Thursday 8 December 2016

കഥ മോഹിനിയാട്ടങ്ങൾ

മോഹിനിയാട്ടങ്ങൾ...!!

കലോത്സവ വേദിയിൽ
മോഹിനിയാട്ടത്തിന്റെ റിസൾട്ട് വിളിച്ചുപറയുന്നു..വിജയിയാകുട്ടി മാഷേന്ന് വിളിച്ച് പാഞ്ഞുവരുന്നു.എന്റെ പിന്നിൽ നിന്ന ഒരാളെ കെട്ടിപ്പിടിക്കുന്നു...

"മാറിനിക്ക് അസത്തേ നീ എന്തായീ കാട്ടണത് , ഈ നിക്കണത് ആരെന്നറിയോ എന്റെ കൃഷ്ണനാ...മാഷതൊന്നും മൈൻഡ് ചെയ്യണ്ടാട്ടോ"

മൃഥുൽ കൃഷ്ണനെ ഓർത്തെടുക്കാൻ എനിക്ക് ആറുകൊല്ലം പിന്നോട്ട് പോകേണ്ടി വന്നു...
അവൻ വായ് തോരാതെ എന്തൊക്കെയോ പറയുന്നു...
എനിക്കൊന്നും കേൾക്കാനാകുന്നില്ല..

ഇഷ്ടസിനിമയെപ്പറ്റി അജ്മലിന്റെ വായിൽ നിന്നാണ് ചാന്തുപൊട്ടെന്ന ചർച്ചവന്നത് ക്ലാസിലെ  പെണ്ണും ആണും പിൻബെഞ്ചിലെ മുന്നാമതിരിക്കുന്ന മൃഥുൽ കൃഷ്ണനെ നോക്കിച്ചിരിച്ചു....
അപ്പൊഴാണ് ഞാനവന്റെ  കണ്ണ് ശ്രദ്ധിച്ചത്. കഴിഞ്ഞമൂന്ന് മാസത്തെ അലച്ചിലിന്റെ അവസാനവും.

മൂന്ന് മാസമായി മൃഥുലയുമായി ഞാൻ പ്രണയത്തിലാണ്. ഫേക്ക് ഐഡിയിലൂടെ  അവൻ എന്നെ സുന്ദരമായി പറ്റിച്ചിരിക്കുന്നു...
ഉള്ളിൽ നുരഞ്ഞുപൊന്തിയ അമർഷം മുഴുവനും ചേർത്ത് പരിഹാസത്തിന്റെ രൂപത്തിൽ ആ ചാന്തുപൊട്ടിനെ അനുകരിച്ചുകാണിച്ചും, ഭാവിജീവിതത്തിൽ നേരിടുന്ന ദുരന്തങ്ങൾ വെളിപ്പെടുത്തി മുറിവേല്പിച്ചും,  മനസിൽ ആവോളം  ശപിച്ചും.പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തോടെ ഞാൻ ക്ലാസുവിട്ടു. എങ്കിലും മൃഥുലയോടുള്ള പ്രണയം ഓർക്കുമ്പോൾ പിൻ നിരയിലെ ബെഞ്ചിലെ മൂന്നാമതിരിക്കുന്നവന്റെ മുഖത്ത് ശർദ്ധിക്കാൻ തോന്നി...

പ്രസവിച്ചുകിടക്കുന്ന അവളെ നാട്ടിലാക്കിയാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. പുതിയ സ്ഥലത്ത് അവിവാഹിതന്റെ ഭാവത്തിൽ അവതരിക്കാൻ വെറുതേ ഒരു ശ്രമം. ആൺ പെൺകുട്ടികളുടെ ഹീറോയാകാൻ മസാലകൂട്ടുള്ള തമാശകളും, വികൃതികൾക്ക്   കണ്ണടപ്പും, ഒറ്റയാൻ ജീവിതവും.. പുതിയ കുട്ടികളുടെ ഫ്രെണ്ട് റിക്വസ്റ്റുകളിൽ പേരിന്റെ ആഡ്യത്വം നോക്കി സ്വീരിക്കുന്നതിനിടയിൽ  മൃഥുലാകൃഷ്ണനും വന്നിരിക്കണം...

"ഹായ്"

"ഹായ് ആരാണ്"

"ഞാൻ ഒരു സ്റ്റുഡന്റ് "

"മൃഥുല ഏതുക്ലാസിൽ"

"അതു പറയൂല ബ്രോ കസിൻസ് ഫ്രെണ്ട്സ് അറിയാതിരിക്കാൻ എന്റെ ഫേക്ക് ഐഡിയ"

"ശരി....വീട്ടിൽ ആരൊക്കെ "

"ഞാൻ ,അമ്മ, അനിയൻ. അച്ഛൻ ഗൾഫിലാണ്"

"ശരി ഞാൻ തിരക്കിലാണ് പിന്നെക്കാണാം
ശുഭരാത്രി"

"ശുഭരാത്രി....."

പഞ്ചാരപ്രിയനായ എനിക്ക് അവളിട്ട കുത്തുകളിൽ വല്ലാത്ത പ്രതീക്ഷതോന്നി. പ്രൊഫൈലിലൂടെ ഒരു സൂക്ഷ്മനിരീഷണം നടത്തി. സ്കൂളിലെ മിക്ക മാഷുമാരും കുട്ടികളും ഫ്രെണ്ട്സ് ലിസ്റ്റിലുണ്ട്. ഫോട്ടോസിൽ ചിലങ്കയുടെ ചിത്രങ്ങൾ പിന്നെ, ആ തിളക്കമുള്ള കണ്ണുകൾ ചന്തനക്കുറിയും സിന്ദൂരക്കുറിയുമിട്ട വിവിധചിത്രങ്ങൾ.

രാത്രി വീണ്ടും ഓൺലൈനിൽ കണ്ട് ഒരു 'ഹായ് ' അയച്ചു...
മറുപടിയൊന്നും കിട്ടീല പിറ്റേന്ന് രാവിലെ
"ബ്രെദർ കൂടെ ഉണ്ടായിരുന്നു അതാ ചാറ്റിൽ വരാത്തത് ഇന്നുമുതൽ അവനെ മാറ്റിക്കിടത്താട്ടോ..." എന്നാ മെസ്സേജ് വായിച്ചു രാത്രിയാകാൻ കാത്തിരുന്നു....

"ഹായ് സർ"

"ഹായ് പൊന്നു"

" എന്നെ പൊന്നൂന്നാ വീട്ടിൽ വിളിക്കുന്നതെന്ന് എങ്ങനെ അറിയാം."

പൊന്നു എന്റെ ചൂണ്ടയിൽ കൊരുക്കാറുള്ള സ്ഥിരം ഇരയായിരുന്നു... അവൾക്കാറിയില്ലാന്നെന്നാണ്  ഇരയായിക്കൊണ്ട് ഞാൻ ചിന്തിച്ചത്....
പിന്നെ പ്രണയത്തിന്റെ വേലിയേറ്റമായിരുന്നു. മൃഥുലയകണ്ടെത്താൻ  ദിവസവും ഒപ്പിടാൻ  മടിക്കുന്ന ഞാൻ അഡ്മിഷൻ രജിസ്റ്റർ പോലും ചികഞ്ഞു....

ആ കണ്ണുകൾ കുറേക്കാലം ഫോണിലെ വാൾപ്പേപ്പറായി കിടന്നു. ചാറ്റിന്റെ എല്ലാ നിയന്ത്രണളുംകടന്ന് രതിയുടെ രീതികളും പിന്നിട്ട് മടുപ്പിന്റെ വഴിയിലേക്ക് കടക്കുമ്പോഴാണ് ഇടിത്തീപോലെ പിൻ നിരയിലെ ചന്ദനക്കുറിയിട്ട ആ കണ്ണുകൾ കണ്ടത്.

വൈകിട്ട് വീട്ടിലേക്കുതിരിക്കുമ്പോൾ അവൻ കാറിന് കൈകാണിച്ചു. നിർത്താൻ എനിക്ക് മടിതോന്നിയില്ല ഞാൻ പറ്റിക്കപ്പെട്ടിട്ടില്ലെന്ന് അവനെയൊന്ന് ബോദ്യപ്പെടുത്തണമായിരുന്നു. കാറിൽ കേറിയതുമുതൽ അവൻ കരച്ചിലായിരുന്നു.
വീട്ടിലെത്തിട്ടും കണ്ണുതോരുന്നില്ല.

"കരയെണ്ടെടാ ഇതൊക്കെ മാറും നീയൊരാൺകുട്ടിയല്ലേ?"  കുറേ നേരം അവൻ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞ് അവൻ അടുക്കളയിൽ പോയി കട്ടൻ ചായയിട്ടു. പാത്രങ്ങളൊക്കെ കഴുകിവച്ചു. മുറിയാകെ വൃത്തിയാക്കി. അവന്റെ ഈ താളത്തിൽ എനിക്ക് വല്ലാത്ത കൗതുകം തോന്നി. ഞാൻ കുളിക്കാൻ കയറിയതിനിടയിൽ ബക്കറ്റലിട്ടിരുന്ന തുണികളെല്ലം കഴുകിയിട്ടു....
തുണി വിരിച്ചിടുന്നതിനിടയിൽ....

"എടാ നീ എന്താ ഈ കാണിക്കുന്നത് ഇതെന്താ ഗുരുകുലോ നീ എന്താടാ പുല്ലേ എന്റെ ഭാര്യയോ.."

എല്ലാത്തിനും ഉത്തരം കുഴഞ്ഞ ഒരു ചിരിയായിരുന്നു.. ഇതിനിടയിൽ കുക്കറിൽ അരിവേകുന്ന ശബ്ദം കേട്ടൂ. അവൻ അടുക്കളയിലേക്കുപോയി. വീടിനാകെ ഒരു വൃത്തിവന്നിരിക്കുന്നു. മിക്സിയിലരച്ച ചമ്മന്തിചേർത്ത് ഏഴുമണിക്ക് ചേറും കഴിച്ചു.

"എന്താടാ ഇവിടെ ഇന്ന് തങ്ങാനാ ഭാവം. എന്തായാലും പറ്റിയത് പറ്റി ഞാൻ ആരോടും പറയൂലാ എനിക്കല്ലേ നാണക്കേട്. നീയും പുറത്തു വിടണ്ട. നാറ്റിക്കല്ലേ മോനേ..."

തുറിച്ചുള്ള നോട്ടമായിരുന്നു മറുപടി.കട്ടിലിൽ ബെഡ്ഷീറ്റ് വിരിച്ച് തലയിണയുടെ മുഷിഞ്ഞ ഉറകളൊക്കെ മാറ്റി കുടിക്കാൻ വെള്ളം വച്ചിട്ട്. അവൻ അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. ഏതോ ആനുകാലികത്തിന്റെ താളുകൾ മറിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്നും വാസനസോപ്പിനൊപ്പം ഒരു മൂളിപ്പാട്ടും ഒഴുകിവന്നു. വെളുത്ത ബനിയനും എന്റെ പഴയൊരു ലുങ്കിയുമുടുത്ത് നിലത്തുവിരിച്ചിട്ട പായയിൽ അവൻ വന്നിരുന്നു.

മുഖത്ത് ഗൗരവം വരുത്തി ഞാൻ ചോദിച്ചു

"നിന്നെ വീട്ടിൽ തിരക്കില്ലേ..? നിന്റെ വീടെവിടാ..? ആരൊക്കെ ഉണ്ട്..?"

"എന്നെ പൊന്നൂന്ന് വിളിച്ചാൽ മതി..."

തല്ലാൻ കൈയോങ്ങിയ എന്നെ നോക്കി അവൻ കുലുഞ്ഞിചിരിച്ചു. എനിക്കും ചിരിയടക്കാനായില്ല.

"ചേച്ചിവരുന്നതുവരെ ഞാനിവിടെ കഴിഞ്ഞോട്ടേ..?
ചേച്ചിക്ക് പകരമായി, ഒരു വേലക്കാരിയെപ്പോലെ..?"

ഞാനൊന്നും പറഞ്ഞില്ല. അവൻ തുടർന്നു..."മാഷിനെന്തറിയാം അയാൾ രാത്രി കുടിച്ചോണ്ടുവന്ന് പണിയെടുത്ത് നടുവൊടിഞ്ഞ ആ തള്ളേടേ മോളിൽ കേറും. അവർ സമ്മതിച്ചില്ലെങ്കിൽ ഖദീജതാത്തേടെ അടുക്കളവാതിലിൽ തട്ടും . ആ മജീദിന് അരിച്ചാക്കിന്റെ എടേന്ന് ഇറങ്ങിവരാൻ രാത്രി ഒന്നൊന്നര മണിയാകും, അയാൾക്ക് എന്റെ ബാക്ക് കണ്ടാലേ പുളക്കമ്പ് പോലത്ത സാധനം പൊങ്ങു. ഞാൻ ആ കടേൽ  നിക്കണതാ എന്റപ്പനും മജീദ് കാക്കയ്ക്കും സന്തോഷം. ഞാനെന്റെ വീട്ടിൽ കെടന്നിട്ട് എത്ര കാലായിന്നോ. മിക്കവാറും ആ ഡാൻസ് സ്കൂളിൽ തന്നെ. ഞാനിപ്പൊ ഇവിടാന്നറിഞ്ഞൽ അരികൊറച്ചിട്ടാ മതിന്ന് ആ തള്ളകരുതിക്കോളും "

വായിച്ചുകൊണ്ടിരുന്ന ആനുകാലികത്തിൽ എഴുതിയിട്ടില്ലാത്ത മൃഥുലയുടെ കഥവായിക്കുകയായിരുന്നു..

രാവിലെ ഉണരുമ്പോൾ അവൻ യൂണിഫോം തേയ്ക്കുകയായിരുന്നു. എനിക്ക് ഇടാനുള്ള ഷൂസുപോലും പോളിഷുചെയ്തു വച്ചിരിക്കുന്നു. പാലിൽ ഓട്സ് കാച്ചിയതും , ഏത്തൻ പുഴുങ്ങിയതും പ്ലേറ്റിലിരിക്കുന്നു. ഞാൻ കുളിമുറിയിൽ കേറുമ്പോൾ...

"ഞാൻ ഇറങ്ങുന്നേ ഇന്ന് അജീഷ് മാഷ് സ്പെഷ്യലുവച്ചിട്ടുണ്ട് അല്ലെങ്കിലും നമ്മൾ ഒരുമിച്ചു താമസം തുടങ്ങിയത്  ആരുമറിയണ്ടാ..."

സ്കൂളിലും ക്ലാസിലും ഒരു പരിചയവും കാണിച്ചില്ല. ഉച്ചയ്ക്കുശേഷം സ്കൂളിലും കണ്ടില്ല.. ഞാൻ സെക്കന്റ് ഷോ കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്തിയത്.  വാതിലിന്റെ കൈപിടിയിൽ ഒരു വലിയ കവറിൽ കുറച്ച് വസ്ത്രങ്ങൾ....
യൂണിഫോം കണ്ട് അവന്റേതെന്ന് ഉറപ്പിച്ചു. ഇവൻ എന്തിനുള്ള പുറപ്പാടാണെന്ന് ചിന്തിക്കും മുന്നേ കുറച്ച് പച്ചക്കറികളും, ഒരു പഴുപ്പ പപ്പായയുമായി കേറിവന്നു. കവറും എടുത്ത് അടുക്കളയിലേക്കുപോയി. രാത്രി മേശപ്പുറത്ത് വിളമ്പിയ വിഭവങ്ങൾക്ക് ഒരു വീട്ടുകാരിയുടെ രുചിയുണ്ടായിരുന്നു. വല്ലാത്തതൃപ്തിയോടെ കഴിച്ചുതീർത്തെണിക്കുമ്പോൾ ബാക്കിവന്നപാത്രത്തിൽ ചോറിട്ട് കഴിക്കാൻ തുടങ്ങുന്നത് കണ്ടിട്ട് എനിക്ക് വല്ലാത്തൊരസ്വസ്ഥതതോന്നി. രാത്രി ഫോണിൽ കുത്തിക്കുറിച്ചിരിക്കുന്നതിനിടയിൽ ഒരു ചെറിയ ചിരിയോടെ...

"ഇനിയും ഉണ്ടോ മൃഥുലമാർ, എന്തൊക്കെ ആയിരുന്നു,  കൊച്ചുകള്ളൻ..സ്കൂളിൽ എന്തൊരുമാന്യൻ...."

എന്റെ ഭാവമാറ്റം കണ്ടിട്ടാകണം അവൻ നിർത്തി.വീണ്ടും ചാറ്റിലേക്ക് തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.

"അപ്പൊ ആ വർഷ പറയണത് ശരിയാണല്ലേ..മാഷും അവളും ഫുൾ ചാറ്റാന്നാ. ശരിയല്ലാട്ടോ. അവൾ മഹാ പെഴയ..."
എന്റെ ഭാവമാറിയപ്പോൾ അവൻ കിടന്നു.

പിറ്റേന്ന് ഞാൻ ഉണരും മുന്നേ അവൻ പോയിരുന്നു. ബ്രെഡ് ഓമ്ലേറ്റും ,പാലും കാച്ചിവച്ചിരുന്നു.

സ്കൂളിൽ എത്തിയപ്പോൾ എനിക്ക് എന്തോ പന്തികേടുതോന്നി. പി ടി എ പ്രസിഡന്റും സ്റ്റാഫ് സെക്രട്ടറിയും എന്റെ കാറ് റോഡിൽ വച്ച് തടഞ്ഞു. വീട്ടിലേക്കുപോകാൻ പറഞ്ഞു . ഞാൻ വർഷയോട് രാത്രി മോശമായി സംസാരിച്ചുപോലും അവരുടെ വീട്ടുകാർ എന്നെ തല്ലാൻ വന്നിരിക്കുന്നു. ഞാൻ വീട്ടിലേക്കുപോയി വല്ലാത്തൊരു ഭയം ആകെ ഒരു "ശുഭരാത്രി"യല്ലാതെ വർഷയോട് സംസാരിച്ചിരുന്നില്ല...പിന്നെങ്ങനെ ?  ഞാൻ ഫേസ്ബുക്ക് പരിശോധിച്ചു.
"ലൗ യൂ
കാൾ മി വെൻ യൂ ഫ്രീ." എനിക്ക് തലചുറ്റുന്നപോലെ തോന്നി....

"ചേച്ചി വരുന്നതുവരെ ചേച്ചിക്ക് പകരം ഞാൻ" എന്റെ നിയന്ത്രണം ആകെ വിട്ടിരുന്നു..അവൻ വരാൻ കാത്തിരുന്നു. ആറുമണി കഴിഞ്ഞിട്ടുണ്ടാകും. അവൻ വന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അടുക്കളയിലേക്കുപോയി.  പിന്നിലൂടെ ചവിട്ടി നിലത്തിട്ട് ഇടിച്ചു. ടോയിലെറ്റിൽ വലിച്ചിഴച്ച് ബക്കറ്റു കൊണ്ട് തലയ്ക്കും മുഖത്തും  തല്ലി. ടോയിലെറ്റ് ബ്രെഷ് ഓടിയുവോളം തല്ലി...കരയുന്നത് പോയിട്ട് ഒന്ന് ഞരങ്ങുകപോലും ചെയ്തില്ല. തലയും ചുണ്ടും മുറിഞ്ഞ് ടോയിലെറ്റ് ആകെ രക്തകളമായി..
ഞാൻ നിർത്തി അവൻ ഷവർ തുറന്ന് അതിന്റെ ചുവട്ടിലിരുന്നു. ഒന്നും തിന്നാതെ കേറി കിടന്നു എപ്പഴോ ഞാൻ ഉറങ്ങി...

രാവിലെ എണിറ്റ് ഒരു സിഗരറ്റും പുകച്ചിരിക്കുമ്പോൾ, മുറിവിലെല്ലാം എന്തോ പൊടി പുരട്ടി,  അന്നിടാനുള്ള ഷർട്ട് തേയ്ക്കുകയായിരുന്നു.

"അപ്പൊ ഈ ശീലമൊക്കെ ഉണ്ടോ. ക്ലാസിൽ ലഹരീന്നൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതോ..?"

അവൻ എന്റെ
ചുണ്ടിൽ നിന്നും സിഗരറ്റ് വലിച്ചെടുത്ത് ടോയിലെറ്റിലേക്ക് എറിഞ്ഞു...
ഞാൻ ചാടി എഴുന്നേറ്റ് ആ മേശയിൽ അവനെ കുനിച്ചു നിർത്തി. അയൺബോക്സ് പുറത്ത് ചേർത്തുവച്ചു..
പച്ചമാംസം വെന്തുരുകുന്ന മണം മുറിയിലാകെ നിറഞ്ഞു. വേദനകടിച്ചമർത്തി അവൻ കിടന്നു തന്നു.അതും വലിച്ചെറിഞ്ഞ് അവന്റെ കവറും എടുത്ത് അവനെ പിടിച്ചുപുറത്താക്കി വാതിലടച്ചു...സ്കൂളിലേക്ക് പോകാനിറങ്ങിയപ്പോഴും അവൻ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു....

"ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കണ്ടാൽ കൊന്നുകളയും നായേ..."

വളരെ പേടിച്ചാണ് സ്കൂളിലെത്തിയത്...

"ഇത് മാഷ് സ്വയം വരുത്തിയതാ കുട്ടികൾക്ക് അമിതം സ്വാതന്ത്ര്യം കൊടുക്കരുത്. മൃഥുൽ കഴിഞ്ഞ രണ്ട് ദിവസായി മാഷിന്റെ വീട്ടിലാർന്നല്ലേ. അവൻ ഇത് പറഞ്ഞില്ലാർന്നെങ്കിൽ മാഷേ  അകത്ത് പോകുമായിരുന്നു.."

പി റ്റി എ പ്രസിഡന്റ് പറഞ്ഞു നിർത്തി. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. സ്കൂളാകെ രണ്ട് കഥകളും അറിഞ്ഞിരിക്കുന്നു . പിന്നെ ഞാൻ അവനെ കണ്ടിട്ടേയില്ല അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു..അല്പം തടിച്ചിരിക്കുന്നു മുടിയൊക്കെ നീട്ടി വളർത്തി നല്ല സൗന്ദര്യം വച്ചിരിക്കുന്നു...

"എങ്ങനെ മാഷേ എന്റെ കുട്ടികളുടെ മോഹിനിയാട്ടം  നന്നായിരുന്നില്ലേ...? ഒത്തിരി കുട്ടികൾക്ക് സമ്മാനമുണ്ട്.."

ഓർമ്മകളിൽ നിന്നും വളരെ നന്നായെന്ന് ഞാൻ പറഞ്ഞുപോയി...

" ചേച്ചി ഇപ്പൊഴും വന്നിട്ടില്ലല്ലേ...?
രണ്ടാമത്തെ കുട്ടിയുണ്ടായതൊക്കെ ഞാനറിഞ്ഞു.വീടൊക്കെ വൃത്തിയാക്കിയിടണ്ടേ ഇന്ന് ഞാൻ വരൂട്ടോ..."

കുട്ടികളെപ്പോലും ഓർക്കാതെ വീട്ടിലേക്കുപോയി...
കട്ടിലിലിരുന്ന് പുകവലിച്ചു. ഫോണിൽ ഫേസ്ബുക്ക് തുറന്നപ്പോൾ ചിലങ്ക സ്കൂൾ ഓഫ് ഡാൻസിന്റെ പേരിൽ ഒരു ഫ്രെണ്ട് റിക്വസ്റ്റ് കണ്ടു...

എനിക്ക് വല്ലാതെ കുളിരുന്നതുപോലെ,
ചിലങ്കയുടെ  ശബ്ദം എന്റെ പുതപ്പിനുള്ളിലേക്ക് കയറിവന്നു....!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)

No comments:

Post a Comment