Friday 28 February 2020

പട്ടിയാന്റെ വാടക മുറികൾ..!!

പട്ടിയാന്റെ വാടകമുറികൾ..!!

                നഗര മധ്യത്തിലെ ഉഗ്രനൊരു കുരയായിരുന്നു പട്ടിയാൻ.
നിങ്ങളെത്ര തിരക്കുള്ളവനായാലും കോളേജ് ജംഗ്‌ഷനിലെ വോൾഗാ ലോഡ്ജും അതിന്റെ മുന്നിലെ  ഗുൽഗോഹറും, മൂന്നാം നിലയിലെ പട്ടികളുടെ കുരയും ശ്രദ്ധിക്കാതിരിക്കാനാകില്ല. 
മൂന്ന് കലാലയങ്ങളുടെ സംഗമ ഭൂമിക്ക്‌ കോളേജ് ജംഗ്ഷനെന്നു പേരു വന്നതിലും അത്ഭുതമില്ല. 
ആ പട്ടണത്തിലെ ഏറ്റവും തിരക്കും സുന്ദരവുമായ സ്ഥലമതാണ്. വോൾഗയുടെ മുകളിൽ തിരക്കു പിടിച്ച ആ നഗരത്തെ നോക്കി കുരയ്ക്കുന്ന പട്ടിയാന്റെ സൈന്യത്തെ കൗതുകത്തോടെ നിങ്ങളും നോക്കിനിന്നിട്ടുണ്ടാകണം.

ഏതോ സ്വാകാര്യ തീവണ്ടിക്കു കടന്നു പോകാൻ കായങ്കുളം പാസഞ്ചർ പിടിച്ചിട്ടിരിക്കുമ്പോഴാണ്  എനിക്ക് പട്ടിയാനെയൊന്നു കാണാൻ തോന്നിയത്. ട്രാക്കിലൂടെ നടക്കുമ്പോൾ എന്റെ നോട്ടം വോൾഗയുടെ മൂന്നാം നിലയിയിലായിരുന്നു. മുന്നിലൂടെ ചീറിപ്പാഞ്ഞുപോയ തേജസ് എക്സ്പ്രസ് മുട്ടി, ഞാൻ തീർന്നിട്ടുണ്ടാകുമെന്ന് സകലരും കരുതി. കോളേജ് കുമാരികൾ തലയിൽ കൈവച്ച് നിൽക്കുന്നു. ഏതോ ഒരുത്തി തലചുറ്റി വീണു. ട്രയിൻ കടന്നുപോയി. നായക്കുട്ടിയുമായി ട്രാക്ക് മുറിച്ച് കടക്കുന്ന എന്നെ ചിലർ കൂവി വിളിച്ചു. ഇന്നു തന്നെ ചത്തുതുലയണമെന്നുറപ്പിച്ച് കത്തും തായറാക്കി വച്ച്, രാഹുകാലത്തിന്  പുറപ്പെട്ടു വന്ന എനിക്കെന്ത് കൂവൽ. എന്റെ കഥയിലേക്ക് നമുക്ക് പിന്നെ വരാം. ഫയൽവൻ ഹോട്ടലിലെ മട്ടൻ ബിരിയാണിയുമായി എനിക്കിപ്പോൾ പട്ടിയാനെ കാണാൻ പോകണം.. 

നാലു മാസത്തെ വാടക  കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതു കൂടാതെ പട്ടിയാനെ നല്ലൊരു തുക പറ്റിച്ചാണ് ഞാനിവിടം വിട്ടുപോയത്. മൂന്നാം നിലയിൽ പട്ടിയാന്റെ ചിരി.ഗുൽമോഹർ ചില്ലകൾ ഇളക്കി എന്റെ മുഖത്തേക്ക് ഇലകൾ പൊഴിച്ചിട്ടു.. 

വോൾഗാ ലോഡ്ജ് പട്ടിയാന്റെ അപ്പൻ, ഏലിയാവ് ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നിൽ പണികഴിപ്പിച്ചതാണ്. ടിയാൻ ബ്രിട്ടീഷ് കമ്പനിയിൽ എഞ്ചിനിയറായിരുന്നു. രണ്ട് മക്കൾ മൂത്തവൻ മെട്രിക്‌സ് രണ്ടാമൻ വോൾഗ.നമ്മുടെ പട്ടിയാന്റെ പേരാണ് ആ ലോഡ്ജിന്.  അവിടെ ഇന്നത്തെ ഈ കോളേജുകൾ തുടങ്ങിവരുന്ന കാലത്ത് ജോലിയിൽ  പിരിയാൻ നേരം ടിയാന് കിട്ടിയാതൊക്കെ ചേർത്ത് ഈ കെട്ടിടം ഉണ്ടാക്കി. നഗരത്തിന്റെ നടുവിൽ 'വി' ആകൃതിയിൽ കെട്ടിടത്തിന്റെ രാജകീയമായ നിൽപ്പിന്റെ പിന്നിൽ വോൾഗയും മെട്രിക്‌സും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ചരിത്രമുണ്ട്.റോഡിന് സമാന്തരമായി താഴത്തെ നിലയിൽ കടകൾ. മറ്റൊരു വരിയിൽ ഉള്ളിൽ ഒന്നോ രണ്ടോ കാട്ടിൽ ഇടാൻ പാകത്തിന് എട്ടുമുറികൾ. മുകളിലും അതുപോലെ. ഏറ്റവും മുകളിൽ രണ്ട് മുറിയിൽ ഒരു വീട്. മദ്രാസിൽ ബിസിനസ് പഠിക്കാൻ വിട്ട പട്ടിയാൻ ഏലിയാവിന്റെ മരണം കഴിഞ്ഞ് ഒരു വർഷവും പിന്നിട്ടാണ് വന്നത് ഒപ്പം പത്തിരുപത് പട്ടികളും. മെട്രിക്‌സ് കിട്ടുന്ന വരുമാനവും ഒക്കെ ചേർത്ത് പുതിയ ചില സംരഭങ്ങളുമായി കഴിയുന്നു. ഏലിയാവിന്റെ ഒസ്യത്ത് പ്രകാരം താഴെത്തെ നിലയിലെ കടമുറികളും വാടമുറികളും പട്ടിയാന്. മുകളിലെ നില മെട്രിക്സ്സിന്. ഏറ്റവും മുകളിൽ തുല്യമായ അവകാശം. പട്ടിയാൻ പട്ടികളുമായി ഏറ്റവും മുകളിൽ താമസവും കോടതി വ്യവഹാരങ്ങളും തുടങ്ങി..

ഞാൻ മുകളിലേക്ക് കയറിപ്പോകുന്നത് കണ്ട് മാനേജർ തടഞ്ഞു.
"വോൾഗ സാറിന് ഈ ചോറങ്ങ് കൊടുക്കുമോ." എന്റെ കൈയിലെ പട്ടിക്കുട്ടിയെ നോക്കി ചിരിച്ചിട്ട് മാനേജർ ചോറുപൊതി നീട്ടി. വോൾഗയുടെ തുടക്കം മുതൽ ഇയാളിവിടുണ്ട്.പടികൾക്ക് കീഴെ ആ കുഞ്ഞ് മുറിയിലിരുന്ന് ഒരേ സമയം പട്ടിയാനെയും മെട്രിക്സിനെയും സേവിക്കുന്നു. താമസിക്കാൻ ഒരിടം ചോദിച്ചു വരുന്നവർക്ക് ദിവസ-മാസ കാരറുകളിൽ മുറികൾ നൽകുക. താമസക്കാരുടെ കറണ്ടിന്റെ ഉപയോഗം ശ്രദ്ധിക്കുക. കടമുറികളിൽ വാടക പിരിച്ച് കൃത്യമായി വീതിച്ചു നൽകുക. മുറികളിൽ അനാശാസ്യം ആത്മഹത്യ എന്നിവ തടയുക. പട്ടിയാന്റെ കോടതി വ്യവഹാരത്തിൽ പരസ്യമായും മെട്രിക്‌സിനെ അതീവ രഹസ്യമായും സഹായിക്കുക..

മുകളിലേക്ക് നടന്നു തുടങ്ങിയപ്പോൾ മാനേജരുടെ കീ പാഡിൽ ഏതോ നമ്പർ ഡയൽ ചെയ്യുന്ന ശബ്ദം. ഒന്നുരണ്ട് തവണ ആവർത്തിച്ച് കിട്ടാതെ വന്നിട്ടാക്കണം.ഗുൽമോഹർ തണലിൽ സ്ഥിരമായി ഇരിക്കുന്ന സൈക്കിളും ചവിട്ടി അയാൾ പോയി. എന്റെ മുന്നിൽ വോൾഗാ സാറെന്നും മറ്റുള്ളവർക്ക് മുന്നിൽ പട്ടിയാനെന്നും ശീലിച്ച മാനേജർക്ക് മെട്രിക്സിനോട് കൂറ്‍ കൂടുതലാണ്‌. ഓരോ വർഷവും കേസ് നടത്താൻ ഓരോ മുറികൾ പട്ടിയാൻ വിറ്റു. എല്ലാത്തിനും മാനേജർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യും. ആദ്യത്തേത് മുറി വസന്ത ബുക്സായിരുന്നു.കോളേജ് കുട്ടികളുടെ സകല ആവശ്യങ്ങളും കരുതി വയ്ക്കുന്ന വസന്ത ബുക്സിൽ വോൾഗയുടെ വലിയ ഒരു വസന്തമുണ്ടായിരുന്നു, സെയിൽസ് ഗേൾ ലിസി. അവൾ മൂത്രമൊഴിക്കാനോ ആഹാരം കഴിച്ച പാത്രം കഴുകാനോ അകത്തേക്ക് വരുന്നതും വാടക മുറികളിൽ ഒരു പറ്റം കാത്തിരിക്കും.. 
ഇരുണ്ട ഇടനാഴിയിൽ അവളുടെ കൊലു സിന് ചെവികൂർപ്പിക്കും..

നൂറ്റിരണ്ടിൽ, സദാ സമയവും ഭാര്യയെക്കുറിച്ച്‌ സംസാരിക്കുന്ന കൈത്തറി അയ്യര്  താക്കോൽ പഴുതിലൂടെ നോക്കും. നൂറ്റിയേഴിൽ അമ്പത് കഴിഞ്ഞ ബാല സാഹിത്യകാരൻ എഴുത്ത് മേശയിലിരുന്ന് തുറന്നിട്ട ജനാലായിലൂടെ അവൾക്കുവേണ്ടി ചിരിക്കും. സ്ഥിരം പാമ്പായ അയമോദക സത്യൻ അപ്പോൾത്തന്നെ തുപ്പാൻ തോന്നിയത് പോലെ പുറത്തിറങ്ങി വരും. നൂറ്റിയഞ്ചിൽ ഞാനാണ് ലിസിക്ക് എന്നോട് പ്രണയമുണ്ട്. ഒരൽപ്പനേരം തുറന്നിട്ട വാതിലിൽ അവൾ നിൽക്കും. ചിലപ്പോൾ ഒരുമ്മ കൈ കഴുകാൻ സോപ്പ്, അത്യാവശ്യമെങ്കിൽ ബക്കറ്റ് എന്റെ മുറിയിൽ അവൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഇതിനിടയിൽ ഒരുമ്മയോ കെട്ടിപ്പിടിത്തമോ ഉണ്ടാകും. മറ്റു മുറികളിൽ പതിവ് കക്ഷികൾ അല്ല.കുപ്പിയുമായി വന്നവരുണ്ടെങ്കിൽ ലീസിയ്ക്ക് ഞാൻ മുന്നറിയിപ്പ് നൽകും.വസന്ത ബുക്സ്റ്റോളിരുന്നിടത്ത് മൊബൈൽ ഷോപ്പായിരിക്കുന്നു. ഒരേ വേഷത്തിൽ ആണും പെണ്ണും കോളേജ് കുട്ടികളുടെ ഫോണാവശ്യങ്ങൾ  തീർക്കുന്നു..അതിലൊരുത്തിക്ക് ലിസിയുടെ ഛായ തോന്നി..

മൂന്നാം നിലയിലെ വാതിൽ പൂട്ടിയിരുന്നു. തുറന്ന് കിടന്നാലും പട്ടികൾ പുറത്ത് പോകില്ല. അകത്തേക്ക് ഞാനല്ലാതെ മറ്റൊരാളും പോകുകയുമില്ല. പട്ടിയാന്റെ ശബ്ദം സദാ പോക്കറ്റിൽ സൂക്ഷിക്കുന്ന റേഡിയോയിൽ നിന്നാണ്. മുതലാളി പടിയിറങ്ങി വരുന്നുണ്ടെന്ന്  മാനേജരും വാടകക്കാരും അറിയുന്നത് റേഡിയോയിലൂടെയാണ്. കൈത്തറി അയ്യര് വേഗം ഉള്ളിൽ കയറി വാതിൽ പൂട്ടും. വാടക കുടിശ്ശിക കൂടാതെ പാട്ടിയാന്റെ വലിപ്പത്തിന് ചേർന്ന ഒരു ഡബിൾ മുണ്ട് അയാൾക്ക് ഇതുവരെ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല..എന്നും രാവിലെ പട്ടിത്തീട്ടവും പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങളും നിറഞ്ഞ കവറുമായി റയിൽവേ ട്രാക്കിലേക്ക് ഒരു പോക്കുണ്ട്.  പാലും മാറ്റ് അവശ്യവസ്തുക്കളുമുള്ള മറ്റൊരു കവറുമായി തിരിച്ചു കയറും. ഇതി നിടയിൽ പട്ടിയാന് ഈ ഭൂമിയിലെ ആരോടും ഒന്നും മിണ്ടാനില്ലെന്ന് റേഡിയോ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും...

രണ്ടായിരത്തിനും മൂവായിരത്തിനും അദ്ധ്യാപകരുണ്ടെന്നതാണ് ഈ ലോകത്തെ ഏറ്റവും കറുത്ത ഫലിതം. എനിക്ക് നാലായിരത്തി ഇരുന്നൂറ് കിട്ടി. കശുവണ്ടി മുതലാളി നടത്തുന്ന സ്‌കൂളിൽ പ്രൈമറി അധ്യാപകനായി കയറിയ കാലതതാണ് ഞാൻ പട്ടിയാന്റെ വാടകക്കാരനാകുന്നത്. നഗരത്തിൽ അതിലും കുറഞ്ഞ ചിലവിൽ ഒരു താമസ സ്ഥലമില്ലെന്ന് എനിക്കുറപ്പാണ്. മാസം മുന്നൂറും മൂന്ന് മാസത്തെ തുക മുൻകൂറും. മുൻകൂർ തുകയിൽ മാനേജർക്ക് ഇളക്കമില്ലെന്ന് കണ്ടിട്ടാണ് പട്ടിയനെ നേരിട്ട് കാണാൻ ഞാൻ തീരുമാനിച്ചത്. മൂന്നാം നിലയിലെ വാതിൽ തുറന്നത് പട്ടികളുടെ വായിലേക്കായിരുന്നു. പട്ടിയാൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വരുമ്പോൾ പട്ടിവ്യൂഹത്തിൽപ്പെട്ടുനിൽക്കുന്ന ഞാൻ. ആദ്യമായി ഒരു മനുഷ്യജീവി തന്റെ ഇടത്തിലെത്തിയ അത്ഭുതത്തിലായിരുന്നു പാട്ടിയാൻ. കട്ടൻ കാപ്പി തിളപ്പിക്കുമ്പോഴെല്ലാം പട്ടികൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ സംസാരിക്കുമ്പോഴെല്ലാം പട്ടികളും പട്ടിയാനും ഒരേ രീതിയിൽ നോക്കി. മുൻകൂർ തുക വേണ്ടെന്ന് മാനേജർ വന്ന് പറയുമ്പോഴാണ് ഞാൻ പറഞ്ഞതെല്ലാം പട്ടിയാൻ സമ്മതിച്ചെന്ന് എനിക്ക് മനസിലായത്.. അന്നുമുതൽ റെയിൽവേ ട്രാക്കിൽ നിന്ന് മടങ്ങിവരുന്ന പട്ടിയാൻ എന്നെ നോക്കി ചിരിക്കും. എന്തോ പറയാൻ ഉള്ളതു പോലെ റേഡിയോ ശബ്ദം കുറയ്ക്കും. എങ്കിലും ഒന്നും പറയാതെ നടന്നു പോകും..

അകത്ത് റേഡിയോ ശബ്ദം ഇല്ല.വാതിൽ തള്ളിത്തുറക്കേണ്ടി വന്നു. കരച്ചിലിൽ ഏറെ നാളത്തെ പരിഭവം കേട്ടു. പട്ടികൾ എന്നെ വളഞ്ഞു. വാലാട്ടലിൽ പ്രത്യേക സന്തോഷം കട്ടിലിൽ റേഡിയോ പൊളിഞ്ഞ് കിടക്കുന്നു. തലയിണ ചുവരിൽ ചാരിയിരിക്കുന്ന പട്ടിയാന്റെ മുഖത്ത് കാട്ടുവള്ളി പോലെ താടി വളർന്ന് കിടക്കുന്നു.. അതിനെ വകഞ്ഞുമാറ്റി ഒരു ചിരി വന്നു. മാനേജർ തന്ന ചോറു പൊതി ഞാൻ നീട്ടി. അതും എന്റെ കൈയിൽ ഇരുന്നതും പട്ടികൾക്ക് മുന്നിൽ തുറന്ന് വയ്ക്കാൻ എന്നോട് പറയുന്നത് പോലെ ചിരിച്ചു.ഞാൻ കൈയിലിരുന്ന കുട്ടിയെ പട്ടിയാന്റെ നേർക്ക് നീട്ടി. ശബ്ദമില്ലാത്ത ചിരി. ഒപ്പം ഒരു ചുമയും..
"നീ ലിസിയെ കണ്ടാ?" എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. 
"വസന്ത ബുക്സ് പൂട്ടിപ്പോയി. അവളെ അവര് അന്നേ പറഞ്ഞു വിട്ടു. കേസിന്റെ ചെലവിന്  ഞാനതും വിറ്റു" പട്ടിക്കുട്ടിയെ മടിയിൽ കിടക്കി പട്ടിയാൻ താലോലിക്കുന്നു.

നാലുമാസത്തെ കുടിശ്ശികയും നല്ലൊരു ചെറ്റത്തരവും കാണിച്ചാണ് അന്ന് ഞാൻ വോൾഗ വിട്ടോടി പ്പോയത്. പട്ടിയാന്റെ കൂട്ട് കാരണം മാനേജർ എന്നോട് വാടക ചോദിക്കാതെയായി. പടികയറുമ്പോൾ പട്ടിയാനോട് ഞാൻ മാനേജര് കേൾക്കാൻ പാകത്തിന് സംസാരിക്കും.മുറിയിൽ ഇസ്തിരി ഇടാൻ  പ്ലഗ് പോയിന്റ് സ്ഥാപിച്ചു. അതിന്റെ ആവേശത്തിൽ അയമോദകം സത്യനും സ്ഥാപിച്ചു. മാനേജർ അത് പറിച്ചെടുത്ത്  അന്ത്യശാസനവും നൽകി. എന്റെ ശുപാർശ യിൽ  പി എസ് സി സംഘപഠന പദ്ധതിയുമായി ചെറുപ്പക്കാർക്ക് രണ്ട് കട്ടിൽ ഇടാനുള്ള മുറി കിട്ടിയതോടെ ഞാൻ പട്ടിയാന്റെ വക്താവായി. മാനേജർ എന്നെയും ബഹുമാനിക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിൽ പട്ടിയാന്റെ ഒപ്പം നിന്ന് നഗരം മുഴുവൻ നോക്കും. ദീർഘനേരം പട്ടിമാഹാത്മ്യം സംസാരിക്കും. പട്ടിയാന്റെത് ഒരു തരം റേഡിയോ പ്രഭാഷണമാണ്. ഞാനതിനിടയിൽ ആരുമില്ലാത്ത പട്ടിയാൻ എന്റെ പേരിൽ വോൾഗ എഴുതി വയ്ക്കുന്നതും നക്ഷത്ര വേശ്യാലയം നടത്തി ഞാൻ കോടികൾ സമ്പാദിക്കുന്നതും കിനാവ് കാണും..

പട്ടിയാൻ റേഡിയോ ശരിയാക്കാൻ തുടങ്ങി ഏതോ സ്റ്റേഷനുകളിൽ നിന്ന് ചില മൂളലുകൾ കേൾക്കുന്നുണ്ട്.. 

ബാബറി മസ്ജിദ് ഓർമ്മ ദിവസത്തിന് ഹാർത്തതാലിന്റെ പ്രതീതി. വസന്ത ബുക്സ് അടഞ്ഞ് കിടന്നു. തലേന്ന് പറഞ്ഞതുപോലെ എട്ടുമണിക്ക് മാനേജർ എത്തും മുമ്പ് ലിസി വന്ന് മുറിയിൽ കയറി. വോൾഗയിലേക്ക് അവൾ കയറി വരുന്നത് ആർക്കും സംശയമില്ല. എത്ര നാളത്തെ ആവേശമായിരുന്നു. ലിസി എല്ലാം സമ്മതിച്ചു. ബാബറിയുടെ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന ഇന്റലിജെൻസ് റിപ്പോർട്ടൊന്നും ഞങ്ങൾക്ക് അറിയില്ലല്ലോ.. കട്ടിലിൽ ഞങ്ങൾ മൂന്നാം റൗണ്ട് പ്രക്ഷോഭം തുടങ്ങിയപ്പോൾ പോലീസ് വാതിലിൽ മുട്ടി. വാതിലിന്റെ മുകളിലെ അഴികളിൽ തൊപ്പികൾ. പിന്നിലെ വാതിൽ തുറന്ന് മതിൽ ചാടി ഓടുമ്പോൾ അതൊന്നും ചെയ്യാൻ കഴിയാത്ത ലിസിയെ ഞാനോർത്തില്ല.പട്ടിയാനെ ഏൽപ്പിക്കാൻ മാനേജർ ഏൽപിച്ച വലിയൊരു തുകയും എന്റെ പോക്കറ്റിലുണ്ടായിരുന്നു..

"അവളെ അവർ പോയി.അവളൊന്നും പറഞ്ഞില്ല. അന്നുമുതൽ നൂറ്റിയഞ്ചിൽ ഞാനൊരു പൂട്ടിട്ടു.
അനാശാസ്യം അധ്യാപകനും യുവതിയും അറസ്റ്റിൽ എന്ന വാർത്തയാണ് നിന്റെ ഓട്ടം ഒഴിവാക്കിയത്" ഞാൻ പിന്നെയും മിണ്ടാതിരുന്നു..പട്ടിയാൻ എനിക്ക് നഷ്ടമായ ചരിത്രം തുറന്നു വിട്ടു.ഞാൻ ഓരോ മുറിയിലും ചെന്നു നിന്നു.

" നൂറ്റിയെറ്റിലെ പയ്യന്മാർക്ക് പലതിനും ജോലി കിട്ടി. ആ നമ്പൂരി ചെക്കൻ അവിടെക്കേറി തൂങ്ങി. ആ വർഷം നൂറ്റിയെട്ടും വിറ്റു." എനിക്ക് അഭിലാഷിന്റെ മുഖം ഓർമ്മ വന്നു. സംഘപഠനത്തിന്റെ മുഖ്യ സൂത്രധാരൻ. കൂട്ടത്തിലെ ഏറ്റവും ജീനിയസ്. ഏറ്റവും ദരിദ്രൻ. അടികൊള്ളി കോവിലിലും, പുതിയാകാവിലും  പൂജ ഒരുക്കിവച്ച് ഓടിക്കിതച്ച് വരും. പകൽ മുഴുവൻ മുറിയിലുണ്ടാകും. സ്‌കൂളിലെ പെണ്കുട്ടികളുടെ ഇല്ലാക്കഥകൾ പറഞ്ഞ് ഞാൻ പലപ്പോഴും അവനെ ഇളക്കിയിട്ടുണ്ട്. സ്വായംഭോഗം ചെയ്യാൻ തുടങ്ങിയപ്പോൾ ചെന്ന് മുട്ടി വിളിച്ച് പരിഹസിച്ചിട്ടുണ്ട്. പൂണുലിൽ കുരുക്കിട്ട് കഴുത്ത് കടത്തി നിൽക്കുന്ന അഭിലാഷിന്റെ ചിത്രം ചുമ്മാതെ സങ്കല്പിച്ചു നോക്കി..

"അയ്യരുടെ പൊണ്ടാട്ടിക്ക് ക്യാൻസ്റായിരുന്നു. അഞ്ചു മാസത്തെ കുടിശികയ്ക്ക്  കുറച്ച് മുണ്ടുകൾ ഇവിടെ വച്ചിട്ട് പോയി, നൂറ്റിരണ്ട് വിൽക്കാൻ സമയത്ത് ബാക്കിയുള്ളവ ഞാനിങ്ങോട്ട് എടുപ്പിച്ചു.." കസേരയുടെ ചുവട്ടിലെ  ചെറിയ കെട്ട് അതാണെന്ന് ഞാനൂഹിച്ചു.. 'പൊണ്ടാ ട്ടി കാരക്കൊഴമ്പ്' എന്റെ ഉള്ളിലിരുന്ന് അയ്യര് പൊണ്ടാട്ടി സ്തുതി തുടങ്ങി..

"സത്യനും മാനേജരും തമ്മിൽ ചെറിയ കശപിശയുണ്ടായി. അവൻ മാനേജരെ തല്ലി. എന്നിട്ടും ഒരു വശം തളർന്ന് കിടന്ന സത്യനെ ആമ്പുലൻസിൽ പാലക്കാട്ട് എത്തിച്ചത് മാനേജരുടെ ചെറുക്കാനാ. ഈ കഴിഞ്ഞ കൊല്ലം ഞാൻ നൂറ്റിമൂന്ന് വിറ്റു.." നൂറ്റി മൂന്നിന്റെ മുന്നിലൂടെ പോയാൽ സയറൻ പോലുള്ള നീണ്ട വളികൾ കേൾക്കാം. എനിക്ക് ചിരി വന്നു..

പട്ടിയാന്റെ റേഡിയോ ഏതോ ഒരു പഴയ പാട്ട് തുടങ്ങി. ഞാൻ വാടക്കമുറികളുടെ ഇടവഴിയിൽ നിൽക്കുകയാണ്..
"നൂറ്റിയേഴിലെ ബാലസാഹിത്യം" 
"സ്വാഭാവിക മരണം. ചില എഴുത്തുകാരൊക്കെ വന്നിരുന്നു. വോൾഗയുടെ മുന്നിൽ  പന്തലൊക്കെയിട്ട്  അനുശോചനമൊക്കെ നടന്നു. ആ കൊല്ലമാണ് അതു വിറ്റത്.."
"കേസ് ജയിക്കോ.." പട്ടിയാന്റെ ചിരിയും റേഡിയിലെ പാട്ടും കൂടിക്കലർന്നു.
" ഈ മുറിയൊക്കെ ആരു വാങ്ങുന്നെതെന്ന നിന്റെ വിചാരം.? മെട്രിക്‌സ് തന്നെ.കേസ് നടത്തി നടത്തി അവൻ എനിക്ക് ചിലവ്  കാശ് തരുന്നു. എല്ലാത്തിനും ആ  മാനേജര് കാവൽ. ഇനി നിന്റെ  ആ നൂറ്റിയഞ്ചേയുള്ളു എന്നെങ്കിലും നീ വരുമെന്ന് അറിയാം.."

ഒരു ഹിന്ദിപ്പാട്ടിന്റെ വരികളിൽ നിൽക്കുമ്പോഴാണ് മെട്രിക്‌സും സംഘവും വാതിൽ ചവിട്ടിത്തുറന്ന് വന്നത്. ഞാനറിയതെ പറഞ്ഞുപോയി 
"നൂറായുസ്" തിരിഞ്ഞ് പാട്ടിയാനെ നോക്കുമ്പോൾ അയാൾ ഭയന്ന് കട്ടിലിന്റെ അടിയിലേക്ക് കയറാൻ ശ്രമിക്കുന്നു. ബിരിയാണിയുടെ ചെറിയൊരു ഭാഗം മാത്രം തന്നിട്ട്. പട്ടിക്കുട്ടി എന്റെ ഓരം ചേർന്ന് കിടക്കുന്നു..

"നിനക്കെന്താടാ ഇവിടെക്കാര്യം ആ മുറി നിന്റെ പേരിലാക്കാൻ നീ പട്ടിയാന്റെ ആരാട..?"
ഇതിനിടയിൽ എപ്പോഴാണ് നഗരം ഇരുട്ടിലായത് ?.
എങ്ങനെയെങ്കിലുമൊന്ന് ചാകാൻ  ഇറങ്ങിത്തിരിച്ച എന്നെക്കൊണ്ട് പേപ്പറിൽ ഒപ്പിടിക്കാനും  കഴുത്തിൽ കയറിടാനുമിത്ര തിടുക്കാമെന്താണ്...?

അഴിച്ചിറക്കാൻ വന്ന പോലീസുകാർക്ക് പോലും പട്ടിയാന്റെ റേഡിയോയിലെ പ്രത്യക പരിപാടികളും നഗരം മുഴുവൻ വിറപ്പിക്കുന്ന ആ കുരയും കേൾക്കാൻ കഴിയുന്നില്ലേ...?

അതെല്ലാം പോട്ടെ ഞാൻ  ചാകാൻ ഇറങ്ങിത്തിരിച്ചതിന്റെ കാരണം നിങ്ങൾക്കിതുവരെ മനസിലായിട്ടുണ്ടാവില്ല അല്ലേ..? ഒക്കെപ്പറയാം അതിന് മുൻപ് എന്റെ മരണത്തെക്കുറിച്ച് ഇന്ന് പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ച് പറയു..

'ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ'
'ദുരൂഹ സാഹചര്യത്തിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ' എന്തായാലും നിങ്ങൾക്കിനി എന്റെ മാത്രമല്ല പട്ടിയാന്റയും  വോൾഗയിൽ നടന്ന മറ്റു മരണങ്ങളുടെയും പിന്നിലെ രഹസ്യങ്ങൾ അന്വേഷിക്കേണ്ടി വരും. ആകെയുള്ള തെളിവ് വോൾഗയെന്നാൽ റഷ്യയിലെ ഒരു നീളമുള്ള നദിയെന്നു മാത്രമാണ്, പിന്നെ ഭൂതകാലത്തെ ചില കുരകളും  !!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)


No comments:

Post a Comment