Sunday 16 February 2020

തിരക്കഥയില്ലാത്തവർ..!!

തിരക്കഥയില്ലാത്തവരുടെ സിനിമ...!!

    സിനിമാപിടുത്തം വട്ടക്കരിമ്പിൽ  ആദ്യമായിട്ടല്ല. എന്നാൽ, മണിയപ്പിയുടെ ഇരുപത് സെന്റിലെ കരിയിലപ്പൊരിയൻ കപ്പയ്ക്ക് അമ്പതിനായിരം കിട്ടണത് ആദ്യമായിരുന്നു. വയസ്സറിയിച്ച്  മൂലേപ്പൂതമായ ചെറുമോൾക്ക്  വളയും, ഏഴിന്റെതിനും, സ്‌കൂട്ടിക്കും മരുമോൾക്കിത്തിരി പൈസ കൊടുക്കാമ്പറ്റിയെങ്കിലും നടുവൊടിഞ്ഞ് വെട്ടിക്കോരി വച്ച്,  കാവലു കിടന്ന് പിഴുതെടുക്കാൻ പരുവമായ കപ്പ. തലതെറിചൈത്തുങ്ങള്  ചവിട്ടിമെതിച്ചൊതവാതാക്കുന്നത്  കണ്ട  മണിയപ്പി ആറ്റിൽ കഴുത്തറ്റമിറങ്ങി നിന്ന് തള്ളേക്കെട്ടികളെന്ന് മൂന്ന് വട്ടം വിളിച്ചു. എന്നിട്ട് കുപ്ലിച്ച് നീട്ടിത്തുപ്പി..

"പെണ്ണ് ചടങ്ങായിരിക്കണ് എന്റേൽ എന്തെരൊണ്ടച്ഛ" വാഴയ്ക്ക് കളപറിച്ചോണ്ടിരുന്നപ്പോൾ  മരുമോള് മണിയപ്പിയെ ഓർമ്മിപ്പിച്ചു. തല തെറിച്ച ചെറുക്കൻ ആ പെണ്ണിനൊരു കുട്ടിയുണ്ടാക്കിയെന്നല്ലാതെ വേറൊന്നിനും ഉപകരിച്ചില്ല. സീ സി പൊക്കാൻ പോയി കുത്തുകൊണ്ട് അവനങ്ങ് തീർന്നിട്ടും . കവലയിലോടിനടന്ന്  'ഭാഗ്യം' വിറ്റ് ജീവിക്കണ പെണ്ണ് പൊട്ടിയ ചെരുപ്പിന് പിന്നു കുത്തണതു കണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് കറുത്ത കണ്ണടവച്ച ഒരുത്തനുമായി  പക്കസുനി വന്നത്. പക്കയ്ക്ക് പെണ്ണും മണ്ണുമുൾപ്പെടെ സകലതിന്റെയും ഏർപ്പാടുണ്ട്. വട്ടക്കരിമ്പിലെ ചിലരൊക്കെ അതുവഴി പച്ചപിടിച്ചിട്ടുണ്ട്. മരുമോൾക്ക് നേരെയും അവനൊരു കണ്ണുണ്ട്.

" രൊക്കം അമ്പത് തരും. രണ്ട് ദെവസത്തിൽ പണി തീരും " തൂക്കിന് പത്തിന് താഴെ നിൽക്കുമ്പോൾ  അമ്പത് വച്ച് നോക്കിയാലും കിട്ടാത്ത ലാഭം. പക്കയോട്  തലയാട്ടി. കറുത്ത കണ്ണടയിട്ടവൻ രണ്ടായിരത്തിന്റെ ഒരു കുഞ്ഞ് കെട്ട് മണിയപ്പിയെ പിടിപ്പിച്ചു. പക്ക ചിരിച്ചു. ആ ചിരിക്ക്  മണിയപ്പി രണ്ടായിരം വകയിരുത്തി..

 ഒപ്പം പിഴാൻ കൂടിയാൽ  ദിവസത്തെ കൂലി ഒക്കുമെന്ന് കരുതിയാണ് മണിയപ്പി രാവിലെ തൂമ്പയുമായി പറമ്പിലോട്ട് ചെന്നത്. വണ്ടിയും  ലൈറ്റും കളർ കുടയുമായി ഒരു കല്യാണത്തിനുള്ള ആളുണ്ടവിടെ. ആകാശത്തേക്ക് കുഴൽ വെള്ളം ചീറ്റിച്ച് ഇരുപത് സെന്റിൽ മാത്രം മഴ. പുതുമണ്ണിന്റെ നാണിച്ച മണം. വെള്ളം വീണ് ചിരിക്കുന്ന കപ്പയില. ജീൻസിട്ട ഒരുത്തി പിഞ്ചുവാഴക്കന്നിന്റെ മണ്ടയ്ക്ക് ചവിട്ടി നിൽക്കുന്നു. ആരോക്കരയോ ചേർന്ന് ഒരുത്തനെ തോട്ടത്തിന്റെ ഉള്ളിലിട്ട് അടിക്കുന്നു. ആകെ വിളിയും കൂവലും. പിഴുതിട്ടിരുന്ന കപ്പ വിളഞ്ഞിട്ടില്ല, പകുതിയും പൊട്ടല്. മണിയപ്പിക്ക് ശ്വാസമുട്ടിപ്പോയി. തലയിലെ തോർത്തഴിച്ച് കടിച്ച് കരച്ചിലമർത്തി. അവിടേക്ക് കരഞ്ഞോണ്ട് ചെന്ന അയാളെ ഒരുത്തൻ വന്ന് തള്ളി.വീഴും മുൻപ് പക്ക വന്ന് പിടിച്ചു.

"ആശാനേ അത് ഫീൽഡല്ലേ, നമ്മളല്ലേ അതിനെ ഫീൽഡിലിറക്കിയത്.
അവിടെച്ചെന്നിനി നിക്കാനൊന്നും ഒക്കത്തില്ല. മരുമോളെ  സ്‌കൂട്ടിരെ കാര്യം ഞാനേറ്റിട്ടുണ്ട്. അവക്കിനി  എളുപ്പം വിൽക്കാം. സമയത്തിന് കൊത്തിക്കെളച്ച് വച്ചില്ലെങ്കിൽ എന്തായാലും പാഴേപ്പോവുമാശാനേ. മണ്ണില് മാത്രം നോക്കിയെപ്പോരാ. കപ്പത്തണ്ട് പോലൊരു കൊച്ച് പൊങ്ങി വരണതോർക്കണം....?" പക്കയുടെ വഷള് ചിരിയിൽ  മണിയപ്പിക്ക് കലികയറി. ചുവന്നു തുടങ്ങിയ മുറുക്കാൻ തുപ്പിക്കളഞ്ഞ് മുഴുത്ത നാലഞ്ച് തെറി വിളിച്ചു. ചതഞ്ഞ വാഴക്കന്നിനെ തിരിഞ്ഞൊന്ന് നോക്കിയിട്ട്. ശ്രീപാദത്തിലേക്ക് നടന്നു..

     പത്തോ അമ്പതോ കൈകാശിന് മാത്രമല്ല മണിയപ്പി എന്നും അവിടെച്ചെന്ന് ഇത്തിരി നേരം നിൽക്കാറുണ്ട്. പഴയ തറവാടൊക്കെ പൊളിച്ചു കളഞ്ഞെങ്കിലും ഉമയമ്മയ്ക്കും  മണിയപ്പിയാശാനും ജന്മികുടിയാനിഴപൊട്ടാതെ നിൽക്കുന്നുണ്ട്. കുതിര ഗ്ലാസിൽ ഒരു ചായ, ഉമപ്പെണ്ണിന്റെ എന്തെങ്കിലും നാലു വർത്താനം. മണിയപ്പിയുടെ അവകാശമായിരുന്നു. പടം പിടിക്കാൻ വന്നതിൽ ഒരുകൂട്ടം അവിടെയുമുണ്ട്..

" അമ്മയെ കാണാൻ പറ്റില്ലട്ടോ. ഷൂട്ടിംങ്ങിന്റെ ചിലരൊക്കെ ഇവിടാ താമസം. 
ചെമ്പരത്തി ദേവദാസ് അമ്മേടെ ഒപ്പം പഠിച്ചതല്ലേ..?  അതുകൊണ്ടാ സമ്മതിച്ചത്. ആശാന് കാശെന്തെങ്കിലും വേണോ?..." മകൻ സംസാരിക്കുന്നതിനിടയിലും മതിലിന്റ മുകളിൽ കഴുത്തുയർത്തി  നിൽക്കുന്ന മണിയപ്പിയെക്കണ്ട് ഉമയമ്മ പുറത്തിറങ്ങി വന്നു..

"പടം പിടിക്കാനാണെന്നറിഞ്ഞില്ല ഉമക്കൊച്ചേ.വലിയ കച്ചോടക്കാരെന്ന കരുതിയത്. 
ഇത്തിരി പൈസേരെ ആവശ്യോണ്ടായിരുന്നു. ഏതാണ്ട് കത്തിക്കുത്തും കൊലവാസോന്നാ കേട്ടത്.  വല്ല എടാ കൂടോം ഒണ്ടാക്കി വയ്ക്കോ...??" അവർ സംസാരിച്ചു തുടങ്ങിയപ്പോൾ മകൻ വീടിനുള്ളിലേക്ക് പോയി.

"സിനിമായല്ലേ ആശാനേ, അതവരഭിനയിക്കുന്നതാ. ആ തോട്ടത്തിൽ ഒരാളെ കൊന്നിട്ട് ആറ്റിന്റെ കരയിൽ കുഴിച്ചിടും. അത് കണ്ടു പിടിക്കാൻ വരുന്നതാണ് നായകൻ.  ദേവദാസ് സാറ് കൊല്ലുന്നവന്റെ അച്ഛനാ.രണ്ട്  ദിവസത്തിൽ എല്ലാരും അങ്ങ് പോകും..." അവർ തിടുക്കത്തിൽ ഉള്ളിലേക്ക്  നടന്നു. മണിയപ്പി മതിലിനോട് ചാരിയിരുന്നു.അയാൾക്ക് മുന്നിലൂടെ കൊട്ടാരം പോലൊരു വണ്ടി കടന്നു പോയി. വട്ടക്കരിമ്പ മുഴുവൻ ഇളകി മറിയുന്ന ശബ്ദം. മിന്നലുപോലെ ക്യാമറ വെളിച്ചം...

" ആ തള്ള അയക്കടെ പഴയ കുറ്റിയാടി. നീ ശ്രദ്ധിച്ചാ, നമ്മളെ അയാള് നൈസായി ഒഴിവാക്കിയതാ. വലിയ മോനൊക്കെയുണ്ടായിട്ടും തള്ള  ഒടഞ്ഞിട്ടില്ല. ദേവദാസിന്റെ ഒരു ഭാഗ്യം. ആയ കാലത്ത് എത്ര കുറ്റികളുണ്ടായിരുന്നു. ആള് ഭംഗിയായിട്ടാ ഓരോന്നിനെ വളയ്ക്കണത്. നല്ല രീതിയിൽ മൊതലാക്കിയിട്ട് ഒഴിവാക്കും. അവസാനം വന്നവള്  കമ്പ്ലീറ്റ് അടിച്ചോണ്ടങ്ങ് പോയി. അതല്ലേ വീണ്ടും അഭിനയിക്കാൻ ഇറങ്ങിയത്. ആ ചെറുക്കൻ ലൊക്കേഷനിൽ വന്ന് നമ്മടെ ടീമിന് താമസിക്കാനുള്ള സ്ഥലം ഓഫറ് ചെയ്തെന്നാ കേട്ടത്..."  തൊട്ടപ്പുറത്തെ  സിഗരറ്റിന്റെ പുകയും സംഭാഷണവും  മണിയപ്പി പിടഞ്ഞെണീറ്റു. ഒരു പോലീസ് വേഷക്കാരനും മേക്കപ്പിടുന്ന പെണ്ണും. അകത്ത് ദേവദാസിനെ ചുറ്റിപ്പറ്റി  ഉമയമ്മയുണ്ട്. അതു നോക്കിയാണ് അവരുടെ സംഭാഷണം. മണിയപ്പിയുടെ നിൽപ്പുകണ്ട് അവർ ചിരിച്ചു. അയാൾ ചുമച്ചു തുപ്പി.പോലീസ് വേഷമിട്ടവൻ മേക്കപ്പ്‌ പെണ്ണിന്റെ കുടയിൽക്കയറി തിടുക്കത്തിൽ ലൊക്കേഷനിലേക്ക് നടന്നു..

"സൂപ്പർ സ്റ്റാറ് വന്നാശാനേ. ഇവൾക്ക്  അയാളുടെയൊപ്പം ഒരു ഫോട്ടോ വേണൊന്ന്." ഗേറ്റും ചാരി ഭാര്യയുടെ തോളിൽ കൈയിട്ട് പോകുന്ന ഉമയമ്മയുടെ മകനെ നോക്കി മണിയപ്പി പല്ലിറൂമി. 'സ്വന്തം തള്ളയും, തന്തയില്ലാത്ത വേറൊരുത്തനും വീട്ടിലിരിക്കുമ്പോളെന്ന്..' ചിന്തിച്ചതേയുള്ളു. വാതിലടയുന്ന ശബ്ദം, തിരിഞ്ഞ് നോക്കാനുള്ള ആഗ്രഹവും മണിയപ്പി ഉപേക്ഷിച്ചു..

    കപ്പത്തോട്ടം നിറയെ കാക്കിയിട്ട ആളുകൾ. വിലങ്ങണിഞ്ഞ് ഒരുത്തൻ. കറുപ്പ് കണ്ണടയിട്ട ഒരു സുന്ദരൻ പോലീസ്‌ നിർദ്ദേശങ്ങൾ നൽകുന്നു.ജനം ശ്വാസമടക്കി നില്കുന്നു..ആ തക്കത്തിന് രണ്ടുമൂട് കപ്പയും പിഴുത്  ലുങ്കിയിൽ മറച്ചുപോകുന്ന മൊണ്ടി സുലോചനയെ മണിയപ്പിക്ക് ചീത്ത വിളിക്കാൻ  തോന്നിയില്ല. അവളെങ്കിലും തിന്നട്ടെ. പ്ലാവിന്ന് വീണ വിജയനെയും രണ്ട് പിള്ളാരെയും പോറ്റാൻ പക്കയുടെ  കാലിൽ വീണിട്ടും അവളെ നോക്കി അവൻ ചിരിച്ചതേയുള്ളു.. "വെളക്കണച്ചാലെന്തോന്ന് വെളുപ്പും മുറിച്ചുണ്ടും പക്കേ..." സുലോചന ഓരോ തവണയും ആവർത്തിച്ചു. പക്ക അതേ ചിരിയിൽ മുടന്തി നിന്നു..

  ജനം ആറ്റിന്റെ  കരയിയിലേക്ക് നീങ്ങി. കവറിൽ കെട്ടിയെറിഞ്ഞ തീറ്റയിൽ കാക്കയും പട്ടിയും തോട്ടത്തിൽ മത്സരിക്കുന്നു.. ബൂട്ടുകൊണ്ട് തോലടർന്ന ഒരു കപ്പയുടെ വിളറിയ ശരീരം അയാളെ വിളിച്ചു. ചവിട്ടിയുറച്ച മണ്ണുകോരി പൊത്താൻ തുടങ്ങിയപ്പോൾ, തൂമ്പ വാങ്ങാൻ പക്ക വന്നു. ആറടിയിൽ കുഴിവേണം. അവരൊക്കെ വിളിച്ചിട്ടും മണ്ണെളകി വരുന്നില്ല. പോലീസുകാരനും, സൂപ്പർ താരവും നിറമുള്ള കുടകൾക്ക് കീഴിലിരുന്ന് മണിയപ്പിയുടെ വെട്ടിന്റെ ഊക്ക് കണ്ടു. 'എന്നേം കൊണ്ടോ എന്നേം കൊണ്ടോന്നും' പറഞ്ഞ് മണിയപ്പിയുടെ കാലിൽ മണ്ണ് ഇളകി തുള്ളുന്നു.നാലടി പോലുമായില്ല രൂപ ആഞ്ഞുറ് പക്ക കൈയിൽ പിടിപ്പിച്ചു. മണിയപ്പിയുടെ തൂമ്പയും കുഴിയും സിനിമയിലഭിനയിച്ചു...

വട്ടക്കാരിമ്പ മുഴുവൻ സൂപ്പർ സ്റ്റാറിനെ നോക്കി നിൽക്കുന്ന സമയത്ത്  ഉമയമ്മയും ദേവദാസും എന്തു ചെയ്യുകയാവും. ആറ്റിന്റെ കരയിൽ തൂമ്പ വൃത്തിയാക്കാൻ തുടങ്ങിയ മണിയപ്പിയുടെ ചിന്തകലങ്ങി.. അയാൾ നിവർന്ന് നിന്നു .സിനിമായിലൊന്നും പെടാതെ മൊണ്ടി സുലോചന കുന്നിന്റെ ഉച്ചിയിലുള്ള  വീട്ടിലേക്ക് നടക്കുന്നു. തോളിലിട്ടിരിക്കുന്ന  പൊട്ടിയകപ്പ അവളുടെ താളത്തിനൊപ്പം മണിയപ്പിയെ നോക്കിച്ചിരിച്ചു.അയാൾക്ക് ശ്രീപാദത്തിലെ അടഞ്ഞു കിടക്കുന്നു വാതിലിൽ കൊത്തിയ ബുദ്ധരൂപം ഓർമ്മവന്നു. ആ സമയം സംവിധായൻ മൈക്കിലൂടെ ഏതോ രംഗത്തിന്  കട്ട് വിളിച്ചു..

" ഉമയോടൊന്ന്  മിണ്ടാനാണ് ഞാനവരെ ഒഴിവാക്കിയത്" 

" ഉം, ആ വിളിയൊക്കെ ഓർമ്മയുണ്ടോ..?" ഉമയമ്മ ദേവദാസിന് മുന്നിലെ കസേരയിൽ വന്നിരുന്നു.

"മറന്നിട്ടില്ല"

"ഒരു വാക്കും പറഞ്ഞില്ലെങ്കിലും, മുറിയുടെ പണം കൊടുക്കാമയിരുന്നില്ലേ..?"  ദേവാദസിന്റെ മുഖത്തെ തിളക്കം മങ്ങുന്നത് ഉമയമ്മ കണ്ടു.

"സിനിമയിലേക്കുള്ള വിളിയായിരുന്നു. " അയാളുടെ നെറ്റിയിൽ നിന്നൊരു വിയർപ്പുതുള്ളി മൂക്കിന്റെ അറ്റത്തേക്ക് വിരണ്ടോടി.

" സംവിധായകൻ നാടകം കാണാൻ വന്നിരുന്നു അല്ലെ..?"

"ഉം, അന്ന് ഹോട്ടലിൽ നിന്നെങ്ങനെ..?" അയാളുടെ ശബ്ദം കുറുക്കനെപ്പോലെ പതുങ്ങി വന്നു..

" ഒരു വളയൂരി ക്കൊടുത്തു" ഉമയമ്മ മുഖത്ത് നോക്കാതെ കൈയിൽ കിടന്ന രണ്ട് വളകൾ  മുട്ടിച്ച് ശബ്ദമുണ്ടാക്കി.

"ഉമയുയെക്കുറിച്ചും ആന്ന് സംവിധായകൻ ചോദിച്ചിരുന്നു."കളവാണെന്ന് അയാളുടെ കവിളുകൾ ഉറക്കെ വിളിച്ചുപറഞ്ഞു. തൊണ്ടയിലെ മുഴ ഉള്ളിലേക്ക് പതുങ്ങി.

"അഭിനയിക്കാനല്ലല്ലോ  അന്ന് കൂടെ വന്നത്" ഉമയമ്മയുടെ ചിരി കള്ളം കണ്ടു പിടിച്ചെന്നയ്യാൾക്ക് തോന്നി..

" പിന്നെയൊരിക്കലും ബന്ധപ്പെട്ടില്ലല്ലോ..?" അയാളുടെ ഇടത് കണ്ണ് 'ഈ ചോദ്യം ന്യായമല്ലേയെന്ന' ഭാവത്തിൽ പാതിയടഞ്ഞു

"ചെമ്പരത്തി സൂപ്പർഹിറ്റായില്ലേ, ദാസേട്ടൻ ദേവദാസയല്ലോ.എപ്പോഴെങ്കിലും ഓർത്തിരുന്നോ...?"

"പല തവണ, ഒരു വിലാസം പോലും കൈയിലില്ലായിരുന്നല്ലോ.." ഉമയമ്മ കിടപ്പുമുറിയുടെ വാതിലിൽ മറഞ്ഞു നിന്നു..ലാന്റ് ഫോണിൽ ബെല്ല് ദേഷ്യത്തിൽ ചിലച്ചു.

ദേവദാസ് ഹാളിലെ ചിത്രങ്ങളെല്ലാം നോക്കി. മകന്റെ ബാല്യകാല ഓർമ്മകൾ. ബുദ്ധ ചിത്രങ്ങൾക്ക് ചുറ്റും പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുട്ടിന്റെ വേദന വിലക്കി. അയാൾ മുറിയിലേക്ക് നോക്കി..

"ഉമേ.. എനിക്കൊന്ന് കിടക്കണമെന്നുണ്ട്"

" സഹായിക്കണോ" ദേവദാസ്  എഴുന്നേറ്റു. ഉമയമ്മ  മുറിയുടെ കർട്ടൻ നീക്കിയിട്ടു. അയാൾ കട്ടിലിന്റെ അരിക് ചേർന്നിരുന്നു..

"കിടക്കുന്നില്ലേ..?"

" കുറച്ചു നേരം ഇരിക്കട്ടെ" ഉമയമ്മ ജന്നലുകൾ തുറന്നിട്ടു. ചരിഞ്ഞു വീഴുന്ന വെളിച്ചം. അവർക്കിടയിൽ രണ്ട് വരയിട്ടു..

" കാലുവയ്ക്കാൻ ഒരു തലയിണകൂടെ വേണം, ഉമയ്ക്കത് കെട്ടിപ്പിടിക്കുന്ന ശീലമായിരുന്നില്ലേ..?"

"അതൊക്കെ മാറി" മേശയിലിരുന്ന ബുദ്ധപ്രതിമയിൽ നിസംഗമായ ചിരിയോടെ ഉമയമ്മ തൊട്ടു.

"മോന്റെ അച്ഛ്ൻ? " ആ ചോദ്യത്തിൽ നിന്നിറങ്ങി നടന്ന ഉമയമ്മ മകന്റെ മുറിയിൽ നിന്ന് മഞ്ഞ പൂക്കളുടെ ഡിസൈനുള്ള തലയിണ കൊണ്ടുവന്നു..

"ഉമയ്ക്കെന്നോട് പരിഭവമാണോ.." ഉമയമ്മയുടെ ചുണ്ടിന്റെ ഇടത് കോണിൽ  ചിരിയുടെ വെറുപ്പൻ നിഴൽ വന്നു .

"സിനിമയിൽ എന്തായിരുന്നു വനവാസം...?"

"നേടിയാതൊന്നും കൂടെ നിന്നില്ല, കൂടെ നിൽക്കണതൊന്നും നേടിയില്ല.." ഉമയമ്മയുടെ മൗനം അയാളെ വീണ്ടും സംസാരിപ്പിച്ചു...

" ഈ മുട്ടിൽ ഒന്നെണീറ്റ് നിൽക്കാൻ ചികത്സ വേണം..ഇരന്നു വാങ്ങിയ വേഷം. ആർക്കുമിനി ദേവദാസിനെ വേണ്ട.." കൽ മുട്ടിൽ തടവുന്ന വിരലുകൾക്ക് വിറയൽ. ഒരാൽബം മുന്നിൽ വച്ചിട്ട് ഉമയമ്മ മാറി നിന്നു. ബ്ളാക് ആന്റ് വൈറ്റിൽ തുടങ്ങി അയാളുടെ ഭൂതകാലം ഒട്ടിച്ചു വച്ചിരിക്കുന്നു.  ഒന്നു രണ്ടിടത്ത് കണ്ണ് നിറഞ്ഞു വീണു. ചിലപ്പോൾ ചിരി വന്നു. അലമാരയുടെ ഉള്ളിലെ ഒരറ തുറന്നപ്പോൾ അപൂർവ്വമായൊരു മണം മുറിയിൽ നിറഞ്ഞു. ദേവദാസ് ഉമയമ്മയുടെ പിന്നിൽ വന്നു നിന്നു..

" നല്ല പഴക്കമുണ്ട്, നാടകത്തിലും ജീവിതത്തിലും നമ്മളുടുത്തിരുന്നത്." ഉമയമ്മ  നാടകഗാനത്തിന്റെ വരികൾ മൂളി..

"ഉമേ" അയാൾ  പിന്നിലൂടെ ചേർത്ത് പിടിച്ചു. ഇടതു നെഞ്ചിൽ അയാളുടെ കൈ പുതഞ്ഞു. മാറി നിന്ന അയാളുടെ കണ്ണിൽ സംശയം.

" കഴിഞ്ഞ കൊല്ലമത് മുറിച്ചു മാറ്റിയിരുന്നു.." ചുംബിക്കാൻ അടുത്ത് വന്ന ദേവദാസിന്റെ മുഖത്ത് ബുദ്ധരൂപം വന്നിടിച്ചു. തിടുക്കത്തിൽ പുറത്തേക്കിറങ്ങിയ അയാളെ ഉമയമ്മ തടഞ്ഞു.
"ഇതിത്തിരി സ്വർണാണ് ചികിത്സയ്ക്ക് തികയുമെങ്കിൽ..." അതും വാങ്ങി വളരെ തിടുക്കത്തിൽ അയാൾ നടന്നുപോയി. ഗേറ്റിൽ വച്ച് മകനോട് ചിരിച്ചു..അതിന്റെ പതിപ്പ് മകനിലും പടർന്നു.

തലയിണ തന്നിലേക്ക് ചേർത്ത് കിടക്കുന്ന ഉമയമ്മയെ മകൻ തൊട്ടു..

"അച്ഛനോടത്  പറഞ്ഞോ..?"

"ഇല്ല"

"എന്നെക്കണ്ട് ചിരിച്ചല്ലോ..?"

"അയാളിപ്പോഴും വെറും നടനാണ്"

"  അച്ഛന്റെ സ്ഥാനത്ത് ഇനിയും സിദ്ധാർത്ഥൻ തന്നെ ?" മകൻ ചിരിച്ചു. ഉമയമ്മ മകനെ ചുംബിച്ചു.. സംവിധായകൻ വട്ടക്കരിമ്പ് മുഴുവൻ കേൾക്കെ 'പാക്കപ്പ്' പറഞ്ഞു..

    ഇരുപത് സെന്റിൽ സിനിമാ പിടുത്തക്കർ വലിച്ചെറിഞ്ഞതെല്ലാം മണിയപ്പി കൂട്ടിയിട്ട് കത്തിച്ചു. ആ പുകയെ കെട്ടിപ്പിടിക്കാൻ ശ്രീപാദത്തിലുമൊരു പുകയുയരുന്നുണ്ടായിരുന്നു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)



No comments:

Post a Comment