Thursday 22 December 2016

കഥ അറുപത്തിയൊമ്പതാമത്തെ പെണ്ണ്

അറുപത്തിയൊമ്പതമത്തെ പെണ്ണ്...!!

സന്ധ്യയായി, ഉഷസുമായി ഏഴാം ദിവസമാണ് എന്നെ പ്രണയിക്കാമെന്ന് അവൾ വാക്കുതന്നത്. പനമടൽ കുതിരയുണ്ടാക്കി അവളുടെ മുറ്റത്ത് മടലേറാൻ തുടങ്ങിയതിന്റെ തലേന്നാളിലാണ് അവൾ സമ്മതിച്ചത്.

ആദ്യ കഥാസമാഹാരത്തിന്റെ പ്രകാശനവേളയിൽ ആ  കൃതിയെക്കുറിച്ച് ഞാൻ  പറയുകയായിരുന്നു.

"ഒരു ഡയറിയെടുത്ത് ഓർമ്മയിൽ തുടങ്ങി നീ എഴുതണം. പിന്നിട്ട പെണിന്റെ മുഖങ്ങൾ, കണ്ടത്, കാമിച്ചത് , ഭോഗിച്ചത്. പട്ടികതിരിച്ച് എഴുതിവയ്ക്കാൻ   അവൾ എന്നോട്  പറഞ്ഞു. ആ പട്ടികയിലെവിടെയെങ്കിലും നുണയുടെ നൂലിഴകണ്ടാൽ" അവൾ  നിർത്തി...

ഒരു നോട്ടത്തിൽ തുടങ്ങി കഴുത്തിൽ വീണകുരുക്കുവരെ പെണ്ണിന്റെ ഓർമ്മയുണ്ട്, മുഖത്തേറ്റ അടിയുടെ മുറിവുണ്ട്. ഓർത്തെടുക്കാൻ പറ്റാതെ ഒഴുകിപ്പോയവയുണ്ട്.കാലങ്ങളുടെ ഓർമ്മപ്പെടുത്തലിൽ പൊന്തിവരുന്ന ചിലതുണ്ട്....

ഡയറിപോലും അമ്മയെക്കൾ പ്രണയിച്ച ഒരാളുടെ ഓർമ്മയായിരിക്കുന്നു.ഈ വിലയേറിയപേന അതും ചുവന്നു തുടുത്ത സന്ധ്യയുടെ ഓർമ്മകൾ. വരിതെറ്റുന്ന ഓർമ്മകൾ.അവളുടെ ഓരോവരവിലും പട്ടികയിലെ ഓരോ കഥപറയണമത്രേ. ഒടുവിലവളുടെ പേരുമെഴുതി ചുവന്ന നിറത്തിൽ കുത്തിടണമത്രേ. ഒരു കാമുകനും ഈ ഗതിവരുത്തരുതേ ഈശ്വരാ..

ഓർമ്മകൾക്ക് ചിതയില്ലെന്നും ചിതലിക്കാത്തതെന്നും അവളിടക്കിടെ പറയുന്നു. ഓർത്തെടുക്കാൻ എളുപ്പവഴി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പഴുതില്ലാതെ കടന്നതിനെക്കുറിച്ച് ഓർത്താൽ മതിയെന്ന് അവൾ. പെണ്ണ് ,പ്രണയം, പ്രാപിക്കൽ പട്ടികയുടെ പായ നീട്ടിവിരിക്കാൻ പറഞ്ഞിരിക്കുന്നു.

പിറ്റേന്ന് അവൾ വന്നു. ചുവന്ന പട്ടുസാരിയും മുല്ലപ്പൂവും എനിക്കിഷ്ടമാണെന്ന് അവളെങ്ങനെ അറിഞ്ഞു. എന്റെ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി. ഡയറിയും എടുത്ത് കട്ടിലിൽ ചാരി കിടന്നു. നിലത്ത് ഇരുന്നോളാൻ എനിക്ക് ആജ്ഞയും.

" പട്ടിക ക്രമപ്പെടുത്തിയോ"

"ഉം"

"അഞ്ജലി പേരോ അതോ വിനയപൂർവ്വമായ തുടക്കമോ"

" കുളത്തിലേക്ക് വലിച്ചെറിഞ്ഞ അരഞ്ഞാണം പോലെ അവ്യക്തമാണ് എങ്കിലും അവൾ,
നാലാം തരത്തിലെ അഞ്ജലീ കൃഷ്ണൻ, കണക്കുമാഷ്  സ്ലേറ്റിലിട്ട പൂജ്യങ്ങൾ മായ്ക്കാൻ മഷിത്തണ്ടുതന്നവൾ."

അവൾ തലയിണയിൽ മുഖമർത്തിചിരിച്ചു.

"പുളി, പേരയ്ക്ക, ചാമ്പയ്ക്ക വഴിയരികിൽ ഉണക്കാനിട്ടിരുന്ന കൊപ്ര, ഒടുവിൽ ചേച്ചിയുടെ മരപ്പെട്ടിയിൽ  നിന്നും  കട്ടെടുത്ത കരിമഷി..
അഞ്ചാം തരം ഞങ്ങളെ  പെണ്ണും ആണുമാക്കി പിരിച്ചില്ലേ..."

"പതിനേഴിൽ  ഒരു കവിത"

". അത്  കലാലയത്തിന്റെ ഇടനാഴികളിൽ ഞാൻ വീർപ്പുമുട്ടിവായിച്ചത, ഒടുവിൽ ചുവരെഴുത്തായി നാണക്കേടായി. ചുംബനത്തിന് മലവെള്ളച്ചാട്ടത്തിന്റെ കുളിരെന്ന് പഠിപ്പിച്ചവൾ.
ആ, എന്തു പറയാൻ പെണ്ണുങ്ങൾ പെട്ടെന്ന് വിവാഹിതരാകുന്നു...."

"നീ ഒരു കാപ്പിയിട്ടുവരൂ. ഞാനീ പട്ടിക പരിശോധിക്കട്ടേ"

"കാപ്പിയ്ക്ക് മധുരം "

"ഞാനിപ്പൊഴാണെടോ മധുരം അറിഞ്ഞുതുടങ്ങിയത്. കയ്പ്പായിരുന്നു കണ്ണീരുപോലും.."

എന്റെ നേരം കൊല്ലിപൂച്ച നുറുങ്ങ് വെളിച്ചം വിതറി ചിണുങ്ങുന്നു... അവളതിനെ നോക്കി. എന്നിട്ട് നിശ്ബ്ദയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു.

"ഈ പൂച്ചയുടെ പേരെന്താ, ഈ പട്ടികയിൽ അതിന്റെ പേരുണ്ടോ എത്രാമത്തെ നമ്പർ ? "

"60,  നാലുകാലിൽ തന്നെ വീഴുന്ന ഇനമാ പരുക്കില്ലാതെ രക്ഷപെടും കണ്ണടയ്ക്കാതെ പാലുകുടിക്കാനറിയാം..."

"...ഇതെന്താ  ഒരു നരച്ച തലമുടി, ഒടുവിലത്തെ നിരയിൽ..."

"പേരോർമ്മയില്ല, ഒരിക്കൽ വഴിയാത്രയിൽ ഞാൻ റോഡുമുറിച്ചു കടക്കാൻ സഹായിച്ചതാണ്..."

കാപ്പി കട്ടിലിന്റെ കൈവരിയിൽ വച്ച് ഞാൻ ചേർന്നിരുന്നു.

"തൊട്ടുപോകരുത്, നീങ്ങിയിരിക്ക്.. പട്ടികയിൽ അറുപത്തിയെട്ടെണ്ണമുണ്ട്, വേഗം കഥപറയൂ നീ.  എന്നിട്ടേ അറുപത്തിയൊൻപതാമത്തെപെണ്ണ്. നിനക്കറിയുമോ അറുപത്തിയൊമ്പത് രതികലയിലെ ഏറ്റവും....
വേഗം കഥപറയ്.."

ഞാൻ കഥ പറഞ്ഞു. അതിൽ ചിലതിലൊക്കെ അവൾ ചുവന്ന പേനകൊണ്ട് അടിവരയിട്ടു. ഇനി ഇവചേർത്ത് നീ ഒരു കഥാസമാഹാരമുണ്ടാക്കണം. ഡയറി എന്റെ നേർക്ക് വലിച്ചെറിഞ്ഞു. കഴുത്തിൽ കിടന്ന താലിയും.

പ്രിയപ്പെട്ടവരേ ആ കഥകളാണിന്നിവിടെ പ്രകാശനം ചെയ്യുന്നത്. വേദിയുടെ വശത്ത്  അവൾ എന്നെ  കാത്തുനിൽക്കുന്നുണ്ട്...

ഞാൻ  മുഖമുയർത്തി നോക്കി. സദസ്സ് ശൂന്യമായിരുന്നു. ഡയറിയിൽ അടിവരയിട്ട   അവസാനത്തെ  പേരിന്റെ  അവകാശിയും വാതില്പടിയിൽ തിരിഞ്ഞു നോക്കിയിട്ട് പിൻവാങ്ങുന്നു.

അറുപത്തിയൊമ്പതാമത്തെ പെണ്ണ് ധിക്കാരിയാണ് അവൾ പുറത്ത് എന്റെ  പുസ്തകം വിൽക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ009)

No comments:

Post a Comment