Saturday 3 December 2016

കഥ പെൺകൊതിയൻ

പെൺകൊതിയൻ...!!

കഥയും ഞാനുമായി ഒരു ബന്ധവുമില്ലെന്ന് എന്റെ സർവീസ് പുസ്തകം സാക്ഷി.

വാട്സ് ആപ്പിലും തീവണ്ടിയിലും മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ.
ഇന്ന് അതൊക്കെ മാറി ചെറിയ ഇടവേളകളിൽ ഞങ്ങൾക്ക്  ലോകം ഒരു കട്ടിലിന്റെ അതിരുകളിൽ ഒതുങ്ങി. ചിരിച്ചും  കരഞ്ഞും കലഹിച്ചും ...മൂന്ന് മാസം മുന്നേ കണ്ടപ്പോഴും ഞങ്ങൾക്ക് വല്ലാത്ത ആവേശമായിരുന്നു. പിന്നെ എന്തുണ്ടായി എന്നറിയില്ല. ഒരു ദിവസം ഇൻബോക്സിൽ  "പെൺകൊതിയൻ " എന്നൊരു  മെസ്സേജ് പിന്നെ  വാട്സ് ആപ്പിലും ഫോണിലും ബ്ലോക്കാക്കിയിരുന്നു. സിം ഒന്ന് മാറ്റിയാൽ തീരുന്നതാണല്ലോ  പലബന്ധങ്ങളും. ഇന്നലെ എന്നെ അവൾ വിളിച്ചു

"നാളെ റൂം ബുക്ക് ചെയ്യൂ ഞാൻ താഴ്വ്വരയിൽ ഉണ്ടാകും 301 തന്നെ വേണം "
തിരികെ വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തൂ.

"നിനക്കൊന്നും പെണ്ണിനെ അറിയില്ല ഞാൻ വാക്കുമാറ്റില്ല നാളെ 6:30 ന് ഞാൻ കാത്തു നിൽക്കും".
മാറ്റമൊന്നും ഉണ്ടായില്ല അവളുണ്ടായിരുന്നു. റൂം 301 തന്നെ കിട്ടി, അവൾക്കതിൽ വാശിയായിരുന്നു. ഇത്തവണ കട്ടിലിൽ ഞാൻ വല്ലാതെ കിതയ്ക്കുന്നത് കണ്ട് അവൾക്ക് ചിരിപൊട്ടി, എനിക്ക് ശീലമല്ലാത്ത ചിക്കൻ ബിരിയാണി അവൾ റൂം സർവ്വീസിൽ വിളിച്ചു പറഞ്ഞു. നിർബ്ബന്ധിച്ച് കഴിപ്പിച്ചു. ഒരുരുള എന്നെ തീറ്റിച്ചു. എന്നിട്ട് അവൾ ഉറക്കെ ചിരിച്ചു.   മടിയിൽ കിടന്ന് എന്റെ ഫോണിൽ എന്തൊക്കെയോ ചികയുന്നുണ്ടായിരുന്നു. അവളുടെ ഫോണിലെ ചില നമ്പരുകൾ എന്റെ ഫോണിൽ നിന്നും ഡയൽ ചെയ്തു നോക്കുന്നു, ഗ്യാലറിയിലും ഒന്നു കറങ്ങിവന്ന് ഒറ്റചോദ്യം.....

"മിത്രയെ എങ്ങനെയറിയാം..? അവളെന്റെ ബന്ധുവാ എന്നെക്കുറിച്ച് അവളോട് വല്ലതും  പറഞ്ഞിട്ടുണ്ടോ? അവളുടെ നമ്പരില്ലേ ഈ ഫോണിൽ ?"
ചോദ്യങ്ങൾക്കൊക്കെ ഉത്തരം എന്റെ ഫോണിൽ നിന്നും കിട്ടിയിരിക്കണം. അല്ലെങ്കിൽ എന്റെ ഉത്തരങ്ങളൊന്നും അവൾ ആഗ്രഹിച്ചിട്ടില്ലായിരിക്കണം.

"എടാ പെൺകൊതിയാ നമ്മൾ തമ്മിൽ കാണുന്നതിനും മുന്നേ നിന്റെ എല്ലാ വീരഗാഥകളും എനിക്കറിയാം. നീ കിണഞ്ഞു ശ്രമിച്ചിട്ടും കിട്ടാത്തൊരാളില്ലേ നിന്റെ പേരുപറഞ്ഞപ്പോൾ അവർ എന്താ പറഞ്ഞതെന്നറിയോ..?
'മുന്നിലൊന്നും ചെന്നുപെട്ടേക്കല്ലേ കുഞ്ഞേന്നാ' പിന്നെ നിന്റെ എല്ലാ ചരിത്രവും അവർ പറഞ്ഞു. നീ ആദ്യം ഒപ്പിട്ടത് അവരുടെ മുന്നിലാ ഓർക്കുന്നോ ? സത്യം പറയാല്ലോ അതറിഞ്ഞതുമുതലാ നിന്നെ ദേ ഇതുപോലെ ചൂണ്ടുവിരലിൽ നിർത്തണമെന്ന് തോന്നിയത്. വെറും പച്ചക്കറി തിന്നു ശീലിച്ച  നി, ഇന്ന് ചിക്കൻ ബിരിയാണി ഒരെതിർപ്പും കൂടാതെ തിന്നു തീർത്തതുകണ്ടിട്ട് എനിക്ക് ചിരി സഹിക്കണില്ലാട്ടോ. ഒരീസം ഇതുപോലെ അയാളെയും ഞാൻ തീറ്റിക്കുന്നുണ്ട്. "

നെഞ്ചിലും നെറ്റിയിലു ഉമ്മ തന്നിട്ട് അവൾ കുളിമുറിയിലേക്കുപോയി....

ഞാൻ ആറുകൊല്ലം മുന്നേ ആ ചെറിയ ചതുരത്തിൽ ഒപ്പിട്ടുതുടങ്ങിയിടത്തേക്കും.
ദിൽജിത ടീച്ചർക്ക് എച്ച് എം ഇൻ ചാർജ്ജ് ആയിരുന്നു. ആണുങ്ങളുടെ സ്റ്റാഫ് റൂമിലേക്കുള്ള വഴികാട്ടി തന്നിട്ട് അവിടേക്കൊന്നു നോക്കുകപോലും ചെയ്യാതെ അവർ പോയി. ഒരു ചെറിയ പേപ്പറിൽ ടൈം ടേബിളുമായെത്തിയ അവരെക്കണ്ട് ഞാനെണീറ്റു. എന്റെ വിനയപ്രകടനം കണ്ടിട്ടാകണം സ്റ്റാഫ് റൂമിൽ ചിരിപൊട്ടി....

"ന്റെ മാഷേ അവളേന്നും ബഹുമാനിച്ചേക്കല്ലേ തലേക്കേറി കുച്ചുപ്പൊടികളിക്കും അതാ ജാതി..."
വായിൽ കിടന്ന മുറുക്കാന്റെ  കറ തുപ്പാൻ ശ്രമിക്കുന്നതിനിടയിൽ വിജയൻ മാഷുപറഞ്ഞു.

"ന്റെ വിജയാ ഇതു വരെ ആ വള്ളം കരയ്ക്കെത്തീലല്ലേ...?"

"വിജയനു വേണ്ടാഞ്ഞിട്ടാ ദാസാ...വലിയ താങ്ങുകാരനായിട്ടും നിനക്ക്  അവളിന്നലേം  തികച്ച് തന്നില്ലേ ഇപ്പൊ ലോസ് ഓഫ് പേ ആയില്ലേ.."

ഇതിനിടയിൽ ബെല്ലടിച്ചു ക്ലാസിൽ പോകാനെണീറ്റ എന്ന ദാസൻ മാഷ് തടഞ്ഞു...

"ഇരിക്കെടോ അവളു പറഞ്ഞതും കേട്ട് ക്ലാസിൽ  പോകാനാ ഭാവം.
അതേ ഇന്ന് ആരും ക്ലാസിൽ  പോകണില്ല.  നാളെ പുതിയ എച്ച്. എം വരും കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകട്ടെ..."

ദിൽജിത ടീച്ചർ രണ്ടുതവണ സ്റ്റാഫ് റൂമിന്റെ കതകിൽ ശക്തിയായി ചൂരലുകൊണ്ട് തട്ടിയിട്ട് പോയി...ആരും ക്ലാസിൽ പോയില്ല ഞാനും..

ഉച്ചയ്ക്ക് ഒപ്പിടാൻ എത്തിയപ്പോൾ ലേഡീസ് സ്റ്റാഫ് പരിചയപ്പെട്ടു. ഇതിനിടയിൽ ദിൽജിത ടീച്ചറോട് ഞാൻ പേന ചോദിച്ചു.., അവരുടെ അടുത്തേക്ക് പേന വാങ്ങാനൊന്ന് ആഞ്ഞപ്പോൾ അവർ കുതറി മാറി...
ഞാൻ ആകെ പരിഹാസ്യനായപോലെ ഇതിനിടയിൽ മറ്റൊരാൾ പേനതന്നു....
ഒപ്പിട്ട് മടങ്ങുനിടയിൽ

" അവരുടെ മോന്റെ പ്രായല്ലേ ഉണ്ടാകൂ, ഒരു പേനകൊടുത്താൽ അവളുടെ എന്തേലും കൊഴിഞ്ഞുപോകോ, ആ കുട്ടിക്ക് ആകെ വിഷമായി അതിന്റെ കണ്ണു നിറഞ്ഞത് നീ കണ്ടോ..."
ലേഡിസ് സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങിവന്ന ആശ്വാസവാക്കുകൾ ഞാൻ കേൾക്കാത്ത ഭാവത്തിൽ ഷീലു ടീച്ചറുടെ മുന്നിൽ നിന്നു.

"അതേ അവൾക്ക് വട്ടാ, ആണുങ്ങളെല്ലാം പീഡനത്തിനാ വീട്ടിൽ നിന്നിറങ്ങുന്നതെന്നാ അവരുടെ വിചാരം.  നാളെ മുതൽ ആ ഷോ തീരും നാളെ എച്ച് .എം വരൂട്ടോ."

ആണുങ്ങളുടെ സ്റ്റാഫ് റൂമിൽ വാർത്തയെത്തിയിരുന്നു..
ബാഗിൽ നിന്നും ലാപ് ടോപ്പെടുത്ത് വെറുതേ നോക്കുന്നതുകണ്ടിട്ടാകണം.

"എടേ നമ്മടെ   പയ്യന് കമ്പ്യൂട്ടറൊക്കെഒ
അറിയാം അവളെ പൊളിക്കാൻ ഇതു മതി"
ലോറൻസ് മാഷ് പറഞ്ഞതിന്റെ ലക്ഷ്യം സ്കൂളിലെ കംബ്യൂട്ടർ ലാബും, സ്പാർക്കിലെ ബില്ലുകളും,  എച്ച് എം ന്റെ അടുത്ത സീറ്റുമാണെന്ന് അടുത്ത ദിവസത്തെ സ്റ്റാഫ് മീറ്റിംഗിൽ വ്യക്തമായി. കമ്പ്യൂട്ടർ ലാബ് എന്നെ ഏല്പിക്കുമ്പോൾ ദിൽജിത ടീച്ചറുടെ കണ്ണു നിറഞ്ഞിരുന്നു അവിടെ നിന്നും രണ്ടു കുട്ടികൾ വന്ന്  ടീച്ചറുടെ ടേബിൾ എടുത്ത് അരിപ്പുരയിലേക്ക് മാറ്റുന്നത് ആണുങ്ങളെല്ലാം പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തോടെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു...

"അതു കലക്കിമോനേ ഒറ്റ കുട്ടികളേം മാഷുമാരേം അവരീ പരിസരത്ത് അടുപ്പിക്കൂലാ. അല്ലാ സർക്കാർ ഈ  കമ്പ്യൂട്ടറൊക്ക തരുന്നത് അവൾക്ക് പൂട്ടിവച്ച് താക്കോലും അരയിൽ തിരുകാനാ. നീ ആ അലമാരയൊന്ന് തുറക്ക് ആർക്കും കൊടുക്കാതെ എത്ര ലാപ്പും നെറ്റ് ബുക്കും ഇരിക്കുന്നെന്ന് നിനക്കറിയോ വൈഫൈയുടെ പാസ് വേർഡുപോലും അവർക്കേ അറിയൂ...."

ഇതും പറഞ്ഞ് സീലുപോലും പൊട്ടിക്കാത്ത ഒരു ലാപ്ടോപ്പുമെടുത്ത് ജോണിമാഷുപോയി. മറ്റു  ലാപ്പുകളും  വൈകും മുന്നേ ഓരോ മാഷുമാരുടെ വീടുകളിലേക്കുപോയി, എന്തേലും ആകട്ടേന്ന് ഞാനും കരുതി കുട്ടികളും അദ്ധ്യാപകരും കംബ്യൂട്ടർ സൗകര്യപോലെ ഉപയോഗിക്കുന്നതിൽ എച്ച് എം സ്റ്റാഫ് മീറ്റിംഗിൽ അഭിനന്ദനമറിയിച്ചപ്പോൾ വല്ലാത്ത ശബ്ദത്തിൽ കൈയടിയുണ്ടായി. ഞാൻ കുട്ടികളിൽ  നടത്തിയ ഫീഡ് ബാക്കെടുപ്പിലും ദിൽജിത ടീച്ചറുടെ വിഷത്തിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. 
ദിൽജിത ടീച്ചർ കമഴ്ന്നിരുന്നു. ആരും അവരെ ശ്രദ്ധിച്ചില്ല...

ഇരുവശത്തേക്ക് അലക്ഷ്യമായി വാരിയിട്ട നീണ്ടമുടി, നിറം മങ്ങിയ ബ്ലൗസ് , ഇളം നിറത്തിലുള്ള സാരി, മുടിയിൽ എപ്പൊഴും ഒരുതുളസിയിലയുണ്ടാകും, മുടിയുടെ അഗ്രത്ത് ഒരു കുരുക്കിട്ടതുപോലെ കെട്ടിവച്ചിട്ടുണ്ടാകും. കുട്ടികളും മാഷുമാരും ഒരേസ്വരത്തിൽ വെറുക്കപ്പെടാൻ ഇവർക്കെന്താണുപറ്റിയത്...

"...മാഷ് ഞങ്ങളോടൊക്കെ  എങ്ങനാന്നും,  കമ്പ്യൂട്ടർ ലാബിലൊക്കെ സൂക്ഷിച്ച് നിക്കണം. എന്തെങ്കിലും ഉണ്ടായാൽ ആദ്യം അവരോട് പറയണമെന്നും, ഓഫീസിന്റെ മുന്നിലെ നീലപെട്ടിയിൽ ഒരു പരാതിയും ഇട്ടാമതിയെന്നും, മാഷത്ര ശരിയല്ലാന്നും  ടീച്ചർ പറഞ്ഞു...  അവർക്ക് എല്ലാരെയും സംശ്യാമാഷേ ആൺ കുട്ടികളോട് മിണ്ടാകൂടി സമ്മതിക്കൂല "

മിൻഷയും കൂട്ടുകാരികളും ഇതൊക്കെ പറഞ്ഞതുകേട്ട് എനിക്കും അവരോടുള്ള വെറുപ്പിരട്ടിച്ചു.

ഉച്ചക്കഞ്ഞിയെക്കുറിച്ച് ആഡിറ്റ്  വിവരം  കിട്ടിയ ദിവസത്തെ സ്റ്റാഫ് മീറ്റിംഗിൽ ദിൽജിത ടീച്ചറോടായിരുന്നു എച്ച് എം ന് പറയാനുള്ളത്, കഴിഞ്ഞ നാലു കൊല്ലത്തെ കണക്ക് ശരിയാക്കണമത്രേ...
സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോൾ "എന്തേലും ഹെൽപ്പ് വേണമെങ്കിൽ പറയണം കേട്ടോ ടീച്ചറേ...."
ഒരിക്കലും ഹെൽപ്പ് ചോദിക്കില്ലാന്നുറപ്പായതുകൊണ്ടാണ് ഞാനതു പറഞ്ഞത്...

"സന്തോഷായി മാഷേ ഒരാളെങ്കിലും ചോദിച്ചല്ലോ ആ മുറിയിൽ ഒരു ലൈ ഇട്ടുതരോ? ഞാൻ വാങ്ങി വച്ചിട്ടുണ്ട്..." ഞാനും ദിൽജിത ടീച്ചറും സ്റ്റോറിലേക്കു കയറുന്നത് കണ്ടിട്ടാകണം ആൺപെൺ കണ്ണുകൾ സ്റ്റോർ മുറിയുടെ വാതിലിൽ പതുങ്ങി നിന്നു....
അരിച്ചാക്കുമുതൽ പച്ചക്കറിക്കണക്കുവരെ ഞാൻ കൂടെനിന്ന് ശരിയാക്കിക്കൊടുത്തു.  ചുമടുകാർക്ക് കൂലികൊടുത്തതിനും ഓട്ടോക്കൂലിയ്ക്കും വൗച്ചറുകളുണ്ടാക്കി. അന്ന് വൈകുന്നേരം ടൗണിലെ കടയിൽ നിന്ന് എനിക്ക്  ചായവാങ്ങിത്തന്നു.  വീട്ടുകാര്യങ്ങൾ തിരക്കി. എന്തു ഭംഗിയായി ചിരിക്കാൻ അവർക്കറിയാമെന്ന് ഞാൻ അത്ഭുതപ്പെട്ടു...

" മോളെകെട്ടിച്ചു തരോ മാഷേ കാശൊക്കെ ഒത്തിരിയുള്ളതാ ഒറ്റമോളും പുളിങ്കൊമ്പാട്ടോ.." വിജയന്മാഷ് മുറിക്കി കാർക്കിച്ച് തുപ്പി. ഞാൻ അത് ഒരു ചിരിയിലൊതുക്കി....

പിറ്റേന്നാണതുണ്ടായത് ആഡിറ്റു കഴിഞ്ഞ് ഓഫീസിൽ നിന്നു വരാന്തയിലൂടെ നടക്കുന്നതിനിടയിൽ...മുടിത്തുമ്പിലെ കുരുക്കിനെക്കുറിച്ച് തമാശയായി
" ആരെ തൂക്കിക്കൊല്ലാനാ ടീച്ചറേ ഈ കുരുക്ക്..." എന്നു ചോദിച്ചതും കണക്കുകളെഴുതിയ പുസ്തകങ്ങളും പേഴ്സും എന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞിട്ട് സ്റ്റോർ റൂമിലേക്ക് അവർ ഒരോട്ടമായിരുന്നു.  വാതിൽ വലിച്ചടച്ച  സ്കൂൾ വിടുവോളം പുറത്തുവന്നില്ല, മുപ്പതിനായിരത്തോളം രൂപ തിരിച്ചടയ്ക്കാനുള്ളതിന്റെ വിഷമമാകും എന്നാണ് ഞാൻ കരുതിയത്. കുട്ടികളും അദ്ധ്യാപകരും കണ്ടതിന്റെ ജാള്യത്തിൽ ഞാൻ പിറ്റേന്ന് ലീവെടുത്ത് മുറിയിലിരുന്നു....
ശനിയും ഞായറും കഴിഞ്ഞ് തിങ്കളും സ്കൂളിൽ പോയിരുന്നില്ല.തിങ്കൾ സിനിമ കഴിഞ്ഞ് മുറിയിലെത്തുമ്പോൾ വരാന്തയിൽ എന്നെ കാത്ത് ടീച്ചറുണ്ടായിരുന്നു....
എന്നെക്കണ്ടതും അവർ ഭംഗിയായ് ചിരിച്ചു...

"എന്റെ സഹോദരന്റെ കെട്ടിടാട്ടോ. ഏതു സിനിമയ്ക്കാ പോയത് ?  സ്കൂളിനെക്കുറിച്ചൊന്നും ചിന്തയില്ലേ.? എട്ടുവർഷായി എന്റെ ബന്ധുക്കളുടെ വീട്ടിലൊന്ന് കേറീട്ട്. ഇവിടെ വന്നത് മാഷോട് ഒരു കാര്യപറയാനാ. നമുക്ക് അകത്തിരിക്കാം...
ഒറ്റകട്ടിലിന്റെ ഒരുവശത്ത് ടീച്ചറിരുന്നു. ഇതിനിടയിൽ ഹൗസോണർ രഹസ്യായി ഫോണിൽ  വിളിച്ചു.....

"എന്റെ പെങ്ങളാ മാഷേ ലേശം ലൂസാ,  കാണണോന്നും പറഞ്ഞ് കഴിഞ്ഞ വെള്ളിമുതൽ വീട്ടിൽ വരുന്നു, ഇന്നിവിടെ എന്റെ ഭാര്യ ഇല്ലാ അതാ ഞാനങ്ങ് സമ്മതിച്ചത്. പെട്ടെന്ന് ഒഴിവാക്കിയേക്ക് അതു ശരിയാകില്ല മാഷേ..."

ഫോൺ കട്ടു ചെയ്തപ്പോൾ
"ദേവനാണല്ലേ..."
അതേന്ന് ഞാൻ മൂളി
"ഒരഞ്ചുമിനിട്ടേ എനിക്കുവേണ്ടൂ..."

"ആറരക്കൊല്ലം മുന്നേ എനിക്കൊരബദ്ധം പറ്റി മാഷേ  രണ്ടാമത്തെ കുഞ്ഞ് പ്രസവിച്ച് മൂന്നിന് ചത്തുപോയി.. പ്രസവം നിർത്തിയിരുന്നു, അന്നുമുതൽ  ജയേട്ടൻ എന്റെ മുറിയിൽ കിടക്കാതെയായി , നാലുകൊല്ലം കാലിൽ വീണ് കരഞ്ഞിട്ടാ ഈ അമ്പിളിയെ കിട്ടിയത്.. അല്ലെങ്കിലും അമ്പലോം ഉത്സവോം ആനയും കഴിഞ്ഞാലേ ജയേട്ടന് വീടെന്ന ചിന്തവരൂ...കൂട്ടുകാരുമായി കുടിക്കാനും ടൂറിനും കാശുണ്ട് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ നേരമില്ല.അതിനിടയ്ക്ക് ഈ ജോലി കിട്ടി ഞാൻ ആഗ്രഹിച്ചതേ അല്ലാട്ടോ, കാശിന് കാശുതന്നെ വേണ്ടേ മാഷേ...ഒരീസം ബാറിൽ വച്ച് ദേവനും ജയേട്ടനും തമ്മിൽ തല്ലായതിൽ പിന്നെ ആകെയുള്ള ബന്ധവും ഇല്ലാതെയായി. അതിനിടയ്ക്കാ അമ്പിളിയെ ഡാൻസ് പഠിപ്പിക്കാൻ നമ്മുടെ വിജയന്മാഷിന്റെ ഒരു കൂട്ടുകാരൻ വന്നത് എന്നോടും മക്കളോടും എന്തിഷ്ടായിരുന്നെന്നോ, അമ്പിളിയെ സംസ്ഥാന കലോത്സവത്തിനുവരെ ആ മാഷെത്തിച്ചു. എനിക്കതു പറ്റാൻ പാടില്ലായിരുന്നു മാഷേ. ജയേട്ടൻ ഗോവയ്ക്കെന്നുപറഞ്ഞു പോയിട്ട് രണ്ട് ദിവസായിരുന്നു ഞാൻ ലീവെടുത്തു. വിജയന്മാഷിന്റെ കൂട്ടുകാരനും വന്നു. ഞാൻ പൂർണമായി സമ്മതിച്ചിരുന്നുട്ടോ ഞങ്ങളെ കട്ടിലിൽ കണ്ടിട്ട് ഇറങ്ങിപ്പോയ ജയേട്ടനെ മൂന്ന് നാൾ കഴിഞ്ഞ് കാവിൽ തൂങ്ങി നിൽക്കണതായിട്ടാ  കാണണത്. നാട്ടുകാരും ബന്ധുക്കളും അന്നുമുതൽ എന്നെ...."

അവർ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.കരച്ചിലടക്കി അവർ തുടർന്നു.

"അതാ അന്നാകുരുക്കിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം പോയത് ഞാനിപ്പൊഴും ഈ മുടിയിൽ ഈ കുരുക്കിടുന്നത് ഓർമ്മയായിട്ടാ മാഷേ. പ്രമോഷൻ ലിസ്റ്റിൽ ഞാനുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഈ നാട്ടിൽ നിന്നും ഞാൻ പോകും അമ്പിളിയെ  കരക്കെത്തിക്കും വരെ എനിക്ക് ജീവനോടിരിക്കണം മാഷേ..."

അവർ ഇറങ്ങിപ്പോകും മുന്നേ എന്നെ നോക്കി ഭംഗിയായി ചിരിച്ചു....

കട്ടിലിൽ ചാരിയിരുന്ന എന്റെ മുഖത്ത് ആ  ചിരിപടരുന്നത്  കണ്ടിട്ടാണ് അവളിറങ്ങിവന്നത്.

"ദിൽജിതയെ ഓർത്തിട്ടാണോ ഈ ചിരി...."

"ഇല്ലെടീ.. നീ നിന്റെ കെട്ടിയവനെ ബിരിയാണി തീറ്റിക്കുന്നതോർത്തിട്ടാ പോലീസുകാരൻ എന്നെപ്പോലെ വെജിറ്റേറിയനാണോ ?"

കുളിച്ചത്തിന്റെ ഉന്മേഷത്തിൽ അവളിലേക്ക് പടർന്നുകേറുമ്പോഴും
ദിൽജിത എന്ന  പേരിന്റെ അർഥങ്ങളന്വേഷിക്കുകയാരുന്നു ഞാൻ...!!

രതീഷ് കെ എസ്
(ഗുൽമോഹർ009)

No comments:

Post a Comment