയർ ആക്കാനായിരുന്നു സാറിന്റെ മോഹം പക്ഷെ ചെറുക്കാൻ അത്ര പോരാ..ഇപ്പൊ ഏതാണ്ട് പ്രൈവറ്റ് മൊബൈൽ കമ്പനിയിൽ മാനേജരാ. അവന്റെ കമ്പനിക്കാണ് ഇപ്പൊ നാട്ടില് ഡിമാന്റ്
അതിന്റെ പേരിൽ അവര് തമ്മിൽ എന്നും ലഹളയാ. തള്ള ചെറുക്കന്റെ സൈഡാ കേട്ടോ..?. മൊബൈലൊക്കെ ശരിയാ വീട്ടില് ബി എസ് എൻ എൽ  മതിയെന്നാണ് ആന്റോ സാറിന്റെ വാശി.. ചെറുക്കന്റെ കമ്പനി ഫൈവ് ജി ആയിട്ടും നമ്മുടെ സാറിന്റെ ബി എസ് എൻ എൽ ത്രീ ജിയിൽ കിടന്ന് ഏഴയുവായിരുന്നല്ലോ.. അങ്ങനെയാണ് ഒരു ദിവസം ചെറുക്കന്റെ കമ്പനിയുടെ പരസ്യം വച്ചിരുന്ന ബോഡും പേപ്പറും ആന്റോ സാർ എടുത്ത് കത്തിച്ചത്.. അന്ന് എനിക്കും തോന്നി ആന്റോ സാറിന് പ്രാന്താണെന്ന്.ചെറുക്കനും സാറും തമ്മിൽ കാര്യാമായിട്ട് വഴക്കായി.ചെറുക്കൻ സാറിനെപ്പിടിച്ച് തള്ളി.. തൊട്ട് പോവരുതെന്നും പറഞ്ഞ് അന്ന് ഞാൻ അവരുടെ  എടയിൽ കേറി നിന്നില്ലായിരുന്നെങ്കിൽ ഈ  ചെറുക്കാൻ സാറിനെ കൊന്നേനേ..

അന്ന് സാറ് എന്റെ വീട്ടിലായിരുന്നു കെടന്നത്.. അന്നല്ലേ ഞാനികഥയെല്ലം അറിയണത്.
 ഈ ചെറുക്കന്റെ കമ്പനിക്ക് വേണ്ടി എല്ലാവനും ചേർന്ന് സാറിന്റെ കമ്പനിയെ നശിപ്പിച്ചതല്ലേ..
മഹാ രത്‌നം ആക്കാം ആരെയും പിരിച്ച് വിടൂല, എന്നൊക്കെ പറഞ്ഞാണ് ഡിപ്പാർട്ട്‌മെന്റിനെ കമ്പനി ആക്കിയത്. പണ്ട് ഡിപ്പാർട്ട്‌മെന്റും ചേർത്ത് മൂന്ന് പ്രാവശ്യം ബഡ്ജറ്റ് പറയുമായിരുന്നു. പത്ത് പതിനാലായിരം കോടി ലാഭത്തിൽ കിടന്ന സ്ഥാപമാണ് ഇപ്പൊ പൂട്ടാൻ പോണത്..
അന്ന് സാർ എന്നെ വിളിച്ച് ഇനി സ്ഥിരക്കാൻ പ്ലാൻ ഇല്ലെന്ന് പറഞ്ഞില്ലേ അന്നാണ് ഇത് കമ്പനി ആയത്. അന്ന് തന്നെ നൂറ് കണക്കിന് ആളുകളെ പിരിച്ച് വിട്ട്. ചെലരൊക്കെ നല്ല തുക കിട്ടിയപ്പം റബ്ബറും സ്‌ഥലവും വാങ്ങി ഒതുങ്ങി..പിന്നെ മൊബൈല് വന്നപ്പോ നമ്മളെ കമ്പനിയെ ലേലത്തിന് പോലും വിളിച്ചില്ലെന്നാണ് സാറ് പറഞ്ഞത്..പിന്നെ ഈ ചെറുക്കന്റെ കമ്പനി ഫൈവ് ജി ഒണ്ടാക്കണത് നമ്മളെ കമ്പിനിയുടെ ഉപഗ്രഹം വച്ചാണ് എന്നിട്ടാണ് അവന്റെ ഒരു പോസ്
...തുഫ്.. പന്ന.നാറി...!!

നിങ്ങളാണെ എന്റെ സാർ കുടിക്കണത് ഞാൻ കണ്ടിട്ടില്ല.
ഞാനിത്തിരി മിനുങ്ങണ പതിവ് ഒണ്ടായിരുന്നു..അന്ന് സാർ എന്റന്ന് ചോദിച്ച് വാങ്ങി കുടിച്ച്‌. എന്റെ അയ്യോ, പിന്നെ നേരം വെളുക്കും വരെ എന്ത് കരച്ചിലും വിളിക്കുമായിരുന്നു.
ഈ നാറി ചെറുക്കന്റെ ശബ്ദം കേൾക്കാൻ വേണ്ടി. റോഡിലെ വെയിലിൽ ഇരുന്ന് *ടെസ്റ്റർ വച്ച് ഒരു ദിവസം പത്തിരുപത് പ്രാവശ്യം എങ്കിലും 245370 ലേക്ക് വിളിക്കുമായിരുന്നു..
എവിടെ പണിക്ക് പോയാലും മാങ്ങയും ച്ചക്കയും ചാമ്പയും ചൊമന്ന് കൊണ്ട് കൊടുക്കും..
നല്ല മീൻ വഴിയിൽ കണ്ടാൽ 'തിരുത വേണോടി റോസിന്ന്' വിളിച്ച് ചോദിക്കും.
ചെറുക്കന് സാറിന്റെ കമ്പനി സ്നേഹതത്തെപ്പറ്റി എന്തോന്ന് അറിയാം.
പണ്ട് റെയിൽവെയും ടെലക്കോമും തമ്മിൽ ബോണസിന്റെ കാര്യത്തിൽ മത്സരം അല്ലെ...? ആരാണ് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ദിവസത്തെ ബോണസ് കൊടുക്കും എന്നും പറഞ്ഞ്.
ഒരിക്കെ എഴുപത്തിയാറുദിവസത്തെ കിട്ടിയപ്പം. ന്റമ്മേ, അതിയാൻ ആ റോസിലിയെ എടുത്ത്‌ പൊക്കി കവല വരെ വന്നില്ലേ..? 'നമ്മള് റെയിൽവേയെ തോപ്പിച്ചെടി പെണ്ണേ റോസി' അതിയാൻ അന്ന് സമരം പോലെ വിളിച്ചത് എന്റെ ചെവിയിൽ ഇപ്പോഴും ഒണ്ട്..ആ എന്തിരവളാണ്  തന്തേ കുഴിച്ചിടാൻ മോന് കൂട്ട്... ന്റിശോയെ, അന്ന് എനിക്ക് സാർ നാലായിരത്തി ഇരുന്നൂറ്റി അമ്പത് രൂപ തന്ന് അന്ന് ഞാൻ വാങ്ങിതാണ് എന്റെ കൊച്ചിന്റെ കഴുത്തിൽ കെടക്കണ മാല. കുളക്കട ജംഗ്ഷനിൽ പടക്കം പൊട്ടിച്ചല്ലേ ഞങ്ങൾ ആഘോഷിച്ചത്...?. അന്നും സാറ് ഇത്തിരി കുടിച്ച്‌..

ഈ പന്ന ചെറുക്കന്റെ പ്രേമം നിങ്ങൾക്ക് അറിയില്ല. വേറെതാണ്ട് ജാതിയിലെ കൊച്ചാ.
ഫോണിൽ വിളി കൂടി ബില്ല് വന്നപ്പോ. നമ്മളെ ആന്റോ സാർ ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് സംസാരിച്ച് ഒറപ്പിച്ചതാ ഞാനും കൂടെ പോയതല്ലേ..? മേശിരി മാർക്ക് ആഫീസിൽ നിന്ന് കിട്ടണ ഫ്രീ ആയി സംസാരിക്കാൻ കഴിയണ ഫോണ് ഈ ചെറുക്കനും ആ പെണ്ണിനും സാർ ഒപ്പിച്ച് കൊടുത്തല്ലോ..പിന്നെ എന്തോന്ന് പറ്റിയെന്ന് അറിഞ്ഞൂടാ ആ കൊച്ചിനെ ഇവൻ കെട്ടിയില്ല.. അതിന്റെ ശാപം ആയിരിക്കും ഇവന് ഇതുവരെ പെണ്ണ് കിട്ടാത്തത്..ആ പെണ്ണിന്റെ പേരിൽ സാറും എവനും തമ്മിൽ കൊറേ വഴക്ക് നടന്ന്.ഇവൻ ആ കൊച്ചിനെ ഏതാണ്ട് ഹോട്ടലിൽ കൊണ്ട് പോയെന്ന് സാര്  പറഞ്ഞ് തുടങ്ങി.ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല. ഇവന്റെ കമ്പനിയെപ്പോലെ ഭയങ്കര ഓഫർ കൊടുത്ത്‌ ആ പെണ്ണിനെ പറ്റിക്കാൻ ശ്രമിച്ച് കാണും..

സാറൊക്കെ നേരത്തെ ജോലിയിൽ കേറിയത് കൊണ്ട് നല്ല പൈസ പെൻഷനൊക്കെ ഒണ്ടല്ലോ. പിന്നെ അത്യാവശ്യം സാറും സമ്പാദിച്ചു വച്ചിട്ടുണ്ട്..അതിന്റെ മോളിൽ കിടന്ന് അമ്മയും മോനും അവന്റെ ഓഫർ കമ്പനിയും  സുഖിക്കട്ടെ. ജോലി കഴിഞ്ഞ് ആ മതിലിന്റെ വശത്ത് കൂടെ പോകുമ്പോൾ  245370 ലോട്ട് ഞാൻ വിളിക്കണം. എത്ര തളർച്ച ഉണ്ടെങ്കിലും മൂന്നാമത്തെ ബെല്ലിൽ ആന്റോ സാർ ഫോണെടുക്കും. എന്നിട്ട് ഒറ്റ ചോദ്യമാണ് "ഡെയ് നമ്മടെ ഡിവിഷനിൽ ഇന്നെത്ര ലൂപ്പിംഗ്, ബ്രെക്ക് എത്ര ഡിസ്റ്റർബ് എത്ര ജെ ടി ഒയെ റിപ്പോർട്ട് ചെയ്തതാ...??" 

പിരിച്ച് വിടുമെന്ന് പലരും പറഞ്ഞിട്ടും കരാർ പുതുക്കി ഇങ്ങ്‌നെ കൂട്ടത്തില് നിക്കണത് 
ആന്റോ സാറിനെപ്പോലെ ഈ കമ്പനിയെ എനിക്കും ഇഷ്ടം തോന്നി തുടങ്ങിയിട്ടാണ്..
ഇനി എനിക്ക് വയ്യ. ഇനി നിങ്ങള് ആ 245370 ലോട്ട് വിളിച്ച് നോക്ക് എന്തായിരിക്കും മറുപടി...??
എന്റെ ആന്റോ സാറ് നിലവിൽ ഇല്ലെന്നല്ലേ..?

*പെറ്റി കേബിൾ കുഴിവെട്ടാൻ ബി എസ് എൻ എൽ നിയമിക്കുന്ന മീനിയൽ സ്റ്റാഫ്
*ജംഗ്ഷൻ ബോക്‌സ്, ഫോണിലെ തകരാർ പരിഹരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
*ക്രോൻ. കേബിളിൽ പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
*ടെസ്റ്റർ. പ്രശ്നങ്ങൾ വിളിച്ച് ചോദിക്കാൻ ഉപയോഗിക്കുന്ന ഫോണുകൾ

കെ എസ് രതീഷ്,പന്ത
( ഗുൽമോഹർ 009)

No comments:

Post a Comment