Friday 27 November 2015

മുള്ളുള്ള ഷൂസുകൾ...!

ആരും കാണാത്ത വിജയം...!

മൈതാനം
നിറയെ മത്സരമായിരുന്നു....
കുട്ടികളും നടത്തിപ്പുകാരും വില്പനക്കാരും....

സ്പോർട്സ് ഹോസ്റ്റലിന്റെ  വേഗത്തിൽ പകച്ചുപോയ  വിദ്യാലയങ്ങൾ
ചെറിയ ചെറുത്ത് നില്പുകൾ....

തണൽ മരത്തിന്റെ ചുവട്ടിൽ...
രാവിലെ മുതൽ അയവെട്ടാൻ തുടങ്ങി ഐസും
കടല മിഠായിയും...
ഗ്ലൂക്കോസും..

എപ്പൊ മുതലാണാവനെ ശ്രദ്ധിച്ചതെന്നറിയില്ലാ...
മൈതാനത്തിനു നടുവിൽ കണ്ണുനട്ട്...
കറുത്ത് ഉയരം കുറഞ്ഞ്...
ചുരുണ്ടമുടിയും..
ഉറച്ച ശരീരവും..
കാലിൽ ഒരു നൂലിന്റെ കെട്ടും..

പേര് ശ്രീജിത്ത്...
ഉപജില്ലയോ സ്കൂളോ
പറയുന്നില്ലാ...

"ചേട്ടാ 2:30 ആയോ...?"
(സമയം 1:30 ആയിരുന്നുള്ളൂ)

"നീ ഭക്ഷണം കഴിക്കുന്നില്ലേ.
ഇപ്പൊ ബ്രേക്ക് അല്ലേ....
കൂപ്പൺ കിട്ടിയോ..."

"ഇല്ലാ കഴിച്ചില്ലാ...
അതുമല്ലാ കഴിച്ചാൽ വയർ പിടിക്കും...
800 മീറ്റർ ഫൈനലാ...."

ഞാൻ  ചോദിച്ചുകൊണ്ടിരുന്നൂ...
മറുപടികൾ മഴവെള്ളമ്പോലെ അവനും...

"ചേട്ടാ ഈ മുള്ളുള്ള ഷൂസ് ഇട്ടോടിയാൽ...
സ്പീഡ് കൂടോ....
കാലിൽ ചവിട്ട് കിട്ടോന്നാ എനിക്ക് പേടി..."

എനിക്ക് ചിരിവന്നു സ്പൈക്ക്സ് തിരിച്ചറിയാത്ത ഓട്ടക്കാരൻ...
എന്നെ പരിചയപ്പെടുത്തിയതുമുതൽ എന്നോട് മിണ്ടാൻ ഒരു മടിപോലെ അടുത്തിരുന്ന്...
ഞാൻ സൗഹൃദം സ്ഥാപിച്ചു...

മദ്യപിച്ച് കാട്ടിൽ കിടന്ന അച്ഛനെ ആന ചവിട്ടിക്കൊന്നകാര്യം പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ നൊന്തൂ..

രാവിലെ മുതൽ ഒരു ചായയും കുടിച്ച് ഓട്ടത്തിന് കാത്തിരിക്കുന്നു...

800 മീറ്റർ ഫൈനൽ അനൗൺസ് ചെയ്തപ്പോൾ...
അവനോടൊപ്പം ഞാനും എണീറ്റു...
മത്സരാർഥികളുടെ നീണ്ടനിരയ്ക്ക് പിന്നിൽ ശ്രീജിത്ത്...
വാം അപ്പ് ചെയ്യുന്നവരെ അത്ഭുതത്തോടെ നോക്കി അവന്റെ നില്പുകണ്ടിട്ട്...
അടുത്തുചെന്ന് പറഞ്ഞു

"എടാ നീയും എന്തേലും ചെയ്യ്.. ശരീരം ഒന്ന് ചൂടാകട്ടെ..."

"ന്റെ മാഷേ
ആന ചവിട്ടിക്കൊന്ന അപ്പന്റെ മുഖം ഓർത്താമതി...
എനിക്ക് പറന്നോടാൻ തോന്നും..!

ഒരു ചിരിയും ചിരിച്ച്....
അവൻ മൈതാനത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക്....
നിന്ന നില്പിൽ അനങ്ങാനാകാതെ ഞാനും..

ദ്വാരങ്ങൾ വീണ കരപ്പനടിച്ച ബനിയനും..
ഒരു ചുവന്ന നിക്കറും...
കഴുത്തിലെ രുദ്രാക്ഷവും എനിക്ക് കാണാമായിരുന്നു...

നിറഞ്ഞ മൈതാനത്തിൽ ഈ കണ്ണു നിറയെ അവനായിരുന്നു....

ചുവന്ന തൂവാലതാണതും വെടിപൊട്ടിയതും...
ആ കറുത്ത കുതിരയുടെ പാഞ്ഞുവരവും ഞാൻ കണ്ടൂ...

ഞാൻ അറിയാതെ
കയ്യടിച്ചു  ആർത്തുവിളിച്ചു...

ഒടുവിൽ ഫിനിഷിംഗ് ലൈനിൽ...
അവനെ മാത്രം ഞാൻ കണ്ടൂ...
മെഡൽ ചൂടി നിൽകുന്ന ശ്രീജിത്ത്
വേഗതയുടെ രാജകുമാരൻ...

ഇല്ലാ അവനെ പിന്നെ കണ്ടില്ലാ...
ജയിച്ചവരുടെ കൂട്ടത്തിലവനില്ലാ...
എല്ലാം എന്റെ തോന്നൽ...

മടക്കയാത്രയിലും   കണ്ണുകൾ തിരഞ്ഞതെല്ലാം....
അവനെയായിരുന്നൂ...

ഒടുവിൽ കാർ ഗേറ്റ് കടക്കും മുന്നേ ഒരു നോക്ക് കണ്ടൂ...
കാലിലെ മുറിവ്..
കരപ്പനടിച്ച ബനിയൻ കീറി കെട്ടിക്കൊണ്ട് മരച്ചുവട്ടിലിരിക്കുന്ന....

ചേട്ടാ മുള്ളുള്ള ഷൂസ് ഇട്ടോടിയാൽ നല്ല സ്പീഡാല്ലേ...
എന്റെ കാലിൽ ചവിട്ടോന്നാ എന്റെ പേടി....!!

രതീഷ് കെ എസ്സ്

No comments:

Post a Comment