Friday 7 February 2020

ചെഗുവേരയുടെ കോഴി..!!

ചെഗുവേരയുടെ കോഴി..!!

ഏഴുമണി കഴിഞ്ഞ് ഫോണിന്റെ മഞ്ഞ സ്‌ക്രീനിൽ എം എൻ കെയെന്നു  തെളിഞ്ഞാൽ കിളിയമ്മിണിയുടെ  മകൾ, മേനകയ്ക്ക് ചങ്ങാടക്കടവ് ബസ് കിട്ടിയില്ലെന്നും, നാടുമുഴുവൻ ചുറ്റി വരുന്ന പൂഴനാട് പാസഞ്ചറിന്റെ പിൻസീറ്റിൽ ഉറക്കംത്തൂങ്ങി ഇരുപ്പുണ്ടെന്നും ചെഗുവേരയ്ക്ക് മനസിലാകും.

രണ്ടാമത്തെ ബീഡിയുടെ ചൂട് വിരലിനോടടുക്കുമ്പോൾ ഇരുട്ടിനെ വകഞ്ഞ് പൂഴനാടിന്റെ ഉണ്ടക്കണ്ണുകൾ തെളിയും.. ചങ്ങാടക്കടവിലേക്ക് കാട്ടുപാതയാണ്. പന്നിയും പാമ്പും സവരിക്കിറങ്ങുന്ന നേരമാണ്. കൈരളി ജ്യുവലറിയുടെ കൈവരിയോട് ചേർന്നിരുന്ന് നേരം വെളുപ്പിക്കലാണ് മേനകയ്ക്ക് പതിവ്. മനുഷ്യരാരെങ്കിലും ഉപദ്രവിക്കുമെന്ന ഭയമില്ല. ഇനി ആരെങ്കിലുമുണ്ടെങ്കിൽ അവർക്കൊപ്പമിരിക്കാനും മടിയില്ല. കിളിയമ്മിണിക്ക് തീരെ വയ്യാതിരുന്ന ഒരിക്കൽ ആ വഴി ഒന്നോടി നോക്കിയതാണ്. കാട്ടുപന്നി കുത്തിയെറിഞ്ഞ മേനകയെ ആശുപത്രിയിലെത്തിച്ചത് ഏര്യസമ്മേളനത്തിന്റെ കൊടി കെട്ടാൻ വന്ന ചെഗുവേരയാണ്. സൈക്കിളിന്റെ പിന്നിൽ മടക്കിയിട്ട തോർത്തിന്റെ പുറത്തിരുന്ന് വീട് പിടിക്കുന്ന മേനകയോട് 'നിന്നെ ഞാനെടുത്തോളാടീന്ന്' മുരണ്ട് പൂഴനാട് തിരിച്ചുപോകും..

അയൽക്കാരന്റെ തേങ്ങ കുത്തിയിടാൻ ശ്രമിച്ചു കരിക്ക് തലയിൽ വീണ് കിളിപോയ അമ്മിണി, കിളിയമ്മിണിയായി. മലവും മൂത്രവും പോണതറിയാതെ ചിരിയോട് ചിരി. നേരാനേരത്ത് തിന്നാൻ കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടിയതുകൊണ്ട് മേനകയെ പൂശും. പത്ത് ഫസ്റ്റ് ക്ലാസിൽ പാസ്സായി ഉടലോടെയങ്ങ്‌ ഡോക്ടറാകാൻ കൊതിച്ചവൾ പട്ടണത്തിലെ ബി ബി എൽ മാർക്കറ്റിങ് കമ്പനിയിൽ പണിക്ക് ചേർന്നു . ഒരേ ബഞ്ചിലിരുന്ന് കഷ്ടി പാസ്സായ ശാരി ഡോക്ടറാകാൻ പോയതിന്റെ ഫ്‌ളെക്സ് കവലയിൽ തൂങ്ങി നിന്നതിന്റെ അന്നാണ് മേനകയ്ക്ക് പുതിയൊരു പാഠമുണ്ടായത്.. 

കറിപൗഡറും ഗ്യാസ് ലൈറ്ററുമുൾപ്പെടെ സകലതും ദയയുള്ള ഒരു മനുഷ്യൻ വിലയിട്ടു . പ്രോഡക്ട് വിവരണം തുടങ്ങിയതേയുള്ളു വാതില് പൂട്ടിയാണ് ബാഗ് കാലിയാക്കിയത്. ഒഴിഞ്ഞ ബാഗുമായി വന്ന മേനകയ്ക്ക് മുന്നൂറ്റി എഴുപത് രൂപ കമ്മീഷനും, മാനേജരി വക അഭിന്ദനവും. വിൽക്കാതെ വന്ന  പെണ്ണുങ്ങൾ അസൂയപ്പെട്ടു. മടക്കയാത്രയിൽ പൂഴനാടിന്റെ പിന്നിലിരുന്ന് ചർദ്ദിച്ച് ഊപ്പാട് വന്നു. കണ്ടക്ടർക്ക് കലികയറി. മേലിലൂടെ ഒലിച്ചിറങ്ങിയ ഛർദ്ദി പൂഴനാട് രുചിച്ചുനോക്കി.
ദൈവപ്പുര വയലിന്റെ കലിങ്കിലിരുന്ന് നൂറിന്റെ ഇരുപത് നോട്ടും ഉള്ള കാര്യങ്ങളും ചെഗുവേരയോട് വെളിപ്പെടുത്തി. തോട്ടിലിറങ്ങി വായയും മുഖവും കഴുകിവരാൻ പറഞ്ഞിട്ട് അവളെ വീട്ടിൽ കൊണ്ടാക്കി. അന്നുതൊട്ട് മേനകയുടെ ഉള്ള് ചെഗുവേരയോട് പ്രണയം പ്രഖ്യാപിച്ചു..

മേനകയുടെ ബാഗ് പിന്നെയും കാലിയായി. മൂന്നേ മൂന്ന് മുഴുത്ത നിബന്ധനകൾ. ബാഗിലുള്ളത് മുഴുവനും കാലിയാക്കണം. സുരക്ഷിതത്വം പാലിക്കണം. ഒരുകാരണവശാലും ഒരുത്തികളും കരഞ്ഞോണ്ട് വന്ന് തല്ലുണ്ടാക്കരുത്. സൈക്കിളിൽ കയറുമ്പോൾ പുതിയ മണത്തിന്റെ കഥ  ചെഗുവേരയോട് പറയും. പട്ടാളക്കാരന്റെ കന്നിയങ്കവും സിനിമ കാണാൻ കൊണ്ടു പോയവന്റെ വെപ്രാളവും അവർ കടലയോടൊപ്പം പങ്കിടും.തോട്ടിലിറങ്ങി മുഖം കഴുകും. തുടയ്ക്കാൻ ചെഗുവേര തോർത്ത് നീട്ടും..

സത്യാന്വേഷികളായ വെന്റസിനോ പെൽസിക്കോ ഇളയ മകനോട് താൽപര്യമില്ല.മൂത്തമകന്റെ സത്യമാർഗത്തിൽ സഞ്ചരിക്കുക , അവന്റെ പാത പിന്തുടരുക. കൊച്ചനിയൻ മുടിയനായ പുത്രനായിരുന്നു. രണ്ടര സെന്റ്ഭൂമി അവനെഴുതിവച്ചതിൽ അവരിപ്പോൾ ഖേദിക്കുന്നുണ്ടാകും. റോഡ് വക്കിലെ ആ ഭൂമിയിൽ പ്രാർത്ഥനാലയം പണിയാൻ മൂവർക്കും ആഗ്രഹമുണ്ട്. പന്തം കൊളുത്തി പ്രകടനത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചനിയനെന്ന ചെഗുവേരയുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഓഫീസിന്റെ താക്കോൽ, ചുവപ്പ് കൊടി കെട്ടിയ സൈക്കിൾ അവർക്ക് ഭയമായിരുന്നു.. 

  പിരിവ് ബക്കറ്റുമായി ആരുടെ മുന്നിലും ചിരിയോടെ  ചെന്നു നിൽക്കും. ഏറ്റു വിളിക്കേണ്ടത് ഏറ്റവുമുറക്കെ വിളിക്കും. തിരഞ്ഞെടുപ്പ്‌ കാലമായാൽ വോട്ടെണ്ണി ആഘോഷവും കഴിഞ്ഞേ വീട് പിടിക്കു. ജീപ്പിലെ അനൗൻസർ വെള്ളം കുടിക്കുന്ന ഇടവേളയിൽ 'അസിർവദിക്കണെ  ഓട്ട് ചെയ്യണേ നാട്ട്കാരെ' യെന്ന് ആവേശം മൂക്കുമ്പോഴും. യോഗങ്ങൾക്ക്  'മൈക്ക് ടെസ്റ്റ് ' പറയുമ്പോഴുമാണ് ആ ശബ്ദം യാന്ത്രികോർജ്ജമാകുന്നത്. നന്ദി പറയാൻ നിയോഗിക്കപ്പെട്ടവർ "നമ്മുടെ സ്വന്തം ചെഗുവേരയ്ക്ക് പിന്നെ നന്ദി പറയേണ്ടതില്ലല്ലോ " എന്ന് പ്രത്യേകം പറയുമ്പോൾ ചെഗുവേര പിൻ നിരയിലെ കസേരകൾ അടുക്കാൻ തുടങ്ങിയിട്ടുണ്ടാകും.. ചെഗുവേര പറഞ്ഞാൽ ആർക്കും കിളിയമ്മിണിയുമായി വന്ന് വോട്ട് ചെയ്യാൻ മേനക തയാറായിരുന്നു..

മെയ്ദിനത്തോരണം വലിച്ചുകെട്ടാൻ ഹൈമാസ് ലൈറ്റിന്റെ മുകളിലിരുന്ന ചെഗുവേരയെ കൊച്ചനിയാന്ന് നീട്ടി വിളിച്ച്  അഭിവാദ്യം ചെയ്തു. ചെഗുവേരയെ ആ പേരിൽ വലിച്ചുപിടിക്കുന്ന ഒരേ ഒരാൾ മേനകയായിരിക്കും.  ഉയരവും വെളുപ്പുമുള്ള വെന്റസിനും പെൽസിക്കും നാലടിയിൽ കുറുകിയവനെങ്ങനെയെന്ന ചിന്തിച്ചു നിന്ന മേനകയെ ചെഗുവേര തൊഴിലാളിധാർമ്മിക  ചോദ്യം കൊണ്ട് വലിച്ചിട്ടു..
"നീ ഇന്നും പണിക്ക് പോകുന്നോ.?."
"കിളിയമ്മിണിക്ക് ഒരു പറ ചോറു വേണം, മഴയ്ക്ക് മുമ്പ് കൂരയിൽ നല്ല ഷീറ്റ് കേറ്റിത്തരാമെന്നുറപ്പ് തന്നാൽ ഇന്നല്ല ഒരു മാസം പണിക്ക് പോവൂല"  ഉത്തരത്തിന്റെ ബൂർഷ്വ മുനയേറ്റ് ചെഗുവേര തല കുനിച്ചു.  യോഗ സ്ഥലത്ത് ഏറ്റവും പിന്നിലെ വിപ്ലവകാരിയുടെ ഇരുപ്പുകണ്ട് അവൾക്ക് എന്തോ തോന്നി..

നാലാമത്തെ ബീഡിയുടെ ചൂട് വിരലോട് വന്നിട്ടും പൂഴനാട് എത്തിയില്ല. ഓട്ടോയിൽ വന്നിറങ്ങിയ മേനകയുടെ മുഖത്ത് തീരെ തെളിച്ചമില്ല.സൈക്കിൾ കുഴിയിൽ വീഴുമ്പോഴെല്ലാം  ഒരു ഞരക്കം. വായൊന്ന് തുറപ്പിക്കാൻ വീട്ടിലെ  വിപ്ലവം ചെഗുവേര അഴിച്ചുവിട്ടു...
" എന്റെ കോഴിക്കിന്ന് പേരിട്ടു"
"അതെന്തിന്..?"
" അവന്റെ പള്ളിക്ക് നേർച്ച കൊടുക്കാൻ കോഴിയെ വേണമെന്ന് പെൽസിക്ക് നിർബന്ധം"
"എന്നിട്ടെന്ത് പേരിട്ടു?"
"ഷറഫുദ്ദീൻ" മേനക നിലാവ് പോലെ ചിരിച്ചു. സ്‌കൂളിൽ പ്രണയം തോന്നിയ ഷറഫുവിന്റെ കഥ ഇന്നലെയാണ് ചെഗുവേരയോട് പറഞ്ഞത്. അവൾ മുറുക്കെ കെട്ടിപിടിച്ചു. ചെഗുവേരയ്ക്ക് കുളിർന്നു. അവർ ദൈവപ്പുര വയലിൽ ചിരിച്ചലച്ച് വീണു. ചെളിയിൽ പുതഞ്ഞ് കിടന്ന് ചിരിച്ചു. കലുങ്കിന് താഴെ തോട്ടിലിറങ്ങി  ചെളി കഴുകുമ്പോൾ അവൾ മുങ്ങിക്കിടന്നു. ക്ഷീണമൊന്നു മാറി. ബാഗും സൈക്കിളുമായി ചെഗുവേര വന്നു. അവൾ കലിങ്കിൽ ഇരുപ്പായി. നിലാവ് അവരെ നോക്കി ചിരിച്ചു.
"കൊച്ചനിയൻ ഇവിടെ ഇരിക്കൊ..?"
"ഉം"
" മൂന്ന് പിള്ളേരുടെ വീട്ടിൽ  ചെന്നു കേറി. വയ്പ്പും തീനുമില്ലെങ്കിലും ബാഗ് കാലിയാക്കി. അതിലൊരുത്തൻ പോരാന്നേരം പൊതിഞ്ഞു തന്നതാ" പിസയുടെ ഒരു ഭാഗം അവൾ നീട്ടി. ഒറ്റക്കടിയോടെ ചെഗുവേര തുപ്പി.
"ഇതെന്താ വെന്തില്ലേ..?"
"പിള്ളാർക്ക് വേകാതെ തിന്നാ ശീലം. ആർത്തി മൂത്തവർ കൊല്ലാതെ വിട്ടത് ഭാഗ്യം."
"സമ്മേളനത്തിന് മലബാറിലേക്ക് പുഞ്ചിരി ട്രാവൽസ് പോവും. ചുവപ്പ് സാരിയും തൊപ്പിയും തരാം നീയും കൂടെ വാ ."
"കൊച്ചനിയന് എന്നോട് പ്രേമോണ്ട...?"
" സത്യമായിട്ടും ഒണ്ട് "
"ഞാനൊരുമ്മ തരട്ടെ." ചെഗുവേര തോട്ടിലിറങ്ങി മുഖം കഴുകിവന്നു. 
" വിയർത്ത മുഖമാണ് ഉമ്മ വയ്ക്കാൻ നല്ലത്"
"ജാഥയിൽ പടയണി കെട്ടുന്നുണ്ട് കൂടെ നിന്ന് വെള്ളം തരോ.?"
"വിയർക്കുമ്പോ ഉമ്മ തരാം" മേനക ചിരിച്ചു. അവൾ വിറയ്ക്കാൻ തുടങ്ങി. സൈക്കിളിന്റെ മുന്നിലിരുന്നു. അവളുടെ തല കൈയിൽ ചേർത്തു വച്ചു. വഴി നീളെ അവരുടെ വരത്തുള്ളികൾ കെട്ടിപ്പിടിച്ചു. നനഞ്ഞ തുണികൾ അഴിച്ചു കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന മേനകയെ നോക്കി കിളിയമ്മിണിക്ക് അത്ഭുതച്ചിരി..
" ഞാൻ പുഞ്ചിരിയിൽ സമ്മേളനത്തിന് പോണ്. ചെഗുവേര എനിക്ക് ചോപ്പ് സാരി തരും" കിളിയമ്മിണി വെളുക്കും വരെ ചിരിച്ചു.  മേനക വിളക്കൂതി. നനവോടെ നിലത്ത് പായ വിരിച്ചു..

ഒരു തുറന്ന ചിരിയോടെയാണ് കിളിയമ്മിണി മരിച്ചു കിടന്നത്. കട്ടിലിനോട് ചേർത്ത് വച്ചിരുന്ന തീറ്റിയും കുടിയും തൊട്ട് നോക്കിയിട്ടില്ല.തീട്ടത്തിന്റെ ഒപ്പം പതിവില്ലാത്ത മണം. പുതപ്പിൽ ചുവപ്പ് ചാല്. കൈ തൊട്ടപ്പോൾ കട്ടിലും തണുത്ത് തുടങ്ങി. മേനകയ്ക്ക് കരച്ചിൽ വന്നില്ല. ചെഗുവേരയെ വിളിച്ചു. കത്തിക്കാൻ  എടുത്തപ്പോൾ കൂരയും  കത്തുമെന്നെ സ്ഥിതി. ആസ്പത്രിക്കാർക്ക് ബോഡി കൊടുക്കുന്ന കാര്യങ്ങൾ ചെഗുവേര  ഒരുക്കി. സെൽവൻ സ്വീറ്റ്സിന്റെ ഓമ്നി വാനിൽ കിളിയമ്മിണി പോകുമ്പോൾ  ആകെയുള്ള കട്ടിൽ മേനക തോട്ടിലിറക്കി കഴുകി വെയിലത്തിട്ടു. മൂന്ന് ദിവസം ചോറ് പൊതി വേലിപ്പത്തലിൽ തൂക്കിയിട്ട് സൈക്കിൾ ബെല്ലടിച്ചു പോയ ചെഗുവേര നാലിന്റന്ന് അകത്ത് ചെന്നു. കുളിക്കാനും പണിക്കു പോകാനും  ആഹ്വാനം ചെയ്തു. അവൾ കിടന്ന കട്ടിലിൽ നോട്ടീസിൽ പൊതിഞ്ഞ സാരിയും വെളുത്ത തൊപ്പിയും വച്ചു..

പുഞ്ചിരിയുടെ മുഖത്ത്  ചെഗുവേര ബാനർ കെട്ടുകയായിരുന്നു. വലതുകാൽ വച്ചു കയറിയ സെക്രട്ടറി ഞണ്ട് പോലെ പിടഞ്ഞിറങ്ങി. ചെഗുവേരയെ മാറ്റി നിർത്തി  സംസാരിച്ചു. സെക്രട്ടറിയും സംഘട്ടവും പുറത്ത് മാറി നിന്നു. മുല്ലപ്പൂവിന്റെ മണം ബാക്കി നിർത്തി ഇറങ്ങിപ്പോയ മേനകയുടെ കണ്ണ് കലങ്ങി. അവളുടെ തോളിൽ ചെഗുവേരയുടെ ബാഗുമുണ്ടായിരുന്നു. വാതിൽ അടഞ്ഞപ്പോൾ പുഞ്ചിരിയിലൊരു കൃത്രിമ തണുപ്പ് പടർന്നു. ടൗണിലേക്കുള്ള ബസിൽ തല കുനിച്ചിരിക്കുന്ന ചെഗുവേരയോട് മേനക മിണ്ടാൻ തുടങ്ങി..

"കൊച്ചനിയൻ തീവണ്ടിയിൽ പോയിട്ടുണ്ടോ...?"
"ആദ്യമായിട്ടാ, പൈസ സെക്രട്ടറി തന്നു"
"പുഞ്ചിരിയിലിരുന്നൊന്ന് മുള്ളൻ തോന്നിയാൽ കഴിയൂല്ല. തീവണ്ടിയിൽ ഇടയ്ക്ക് ചായ കിട്ടും"

   ഒരേ നിറമുള്ള തൊപ്പിയിൽ തീവണ്ടിക്കാർക്ക് കൗതുകം. ചിലർക്ക് അവരുടെ സമ്മേളനത്തിൽ സംശയം. തൊപ്പിമാറ്റി സ്വന്തം തലയോടെ ഇരുന്നു. അവർ മനുഷ്യരായി. ഒരു പൊതിയിൽ ഉണ്ടു. മേനക ഒരുരുള നീട്ടി. രുചിയിൽ വിപ്ലവ നായകന്റെ കണ്ണ് നിറഞ്ഞു. കൈകഴുകി വാതിലിന്റെ പിടിയിൽ കാൽ വീശിയിരുന്നു. കടലും കായലും മുറിച്ച് തീവണ്ടി പായുകയായിരുന്നു. ഒരു തണുപ്പ്‌ അവളെ തൊട്ടു.
"കൊച്ചനിയന് എന്നോട് എത്ര പ്രേമോണ്ട്.."
" കൊടിമരത്തിന്റെ  അത്രേം"
മേനക ഉമ്മ വയ്ക്കാൻ അടുക്കുന്നത് കണ്ട് നാണിച്ച തീവണ്ടി ഏതോ സ്റ്റേഷനിൽ നിന്നു.

പുഞ്ചിരിയുടെ ഉള്ളറയിലെ പടയണി വേഷമെടുക്കുന്ന ചെഗുവേരയോട് സെക്രട്ടറി ചിരിച്ചു. അൽപ്പം
മാറി നിന്ന മേനകയുടെ കവിളിലെ ചുവപ്പും മുടി പൂത്ത് കിടക്കുന്ന മുല്ല വെളുപ്പും കണ്ട് അസൂയപ്പെട്ടു. തെയ്യത്തിനും തിറയ്ക്കും  വേഷം കെട്ടി വെയിലുകൊണ്ടവർക്കെല്ലാം മേനക വെള്ളം കൊടുത്തു. ജാഥയിൽ നിന്നകന്ന് ഒറ്റ വരിയായി നടന്നു. പടയണിക്ക് വെള്ളം കൊടുക്കുന്ന പ്രവർത്തകയുടെ ചിത്രം പത്രത്തിൽ വന്നതൊന്നും അവർ കണ്ടില്ല. പുറപ്പെട്ട സ്റ്റേഷനിൽ തീവണ്ടി എത്തരുതെന്നാഗ്രഹിച്ച് അവർ വരികയായിരുന്നു. സെക്രട്ടറി ഒരു കോപ്പി കറുത്ത ബാഗിൽ കരുതി വച്ചു..

 മുറ്റത്തിന്റെ മുഖത്തെ കളപറിക്കുകയായിരുന്ന ചെഗുവേരയോട് സെക്രട്ടറി ഓഫീസിന്റെയും സൈക്കിളിന്റെയും താക്കോല് ഊരി വാങ്ങി. പണി തിരഞ്ഞു വന്ന ഗോർബച്ചേവിനെ ഏൽപ്പിച്ചു. കൊടി മരത്തിന്റെ ചുവട്ടിൽ നിർത്തി ഗൗരവമായി സംസാരിച്ചു. മണ്ണുവെട്ടി വലിച്ചെറിഞ്ഞ് ചെഗുവേര ഓടിപ്പോയി. കൊടിമരം ആകാശം നോക്കി കരഞ്ഞു.

 കാലിയാക്കാനോ കച്ചവടത്തിനോ തോന്നിയില്ല. മേനക ബാസ്റ്റന്റിൽ സ്വപ്നം കണ്ടിരുന്നു.  അവളെ   കൊണ്ടുപോനൊരുങ്ങി വന്ന ചങ്ങാടക്കടവ് ഹൃദയഭാഗത്തൊരിടം നീട്ടി വച്ച് 'വാ, വന്ന് കേറെടീന്ന്' വിളിച്ചപ്പോൾ  അവൾ അതിനെ കളിയാക്കി. "നീ നിന്റെ പണിനോക്കെടാന്ന്" മുഖം കറുപ്പിച്ചു.     "നിന്റെ മനസിലിരിപ്പെനിക്കറിയാടിന്ന്" ആക്ഷേപിച്ച് കറുപ്പൻ പുക തുപ്പിയിട്ട് നിരാശയോടെ പോയി..

പുതിയ സൈക്കിളിൽ ചാരി നിൽക്കുന്ന ചെഗുവേരയുടെ മുന്നിലേക്ക് മേനക ഓടി വന്നു. വയലിന്റെ ഒത്ത നടുവിൽ  കെട്ടിപ്പിടിച്ചിട്ടും ഇളക്കമില്ല, പുതഞ്ഞു വീണില്ല. ദൈവപ്പുരയുടെ പിന്നിൽ ചാടിയിറങ്ങി കലുങ്കിൽ ചെന്നിരുന്നു. മേനകയ്ക്ക്  മിണ്ടാൻ മുട്ടി.
"കൊച്ചനിയന് ഇപ്പോഴും പ്രേമോണ്ട..?"
"നമുക്ക് എങ്ങോട്ടെങ്കിലും പോവാം ?"
"പ്രേമമാണെങ്കിൽ ഞാനെങ്ങോട്ടും വരും."
"രണ്ടര സെന്റില് പള്ളിക്ക് വാനം വെട്ടി. ഷറഫുദീനെ  കൂട്ടാൻ വച്ച്."
ഉമ്മ വയ്ക്കാൻ നീട്ടിയ ചുണ്ടിൽ  നിന്ന് ചെഗുവേര കവിള് മാറ്റിപ്പിടിച്ചു. സൈക്കിളിന്റെ മുന്നിലിരുന്ന്  അയാളുടെ ഉള്ളിൽ ബൊളീവിൻ കാട് കത്തുന്നത് തൊട്ടു.അവൾ കൈ ചേർത്ത് പിടിച്ചു.

സ്മാരകത്തിന്റെ മുന്നിൽ നിവർന്നു കിടക്കുന്ന ചെഗുവേരയുടെ വായ മുദ്രാവാക്യം വിളിച്ചവസാനിക്കാത്തതുപോലെ തുറന്നിരുന്നു. ഷേവ് ചെയ്തു മിനുസമാക്കിയ കവിളിലെ കുഴിയിൽ ഒരീച്ച വന്നിരുന്നു. തലയുടെ ചുവട്ടിൽ കൈരളി ജ്യുവലേഴ്‌സിന്റെ ചുവപ്പ് ബാഗ്. ചുവപ്പ് കരയൻ മുണ്ടും വെളുത്ത ഉടുപ്പും. അയാളെ ഇത്രയും സുന്ദരനായി  കണ്ടിട്ടില്ല. ചുറ്റും ചെറിയൊരു യോഗത്തിനുള്ള കൂട്ടം. ടൗണിലേക്ക് ഒരുങ്ങി വന്ന ചങ്ങാടക്കടവ് രണ്ട് തവണ കരഞ്ഞു. ആരും വരുന്നില്ലെന്ന് കണ്ട് പുകച്ച് തുപ്പിയിട്ട് പോയി. കൊടിമരം തല ചരിച്ചു നോക്കി. 

സെൽവൻ സ്വീറ്റ്സിന്റെ  ഓമ്നിയിൽ മേനക വന്നു. വണ്ടിയിലേക്ക് മാറ്റിക്കിടത്താൻ ചിലരവളെ സഹായിച്ചു. കൈയിലെന്തോ പിടിപ്പിക്കാൻ തുടങ്ങിയ സെക്രട്ടറിയെ അവൾ തള്ളിമാറ്റി. കൊടിമരം കൈവീശി അഭിവാദ്യം ചെയ്തു. മടിയിലേക്ക് ചെഗുവേരയുടെ തലയുയർത്തി വച്ചു. കവിളിൽ തലോടി.നെറ്റിയിൽ അമർത്തി ചുംബിച്ചു. വിയർപ്പിന്റെ തണുത്ത മണം.. 

കടലും കായലും കീറി മുറിച്ച് പോകുന്ന തീവണ്ടിയിൽ  ദൈവപ്പുര വയലിന്റെ തണുപ്പ്. ആകാശത്തിന് ചെഗുവേരയുടെ ചുവപ്പൻ ചിരി. ആരോ കവിളിൽ തൊട്ടതുപോലെ മേനകയ്ക്ക് തോന്നി. കണ്ണടച്ച്  മുറുക്കെ കെട്ടിപ്പിടിച്ചു.  കുളിരോടെ സൈക്കിൾ ഇളകി. വയലിലേക്ക്  മറിഞ്ഞു. 
അവർ ചെളിയിൽ പുതഞ്ഞു കിടന്ന് ചിരിച്ചു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)

No comments:

Post a Comment