Saturday 26 November 2016

കഥ ഏ കെ 47 , പടുക്ക..!

എ കെ 47, പടുക്ക..!!

വായനക്കാർ എന്നെ മാവോയിസ്റ്റ് ആക്കുന്നതിന് മുന്നേ ഞാൻ പറയട്ടെ ഇത് തോക്കിന്റെയോ ബോംബിന്റെയോ കഥയല്ല.
പടുക്ക ആദിവാസികോളനിയിൽ നാല്പത്തിയേഴാം നമ്പർ വീട്ടിലെ കീരൻ പറഞ്ഞു തന്ന കാര്യങ്ങളാണ്...

"വെടിയൊച്ചയുടെ നടുക്കം മാറാതെ കീരനും മാതിയും " എന്ന് ദേശാഭിമാനിയുടെ ഉൾപ്പേജിലെ വാർത്തകണ്ടിരുന്നു. മാവോയിസ്റ്റ് ഏറ്റമുട്ടലിന്റെ നടുക്കത്തിലായിരുന്നു കീരനും മാതിയും....

എടക്കര സ്കൂളിന്റെ, എൻ. എസ് .എസ് കോഡിനേറ്റർ ഇത്തവണത്തെ പ്രോജക്ട് എഴുതാൻ പറഞ്ഞപ്പോൾ ബുദ്ധിജീവി നാട്യക്കാരനും വ്യാജകമ്മ്യൂണിസ്റ്റുമായ എന്റെ തലയിലൂടെ പോയ ആശയമാണ് പഴയവസ്ത്രങ്ങൾ ശേഖരിച്ച് വനത്തിനുള്ളിലെ ആദിവാസികോളനികളിൽ വിതരണം ചെയ്യുക, അവരുമായി കുട്ടികൾ സംവദിക്കുക എന്നൊക്കെ....

കുട്ടികളും മാഷുമാരും ശേഖരിച്ച വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി സ്കൂളിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ  പടുക്കാ ഫോറസ്റ്റ് പരിധിയിലുള്ള അരനാടർ കോളനിയീലെത്തി....പ്രാദേശികനായ ഒരു നേതാവിന്റെ ആമുഖത്തോടെ കുട്ടികൾ ചെറിയ സംഘങ്ങളായ് പിരിഞ്ഞ് തുണിക്കെട്ടുകളുമായി വിതരണത്തിനിറങ്ങി, പകൽ നേരത്ത് പോലും ആനയുടെ വിഹാരകേന്ദ്രമായ ആ വനമേഖലയിൽ കുട്ടികൾ കറങ്ങിനടന്നു.  നേരത്തെ  അറിയിക്കാത്തതിനാൽ കൊച്ചു കുട്ടികളും വൃദ്ധരും ഗർഭിണികളും മാത്രമേ അവിടെ ശേഷിച്ചിരുന്നുള്ളു...തുണിവിതരണത്തെക്കാൾ കൂട്ടുകാരുമായി ഒരു ഓട്ടിംഗ് പ്രതീതി യായിരുന്നു അവർക്ക്.  ചിലരെങ്കിലും തുണികൾ അടിച്ചേല്പിക്കാൻ‌ ശ്രമിക്കുന്നു...മുത്തശ്ശിമാരുടെ പ്രായക്കാരോടൊപ്പം നിന്ന് ചിലർ  സെല്ഫിയെടുക്കുന്നു...

ഉച്ചവരെ കറങ്ങി നടന്നിട്ട് വിശപ്പുതുടങ്ങിയപ്പോൾ ഊണുപൊതികളുമായി മരച്ചുവടുകളിലും പാറക്കെട്ടിലുമിരുന്ന് അവർ കഴിക്കാൻ തുടങ്ങിയപ്പോഴാണ്,  ഞാൻ ഒന്നും കരുതിയില്ലായെന്ന ഓർമ്മവന്നത് . ഗുരുകുല രീതിയായിരുന്നെങ്കിൽ ഞാൻ തിന്നിട്ടല്ലാതെ ഇവറ്റകളെ തീറ്റിക്കില്ലായിരുന്നു വിശപ്പ് വല്ലാതെ വേട്ടയാടുന്നു....

അപ്പൊഴാണ് ഞാനാവീടുകാണുന്നത് വലിയ മഞ്ഞ അക്ഷരത്തിൽ ഏ കെ 47 പടുക്ക എന്ന് എഴുതിയിരിക്കുന്നു വൃത്തിയുള്ള വീട്ടുമുറ്റം കിണർ അതിനടുത്ത് നിറഞ്ഞു നിൽക്കുന്ന ചാമ്പമരം, വേഗത്തിൽ മുളകൊണ്ടു കെട്ടിയ ഗേറ്റു തുറന്ന് ചാമ്പമരത്തിൽ നിന്ന് നാലഞ്ചെണ്ണം വായിലാക്കി.  വാതിൽ തുറന്ന് നിക്കറിട്ട ഒരു ചെക്കൻ എന്നെ തുറിച്ചു നോക്കി,  പിന്നാലെ വന്ന കീരന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു ഞാനും ചിരിച്ചു.
"ആഹാരം കഴിച്ചോ ?" മറ്റുള്ളവരിൽ നിന്നും കീരന്റെ ഭാഷയ്ക്കും വീടുപോലെ വൃത്തിയുള്ളതായി തോന്നി,
ഇല്ലായെന്ന്  ഒറ്റവാക്കിൽ മറുപടികൊടുത്തു
" പൂളയെടുക്കട്ടെ"  നാട്ടിൽ തെറിയാണെങ്കിലും കപ്പയാണെന്ന് തിരിച്ചറിയാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്.  തിരുവനന്തപുരത്തുനിന്നും ഇവിടെയെത്തീട്ട് മൂന്നുവർഷമാകുന്നു..
"ഇരിക്കിൻ"
കീരൻ അകത്തേക്കു നോക്കിയപ്പോൾ മറ്റൊരു ചെക്കൻ പുൽപ്പായയുമായെത്തി മുറ്റത്ത് കൈകഴുകാൻ ഒരു പാത്രത്തിൽ വെള്ളം മാതി കൊണ്ടുതന്നു.

"മാശുമാർക്ക് കൊടുക്കണ പാത്രത്തിലെടുക്കട്ടേ അതോ എലയിലോ...?"
അകത്തുനിന്ന് ചെക്കൻ കീരനോട് വിളിച്ചു ചോദിച്ചതിന്റെ കാരണം എനിക്ക് മനസിലായില്ല.
പിന്നെ ഒരു ഫൈബർ പാത്രത്തിൽ കപ്പയും മത്തന്റെ ഇലയും കാന്താരിമുളകും ചേർത്തരച്ച ചമ്മന്തിയും കൊണ്ടു വച്ചു ഒരു കപ്പിൽ നിറയെ കട്ടൻ ചായയും...

ഈ പാത്രങ്ങൾ എനിക്ക് എവിടെയോ പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് സാഹിത്യഫെസ്റ്റിൽ ഞാൻ വാങ്ങിയ അതേ പാത്രങ്ങൾ കപ്പയുടെ കഷ്ണങ്ങൾ തീരുന്നതനുസരിച്ച് എനിക്ക്,  നിനക്ക് , നമുക്ക് എന്നീ വാക്കുകൾ തെളിഞ്ഞു വന്നു....
ഒടുവിൽ

"നിനക്കുണ്ടൊരുലോകം
എനിക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം "

എന്നവാക്യം പൂർത്തിയായി...
കപ്പയും മുളകും അല്ലം പോലും ശേഷിച്ചിരുന്നില്ല വിശപ്പിനെ ഇത്തരത്തിൽ കീഴടക്കുന്നത് ജീവിതത്തിലാദ്യമായാണെന്ന് തോന്നി. കൈ കഴുകി ഷൂസഴിച്ചപ്പോൾ 'കിടന്നോളൂ' എന്ന് കീരൻ  മനസ്സുവായിച്ചതുപോലെ പറഞ്ഞു...

കുട്ടികൾ ആഹാരം കഴിഞ്ഞ് അവിടത്തെ അങ്കണവാടീലെ കുട്ടികൾക്കായി പാട്ടും കളികളും അവതരിപ്പിക്കുന്നു...പായുടെ സമീപത്തു വന്നിരുന്ന കീരനോട് , എൻ എ നസീറിലൂടെ വായിച്ചറിഞ്ഞ  അറിഞ്ഞ കാടിനെക്കുറിച്ച് ചോദിച്ചു...

"ഇത് കാടല്ല മാഷേ,
ഞങ്ങൾ അരനാടർ കാട്ടിലുമല്ല നാട്ടിലുമല്ലാതായ മനുഷ്യമതിലുകളാണ്. ഞങ്ങൾക്ക് മുന്നിലെ ഈ വലിയ മതിലിനപ്പുറം കാട് ഇ തീരുന്നു,
വീടിനു പിന്നിലെ സോളാർ കമ്പിവേലി നോക്കു നാട്ടിലേക്ക് ആനപ്രവേശിക്കാതിരിക്കാനാണ് . ആദിവാസി ഫണ്ടുകൊണ്ട് നിരയായി കെട്ടിയിരിക്കുന്ന ഈ നൂറ് വീടുകൾ ആനയെ പ്രതിരോധിക്കാനുള്ള മനുഷ്യമതിലാണ് ,  രണ്ട്  വിടുകൾക്ക് ഇടയിൽ നോക്കൂ കിണറുകൾ പോലെ കിടങ്ങുകൾ....ആന ഞങ്ങളെ കടക്കില്ലെന്ന് മൊതലാളിമാർക്കറിയാം മാഷേ....കുട്ടികൾ നല്ലവരാട്ടോ അവർക്ക് ഇതൊന്നും അറിയില്ല ഇവിടെ ആഴ്ച്ചയിൽ മൂന്ന് സംഘങ്ങളെങ്കിലും വരും ഭക്ഷണോം, വസ്ത്രോം, മരുന്നും , കുപ്പിവെള്ളം വരെ കൊണ്ട് തന്നവരുണ്ട് കാട്ടിലെ ചോലയിൽ കുളിച്ചും കുടിച്ചും കഴിയുന്ന ഞങ്ങൾക്കെന്തിന്...എനിക്ക് ഈ തറയിൽ ഉറക്കം വരില്ല മാഷേ പ്ലാവിന്റെ ചുവട്ടിൽ ഞാനും ശിവനും മാതിയും കിടക്കും മഹേഷിനും മനോജിനും ഈ തറ ശീലമായി....മഹേഷിനെ സ്കൂളിൽ ചേർത്തത് സുന്ദരിയാ....."

എതോ അപകടകരമായ രഹസ്യം പറഞ്ഞതു കേട്ട് മാതി ചുമച്ചും ശിവൻ ഒന്നിളകി ശബ്ദമുണ്ടാക്കിയും പ്രതികരിച്ചു കീരൻ പെട്ടെന്ന് നിർത്തി....

" മാഷേ ഇവിടാർക്കും തുണിയൊന്നും വേണ്ട എല്ലാവരെപ്പോലെ മാഷിന്റെ കുട്ടികളും കുറേ എണ്ണം കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാകും മ്ലാവോ പന്നിയോ ആനയോ തിന്നാൽ ശരിയാകില്ല.
ഞാൻ അതൊക്കെ കൂട്ടിയിട്ട് കത്തിക്കും"

പെട്ടെന്ന് അജ്ഞാതമായ ഒരു പക്ഷിയുടെ ശബ്ദം കേട്ടൂ. മാതി ഒരു സഞ്ചിയിൽ എന്തോ ചുമന്ന് കാട്ടിലേക്കുപോയി. കുട്ടികളുടെ കലാപരിപാടി കൾ കാണാൻ മഹേഷും മനോജും പോയിരുന്നു...
ഞാനും കീരനും അങ്കണ വാടിയിലേക്ക് നടന്നു...
ശിവന്റെ മുന്നിലെത്തിയപ്പോൾ അത് വാലിട്ടിള്ളക്കി, എന്റെ കാലിൽ മണത്തു ഞാൻ അതിനെ ഒന്ന് തലോടി....
പിന്നാലെ വന്ന കീരന്റെ കഴുത്തിൽ തൂക്കിയിരുന്ന ഐഡന്റി കാർഡിൽ AK 47 KEERAN PATUKKKA എന്നെഴുതിയിരുന്നു...എന്റെ നോട്ടം മനസിലാക്കിയിട്ടാകണം...

"കാട്ടിൽ മരുന്നിന് പോകണതല്ലേ മാഷേ കരടിയോ പുലിയോ പിടിച്ചാൽ ആളെ തിരിച്ചറിയാനാ. ഫോറസ്റ്റ് സാറ് നാലുദിക്കിലേക്കും എന്നെ പറഞ്ഞുവിടും.  സാർ പറയണത് ഞാനീ ഊരിന്റെ മൂപ്പനെന്ന കാടുവിട്ടവർക്കെന്ത് ഊര് മാഷേ...മാതിയ്ക്ക് വയ്യാതായിട്ടാ അരിവാൾ രോഗമെന്നാ ദേവൻ മാഷ് പറഞ്ഞത് മാഷ് വരുമ്പോൾ എല്ലാവീട്ടിലും കടമിഠായി കൊടുക്കും അരിവാൾ രോഗത്തിന്...."

അപകടം പിടിച്ച രഹസ്യം പറഞ്ഞുപോയ ജാള്യത്തിൽ  കീരൻ പിന്നെയും നിർത്തി. പെട്ടെന്ന് മറ്റൊന്ന് തുടർന്നു...

"എന്നും വൈകിട്ട് ഇത്
അവിടെ ഏല്പിക്കും രാവിലെ അവർ തന്നുവിടും ചിലപ്പോൾ ഉടുപ്പിലും ഒരു ചെറിയ സാധനം കുത്തിവയ്ക്കും..."

പോകുന്ന വഴിയിൽ കിടന്ന വസ്ത്രങ്ങൾ
നീണ്ടവടികൊണ്ട് ഒരിടത്താക്കി കൂട്ടിയിടുന്ന ദൃശ്യത്തിൽ നിന്നാണ് ഞങ്ങൾ പിരിഞ്ഞത് പിന്നീട് അവിടന്ന് പുകയുയരുന്നുണ്ടായിരുന്നു....

പടുക്ക സന്ദർശത്തെക്കുറിച്ച് കുട്ടികൾ മറന്നിരിക്കണം....മാസം മൂന്ന് കഴിയുന്നു, വീട്ടിൽ നിന്നിറങ്ങുമ്പോൾ സോളാർ വേലിയുടെ പിന്നിലെ എസ്റ്റേറ്റിലൂടെ വീട്ടിലേക്ക് വരാനുള്ള എളുപ്പവഴി കീരൻ പറഞ്ഞു തന്നിരുന്നു...

ഇന്ന് പത്രത്തിൽ കീരന്റെയും മാതിയുടെയും ചിത്രങ്ങൾ എനിക്ക് വല്ലാതെ ഞെട്ടലുണ്ടാക്കി....ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോൾ നിറയെ പോലീസായിരുന്നു മാവോയിസ്റ്റ് ഏറ്റമുട്ടൽ നടന്നിട്ട് രണ്ട് ദിവസല്ലേ ആയുള്ളു...അവർ എന്നെ തിരിച്ചു വിട്ടൂ.  കീരനെ കണ്ടേതീരുവെന്ന വാശിയിൽ എസ്റ്റേറ്റ് മതിൽ ചാടി സോളാർ വേലി കടന്ന് അവിടെയെത്തുമ്പോൾ വീട് പൂട്ടിയിരുന്നു ശിവൻ എന്നെ കണ്ട് ദയനീയമായി കുരച്ചു...
കീരന്റെ കഴുത്തിൽ കിടന്ന കാർഡ് തുടലിൽ ചേർത്ത് കെട്ടിയിരിക്കുന്നു....
ശിവന്റെ മുന്നിലെ പാത്രത്തിൽ അവശേഷിച്ച ഭക്ഷണത്തിലൂടെ "നമുക്കില്ലൊരു ലോകം" എന്ന വാക്യം തെളിഞ്ഞു കണ്ടു. കാടിന്റെ ഉള്ളിൽ നിന്ന് ദിക്ക് തെറ്റിയ പക്ഷികളുടെ കരച്ചിൽ കേട്ടു...
തുടലിൽ നിന്ന് ഊരി ശിവൻ ആ ദിക്കിലേക്ക് കുരച്ചു കൊണ്ടുപോയി....!!

രതീഷ് കെ എസ്
( ഗുൽമോഹർ)

No comments:

Post a Comment