Friday 16 December 2016

കഥ ആംഗ്ലിക്കൻ ക്രിസ്തു

ആംഗ്ലിക്കൻ ക്രിസ്തു...!!

"എടാ കെ എസ്സേ, നീ ആ കവിതയൊന്ന് ചൊല്ലുമോ..? നമുക്ക് ആ മരുന്ന് ഗോഡൗണിൽ ഒന്നൂടെ കാണണ്ടേ ? മുകുന്ദിനേം വിളിക്കാം, നി എന്താടാ കാമസൂത്രേ മിണ്ടാത്തത് എടാ കെ എസ്സേ...."

കട്ടിലിന്റെ അരികിൽ കുടിക്കാൻ വച്ചിരുന്ന വെള്ളം എന്റെ തലയിലൂടെ ഒഴിച്ചിട്ട് അവൾ അലറി....

" ആരാ ഈ സ്മിതിൻ, എന്നിട്ട് ഒരു പെണ്ണാണല്ലോ സംസാരിച്ചത് ഈ നാലുമണി വെളുപ്പിന് നിങ്ങളെ ഏതു ഗോഡൗണിലാ അവൾക്ക്  കാണേണ്ടത്...?
നിങ്ങൾക്ക് കാമസൂത്രേന്ന് പേരുണ്ടോ...?"

ഇൻ കമിംഗ് കാളുകളിൽ സ്മിതിൻ വി പി എന്നെഴുതിയിരുന്നു...
ഫോൺ എന്റ് മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ കട്ടിലിൽ നിന്നും നിലത്തിറങ്ങികിടന്നു.

ഞാൻ ഫോണുമായി വീടിന് പുറത്തിറങ്ങി.ആ നമ്പരിലേക്ക് വിളിച്ചിട്ട് കാൾ എടുക്കുന്നില്ല. തിരികെ മുറിയിലെത്തുമ്പോൾ ചുവരിൽ ചാരിയിരുന്ന് അവൾ കരയുന്നു.

"നാളെ ഞാനും മോനും നാട്ടിലേക്ക് പോകും. ഗോഡൗണൊന്നും നോക്കണ്ടാ അവളുമാരെയെല്ലാം ഇവിടേക്ക് വിളിച്ചോളൂ. ടിക്കറ്റ് എടുത്തു തന്നില്ലെങ്കിൽ ഞാൻ അച്ഛനോട് വരാൻ പറയും"

"ഞാൻ ഒന്ന് പറഞ്ഞോട്ടേ"

" ഞാനിനി എന്താ കേൾക്കേണ്ടത്.
അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടല്ലോ ഇനി എന്തു നുണക്കഥയാ ഇതിന്റെ വാലിൽ പിടിച്ച് പറയാനുള്ളത്"

"നീ ഒരഞ്ചു മിനിട്ട് എന്നെ കേൾക്കോ "

"നാണം ഉണ്ടോ മനുഷ്യാ രണ്ട് കുട്ടികളായില്ലേ ? നിങ്ങൾക്ക് എന്തിന്റെ കുറവാ ഞാൻ വരുത്തിയത്.?"

"എടീ നീ ഒന്ന് കേൾക്ക് നിനക്ക് അവളെ അറിയാം.
അന്ന് കല്യാണത്തിന് നിന്നെയും എന്നെയും കെട്ടിപ്പിടിച്ച സ്മിത, ബീച്ചിൽ വച്ച് കണ്ടപ്പോൾ നീ എന്നോട് ചോദിച്ചില്ലേ ആ പെണ്ണ് വെള്ളമടിക്കോന്ന്..?, അന്ന് തിയേറ്ററിൻ നിന്ന് മടങ്ങുമ്പോൾ ടിക്കറ്റ് ഒപ്പിച്ചു തന്നില്ലേ സ്മിത, സ്മിതാ മൈക്കിൾ..."

"അതിനെന്തിനാ സ്മിതിൻ എന്നൊക്കെ പേരിട്ടിരിക്കുന്നത്.ഇതുപോലെ എത്രയെണ്ണമുണ്ട്. എനിക്കിനി സഹിക്കാൻ വയ്യാ എന്നെ വീട്ടിൽ കൊണ്ടുവിട്ടേക്കു. എന്നിട്ട്  വാട്സ് ആപ്പും എല്ലാ കോപ്പും കെട്ടിപ്പിടിച്ച് കിടന്നോളൂ..."

"ശരി, നി കേൾക്കണ്ട എവിടേലും പോയി തുലയ് നാളെ നിന്നെ ഈ വീട്ടിൽ കാണരുത്..."

ഞാൻ വാതിൽ വലിച്ചടച്ച് വരാന്തയിലെ ചാരുകസേരയിൽ ചെന്നിരുന്നു മുറിയിൽ കരച്ചിൽ ശക്തിപ്രാപിക്കുന്നതും, തുമ്മലും ചീറ്റലുമായി ക്ഷയിച്ച്  തോരുന്നതും ശ്രദ്ധിച്ചു. കണ്ണിൽ  ഒരു ചാറ്റൽ മഴയെ ഒതുക്കി നിർത്തി അവൾ പുറത്തേക്കുവന്നു.

".നല്ല   മഞ്ഞല്ലേ മാഷേ അകത്തേക്കു വാ."
ഞാനൊന്നും മിണ്ടീല.
" മാഷിനറിയാല്ലോ, എനിക്ക് വേറെ ആരാ ഉള്ളത്. ഒന്നാമത് എനിക്ക് കല്യാണപന്തലുമുതൽ അവളെ ഇഷ്ടല്ല. പ്ലീസ് മാഷേ അകത്തേക്കു വാ "

"ഞാൻ പറയണത് കേൾക്കാൻ തയാറാണോ...?"

"ഉം"

"എന്ത് കും എന്നെ വിശ്വാസമുണ്ടോ...?"

"കുറച്ച് "
അവൾ ചിരിച്ചു, ഞാൻ അവൽക്ക് കഥപറഞ്ഞു കൊടുക്കട്ടേ.

"എടി, പ്ല്സ്ടൂ  സയൻസിൽ  അഡ്മിഷൻ കിട്ടിയതിനെ ശപിച്ച് ക്ലാസിൽ വീർപ്പുമുട്ടിയ എന്നെ, കൊമേഴ്സിൽ കൊണ്ടിരുത്തി.  മൂന്ന് മാസായിട്ടും എനിക്ക് ഒരു കുന്തോം മനസിലായില്ലാട്ടോ.
മാഷുമാർ എന്തൊക്കെയോ പറയുന്നു. ആ പിള്ളേർ തലയാട്ടുന്നു ചിരിക്കുന്നു. മുഴുവനും ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും വന്നതാ. എനിക്ക് ആ  ഫുഡ്ബോളിന്റെ സർട്ടിഫിക്കറ്റിന്റെ പുറത്ത് അഡ്മിഷൻ കിട്ടിയതാ.  അവിടാണെങ്കിൽ ഇംഗ്ലീഷിലല്ലാതെ ഒന്നും വിളമ്പുന്നതുമില്ല.

ഒരു ദിവസം ഇന്റെർവെല്ലു കഴിഞ്ഞ് ക്ലാസിലെത്തുമ്പോൾ, ഒരു പൂച്ചക്കണ്ണി സുന്ദരിയും, എന്റെ അടുത്തിരിക്കുന്ന വെളുത്ത മെലിഞ്ഞ ആ ചെക്കനും എന്റെ ബുക്കിൽ നോക്കി ചിരിക്കുന്നു. സത്യം പറയാല്ലോ ക്ലാസിൽ പറയുന്ന നോട്ടുകൾക്ക് പകരം.  ടീ വിലൊക്കെ ആളുകൾ ചാകാൻ കിടക്കുമ്പോൾ ഹൃദയമിടിപ്പ് കാണിക്കില്ലേ അതുമാതിരി വരയിടലാ എന്റെ പണി. അല്ലാതെ ഞാനെന്തുചെയ്യും. ബുക്കും പിടിച്ചു വാങ്ങി. ആ പെണ്ണിനോട് എന്റെ സ്ഥലത്തൂന്ന് എണിക്കാൻ പറഞ്ഞു.

പിൻ ബെഞ്ചിൽ അടുത്തടുത്തായിരുന്ന അവരെ പിരിക്കാനാ ആ മാഷ് എന്നെ ഇടയിൽ ഇരുത്തിയത്. ഇപ്പൊ അത് എനിക്ക് പാരയായി. ആഗസ്റ്റുമുതൽ ടീസി വാങ്ങി ഐ റ്റി ഐ യിൽ ചേരാൻ പോകുന്ന വിവരം പറഞ്ഞപ്പോൾ ആ പെണ്ണ് എന്റെ കൈക്ക് പിടിച്ചിട്ട്. ഞങ്ങൾ സഹായിക്കാന്നും പറഞ്ഞ് എന്റെ അടുത്തിരുന്നു. എന്തു ഭംഗിയാണെന്നോ അവൾക്ക്. സ്വർണതലമുടി, ഗോതമ്പിന്റെ നിറം, പൂച്ചക്കണ്ണ് നമ്മുടെ നടി മോഹിനിയെപ്പോലെ....ചുണ്ടാണെങ്കിൽ...."

"ഇതാണെങ്കിൽ എനിക്ക് കേൾക്കണ്ടാട്ടോ അല്ലേലും പെണ്ണുങ്ങളെപ്പറ്റിപറയാൻ. മാഷിനെക്കഴിഞ്ഞേയുള്ളൂ..."

കരഞ്ഞ അവളുടെ കണ്ണുകൾക്കിപ്പോൾ ആസൂയ നക്ഷത്രത്തിന്റെ തിളക്കം.

"എന്നിട്ടോ.."

"എന്നിട്ട് ഞാൻ പഠിച്ചു ജയിച്ചു ഞാൻ എന്റെ വഴിക്കും അവർ അവരുടെ വഴിക്കും"
കഥകേൾക്കാനുള്ള അവളുടെ  കൊതി ചുണ്ടിൽ തെളിഞ്ഞ ചിരിയിലും എനിക്ക് തന്ന നുള്ളിലുമുണ്ടായിരുന്നു...

"പറ മാഷേ. എന്നിട്ടോ."

"അവറ്റകൾ തമ്മിൽ പ്രേമമായിരുന്നെടി ചെക്കൻ മുടിഞ്ഞ പഠിപ്പിസ്റ്റും, അവളും മിടുക്കിയ. അവർ തമാശപറയണത് പോലും ഇംഗ്ലീഷിലാ. എനിക്ക് നോട്ടെഴുതി തരുന്നത് അവൾ, ബിസിനസ് സ്റ്റഡീസും മറ്റു വിഷയങ്ങളും മലയാളത്തിൽ പറഞ്ഞു തരുന്നത് അവൻ. അതുമുതൽ ഞാനും ക്ലാസിലാണെന്ന് തോന്നിത്തുടങ്ങി. എന്റെ ഉച്ചഭക്ഷണം ഉപ്പിലിട്ട നെല്ലിക്കയും വെള്ളവുമാണെന്നറിഞ്ഞതുമുതൽ അവൾ എനിക്ക് ചോറ് കൊണ്ടു വരാൻ തുടങ്ങി. ആഗ്ലോ ഇന്ത്യൻ രുചിയുടെയും നായർ തറവാട്ടിന്റെ രുചിയുടെയും  ഇടയിലാർന്നെടി പിന്നെ ഉച്ചഭക്ഷണം. മൂന്നാളും ഒരുമിച്ചിരിക്കും. അവളുടെ വീട്ടിലെ ആഹാരത്തിന്റെ ടേസ്റ്റ് ദേ നാവിലിപ്പൊഴും..."

"മതി മതി അപ്പൊ ഞാൻ വയ്ക്കുന്നതൊക്കെ വെട്ടി വിഴുങ്ങുന്നതോ....?"

"സത്യം പറയാല്ലോ നീ പാചകത്തിൽ മിടുക്കിയാട്ടോ അതല്ലേ മുത്തേ എനിക്ക് നിന്നെ ഇത്രയ്ക്കിഷ്ടം."

"ഉം സോപ്പിടണ്ട , ബാക്കി പറ"

"ആ   നിന്നോട് പറഞ്ഞിട്ടില്ലേ?
ക്ലാസ് കട്ട് ചെയ്ത് ഞാൻ ജോലിക്ക് പോകുമായിരുന്ന കാര്യം.  അതും അവർ കണ്ടുപിടിച്ചു. പിന്നെ എന്റെ താമസം മൈക്കിളച്ചായന്റെ മെഡിക്കൽ ഗോഡൗണിലായി,  സ്കൂളുവിട്ടാൽ പിന്നെ സ്മിതാ മെഡിക്കൽസിൽ അസിസ്റ്റന്റ്. താമസം  ഭക്ഷണം പിന്നെ ആയിരത്തി ഇരുന്നൂറ്റമ്പത് രൂപയും പോരേ..പ്ലസ് ടൂ തിരാറായപ്പോൾ ആ പ്രേമം വല്ലാതെ മുറുകി.  നീ അന്ന് ഡയറീൽ കണ്ടില്ലേ ഗ്രൂപ്പ് ഫോട്ടോ,  ഞങ്ങൾ മുന്നാളാ. ഓർക്കണില്ലേ. ഒരു പെണ്ണും ആണും എന്റെ തോളിൽ കൈയിട്ട്. സ്കൂളിൽ ഏറ്റവും മാർക്ക് മുകുന്ദിനായിരുന്നു അവൾക്കും ഡിസ്റ്റിംഗ്ഷനുണ്ടായിരുന്നു. ഞാൻ കണക്കിന് തോറ്റു. സേ എഴുതാൻ അവളുടെ ഒരു ബന്ധു മാഷാ സഹായിച്ചത്. ആ മാഷ് ഇവളെ പ്രൊപ്പോസ് ചെയ്തിരുന്നു. പഠിപ്പ് തീരട്ടേന്ന് അച്ചായനും പറഞ്ഞു.

ഡിഗ്രിക്ക് ഞാൻ പിന്നെയാ ചേർന്നത് . അവർ ബി കോമിനും ഞാൻ ബി എ മലയാളത്തിലും. അവിടേം അവർ എന്നെ വിട്ടില്ല. ഞാൻ അപ്പൊ പാർട്ടീലൊക്കെ സജീവായി. പിന്നെ കവിതേം കഥേം. നീ ഉറങ്ങിയാ."

"ന്റെ മാഷേ  നിങ്ങടെ പൊട്ടക്കഥയും കവിതേം എനിക്കറിയാല്ലോ.  ആ വീര കഥകൾ എത്ര തവണ പറഞ്ഞ് വെറുപ്പിച്ചതാ. സ്മിതേടേം മുകുന്ദിന്റേം കാര്യം പറ"

"പിന്നെ ഒന്നൂല്ലാ. നീ അവരോട് തന്നെ ചോദിക്ക് നി എറിഞ്ഞ ഫോണിൽ രണ്ടാളുടേം നമ്പരുണ്ട്. സ്മിതിൻ ഒന്ന്
സ്മിതിൻ 2 ഏതിൽ വിളിച്ചാലും സ്മിതേ കിട്ടും. പോടീ പോ.എനിക്ക് പറയാൻ മനസ്സില്ല"

"ന്റെ പൊന്നു മാഷല്ലേ, ഞാൻ ഇനി കഥേ കുറ്റം പറയൂലാ ന്റെ മാഷാണെ സത്യം." അവൾ എന്നിലേക്ക് ചേർന്നിരുന്നു. കൈയിൽ ചുംബിച്ചു..ഞാൻ കഥ പറഞ്ഞുപോയി....

."..ഡിഗ്രി മൂന്നാം വർഷം തുടക്കത്തിൽ ആ മാഷിന്റെ ആലോചന പിന്നേം വന്നു. മുകുന്ദിന്റെ വീട്ടുകാർ ഒരിസം രണ്ടിനേം തീയേറ്ററിൽ നിന്നും പൊക്കി മുകുന്ദിനെ അച്ഛൻ ബൈക്കിൽ കൊണ്ടു വിടാൻ തുടങ്ങി ആൾ പട്ടാളാട്ടോ. മൈക്കിളച്ചായൻ കണക്കു മാഷിനെക്കുറിച്ച് എന്നോട് തിരക്കി, അച്ചായൻ ഏതാണ്ട് അതങ്ങുറപ്പിച്ച മട്ടിലായിരുന്നു. ആ മാഷാണെങ്കിൽ അരമനേലൊക്കെ ശരിക്കും പിടിപാടൊള്ള ആളും നല്ല ജോലിയും. പിന്നെ ആകെ പ്രശ്നായിട്ടോ പട്ടാളക്കാർൻ കടേവന്ന് അച്ചായനെ തെറിവിളിച്ചു. അതിന്റെ മൂന്നിന് സ്മിതേടെ മനസ്സുചോദ്യോം കഴിഞ്ഞു...ടീ നീ ഉറങ്ങിയോ"

"മര്യാദയ്ക്ക് കഥ പറ മനുഷ്യാ"

"ങാ ഞാൻ കരുതി ഉറങ്ങിയെന്ന്, ഒരു ഹർത്താൽ ദിവസം അച്ചായൻ കൊച്ചിലായിരുന്നു എന്ന് തോന്നുന്നു. സ്മിത ഒരു എട്ടുമണിക്ക് കാപ്പി കൊണ്ടു തന്നിട്ട്. അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞ് കുളിമുറിയിൽ കേറി. അവൾ  രാത്രി ഇടണ കൈയൊന്നും നീളമില്ലാത്ത സിൽക്ക് ടൈപ്പ് , നിനക്കില്ലേ അതുപോലെ ഒരെണ്ണം.  എന്നിട്ട്  ജനലിലൂടെ പുറത്തേക്ക് നോക്കി ഞാൻ കിടക്കുന്ന കട്ടിലിൽ കിടന്നു. തലയിണയുടെ അടിയിൽ വച്ചിരുന്ന ഒരു കൊച്ചു പുസ്തകം അവൾ തപ്പിയെടുത്തു. അന്ന് അവളിട്ടതാ  എന്റെ ഇനിഷ്യൽ ചേർത്ത് കാമസൂത്രാന്ന്.
കെ എസ്  അഥവാ കാമ സൂത്ര. മനസിലായോ..? ഞാൻ അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. അരമണിക്കൂർ കഴിഞ്ഞ് അവൾ ചാടി എണീറ്റ് എന്നെ ഒറ്റ കെട്ടിപ്പിടുത്തം ചുണ്ടി നല്ല കടിച്ച് ഒരുമ്മയും, ഞാൻ ആകെ വിരണ്ടു നിൽക്കുമ്പോൾ മുകുന്ദും കയറി വന്നു.  ഞാനിപ്പൊ വരാമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ച് പുറത്തിറങ്ങി റോഡിലൂടെ ചുമ്മാ കറങ്ങി നടന്നു തിരികെ ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് തിരികെ എത്തീട്ടും. അവർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മുകുന്ദ് ഒരു വാക്കും പറയാതെ ഇറങ്ങിപ്പോയി. സ്മിതയുടെ മുഖത്ത് വിരൽ പതിഞ്ഞ പാടുണ്ടായിരുന്നു.

കല്യാണത്തിനൊന്നും മുകുന്ദ് വന്നില്ല , ബാങ്ക് കോച്ചിംഗിന് ബാംഗ്ലൂർക്ക് പോയെന്ന്, അന്ന് നമ്മൾ കണ്ടില്ലേ പോലീസുകാരൻ വിശാഖ് അവനാ പറഞ്ഞത്. സ്മിതേടെ കെട്ടുകഴിഞ്ഞ് എനിക്ക് കൊല്ലത്ത് ജോലിയായി, നിന്നേം കെട്ടി, എന്റെ ചങ്ങാതിമാരിൽ അവൾ മാത്രാ കല്യാണത്തിന് വന്നത്. നീ ഓർക്കുന്നോ ഒരു സ്വർണമുടിയുള്ള സിനിമാ നടൻ ദേവനെപ്പോലുള്ള ഒരാൾ, നീ ഇവനെ ഗർഭിണിയായിരുന്നപ്പോൾ കുറേ മരുന്നും ലേഹ്യവുമൊക്കെ കൊണ്ടുവന്നത്. അതാ മൈക്കിളച്ചായൻ. സ്മിത ഡിവോഴ്സായി, കണക്കുസാറ് ട്യൂഷൻ പഠിക്കാൻ വന്ന ഒരുത്തിക്ക് സ്പെഷ്യൽ കോച്ചിംഗ് കൊടുത്തു. ഒടുവിൽ അതിനെ കെട്ടേണ്ടി വന്നു. സ്മിതയ്ക്ക് മക്കളില്ലായിരുന്നു. മൈക്കിളച്ചായൻ കിടപ്പിലാ...

നീ കേൾക്കുന്നില്ലേ ഇന്ന് രാവിലെ സ്കൂളിൽ വച്ച് അവൾ എന്നെ വിളിച്ചിരുന്നു. നന്നായി കുടിച്ച ലക്ഷണമുണ്ട്. മുകുന്ദിനെ ബാങ്കിൽ വച്ച് കണ്ടിരുന്നുപോലും.  മെഡിക്കൽ സ്റ്റോറിന്റെ ലോൺ അടയ്ക്കാൻ സമയം ചോദിക്കാൻ പോയതാ അവൾ. അച്ചായന്റെ ചികിത്സയ്ക്ക് പലതും വിറ്റു.ലോണൊക്കെ മുടങ്ങി.ഇപ്പൊ ആയിരോം അഞ്ഞൂറും നിർത്തീലേ, കച്ചോടോം ഇല്ലാ മരുന്നും എടുക്കണില്ല. ലോണിന്റെ കാര്യം ശരിയാക്കി കൊടുക്കണമെങ്കിൽ ഗോഡൗണിൽ അവന്റൊപ്പം കിടന്നു കൊടുക്കണമെന്ന് പന്നൻ...നിനക്കറിയോ അവളോടുള്ള  പ്രേമ പ്രാന്ത് മൂത്ത് ജീവിതം തുലയ്ക്കാതിരിക്കാനാ അന്ന് അവളെന്നെ ചുംബിച്ചത്.  അതിന്റെ വാശീയിലാ ആ ചെറ്റ ഇതൊക്കെ നേടിയത്. അന്ന് വീടും വീട്ടുകാരേം  വിട്ട് ഇറങ്ങിവന്നതാ അവൻ. അന്നവനെ സ്മിത കെട്ടിയിരുന്നെങ്കിൽ അവന്റെ അപ്പനും അമ്മയും തൂങ്ങിചത്തേനേ. അത് അയാൾ അവളെ വിളിച്ച് അറിയിച്ചിരുന്നു. നിനക്കറിയോ കോളേജിൽ അവർക്കു വേണ്ടി പൊൻ കിനാവേന്നുള്ള കവിത എത്ര തവണ ചൊല്ലിക്കൊടുത്തിട്ടുണ്ടെന്നോ..."

"മാഷെന്തിനാ കരയുന്നത്, വാ മഞ്ഞുകൊള്ളണ്ട.കെട്ടിപ്പിടിച്ച് കിടക്കാം..അതൊക്കെ പോട്ടേ.."

അവൾ സുഖായി ഉറങ്ങുന്നു. പിറ്റേന്ന്
ഞങ്ങൾ മൂന്നിസത്തെ  ലീവെടുത്ത്  നാട്ടിലേക്ക് പോയി..
അടുത്ത ദിവസത്തെ  പത്രത്തിലുണ്ടായിരുന്ന
  "പണനിരോധനം
ആംഗ്ലോ ഇൻഡ്യൻ യുവതി മെഡിക്കൽ ഗോഡൗണിൽ തൂങ്ങിമരിച്ചനിലയിൽ "

ഈ വാർത്ത നിങ്ങളാരെങ്കിലും വായിച്ചിരുന്നോ ? ഞാനും  വായിച്ചില്ലാട്ടോ...
പോലീസ് എന്നെ വിളിച്ചിരുന്നു മരിച്ച വ്യക്തി ഏറ്റവും ഒടുവിൽ ഒരു ബാങ്ക് മാനേജരെയും എന്നെയും പലതവണ വിളിക്കാൻ ശ്രമിച്ചിരുന്നുത്രേ.

ഞാൻ സ്മിതിൻ എന്ന നമ്പർ ബ്ലോക്ക് ചെയ്തില്ലേ.....!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)

No comments:

Post a Comment